Saturday, November 6, 2010

ഒരു കമ്യൂണിസ്‌റ്റ്‌ വിരുദ്ധലേഖനം: സി.പി.എം മടങ്ങുന്നു, എങ്ങോട്ടെന്നില്ലാതെ

കമ്യൂണിസ്റ്റ്‌്‌ ഭരണത്താല്‍ റഷ്യ കടുത്ത ഭക്ഷ്യപ്രതിസന്ധിയെ നേരിടുന്ന കാലം. ദിവസവും ആയിരക്കണക്കിന്‌ പട്ടിണിക്കോലങ്ങള്‍ മരിച്ചുവീണുകൊണ്ടിരുന്നു. നിവൃത്തികെട്ട്‌ അവര്‍ അമേരിക്കയോട്‌ ഗോതമ്പ്‌ ചോദിച്ചു. കൊടുത്തില്ല. നിക്‌സണായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട്‌. കത്തിച്ചുകളയുകയോ കടലില്‍ താഴ്‌ത്തുകയോ ചെയ്യേണ്ടി വന്നാലും റഷ്യക്ക്‌ ഒരു മണി ഗോതമ്പു പോലും കൊടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. ഒടുവില്‍ കാനഡ കനിഞ്ഞു. കാനഡയില്‍നിന്ന്‌ ഗോതമ്പ്‌ കിട്ടിയ സന്തോഷത്തില്‍ നാട്ടിലെത്തിയ ക്രൂഷ്‌ചേവ്‌ ഒരു പ്രസംഗത്തിനിടെ ഇങ്ങനെ പറഞ്ഞു: സഖാക്കളേ, കാനഡയില്‍ കമ്യൂണിസം വളരുന്ന കാഴ്‌ച കണ്‍കുളിര്‍ക്കെ കണ്ടിട്ടാണ്‌ ഞാന്‍ വരുന്നത്‌. ഇങ്ങനെ പോയാല്‍ ആ രാജ്യം ഒരു കമ്യൂണിസ്‌റ്റ്‌ രാജ്യമായി മാറുമെന്ന കാര്യത്തില്‍ എനിക്ക്‌ യാതൊരു സംശയവുമില്ല. പ്രസംഗം കത്തിക്കയറിക്കൊണ്ടിരിക്കെ സ്റ്റേജിലേക്ക്‌ ഒരു സഖാവിന്റെ കുറിപ്പ്‌. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: അപ്പോള്‍ ഇനി നമുക്കെവിടെ നിന്ന്‌ ഗോതമ്പു കിട്ടും?
ഈ ചരിത്രം നേരാണെങ്കിലും അല്ലെങ്കിലും ചില സത്യങ്ങള്‍ വിളിച്ചുപറയുന്നു. കമ്യൂണിസ്റ്റ്‌ സമഗ്രാധിപത്യത്തിന്റെ നെഞ്ചെരിച്ചില്‍ അനുഭവിച്ച രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കൊന്നും സമാധാനത്തോടെ ഉരുളയുരുട്ടി ഉണ്ണാനായിട്ടില്ല. കിഴക്കന്‍ ജര്‍മ്മനിയുടെയും, ചെക്കോസ്ലോവാക്യയുടെയും, യുഗോസ്ലാവിയയുടെയും ഏറ്റവുമൊടുവില്‍ അവശേഷിക്കുന്ന കമ്യൂണിസ്‌റ്റ്‌ തുണ്ടായ ക്യൂബയുടെയും സ്ഥിതി വ്യത്യസ്‌തമല്ല. കുരുടന്‍ ആനയെ കണ്ടപോലെയാണ്‌ കമ്യൂണിസ്‌റ്റുകാരന്റെ സ്ഥിതിവിവരണങ്ങള്‍. ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ കിട്ടിയ മുയലിന്റെ കഥ പറഞ്ഞ്‌ എപ്പോഴും ചക്കയിട്ട്‌ ഒടുക്കം പ്ലാവില്‍ ഇടാന്‍ ചക്കയില്ലാത്ത അവസ്ഥ. എന്തിനും ഏതിനും പ്രത്യയശാസ്‌ത്രം വിളമ്പുന്ന വായകള്‍ അസ്‌ത്രങ്ങള്‍ ഒഴിഞ്ഞ ആവനാഴി പോലെയായി. ഒന്നും ഉരിയാടാനില്ല. പുതിയ കുപ്പിയിലേക്ക്‌ പകരാന്‍ പഴയ വീഞ്ഞുപോലുമില്ല. ഉണ്ടായിരുന്നത്‌ സാമ്രാജ്യത്വം നവ ലിബറലിസം സ്റ്റാലിനിസ്റ്റ്‌ ശൈലിയിലുള്ള വ്യതിയാനം തുടങ്ങി സാധാരണക്കാരന്റെ വായില്‍കൊള്ളാത്ത പ്രയോഗങ്ങളായിരുന്നു. ഈ തെരഞ്ഞെടുപ്പ്‌ ഫലത്തോടൊപ്പം അതൊന്നും കേള്‍ക്കാതിരുന്നത്‌ സാധാരണക്കാരെപ്പോലും ഞെട്ടിച്ചിട്ടുണ്ട്‌. പരാജയത്തെ ഇഴകീറി അവലോകനം ചെയ്‌തതിനുശേഷം തോറ്റതിനു കാരണം മറ്റവന്മാര്‍ വോട്ടു ചെയ്യാത്തതാണ്‌ എന്നുപറഞ്ഞ നായനാര്‍ ഫലിതമാണ്‌ ആവര്‍ത്തിക്കാവുന്ന ഒരേയൊരു ശരി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ആരോടൊപ്പമായിരുന്നു എന്ന ചോദ്യത്തിന്‌ മനുഷ്യരായ മനുഷ്യരെല്ലാം ഒരൊറ്റ ഉത്തരം പറയുമ്പോള്‍ അവിടെയുമുണ്ട്‌ തെറിച്ചുനില്‍ക്കുന്ന ഒരാള്‍. സഖാവ്‌ പിണറായി വിജയന്‍.
