Thursday, October 18, 2012

മലാലയെ പേടിക്കുന്നവര്‍

ആന്‍ ഫ്രാങ്ക് ഒരു പെണ്‍കുട്ടിയായിരുന്നു. ജര്‍മ്മന്‍ ജൂത കുടുംബത്തിലെ ഓട്ടോ ഫ്രാങ്കിന്റെയും എഡിത് ഫ്രാങ്കിന്റെയും രണ്ടു മക്കളില്‍ ഇളയത്. നാസിപ്പടയുടെ കൊടും ക്രൂരതകള്‍ക്കെതിരെ ഒളിവു കാലത്ത് ആന്‍ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകള്‍ നശീകരണ തത്വശാസ്ത്രങ്ങളുടെ നെഞ്ചു കലക്കുന്നതാണ്. തോക്കിന്‍ മുനയില്‍ നിശബ്ദമാക്കപ്പെടുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതീകമായിരുന്നു അവള്‍. അപാര സുഗന്ധത്തോടെ വിടരാനൊരുങ്ങും മുമ്പ് ഇരടിക്കളയപ്പെട്ട പൂവ്. ജമ്മു കാശ്മീരിലെ റജൗറി ജില്ലയിലും ഒരു പെണ്‍കുട്ടിയുണ്ട്. പേര് റുക്‌സാന കൗസര്‍. സ്വന്തം വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ ആറു പാക് അനുകൂല തീവ്രവാദികളെ അവരുടെ കൈയില്‍നിന്നു തന്നെ തോക്ക് പിടിച്ചു വാങ്ങി നേരിട്ട ധീരവനിത. രാജ്യം അവളെ ധീരതയ്ക്കുള്ള അവാര്‍ഡും പൊലീസില്‍ ജോലിയും നല്‍കി ആദരിച്ചു. ഇനിയൊരു പെണ്‍കുട്ടി മലാലയാണ്. പാക്കിസ്താനിലെ സ്വാത് താഴ്‌വരയില്‍ താലിബാന്‍ ഭീകരതയെ പേടിച്ചിരിക്കാതെ സ്‌കൂളില്‍ പോകാന്‍ കൊതിച്ച പെണ്‍കുട്ടി. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ താലിബാന്റെ കല്‍പനകള്‍ക്കെതിരെ അവള്‍ ഡയറിക്കുറിപ്പുകളിലൂടെ പ്രതികരിച്ചു. വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വാക്കിലും വരിയിലും സാന്നിധ്യമായി. നിരവധി വേദികളിലും ചാനലുകളിലും മനുഷ്യാവകാശത്തിനു വേണ്ടി വാദിക്കാന്‍ അവളെത്തി. ‘ഗുല്‍ മകായ്’ എന്ന പേരില്‍ ബിബിസി ഉറുദുവില്‍ അവളുടെ ഡയറിക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. സമാധാനത്തിനുള്ള കുട്ടികളുടെ അന്താരാഷ്ട്ര പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പേടിക്കേണ്ടവര്‍ക്ക് ഇത്രയൊക്കെ മതിയായിരുന്നു. സ്‌കൂള്‍ ബസ്സില്‍നിന്ന് വലിച്ചിറക്കി ആ കൊച്ചു കിളിക്കുഞ്ഞിനെ വെടിവെച്ചിട്ടു. അക്ഷരം പഠിക്കണമെന്നു പറഞ്ഞതായിരുന്നു ഈ കുട്ടി ചെയ്ത ‘അനിസ്‌ലാമിക പ്രവര്‍ത്തനം’. തലച്ചോറിനാണ് ക്ഷതമേറ്റത്. നേര്‍ത്ത ശ്വാസത്തില്‍ ആ ജീവന്‍ മരണത്തിലേക്കും ജീവിതത്തിലേക്കുമല്ലാത്ത നൂല്‍പാലത്തില്‍. അവളുടെ ജീവനു വേണ്ടി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു മനുഷ്യര്‍ പ്രാര്‍ത്ഥനയിലാണ്. നിഷ്‌കളങ്കയായ ഈ ബാലികയെ കൊന്നിട്ട് ഏത് ഇസ്‌ലാമിനെ സ്ഥാപിക്കാനാണ് തീവ്രവാദികള്‍ ശ്രമിച്ചതെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. പാക്കിസ്താനിലെയും ഇന്ത്യയിലെയും വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മലാല ചൂടേറിയ വിഷയമാണ്. ഇവിടങ്ങളില്‍ ഉന്നയിക്കപ്പെടുന്ന ചില ചോദ്യങ്ങള്‍ മലാലയെ ഭയപ്പെടുന്നത് താലിബാന്‍ മാത്രമല്ലെന്ന് വ്യക്തമാക്കുന്നു. മലാലയെ ഇത്രമേല്‍ ആഘോഷിക്കേണ്ടതുണ്ടോ എന്നതാണ് അതിലൊന്ന്. ഈ പെണ്‍കുട്ടി പാക്കിസ്താനില്‍ പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കാന്‍ വന്നവളാണെന്നും ഇവള്‍ക്ക് കിട്ടിയ ശിക്ഷ അര്‍ഹിച്ചതു തന്നെയാണെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. മലാലക്ക് നല്‍കുന്ന വാര്‍ത്താ പ്രാധാന്യം അമേരിക്കന്‍ സഖ്യ സേനയുടെ അധിനിവേശവുമായി ബന്ധപ്പെട്ട ക്രൂരതകളെ ചെറുതാക്കുമെന്നും ഈ ആക്രമണം ഇസ്‌ലാമിനെതിരായ വാളായി ഉപയോഗിക്കാന്‍ അമേരിക്ക ആസൂത്രണം ചെയ്തതായിരിക്കാമെന്നും ഇവര്‍ പറയുന്നു. പ്രവാചകനെ അവഹേളിക്കുന്ന ‘ഇന്നസെന്റ്‌സ് ഓഫ് മുസ്‌ലിംസ്’ എന്ന സിനിമ ലോകമെമ്പാടും കലാപങ്ങള്‍ ഉണ്ടാക്കിയത് കെട്ടടങ്ങുന്ന നേരത്ത് ഇസ്‌ലാം ഭീകരത അവസാനിച്ചിട്ടില്ല എന്ന പ്രതീതി ജനിപ്പിക്കുന്നതിന് സാമ്രാജ്യത്വം കണ്ടുപിടിച്ച വിദ്യയാണിതെന്നു കഷ്ടപ്പെട്ട് പറയാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇറാഖിലേക്കുള്ള സഖ്യസേനയുടെ അധിനിവേശം, ഫലസ്തീനില്‍ ഇസ്രാഈല്‍ സൈന്യം ചെയ്യുന്ന ക്രൂരതകള്‍, കാശ്മീരിലും മണിപ്പൂരിലും ഇന്ത്യന്‍ സേനയുടെ സാധാരണക്കാര്‍ക്കു നേരെയുള്ള അക്രമം, അഫ്ഗാന്റെ മലമടക്കുകളില്‍ ചിന്തിയ മുസ്‌ലിം രക്തം എന്നിത്യാദി വിശേഷങ്ങള്‍ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയും പകരം മലാലയെ വെടിവെച്ചതു പോലുള്ള താലിബാന്‍ കൃത്യങ്ങള്‍ക്ക് പ്രാധാന്യമേറുകയും ചെയ്യുന്നത് പാശ്ചാത്യ ഗൂഢാലോചനയാണെന്ന് വാദിക്കുന്നവരും കുറവല്ല. താലിബാനോടുള്ള സ്‌നേഹം കൊണ്ടല്ല, അമേരിക്കയോടുള്ള വെറുപ്പുകൊണ്ട് എന്ന ന്യായത്തില്‍ ഉസാമ ബിന്‍ ലാദനെയും താലിബാനെയുമൊക്കെ അണച്ചുപിടിക്കാന്‍ അതിവിരുത് കാട്ടുന്നവരുടെ വെപ്രാളങ്ങള്‍ കാണുമ്പോള്‍ മലാലയെ പേടിക്കുന്നത് താലിബാന്‍ മാത്രമല്ലെന്ന് ഉറപ്പ്. അഫ്ഗാന്‍ താലിബാനും തഹ്‌രീകെ താലിബാനും സ്‌കൂള്‍ ആക്രമിക്കുന്നതും കത്തിച്ചുകളയുന്നതും ആദ്യത്തെ സംഭവമല്ല. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതോടൊപ്പം പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളുകളെയും അധ്യാപകരെയും ആക്രമിക്കുന്നത് ഇക്കൂട്ടരുടെ സ്ഥിരം പരിപാടിയാണ്. അഫ്ഗാനിസ്ഥാന്‍ മാത്രമല്ല, പാക്കിസ്താനും ഈ ക്രൂര കൃത്യങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലാല. നേര്‍ത്ത ജീവനെങ്കിലും ആ ശരീരത്തില്‍ ബാക്കിയുള്ളതു കൊണ്ട് അവള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നു മാത്രം. ശൂദ്രന്‍ വേദം കേട്ടാല്‍ അവന്റെ കാതില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ പ്രാകൃത നിയമം തന്നെയാണ് ഇക്കാര്യത്തിലെ താലിബാന്‍ വേദാന്തവും. ശൂദ്രന്‍ വേദം അഭ്യസിച്ചാല്‍ തങ്ങളുടെ തരികിടയൊന്നും നടക്കില്ലെന്ന് ഉറപ്പുള്ള ബ്രാഹ്മണ്യത്തിന്റെ അതേ വിചാരം, വികാരം. നാസി ജര്‍മ്മനിയും ഫാഷിസ്റ്റ് ഇറ്റലിയും അടിച്ചേല്‍പ്പിച്ച മസ്തിഷ്‌കത്തെ പിടികൂടുക എന്ന തന്ത്രം. അതിനെതിരായ എല്ലാ ചെറുത്തുനില്‍പുകളെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ തീവ്രവാദികള്‍ (ഈ പ്രയോഗത്തിന് മതമോ ദേശമോ വംശമോ ഇല്ല) അരിഞ്ഞു കളയുക തന്നെ ചെയ്യും. എന്നാല്‍, ഇരവാദം, സാമ്രാജ്യത്വ വിരുദ്ധത എന്നീ ഓമനപ്പേരുകളുണ്ടെങ്കില്‍ ചെറുത്തുനില്‍പ്പെന്ന പേരില്‍ എന്തു തോന്ന്യാസവും കാണിക്കാം എന്ന ന്യായത്തെ മനുഷ്യ സ്‌നേഹികളൊന്നും അംഗീകരിക്കാന്‍ പോകുന്നില്ല. സാമ്രാജ്യത്വത്തിന് വരയ്ക്കാനുള്ള ചുമരുണ്ടാക്കുകയും ആ ചുമര് തകര്‍ക്കപ്പെടാതെ സംരക്ഷിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് സാമ്രാജ്യത്വം തന്നെ സൃഷ്ടിച്ചെടുത്ത ഈ തീവ്രവാദ ഗ്രൂപ്പുകള്‍ എക്കാലവും ശീലിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഇതിനു സമാനമായി ഫാഷിസത്തിന് വരച്ചു പഠിക്കാനുള്ള ചുമരുണ്ടാക്കുന്ന തിരക്കിലാണ് ചിലര്‍. ആ ചുമര് തകരാന്‍ പാടില്ലെന്ന വേവലാതിയില്‍നിന്നാണ് മലാലയെപ്പോലുള്ള ഭീകര വിരുദ്ധ വാര്‍ത്തകളെ ഇവര്‍ക്ക് ഭയപ്പെടേണ്ടി വരുന്നത്. മലാല വാര്‍ത്തയാകുന്നതില്‍ ആര്‍ക്കാണ് നഷ്ടം എന്ന ചോദ്യത്തില്‍ തന്നെ അതിന്റെ ഉത്തരങ്ങളുണ്ട്. ഇസ്‌ലാമിന് ഈ ഭീകര ഗ്രൂപ്പുകള്‍ വരുത്തിവെച്ച നഷ്ടങ്ങള്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ നഷ്ടങ്ങളെ പെരുപ്പിക്കുമ്പോള്‍ എണ്ണാതെ പോയിക്കൂടെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. വിദ്യാഭ്യാസത്തില്‍നിന്നു വിഘടിച്ചുനില്‍ക്കുക എന്നത് മുഖ്യധാരയില്‍നിന്നുള്ള സാമൂഹികമായ വിഘടനമാണ്. സ്വയം അന്യവല്‍ക്കരിക്കപ്പെടാനും അന്തര്‍മുഖത്വത്തിലൂടെ അന്യരെ വെറുക്കാനുമല്ലാതെ ഈ വിട്ടുനില്‍ക്കല്‍ ഗുണം ചെയ്യില്ല. അറിവും തിരിച്ചറിവും നേടുന്നവരെ വിഘടന വാദത്തിനും ആരോടെന്നില്ലാതെ തോക്കേന്തുവാനും കിട്ടില്ലെന്ന ബോധ്യമാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തിരിയാന്‍ തീവ്രവാദികളെ പ്രേരിപ്പിക്കുന്നത്. മലാലയെ പേടിക്കുന്നവര്‍ മനുഷ്യരെ പേടിക്കുന്നവരാണ്. മനുഷ്യന് ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങളെയും അവര്‍ ഭയപ്പെടുന്നു. സ്‌കൂളില്‍ പോകരുതെന്നും വിദ്യ അഭ്യസിക്കരുതെന്നും അവര്‍ പറയുന്നു. ചിന്തിക്കരുതെന്നും പ്രസംഗിക്കരുതെന്നും അവര്‍ ആജ്ഞാപിക്കുന്നു. പാട്ടു പാടരുതെന്നും ചിത്രം വരയ്ക്കരുതെന്നും അവര്‍ തിട്ടൂരമിറക്കുന്നു. വെളിച്ചം കടക്കാത്ത ഇരുട്ടുമുറികളായി മനുഷ്യ മനസ്സുകള്‍ മാറണമെന്നും അന്യന്റെ രക്തം ചിന്തുവാനല്ലാത്ത ചിന്തകളൊന്നും അവിടെ ഉണ്ടാകരുതെന്നും അവര്‍ കൊതിക്കുന്നു. എല്ലാ നശീകരണ പ്രത്യയശാസ്ത്രങ്ങളുടെയും ഉള്ളടക്കം അതു മാത്രമാണ്. സമാധാനത്തിന്റെ ദിവ്യ വചനങ്ങളൊന്നും അവരുടെ ആമാശയത്തിന് ദഹിക്കില്ല. അതെല്ലാം പൊയ്‌വചനങ്ങളാണെന്ന് അവര്‍ ആണയിടും. ഇസ്‌ലാമിന്റെ പേരില്‍ തികച്ചും ഇസ്‌ലാമിക വിരുദ്ധമായ ആയുധങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതുവഴി സാമ്രാജ്യത്വവും ഫാഷിസവും ആഗ്രഹിക്കുന്ന പെയിന്റും ബ്രഷും നല്‍കി അവര്‍ക്ക് വരയ്ക്കാനുള്ള ക്യാന്‍വാസൊരുക്കും. മണ്ണില്‍നിന്നും മനസ്സില്‍നിന്നും ഇവറ്റകളെ ആട്ടിപ്പായിക്കാനുള്ള ഇടപാടു നടത്തിയില്ലെങ്കില്‍ പോരാളികളുടെ വീരപരിവേഷത്തില്‍ ഇനിയും ഉസാമ ബിന്‍ലാദന്മാര്‍ അവതരിക്കാതിരിക്കില്ല. താലിബാന്‍ ഭീഷണി മൂലം അടച്ചിട്ട സ്‌കൂളിനെപ്പറ്റി എഴുതിയ ജനുവരി 14 ബുധനാഴ്ചത്തെ ഡയറിക്കുറിപ്പ് മലാല ഇങ്ങനെ അവസാനിപ്പിക്കുന്നു: ”എന്നെങ്കിലുമൊരിക്കല്‍ സ്‌കൂള്‍ തുറക്കുമെന്ന് എനിക്ക് തോന്നി. മടങ്ങുന്ന സമയത്ത് വെറുതെയൊന്ന് തിരിഞ്ഞു നോക്കി, ഇനിയൊരിക്കലും എന്റെ സ്‌കൂളിലേക്ക് വരാന്‍ കഴിയില്ലെന്ന സങ്കടത്താല്‍”….