Tuesday, September 6, 2011

ഹസാരെ അപഹരിച്ച ഇന്ത്യയും ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യയും

പൗരനിസ്സഹകരണം, നിസ്സഹകരണപ്രസ്ഥാനം, സത്യഗ്രഹം എന്നിവ നാം ഉപേക്ഷിക്കണം. സ്വേച്ഛാ ഭരണത്തില്‍ അവയ്‌ക്ക്‌ കുറച്ചൊക്കെ ന്യായീകരണം ഉണ്ടായിരിക്കാം. പക്ഷേ, ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിന്‌ ഭരണഘടനാനുസൃതമായ മാര്‍ഗങ്ങളുള്ള സ്ഥിതിയില്‍ സത്യഗ്രഹവും മറ്റും അരാജകത്വത്തിന്റെ വ്യാകരണമാണ്‌. എത്രവേഗം അവ ഉപേക്ഷിക്കുന്നുവോ അത്രയും നമുക്ക്‌ നല്ലത്‌. പൗരന്മാര്‍ മഹാനായ ഒരു മനുഷ്യന്റെ കാല്‍ക്കല്‍പോലും സ്വാതന്ത്ര്യം അടിയറ വെക്കരുത്‌. തങ്ങളുടെ സ്ഥാപനങ്ങളെ അട്ടിമറക്കാന്‍ അയാളെ സഹായിച്ചേക്കാവുന്ന തരത്തില്‍ വിശ്വസിച്ച്‌ അംഗീകാരങ്ങള്‍ നല്‍കിക്കളയരുത്‌. (കോണ്‍സ്‌റ്റിറ്റിയുവന്റ്‌ അസംബ്ലി പിരിയുന്നതിന്റെ തലേന്ന്‌ 1949 നവംബര്‍ 25ന്‌ ബി.ആര്‍. അംബേദ്‌കര്‍ നടത്തിയ പ്രസംഗം)

എഴുപത്തിനാലുകാരനായ ഒരു വൃദ്ധനെ മുന്നില്‍നിര്‍ത്തി പതാക പറത്തിക്കളിക്കുന്ന കുറെ കുട്ടികളുടെ ചിത്രം വെച്ച്‌ ഇന്ത്യയിലും മുല്ലപ്പൂ മൊട്ടിട്ടുവെന്നാണ്‌ വിദേശമാധ്യമങ്ങളില്‍ പലതും പ്രചരിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ ഉദയത്തിനുവേണ്ടി വിപ്ലവങ്ങള്‍ അരങ്ങേറുന്ന കാലത്താണ്‌ ദേശീയ പതാകയുമേന്തി അരാഷ്ട്രീയ യൗവനം ജനാധിപത്യത്തെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന്‌ കുറെ നാളുകളായി ഭീഷണിപ്പെടുത്തിയത്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം അഭിമുഖീകരിക്കുന്ന അരാഷ്ട്രീയ അര്‍ബുദത്തിന്റെ നേര്‍ക്കാഴ്‌ച. വ്യവസ്ഥയെ അട്ടിമറിക്കാനുള്ള രക്തരഹിത സന്ദേശവുമായി ഒരു സ്വാതന്ത്ര്യദിനം തന്നെയാണ്‌ അന്നാ ഹസാരെ തെരഞ്ഞെടുത്തത്‌. ബ്രിട്ടീഷ്‌ രാജിന്റെ നുകത്തില്‍നിന്ന്‌ തോളെടുത്ത്‌ മാറ്റി ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ രാജ്യം നടന്നടുത്ത ഓര്‍മ്മദിവസം. കേവലം യാദൃശ്ചികമാണിതെന്ന്‌ ജനാധിപത്യവാദികള്‍ വിശ്വസിക്കുന്നില്ല. ആഗോളീകരണത്തിന്റെ ഉച്‌ഛിഷ്ടങ്ങളില്‍ അഭിരമിക്കുന്ന മൂന്നാം ലോകരാജ്യത്തെ യൗവ്വനം അരാഷ്ട്രീയമായ ഒരു ഉത്സവം കിട്ടിയതിന്റെ ആഘോഷത്തിലുമായിരുന്നു.