എങ്ങനെ സ്‌കാന്‍ ചെയ്‌ത്‌ നോക്കിയിട്ടും കേരളമെങ്ങും അദ്ദേഹത്തിന്‌ കാണാനാവുന്നത്‌ ചുവപ്പു മാത്രം. ഫലമറിഞ്ഞു തുടങ്ങിയപ്പോള്‍തന്നെ പിണറായി കവടിയെടുത്ത്‌ ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു. ഗണിച്ചു പറയാന്‍ ബഹുമിടുക്കനാണ്‌ താനെന്ന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പേ സഖാവ്‌ തെളിയിച്ചിട്ടുണ്ട്‌. ഒരു ചെറുചിരിയോടെ അദ്ദേഹം ഇക്കുറി ലീഗില്ലാത്ത പാര്‍ലമെന്റായിരിക്കും വരാന്‍ പോകുന്നത്‌ എന്ന തമാശ പൊട്ടിച്ചത്‌ ആരുമങ്ങനെ മറന്നുകാണില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പേ സഖാവ്‌ വി.എസ്സിനോടൊപ്പം പിണറായി ഗണിക്കാതെ തന്നെ മനക്കണക്കുകൂട്ടി പറഞ്ഞ കാര്യം മാത്രമാണ്‌ അച്ചട്ടായത്‌. ഈ തെരഞ്ഞെടുപ്പ്‌ സര്‍ക്കാരിനെ വിലയിരുത്തുന്നതായിരിക്കും എന്നതായിരുന്നു പ്രസ്‌താവന. വി.എസ്സിനോട്‌ ഈയിടെയൊന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ മറ്റൊരു കാര്യത്തിലും പിണറായി യോജിച്ചതായി കണ്ടിട്ടില്ല. ജനങ്ങള്‍ അസ്സലായി വിലയിരുത്തിയപ്പോഴാണ്‌ അദ്ദേഹം പിന്നെയും കവടി നിരത്തിയത്‌. ഗണിച്ചുണ്ടാക്കിയ കണക്കനുസരിച്ച്‌ മേല്‍ത്തട്ടും നെടുംതൂണുകളും ഇരുമ്പുമറയും ഇടിഞ്ഞുവീണെങ്കിലും അടിത്തറ ഭദ്രമാണെന്ന്‌ പിണറായി കണ്ടെത്തി. അടിക്കല്ല്‌ ഇളകിയിട്ടില്ലെങ്കില്‍പിന്നെ വോട്ടുകള്‍ എങ്ങോട്ടുപോയി എന്ന്‌ വിശദീകരിച്ചില്ല. കുറഞ്ഞത്‌ ആറു ശതമാനം വോട്ട്‌ മാത്രമാണെന്ന്‌ നെടുവീര്‍പ്പിട്ടുകൊണ്ട്‌ പറഞ്ഞു. ഉള്ളില്‍ കടുംചുകപ്പിന്റെ രാഷ്ട്രീയമുള്ള സി.പി.എമ്മുകാരുടെ വോട്ടുകള്‍ യു.ഡി.എഫിന്‌ കിട്ടിയെന്ന്‌ പിണറായി ഒരിക്കലും പറയില്ല. പിന്നെ ആര്‍ക്കാണ്‌ കച്ചവടത്തിന്‌ അറുത്തുനല്‍കിയ സി.പി.എം വോട്ടിന്റെ വിഹിതം കിട്ടിയതെന്ന്‌ വര്‍ഗീയ- തീവ്രവാദ കക്ഷികളായ ബി.ജെ.പിയും എസ്‌.ഡി.പി.ഐ.യും ജമാഅത്തെ ഇസ്‌്‌ലാമിയും തലകാട്ടിയ ഇടങ്ങളിലെ വോട്ടര്‍ പട്ടികയെടുത്ത്‌ പരിശോധിച്ചാല്‍ ബോധ്യമാകും.
മതേതരത്വത്തിനും സമാധാനത്തിനും വികസനത്തിനും ഊന്നല്‍ നല്‍കി ജനപക്ഷത്തുനിന്ന്‌ പ്രവര്‍ത്തിച്ച യു.ഡി.എഫിന്‌ സാധാരണക്കാരുടെ വോട്ട്‌ കിട്ടിയപ്പോള്‍ അത്‌ വര്‍ഗീയ ശക്തികളുടെ വോട്ടാണെന്ന്‌ പറയാന്‍ ധൈര്യപ്പെട്ടവരെ ജനങ്ങള്‍ ഭാവിയിലും കൈകാര്യം ചെയ്യുന്നത്‌ വ്യത്യസ്‌തമായ രീതിയിലായിരിക്കില്ല. വെളിച്ചം കയറിയാല്‍ കണ്ണു പുളിയ്‌ക്കുന്ന ഈയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷത്തുനിന്ന്‌ ജനങ്ങളെ വെല്ലുവിളിക്കുന്നതിന്‌ സി.പി.എം അതിരുകള്‍ നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂടുതല്‍ വോട്ട്‌ കിട്ടി എന്നാണ്‌ പിണറായി പറയുന്നത്‌. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ആളെണ്ണം കൂടിയ കാര്യം പറയാന്‍ വിട്ടുപോയി.
യു.ഡി.എഫ്‌ വര്‍ഗീയതയെ കുത്തിയിളക്കിയാണ്‌ ജയിച്ചതെന്ന്‌ യാതൊരു ഉളുപ്പുമില്ലാതെ പറയുമ്പോള്‍ ഏത്‌ വര്‍ഗീയത എവിടുത്തെ വര്‍ഗീയത എന്ന്‌ വിശദീകരിക്കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്‌. വൈകാരിക രാഷ്ട്രീയത്തിന്റെ വിത്തുകളുമായി കേരളം ഉഴാനിറങ്ങിയവരെ നിലം തൊടീക്കാന്‍ ജനങ്ങള്‍ സമ്മതിച്ചിട്ടില്ല. അവരുടെ കലപ്പകള്‍ ഈ മണ്ണിലൊന്നു പോറിയിട്ടുപോലുമില്ല. ഭൂരിപക്ഷ വര്‍ഗീയതയെയും ഫാഷിസത്തെയും വ്യാപിപ്പിക്കാനുള്ള കരാര്‍ ഏറ്റെടുത്ത്‌ ന്യൂനപക്ഷ വര്‍ഗീയതയെന്ന വിഷവിത്ത്‌ കൈയില്‍ പിടിച്ചിറങ്ങിയവര്‍ പുതിയ വഴികളെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. അവര്‍ ജയിച്ച പലയിടങ്ങളിലും സി.പി.എം മൂന്നാം സ്ഥാനത്താണ്‌. വോട്ടുകള്‍ ആകാശത്തേക്ക്‌ പറന്നില്ല. പാതാളത്തിലേക്ക്‌ ആണ്ടുപോയില്ല. പിന്നെ എവിടെ?. വര്‍ഗീയ ശക്തികളുടെ പെട്ടിയില്‍. പകരം ഇക്കൂട്ടര്‍ക്ക്‌ സി.പി.എമ്മിനെയല്ലാതെ മറ്റാരെ സഹായിക്കാനാവും?.
