Thursday, September 18, 2008

സമരജ; സമരച്ചൂളയില്‍ അവള്‍ ജനിച്ചു

പാറയിടുക്കില്‍ നിന്ന്‌ കിനിഞ്ഞ്‌ വരുന്ന വെള്ളം ഒരു കുഴിയില്‍ ശേഖരിച്ച്‌ ഉപയോഗിക്കുന്നതാണ്‌ നാലാം കൗണ്ടറിലെ ആളുകളുടെ കുടിവെള്ളം. പാചകത്തിനും മറ്റുമായി ഉപയോഗിക്കുന്നതും ഇതുതന്നെ. കുടിലുകളില്‍ നിന്ന്‌ തേയില വെള്ളം കുടിച്ചിട്ട്‌ പോകാമെന്ന ക്ഷണമുണ്ടായി. തേയില വെള്ളവും ബീഡിയുമാണ്‌ വിശപ്പകറ്റാനുള്ള മരുന്നുകളായി ഇവര്‍ ഉപയോഗിക്കുന്നത്‌. " വല്ലാതെ വിശക്കുമ്പോള്‍ ദേ, ഇതൊരെണ്ണം പിടിച്ച്‌ ഇങ്ങനെ ആഞ്ഞു വലിക്കും. പിന്നെ വിശപ്പൊക്കെ പമ്പ കടക്കും". ബീഡിപ്പുക വലിച്ചെടുത്ത്‌ സൈനുദ്ദീന്‍ പറഞ്ഞു. വാര്‍ദ്ധക്യം ബാധിച്ചവരും ചെറുപ്പക്കാരില്‍ ചിലരും ബീഡി വലിക്കുന്നവരാണ്‌. വിശപ്പിന്റെ വിളി വയറെരിക്കുമ്പോള്‍ അവര്‍ ബിഡിപ്പുകയില്‍ അഭയം തേടുന്നു. തൊഴിലാളി മാര്‍ച്ചിനോടനുബന്ധിച്ച്‌ ഉപരോധം ശക്തമാക്കിയതിനാല്‍ ഇനി ഈ ആശ്വാസവും നഷ്ടമാകുമോ എന്ന ആശങ്കയിലാണിവര്‍. സമരഭൂമിയിലെത്തുന്നതിനു മുമ്പ്‌ വിവിധ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നവരാണ്‌ സമരഭൂമിയിലെ മിക്കവരും. ആ സംഘടനകളുടെ പോസ്‌റ്ററൊട്ടിക്കാനും അവര്‍ക്കു വേണ്ടി വോട്ട്‌ പിടിക്കാനും വോട്ട്‌ ചെയ്യാനും ഇവര്‍ പോയിരുന്നു. എന്നാല്‍ സമരഭൂമിയിലെത്തിയതിനു ശേഷമാണ്‌ ഇത്തരം രാഷ്ട്രീയ കക്ഷികള്‍ തങ്ങളോടു ചെയ്‌തു വന്ന ചതിയുടെ ആഴം ഇവര്‍ മനസ്സിലാക്കിയത്‌. ഭൂ ജന്മിമാരെയും സമ്പന്ന വര്‍ഗ്ഗത്തെയും തൃപ്‌തിപ്പെടുത്തി പ്രവര്‍ത്തന ഫണ്ട്‌ കൈപ്പറ്റാനായി പണിയെടുക്കുന്നവരാണ്‌ കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുമെന്ന്‌ തിരിച്ചറിഞ്ഞു കഴിഞ്ഞതായി ഇവര്‍ പറയുന്നു. ഇപ്പോള്‍ ഏതാണ്‌ നിങ്ങളുടെ രാഷ്ട്രീയ വീക്ഷണമെന്ന ചോദ്യത്തിന്‌ സെലീന മറുപടി പറഞ്ഞു: ഈ ദുരിതകാലത്ത്‌ ഞങ്ങളെ സഹായിക്കുന്നവരാരോ അവരുടെ രാഷ്ട്രീയം തന്നെയാണ്‌ ഇനി മുതല്‍ ഞങ്ങളുടേതും.ഉപരിപ്ലവമായ മുതലെടുപ്പ്‌ ഗിമ്മിക്കുകള്‍ നടത്തി ഒരു വലിയ ജനവിഭാഗത്തെ വഞ്ചിക്കാമെന്ന ധാരണയില്‍ കഴിയുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണിത്‌. സമരനായകന്‍ ളാഹ ഗോപാലന്‍ ഇങ്ങനെ പറയുന്നു: ഇത്‌ ഞാന്‍ തുടങ്ങിയ സമരമല്ല. നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മഹാത്മാ അയ്യങ്കാളി തുടങ്ങിവെച്ച സമരമാണ്‌. മനുഷ്യോചിതമായ ഒരു ജീവിതം സൃഷ്ടിച്ചെടുക്കാനാവാതെ തലമുറകളായി കേരളീയ ജീവിതത്തിന്റെ ഓരങ്ങളില്‍ വീര്‍പ്പടക്കിക്കഴിയുന്നവന്റെ രണ്ടും കല്‍പ്പിച്ചുള്ള കുതിപ്പ്‌. ഇവിടെ തളര്‍ച്ചയോ കീഴടങ്ങലോ ഇല്ല. പരാജയം അസാദ്ധ്യം. ഈ സമരത്തില്‍ വീണു മരിച്ചാലും അത്‌ വിജയമാണ്‌. പട്ടികജാതിക്കാരന്റെ ഇന്നത്തെ ജീവിതത്തേക്കാള്‍ എന്തുകൊണ്ടും ശ്രേഷ്‌ഠമാണത്‌. ഇത്തിരി വെള്ളത്തില്‍ ഒത്തിരി പാത്രങ്ങള്‍ കഴുകുന്ന സ്‌ത്രീ ഞങ്ങളെ നോക്കി ചിരിച്ചു. അഞ്ചാം കൗണ്ടറിലേക്ക്‌ നടക്കുകയായിരുന്നു ഞങ്ങള്‍. അവിടെ ഒരു അക്ഷരക്കളരിയുണ്ട്‌. കുമാരഗുരു നഗര്‍ എന്നു പേരിട്ടിരിക്കുന്ന ഇവിടെ കുട്ടികളെ പഠിപ്പിച്ചിരുന്നത്‌ സമരാംഗങ്ങള്‍ തന്നെയായിരുന്നു. ഉപരോധം തുടങ്ങിയതില്‍പ്പിന്നെ ഓരോ ദിവസവും ഭീതി മുറ്റിയ ദിവസങ്ങളായതിനാല്‍ ഇവിടെ പഠനം നിര്‍ത്തി വെച്ചിരിക്കുകയാണ്‌. അടുത്ത ദിവസം എന്തു സംഭവിക്കുമെന്നറിയാതെ അരക്ഷിതാവസ്ഥയില്‍ കഴിയുന്നവര്‍ എങ്ങനെയാണ്‌ കുട്ടികളെ പഠിപ്പിക്കുക..?. നിരവധി കുട്ടികളാണ്‌ ഇവിടെ അക്ഷരമധുരം നുണയാനെത്തിയിരുന്നത്‌ എന്ന്‌ സെലീന പറഞ്ഞു. ഇപ്പോള്‍ അവരെല്ലാം പട്ടിണിയിലും പേടിയിലുമാണ്‌. ഓരോ ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. കുട്ടികളുടെ കലപിലയില്ലാതെ വിജനമായ ആ പാഠശാല കണ്ടപ്പോള്‍ സങ്കടം തോന്നി. ലോകത്തെ ഏറ്റവും മുന്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ ലക്ഷങ്ങള്‍ മുടക്കി മക്കളെ പറഞ്ഞയക്കുന്ന നേതാക്കളുടെ പാര്‍ട്ടി കുട്ടികളുടെ മൗലികാവകാശമായ പഠനം ഇല്ലാതാക്കിയ കാപാലികരെപ്പറ്റി അറിയുന്നില്ല.റബ്ബര്‍ മരങ്ങളില്‍ തൂക്കുകയറുകള്‍ ആടിക്കിടക്കുന്നു. പോലീസോ ഗുണ്ടകളോ ആക്രമിക്കാന്‍ സമരഭൂമിയിലേക്ക്‌ പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യാനായി ഇവിടെ ഓരോരുത്തരും മത്സരമാണെന്ന്‌ സെലീന പറഞ്ഞു. പകരം വെക്കാനില്ലാത്ത ഈ ആത്മധൈര്യത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുമെന്നു തന്നെയാണ്‌ സമരക്കാരുടെ വിശ്വാസം. കഴിഞ്ഞ ഒരു വര്‍ഷത്തെ ജീവിതത്തിനിടയില്‍ 4 സ്വാഭാവിക മരണങ്ങളും ഒരു ജനനവും സമരഭൂമിയില്‍ നടന്നു. പത്തനാപുരം സ്വദേശിനിയായ രമയാണ്‌ സമരഭൂമിയില്‍ പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. പുറത്ത്‌ പ്രതിസമരക്കാര്‍ തിളച്ചുമറിയുന്ന സമരച്ചൂളയിലേക്കായിരുന്നു അവളുടെ ജന്മം. വാര്‍ഷികാചരണവേദിയില്‍ വെച്ച്‌ ഡോ.ഡി. സുരേന്ദ്രനാഥ്‌ കുഞ്ഞിന്‌ സമരജ ദ്രാവിഡ്‌ എന്നു പേരിട്ടു. ഞങ്ങള്‍ രമയുടെ കുടിലിലെത്തുമ്പോള്‍ ഭര്‍ത്താവ്‌ സുരേഷും മൂത്ത കുഞ്ഞും കൂടെയുണ്ടായിരുന്നു. ഈ മണ്‍തറയില്‍ പൊടിക്കുഞ്ഞുമായി രമ എങ്ങനെ കഴിയുന്നുവെന്നത്‌ അത്ഭുതമാണ്‌. സമരഭൂമിയിലെ വീരോചിതമായ ജീവിതത്തിന്‌ രമയെ അഭിനന്ദിക്കാതെ വയ്യ. നേരത്തെ പ്രധാനകവാടത്തിനടുത്ത്‌ ഇവര്‍ക്കൊരു വായനാപ്പന്തലുണ്ടായിരുന്നു. ഉപരോധം തുടങ്ങിയ ശേഷം പുറത്തെ വിവരങ്ങലറിയാന്‍ പത്രങ്ങള്‍ പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്‌. ചുറ്റും ക്ഷോഭിക്കുന്ന കടലുള്ള ഒറ്റപ്പെട്ട ദ്വീപില്‍ അകപ്പെട്ടവരുടെ അവസ്ഥയാണ്‌ സമരഭൂമിയിലുള്ളവര്‍ക്കെന്ന്‌ ഞങ്ങളോടൊപ്പം വന്ന രവി പറയുന്നു. അടുത്ത കുടിലിലെ ആളോട്‌ കൂട്ടത്തിലൊരാള്‍ കഞ്ഞിയുണ്ടോ എന്നന്വേഷിച്ചു. ഇല്ലെന്നായിരുന്നു മറുപടി. " ഓഗസ്‌റ്റ്‌ മൂന്ന്‌ വരെ ചോറുണ്ടോ എന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്‌. ഇപ്പോള്‍ കഞ്ഞിയായി. ഇനി ആ പറച്ചിലും നില്‍ക്കാനാണു സാധ്യത." ചിരിച്ചു കൊണ്ടാണെങ്കിലും വേദനയോടെയാണ്‌ രവി പറഞ്ഞത്‌. ളാഹ ഗോപാലനും സംഘത്തിനും വിദേശപ്പണം ലഭിക്കുന്നുണ്ടെന്ന്‌ ആരോപിക്കുന്നവര്‍ ചെങ്ങറ കാണാത്തവരാണ്‌. പത്തനം തിട്ടയിലെ സാധുജന വിമോചന സമിതിയുടെ ഓഫീസ്‌ കാണാത്തവരാണ്‌. സമരഭൂമിയിലേക്ക്‌ വരുന്നതിനു മുമ്പ്‌ അവിടെ ഞങ്ങള്‍ പോയിരുന്നു. ഷീറ്റ്‌ മേഞ്ഞ വാടക മുറി. അംബേദ്‌കറുടെയും അയ്യങ്കാളിയുടെയും വലിയ ചിത്രങ്ങള്‍. ഇളകുന്ന കട്ടില്‍. പഴയ അലമാരയില്‍ നിറയെ കേസുകളുടെ ഫയലുകള്‍. പൊട്ടിപ്പൊളിഞ്ഞ നിലം. 31-10-2001നും 18-05-2005നും 23 ഇന ആവശ്യങ്ങളുമായി സാധുജനവിമോചന സംയുക്തവേദി സര്‍ക്കാറിനു സമര്‍പ്പിച്ച അവകാശപത്രിക എഴുതി വെച്ച ബോര്‍ഡ്‌. പിന്നെ മേശമേല്‍ ആരോ പാതി കുടിച്ചു വെച്ച കഞ്ഞി. ഇത്രയും സൗകര്യങ്ങളുള്ള ഒരു ഓഫീസിലിരുന്ന്‌ ഇത്രയധികം ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്നത്‌ തന്നെ സംഘടനയുടെ ആത്മബലത്തിന്റെ തെളിവാണ്‌. വിദേശപ്പണം വാരുന്നയാളാണ്‌ ളാഹയെങ്കില്‍ അദ്ദേഹത്തിന്‌ നല്ലൊരു ഓഫീസെങ്കിലും ഉണ്ടാക്കാമായിരുന്നു.