ആരാണ്‌ ഹസാരെ എന്നതിനെപ്പറ്റി ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നു എന്നതാണ്‌ ആകെയുള്ള ആശ്വാസം. അതൊരു വ്യക്തി മാത്രമല്ലെന്ന്‌ തീര്‍ച്ചയായിരിക്കുന്നു. പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക അരുന്ധതി റോയിയുടെ അഭിപ്രായപ്രകടനങ്ങള്‍കൂടി വന്നതോടെ ഹസാരെയെ സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ചൂടുപിടിച്ചിരിക്കുകയാണ്‌. മുപ്പത്തിഏഴില്‍ ജനിച്ചു. ഏഴാം ക്ലാസ്സുവരെ പഠിച്ചു. സൈന്യത്തില്‍ ചേര്‍ന്നു. അവിടെ നിന്ന്‌ പോന്ന ശേഷം ഗ്രാമത്തിലെ ക്ഷേത്രം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി. മദ്യപസംഘങ്ങളെ ഹസാരെ തന്നെ ക്രൂരമായി മര്‍ദ്ദിച്ച്‌ നിയമം കൈയിലെടുത്തു. അന്നാ കുടിവെള്ളപദ്ധതി, ധാന്യ ബാങ്ക്‌ തുടങ്ങി ഗ്രാമത്തെ സ്വയം പര്യാപ്‌തമാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ബി.ജെ.പി സര്‍ക്കാര്‍ ആദരിച്ചു. റലേഗാന്‍ സിദ്ധി-ഗ്രാമത്തിന്റെ ആത്മകഥ (മേരാ ഗാവ്‌ മേരാ തീര്‍ത്ഥ്‌) എന്ന പുസ്‌തകമെഴുതി. രാഷ്ട്രീയക്കാരെ ഗ്രാമത്തില്‍നിന്ന്‌ അകറ്റിയ കഥ കൂടിയാണിത്‌. രാഷ്ട്രീയത്തേക്കാള്‍ മികച്ചത്‌ ഏകാധിപത്യമാണെന്ന സന്ദേശം നല്‍കുന്ന കഥ. അരാഷ്ട്രീയവാദത്തിലേക്ക്‌ ആളുകളെ ആകര്‍ഷിക്കുന്ന പുസ്‌തകം.
25 വര്‍ഷമായി അന്നായുടെ സ്വന്തം ഗ്രാമത്തില്‍ സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോ ഗ്രാമസഭയോ നടക്കുന്നില്ല എന്നതും ഹസാരെയുടെ മറ്റൊരു മുഖത്തെ വ്യക്തമാക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ 2ജി സ്‌പെക്ട്രം കേസ്‌ ദേശീയരാഷ്ട്രീയത്തില്‍ കലങ്ങിത്തുടങ്ങുന്ന നേരത്താണ്‌ അന്നാ ഹസാരെ അഴിമതിക്കെതിരായ പോരാട്ടവുമായി രംഗത്തെത്തുന്നത്‌. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തവും പുറത്തുവന്ന പശ്ചാത്തലമായിരുന്നു ഇത്‌. കോര്‍പ്പറേറ്റ്‌ മാധ്യമങ്ങള്‍ക്ക്‌ തങ്ങളുടെ കൈകള്‍ പരിശുദ്ധമാണെന്ന്‌ വിളിച്ചുപറയാനുള്ള അവസരം കൂടിയായി അന്നാ ഹസാരെയുടെ സമരം. അഴിമതിക്കെതിരായ ഹസാരെ സമരത്തിന്‌ അതിശയോക്തി കലര്‍ന്ന പ്രാധാന്യമാണ്‌ ദേശീയ മാധ്യമങ്ങള്‍ നല്‍കിയത്‌. പലപ്പോഴും ആള്‍ദൈവങ്ങളുടെ സ്‌പോണ്‍സേഡ്‌ പരിപാടി അവതരിപ്പിക്കുന്നതുപോലെ വാര്‍ത്താചാനലുകളില്‍ ഇതേ ദൃശ്യങ്ങള്‍ മാത്രമായി. ഹസാരെയുടെ ഗാന്ധി തൊപ്പി സമരത്തിന്‌ ദേശീയവികാരത്തിന്റെ ഉന്ത്‌ നല്‍കി. തൊപ്പിവില്‍പ്പനക്കാരും കൊടിവില്‍പ്പനക്കാരും ലാഭം കൊയ്‌തു. ഈ തരംഗത്തിന്റെ ചുഴിയില്‍ സര്‍ക്കാര്‍ പ്രതിനിധികളും വീണുപോയി. ലോക്‌പാല്‍ ബില്‍ നിയമമാക്കാമെന്ന്‌ ഉറപ്പ്‌ കിട്ടിയതോടെ തുടക്കത്തില്‍ ഹസാരെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഭാരതത്തിലും മുല്ലപ്പൂ വിപ്ലവമെന്ന്‌ മാധ്യമങ്ങള്‍ ആഘോഷിച്ചു. പൗരപ്രതിനിധികള്‍ (മന്ത്രിമാര്‍ ആരുടെ പ്രതിനിധികളാണ്‌ എന്ന ചോദ്യം