മലപ്പുറം പച്ചപ്പില്‍ കുളിച്ച്‌ വിജയാരവങ്ങളുയര്‍ത്തുന്ന വാര്‍ത്ത കണ്ടതും വി.എസ്‌ അച്യുതാനന്ദന്റെ ഉള്ളുകള്ളികളിലെ കാവിക്കള്ളി കത്തിയത്‌ ഉള്‍ക്കിടിലത്തോടെയാണ്‌ കേരളം കണ്ടത്‌. മുസ്‌്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ മലപ്പുറത്ത്‌ വെറും പച്ചയല്ല ഇരട്ടിപ്പച്ചയാണെന്ന്‌ പ്രതികരിച്ചപ്പോള്‍ അതിനെ ഇരട്ടി വര്‍ഗീയത എന്നാണ്‌ സഖാവ്‌ വ്യാഖ്യാനിച്ചത്‌. മലപ്പുറം എന്ന പേര്‌ കേള്‍ക്കുമ്പോഴേ ഉള്ളില്‍ പത്തി വിടര്‍ത്താറുള്ള വിഷജന്തുവാണ്‌ വി.എസ്സിനെ ചതിച്ചത്‌. പരാജയത്തിന്റെ പൊരുള്‍ തേടി കമ്മിറ്റി കൂടുന്നതിനു മുമ്പ്‌ നേതാക്കളുടെ മനസ്സില്‍ പറ്റിപ്പിടിച്ചുകിടക്കുന്ന ഇത്തരം അഴുക്കുകളെക്കൂടി തിരിച്ചറിയേണ്ടതുണ്ട്‌. തെറ്റുതിരുത്തലും ചികിത്സയും നിശ്ചയിക്കുമ്പോള്‍ ഈയൊരു രോഗത്തെയും പരിഗണിക്കണം. സി.പി.എമ്മിനിത്‌ മടക്കയാത്രയുടെ കാലമാണ്‌. വര്‍ഗരഹിതസമൂഹത്തിന്റെ സൃഷ്‌ടിപ്പിനുശേഷം തൊഴിലാളി വര്‍ഗ സര്‍വാധിപത്യമെന്ന കിനാവുമായി പാവങ്ങളെ പറ്റിച്ചത്‌ മതിയാക്കാമെന്ന്‌ അവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. രക്തസാക്ഷികളെയും പഴയപോലെ കിട്ടാനില്ല. പണമാണ്‌ പരമപ്രധാനമെന്ന നിഗമനത്തില്‍ നേതാക്കള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ്‌. ഭരണം കൈവിടുമെന്ന പ്രതീതി കൂടി ഉണ്ടായതോടെ ഈ പിടിച്ചു പറിക്ക്‌ ആക്കം കൂടാനാണ്‌ സാധ്യത. പ്രാദേശിക സര്‍ക്കാറുകളെപ്പോലെയാണ്‌ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റികള്‍ സ്വാധീനമുള്ള ഇടങ്ങളില്‍ അധികാരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌. പണവും ആയുധവും അധികാരവും കൈയിലുണ്ടെങ്കില്‍ ആരെയും തറപറ്റിക്കാമെന്ന അഹങ്കാരത്തിന്‌ ലഭിക്കുന്ന തിരിച്ചടികളൊന്നും പാര്‍ട്ടിക്ക്‌ ക്ഷീണമുണ്ടാക്കിയിട്ടില്ലെന്നാണ്‌ പിണറായിയുടെ ഗവേഷണം.
ഭദ്രമായ അടിത്തറ കൂടി ഇളകട്ടെ, എന്നിട്ടാവാം നിലപാടുമാറ്റമെന്ന്‌ പറയാതെ പറയുന്നു പാര്‍ട്ടി സെക്രട്ടറി. അനിവാര്യമായ പതനത്തിലേക്ക്‌ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൊണ്ടെത്തിക്കുന്നതിന്‌ ഏറ്റെടുത്ത കരാര്‍ ഭംഗിയായി പൂര്‍ത്തീകരിച്ചതിന്റെ ആഹ്ലാദവും ആ മുഖത്തു നിന്ന്‌ വായിച്ചെടുക്കാം. കേരളം എങ്ങനെ ചിന്തിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കമ്യൂണിസ്റ്റുകാര്‍ മാത്രമാണെന്ന ധാരണയും സി.പി.എമ്മിന്‌ വിനയായിട്ടുണ്ട്‌. പാര്‍ട്ടിക്കെതിരെ സംസാരിക്കുന്ന ബുദ്ധിജീവികള്‍ക്കെല്ലാം വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു എന്നാണ്‌ ആക്ഷേപം. വലതുപക്ഷ വ്യതിയാനം എന്നാല്‍ നരകത്തിലേക്കുള്ള വഴി എന്നാണ്‌ സി.പി.എം അര്‍ത്ഥമാക്കുന്നത്‌. ഈ അബദ്ധധാരണകളെയെല്ലാം തിരുത്തുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. മാറ്റത്തിന്‌ തടസ്സം സി.പി.എമ്മാണെങ്കില്‍ ആ സി.പി.എമ്മിനെ മാറ്റാനാണ്‌ ജനങ്ങളുടെ തീരുമാനം. ഈ സുതാര്യമായ സന്ദേശത്തെയാണ്‌ പിണറായി പിന്നെയും വളച്ചൊടിക്കുന്നത്‌. ബലിദാനികള്‍ സാക്ഷി. ഇപ്പോഴത്തെ സി.പി.എമ്മിന്റെ സുന്ദരമായ ഈ പതനത്തെ പാര്‍ട്ടിക്കുവേണ്ടി അവരും ആഗ്രഹിച്ചിരിക്കാം. കാര്യങ്ങള്‍ ഇങ്ങനെത്തന്നെ തുടര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ദയനീയമായ പരീക്ഷണങ്ങളിലൊന്നായി ചരിത്രം സി.പി.എമ്മിനെ വിലയിരുത്തും.