Wednesday, September 10, 2008

പട്ടിണിപ്പാവങ്ങളോട്‌ ഭരണകൂടത്തിന്റെ കൊലച്ചതി


ഒരു രാത്രി മുഴുവന്‍ കൊടുങ്കാട്ടില്‍ കഴിച്ചുകൂട്ടേണ്ടി വന്ന ദുരവസ്ഥ വിവരിക്കുകയായിരുന്നു തങ്കപ്പന്‍. ആനകളും പന്നികളും വിഹരിക്കുന്ന കാട്ടിലേക്ക്‌ സി.പി.എമ്മുകാര്‍ ഇദ്ദേഹത്തെ ഓടിച്ചു കയറ്റുകയായിരുന്നു. പുറത്തേക്കിറങ്ങിയാല്‍ അവര്‍ തന്നെ കൊന്നുകളയുമെന്ന ഭീതിയില്‍ പുലര്‍ച്ചെ മൂന്നു മണി വരെ അയാള്‍ കാട്ടില്‍ തന്നെ കഴിഞ്ഞു. തിരിച്ച്‌ സമരഭൂമിയിലെത്തിയപ്പോള്‍ മാത്രമാണ്‌ തന്റെ ശ്വാസം നേരെ വീണതെന്ന്‌ ഇയാള്‍ പറയുന്നു. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചിട്ടും അക്രമത്തിന്റെ അനക്കം പോലും സമരാംഗങ്ങളുടെ ഭാഗത്തു നിന്ന്‌ ഇതുവരെ ഉണ്ടായിട്ടില്ല. ഭരണകൂടവും രാഷ്ട്രീയക്കാരും പലതവണ ചതിച്ചിട്ടും പ്രതീക്ഷ കൈവിടാതെയുള്ള സമരമാണിതെന്ന്‌ അവര്‍ പറയുന്നു. മോഹന വാഗ്‌ദാനങ്ങളുടെ തണുപ്പില്‍ മയങ്ങിക്കിടക്കാന്‍ ഇനി തങ്ങളെ കിട്ടില്ലെന്ന്‌ പ്രഖ്യാപിക്കുക കൂടിയാണ്‌ സാധുജനസംയുക്ത വേദിയുടെ സമരം. പദ്ധതികളും പരിപാടികളും ഒരുപാടു സംഭവിച്ചിട്ടും പട്ടിണിപ്പാവങ്ങള്‍ അതേ അവസ്ഥയില്‍ നില്‍ക്കുന്നതിന്റെ കാരണമെന്താണെന്നു പഠിക്കാന്‍ ഇന്നേ വരെ കാര്യമായ ശ്രമങ്ങളൊന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ല. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാധുജന സംയുക്തവേദിക്ക്‌ 2007 ഓഗസ്‌റ്റ്‌ 21ന്‌ നല്‍കിയ ഉറപ്പിന്റെ കോപ്പി അവര്‍ ഞങ്ങളെ കാണിച്ചു. സാധുജന വിമോചന സംയുക്തവേദിയുടെ കൊടുമണ്‍ ചന്ദനപ്പള്ളി എസ്റ്റേറ്റ്‌ കയ്യേറ്റം സംബന്ധിച്ച്‌ എന്ന്‌ വിഷയവും 15.07.2007ലെ നിവേദനമെന്ന സൂചകവും നല്‍കി ഇനിപ്പറയുന്ന രീതിയിലാണ്‌ സര്‍ക്കാര്‍ ഇവര്‍ക്ക്‌ ഭൂമിക്കു മേല്‍ ഉറപ്പ്‌ നല്‍കിയത്‌: സൂചനയിലേക്ക്‌ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. റാന്നി താലൂക്കില്‍ കൊല്ലമുള വില്ലേജില്‍ സര്‍വ്വേ നമ്പര്‍. 780/1ല്‍ 256.13 ഏക്കര്‍ ഭൂമി പതിച്ച്‌ നല്‍കുന്നതിന്‌ പത്തനംതിട്ട ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കുന്നതാണെന്നുള്ള വിവരം അറിയിക്കുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ജോയിന്റ്‌ സെക്രട്ടറി കെ.കെ ശശിധരന്‍ നായരാണ്‌ സര്‍ക്കാറിന്റെ ഈ ഉറപ്പ്‌ സമരക്കാര്‍ക്ക്‌ നല്‍കിയത്‌. എന്നാല്‍ ഈ വാഗ്‌ദാനത്തിന്റെ നഗ്നമായ ലംഘനമാണ്‌ സര്‍ക്കാര്‍ പിന്നീടു നടത്തിയത്‌. ഭൂസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയോ അല്ലെങ്കില്‍ മോഹനവാഗ്‌ദാനങ്ങള്‍ നല്‍കി വ്യാമോഹിപ്പിച്ച്‌ തളര്‍ത്തുകയോ ചെയ്യുന്ന രീതിയാണ്‌ കാലങ്ങളായി ഭരണകൂടങ്ങള്‍ പിന്തുടരുന്നത്‌. ചെങ്ങറ ഭൂസമരത്തെ അടിച്ചമര്‍ത്താന്‍ ഈ രണ്ടു രീതിയിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌ എന്നുവേണം കരുതാന്‍. സര്‍ക്കാറിന്റെ ഉറപ്പ്‌ പ്രതീക്ഷിച്ച്‌ ഭൂമി ലഭിക്കുമെന്ന മിഥ്യാധാരണയില്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ സമരം എപ്പോഴോ പരാജയപ്പെട്ടു പോകുമായിരുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ ഇത്തരം മാജിക്കുകള്‍ തങ്ങള്‍ ഏറെ കണ്ടവരാണെന്നും അതില്‍ കഴമ്പില്ലെന്ന്‌ കാലം തെളിയിച്ചിട്ടുണ്ടെന്നുമുള്ള ഭാവത്തിലാണ്‌ ചെങ്ങറ ഭൂസമരം പുതിയ തലങ്ങളിലേക്ക്‌ ഉയിര്‍ത്തു വന്നത്‌. 1940കളില്‍ ഒരുപക്ഷേ ഇന്ത്യയാകെ വ്യാപിക്കുമായിരുന്ന തെലുങ്കാന സമരം അടക്കമുള്ള ഭൂസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയതോടൊപ്പം ഇന്ത്യയിലെ ഭൂസമരങ്ങളെ നിര്‍വീര്യമാക്കാന്‍ മുതലാളിത്ത- ഭരണ വര്‍ഗ്ഗത്തിന്റെ വ്യാപകമായ ശ്രമങ്ങളുണ്ടായിരുന്നു. വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനം മോഹനവാഗ്‌ദാനത്തിലൂടെ സമരങ്ങളെ നിര്‍വീര്യമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നാണ്‌ ചെങ്ങറ ഭൂസമരസമിതി വിശ്വസിക്കുന്നത്‌. തിരുവിതാംകൂര്‍ മഹാരാജാവ്‌ കരമൊഴിവായി മഠത്തിനു നല്‍കിയ ഭൂമി പാട്ടത്തിനെടുത്ത എച്ച്‌ ആന്റ്‌ സി കമ്പനി പിന്നീട്‌ ഹാരിസണ്‍സ്‌ മലയാളമായി (എച്ച്‌.എം.എല്‍) ആര്‍.പി ഗോയങ്കയുടെ ഉടമസ്ഥതയിലെത്തി എന്നതാണ്‌ ചരിത്രമെന്നും പാട്ടത്തുക പോലും അടയ്‌ക്കാത്ത ഈ ഭൂമി ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വീതിച്ചു നല്‍കാനുള്ള ആര്‍ജ്ജവം അച്യുതാനന്ദന്‍ സര്‍ക്കാര്‍ കാണിക്കണമെന്നുമാണ്‌ സമരസമിതി ഉന്നയിക്കുന്ന ആവശ്യം. ഹാരിസണ്‍സ്‌ 500 കോടിയിലധികം പാട്ടത്തുക കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അനധികൃതമായി ഒട്ടേറെ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മാത്രവുമല്ല ഇപ്പോള്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നത്‌ പാട്ടക്കാലാവധി കഴിഞ്ഞ്‌ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട സ്ഥലങ്ങളിലാണെന്നും ഇവര്‍ പറയുന്നു. ഹാരിസണ്‍സ്‌ അനധികൃതമായി വനഭൂമി കയ്യേറി തോട്ടമുണ്ടാക്കിയ സ്ഥലത്താണ്‌ തങ്ങളും കിടപ്പാടം വേണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്നതെന്നാണ്‌ സമരസമിതിയുടെ ന്യായം. ചെങ്ങറ ഭൂസമരം നടത്തുന്നവര്‍ക്ക്‌ ഹാരിസണ്‍സിന്റെ തോട്ടത്തില്‍ തന്നെ ഭൂമി വേണമെന്ന്‌ നിര്‍ബന്ധമില്ല. കേരളത്തില്‍ എവിടെ ഭൂമി നല്‍കിയാലും ഇവര്‍ സ്വീകരിക്കാന്‍ തയ്യാറാണ്‌. 1957ലെ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ കൊണ്ടുവന്നതും ഏറെ മാറ്റങ്ങളോടെ 70കളില്‍ അച്യുതമോനോന്‍ സര്‍ക്കാര്‍ പാസ്സാക്കിയതുമായ ഭൂപരിഷ്‌കരണനിയമങ്ങള്‍ അടിസ്ഥാനവര്‍ഗ്ഗത്തെ സഹായിച്ചിട്ടില്ല എന്നാണ്‌ ചെങ്ങറ നല്‍കുന്ന സൂചന. ബ്രിട്ടീഷുകാരന്റെ കാലത്ത്‌ രൂപപ്പെടുത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമം (1894) തന്നെയാണ്‌ ഭേദഗതികളില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത്‌ എന്ന കാര്യം മാത്രം മതി വിവിധ സര്‍ക്കാറുകള്‍ ഇക്കാര്യത്തോട്‌ സ്വീകരിച്ച സമീപനത്തിന്റെ ആഴമളക്കാന്‍. വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കല്‍ കേരളീയനെ പഠിപ്പിച്ചതാണ്‌. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്‌ കണക്ടിവിറ്റിക്കായി കുടിയിറക്കപ്പെട്ട മൂലമ്പള്ളി നിവാസികള്‍ക്ക്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും വാസയോഗ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാറിനായില്ല എന്നത്‌ നമ്മുടെ പുനരധിവാസ പദ്ധതികളുടെ പരിഹാസ്യതയെ വിളിച്ചോതുന്നു. ചെങ്ങറ സമരഭൂമിയിലുള്ളവരെ പട്ടിണിക്കിട്ട്‌ തോല്‍പ്പിക്കാനാവില്ലെന്ന്‌ തിരിച്ചറിഞ്ഞ ഭരണകൂടം ചില എന്‍.ജി.ഒകളെ ഇടനിലക്കാരാക്കി സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ്‌. എന്നാല്‍ അണിയറയില്‍ അരങ്ങേറുന്ന ഈ ഗൂഢാലോചന ഹാരിണ്‍സിനെ തൃപ്‌തിപ്പെടുത്താനുള്ളതാണെന്ന്‌ സംശയിക്കുന്നതായി ഭൂസമരസമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ എം.കെ കൃഷ്‌ണന്‍കുട്ടി പറയുന്നു. ആദ്യം പോലീസിനെയും പിന്നീട്‌ ട്രേഡ്‌ യൂണിയനുകളെയും ഉപയോഗിച്ച്‌ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഹാരിസണെ രക്ഷപ്പെടുത്താനാണ്‌ ഒത്തുതീര്‍പ്പ്‌ നാടകത്തിനൊരുങ്ങുന്നതെന്നാണ്‌ അദ്ദേഹം പറയുന്നു. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്‌ എന്ന മുദ്രാവാക്യത്തെ അട്ടിമറിക്കാനാണ്‌ സി.പി.എം പട്ടികജാതി കണ്‍വെന്‍ഷനടക്കം വിളിച്ചു ചേര്‍ത്തത്‌ എന്ന്‌ അദ്ദേഹം ആരോപിക്കുന്നു. ആര്‍ജ്ജവവും അടിസ്ഥാവുമുള്ള ഒരു സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാവില്ലെന്ന്‌ ചെങ്ങറയിലെ ഓരോരുത്തരുടെയും ഉള്ളിലുള്ള വിശ്വാസം വിളിച്ചു പറയുമ്പോഴും കേരളം ഭീതിയിലാണ്‌. ഏതു നിമിഷവും ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിക്കുളളില്‍ കിടന്ന്‌ ചെങ്ങറ സമരഭൂമി പിടയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കമ്യൂണിസ്റ്റ്‌ ഫാഷിസത്തിന്റെ ഇരുമ്പു മറ