വെറുതെ) നിര്‍ദേശിച്ച കാര്യങ്ങള്‍ നിര്‍ബന്ധമായും ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ്‌ ഹസാരെ ടീം വാശി പിടിച്ചത്‌. ലോക്‌പാല്‍ ചര്‍ച്ചകള്‍ പല തവണ അലസിപ്പിരിഞ്ഞു. താന്‍ ഡ്രാഫ്‌റ്റ്‌ ചെയ്‌ത ബില്ല്‌ തന്നെ അവതരിപ്പിക്കണമെന്ന ഭീഷണിയുമായി രണ്ടാമങ്കം തുടങ്ങി. കേന്ദ്രം കുലുങ്ങി. സമരത്തിന്‌ വീട്ടില്‍നിന്ന്‌ ഇറങ്ങുംമുമ്പേ അറസ്റ്റ്‌. മാധ്യമങ്ങളും പ്രതിപക്ഷവും അതില്‍പ്പിടിച്ച്‌ ആഘോഷം പെരുപ്പിച്ചു. വീണുകിട്ടിയ അറസ്റ്റില്‍ ഹസാരെ ടീമും ആഹ്ലാദിച്ചു. സമരം വീണ്ടും തുടങ്ങിയതോടെ മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും ഞൊറികളുമായി അവതരണം ഭംഗിയാക്കി. ക്യാമറ കാണുമ്പോഴേക്കും അന്നാ ആരാധകര്‍ ഇരമ്പിയെത്തുന്നതെല്ലാം ആവേശത്തിന്റെ കണക്കില്‍പ്പെടുത്തി. ബി.ജെ.പി കേന്ദ്രങ്ങളില്‍നിന്ന്‌ ലോറികളില്‍ ആളെ ഇറക്കുമതി ചെയ്യുന്നതും ദിവസം കഴിയുന്തോറും സമരത്തിന്‌ പിന്തുണ കുറയുന്നതും വാര്‍ത്തയായില്ല. നരേന്ദ്ര മോഡിയുടെ പിന്തുണയും ഫാഷിസ്റ്റുകളുടെ ആശീര്‍വാദവും ചര്‍ച്ചയായില്ല. ആയിരങ്ങളെ ചാനലുകള്‍ ലക്ഷങ്ങളാക്കി അവതരിപ്പിക്കുന്നതിന്റെ രാസവിദ്യയും ഇന്ത്യ കണ്ടു. മുഴങ്ങിക്കേട്ടത്‌ വന്ദേമാതരവും, ഭാരത്‌ മാതാ കീ ജയ്‌ വിളികളും മാത്രം. സമരപ്പന്തലില്‍ റംസാന്‍ വ്രതത്തിന്റെ പുണ്യദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന യാതൊന്നും ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ക്കായില്ല. ഒരു പെണ്‍കുട്ടിയെ നോമ്പുതുറപ്പിച്ച്‌ ആഘോഷിച്ചതൊഴികെ. സമരത്തിന്‌ ചെലവഴിക്കുന്ന കോടിക്കണക്കിന്‌ രൂപയുടെ ഫണ്ടിംഗിനെപ്പറ്റി ആരും മിണ്ടിയില്ല. പണം മുടക്കിയ കോടീശ്വരന്മാരുടെ താല്‍പര്യമെന്തായിരുന്നുവെന്നും അന്വേഷണമുണ്ടായില്ല.
ഹസാരെ അപഹരിച്ചത്‌ ഇന്ത്യയുടെ പൊതുബോധത്തെയായിരുന്നു. രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ ഏര്‍പ്പെടേണ്ട യൗവനത്തെയായിരുന്നു. ലോകത്തെ ഏറ്റവും ദീര്‍ഘവും സൂക്ഷ്‌മവുമായ ഭരണഘടനയുടെ അസ്‌തിത്വത്തെയായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ആയിരുന്നു. രാഷ്ട്രത്തിന്റെ സുസ്ഥിരതയെ ആയിരുന്നു. രാഷ്ട്രീയക്കാരെല്ലാം കള്ളന്മാരാണെന്ന പൊതുബോധം സൃഷ്ടിച്ച്‌ അരാഷ്ട്രീയതയെ അരക്കിട്ടുറപ്പിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌.
അരാഷ്ട്രീയതയുടെ തണുത്ത മണ്ണില്‍ വേരോട്ടം കിട്ടുന്നത്‌ ഫാഷിസത്തിനാണ്‌. ഹസാരെയുടെ പിന്നില്‍ ചരടുവലി നടത്തുന്നവര്‍ ആഗ്രഹിക്കുന്നതും രാജ്യത്തെ ഈയൊരു അന്തരീക്ഷത്തിലേക്ക്‌ വലിച്ചടുപ്പിക്കാനാണ്‌. കറയില്ലാത്ത സംഘ്‌പരിവാര്‍ അനുഭാവവും ഗാന്ധിത്തൊപ്പിയും. ചുരുങ്ങിയ അര്‍ത്ഥത്തില്‍ ഹസാരെയുടെ വിചിത്രരൂപം ഇതാണ്‌. ഫാഷിസം ഗാന്ധിയെ വെടിവെച്ചാണ്‌ കൊന്നതെങ്കില്‍ അഭിനവ ഫാഷിസ്റ്റുകള്‍ ഗാന്ധിയായി വേഷമിട്ട്‌ ഗാന്ധിസത്തെ കശാപ്പ്‌ ചെയ്യുകയാണ്‌.