Wednesday, September 22, 2010

വോട്ട്‌ ബഹിഷ്‌കരണം പരിഹാരമല്ല

ഓരോ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോഴും സീറ്റ്‌ വിഭജനവും മുന്നണി തര്‍ക്കങ്ങളും പഴി പറച്ചിലുകളുമായി ആഘോഷം പൊടിപൊടിക്കും. ജനങ്ങളോ അവന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകാറുണ്ട്‌. അടിസ്ഥാന ജനവിഭാഗങ്ങള്‍ അഥവാ വോട്ട്‌ കുത്തേണ്ട ഭൂരിപക്ഷം ചിന്തിക്കുന്നത്‌ എന്താണെന്ന്‌ ചികഞ്ഞെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ മെനക്കെടാറില്ല. അതല്ലെങ്കില്‍ ആ ജനങ്ങളുടെ ചിന്തകളില്‍പോലും കക്ഷിരാഷ്ട്രീയത്തിന്‌ സ്വന്തം അജണ്ടകളുടെ സ്വാധീനം ഉറപ്പിച്ചെടുക്കാന്‍ സാധിക്കുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ പലയിടത്തായി പൊട്ടിപ്പുറപ്പെടുന്ന വോട്ട്‌ ബഹിഷ്‌കരണമെന്ന പുതിയ ഭീഷണിയെ ചെറുതായി കാണാനാവില്ല. ഇതൊരു ട്രെന്റായി മാറുകയും നിര്‍മാണ പ്രക്രിയകള്‍ക്ക്‌ ഇടങ്കോലിടുകയും ചെയ്യുമ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ശ്രദ്ധ തീര്‍ച്ചയായും ഈ വഴിക്ക്‌ തിരിയുന്നത്‌ നന്നായിരിക്കും. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ്‌ സംസ്ഥാനത്ത്‌ ജനകീയ സമരങ്ങളില്‍ പലതും രൂപമെടുക്കുന്നത്‌. രാഷ്ട്രീയക്കാര്‍ ജനങ്ങളില്‍നിന്ന്‌ അകലുകയോ ജനങ്ങള്‍ രാഷ്ട്രീയക്കാരില്‍നിന്ന്‌ അകലുകയോ ചെയ്യുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. കാരണം രണ്ടിലേതായാലും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്‌. ഞെളിയന്‍പറമ്പിലെയും ലാലൂരിലെയും ചക്കുംകണ്ടത്തിന്റെയും മാലിന്യപ്രശ്‌നങ്ങള്‍ മുതല്‍ ഹൈവേ വികസനത്തിനുവേണ്ടി കുടിയിറക്കപ്പെടുന്നവര്‍വരെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിക്കു പുറകില്‍ നിന്നുകൊണ്ടല്ല സമരം ചെയ്യുന്നത്‌. കിനാലൂരില്‍ കണ്ടതും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായിരുന്നില്ല. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതീക്ഷകള്‍ അവസാനിക്കുമ്പാഴുള്ള അതിജീവന മോഹമാണ്‌ നേതൃത്വമോ കാര്യമായ സംഘാടനമോ ഇല്ലാതെ തെരുവിലിറങ്ങാന്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും നിര്‍ബന്ധിതരാക്കുന്നത്‌. എല്ലാവിധത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളും പരാജയപ്പെടുമ്പാഴാവാം വികസനത്തിന്റെ ഇരകള്‍ തന്റെ ഉള്ളിലെ മനുഷ്യനെന്ന അസ്‌തിത്വത്തെ കുടഞ്ഞെടുക്കുന്നത്‌. സ്വന്തം കിടപ്പാടവും ജീവിക്കാനുള്ള സാഹചര്യവും ഇല്ലാതാകുമ്പോഴാണ്‌ അതിജീവനത്തിനുള്ള കുതറലുകള്‍ സംഭവിക്കുന്നത്‌. ചെങ്ങറയിലും അട്ടപ്പാടിയിലും വയനാട്ടിലും ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരങ്ങള്‍ വിരല്‍ചൂണ്ടുന്നതും മറ്റൊരു ദിശയിലേക്കല്ല. കൊട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളെല്ലാം കുമിളകളായി അവശേഷിക്കുകയും കുടിയിറക്കപ്പെടുന്നവര്‍ നെടുവീര്‍പ്പുകളുമായി കാലം കഴിക്കുകയും ചെയ്യുമ്പോള്‍ ആര്‍ക്കുവേണ്ടിയായിരുന്നു ഇതെല്ലാം എന്ന ചോദ്യം ബാക്കിയാവുന്നു. ചെങ്ങറ ഭൂസമരം അവസാനിപ്പിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പ്രഖ്യാപിച്ച പാക്കേജുകളും ഇപ്പോള്‍ നീര്‍ക്കുമിളകളായി മാറുകയാണ്‌. പട്ടയം കിട്ടിയവര്‍ കുടില്‍ വെക്കാന്‍ ചെല്ലുമ്പോള്‍ ഭൂമിയില്ലാത്ത അവസ്ഥ. സര്‍ക്കാര്‍ നല്‍കിയ ഭൂമി മറ്റാരുടേതോ ആണെന്നറിയുമ്പോള്‍ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ആദിവാസികള്‍ ആരെയാണ്‌ വിശ്വസിക്കേണ്ടത്‌? ചെങ്ങറയില്‍നിന്ന്‌ ഭൂമി കിട്ടുമെന്ന്‌ കരുതി അട്ടപ്പാടി മല കയറിയരില്‍ പലരും ദുരിതത്തിലാണ്‌. രണ്ടാം ഭൂ പ്രക്ഷോഭത്തിന്‌ ഇവിടെ ചെങ്ങറക്കാര്‍ വീണ്ടും ഒരുങ്ങിക്കഴിഞ്ഞു. അട്ടപ്പാടി കോട്ടത്തറ വില്ലേജിലുള്‍പ്പെട്ട നല്ലശിങ്കയിലെ 1819 നമ്പറിലുള്ള 25ഏക്കറോളം ഭൂമിയാണ്‌ സര്‍ക്കാര്‍ ചെങ്ങറയിലെ 55 കുടുംബങ്ങള്‍ക്ക്‌ പതിച്ചുനല്‍കിയത്‌. എന്നാല്‍ ഇതേ നമ്പറില്‍ 1999 ല്‍ 142 ആദിവാസി കുടുംബങ്ങള്‍ക്കും നേരത്തെ ഇവിടെ ഭൂമി നല്‍കിയിട്ടുണ്ട്‌. ആദിവാസികള്‍ക്ക്‌ നല്‍കിയ ഭൂമി ഏത്‌ ഭാഗത്താണെന്ന്‌ തീരുമാനിക്കാത്തതിനാല്‍ ചെങ്ങറക്കാര്‍ക്ക്‌ നല്‍കിയ ഭൂമി തങ്ങളുടേതാണെന്നവകാശപ്പെട്ട്‌ ആദിവാസികളും ഈ നമ്പറില്‍ ഭൂമിയുണ്ടെന്നവകാശപ്പെട്ട്‌ തമിഴ്‌്‌നാടുസ്വദേശികളും കാറ്റാടി കമ്പനിയുടമകളും പട്ടയവുമായി രംഗത്തെത്തുന്നു. എല്ലാവരുടെ കൈയിലുമുണ്ട്‌ പട്ടയം. ഇല്ലാത്തത്‌ ഭൂമിയാണ്‌. വാസയോഗ്യമല്ലാത്ത ആനത്താരയിലേക്ക്‌ ചെങ്ങറ പട്ടയ ഉടമകളെ മാറ്റാനാണ്‌ സര്‍ക്കാര്‍ ശ്രമം. ഇതില്‍ പ്രതിഷേധിച്ചാണ്‌ ചെങ്ങറ സമരക്കാര്‍ രണ്ടാം ഭൂപ്രക്ഷോഭത്തിനൊരുങ്ങിയത്‌. ആഘോഷങ്ങളോടെ വിതരണം ചെയ്‌ത പട്ടയവുമായി അട്ടപ്പാടിയിലെത്തിയപ്പോഴാണ്‌ സര്‍ക്കാര്‍ തങ്ങളെ ചതിച്ചുവെന്ന സത്യം അവര്‍ക്ക്‌ ബോധ്യമായത്‌. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലയിടങ്ങളിലായി പല തരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അരുക്കാക്കല്‍ പ്രക്രിയയാണ്‌. വികസനത്തിന്റെ ഇരകള്‍ എല്ലായിടത്തും ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നതാണ്‌ മറ്റൊരു വിരോധാഭാസം. പാവപ്പെട്ടവന്റെ വിയര്‍പ്പിന്‌ വില പറഞ്ഞ്‌ അധികാരസ്ഥാനങ്ങള്‍ പിടിച്ചടക്കിയവര്‍ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന്‌ അടിസ്ഥാന ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ചെങ്ങറയില്‍ സമരം ചെയ്‌തവരെ ഹാരിസണ്‍സ്‌ കമ്പനി മുതലാളിയുടെ തോളോടൊപ്പം നിന്ന്‌ അടിച്ചൊതുക്കാനാണ്‌ സി.പി.എം ശ്രമിച്ചത്‌. ബ്രിട്ടീഷുകാരന്റെ കാലത്ത്‌ രൂപപ്പെടുത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമം (1894) തന്നെയാണ്‌ ഭേദഗതികളില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത്‌ എന്ന കാര്യം മാത്രം മതി ഭരണകൂടങ്ങള്‍ ഭൂ പ്രശ്‌നത്തോട്‌ സ്വീകരിച്ചുവരുന്ന സമീപനത്തിന്റെ ആഴമളക്കാന്‍. വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കല്‍ കേരളീയനെ പഠിപ്പിച്ചതാണ്‌. അവിടെയും പ്രതിസ്ഥാനത്ത്‌ പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്‌ കണക്ടിവിറ്റിക്കായി കുടിയിറക്കപ്പെട്ട മൂലമ്പള്ളി നിവാസികള്‍ക്ക്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാസയോഗ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാറിനായില്ല എന്നത്‌ നമ്മുടെ പുനരധിവാസ പദ്ധതികളുടെ പരിഹാസ്യതയെ വിളിച്ചോതുന്നു. ഇടതുപക്ഷം വികസനത്തിനുവേണ്ടി ഇടിച്ചുനിരത്തിയ കണക്കില്‍ പശ്ചിമബംഗാളിലെ ഹൈവേ വികസനവും ഉള്‍പ്പെടും. അവിടെ കുടിയിറക്കപ്പെട്ട നൂറുകണക്കിനാളുകളാണ്‌ സകലതും നഷ്ടപ്പെട്ട്‌ ജീവിക്കാന്‍വേണ്ടി കേരളത്തില്‍ കൂലിപ്പണിക്കെത്തുന്നത്‌. വികസനത്തിന്റെ പേരില്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ്‌ മാവോ വാദികള്‍ക്ക്‌ അവിടെ വേരുറപ്പിക്കാന്‍ അവസരമൊരുക്കിയത്‌. സിംഗൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷത്തിന്റെ വികസനനയങ്ങളുടെ രൗദ്രഭാവങ്ങളെ ലോകം കണ്ടു. ഒറീസയിലെയും ആന്ധ്രയിലെയും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും വികസനത്തിന്റെ ഇരകള്‍/ നഗരവല്‍ക്കരണത്തിന്റെ ഇരകള്‍ അക്രമത്തിന്റെ പാതയിലേക്ക്‌ വഴിമാറിക്കൊണ്ടിരിക്കുകയാണ്‌. രാഷ്ട്രീയക്കാര്‍ക്ക്‌ പകരം അവരെ സഹായിക്കുന്നത്‌ മാവോയിസ്‌റ്റുകളും നക്‌സലുകളുമാണെങ്കില്‍ ആരുടെ മേലാണ്‌ നമ്മള്‍ കുറ്റം ചാര്‍ത്തേണ്ടത്‌? രാഷ്ട്രത്തിന്റെ നട്ടെല്ല്‌ ജനങ്ങളാണെങ്കില്‍ ആ ജനങ്ങള്‍ക്കുവേണ്ടിയാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ രാഷ്ട്രീയക്കാര്‍ക്ക്‌ ബോധ്യമുണ്ടാവുകയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കുകയും വേണം. ഞെളിയന്‍പറമ്പ്‌ മുതല്‍ ചക്കുംകണ്ടം വരെയുള്ള മാലിന്യപ്രശ്‌നങ്ങളിലും രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ശരിയായ ദിശയിലല്ല. ജീവിതം മാലിന്യത്തില്‍ മുങ്ങുമ്പോള്‍ വെള്ളപ്പൊക്കംപോലുള്ള ദുരന്തങ്ങള്‍ വരുന്ന പോലെ ഒരു പ്രദേശത്തെ ഉളളവനും ഇല്ലാത്തവനുമെല്ലാം ഇരകളാകുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പാലിറ്റിയുടെ കൊള്ളരുതായ്‌മയാണ്‌ ഗുരുവായൂരിലെ മാലിന്യപ്രശ്‌നത്തെ രൂക്ഷമാക്കിയത്‌. മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണമെന്ന സാമാന്യനിയമത്തെ അട്ടിമറിച്ചുകൊണ്ടാണ്‌ ഗുരുവായൂര്‍ നഗരത്തിലെ മുന്നൂറോളം സ്ഥാപനങ്ങളില്‍നിന്ന്‌ മാലിന്യകൂമ്പാരം ചക്കുംകണ്ടം കായലിലേക്ക്‌ ഒഴുകുന്നത്‌. മാലിന്യമുണ്ടെങ്കില്‍ സംസ്‌കരണ പ്ലാന്റ്‌ ചക്കുംകണ്ടത്താവാം എന്നതാണ്‌ പദ്ധതി. എന്നാല്‍ നഗരത്തിന്റെ മലവും മൂത്രവും പേറാനുള്ളതല്ല തങ്ങളുടെ ഗ്രാമമെന്നാണ്‌ കുടിവെള്ളം മുട്ടിപ്പോയ ചക്കുംകണ്ടത്തുകാരുടെ വാദം. അവിടെയും രാഷ്‌ട്രീയഭേദമില്ലാതെ ജനങ്ങള്‍ തങ്ങളെ ബാധിക്കുന്ന പൊതുവികാരത്തിനുവേണ്ടി ഒന്നിക്കുന്നു. സ്ഥിരം പൊറാട്ടുനാടകങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്‌ മാലിന്യപ്രശ്‌നം പേറുന്ന പ്രദേശങ്ങളുടെ ദുരിതങ്ങളാണ്‌. പതിറ്റാണ്ടുകളുടെ സമരത്തിനൊടുവിലും അവര്‍ക്ക്‌ നീതി കിട്ടാതെയാവുന്നു. നിരവധി വേദനകള്‍ക്കൊടുവിലും കൊടുമയേറിയ മുറിവുകള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെ പോയാല്‍ നഗരവല്‍കരണത്തിന്റെ ഇരകളെ മനുഷ്യരെന്ന കണക്കെടുപ്പില്‍ നിന്നുപോലും അകറ്റുന്ന കാലം വിദൂരമല്ലെന്ന്‌ ചക്കംകണ്ടവും ഞെളിയന്‍പറമ്പും ലാലൂരുമെല്ലാം മനുഷ്യസ്‌നേഹികളെ ഭയപ്പെടുത്തുകയാണ്‌. രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ അരാഷ്ട്രീയവാദികളാവുന്നു എന്ന്‌ വിലപിച്ചിട്ട്‌ കാര്യമില്ല. പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരവും പരിഹാരം ലളിതവുമാണ്‌. എന്നാല്‍ പരിഹാരവും ഗുരുതരമാണ്‌ എന്ന മട്ടിലാണ്‌ പ്രചാരണം നടക്കുന്നത്‌. പരിഹാരം ഏതെങ്കിലും മാഫിയക്ക്‌ എതിരാവുമ്പോഴാണ്‌ ഗുരുതരമാകുന്നത്‌. തെരഞ്ഞെടുപ്പില്‍ പങ്കാളികളാവില്ല എന്ന ഇക്കൂട്ടരുടെ പ്രഖ്യാപനം അതിലേറെ അപകടം പിടിച്ചതാണ്‌. ജനാധിപത്യപ്രക്രിയയില്‍നിന്ന്‌ പുറംതിരിഞ്ഞുനിന്നാല്‍ പ്രശ്‌്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസം ശരിയല്ല. രാഷ്ട്രീയകക്ഷികളുടെയും ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കാതെ ഏതെങ്കിലും വിധത്തിലുള്ള പരിഹാരം സാധ്യമാകും എന്നു വിചാരിക്കുന്നത്‌ ജനാധിപത്യനിഷേധവും അബദ്ധവുമാണ്‌. ജനങ്ങള്‍ക്ക്‌ സര്‍വാധിപത്യമുള്ള ഒരു രാജ്യത്ത്‌ ചില കോക്കസുകളുടെയും മാഫിയകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ മേല്‍ക്കൈ ലഭിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ടത്‌ ജനാധിപത്യപ്രക്രിയയില്‍നിന്ന്‌ വിഭജിച്ചുനിന്നിട്ടല്ല. അതില്‍ പങ്കെടുത്തുകൊണ്ടാണ്‌. വോട്ട്‌ ബഹിഷ്‌കരണമെന്ന ഭീഷണി വരുന്നതോടെ രാഷ്ട്രീയക്കാര്‍ ആ ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കാത്ത അവസ്ഥ സംഭവിക്കുകയും പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളായി തന്നെ അവശേഷിക്കുകയും ചെയ്യും. വികസനത്തിന്റെ ഇരകള്‍ സാധാരണപൗരന്മാരുടെ കൂടെനിന്നുകൊണ്ടും അവരുടെ പിന്തുണ നേടിക്കൊണ്ടും സമരം തുടരുകയാണ്‌ വേണ്ടത്‌. ജീവിതത്തില്‍നിന്ന്‌ തങ്ങളെ അകറ്റുന്ന ശക്തികള്‍ക്കെതിരെ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ഉറവിടങ്ങളെ ഉപയോഗിച്ച്‌ പോരാടാന്‍ സാധിക്കണം. അതിനുമപ്പുറത്തുള്ള പിടച്ചിലുകള്‍ ഫലം ചെയ്യില്ലെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌. ജനാധിപത്യത്തില്‍നിന്ന്‌ വിട്ടുനില്‍ക്കുമ്പോള്‍ ജീവിതത്തില്‍നിന്നുതന്നെയാണ്‌ വിട്ടുനില്‍ക്കുന്നതെന്ന്‌ കരുതണം. വികസനത്തിന്റെ ഇരകള്‍ പുതിയ വഴികള്‍ തേടുകയാണ്‌. ഒരു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക്‌ യാതൊരു രൂപവും കിട്ടിയിട്ടില്ല. ആ രൂപം നിശ്ചയിച്ചുകൊടുക്കേണ്ടത്‌ മനുഷ്യസ്‌നേഹമുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെ ബാധ്യതയാണ്‌. പ്രതിരോധങ്ങള്‍ ജനാധിപത്യസഹജമാകുമ്പോള്‍ പരിഹാരത്തിലും ആ ഉദ്ദേശ്യശുദ്ധി പ്രതിഫലിക്കും.

Monday, July 12, 2010

ഒരു ദിവസം എത്രപേരെ കൊല്ലാം?...

ഒറ്റ വെട്ടിന്‌ പിളര്‍ത്താവുന്ന സാമുദായിക ഇഴയടുപ്പമല്ല കേരളത്തിന്റേത്‌. വെട്ടിയവനും വെട്ട്‌ കൊണ്ടവനും അതറിയാം. തൊടുപുഴയില്‍ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈ അറുത്തെടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെ വീണ്ടും നിന്ദിക്കുകയാണ്‌ അക്രമികള്‍ ചെയ്‌തത്‌. ഇസ്‌്‌ലാം ശുദ്ധമതമാണെന്നും അത്‌ ലോകസമാധാനം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും വിശ്വസിക്കുന്ന കോടിക്കണക്കിന്‌ മുസ്‌്‌ലിംകളുടെ ഹൃദയങ്ങളിലേക്കുകൂടിയാണ്‌ ഇസ്‌്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ ചിന്തുന്ന ചോരക്കറ പടരുന്നത്‌.