മഴ തോര്‍ന്നു. സമയം എട്ടുമണിയായി. പതിവു പ്രാര്‍ത്ഥനക്കായി കൗണ്ടറിലേക്ക്‌ ആളുകള്‍ എത്തിത്തുടങ്ങി. ദുരിതക്കയത്തില്‍ മുങ്ങിനിവരാനാവാതെ പിടയുമ്പോഴും തങ്ങള്‍ക്ക്‌ ആകെയുള്ള ആശ്വാസം ഈ പ്രാര്‍ത്ഥനയാണെന്ന്‌ ഗൗരിക്കുട്ടി പറയുന്നു. അംബേദ്‌കറുടെയും അയ്യങ്കാളിയുടെയും ശ്രീബുദ്ധന്റെയും ചിത്രങ്ങള്‍ക്കു മുന്നില്‍ നിലവിളക്ക്‌ കൊളുത്തി. എല്ലാവരും ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥനാഗീതങ്ങള്‍ ആലപിച്ചു. ആദിയും അന്തവും നീ തന്നെയല്ലയോഈ ഭൂവിലാശ്രയം മറ്റില്ല ദൈവമേ...കാലവും കാവലും നീ തന്നെയല്ലയോകാലത്തിന്‍ മാറ്റവും നീ തന്നെയല്ലയോ...കൈകള്‍ കൂപ്പി ഉള്ളില്‍ തട്ടിയാണ്‌ ഓരോരുത്തരും പ്രാര്‍ത്ഥനക്ക്‌ അണി നിരന്നത്‌. സെലീന പ്രക്കാനവും രാജേഷുമാണ്‌ ഈ പ്രാര്‍ത്ഥനാഗീതം രചിച്ചത്‌. ചാരുകേശി രാഗത്തില്‍ സമരഭൂമിയിലെ മനുവാണ്‌ സംഗീതമൊരുക്കിയത്‌. പ്രാര്‍ത്ഥന കഴിഞ്ഞ്‌ നാലാം കൗണ്ടറിലേക്ക്‌ പോകാനൊരുങ്ങുമ്പോഴാണ്‌ ഒരിടത്ത്‌ പുരുഷന്മാര്‍ കൂടി നില്‍ക്കുന്നത്‌ കണ്ടത്‌. ഒരു കടുവാ ചിലന്തിയെ ജീവനോടെ പിടികൂടി ചൂടിക്കയറില്‍ കെട്ടിയിട്ട്‌ കളിപ്പിക്കുകയാണ്‌ ചിലര്‍. ഉഗ്രവിഷമുള്ള ജീവിയാണ്‌ കടുവാചിലന്തിയെന്ന്‌ അവിടെയുള്ളവര്‍ പറയുന്നു. ഭയരഹിതമായി കിടന്നുറങ്ങാനാവാത്ത വിധം ഇത്തരം ജീവികള്‍ ഇവിടെ നിരവധിയാണ്‌. അട്ട കടിച്ച കാലിലെ ചോര ഇല കൊണ്ട്‌ തുടച്ചുകളഞ്ഞ്‌ ഒരാള്‍ ഞങ്ങള്‍ക്കടുത്ത്‌ വന്ന്‌ അട്ടയെ കാണിച്ചു. പിന്നെ കണ്ടത്‌ കുറെ കാലുകളായിരുന്നു. നിറയെ അട്ട കടിച്ച കാലുകളുമായി കുറേ പേര്‍. കുടിക്കാന്‍ ചോരയില്ലാഞ്ഞിട്ട്‌ അട്ടകള്‍ പോലും തങ്ങളെ പ്രാകുന്നുണ്ടാകുമെന്ന്‌ ഒരാള്‍ തമാശ പറഞ്ഞു. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടന്നിട്ടും ഇവരെന്താണ്‌ ഒട്ടും കൂസലില്ലാതെ നില്‍ക്കുന്നതെന്ന ഞങ്ങളുടെ സംശയത്തിന്‌ വിജയന്റെ വാക്കുകള്‍ മറുപടിയായി. "ഞങ്ങളുടേത്‌ ദ്രാവിഡ രക്തമാണ്‌്‌. ആര്യന്മാരുടെ അധിനിവേശകാലത്ത്‌ വിവിധ ദ്രാവിഡ ജനതകള്‍ സഹിച്ച ത്യാഗത്തിന്റെ ചരിത്രമൊന്നും ഞങ്ങളെ തിന്നാനൊരുങ്ങുന്ന പോലീസിനും ഗുണ്ടകള്‍ക്കും അറിയില്ല. പച്ച ജീവനോടെ ഞങ്ങളെ പാടവരമ്പുകളില്‍ ഇട്ട്‌ അതിന്റെ മുകളില്‍ ചേറു വെച്ച്‌ മടയടയ്‌ക്കുന്ന കാലമുണ്ടായിരുന്നു. ചിത്രവധമെന്ന പേരില്‍ അതിക്രൂരമായ ശിക്ഷകളാണ്‌ ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ ഏറ്റുവാങ്ങിയത്‌. അഞ്ചാണ്ട്‌ മാത്രം ആയുസ്സുള്ള മുഖ്യമന്ത്രിക്കോ പോലീസിനോ സി.പി.എം ഗുണ്ടകള്‍ക്കോ സവര്‍ണമേധാവികള്‍ അന്നു ഞങ്ങളുടെ കാരണവന്മാരെ ശിക്ഷിച്ചതിന്റെ നൂറിലോന്ന്‌ ശിക്ഷ നല്‍കാനാവില്ല. ആ ഞങ്ങളെയാണ്‌ വിദേശബന്ധം, മോഷണക്കൂട്ടങ്ങളെ മണ്ണെണ്ണയൊഴിച്ചു കത്തിക്കും എന്നൊക്കെ പറഞ്ഞ്‌ വിരട്ടാന്‍ നോക്കുന്നത്‌." അദ്ദേഹം രോഷാകുലനായി. കൊടിയ മര്‍ദ്ദനങ്ങളെയും നീതിനിഷേധത്തെയും സഹനത്തിലൂടെ നേരിടാനാണ്‌ സമരസമിതിയുടെ തീരുമാനം. പുറത്ത്‌ ഉപരോധമേര്‍പ്പെടുത്തിയവരേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ അകത്തുണ്ടായിട്ടും ഇവര്‍ പ്രകോപിതരായിട്ടില്ല. സമരക്കാരെന്നു തോന്നിക്കുന്ന കറുത്ത തൊലിയുള്ളവരെല്ലാം കോന്നി മുതല്‍ സമരഭൂമി വരെയുള്ള വഴികളില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ ഇരയായവരാണ്‌. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട്‌ കെണിയിലകപ്പെടുത്തിയിരിക്കുകയാണ്‌ ഇവരെ. പട്ടിണി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്‌ എന്നറിയാത്തവരാണ്‌ പട്ടിണിക്കിട്ടാലെങ്കിലും സമരക്കാര്‍ പുറത്തുവരുമെന്ന മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നതെന്ന്‌ ഇവര്‍ പറയുന്നു. പാപപങ്കിലമായ പണമുണ്ടെങ്കില്‍ ആരെയും വിലക്കെടുക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ചെങ്ങറ ചരിത്രത്തില്‍ എഴുതപ്പെട്ടു കഴിഞ്ഞു എന്നാണ്‌ സമര ഭൂമിയിലെ കവിയായ രവികുമാര്‍ പറയുന്നത്‌. ഒരിക്കല്‍, പുറത്തു പോയ സമരഭടന്മാരെ കോന്നി ടൗണില്‍ ജീപ്പില്‍ വന്ന ഗുണ്ടകള്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ വെച്ച്‌ മര്‍ദ്ദിച്ചതായും കുളിക്കാന്‍ പോയ നാലു സ്‌ത്രീകളെ പോലീസ്‌ വേഷത്തില്‍ വന്ന ഗുണ്ടകള്‍ പിടിച്ചുകൊണ്ടു പോയി ഒരു ദിവസം തടവില്‍ വെച്ച്‌ ക്രൂരമായി പീഢിപ്പിച്ചതായും പറയപ്പെടുന്നു. ഉത്തരേന്ത്യയില്‍ സവര്‍ണ ഫാഷിസ്റ്റുകള്‍ കയ്യടക്കിവെച്ച ചില ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നതായി കേള്‍ക്കാറുണ്ട്‌. എന്നാല്‍ ഒരു കാലത്ത്‌ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന്‌ വിശേഷിപ്പിക്കുകയും പിന്നീട്‌ സാധുജന വിമോചനവും സാമൂഹ്യ നവോത്ഥാനവും നടന്നു എന്ന്‌ നമ്മള്‍ അഭിമാനിക്കുകയും ചെയ്യുന്ന കേരളത്തില്‍ എന്തിന്റെ പേരിലായാലും ശരി; ഇത്തരം സംഭവങ്ങള്‍ നടന്നു എന്നത്‌ അപമാനമാണ്‌. എന്നിട്ടും ജാള്യതയില്ലാതെ മലയാളിയുടെ സാംസ്‌കാരിക നായകന്മാര്‍ ഞെളിഞ്ഞു നടക്കുന്നുണ്ട്‌ എന്നതും അപഹാസ്യം. ഇത്രയധികം പ്രകോപനമുണ്ടായിട്ടും തങ്ങള്‍ അക്രമത്തിന്റെ പാത സ്വീകരിക്കാത്തത്‌ സമരഭൂമിയിലെ സഹനജീവിതം നല്‍കിയ മനക്കരുത്ത്‌ കൊണ്ടാണെന്ന്‌ ഇവര്‍ പറയുന്നു. കാറ്റിനെയും മഞ്ഞിനെയും വെയിലിനെയും മഴയെയും ചെറുത്ത്‌ നില്‍ക്കുന്ന പ്ലാസ്റ്റിക്‌ കൂരകളുടെ നനഞ്ഞ മണ്‍തറകളില്‍ നിന്നാണ്‌ സമരത്തിന്റെ ഊര്‍ജ്ജം ഉല്‍പാദിപ്പിച്ചത്‌. ഗുജറാത്തിലും ഒറീസ്സയിലും ഹൈന്ദവ ഫാഷിസ്റ്റുകള്‍ ചെയ്‌തതെന്തോ അതേ രീതിശാസ്‌ത്രമാണ്‌ ചെങ്ങറയില്‍ കമ്യൂണിസ്‌റ്റ്‌ ഫാഷിസം പ്രയോഗിക്കുന്നത്‌. വികലധാരണകള്‍ സൃഷ്ടിച്ച്‌ ദരിദ്രരെ ദരിദ്രര്‍ക്കു നേരെ തിരിച്ചു വിടുക എന്നത്‌ ഫാഷിസം എക്കാലത്തും പ്രയോഗിക്കുന്ന തന്ത്രമാണ്‌. മുതലാളിമാര്‍ക്കു വേണ്ടി കമ്യൂണിസ്റ്റുകാര്‍ തന്നെ തൊഴിലാളികളെ ഉപയോഗിച്ച്‌ നവ പ്രത്യയശാസ്‌ത്ര ദാസ്യത്തിന്റെ വേരു പടര്‍ത്തുകയാണ്‌ ചെങ്ങറയില്‍. മൗനം കൊണ്ട്‌ കേരളത്തിലെ സാംസ്‌കാരിക ശക്തികളില്‍ പലതും അതിനു കൂട്ടു നില്‍ക്കുന്നു. മൗനം ഫാഷിസത്തിന്റെ ലക്ഷണമാണ്‌. ഫാഷിസം സര്‍വ്വനാശത്തിന്റെ വിത്തും. സ്റ്റാലിനിസ്റ്റ്‌ റഷ്യയുടെ മാതൃകയിലുള്ള ഇരുമ്പ്‌ മറ തീര്‍ത്ത്‌ കമ്യൂണിസ്റ്റ്‌ ഫാഷിസം ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറം ലോകമറിയാതിരിക്കാനുള്ള നിതാന്തജാഗ്രതയിലാണിപ്പോള്‍. മുഖ്യാധാരാ മാധ്യമങ്ങളും ഈ മൗനത്തില്‍ പങ്കുചേരുന്നതോടെ ചിത്രം പൂര്‍ണമാകുന്നു. നാലാം കൗണ്ടറിലാണ്‌ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്നത്‌. അവിടെയെത്തിയപ്പോള്‍ വിവിധ കുടിലുകളില്‍ നിന്നായി ആളുകള്‍ ഇറങ്ങി വന്ന്‌ ഞങ്ങള്‍ക്ക്‌ ചുറ്റും കൂടി. സമരഭൂമിയിലെ കവിയായ രവി സ്വന്തം രചനയായ നാടന്‍പാട്ട്‌ ഞങ്ങള്‍ക്കായി പാടി. തന്താനേ താനേ തന തന്താനം താന തന്താനേ താനേ തന തന്താനം താനകാഹളമൂതുക പൈങ്കിളിയേ നല്ലവീരചരിതം പാടുക നീളാഹ നയിക്കുന്ന ഭൂസമരത്തിന്റെ കീര്‍ത്തനം ചൊല്ലുക പൈങ്കിളിയേ.. ....തെക്കു തെക്കേ ഒരു ദേശമുണ്ടേ വെങ്ങാനൂരെന്ന ദേശമുണ്ടേആ കരയില്‍ നിന്നുയര്‍ന്നേ അയ്യങ്കാളി എന്ന നാഥന്‍....സ്‌ത്രീകളടക്കമുള്ള ജനക്കൂട്ടം പതുക്കെ കൂടിവരുകയും കൈകളില്‍ താളമിട്ട്‌ രവിയുടെ പാട്ട്‌ ഏറ്റുചൊല്ലുകയും ചെയ്‌തു. കുട്ടികള്‍ വളരെ ഉച്ചത്തിലാണ്‌ പാട്ടുപാടിയത്‌. ഭക്തിഗാനങ്ങള്‍ എഴുതിയിരുന്ന രവി സമരഭൂമിയിലെത്തിയ ശേഷം സമരഗീതങ്ങള്‍ എഴുതി മറ്റുള്ളവര്‍ക്ക്‌ പാടിക്കേള്‍പ്പിക്കുന്ന തിരക്കിലായി. ചങ്ങനാശ്ശേരിക്കാരനായ ഇദ്ദേഹം തോട്ടക്കാട്‌ ഗവ. ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ്സുവരെ പഠിച്ചതാണ്‌. സാധുജനത്തിന്റെ രോദനം കേള്‍ക്കാത്തരാക്ഷസര്‍ വാണിടും കേരളത്തില്‍ദ്രാവിഡവര്‍ഗ്ഗത്തിന്റെ ജന്മമൊടുക്കുവാന്‍ ആവില്ല നിങ്ങള്‍ക്ക്‌ ജന്മികളേ...സമ്പന്ന വര്‍ഗ്ഗത്തിന്‍ വായ്‌മൊഴി കേട്ടിനി വേണ്ടേ വേണ്ടിനി സംവരണം...... ഹാരിസണ്‍ കൈവശം വൊച്ചൊരു ഭൂമിയില്‍ ധീരരായ്‌ കേറി കൊടിയുയര്‍ത്തിആ കൊടിക്കൂറയ്‌ക്ക്‌ ചുറ്റും മുഴങ്ങുന്നുഎസ്‌.വി.എസ്‌.വി സിന്ദാബാദ്‌...സമരഭൂമിയിലുള്ളവര്‍ക്ക്‌ ആവേശം പകരുന്ന രചനകളാണ്‌ രവിയുടേത്‌. ഇടവേളകളില്‍ എല്ലാവരും കൂടിയിരുന്ന്‌ ഇത്തരം പാട്ടുകള്‍ പാടും. വിശപ്പിനും ദുരിതങ്ങള്‍ക്കുമിടയില്‍ സമരക്കാര്‍ക്ക്‌ അല്‍പ്പം ആശ്വാസം പകരുന്നത്‌ ഈ നിമിഷങ്ങളാണ്‌.