എല്ലാ രാഷ്ട്രീയക്കാരെയും പടിക്കുപുറത്താക്കി അധികാരവും ചെങ്കോലും ആരെ ഏല്‍പ്പിക്കണമെന്നാണ്‌ ഈ അരാഷ്ട്രീയ ബുദ്ധിജീവികള്‍ പറയുന്നത്‌. അഴിമതിയുടെ ചെളിക്കുണ്ടില്‍നിന്ന്‌ രാഷ്ട്രീയ വ്യവസ്ഥിതിയെ മോചിപ്പിക്കാന്‍ കച്ചകെട്ടേണ്ടത്‌ ഈ വിധമാണോ...? ഗ്യാലറിയിലിരുന്ന്‌ അടിക്കെടാ ഒഴിയെടാ എന്നു പറയുന്നവന്റെ ആവേശത്തിലാണ്‌ നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളും. ഇറങ്ങിക്കളിക്കാന്‍ ആര്‍ജ്ജവമില്ലാത്തവന്റെ അനാവശ്യ ജല്‍പനങ്ങള്‍ ജനാധിപത്യത്തിന്‌ എക്കാലത്തും ഭീഷണിയാണെന്ന്‌ രാഷ്ട്രബോധമുള്ളവര്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. മണിപ്പൂരിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ 10 വര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മ്മിളയുടെ സവിധത്തിലേക്ക്‌ ജനങ്ങളും മാധ്യമങ്ങളും ഇരച്ചു ചെല്ലാത്തതെന്താണെന്നുകൂടി ഈ സാഹചര്യത്തില്‍ ചിന്തിക്കാവുന്നതാണ്‌. കോര്‍പ്പറേറ്റുകളെയും സ്‌പോണ്‍സര്‍മാരെയും അവര്‍ക്ക്‌ പരിചയമില്ല. അറിയുന്നത്‌ കൊല്ലാനടുക്കുന്ന പട്ടാളക്കാരെ. ഞങ്ങളെയും ബലാത്സംഗം ചെയ്യൂ എന്ന്‌ വിളിച്ചുപറഞ്ഞ്‌ പട്ടാളനിയമത്തിനെതിരെ സമരം ചെയ്‌ത വീട്ടമ്മമാരെ.
രാജ്യം നേരിടുന്ന ഭീഷണികളില്‍ ഏറെ പ്രാധാന്യമുള്ള അഴിമതിയെ തുടച്ചുനീക്കാന്‍ ലോക്‌പാല്‍ ബില്‍ അപര്യാപ്‌തമാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. അതൊരു ശാശ്വത പരിഹാരമല്ലെന്നും. എന്നാല്‍ ഹസാരെയെ എതിര്‍ക്കുന്നവരെല്ലാം കള്ളന്മാരാണെന്ന രീതിയിലാണ്‌ ആരവങ്ങള്‍. ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ അഴിമതിക്കാരനുണ്ട്‌. നികുതി അടയ്‌ക്കുമ്പോള്‍ സര്‍ക്കാരിനെ പറ്റിക്കുന്നതാണ്‌ ഇതിന്റെ ഏറ്റവും ചെറിയ രൂപം. വീട്ടുകരം, വെള്ളക്കരം, ആഢംബരനികുതി, ആധാരത്തിലെ വിലകുറച്ച്‌ കാണിക്കല്‍, കച്ചവടസ്ഥാപനങ്ങളിലെ രണ്ടുതരം ബില്ല്‌ തുടങ്ങി നൂറായിരം പ്രത്യക്ഷ നികുതിയിനങ്ങളില്‍ അറിഞ്ഞും അറിയാതെയും സര്‍ക്കാരിനെ പറ്റിക്കുന്നവരാണ്‌ അഴിമതിക്കെതിരെ വീരസ്യം പറയുന്നവര്‍. കാര്യം നേടാന്‍ വില്ലേജ്‌ ഓഫീസിലെ ക്ലര്‍ക്കിനും പോലീസുകാരനും ഉളുപ്പില്ലാതെ കൈക്കൂലി കൊടുക്കുന്നവനും അറിഞ്ഞു തരുന്നതിനെ കൈക്കൂലിയെന്ന്‌ വിളിക്കാനാവില്ലെന്ന്‌ ന്യായം പറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്ള നാട്ടില്‍ വിപ്ലവത്തിന്റെ കൊലവിളി തുടങ്ങേണ്ടത്‌ സ്വന്തം മനസ്സാക്ഷിയില്‍നിന്നാണ്‌. നാം ശീലിച്ച അഴുക്കുകളില്‍നിന്നാണ്‌. മേല്‍തട്ടില്‍നിന്നല്ല. നേതൃശൂന്യതയില്‍ നെട്ടോട്ടമോടുന്ന ബി.