മതത്തെ പിന്നെയും പിന്നെയും മുറിവേല്‍പ്പിക്കാനാണ്‌ ഇറക്കുമതി ചെയ്‌ത ന്യായവാദങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള കേരളത്തിലെ തീവ്രവാദസ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴായി ശ്രമിച്ചുവരുന്നത്‌.ടി.ജെ ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനെ മാത്രമല്ല, പടച്ചവനെയും അധിക്ഷേപിക്കുന്നു. മതത്തില്‍ വിശ്വസിക്കുന്നവരെയും വിശ്വസിക്കാത്തവരെയും ഒരുപോലെ വേദനിപ്പിച്ച സംഭവം. ആത്മരോഷത്താല്‍ മതേതര ജനത പ്രതികരിച്ചതിന്റെ ഫലമായി അധ്യാപകനെതിരെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സ്വീകരിക്കാവുന്ന നടപടികളെല്ലാം ഉണ്ടായി. എന്നിട്ടരിശം തീരാഞ്ഞിട്ടാവാം ആയുധമെടുത്ത്‌ പെരുമാറിയതെന്ന്‌ ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത്‌ ശരിയല്ല. എത്രമേല്‍ അരിശപ്പെടാവുന്ന തെറ്റു ചെയ്‌തവനെയും നിയമത്തിനു വിട്ടുകൊടുക്കുന്നതാണ്‌ ജനാധിപത്യത്തിന്റെ ശരി. അതിനപ്പുറം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റ്‌. അങ്ങനെ ചെയ്യുന്നത്‌ നിയമപാലകരാണെങ്കിലും അവരെ വെറുതെ വിടാന്‍ പാടില്ലെന്നാണ്‌ പാലക്കാട്ടെ കസ്റ്റഡി മരണമടക്കമുള്ള സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്‌. മതവിശ്വാസത്തിനും പ്രബോധനത്തിനും പ്രചാരണത്തിനും വേണ്ടുവോളം സ്വാതന്ത്ര്യമുള്ള രാജ്യമാണെന്ന ധാരണയില്‍ അനുകൂലസാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്ന വിധ്വംസകശക്തികളാണ്‌ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള മണ്ണൊരുക്കുന്നത്‌. പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ ഇതാണു ലോകമെന്ന വികാരത്തില്‍ അടിപ്പെട്ട ഇക്കൂട്ടര്‍ ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ അളവിനെപ്പറ്റിയൊന്ന്‌ പഠിക്കണം. കണ്ണിലും കരളിലും മതഭ്രാന്തിന്റെ തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ കിട്ടിയ സ്വാതന്ത്ര്യത്തെ നിര്‍മാണത്തിനുവേണ്ടി ഉപയോഗിക്കാന്‍ അവര്‍ക്ക്‌ സാധിച്ചേക്കാം.
സാമുദായിക സൗഹാര്‍ദ്ദത്തിന്റെ വിളവെടുപ്പ്‌നിലമെന്നാണ്‌ കേരളത്തെ അഭിമാനത്തോടെ വിശേഷിപ്പിക്കാവുന്ന സാമൂഹ്യനിര്‍വചനം. ഇസ്‌്‌ലാമിന്റെ സംരക്ഷകര്‍ എന്ന കപടനാട്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടി പണിയെടുക്കുന്നു എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുന്നത്‌ ഇവിടെയാണ്‌. മുസ്‌്‌ലിം വിരുദ്ധശക്തികള്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഇസ്‌്‌ലാമില്‍ ആരോപിക്കാന്‍ ആഗ്രഹിക്കുന്ന കാടത്തത്തിന്റെ രീതിശാസ്‌ത്രത്തെ അവര്‍ക്കുവേണ്ടി ഭംഗിയായി അവതരിപ്പിച്ച്‌ വിജയിപ്പിക്കുക എന്ന ദൗത്യമാണ്‌ ഇസ്‌്‌ലാമിന്റെ പേരില്‍ ഏതാനും വര്‍ഷങ്ങളായി ഉയിര്‍ത്തുവന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചുപോരുന്നത്‌. വാര്‍ത്ത മുസ്‌്‌ലിം നാമധാരികള്‍ക്കെതിരാകുമ്പോള്‍ ഇസ്‌്‌ലാമിനെ ഒന്നടങ്കം കടിച്ചുകീറാനുള്ള ആര്‍ത്തിയോടെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും തെമ്മാടിത്തം കാട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതും ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളാണ്‌. ഇസ്‌്‌ലാമിക വിരുദ്ധശക്തികളില്‍നിന്ന്‌ അച്ചാരം വാങ്ങിയിട്ടെന്ന പോലെ ആത്മാര്‍ത്ഥമായും ആസൂത്രിതമായും ഇവര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നു.
ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത അവിശ്വാസികളോട്‌ പുഞ്ചിരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുമാണ്‌ പ്രവാചകന്‍ ചെയ്‌തത്‌. തന്നെ വധിക്കാന്‍ വാളൂരിയവന്‌ മാപ്പ്‌ കൊടുത്തതും ഇതേ പ്രവാചകന്‍. വിട്ടുവീഴ്‌ചയാണ്‌ വിജയമെന്ന്‌ തിരുനബി ലോകത്തെ പഠിപ്പിച്ചു. നടന്നുപോകുമ്പോള്‍ ചപ്പുചവറുകള്‍ ദേഹത്തേക്ക്‌ വലിച്ചെറിയുന്ന പെണ്‍കുട്ടി അസുഖബാധിതയായപ്പോള്‍ അവളെ സന്ദര്‍ശിച്ച്‌ രോഗശമനത്തിനായി പ്രാര്‍ത്ഥിച്ച പ്രവാചകന്‍, വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്‌്‌നു വഹബിനും അയാളെ നിയോഗിച്ച സ്വഫാനുബ്‌്‌നു ഉമയ്യക്കും മാപ്പു നല്‍കി വിട്ടയച്ച കാരുണ്യദൂതന്‍, മക്കാവിജയാനന്തരം തനിക്കുമുന്നില്‍ പ്രതികാരം ഭയന്ന്‌ നില്‍ക്കുന്നവരോട്‌ ` ഇന്ന്‌ നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല, നിങ്ങള്‍ക്ക്‌ പോകാം. നിങ്ങള്‍ സ്വതന്ത്രരാണ്‌ എന്നു വിസ്‌മയിപ്പിച്ച ഭരണാധികാരി, ജൂതന്റെ മൃതദേഹത്തോടും എഴുന്നേറ്റ്‌ നിന്ന്‌ ആദരവു പ്രകടിപ്പിച്ച മനുഷ്യസ്‌നേഹി... പ്രവാചകന്റെ മധുരപ്രതികാരങ്ങള്‍ക്ക്‌ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഉദാഹരണങ്ങളുണ്ട്‌. പ്രതിക്രിയയില്‍ പരിഹാരമുണ്ടെന്ന സാന്ദര്‍ഭികവ്യാഖ്യാനത്തെ അടര്‍ത്തിയെടുത്ത്‌ വാളെടുക്കാന്‍ ന്യായം രചിക്കുന്നവര്‍ കാണാതെപോകുന്ന ചരിത്രമാണിത്‌. ഈ വിവരംകെട്ടവരുടെ കത്തിമുനയില്‍നിന്ന്‌ പ്രവാചകനെയും മതത്തെയും മോചിപ്പിക്കാനുള്ള ശ്രമത്തിന്‌ പണ്ഡിതന്മാര്‍ മുന്‍കൈയെടുക്കണം. ഇവരെ ന്യായീകരിക്കാനായി ഐക്യവേദിയുമായി രംഗത്തിറങ്ങുന്നവര്‍ അപകടപ്പെടുത്തുന്നത്‌ ഇസ്‌്‌ലാമിന്റെ പാരമ്പര്യത്തെയാണ്‌. മൗനത്തിന്റെ വാല്‍മീകത്തില്‍നിന്ന്‌ പണ്ഡിതപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നാല്‍ കേരളത്തിന്റെ ഇടനെഞ്ചിലേക്ക്‌ ഈ തീവ്രവാദികള്‍ കൊത്തിത്തരുന്നത്‌ കാലത്തിനും മായ്‌ക്കാനാവാത്ത മുറിവുകളാവും. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ഒറ്റക്കെട്ടായി ചെറുത്ത പാരമ്പര്യമുള്ള മണ്ണാണിത്‌. ആ പൈതൃകത്തെ പൊന്നുപോലെ കാക്കാന്‍ ന്യൂനപക്ഷത്തിനും ബാധ്യതയുണ്ട്‌. മുഹമ്മദ്‌ എന്ന പേരുവെച്ച്‌ മോഷണത്തിനും ബലാത്സംഗത്തിനും കൊലപാതകത്തിനും പിടിക്കപ്പെടുന്നവര്‍ അപമാനിക്കുന്ന ഇസ്‌്‌ലാമിനെയോര്‍ത്ത്‌ ഇവിടെയാര്‍ക്കും വികാരം വ്രണപ്പെടാറില്ല. അവരെ കൊല്ലാനോ കൈ വെട്ടാനോ ആരും പോകാറില്ല.താലിബാന്‍ മോഡല്‍ നടപ്പാക്കാനിറങ്ങുന്നവര്‍ ആര്‍ക്കും പതിച്ചുനല്‍കിയിട്ടില്ലാത്ത സ്വന്തം മനസ്സാക്ഷിയോട്‌ ഇത്തിരിനേരം സംസാരിക്കുന്നത്‌ നന്നായിരിക്കും. സ്വന്തം സമുദായത്തിലുള്ളവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ ന്യായീകരിക്കേണ്ട ഒരു ബാധ്യതയും മുസ്‌്‌ലിമിനില്ലെന്ന്‌ തെറ്റു ചെയ്‌തിട്ട്‌ പിന്നീട്‌ വിലപിക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്‌. പ്രവാചകന്‍ ലോകത്തിന്‌ പഠിപ്പിച്ച ജീവിതവ്യവസ്ഥയുടെ, ഉറച്ച നിലപാടുകളുടെ കൈകളാണ്‌ അധ്യാപകനെ വെട്ടിയവര്‍ മുറിച്ചുമാറ്റാനോങ്ങിയത്‌.ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നിട്ടേ ഇല്ല എന്ന ഗവേഷണപുസ്‌തകവുമായി രംഗത്തുവന്നവരും ബ്ലോഗുകളിലൂടെയും മറ്റും പ്രവാചകനെയും ഇസ്‌ലാമിനെയും നിരന്തരം അവഹേളിക്കുന്നവരും കേരളത്തിലുണ്ട്‌. ഇങ്ങനെയുള്ളവരെ കൊല്ലാനിറങ്ങിയാല്‍ ഒരു ദിവസം ശരാശരി എത്രപേരെ കൊല്ലേണ്ടിവരും? യുക്തിവാദികളും നിരീശ്വരവാദികളും ദൈവത്തിന്റെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്നു. ഏകദൈവത്തിലും ത്രിത്വത്തിലും കോടിക്കണക്കിന്‌ ദൈവങ്ങളിലും വിശ്വസിക്കുന്നവര്‍ ഇന്ത്യയിലുണ്ട്‌. ഇവരെല്ലാം പരസ്‌പരം കായികമായി നേരിടാനൊരുങ്ങിയാല്‍ ഈ രാജ്യത്തിന്റെ അവസ്ഥയെന്താകും? ബഹുസ്വരതയോട്‌ സഹിഷ്‌ണുതയോടെ പെരുമാറുമ്പോഴാണ്‌ വിശ്വാസത്തെയും രാജ്യത്തെയും സ്‌നേഹിക്കാനാവുക.
നമുക്ക്‌ വേണ്ടത്‌ വെട്ടിമുറിക്കാനുള്ള കോടാലികളല്ല. തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലുമാണ്‌. നശിപ്പിക്കാന്‍ എളുപ്പമാണ്‌. നിര്‍മാണമാണ്‌ പ്രയാസം. പുതിയ തലമുറ ഒന്നും നിര്‍മ്മിക്കേണ്ട. കാരണവന്മാര്‍ സൂക്ഷിക്കാനേല്‍പിച്ച സൗഹൃദത്തിന്റെ കണ്ണുകള്‍ ഉള്ളിടങ്ങളില്‍ പരിക്കുപറ്റാതെ കാത്തുവെച്ചാല്‍മതി. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തന്റെ മതവിചാരമെന്ന ബോധമുണ്ടായാല്‍മതി. പ്രയോഗത്തിലും പ്രചാരത്തിലും മതവികാരം എന്ന വാക്ക്‌ മതവിചാരം എന്നാക്കി മാറ്റണം. വികാരങ്ങള്‍ വ്രണപ്പെടുക എളുപ്പമാണ്‌. വിചാരമാണ്‌ വേണ്ടത്‌. വിചാരം വിവേകത്തിന്‌ വഴിമാറുമ്പോള്‍ വികാരം അവിവേകങ്ങള്‍ക്കാണ്‌ വഴിമരുന്ന്‌ പാകുന്നത്‌. തനിക്കുള്ള അതേ വികാരം മറ്റു മതവിശ്വാസികള്‍ക്കുമുണ്ട്‌ എന്ന ബോധവും നല്ലതാണ്‌.അമിതമായി വികാരം കൊള്ളേണ്ടിവരുമ്പോള്‍ നില്‍ക്കുന്ന തറയുടെ ചരിത്രമെന്താണെന്നും ജനിപ്പിച്ച തലമുറയുടെ നിലനില്‍പ്പുകളുടെ ആധാരമെന്താണെന്നും പഠിക്കാനുള്ള ഉള്‍ക്കരുത്ത്‌ കാണിക്കണം. ഏതാനും വൃത്തികെട്ട ചെറുപ്പക്കാരുടെ പിച്ചാത്തി കണ്ടാല്‍ ചോര്‍ന്നുപോകാനുള്ളതല്ല പിന്‍തലമുറ പകര്‍ന്ന അതിജീവനത്തിന്റെ ഊര്‍ജ്ജമെന്ന ബോധ്യം നമ്മെ കൂടുതല്‍ കരുതലുള്ളവരാക്കും.