Tuesday, September 9, 2008

കൊല്ലാക്കൊലയുടെ ജനകീയ ജനാധിപത്യം


ചാറ്റല്‍ മഴയുടെ നാരുകള്‍ പതിയെ വീഴാന്‍ തുടങ്ങിയ നേരത്താണ്‌ ഞങ്ങള്‍ മൂന്നാം കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നത്‌. കുറെ നേരം മഴ നനഞ്ഞിട്ടാണ്‌ അവിടെയെത്തിയത്‌. പൊടുന്നനെ മഴ ശക്തമായി. കൗണ്ടറിനടുത്ത്‌ കെട്ടിയുണ്ടാക്കിയ പന്തലിലേക്ക്‌ വേഗം കയറി നിന്നു. ഒരുപക്ഷേ കേരളം കണ്ടതില്‍ വെച്ച്‌ ഏറ്റവും ശക്തമായ വിപ്ലവം നടത്താനൊരുങ്ങുന്ന ചെങ്ങറ സമര ഭൂമിയില്‍ എവിടെയും വിപ്ലവത്തിന്റെ അപ്പോസ്‌തലന്മാരായി അറിയപ്പെടുന്നവരുടെ ചിത്രങ്ങളില്ല എന്നത്‌ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ സംബന്ധിച്ചിടത്തോളം അത്ഭുതപ്പെടുത്തുന്ന കാര്യമാണ്‌. പന്തലിനു തൊട്ടടുത്ത്‌ ആരാധ്യരായ നേതാക്കളുടെ ചിത്രങ്ങളുമായി പ്രത്യേക മണ്ഡപം തന്നെയുണ്ട്‌. അവിടെ വിപ്ലവത്തിന്റെ ആചാര്യന്മാരായി ഭരണപക്ഷം കൊട്ടിഘോഷിക്കുന്ന കാറല്‍ മാര്‍ക്‌സിന്റെയോ ലെനിന്റെയോ ചെ ഗുവേരയുടേയോ ചിത്രമില്ല. എ.കെ.ജി, പി.കൃഷ്‌ണപ്പിള്ള, ഇ.എം.എസ്‌ എന്നിവരുടെ ചിത്രമില്ല. പകരം അധ: സ്ഥിതന്റെ വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അംബേദ്‌കറിന്റെയും അയ്യങ്കാളിയുടെയും ചിത്രങ്ങളുണ്ട്‌. ശ്രീബുദ്ധനുണ്ട്‌. ആറു കൗണ്ടറുകളിലും മഞ്ഞപുതച്ച്‌ ഇത്തരം ചിത്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. മഴ പെയ്‌തു കൊണ്ടിരിക്കെ സെക്രട്ടറി സെലീന പ്രക്കാനത്തോട്‌ സമരഗതിയെപ്പറ്റിയും സമരത്തോടുള്ള അംഗങ്ങളുടെ പ്രതീക്ഷയെക്കുറിച്ചും സംസാരിച്ചു. പ്രീഡിഗ്രി വരെ പഠിച്ച പെണ്‍കുട്ടിയാണ്‌ സെലീന. സമരത്തിന്റെ സവിശേഷതയില്‍ അവരുടെ നേതൃത്വവും പ്രസക്തമാണ്‌. " ഉപരോധം നടത്തുന്ന തൊഴിലാളികളെപ്പോലെ ഞങ്ങളും കൂലിവേലക്കാരാണ്‌. വലിയ കൃഷിയിടമോ കൊട്ടാരങ്ങളോ ഉള്ള ആരും ഇവിടെയില്ല. ഓഗസ്‌റ്റ്‌ മൂന്നിന്‌ മനുഷ്യത്വരഹിതമായ ഉപരോധം തീര്‍ക്കുന്നതു വരെ ഞങ്ങളും പണിക്കു പോയിരുന്നു. പിന്നെ പട്ടിണി സഹിക്കാതായപ്പോഴാണ്‌ റബ്ബര്‍ മരങ്ങളെ തൊട്ടത്‌. ഇപ്പോള്‍ ഞങ്ങളെ പട്ടിണിക്കിട്ട്‌ ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചെയ്യാനാണ്‌ ശ്രമിക്കുന്നത്‌. എന്നാലെങ്കിലും കാടിറങ്ങിപ്പോകും എന്നായിരിക്കും ഉപരോധക്കാരുടെ പ്രതീക്ഷ. ഒന്നുകില്‍ ഭൂമി കിട്ടണം. അല്ലെങ്കില്‍ മരണത്തോടെയല്ലാതെ ഞങ്ങളെ ഇവിടെ നിന്നിറക്കാമെന്ന്‌ ആരും വിചാരിക്കണ്ട." അവര്‍ നിലപാട്‌ വ്യക്തമാക്കി. പോലീസ്‌ സഹായം തേടിയില്ലേ എന്ന ചോദ്യത്തിന്‌ ഒരു ചിരിയായിരുന്നു മറുപടി. പോലീസുകാര്‍ക്ക്‌ മാന്യതയുണ്ടായിരുന്നെങ്കില്‍ ഈ ഉപരോധക്കാര്‍ക്ക്‌ കൂട്ടുനില്‍ക്കുമായിരുന്നോ എന്ന്‌ അവര്‍ തിരിച്ചു ചോദിച്ചു. അപ്പോള്‍ സെലീനയുടെ കൊച്ചുമോള്‍ വന്ന്‌ അമ്മയുടെ സാരിയില്‍ പിടിച്ച്‌ നിന്നു. സമരക്കാര്‍ക്കെതിരെ തൊഴിലാളികളും ഹാരിസണ്‍സ്‌ ലിമിറ്റഡും ഭരണപക്ഷവും ഉയര്‍ത്തുന്ന ആരോപണങ്ങളെപ്പറ്റി ഏറെ നേരം സംസാരിച്ചു. ഇവിടെ സമരക്കാര്‍ ചാരായം വാറ്റുന്നതായും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതായും കമ്പനി ആരോപിച്ചിരുന്നു. സെലീന കൗണ്ടറില്‍ തൂക്കിയിട്ടിരിക്കുന്ന മദ്യ നിരോധിത മേഖല എന്നെഴുതിയ ബോര്‍ഡിലേക്ക്‌ വിരല്‍ചൂണ്ടി. മദ്യം കഴിക്കുന്ന ഒരാളെയും സമരഭൂമിയിലേക്ക്‌ കയറ്റരുതെന്നാണ്‌ ളാഹ ഗോപാലന്റെ നിര്‍ദ്ദേശമെന്ന്‌ അവര്‍ പറഞ്ഞു. മദ്യപാനികളായ പലരും സമരഭൂമിയിലെ ചിട്ടയായ ജീവിതത്തിലൂടെ അത്‌ നിര്‍ത്തിയിട്ടുണ്ടെന്ന്‌ സെലീന അഭിമാനത്തോടെ പറഞ്ഞു. തോട്ടത്തിനപ്പുറത്ത്‌ താമസിക്കുന്ന സമരാംഗമല്ലാത്ത സ്‌ത്രീ അപ്പോള്‍ പശുവിനെ മേയ്‌ക്കാനായി അതുവഴി വന്നു. പുറത്തുള്ളവരെ ഒരുകാരണവശാലും ഇവര്‍ സമരഭൂമിയുടെ അകത്തേക്ക്‌ കയറ്റാറില്ലെന്നായിരുന്നു ഞങ്ങളുടെ ധാരണ. സമരക്കാരല്ലാത്ത പുറത്തുള്ളവര്‍ അകത്തേക്കു വന്നാലും തങ്ങള്‍ പുറത്തേക്ക്‌ പോകുമ്പോഴും ഈ നാട്ടുകാര്‍ക്കോ ഉപരോധത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ക്കോ ഒരു കറിവേപ്പിലയുടെ ഉപദ്രവം പോലും ചെയ്യാറില്ലെന്ന്‌ വിജയന്‍ മോതിരവയല്‍ പറഞ്ഞു. എന്നിട്ടും അവര്‍ തങ്ങള്‍ക്ക്‌ ചെയ്യുന്ന ദ്രോഹങ്ങള്‍ക്ക്‌ കണക്കില്ലെന്നു പറഞ്ഞ്‌ അയാള്‍ നെടുവീര്‍പ്പിട്ടു. സ്വയം സമരം നിര്‍ത്തി ഒഴിഞ്ഞു പോകാന്‍ സന്നദ്ധരായവരെ പോലും നേതാക്കള്‍ നിര്‍ബന്ധിച്ചു പിടിച്ചു നിര്‍ത്തുന്നു എന്നായിരുന്നു മറ്റൊരു ആരോപണം. അതും തെറ്റാണെന്ന്‌ സെലീന സമര്‍ത്ഥിച്ചു." ഇവിടെയുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകാം. ആരും തടസ്സം നില്‍ക്കില്ല. ളാഹ ഗോപാല്‍ജി തന്നെ വിട്ടുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പോകാമെന്ന്‌ പലതവണ പറഞ്ഞതാണ്‌. ഞാന്‍ പറയുന്നത്‌ സത്യമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ഇവിടെയുള്ള ആരോടു വേണമെങ്കിലും ഇക്കാര്യം ചോദിക്കാം." അവര്‍ പറഞ്ഞു. ചെങ്ങറ ഭൂസമരത്തിനെതിരെ ഉപരോധസമരത്തിലേര്‍പ്പെട്ടിരിക്കുന്ന തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും സ്വന്തമായി ഭൂമിയില്ലാത്തവരാണെന്ന കാര്യം സത്യമാണ്‌. അവരെപ്പറ്റി 2008 ഓഗസ്‌റ്റ്‌ 14ന്‌ ദേശാഭിമാനി പത്രം ഇങ്ങനെ എഴുതിയിരിക്കുന്നു: ഇവിടെയുള്ള തൊഴിലാളികളില്‍ 99 ശതമാനത്തിനും ഒരു സെന്റു ഭൂമി പോലും സ്വന്തമായിട്ടില്ല. ഭൂരിപക്ഷം പേരും പട്ടികജാതിക്കാരാണ്‌. ദിവസവും ജോലി ചെയ്‌തു കിട്ടുന്നത്‌ 108 രൂപയാണ്‌. മൂന്നും നാലും കുടുംബങ്ങളായി ലയങ്ങളിലാണ്‌ കഴിയുന്നത്‌. ചിലര്‍ ലയത്തിനും പുറത്ത്‌ ചെറിയ എടുപ്പ്‌ കെട്ടി അതിലും കഴിയുന്നു. തൊഴിലാളികളുടെ ദുരിതം കയ്യേറ്റക്കാരുടേതിനേക്കാള്‍ എത്രയോ കടുത്തതാണ്‌." ഇക്കാര്യം സമരസമിതി നിഷേധിക്കുന്നില്ല. ഒരു മനുഷ്യായുസ്സു മുഴുവന്‍ വിയര്‍പ്പൊഴുക്കി ഹാരിസണ്‍സിന്റെ തൊഴിലാളികളായി ജീവിച്ചവര്‍ക്ക്‌ സ്വന്തമായി ഭൂമിയില്ലെങ്കില്‍ ആരാണ്‌ അതിന്റെ ഉത്തരവാദിയെന്ന്‌ അവര്‍ തിരിച്ചു ചോദിക്കുന്നു. ഈ തൊഴിലാളികളുടെ ചോരയും വിയര്‍പ്പുമാണ്‌ ഹാരിസണ്‍സിന്റെ സമ്പാദ്യത്തിന്റെ അടിത്തറ. അപ്പോള്‍ ഹാരിസണ്‍സിന്റെ തൊഴിലാളികള്‍ക്ക്‌ ഭൂമിയില്ലെങ്കില്‍ അവര്‍ ഹാരിസണ്‍സ്‌ തന്നെയാണ്‌ അതിന്റെ ഉത്തരവാദികള്‍. വിപ്ലവകരമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഭൂപരിഷ്‌കരണങ്ങളില്‍ നിന്ന്‌ തോട്ടം മേഖലയെ ഒഴിവാക്കിയത്‌ കുത്തകകള്‍ക്ക്‌ ഭൂമിക്കു മേലുള്ള അവകാശം നിലനിര്‍ത്താനും തൊഴിലാളി ചൂഷണം തുടരാനുമുള്ള ഉപരിവര്‍ഗ്ഗ താല്‍പര്യത്തിന്റെ പേരിലായിരുന്നു. 45,000 തോട്ടം തൊഴിലാളികള്‍ പീരുമേട്ടില്‍ പട്ടിണി കിടന്നതും വേളാങ്കണ്ണിയെന്ന പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ യൂണിഫോമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്‌തതും സ്വന്തം ഭര്‍ത്താക്കന്മാരുടെ അനുവാദത്തോടെ തോട്ടം തൊഴിലാളികളുടെ സ്‌ത്രീകള്‍ക്ക്‌ വേശ്യാവൃത്തിക്ക്‌ പോകേണ്ടി വന്നതും ളാഹ ഗോപാലന്‍ മൂലമാണോ എന്നാണ്‌ ഇവര്‍ ചോദിക്കുന്നത്‌. കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത്‌ തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യുക എന്നതാണ്‌ ചെങ്ങറ സമരം നല്‍കുന്ന മുദ്രാവാക്യം. ഉപരോധം നടത്തുന്ന തോട്ടം തൊഴിലാളികളും ഈ സമരത്തോടൊപ്പം നില്‍ക്കുകയാണ്‌ വേണ്ടത്‌. ശരിയായ ഡിമാന്റും ശരിയായ സമരനേതൃത്വവും തങ്ങളുടേതാണെന്നും തലയെണ്ണി പണം പിരിക്കുന്ന തൊഴിലാളി നേതാക്കളില്‍ നിന്ന്‌ ഇതുവരെ കിട്ടാത്ത നീതി ഇനി പ്രതീക്ഷിക്കേണ്ടെന്നും സമരസമിതി തോട്ടം തൊഴിലാളികളോടു പറയുന്നു. ജനകീയ ജനാധിപത്യമെന്ന വിപ്ലവ മുദ്രാവാക്യവുമായി അധികാരസോപാനങ്ങള്‍ താണ്ടിയവരാണ്‌ പാവപ്പെട്ട മനുഷ്യരെ പട്ടിണിക്കിട്ട്‌ കൊല്ലാക്കൊല ചെയ്യുന്നതിന്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. സഹജീവിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതാണ്‌ ഇവര്‍ പറഞ്ഞ ജനകീയ ജനാധിപത്യമെന്ന്‌ ഇപ്പോള്‍ കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. അധികാരം കൈയില്‍ കിട്ടിയാല്‍ ആരെയും കൊല്ലാമെന്ന്‌ ഇവിടെയുള്ള ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നു. അതും ചിത്രവധം. ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണെങ്കില്‍ പിന്നെ കൊല എളുപ്പമായി. സെലീനയുടെ തൊണ്ടയിടറുന്നു. കണ്ണീരു വറ്റിയവരാണ്‌ ഇവിടെയുള്ളവരില്‍ പലരും. ഞണ്ടിനും തേളിനും സിംഹവാലന്‍ കുരങ്ങിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നു പറഞ്ഞ്‌ തൊണ്ട കീറി കരയാറുള്ള പല സാംസ്‌കാരിക നായകന്മാരെയും പച്ചമനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെപ്പറ്റി സംസാരിക്കാന്‍ ചെങ്ങറയില്‍ കണ്ടില്ല. പരിഷ്‌കൃത സമൂഹമെന്ന്‌ അഹങ്കരിക്കുന്നവര്‍ നല്‍കിയ മുറിവുകളുടെ നീറ്റലുമായി കരച്ചിലടക്കാന്‍ പാടുപെട്ട്‌ ഈ പാവങ്ങള്‍ നില്‍ക്കുമ്പോള്‍ സാംസ്‌കാരിക കേരളം ഓര്‍ക്കുന്നു. ഉണ്ടായിരുന്നു; നമുക്ക്‌ സുകുമാര്‍ അഴീക്കോടിനെപ്പോലെയുള്ള ചില സാംസ്‌കാരിക നായകന്മാര്‍.