ജെ.പിക്ക്‌ കിട്ടിയ കച്ചിത്തുരുമ്പാണ്‌ ഹസാരെ. പ്രധാനമന്ത്രിയായി പോലും അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ഹസാരെ അപഹരിച്ച ഇന്ത്യ അരാഷ്ട്രീയതയുടെ ഉണ്ണാക്കന്മാരുടേതായിരുന്നെങ്കില്‍ ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യയാണ്‌ യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ യശസ്സിനെ ഉയര്‍ത്തിക്കാട്ടുന്നത്‌. അത്‌ ഹസാരെയെ ഭയപ്പെട്ട ഭരണകൂടമല്ല. ഹസാരെയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ തുറന്നു പ്രഖ്യാപിച്ച വിഭാഗങ്ങളായിരുന്നു. ഒന്നാം സമരത്തിന്‌ തുടക്കത്തില്‍ പിന്തുണ നല്‍കിയ പലരെയും പിന്നീട്‌ കാണാതിരുന്നതിന്റെ കാരണവും ഈ ജനാധിപത്യബോധമായിരുന്നു. ആത്മാഭിമാനമുള്ളതുകൊണ്ട്‌ പിന്മാറുകയാണെന്നും പാര്‍ലമെന്റിന്റെ അഭ്യര്‍ത്ഥന മാനിക്കാത്ത സമരത്തെ പിന്തുണക്കില്ലെന്നും സ്വാമി അഗ്നിവേശ്‌ തുറന്നുപറഞ്ഞു. സന്തോഷ്‌ ഹെഗ്‌ഡെയും ദളിത്‌, ക്രിസ്‌ത്യന്‍ നേതാക്കളും സമരത്തിനെതിരെ രംഗത്തെത്തി. എല്ലാ സമൂഹങ്ങളെയും സമരത്തില്‍ ഉള്‍പ്പെടുത്താത്തത്‌ സംശയം ജനിപ്പിക്കുന്നതായും വര്‍ഗീയതക്കെതിരെ ഹസാരെ ഒന്നും ഉരിയാടാത്തതും ദല്‍ഹി ഇമാം സയ്യിദ്‌ അഹമ്മദ്‌ ബുഖാരി തുറന്നടിച്ചു. അഴിമതിക്കെതിരെ ഇന്ത്യ കാമ്പയിനിലെ പ്രമുഖ അഗങ്ങളെല്ലാം സമരം ബഹിഷ്‌കരിച്ചു. രാജ്യത്ത്‌ നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ മറികടക്കാനുള്ള നീക്കം ക്രിസ്‌ത്യന്‍ സമുദായം അനുവദിക്കില്ലെന്ന്‌ ദല്‍ഹി ആര്‍ച്ച്‌ ബിഷപ്പ്‌ വിന്‍സെന്റ്‌ കോണ്‍സെസാവോ വ്യക്തമാക്കി. ഓള്‍ ഇന്ത്യ മുസ്‌്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌, ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍, ദാറുല്‍ ഉലൂം ദയൂബന്ദ്‌ തുടങ്ങിയ സംഘടനകളും ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. 24 മണിക്കൂറും ലൈവ്‌ നല്‍കിയ ഇന്ത്യയിലെ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളൊഴിച്ചുള്ള മഹാഭൂരിപക്ഷം ഈ ജനാധിപത്യവിരുദ്ധ സമരത്തിലെ കാപട്യത്തെ തിരിച്ചറിഞ്ഞു. ഇതായിരുന്നു ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യ.

