Saturday, September 6, 2008

കൊമ്പും മുള്ളുമുള്ള പോലീസോ ഗുണ്ടകളോ വരട്ടെ


സമരഭൂമിയില്‍ നിന്ന്‌ പുറത്തിറങ്ങാനാവാത്തതിനാല്‍ ചോരയൊലിക്കുന്ന ചൊറിയുമായി ചികിത്സ നിഷേധിക്കപ്പെട്ട രശ്‌മി, രേശ്‌മ എന്നീ കുട്ടികളുടെ കാലുകള്‍.
.......................................................................................
ചെങ്ങറയില്‍ ഇന്ന്‌ നന്ദിഗ്രാം മോഡല്‍ ഓപ്പറേഷനാണ്‌ സി.പി.എം ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. തൊഴില്‍ വീണ്ടെടുപ്പ്‌ എന്ന കപട നാടകത്തിലൂടെ സമരക്കാരെ കുടിയൊഴിപ്പിച്ച്‌ ഹാരിസണ്‍ മുതലാളിയെ പ്രസാദിപ്പിക്കാനൊരുങ്ങുകയാണ്‌ സി.പി.എം നേതൃത്വത്തിലുള്ള തൊഴിലാളി സംഘങ്ങള്‍. സമരഭൂമിയായ 2000 ഏക്കറിലുള്ള റബ്ബര്‍ മരങ്ങളെല്ലാം കഴിഞ്ഞ മൂന്നു വര്‍ഷമായി വെട്ടാത്തതാണ്‌. അതായത്‌ സമരക്കാര്‍ കുടിയേറ്റം നടത്തുന്നതിനും എത്രയോ മുമ്പ്‌ ഈ മരങ്ങള്‍ പാല്‍ ചുരത്തുന്നത്‌ നിര്‍ത്തിയിരുന്നു. 13 മാസമായി ചെങ്ങറയില്‍ 7300 കുടുംബങ്ങള്‍ കുടില്‍ കെട്ടി സമരം തുടങ്ങിയിട്ട്‌. ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടുവെന്ന്‌ വിലപിക്കുന്നവര്‍ ഇത്രയും കാലം എവിടെയായിരുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ ഇതുവരെ സി.പി.എമ്മിനോ തൊഴിലാളി സംഘടനകള്‍ക്കോ സാധിച്ചിട്ടില്ല. ജില്ലാ കലക്ടര്‍ പി.സി സനല്‍കുമാര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ച്‌ പോലീസിനെ മറികടന്ന്‌ ഇന്ന്‌ സി.പി.എം ഗുണ്ടകള്‍ സമരഭൂമിയിലേക്ക്‌ ഇരച്ചു കയറിയാല്‍ നന്ദിഗ്രാമില്‍ സംഭവിച്ചതിനു സമാനമോ ഒരു പക്ഷേ അതിനേക്കാള്‍ അപകടകരമോ ആയ സ്ഥിതിവിശേഷമാണ്‌ ചെങ്ങറയെ ഞെരുക്കുക. ഇതുവഴി ഇപ്പോള്‍തന്നെ ഉപരോധം മൂലം അപമാനിതമായ പ്രബുദ്ധ കേരളത്തിന്‌ ലോകത്തിനു മുന്നില്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടതായി വരും. പൊട്ടിത്തെറിയിലേക്കെത്തിയ സി.പി.എമ്മിലെ പിണറായി-വി.എസ്‌ പോരും ഈ ആക്രമണത്തിനു കാരണമാണെന്ന്‌ പറയപ്പെടുന്നു. ഏകപക്ഷീയമായ ആക്രമണം നടത്തി സംഘര്‍ഷം സൃഷ്ടിച്ച്‌ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സി.പി.എമ്മിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നതായും ആരോപണമുണ്ട്‌. നിങ്ങളെ ഒഴിപ്പിക്കാന്‍ കൊമ്പും മുള്ളുമുള്ള പോലീസ്‌ വരുമെന്നാണ്‌ പുന്നപ്ര-വയലാര്‍ സമരനായകനെന്ന്‌ അവകാശപ്പെടുന്ന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ ന്യായമായി സമരം ചെയ്യുന്ന ഇവരോട്‌ പറഞ്ഞത്‌. പോലീസോ ഗുണ്ടകളോ വരട്ടെ; കൊല്ലുകയോ തിന്നുകയോ ചെയ്യട്ടെ എന്നതാണ്‌ സമരക്കാരുടെ നിലപാട്‌. സമരഭൂമിക്കു ചുറ്റും രാവും പകലും സി.