Sunday, September 7, 2008

കൊടും ക്രൂരത പൂര്‍ണ ഗര്‍ഭിണിയോടും


ഓര്‍ക്കുമ്പോള്‍ തന്നെ ഭീതി ജനിക്കുന്ന ആ ദിവസമോര്‍ത്ത്‌ കുഞ്ഞൂഞ്ഞ്‌ കരയുകയാണ്‌. ഉപരോധം നടത്തുന്നവര്‍ കഴിഞ്ഞ ഓഗസ്‌റ്റ്‌ 15ന്‌ പുറത്തു പോയി അവശ്യസാധനങ്ങള്‍ വാങ്ങിക്കാനുള്ള കരുണ സമരക്കാരോട്‌ കാണിച്ചെങ്കിലും അതൊരു ചതിയായിരുന്നുവെന്ന്‌ സാധനങ്ങള്‍ വാങ്ങി സമരഭൂമിയിലേക്ക്‌ മടങ്ങിയപ്പോഴാണ്‌ തിരിച്ചറിഞ്ഞത്‌. ഇപരോധം അയഞ്ഞുവെന്ന ഒത്തിരി ആശ്വാസവുമായി കുടിലുകളിലേക്ക്‌ മടങ്ങിയവരെ തൊഴിലാളികള്‍ തടയുകയും ഉപദ്രവിക്കുകയും ചെയ്‌തു. കുഞ്ഞൂഞ്ഞിനും ഭാര്യക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഉപരോധക്കാര്‍ കുഞ്ഞൂഞ്ഞിന്റെ കാല്‌ തല്ലിയൊടിക്കുകയും ഏറെ നാള്‍ പണിയെടുത്ത്‌ സ്വരൂപിച്ച 2500 രൂപ, വാച്ച്‌, അരി എന്നിവ ബലമായി പിടിച്ചെടുക്കുകയും ചെയ്‌തു. സാംസ്‌കാരിക കേരളം ലജ്ജിച്ചു തലതാഴ്‌ത്തട്ടെ. ഉഗ്രവിഷജാതിയായ കടുവാചിലന്തിയും ചോരയൂറ്റുന്ന അട്ടകളുമുള്ള ഈ കാട്ടില്‍; ജീവിക്കാന്‍ ഒരുപിടി മണ്ണുവേണമെന്നു പറഞ്ഞ്‌ സമരം ചെയ്യുന്നവര്‍ക്കെതിരെ ജനാധിപത്യകേരളത്തിലെ വിപ്ലവപ്രസ്ഥാനം സ്വീകരിച്ച നെറികെട്ട നിലപാട്‌ ഈ നാടിനെ എവിടെയെത്തിക്കുമെന്ന്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗങ്ങളോടും പട്ടിണിയോടും പൊരുതി കാട്ടില്‍ വന്നു കിടക്കുന്ന, ചാകാന്‍ പോലും ജീവനില്ലാത്തവരെ തീവ്രവാദിയെന്നു വിളിക്കാന്‍ എങ്ങനെയാണു നിങ്ങള്‍ക്കു മനസ്സു വന്നത്‌..?. ഉപരോധമെന്ന ഓമനപ്പേരിട്ട്‌ ഇഞ്ചിഞ്ചായി കൊല്ലാന്‍ മാത്രം എന്ത്‌ അപരാധമാണ്‌ ഈ പാവങ്ങള്‍ ചെയ്‌തത്‌..?. അന്തസ്സായി ജീവിക്കണമെന്ന ആവശ്യം ഏതു ഭരണഘടന വെച്ചാണ്‌ നിരാകരിക്കാനാവുക..?. പ്രബുദ്ധ മലയാളത്തിന്റെ ഇടനെഞ്ചിലേക്ക്‌ ഇത്തരം ചോദ്യങ്ങള്‍ തീമഴയായി പെയ്‌തിറങ്ങുമ്പോഴുംഇവിടെ ചിലര്‍ക്ക്‌ ഉണരാന്‍ നേരമായിട്ടില്ല എന്നത്‌ അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്‌. പട്ടിണിക്കു പുറമെ അസുഖങ്ങളുടെ പരമ്പര വന്നിട്ടും സമരഭൂമി അവശമായിട്ടില്ല. രോഗം ബാധിച്ചവരെ ആസ്‌പത്രിയില്‍ കൊണ്ടുപോകാനോ അവര്‍ക്ക്‌ മരുന്നെത്തിക്കാനോ ഉപരോധക്കാര്‍ അനുവദിക്കുന്നില്ലെന്ന്‌ പനി പിടിച്ച്‌ കുളിരുമ്പോള്‍ തീ കാഞ്ഞ്‌ ആശ്വാസം കണ്ടെത്തുന്ന മധുവിന്റെ ബന്ധുക്കള്‍ പറയുന്നു. രണ്ടാം കൗണ്ടറില്‍ തീയിട്ട്‌ തണുപ്പ്‌ മാറ്റുന്നവര്‍ക്കിടയില്‍ കിടക്കുന്നത്‌ പനി പിടിച്ച മനുഷ്യനാണെന്ന്‌ കൂടെയുള്ളവര്‍ പറഞ്ഞു. തല ഉയര്‍ത്തി ഞങ്ങളെയൊന്ന്‌ നോക്കാനാവാത്ത വിധം അയാള്‍ ക്ഷീണിതനാണ്‌. പൊടുന്നനെ കുറെ വൃദ്ധരായ സ്‌ത്രീകള്‍ മരുന്ന്‌ നല്‍കാന്‍ വന്നവരാണെന്ന ധാരണയില്‍ ഞങ്ങളെ വളഞ്ഞു. അവരുടെ കൈകളില്‍ ഉപരോധം വരും മുമ്പ്‌ സര്‍ക്കാര്‍ ആസ്‌പത്രിയിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ മരുന്നു ചീട്ടുകളുണ്ടായിരുന്നു. ഓമന, കാര്‍ത്ത്യായനി, സരസമ്മ, ഭാരതി, അന്നമ്മ, ഗൗരിക്കുട്ടി, ശ്യാമള, സരോജിനിയമ്മ, കുട്ടിയമ്മ തുടങ്ങി നിരവധി വൃദ്ധസ്‌ത്രീകളാണ്‌ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം വീര്‍പ്പു മുട്ടുന്നത്‌. ഇവര്‍ക്ക്‌ നിത്യവും കഴിക്കേണ്ട മരുന്നുകള്‍ ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്‌. " സമരത്തിന്റെ വാര്‍ഷികം മുതലാണ്‌ അവര്‍ ഉപരോധം തുടങ്ങിയത്‌. അല്‍പ്പം താമസിച്ചായാലും സത്യം ജയിക്കുമെന്നു തന്നെയാണ്‌ ഞങ്ങളുടെ വിശ്വാസം. ഞങ്ങളെയിങ്ങനെ പട്ടിണിക്കിട്ട്‌ കൊല്ലുന്നതിലും ഭേദം വെടിവെച്ച്‌ കൊല്ലുന്നതായിരുന്നു." ഓമനച്ചേച്ചി പറഞ്ഞു. അപ്പോഴേക്കും ഈ ലേഖകന്റെ കൈ നിറയെ മരുന്ന്‌ ചീട്ടുകളും ലാബുകളിലെ പരിശോധനാ റിപ്പോര്‍ട്ടുകളും നിറഞ്ഞു. മരുന്ന്‌ തീര്‍ന്നെന്നും വാങ്ങാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞ്‌ ചിലര്‍ നിന്നു കരയാന്‍ തുടങ്ങി. എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ അല്‍പ്പ നേരം അന്ധാളിച്ചെങ്കിലും വൈകാത എല്ലാം ശരിയാകുമെന്ന ആശ്വാസ വചനങ്ങളുമായി ഞങ്ങള്‍ അവരെ സമാധാനിപ്പിച്ചു. ഓരോരോ അസുഖങ്ങള്‍ വിവരിച്ച്‌ സ്‌ത്രീകളും പുരുഷന്മാരും വേദനയോടെ ഞങ്ങള്‍ക്കു മുന്നില്‍ നിന്നു. മോണ നിറയെ പഴുപ്പുമായി സംസാരിക്കാന്‍ പോലുമാകാതെ ശോഭന എന്ന സ്‌ത്രീ ഞങ്ങളെ വന്നു കണ്ടു. വേദന മൂലം ഭക്ഷണം കഴിച്ചിട്ട്‌ നാളുകളായെന്ന്‌ ശോഭന പറഞ്ഞു. അവര്‍ പതുക്കെ കരയുന്നുണ്ടായിരുന്നു. പൂര്‍ണഗര്‍ഭിണിയായി നില്‍ക്കുന്ന ലത എന്ന സ്‌ത്രീയുടെ കുടിലിലേക്കാണ്‌ പിന്നെ ഞങ്ങള്‍ പോയത്‌. കണ്ണുകളില്‍ നിറയെ ഭീതിയുമായി അവര്‍ ഞങ്ങള്‍ക്കു മുന്നില്‍ നിന്നു. നടരാജന്‍ എന്നു പേരുള്ള അവരുടെ അച്ഛനും കൂടെയുണ്ടായിരുന്നു. ഇവരെ ആസ്‌പത്രിയിലെത്തിക്കേണ്ടത്‌ എങ്ങനെയാണെന്നറിയാതെ ചുറ്റുമുള്ളവര്‍ ഇതെഴുതുമ്പോഴും ആശങ്കയിലാണ്‌. ഒരു കുഞ്ഞിന്‌ സ്വസ്ഥമായി ഭൂമിയിലേക്ക്‌ ജനിച്ചു വീഴാനുള്ള സ്വാതന്ത്ര്യം പോലും നല്‍കാത്ത ഉപരോധക്കാര്‍ക്കും ഭാര്യയും മക്കളുമുണ്ടായിരിക്കും. അവര്‍ക്കാണ്‌ ഈ ഗതി വന്നതെങ്കിലെന്ന്‌ ചിന്തിക്കാന്‍ മനുഷ്യത്വരഹിതമായ ഇത്തരം തീരുമാനങ്ങളെടുക്കുന്നവര്‍ മെനക്കെടാത്തതെന്ത്‌..?. ലതയുടെ കൂടെ അവരുടെ കൊച്ചുമോളുമുണ്ടായിരുന്നു. നിര്‍വികാരതയോടെയാണ്‌ അവര്‍ ക്യാമറയിലേക്ക്‌ നോക്കിയത്‌. പൂര്‍ണ ഗര്‍ഭിണിയോടും ഈ ക്രൂരത കാണിക്കുന്നവരെ നമ്മളിപ്പോഴും ന്യായീകരിക്കുന്നു. ഉപരോധക്കാരുടെ ഭാഗത്താണ്‌ ശരിയെന്ന്‌ വിളിച്ചുകൂവാന്‍ ആവേശം കാണിക്കുന്നവര്‍ ഒരു നിമിഷമെങ്കിലും ഈ ദുര്‍ബലയും നിസ്സഹായയുമായ സ്‌ത്രീയെ ഓര്‍ത്തിരുന്നെങ്കില്‍. ഹാരിസണ്‍സിന്റെ എസ്റ്റേറ്റ്‌ കയ്യേറിയ സാധുജനവിമോചന സംയുക്തസമിതിയുടെ ചെങ്ങറ ഭൂസമരം ന്യായമോ അന്യായമോ എന്ന രീതിയില്‍ കേരളമൊട്ടുക്കും ചര്‍ച്ച നടക്കുകയാണ്‌. ഒരു സമരത്തിന്റെ ശരിയും തെറ്റും നിര്‍ണയിക്കാന്‍ ചുരുങ്ങിയത്‌ ആ സമരം ഏതെങ്കിലും ജനവിഭാഗത്തിന്റെ നീറുന്ന ജീവിതത്തെ ആവിഷ്‌കരിക്കുന്നുണ്ടോ എന്നാണ്‌ പരിശോധിക്കേണ്ടത്‌. ആ വിധത്തില്‍ ഈ സമരം ന്യായമാണെന്ന്‌ എളുപ്പത്തില്‍ മനസ്സിലാക്കാനാവും. ഭൂമിക്കു മേലുള്ള ഭരണഘടനാപരമായ അവകാശം നേടിയെടുക്കാന്‍ വേണ്ടിയാണ്‌ ഉപരിവര്‍ഗ്ഗത്തിന്റെ ആട്ടും തുപ്പുമേറ്റ്‌ അവശരായവര്‍ ഇവിടെ അവരുടെ സ്വത്വം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയിത്‌. ഇനി സൂക്ഷിക്കേണ്ടത്‌ അധികാര-മാഫിയ സംഘങ്ങളുടെ മൂടുതാങ്ങികളാണ്‌.