Saturday, April 23, 2011

അണ്ണാ ഹസാരെയുടെ വിജയവും ഇറോം ശര്‍മ്മിളയുടെ കാത്തിരിപ്പും
അണ്ണാ ഹസാരെ ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്ന മുല്ലപ്പൂവായിരുന്നില്ല. കാലങ്ങളാല്‍ ഉരുക്കിയെടുത്ത ഗാന്ധിയന്‍ ചിന്തയുടെ തപം ആ വാക്കിലും നോക്കിലുമുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തെ അഴിമതിക്കഥകള്‍ കണ്ടും കേട്ടും മടുത്ത കോടിക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക്‌ രണ്ടാം ഗാന്ധിയെ ലഭിച്ച ആഹ്ലാദം. സ്വത്വചിന്തകളുടെ കാലം കഴിഞ്ഞെന്നും പ്രായോഗികരാഷ്ട്രീയത്തിന്റെ നിഘണ്ടുവില്‍ ഒത്തുതീര്‍പ്പുകള്‍ക്കല്ലാതെ സമരത്തിന്‌ പ്രസക്തിയില്ലെന്നും കരുതിയിരുന്ന അരാഷ്ട്രീയ ബുദ്ധിജീവികളെപ്പോലും തെരുവിലിറക്കിയ സമരം. അഴിമതിയില്ലാത്ത രാജ്യം സ്വപ്‌നം കാണുന്ന ഭാരതീയന്റെ അത്യാഗ്രഹത്തിന്റെ ബലത്തിലാണ്‌ ഹസാരെയുടെ സമരം വിജയിച്ചത്‌. എന്നാല്‍, കേന്ദ്രമന്ത്രി കപില്‍ സിബലിനെ വിമര്‍ശിക്കുന്നതിനിടെ നരേന്ദ്രമോഡിയുടെ ഗ്രാമവികസനത്തെ പ്രശംസിച്ചത്‌ അണ്ണാ ഹസാരെയുടെ ജനപ്രീതിക്ക്‌ ഇടിച്ചിലുണ്ടാക്കിയിരിക്കുകയാണ്‌. ഭാരതത്തിന്റെ മതേതര മനസ്സിനെ ക്രൂരമായി മുറിവേല്‍പ്പിച്ച മോഡിയുടെ മോടികൂട്ടലുകള്‍ കപടമാണെന്ന്‌ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്‌ സാധിക്കാതെപോയി എന്നത്‌ മതേതര വിശ്വാസികളെ അത്ഭുതപ്പെടുത്തുന്നു.
ഇന്ത്യ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്‌ എടുത്തെറിയപ്പെട്ട നാല്‍പതുകളിലാണ്‌ ഹസാരെയുടെ കുട്ടിക്കാലം. മഹാരാഷ്ട്രയിലെ അഹമ്മദ്‌ നഗര്‍ ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിന്റെ സന്തതി. പഠിക്കേണ്ട കാലത്ത്‌ പൂക്കള്‍ വിറ്റ്‌ ഉപജീവനം. 1962ല്‍ ഇന്ത്യ- ചൈന യുദ്ധകാലത്ത്‌ ട്രക്ക്‌ ഡ്രൈവറായി സൈന്യത്തില്‍. സമ്പാദ്യമെല്ലാം ഗ്രാമത്തിന്റെ വികസനത്തിന്‌ നീക്കിവെച്ചു. ഗാന്ധിയന്‍ മാതൃകയില്‍ ഗ്രാമത്തെ പുനരുദ്ധരിച്ചു. കൃഷിയും ജലസേചനവുമൊരുക്കി. കിഷന്‍ബാബു റാവു ഹസാരെ അണ്ണാ ഹസാരെയായി. വിവരാവകാശ നിയമം നടപ്പില്‍ വരുന്നതിന്‌ പ്രക്ഷോഭം നയിച്ചു. 1991ല്‍ അഴിമതി വിരുദ്ധ ജനകീയപ്രക്ഷോഭം മഹാരാഷ്ട്രയിലെങ്ങും വേരുപിടിച്ചു. 90ല്‍ പത്മശ്രീയും 92ല്‍ പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു.
ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ഏപ്രില്‍ 5 മുതല്‍ അദ്ദേഹം ആരംഭിച്ച സമരത്തിന്‌ രാജ്യമൊന്നാകെ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. നാടെങ്ങും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ പ്രകടനങ്ങള്‍ നടന്നു. ഇന്റര്‍നെറ്റിലെ സൗഹൃദ വെബ്‌സൈറ്റുകളില്‍ ഹസാരെയെ പിന്തുണച്ച്‌ ലക്ഷങ്ങള്‍ രംഗത്തുവന്നു. കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാര്‍ അനുഭാവത്തോടെയാണ്‌ സമരത്തെ പരിഗണിച്ചത്‌. അണ്ണാ ഹസാരെയുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച സര്‍ക്കാര്‍ അടുത്ത സമ്മേളനത്തില്‍ ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കുമെന്ന്‌ ഉറപ്പു നല്‍കിയതോടെ ഏപ്രില്‍ 9ന്‌ സമരം അവസാനിപ്പിച്ചു.