പി.എമ്മിന്റെ കൂലിപ്പട്ടാളം റോന്തു ചുറ്റുകയാണ്‌. ഇവരെ മറികടന്ന്‌ അങ്ങോട്ടു കടന്നു ചെല്ലാന്‍ സന്നദ്ധ സംഘങ്ങളെയോ സാംസ്‌കാരികപ്രവര്‍ത്തകരെയോ അനുവദിക്കില്ല. രണ്ടു ജീപ്പുകളിലും നിരവധി ബൈക്കുകളിലുമായി കൊന്നപ്പാറ, തണ്ണിത്തോട്‌, പനയമണ്ണ, ഞള്ളൂര്‍, എലിമുള്ളം, അതുമ്പുകുളം, പ്ലാക്കം, പുലിപ്ലാക്കം, കട്ടച്ചിറ, മണിയാര്‍ തുടങ്ങിയ പരിസരപ്രദേശങ്ങളിലൊക്കെ കറങ്ങുകയാണിവര്‍. ആണെന്നോ പെണ്ണെന്നോ കുട്ടിയെന്നോ വൃദ്ധന്മാരെന്നോ ഭേദമില്ലാതെ സമരക്കാരെ കൈയില്‍ കിട്ടിയാല്‍ ഉടനടി അടി ഉറപ്പ്‌. മാത്രവുമല്ല അവരുടെ കൈയിലുള്ള മൊബൈല്‍ ഫോണ്‍, പണം, ഭക്ഷ്യസാധനങ്ങള്‍ എന്നിവയും കൈക്കലാക്കും. ഒന്നു നിലവിളിക്കാന്‍ പോലുമാകാത്ത നിസ്സഹായതയില്‍ തേങ്ങുന്നവരോട്‌ കൂടെ നില്‍ക്കാന്‍ ഇപ്പോഴും കേരളത്തിലെ അധികാര- പ്രമാണി വര്‍ഗ്ഗങ്ങള്‍ക്ക്‌ വൈമുഖ്യമാണ്‌. ഞള്ളൂരിനടുത്ത്‌ വണ്ടിയിറങ്ങി കാട്ടിലേക്കു പ്രവേശിക്കുന്നതിനു മുമ്പ്‌ ബൈക്കില്‍ കറങ്ങുന്ന സംഘം ഞങ്ങളെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിന്‌ അവര്‍ പുറകെ വന്നില്ല. ഇരുട്ട്‌ മാഞ്ഞിട്ടില്ലാത്ത കാട്ടിലൂടെ സെല്‍ഫോണിന്റെ നേരിയ വെട്ടവുമായി ഞങ്ങള്‍ നടന്നു. ഇടക്ക്‌ മരവേരുകളിലും കല്ലുകളിലും തട്ടി വീഴാന്‍ പോയി. കല്ലാറിലേക്ക്‌ പോകുന്ന തോട്‌ മുറിച്ചു കടന്ന്‌ മഞ്ഞക്കൊടി നാട്ടിയ സമരഭൂമിയുടെ അതിരിലൂടെ ഒന്നാം നമ്പര്‍ കൗണ്ടറിലേക്ക്‌ ഞങ്ങള്‍ പ്രവേശിച്ചു. അപ്പോഴേക്കും പുലരിവെട്ടം റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിത്തുടങ്ങി. നേരിയ വെളിച്ചത്തില്‍ സമരക്കാര്‍ പ്ലാസ്റ്റിക്‌ ഷീറ്റ്‌ കൊണ്ട്‌ കെട്ടിയുണ്ടാക്കിയ കുടിലുകള്‍ കണ്ടുതുടങ്ങി. വെട്ടു നിര്‍ത്തിയതിനാല്‍ വയസ്സായി തടിച്ചു കൊഴുത്ത റബ്ബര്‍ മരങ്ങള്‍. കുടിലുകളില്‍ നിന്ന്‌ വൃദ്ധരും രോഗികളുമായ ആളുകളുടെ ഉച്ചത്തിലുള്ള ചുമ. ചിലയിടങ്ങളില്‍ അപ്പോഴും മണ്ണെണ്ണ വിളക്കുകള്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.ഒന്നാം കൗണ്ടറില്‍ റാന്നി സ്വദേശിയും സമരസമിതിയുടെ സജീവപ്രവര്‍ത്തകനുമായ കുന്നുവിളയില്‍ വിജയന്‍ മോതിരവയല്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക്‌ വഴികാട്ടിയായി വന്ന സുനിലിന്റെ ഷെഡ്ഡിലേക്ക്‌ അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. സുനിലിന്റെ ഭാര്യ ഓമന ഞങ്ങള്‍ക്കായി കടും കാപ്പി കാച്ചി ഗ്ലാസ്സുകളില്‍ ഒഴിച്ചു തന്നു. അപ്പോഴേക്കും മകന്‍ സുധീഷ്‌ ഉണര്‍ന്നു. ഉഷാറായി ഓടിച്ചാടി നടന്നിരുന്ന അവന്‍ ഈയിടെയായി വിഷാദത്തോടെ തണുത്തിരിപ്പാണെന്ന്‌ ഓമന പറഞ്ഞു. പഠനം മുടങ്ങിപ്പോയതിന്റെ സങ്കടത്തിലാണ്‌ സുധീഷ്‌. സമരഭൂമിയിലെ ആയിരക്കണക്കിന്‌ കുട്ടികളുടെ പഠനമാണ്‌ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്നത്‌. അമ്മയുടെ ഈ 'പന്ന സമരം' കൊണ്ട്‌ മനുഷ്യന്‌ പഠിക്കാനും പറ്റുന്നില്ലെന്ന്‌ മൂന്നാം ക്ലാസ്സു വരെ പോയ സുധീഷ്‌ പരിതപിക്കുമ്പോള്‍ ചങ്കിടറുകയാണെന്ന്‌ ഓമന പറയുന്നു. പഠിക്കാനായി സ്‌കൂളിലേക്ക്‌ പോയിരുന്ന കുട്ടികളെയും ഉപരോധക്കാര്‍ വെറുതെ വിട്ടിട്ടില്ല. ഞങ്ങള്‍ കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ സമരത്തിന്റെ നൂറുകൂട്ടം ദുരിത കഥകളുമായി അടുത്ത ഷെഡ്ഡുകളില്‍ നിന്ന്‌ ആളുകള്‍ ഇറങ്ങി വന്നു കൊണ്ടിരുന്നു. ഇപ്പോള്‍ സമരഭൂമിയിലെ ഏറ്റവും വലിയ ദുരന്തം രോഗങ്ങളാണ്‌. ചുറ്റും റബ്ബര്‍ കാടുകളായതിനാല്‍ രോഗങ്ങള്‍ ഇവിടെ സുലഭം. പട്ടിണി കിടന്ന്‌ എല്ലും തോലുമായവര്‍ക്ക്‌ അസുഖംകൂടി വന്നാലുള്ള അവസ്ഥ ദയനീയമാണ്‌. ചൊറി പിടിച്ചിരിക്കുന്ന കുട്ടികളും അട്ടകള്‍ കടിച്ച്‌ മുറിവേറ്റവരും നിരവധി. പനിയും മറ്റു മാറാവ്യാധികളും വേറെ. തളര്‍വാതം വന്നും ചിക്കുന്‍ഗുനിയ ബാധിച്ചും സമരാംഗങ്ങളില്‍ ചിലര്‍ പറ്റെ അവശരായിരിക്കുന്നു. ആദിവാസി യുവാവായ അഭിജിത്തിന്റെ രണ്ടു കൈകളിലും ചൊറിയാണ്‌. വൃണങ്ങളില്‍ ചോരയും ചലവും ഒലിച്ച്‌ ഈച്ചയാര്‍ക്കുന്നു. മരുന്ന്‌ വാങ്ങാനായി പുറത്തേക്ക്‌ പോകാനാവാത്തതിനാല്‍ ചെറിയൊരാശ്വാസത്തിന്‌ പച്ചമരുന്നും എണ്ണയുമാണ്‌ ചികിത്സ. പിതാവ്‌ ചെല്ലപ്പന്‍ വാതം പിടിച്ച്‌ തളര്‍ന്നു കിടപ്പാണ്‌. ഇയാളുടെ സംസാരശേഷി ഇതിനകം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങളെ കണ്ടതും ശബ്ദമില്ലാതെ ചെല്ലപ്പന്‍ പൊട്ടിക്കരഞ്ഞു. പട്ടിണി കിടന്ന്‌ ഈ പാവങ്ങളുടെ ശബ്ദം പോലും നഷ്ടപ്പെട്ടിരിക്കുന്നു. രശ്‌മിയും രേശ്‌മയും ഇതേ അവസ്ഥയിലാണ്‌. ചൊറിപിടിച്ച്‌ ചോരയൊലിക്കുന്ന ഈ പിഞ്ചുകുട്ടികളുടെ കാലുകള്‍ കണ്ടാല്‍ ഏതൊരാളുടെയും കരള്‍ വിറയ്‌ക്കും. ആസ്‌പത്രിയില്‍ പോകാനാവാതെ നരകിക്കാനാണ്‌ ഇവരുടെ വിധി. സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ജലദോഷം വരുമ്പോഴേക്കും പേടിയോടെ ഹൈടെക്‌ ആസ്‌പത്രികളിലേക്ക്‌ പായുന്ന മലയാളി ചെങ്ങറയിലേക്കു വരട്ടെ. ഈ ദുരിതങ്ങള്‍ കാണട്ടെ.

3 comments:

ഫസല്‍ / fazal said...

ഇതൊക്കെയാണോ ഈ വൈരുദ്ധ്യാത്മകത?
പാവപ്പെട്ടവന്‍റെ പടത്തലവന്മാര്‍ അമ്യൂസ്മെന്‍റെ പാര്‍ക്കുകള്‍ക്കും ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കും പിന്നാലെ.. സച്ചാറും കോഴി ബിരിയാണിയും പിന്നെ നന്ദിഗ്രാമിലെ മുസ്ലീംകളെ ബലാല്‍സംഗം ചെയ്ത് അവരുടെ സ്വത്ത് കൊള്ളയടിച്ച് സ്വന്തം നാട്ടില്‍ പ്രവാസികളാക്കി.. കൊച്ചിയില്‍ ദളിതന്‍റെ സമ്മേളനം വിളിച്ചു കൂട്ടുന്നു ഇവിടെ ചെങ്ങറയില്‍ ചൊറി പിടിച്ചും ചുമച്ചും ഒട്ടിയ വയറുമായി കുറേ എണ്ണം..
അതെ ഇത് ചിലന്തിയാണ്, വലയില്‍ പെട്ട ഇരയുടെ അവസാന ചലനം നിലക്കും വരെ കാത്തിരിക്കും ഇവര്‍, അതെ അപ്പോഴേക്കും ഇരയും മരണം കൊതിച്ചു പോയിരിക്കും.

അജ്ഞാതന്‍ said...

ഇതൊന്നും കാണാന്‍ ഇവിടുത്തെ ഭരണാധികാരികള്‍ക്കു കണ്ണുകള്‍ ഇല്ല....

plz remv word verification

Mithosh Joseph said...

Good...
Like to applaud ur persistance in bringing out the truth behind the curtain...
Shamseer captured the moments with great intensity...
Its touching heart...
We all appreciate the effort...
Keep it up
Mithosh Joseph
http://keralareport.blogspot.com
or Indian Express, Malappuram bureau