ഒന്നു കൊല്ലൂ; അല്ലെങ്കില്‍ കിടപ്പാടം തരൂ

ഭൂപരിഷ്‌കരണമെന്ന നിയമനാടകം അവതരിച്ചിട്ട്‌ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നമ്മുടെ ഭൂമിയുടെ ഭൂരിഭാഗവും ഒരുപറ്റം കുത്തക മുതലാളിമാരാണ്‌ കൈവശം വെച്ചിരിക്കുന്നത്‌. കാലഹരണപ്പെട്ട നിയമങ്ങളുടെ ബലത്തില്‍ ഇവര്‍ പതിച്ചുകിട്ടിയതിനേക്കാള്‍ ഇരട്ടി അനധികൃതമായും കയ്യേറിയിട്ടുണ്ട്‌. സര്‍ക്കാറിന്റെ പക്കല്‍ പോലും കയ്യേറ്റഭൂമികളുടെ യഥാര്‍ത്ഥ കണക്കുകള്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്‌. ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ അടിസ്ഥാന ജനവിഭാഗങ്ങളെ മിച്ചഭൂമികളുടെ പുറമ്പോക്കുകളിലും ലക്ഷം വീടുകളിലും തളച്ചിടുകയായിരുന്നു. അങ്ങനെയുള്ള ദുരിതസാഹചര്യങ്ങളില്‍ താമസിക്കുന്നവരില്‍ മിക്കവരുടെയും റേഷന്‍ കാര്‍ഡുകള്‍ ദാരിദ്ര്യരേഖക്ക്‌ മുകളിലാണ്‌ എന്നതും ശ്രദ്ധേയമാണ്‌. പിന്നെ ചരിത്രത്തില്‍ പ്രസംഗങ്ങള്‍ മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കി എന്നൊരു തമാശയും. പൊതുമുതല്‍ കൊള്ളയടിച്ചും തൊഴിലാളികളെ ലയങ്ങളില്‍ താമസിപ്പിച്ച്‌ അടിമകളെപ്പോലെ പണിയെടുപ്പിച്ചും ഈ കുത്തകകള്‍ ലോകത്താകെ പിടിപാടുള്ള വമ്പന്‍ തിമിംഗലങ്ങളായി വളര്‍ന്നു. കൃഷിഭൂമി പതിയെപ്പതിയെ ഇല്ലാതായതോടെ ചേരികളിലേക്ക്‌ പുറംതള്ളപ്പെട്ടവര്‍ പെരുകിപ്പെരുകി ആറടിമണ്ണിന്റെ അവകാശം പോലും ഇല്ലാത്തവരായി. അദ്ധ്വാനിക്കുന്ന ഈ വര്‍ഗ്ഗത്തെ പുനരധിവസിപ്പിച്ച്‌ കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കൃഷിഭൂമി നല്‍കി രാജ്യത്തിന്‌ ഉപകാരപ്പെടുന്ന നവോത്ഥാനം നടത്തുക എന്ന ഉത്തരവാദിത്തം ഗവണ്‍മെന്റില്‍ നിക്ഷിപ്‌തമാണ്‌. ചെങ്ങറ സമരം ഇത്തരമൊരു നിര്‍മാണാത്മകമായ ഭൂപരിഷ്‌കരണത്തിന്റെ അനിവാര്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ മുഖ്യഷെയര്‍ ഇപ്പോഴും ബ്രിട്ടീഷ്‌ മുതലാളിയുടേതാണ്‌. ബാക്കി സ്വദേശ മുതലാളിയായ ഗോയങ്കയുടേതും. ഇവര്‍ക്ക്‌ ഈ വിഷയത്തിലുള്ള മൂലധന താല്‍പര്യത്തെ മുറിപ്പെടുത്താന്‍ ഒരു വിദേശ ശക്തിയും ശ്രമിക്കില്ല എന്ന കാര്യം സുവ്യക്തമാണെന്നിരിക്കെ സമരക്കാര്‍ക്ക്‌ വിദേശസഹായം ലഭിക്കുന്നു എന്ന സി.പി.എമ്മിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്‌. ഹാരിസണിന്റെ 32 എസ്റ്റേറ്റുകളില്‍ നിന്നായി തെരഞ്ഞെടുത്ത തൊഴിലാളി ഗുണ്ടകളെയാണ്‌ ഉപരോധത്തിനായി ഏര്‍പ്പെടുത്തിയതെന്ന്‌ സമരക്കാര്‍ പറയുന്നു. നേരം വെളുത്തു തുടങ്ങിയതേ ഞങ്ങള്‍ സമരഭൂമിയിലെ ആറു കൗണ്ടറുകളും സന്ദര്‍ശിക്കാനായി നടത്തം തുടങ്ങി. കൂടെ വിജയന്‍ മോതിരവയലും സമരഭൂമിയുടെ സെക്രട്ടറി സെലീന പ്രക്കാനവും. ശ്യാമള, സരോജിനി, നന്ദിനി, ലീലാമ്മ, ലളിത, പ്രസന്ന എന്നിവര്‍ക്കാണ്‌ ആറു കൗണ്ടറുകളുടെയും ചുമതല. സമരഭൂമിക്കു ചുറ്റുമായി സ്‌ത്രീകളും പുരുഷന്മാരും രാത്രിയും പകലുമായി മാറിമാറി കാവല്‍ നില്‍ക്കുന്നുണ്ട്‌. ടെന്റുകളില്‍ മീന്‍ വില്‍പനക്കായി വരുന്ന രാജന്റെ ശബ്ദം കേട്ടു. പുറംലോകവുമായുള്ള ബന്ധം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ട ഇവര്‍ക്ക്‌ സമരഭൂമിക്ക്‌ പുറത്തുള്ള വിശേഷങ്ങള്‍ വിവരിച്ചു കൊടുക്കുന്നത്‌ രാജനാണ്‌. ഒരുതവണ ഇയാളെ ഉപരോധക്കാര്‍ ഉപദ്രവിക്കുകയും അടിച്ചവശനാക്കി കൈയിലുള്ള കാശ്‌ പിടിച്ചുപറിക്കുകയും ചെയ്‌തതാണ്‌. ഞങ്ങളുടെ തൊട്ടുപുറകെ വന്ന ബസ്സില്‍ നിന്ന്‌ സമരഭൂമിയിലേക്കു വരുന്ന സ്‌ത്രീകളടക്കമുള്ള 22 പേരെ ഉപരോധക്കാര്‍ വലിച്ചിറക്കി മര്‍ദ്ദിക്കുകയും അടുത്ത വണ്ടിയില്‍ തിരിച്ചയക്കുകയും ചെയ്‌ത പുതിയ വിവരം രാജന്‍ എല്ലാവരോടുമായി വിശദീകരിക്കുന്നുണ്ടായിരുന്നു. അവിടെ ഉപരോധക്കാര്‍ക്കൊപ്പം കൂടി നിന്നിരുന്ന പോലീസുകാര്‍ ഈ പാവങ്ങളെ ഉപദ്രവിക്കുമ്പോള്‍ എന്തു ചെയ്യുകയായിരുന്നു...? രാഷ്ട്രീയക്കാരും കോടതിയും പോലീസും കൈവെടിഞ്ഞ ഇവര്‍ക്ക്‌ ഇനി ആരാണ്‌ രക്ഷകരായി അവതരിക്കുക..?. സമരഭൂമിയിലെ ഏതെങ്കിലും യുവാക്കളെ കണ്ണില്‍പ്പെട്ടാല്‍ ആ നിമിഷം പിടികൂടി ചണ്ടി (ഒട്ടു കറ) മോഷ്ടാവ്‌ എന്ന കുറ്റം ചുമത്തി പോലീസും ഉപദ്രവിക്കുകയാണ്‌. ഉപരോധം മൂലം പട്ടിണിയായപ്പോള്‍ മാത്രമാണ്‌ റബ്ബര്‍ മരങ്ങളില്‍ കത്തി വെച്ചതെന്ന്‌ സമരക്കാര്‍ പറയുന്നു. ചണ്ടി മോഷ്ടാവെന്നു പറഞ്ഞ്‌ പിടികൂടി ഉപരോധക്കാരും പോലീസും പെരുമാറിക്കഴിയുമ്പോഴേക്കും ഒരു യുവാവിന്റെ ആയുസ്സില്‍ പകുതി തീര്‍ന്നിട്ടുണ്ടാകും. ഇവര്‍ക്കു വേണ്ടി വാദിക്കാനും ജാമ്യത്തിലെടുക്കാനും ഒരു വക്കീലും വരില്ലെന്ന്‌ സി.പി.എമ്മിനും പോലീസിനും നന്നായറിയാം. ''ഒരു തുണ്ട്‌ ഭൂമിയുണ്ടെങ്കില്‍ ഇവിടെ വന്ന്‌ ആരും കഷ്ടപ്പെടില്ലായിരുന്നു." ഓമന കരഞ്ഞുകൊണ്ട്‌ പറഞ്ഞു. ഒരുപിടി പഴഞ്ചോറെങ്കിലും കിട്ടുമോ എന്നറിയാതെ നാളുകളായി തീപൂട്ടാത്ത അടുപ്പിലെ കലത്തില്‍ കൈയിട്ടുവാരുന്ന കുട്ടിയുടെ കാഴ്‌ച ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. സമീപത്തായി താടിക്കു കൈ കൊടുത്ത്‌ പ്രതീക്ഷയുടെ കിരണങ്ങള്‍ പോലുമില്ലാത്ത കണ്ണുകളുമായി കുട്ടിയുടെ അമ്മ നില്‍ക്കുന്നുണ്ടായിരുന്നു. സി.പിഎമ്മുകാര്‍ തങ്ങളുടെ ചെറുപ്പക്കാരെ പിടിച്ചുകെട്ടി അതിക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ ജീപ്പിലേക്ക്‌ വലിച്ചെറിയുകയും ചെയ്യുന്ന കഥ വിവരിക്കുമ്പോള്‍ സ്‌ത്രീകള്‍ വിതുമ്പിക്കരഞ്ഞു. " ഒന്നുകില്‍ ഞങ്ങളെ കൊല്ലൂ; അല്ലെങ്കില്‍ കിടപ്പാടം തരൂ" സെലീന പ്രക്കാനം അവരുടെ സമരവീര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി. മരിക്കാന്‍ തയ്യാറായാണ്‌ ഓരോ കുടുംബങ്ങളും ചെങ്ങറയിലെത്തിയിരിക്കുന്നത്‌. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ സമരഭൂമിയില്‍ കിടന്ന്‌ മരണം. തലചായ്‌ക്കാനൊരു ഇടമില്ലാതെ ഇവിടെ നിന്നിറങ്ങുന്നതിലും ഭേദം മരണമാണെന്ന്‌ ഇവര്‍ പറയുന്നു." പോലീസ്‌ ഞങ്ങളെ വെടിവെച്ച്‌ കൊല്ലട്ടെ. അല്ലെങ്കില്‍ സി.പി.എം ഗുണ്ടകള്‍ അതു ചെയ്യട്ടെ. എന്നാലും സഹനസമരം വിട്ട്‌ ഞങ്ങള്‍ അക്രമത്തിന്റെ പാത സ്വീകരിക്കില്ല." തങ്ങളെ നക്‌സലുകളും തീവ്രവാദികളുമായി ചിത്രീകരിക്കുന്ന സി.പി.എം നേതൃത്വത്തിനെതിരെ സെലീന ആഞ്ഞടിച്ചു.

Saturday, September 6, 2008

കൊമ്പും മുള്ളുമുള്ള പോലീസോ ഗുണ്ടകളോ വരട്ടെ


സമരഭൂമിയില്‍ നിന്ന്‌ പുറത്തിറങ്ങാനാവാത്തതിനാല്‍ ചോരയൊലിക്കുന്ന ചൊറിയുമായി ചികിത്സ നിഷേധിക്കപ്പെട്ട രശ്‌മി, രേശ്‌മ എന്നീ കുട്ടികളുടെ കാലുകള്‍.
.......................................................................................
ചെങ്ങറയില്‍ ഇന്ന്‌ നന്ദിഗ്രാം മോഡല്‍ ഓപ്പറേഷനാണ്‌ സി.പി.എം ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. തൊഴില്‍ വീണ്ടെടുപ്പ്‌ എന്ന കപട നാടകത്തിലൂടെ സമരക്കാരെ കുടിയൊഴിപ്പിച്ച്‌ ഹാരിസണ്‍ മുതലാളിയെ പ്രസാദിപ്പിക്കാനൊരുങ്ങുകയാണ്‌ സി.പി.എം നേതൃത്വത്തിലുള്ള തൊഴിലാളി സംഘങ്ങള്‍. സമരഭൂമിയായ 2000 ഏക്കറിലുള്ള റബ്ബര്‍ മരങ്ങളെല്ലാം കഴിഞ്ഞ മൂന്നു വര്‍ഷമായി വെട്ടാത്തതാണ്‌. അതായത്‌ സമരക്കാര്‍ കുടിയേറ്റം നടത്തുന്നതിനും എത്രയോ മുമ്പ്‌ ഈ മരങ്ങള്‍ പാല്‍ ചുരത്തുന്നത്‌ നിര്‍ത്തിയിരുന്നു. 13 മാസമായി ചെങ്ങറയില്‍ 7300 കുടുംബങ്ങള്‍ കുടില്‍ കെട്ടി സമരം തുടങ്ങിയിട്ട്‌. ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടുവെന്ന്‌ വിലപിക്കുന്നവര്‍ ഇത്രയും കാലം എവിടെയായിരുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ ഇതുവരെ സി.പി.എമ്മിനോ തൊഴിലാളി സംഘടനകള്‍ക്കോ സാധിച്ചിട്ടില്ല. ജില്ലാ കലക്ടര്‍ പി.സി സനല്‍കുമാര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ച്‌ പോലീസിനെ മറികടന്ന്‌ ഇന്ന്‌ സി.പി.എം ഗുണ്ടകള്‍ സമരഭൂമിയിലേക്ക്‌ ഇരച്ചു കയറിയാല്‍ നന്ദിഗ്രാമില്‍ സംഭവിച്ചതിനു സമാനമോ ഒരു പക്ഷേ അതിനേക്കാള്‍ അപകടകരമോ ആയ സ്ഥിതിവിശേഷമാണ്‌ ചെങ്ങറയെ ഞെരുക്കുക. ഇതുവഴി ഇപ്പോള്‍തന്നെ ഉപരോധം മൂലം അപമാനിതമായ പ്രബുദ്ധ കേരളത്തിന്‌ ലോകത്തിനു മുന്നില്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടതായി വരും. പൊട്ടിത്തെറിയിലേക്കെത്തിയ സി.പി.എമ്മിലെ പിണറായി-വി.എസ്‌ പോരും ഈ ആക്രമണത്തിനു കാരണമാണെന്ന്‌ പറയപ്പെടുന്നു. ഏകപക്ഷീയമായ ആക്രമണം നടത്തി സംഘര്‍ഷം സൃഷ്ടിച്ച്‌ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സി.പി.എമ്മിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നതായും ആരോപണമുണ്ട്‌. നിങ്ങളെ ഒഴിപ്പിക്കാന്‍ കൊമ്പും മുള്ളുമുള്ള പോലീസ്‌ വരുമെന്നാണ്‌ പുന്നപ്ര-വയലാര്‍ സമരനായകനെന്ന്‌ അവകാശപ്പെടുന്ന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ ന്യായമായി സമരം ചെയ്യുന്ന ഇവരോട്‌ പറഞ്ഞത്‌. പോലീസോ ഗുണ്ടകളോ വരട്ടെ; കൊല്ലുകയോ തിന്നുകയോ ചെയ്യട്ടെ എന്നതാണ്‌ സമരക്കാരുടെ നിലപാട്‌. സമരഭൂമിക്കു ചുറ്റും രാവും പകലും സി.പി.എമ്മിന്റെ കൂലിപ്പട്ടാളം റോന്തു ചുറ്റുകയാണ്‌. ഇവരെ മറികടന്ന്‌ അങ്ങോട്ടു കടന്നു ചെല്ലാന്‍ സന്നദ്ധ സംഘങ്ങളെയോ സാംസ്‌കാരികപ്രവര്‍ത്തകരെയോ അനുവദിക്കില്ല. രണ്ടു ജീപ്പുകളിലും നിരവധി ബൈക്കുകളിലുമായി കൊന്നപ്പാറ, തണ്ണിത്തോട്‌, പനയമണ്ണ, ഞള്ളൂര്‍, എലിമുള്ളം, അതുമ്പുകുളം, പ്ലാക്കം, പുലിപ്ലാക്കം, കട്ടച്ചിറ, മണിയാര്‍ തുടങ്ങിയ പരിസരപ്രദേശങ്ങളിലൊക്കെ കറങ്ങുകയാണിവര്‍. ആണെന്നോ പെണ്ണെന്നോ കുട്ടിയെന്നോ വൃദ്ധന്മാരെന്നോ ഭേദമില്ലാതെ സമരക്കാരെ കൈയില്‍ കിട്ടിയാല്‍ ഉടനടി അടി ഉറപ്പ്‌. മാത്രവുമല്ല അവരുടെ കൈയിലുള്ള മൊബൈല്‍ ഫോണ്‍, പണം, ഭക്ഷ്യസാധനങ്ങള്‍ എന്നിവയും കൈക്കലാക്കും. ഒന്നു നിലവിളിക്കാന്‍ പോലുമാകാത്ത നിസ്സഹായതയില്‍ തേങ്ങുന്നവരോട്‌ കൂടെ നില്‍ക്കാന്‍ ഇപ്പോഴും കേരളത്തിലെ അധികാര- പ്രമാണി വര്‍ഗ്ഗങ്ങള്‍ക്ക്‌ വൈമുഖ്യമാണ്‌. ഞള്ളൂരിനടുത്ത്‌ വണ്ടിയിറങ്ങി കാട്ടിലേക്കു പ്രവേശിക്കുന്നതിനു മുമ്പ്‌ ബൈക്കില്‍ കറങ്ങുന്ന സംഘം ഞങ്ങളെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിന്‌ അവര്‍ പുറകെ വന്നില്ല. ഇരുട്ട്‌ മാഞ്ഞിട്ടില്ലാത്ത കാട്ടിലൂടെ സെല്‍ഫോണിന്റെ നേരിയ വെട്ടവുമായി ഞങ്ങള്‍ നടന്നു. ഇടക്ക്‌ മരവേരുകളിലും കല്ലുകളിലും തട്ടി വീഴാന്‍ പോയി. കല്ലാറിലേക്ക്‌ പോകുന്ന തോട്‌ മുറിച്ചു കടന്ന്‌ മഞ്ഞക്കൊടി നാട്ടിയ സമരഭൂമിയുടെ അതിരിലൂടെ ഒന്നാം നമ്പര്‍ കൗണ്ടറിലേക്ക്‌ ഞങ്ങള്‍ പ്രവേശിച്ചു. അപ്പോഴേക്കും പുലരിവെട്ടം റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിത്തുടങ്ങി. നേരിയ വെളിച്ചത്തില്‍ സമരക്കാര്‍ പ്ലാസ്റ്റിക്‌ ഷീറ്റ്‌ കൊണ്ട്‌ കെട്ടിയുണ്ടാക്കിയ കുടിലുകള്‍ കണ്ടുതുടങ്ങി. വെട്ടു നിര്‍ത്തിയതിനാല്‍ വയസ്സായി തടിച്ചു കൊഴുത്ത റബ്ബര്‍ മരങ്ങള്‍. കുടിലുകളില്‍ നിന്ന്‌ വൃദ്ധരും രോഗികളുമായ ആളുകളുടെ ഉച്ചത്തിലുള്ള ചുമ. ചിലയിടങ്ങളില്‍ അപ്പോഴും മണ്ണെണ്ണ വിളക്കുകള്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.ഒന്നാം കൗണ്ടറില്‍ റാന്നി സ്വദേശിയും സമരസമിതിയുടെ സജീവപ്രവര്‍ത്തകനുമായ കുന്നുവിളയില്‍ വിജയന്‍ മോതിരവയല്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക്‌ വഴികാട്ടിയായി വന്ന സുനിലിന്റെ ഷെഡ്ഡിലേക്ക്‌ അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. സുനിലിന്റെ ഭാര്യ ഓമന ഞങ്ങള്‍ക്കായി കടും കാപ്പി കാച്ചി ഗ്ലാസ്സുകളില്‍ ഒഴിച്ചു തന്നു. അപ്പോഴേക്കും മകന്‍ സുധീഷ്‌ ഉണര്‍ന്നു. ഉഷാറായി ഓടിച്ചാടി നടന്നിരുന്ന അവന്‍ ഈയിടെയായി വിഷാദത്തോടെ തണുത്തിരിപ്പാണെന്ന്‌ ഓമന പറഞ്ഞു. പഠനം മുടങ്ങിപ്പോയതിന്റെ സങ്കടത്തിലാണ്‌ സുധീഷ്‌. സമരഭൂമിയിലെ ആയിരക്കണക്കിന്‌ കുട്ടികളുടെ പഠനമാണ്‌ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്നത്‌. അമ്മയുടെ ഈ 'പന്ന സമരം' കൊണ്ട്‌ മനുഷ്യന്‌ പഠിക്കാനും പറ്റുന്നില്ലെന്ന്‌ മൂന്നാം ക്ലാസ്സു വരെ പോയ സുധീഷ്‌ പരിതപിക്കുമ്പോള്‍ ചങ്കിടറുകയാണെന്ന്‌ ഓമന പറയുന്നു. പഠിക്കാനായി സ്‌കൂളിലേക്ക്‌ പോയിരുന്ന കുട്ടികളെയും ഉപരോധക്കാര്‍ വെറുതെ വിട്ടിട്ടില്ല. ഞങ്ങള്‍ കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ സമരത്തിന്റെ നൂറുകൂട്ടം ദുരിത കഥകളുമായി അടുത്ത ഷെഡ്ഡുകളില്‍ നിന്ന്‌ ആളുകള്‍ ഇറങ്ങി വന്നു കൊണ്ടിരുന്നു. ഇപ്പോള്‍ സമരഭൂമിയിലെ ഏറ്റവും വലിയ ദുരന്തം രോഗങ്ങളാണ്‌. ചുറ്റും റബ്ബര്‍ കാടുകളായതിനാല്‍ രോഗങ്ങള്‍ ഇവിടെ സുലഭം. പട്ടിണി കിടന്ന്‌ എല്ലും തോലുമായവര്‍ക്ക്‌ അസുഖംകൂടി വന്നാലുള്ള അവസ്ഥ ദയനീയമാണ്‌. ചൊറി പിടിച്ചിരിക്കുന്ന കുട്ടികളും അട്ടകള്‍ കടിച്ച്‌ മുറിവേറ്റവരും നിരവധി. പനിയും മറ്റു മാറാവ്യാധികളും വേറെ. തളര്‍വാതം വന്നും ചിക്കുന്‍ഗുനിയ ബാധിച്ചും സമരാംഗങ്ങളില്‍ ചിലര്‍ പറ്റെ അവശരായിരിക്കുന്നു. ആദിവാസി യുവാവായ അഭിജിത്തിന്റെ രണ്ടു കൈകളിലും ചൊറിയാണ്‌. വൃണങ്ങളില്‍ ചോരയും ചലവും ഒലിച്ച്‌ ഈച്ചയാര്‍ക്കുന്നു. മരുന്ന്‌ വാങ്ങാനായി പുറത്തേക്ക്‌ പോകാനാവാത്തതിനാല്‍ ചെറിയൊരാശ്വാസത്തിന്‌ പച്ചമരുന്നും എണ്ണയുമാണ്‌ ചികിത്സ. പിതാവ്‌ ചെല്ലപ്പന്‍ വാതം പിടിച്ച്‌ തളര്‍ന്നു കിടപ്പാണ്‌. ഇയാളുടെ സംസാരശേഷി ഇതിനകം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങളെ കണ്ടതും ശബ്ദമില്ലാതെ ചെല്ലപ്പന്‍ പൊട്ടിക്കരഞ്ഞു. പട്ടിണി കിടന്ന്‌ ഈ പാവങ്ങളുടെ ശബ്ദം പോലും നഷ്ടപ്പെട്ടിരിക്കുന്നു. രശ്‌മിയും രേശ്‌മയും ഇതേ അവസ്ഥയിലാണ്‌. ചൊറിപിടിച്ച്‌ ചോരയൊലിക്കുന്ന ഈ പിഞ്ചുകുട്ടികളുടെ കാലുകള്‍ കണ്ടാല്‍ ഏതൊരാളുടെയും കരള്‍ വിറയ്‌ക്കും. ആസ്‌പത്രിയില്‍ പോകാനാവാതെ നരകിക്കാനാണ്‌ ഇവരുടെ വിധി. സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ജലദോഷം വരുമ്പോഴേക്കും പേടിയോടെ ഹൈടെക്‌ ആസ്‌പത്രികളിലേക്ക്‌ പായുന്ന മലയാളി ചെങ്ങറയിലേക്കു വരട്ടെ. ഈ ദുരിതങ്ങള്‍ കാണട്ടെ.

Thursday, September 4, 2008

റമസാന്‍ നിലാവില്ലാതെ ഈ റബ്ബര്‍ കാടുകള്‍ഉപരോധം മൂലം പട്ടിണിയിലായ സമരഭൂമിയിലെ കുടിലില്‍ തീ പുകയാത്ത അടുപ്പിലെ ഒഴിഞ്ഞ കഞ്ഞിക്കലത്തില്‍ വറ്റു തിരയുന്ന കുട്ടി.
---------------------------------

ലോകമുസ്‌്‌ലിംകള്‍ റമസാന്‍ വ്രതാനുഷ്‌ഠാനത്തിന്റെ വിശുദ്ധനാളുകളിലേക്ക്‌ പ്രവേശിച്ചപ്പോഴും ഭൂസമരം നടക്കുന്ന ചെങ്ങറയിലെ റബ്ബര്‍കാടുകളിലേക്ക്‌ റമസാന്‍ നിലാവ്‌ ഇതുവരെയും എത്തിനോക്കിയിട്ടില്ല. തോട്ടം തൊഴിലാളികള്‍ക്കു വേണ്ടിയെന്ന പേരില്‍ സി.പി.എം ഗുണ്ടകളുടെ നേതൃത്വത്തില്‍ സമരത്തിന്റെ ഒന്നാം വാര്‍ഷികമായ ഓഗസ്‌റ്റ്‌ 3 മുതല്‍ തുടങ്ങിയ ഉപരോധം മൂലം അരിയും അവശ്യസാധനങ്ങളും ലഭിക്കാതെ ചെങ്ങറ സമരഭൂമി പട്ടിണിയിലാണ്‌. തങ്ങള്‍ക്കെപ്പോഴും നോമ്പു തന്നെയാണെന്ന്‌ ഇവിടുത്തെ മുസ്‌്‌ലിം കുടുംബങ്ങള്‍ നിറകണ്‍ചിരിയോടെ പറയുന്നു. എഴുപതോളം മുസ്‌്‌ലിം കുടുംബങ്ങളാണ്‌ സമരഭൂമിയിലുളളത്‌. റമസാന്‍ വ്രതാനുഷ്‌ഠാനം ആരംഭിക്കുമ്പോള്‍ നോമ്പു നോല്‍ക്കാനും തുറക്കാനും യാതൊരു വഴിയുമില്ലാത്ത വിധം പ്രതിരോധത്തിന്റെ പിടിയിലാണ്‌ ഇവര്‍.
''ആര്‍ക്കും വേണ്ടാതായവരാണ്‌ ഞങ്ങള്‍. ഒന്നുകില്‍ മരണം അല്ലെങ്കില്‍ വിജയം എന്ന ഉദ്ദേശ്യത്തിലാണ്‌ ജീവിക്കുന്നത്‌. എന്തായാലും ഇക്കുറി നോമ്പെടുക്കും" . പറയുന്നത്‌ റംല. തിരുവനന്തപുരം സ്വദേശിനിയായ ഇവര്‍ വേണ്ടപ്പെട്ടവരാല്‍ ഉപേക്ഷിക്കപ്പെട്ട ഹതഭാഗ്യയാണ്‌. ജിവിതത്തിന്റെ നല്ല കാലം മുഴുവനും വീട്ടുവേലക്കാരിയായി ഗള്‍ഫ്‌ നാടുകളില്‍ അദ്ധ്വാനിച്ച്‌ രണ്ടു പെണ്‍മക്കളെ കല്യാണം കഴിച്ചയച്ചു. രണ്ടു മക്കളെയും നല്ല നിലയില്‍ പഠിപ്പിച്ചു. മക്കളുടെ കല്യാണത്തോടെ സ്വത്ത്‌ പ്രശ്‌നം തുടങ്ങി. പെണ്‍മക്കളുടെ നല്ല ഭാവിക്കു വേണ്ടി കിടപ്പാടമടക്കം സമ്പാദ്യമെല്ലാം തീര്‍ന്നു. 22 വര്‍ഷക്കാലം മസ്‌ക്കത്ത്‌, ദുബായ്‌, സലാല എന്നിവിടങ്ങളില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു. ജീവിത്തിന്റെ മുക്കാല്‍ പങ്കും വേണ്ടപ്പെട്ടവര്‍ക്കായി ഉരുകിത്തീര്‍ത്ത ഇവര്‍ക്ക്‌ ഒരുപിടി മണ്ണോ മരണമോ അല്ലാതെ മറ്റൊരു വഴിയുമില്ല. സത്യത്തില്‍ ചെങ്ങറയിലെ സമരം കാണാനായി എത്തിയവരാണ്‌ ഇവര്‍. സാധുജന വിമോചന സംയുക്ത വേദി പറയുന്നതാണ്‌ ശരിയെന്നു തോന്നിയതിനാല്‍ സമരത്തില്‍ പങ്കാളിയായി. സൈനുദ്ദീന്‍, സുള്‍ഫ, നെടുമങ്ങാട്ടുകാരായ റഫീക്ക, ഷെരീഫ മടത്തപ്പറമ്പ്‌ സുഹറാബീവി എന്നിവരും നോമ്പുകാലത്ത്‌ കുട്ടികളും വൃദ്ധരുമടക്കമുള്ള കുടുംബങ്ങളുമായി എങ്ങനെയാണ്‌ ഈ കാട്ടില്‍ കഴിയുക എന്ന ബേജാറിലാണ്‌.
ചെങ്ങറ എന്നതിന്‌ ഇപ്പോള്‍ സമരം എന്ന അര്‍ത്ഥം കൂടി വന്നിരിക്കുന്നു. ഉപരിവര്‍ഗ്ഗ ആഢംബരങ്ങളുടെയും മദ്ധ്യവര്‍ഗ്ഗ പൊങ്ങച്ചങ്ങളുടെയും പുറമ്പോക്കുകളില്‍ പുഴുക്കളെപ്പോലെ കഴിഞ്ഞിരുന്നവരാണ്‌ തലചായ്‌ക്കാന്‍ ഇടം വേണമെന്നാവശ്യപ്പെട്ട്‌ ചെങ്ങറയില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നത്‌. അന്തസ്സായി ജീവിക്കാനാവശ്യമായ കൃഷിഭൂമി ഭരണഘടനാനുസൃതമായി പട്ടിണിപ്പാവങ്ങള്‍ക്ക്‌ ലഭിക്കണമെന്നാവശ്യപ്പെട്ട്‌ 2002 മുതല്‍ പ്രക്ഷോഭം നടത്തുകയാണ്‌ സാധുജന വിമോചന സംയുക്ത വേദി (എസ്‌.വി.എസ്‌.വി). 2005 ഓഗസ്‌റ്റ്‌ 15ന്‌ പത്തനം തിട്ട മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രത്യക്ഷ സമരമെന്നോണം അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചു. 2006 ജനുവരി ഒന്നിന്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുന്നോട്ടുവെച്ച 22 ആവശ്യങ്ങളില്‍ മൂന്നു മാസത്തിനകം തീര്‍പ്പുണ്ടാകുമെന്ന പ്രതീക്ഷയില്‍ സമരം അവസാനിപ്പിച്ചവര്‍ വെറുംകൈയോടെ കാത്തിരുന്നത്‌ മിച്ചമായി. വീണ്ടും 2006 ജൂണ്‍ 21ന്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊടുമണ്‍ പ്ലാന്റേഷനില്‍ കയറി ഒറ്റരാത്രി 4000 കുടിലുകള്‍ കെട്ടി സമരം അടുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിച്ചു. ജൂണ്‍ 25ന്‌ പത്തനംതിട്ട ജില്ലാകളക്ടറുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ച ഇവര്‍ വീണ്ടും കബളിപ്പിക്കപ്പെടുകയായിരുന്നു. പിന്നെ മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്‌ യാതൊരു പ്രതികരണവും ഉണ്ടാകാതിരുന്നതിനാല്‍ സെപ്‌തംബര്‍ 19 മുതല്‍ പത്തനംതിട്ട കളക്ട്രേറ്റ്‌ പടിക്കല്‍ മരണം വരെ നിരാഹാരമാരംഭിച്ചു. സെപ്‌തംബര്‍ 27ന്‌ റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ ചര്‍ച്ചക്ക്‌ ക്ഷണിച്ചു. സത്യാഗ്രഹം നിര്‍ത്തി. 1969 മുതല്‍ 1977 വരെ കേരളം ഭരിച്ച അച്യുതമേനോന്‍ സര്‍ക്കാര്‍ നടപ്പാക്കിയതു പോലെ ഒരു ഏക്കര്‍ മുതല്‍ ഒരു ഹെക്ടര്‍ വരെ ഭൂമി കൊടുക്കാമെന്ന്‌ മന്ത്രി പറഞ്ഞു. നടന്നില്ല. അങ്ങനെയാണ്‌ 2007 ഓഗസ്‌റ്റ്‌ 4ന്‌ ചെങ്ങറയിലെ കുറുമ്പറ്റി ഡിവിഷനില്‍ ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കുത്തക കമ്പനിയായ ഹാരിസണിന്റെ റബ്ബര്‍ തോട്ടത്തില്‍ കുടില്‍ കെട്ടി സമരമാരംഭിച്ചത്‌. സമരക്കാര്‍ക്കെതിരെ കോടതിയുടെ ഉത്തരവു നേടാന്‍ ഹാരിസണു സാധിച്ചെങ്കിലും ഒന്നുകില്‍ ഭൂമി അല്ലെങ്കില്‍ മരണം എന്ന നിശ്ചയവുമായി കഴിഞ്ഞ ഒരു വര്‍ഷമായി സമരം ചെയ്യുന്നവരെ പിന്തിരിപ്പിക്കുന്നത്‌ എളുപ്പമല്ല. വനഭൂമി ഹാരിസണ്‍ വെട്ടിപ്പിടിച്ച സ്ഥലത്താണ്‌ തങ്ങള്‍ കുടില്‍ കെട്ടി താമസിക്കുന്നത്‌ എന്നാണ്‌ സമരക്കാര്‍ പറയുന്നത്‌. ഈയിടെ പോലീസ്‌ ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി സമരക്കാര്‍ നിലയുറപ്പിച്ചതോടെ പിന്‍വാങ്ങേണ്ടി വന്നു.
ഇപ്പോള്‍ സമരക്കാര്‍ക്കെതിരെ കടുത്ത ഉപരോധവുമായി തോട്ടം തൊഴിലാളികളുടെ സഹായത്തോടെ സി.പി.എം രംഗത്തെത്തിയിരിക്കുകയാണ്‌. ഹാരിസണ്‍ സ്‌പോണ്‍സര്‍ ചെയ്‌ത ഉപരോധമാണ്‌ ഇവിടെ നടക്കുന്നതെന്ന്‌ സമരക്കാര്‍ ആരോപിക്കുന്നു. രാവും പകലും ഉപരോധക്കാര്‍ കഴുകന്മാരെപ്പോലെ ഇരകളെ കാത്തിരിപ്പാണ്‌. ആരെങ്കിലും സമരഭൂമിയില്‍ നിന്ന്‌ അകത്തേക്കോ പുറത്തേക്കോ പോകുന്നെങ്കില്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്‌ സി.പി.എമ്മുകാര്‍. പട്ടിണിക്കിട്ട്‌ സമരക്കാരെ പുറത്തുചാടിക്കാനുള്ള ശ്രമം കടുത്ത മനുഷ്യാവകാശലംഘനമായിട്ടും കേരളത്തിലെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികളോ മാധ്യമങ്ങളോ ഈ വിഷയം ഗൗരവത്തില്‍ ഉള്‍ക്കൊള്ളുകയോ ഏറ്റെടുക്കുകയോ ചെയ്‌തിട്ടില്ല.
കഴിഞ്ഞ ഒരു മാസമായി മാധ്യമപ്രവര്‍ത്തകരെയും സമരഭൂമിയിലേക്ക്‌ കടത്തിവിടാതിരിക്കാന്‍ സി.പി.എമ്മുകാര്‍ പ്രത്യേകം ശ്രദ്ധിക്കന്നുണ്ട്‌. സമരക്കാര്‍ക്കെതിരെ കള്ളക്കഥകളും കള്ളക്കേസുമുണ്ടാക്കി അവരെ തളര്‍ത്താനും ശ്രമങ്ങളുണ്ട്‌.
രാപ്പകല്‍ ഭേദമന്യേ ഉപരോധം ശക്തമായതിനാല്‍ അതീവരഹസ്യമായാണ്‌ ഞങ്ങള്‍ കഴിഞ്ഞ ദിവസം സമരഭൂമിയിലേക്ക്‌ പ്രവേശിച്ചത്‌. സംയുക്ത സമര സമിതി നേതാവും സാധുജന വിമോചനവേദിയുടെ സംസ്ഥാന പ്രസിഡണ്ടുമായ ളാഹ ഗോപാലന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ച്‌ പുലര്‍ച്ചെ പോകാനായി പുറപ്പെട്ടു നിന്നു. മുസ്‌്‌ലിം യൂത്ത്‌ ലീഗ്‌ ജില്ലാസെക്രട്ടറി ഹന്‍സലാഹ്‌്‌ മുഹമ്മദിന്റെ കൂടെ കാറിലാണ്‌ പുറപ്പെട്ടത്‌. ഫോട്ടോഗ്രാഫര്‍ ഷംസീറും ഇ.സാദിഖലിയും ഈ ലേഖകനുമൊപ്പം സമരാംഗങ്ങളായ സുനിലും രാജേന്ദ്രനും അരിച്ചാക്കുകളുമായി കൂടെയുണ്ടായിരുന്നു. അതുമ്പുകുളത്തെത്തിയപ്പോള്‍ ആരെങ്കിലും വന്നാല്‍ ഒന്നു തല്ലാമായിരുന്നു എന്ന മട്ടില്‍ കൂട്ടംകൂടി നില്‍ക്കുന്ന സി.പി.എം ഗുണ്ടകളെ കണ്ടു. അവര്‍ എന്തോ ഞങ്ങളെ തടഞ്ഞില്ല. അമ്പുകുളത്തു നിന്ന്‌ മൂന്നു ഫര്‍ലോങ്‌ കഴിഞ്ഞ്‌ ഞള്ളൂരിന്‌ തൊട്ടിപ്പുറത്താണ്‌ ഞങ്ങള്‍ വണ്ടിയിറങ്ങിയത്‌. ഉടന്‍ കാറില്‍ നിന്നിറങ്ങി കാട്ടിലേക്ക്‌ പ്രവേശിച്ചു. ഇരുട്ട്‌ കട്ടപിടിച്ച കാട്ടുവഴികളിലൂടെ സുനിലും രാജേന്ദ്രനും വഴികാണിച്ചു.