ഹസാരെയുടെ ഈ വിജയത്തെ ആഘോഷിക്കുമ്പോള്‍ രാജ്യം മറന്നുപോകുന്ന ഒരു പേരുണ്ട്‌. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിളയുടേത്‌. ഇന്ത്യയിലെ മനുഷ്യസ്‌നേഹികള്‍ മാത്രമല്ല, ലോകത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഏറ്റെടുക്കുകയും പ്രചാരം കൊടുക്കുകയും ചെയ്‌ത സമരമാണ്‌ ഇറോം ശര്‍മ്മിളയുടേത്‌. കവയത്രി. സാമൂഹികപ്രവര്‍ത്തക, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളിലെല്ലാം ലോകമറിയുന്നവള്‍. ഗാന്ധിയന്‍ മാതൃകയിലുള്ള നിരാഹാര സമരം തന്നെ. എന്നിട്ടും അണ്ണാ ഹസാരെ ഊതിവിട്ട കൊടുങ്കാറ്റ്‌ എന്തുകൊണ്ട്‌ ഇറോം ശര്‍മ്മിളയുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല എന്ന അന്വേഷണത്തിലാണ്‌ മനുഷ്യാവകാശപ്രവര്‍ത്തകര്‍. അഴിമതി എല്ലാവരെയും ബാധിക്കുന്ന കാര്യമാകുന്നതുകൊണ്ടോ..? മണിപ്പൂരിലെ മനുഷ്യാവകാശലംഘനങ്ങള്‍ ആ ജനതെയ മാത്രം ബാധിക്കുന്ന കാര്യമായതുകൊണ്ടോ? അണ്ണാ ഹസാരെ ഗാന്ധിയനായി പേരെടുത്ത ആളായതുകൊണ്ടോ? ആ ജീവന്റെ വില ഇറോം ശര്‍മ്മിളക്ക്‌ ഇല്ലാത്തതുകൊണ്ടോ..?
ഇന്ത്യന്‍ സായുധ സേനക്ക്‌ മണിപ്പൂരില്‍ നല്‍കിയ പ്രത്യേക അധികാരങ്ങള്‍ക്കെതിരെ രണ്ടായിരാമാണ്ട്‌ നവംബര്‍ 4 മുതല്‍ ഈ പെണ്‍കുട്ടി സമരം ചെയ്യുന്നതിന്റെ പിന്നിലെ വികാരമെന്ത്‌? ചരിത്രത്തിലേക്ക്‌ ഒരു നടുക്കത്തോടെ തിരിഞ്ഞുനോക്കിയിട്ടല്ലാതെ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാവില്ല. 1958 ലാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ ഈ നിയമം പാസ്സാക്കിയത്‌. പ്രശ്‌നബാധിത പ്രദേശങ്ങളെന്ന പേരില്‍ അരുണാചല്‍പ്രദേശ്‌, മിസോറാം, മണിപ്പൂര്‍, ആസ്സാം, നാഗാലാന്റ്‌, ത്രിപുര എന്നിവിടങ്ങളില്‍ സൈന്യത്തിന്‌ പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നതായിരുന്നു നിയമം. പിന്നീട്‌ 1990ല്‍ ജമ്മു കാശ്‌മീരിനും ഈ നിയമം ബാധകമാക്കി. ആരെ എപ്പോള്‍ വേണമെങ്കിലും സൈന്യത്തിന്‌ അറസ്‌റ്റ്‌ ചെയ്യാം, തടവിലിടാം. സംശയത്തിന്റെ പേരില്‍ ഏതു വീട്ടിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. അരിച്ചുപെറുക്കാം. ഈ അധികാരങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായി. നിയമം അങ്ങനെയായതിനാല്‍ ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതി. സ്‌ത്രീകളുടെ മാനത്തിനും മനുഷ്യന്റെ ജീവനും വിലയില്ലാതായി. സ്വാഭാവികമായ പ്രതികരണങ്ങള്‍ പോലും ചോരപ്പുഴയൊഴുക്കി.