Tuesday, September 2, 2008

ചെങ്ങറയില്‍ നന്ദിഗ്രാം മോഡല്‍ ഓപ്പറേഷന്‌ സി.പി.എം തയ്യാറെടുക്കുന്നു

പരതന്നൂരിലെ പായി അമ്മക്ക്‌ വയസ്സ്‌ എണ്‍പതായി. അസുഖംമൂലം ശരിക്ക്‌ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ. മരുന്നു വാങ്ങാനായി ചെങ്ങറയില്‍നിന്ന്‌ പുറത്തിറങ്ങിയ അവര്‍ക്ക്‌ ഇതുവരെ അകത്തേക്കു കടക്കാനായിട്ടില്ല. ചെങ്ങറയില്‍ ഭൂസമരം നടത്തുന്നവര്‍ക്കു നേരെ ഉപരോധത്തിന്റെ ഇരുമ്പുമറ തീര്‍ത്ത്‌ സി.പി.എം. നേതൃത്വത്തിലുള്ള ഗുണ്ടകള്‍ നടത്തുന്ന ആക്രമണങ്ങള്‍ പുറംലോകമറിയുന്നുമില്ല. ജനാധിപത്യപരമായ രീതിയില്‍ കൃഷിഭൂമി നല്‍കണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന പതിനായിരത്തോളം പട്ടിണിപ്പാവങ്ങളെ ഒഴിപ്പിക്കാനായി സപ്‌തംബര്‍ മൂന്നിന്‌ നന്ദിഗ്രാം മോഡല്‍ ഓപ്പറേഷന്‍ നടത്താന്‍ സി.പി.എം. പിന്നണി ഒരുക്കങ്ങള്‍ തുടങ്ങിയതോടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുന്നവര്‍ അങ്കലാപ്പിലാണ്‌.
'`ഞങ്ങള്‍ പാവങ്ങളാണ്‌ കിടക്കാന്‍ ഒരിടത്തിനുവേണ്ടിയാണ്‌ സമരം ചെയ്യുന്നത്‌. കുറെ നാള്‍ പട്ടിണിയായിരുന്നു. അരി വാങ്ങാന്‍ വേണ്ടി തോട്ടമിറങ്ങി വന്നതാണ്‌. ഇപ്പോള്‍ ഭാര്യയും കുട്ടികളും പട്ടിണിയാവും. നാലു ദിവസമായി തിരിച്ചു കയറാന്‍ ശ്രമിച്ചിട്ടും നടന്നില്ല.'' പറയുന്നത്‌ കൊല്ലം ജില്ലയിലെ കുളത്തുപുഴ പഞ്ചായത്തില്‍ റോസ്‌മലയിലെ ഈട്ടിവിള രാജന്‍. ഇദ്ദേഹത്തിന്റെ ഭാര്യ മാലതിയും മക്കളായ സ്‌മൃതിയും രാജേഷും അരി വാങ്ങാന്‍ പോയ അച്ഛന്‌ എന്തു സംഭവിച്ചു എന്നു പോലും അറിയാനാവാതെ ആശങ്കയിലാണ്‌. മരുന്നിനും ഭക്ഷണത്തിനുമായി തോട്ടമിറങ്ങി വന്നവര്‍ പറയുന്ന ദുരിത കഥകള്‍ വിവരണാതീതമാണ്‌. കുറച്ചു നാള്‍ മാറിനില്‍ക്കണമെന്നു പറഞ്ഞ സി.പി.എമ്മുകാരെ വിശ്വസിച്ചാണ്‌ പലരും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി തോട്ടമിറങ്ങിയത്‌. എന്നാല്‍ കിലോമീറ്ററുകളോളം നടന്ന്‌ തിരിച്ച്‌ കുടിലുകളിലേക്ക്‌ കയറാനൊരുങ്ങിയ ഇവരെ സി.പി.എമ്മുകാര്‍ തടയുകയായിരുന്നു. ചെങ്ങറയിലേക്ക്‌ ഭക്ഷണവും വസ്‌ത്രവും മരുന്നുമായി എത്തിയ മുസ്‌ലിം യൂത്ത്‌ലീഗടക്കമുള്ള സന്നദ്ധ സംഘങ്ങളെ പോലീസിന്റെ ഒത്താശയോടെ തിരിച്ചയക്കുകയാണ്‌ ചെയ്യുന്നത്‌. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ കൃഷിഭൂമിക്കു വേണ്ടി സമരം ചെയ്‌തവര്‍ക്കെതിരെ സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നയം തന്നെ കേരളത്തിലും ആവര്‍ത്തിക്കാനാണ്‌ സി.പി.എം. തയ്യാറെടുക്കുന്നത്‌. മര്‍ദ്ദനങ്ങളിലൂടെയും ഭീഷണിയിലൂടെയും സമരം അവസാനിപ്പിക്കാന്‍ ആദിവാസികള്‍ തയ്യാറാകാതിരുന്നതിനാല്‍ ഇപ്പോള്‍ ഇവര്‍ക്കെതിരെ കടുത്ത ഉപരോധമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. നന്ദിഗ്രാമിനു സമാനമായ ഉപരോധം തന്നെയാണ്‌ ചെങ്ങറയിലും. ആദിവാസികള്‍ക്കായി പുറത്തു നിന്നെത്തുന്ന ഒരു സഹായവും അവരില്‍ എത്താതിരിക്കാന്‍ ആസൂത്രിത ശ്രമമാണ്‌ നടക്കുന്നത്‌. സമരക്കാതെ പട്ടിണിക്കിട്ട്‌ പുറത്തു ചാടിക്കാനാണ്‌ സി.പി.എം. ശ്രമം.
``നന്ദിഗ്രാമിനേക്കാള്‍ ഗൗരവമുള്ള സംഗതികളാണ്‌ ചെങ്ങറയില്‍ നടക്കുന്നത്‌. അരി വാങ്ങാന്‍ പോയവര്‍ തിരിച്ചുവരുന്നതും കാത്ത്‌ തോട്ടത്തിനു ചുറ്റും റോന്ത്‌ ചുറ്റുകയാണ്‌ സി.പി.എമ്മുകാര്‍. കട്ടച്ചിറ, തണ്ണിത്തോട്‌, മണിയാര്‍ തുടങ്ങിയ പരിസര പ്രദേശങ്ങളിലേക്ക്‌ അവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയവരെ ഇപ്പോഴും തിരിച്ചു കയറ്റിയിട്ടില്ല. വാര്‍ത്തകള്‍ യഥാര്‍ത്ഥത്തില്‍ പുറത്തെത്തിക്കാന്‍ മാധ്യമങ്ങള്‍ക്കും സാധിക്കുന്നില്ല.'' ചെങ്ങറ സമര നേതാവും സാധുജന വിമോചന സംയുക്ത വേദിയുടെ സംസ്ഥാന പ്രസിഡണ്ടുമായ ളാഹ ഗോപാലന്‍ പറയുന്നു.
``ഒരു നേരത്തെ കഞ്ഞിയായിരുന്നു ഞങ്ങളുടെ ഭക്ഷണം. ഇപ്പോള്‍ ഉപരോധത്തിനെത്തിയ സി.പി.എമ്മുകാര്‍ സ്‌ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചു തുടങ്ങിയിരിക്കുന്നു.'' കൊട്ടാരക്കര സ്വദേശിനിയായ ഓമന പറയുന്നു. കുഞ്ഞു മകന്‍ സജിക്ക്‌ പനിയായതിനാല്‍ ഡോക്‌ടറെ കാണിക്കാനായി പുറത്തിറങ്ങിയതാണ്‌ ഇവര്‍. 41 ദിവസം പ്രായമുള്ള പിഞ്ചുകുട്ടിയടക്കം നിരവധി രോഗികളും വൃദ്ധന്മാരുമുള്ള ചെങ്ങറ സമരക്കാര്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും ഭയപ്പെട്ടു കഴിയുകയാണ്‌. ജീവനോടെ എത്ര കാലമുണ്ടാകുമെന്നു പോലും ഉറപ്പില്ലാത്ത ഇവര്‍ ആറ്റിലെ വെള്ളം കുടിച്ചാണ്‌ ഇപ്പോള്‍ പശിയടക്കുന്നത്‌. ഫോണ്‍ സംവിധാനങ്ങളടക്കം പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ വാതിലുകളും അടച്ച്‌ നന്ദിഗ്രാം മോഡല്‍ ഓപ്പറേഷനാണ്‌ സി.പി.എം. നടത്താനൊരുങ്ങുന്നത്‌. ഭരണകൂട ഭീകരതയുടെ അങ്ങേ അറ്റത്തുനിന്നു കൊണ്ടല്ലാതെ സി.പി.എമ്മിന്‌ ചെങ്ങറയിലെ ഒരാളെയും ബലമായി ഒഴിപ്പിക്കാനാവില്ലെന്നാണ്‌ സമര സമിതി നല്‍കുന്ന സൂചന.