1972ലാണ്‌ ഈ സമരനായികയുടെ ജനനം. കവിതയെഴുതുന്ന ഒരു മണിപ്പൂരി പെണ്‍കുട്ടി. പത്രപ്രവര്‍ത്തനമാണ്‌ അവള്‍ തെരഞ്ഞെടുത്ത മേഖല. ഇംഫാല്‍ ഹ്യൂമണ്‍ റൈറ്റ്‌സ്‌ അലര്‍ട്ടില്‍ കോഴ്‌സിന്റെ ഭാഗമായി ഇറോം ശര്‍മ്മിള ഇന്റേണ്‍ഷിപ്പ്‌ ചെയ്‌തുകൊണ്ടിരിക്കെയായിരുന്നു ആ സംഭവം. ഒരു തണുത്ത നവംബര്‍ മാസത്തില്‍ മാലോമില്‍ ബസ്സു കാത്തു നില്‍ക്കുകയായിരുന്ന പത്തു പേരെ ഒരു കാരണവുമില്ലാതെ ആസ്സാം റൈഫിള്‍സ്‌ വെടിവെച്ചു കൊന്നു. രാജ്യം ഞെട്ടിയ കൂട്ടക്കൊല. കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ അവാര്‍ഡ്‌ നേടിയ സിനം ചന്ദ്രമാണി എന്ന പെണ്‍കുട്ടിയും കൂട്ടക്കൊലയില്‍ വെടിയുണ്ടയേറ്റു വാങ്ങി. മണിപ്പൂരിലും അയല്‍ സംസ്ഥാനങ്ങളിലും പിന്നീടുള്ള ദിവസങ്ങള്‍ സൈന്യത്തിനെതിരായ യുദ്ധത്തിന്റേതായിരുന്നു. ഈ കരിനിയമം എടുത്തുകളയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിന്‌ മരണം വരെ നിരാഹാരം കിടക്കാന്‍ തീരുമാനിക്കുന്നതോടെയാണ്‌ ഇറോം ശര്‍മ്മിള ശ്രദ്ധേയയാകുന്നത്‌. ആത്മഹത്യാശ്രമത്തിന്‌ കേസെടുത്ത പോലീസ്‌ മൂക്കില്‍ക്കൂടി ട്യൂബിട്ട്‌ ബലമായി ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുകയാണ്‌. എല്ലാ പ്രതികരണങ്ങളെയും നീര്‍ക്കുമിളകളാക്കി പത്തു വര്‍ഷമായി പോലീസ്‌ കസ്‌റ്റഡിയില്‍. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നക്‌സല്‍, ഉള്‍ഫ, മാവോയിസ്‌റ്റ്‌ തീവ്രവാദികള്‍ വേരുപിടിക്കുന്നത്‌ യാതനകളില്‍നിന്ന്‌ രക്ഷ പ്രതീക്ഷിക്കുന്ന സാധാരണക്കാരുടെ പിന്തുണയിലാണ്‌. മനോരമ ദേവിയെന്ന സ്‌ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത സൈനികര്‍ക്കെതിരെ ` ഞങ്ങളെയും ബലാത്സംഗം ചെയ്യൂ` എന്ന മുദ്രാവാക്യവുമായി സമരം ചെയ്‌ത 30 വീട്ടമ്മമാരെ 3 മാസമാണ്‌ പോലീസ്‌ ജയിലിലടച്ചത്‌.
ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ അണ്ണാ ഹസാരെയെ ചരിത്രസംഭവമാക്കിയെങ്കില്‍, ഇറോം ശര്‍മ്മിളയുടെ സമരത്തിന്‌ ഇപ്പോഴും വേണ്ടത്ര പൊതുജന പിന്തുണ ലഭിച്ചിട്ടില്ല. കാശ്‌മീരിലടക്കം മനുഷ്യാവകാശലംഘനങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ജനതയുടെ പ്രതീകമാണ്‌ ഇറോം ശര്‍മ്മിള. ആ സമരം ഒരു ദശകം പിന്നിട്ടിട്ടും ലോകം മുഴുവന്‍ ഏറ്റെടുത്തിട്ടും അനുകൂലമായി പ്രതികരിക്കാന്‍ ഭരണകൂടത്തിന്‌ ഇതുവരെ സാധിച്ചിട്ടില്ല എന്നത്‌ അണ്ണാഹസാരെയുടെ വിജയവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ മനുഷ്യസ്‌നേഹികളെ അമ്പരപ്പിക്കുന്നു. രാജ്യത്തിന്റെ വിഭവങ്ങളിലേക്ക്‌ കടന്നുകയറാന്‍ ആഗ്രഹിക്കുന്ന ഇടത്‌- വലത്‌ തീവ്രവാദികള്‍ക്ക്‌ ഊര്‍ജ്ജവും ഉത്തേജനവും നല്‍കാനല്ലാതെ ഈ മൗനം സഹായകമാവുകയില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന്‌ പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ച മാവോയിസം, നക്‌സലിസം, ഉള്‍ഫ തീവ്രവാദ വിഭാഗങ്ങളെ പശ്ചിമബംഗാളിലടക്കം പിന്തുണക്കുന്നത്‌ ആദിവാസികളും സാധാരണക്കാരുമാണ്‌. സായുധ പരിഹാരത്തിനുള്ള ആഹ്വാനങ്ങള്‍ എന്നതിനുമപ്പുറം പ്രശ്‌നങ്ങളെ വേരോടെ പിഴുതെറിയാന്‍ പര്യാപ്‌തമായ ചികിത്സകളൊന്നും ഇവിടങ്ങളില്‍ സംഭവിക്കുന്നില്ല. അണ്ണാ ഹസാരെയെ ഏറ്റെടുത്തവര്‍ രാജ്യത്ത്‌ ഇങ്ങനെയൊരു പെണ്‍കുട്ടികൂടി ഒരു പീഡിതജനതയുടെ പ്രതിനിധിയായി പരിഹാരത്തിന്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌.