Sunday, September 7, 2008

കൊടും ക്രൂരത പൂര്‍ണ ഗര്‍ഭിണിയോടും


ഓര്‍ക്കുമ്പോള്‍ തന്നെ ഭീതി ജനിക്കുന്ന ആ ദിവസമോര്‍ത്ത്‌ കുഞ്ഞൂഞ്ഞ്‌ കരയുകയാണ്‌. ഉപരോധം നടത്തുന്നവര്‍ കഴിഞ്ഞ ഓഗസ്‌റ്റ്‌ 15ന്‌ പുറത്തു പോയി അവശ്യസാധനങ്ങള്‍ വാങ്ങിക്കാനുള്ള കരുണ സമരക്കാരോട്‌ കാണിച്ചെങ്കിലും അതൊരു ചതിയായിരുന്നുവെന്ന്‌ സാധനങ്ങള്‍ വാങ്ങി സമരഭൂമിയിലേക്ക്‌ മടങ്ങിയപ്പോഴാണ്‌ തിരിച്ചറിഞ്ഞത്‌. ഇപരോധം അയഞ്ഞുവെന്ന ഒത്തിരി ആശ്വാസവുമായി കുടിലുകളിലേക്ക്‌ മടങ്ങിയവരെ തൊഴിലാളികള്‍ തടയുകയും ഉപദ്രവിക്കുകയും ചെയ്‌തു. കുഞ്ഞൂഞ്ഞിനും ഭാര്യക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഉപരോധക്കാര്‍ കുഞ്ഞൂഞ്ഞിന്റെ കാല്‌ തല്ലിയൊടിക്കുകയും ഏറെ നാള്‍ പണിയെടുത്ത്‌ സ്വരൂപിച്ച 2500 രൂപ, വാച്ച്‌, അരി എന്നിവ ബലമായി പിടിച്ചെടുക്കുകയും ചെയ്‌തു. സാംസ്‌കാരിക കേരളം ലജ്ജിച്ചു തലതാഴ്‌ത്തട്ടെ. ഉഗ്രവിഷജാതിയായ കടുവാചിലന്തിയും ചോരയൂറ്റുന്ന അട്ടകളുമുള്ള ഈ കാട്ടില്‍; ജീവിക്കാന്‍ ഒരുപിടി മണ്ണുവേണമെന്നു പറഞ്ഞ്‌ സമരം ചെയ്യുന്നവര്‍ക്കെതിരെ ജനാധിപത്യകേരളത്തിലെ വിപ്ലവപ്രസ്ഥാനം സ്വീകരിച്ച നെറികെട്ട നിലപാട്‌ ഈ നാടിനെ എവിടെയെത്തിക്കുമെന്ന്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗങ്ങളോടും പട്ടിണിയോടും പൊരുതി കാട്ടില്‍ വന്നു കിടക്കുന്ന, ചാകാന്‍ പോലും ജീവനില്ലാത്തവരെ തീവ്രവാദിയെന്നു വിളിക്കാന്‍ എങ്ങനെയാണു നിങ്ങള്‍ക്കു മനസ്സു വന്നത്‌..?. ഉപരോധമെന്ന ഓമനപ്പേരിട്ട്‌ ഇഞ്ചിഞ്ചായി കൊല്ലാന്‍ മാത്രം എന്ത്‌ അപരാധമാണ്‌ ഈ പാവങ്ങള്‍ ചെയ്‌തത്‌..?. അന്തസ്സായി ജീവിക്കണമെന്ന ആവശ്യം ഏതു ഭരണഘടന വെച്ചാണ്‌ നിരാകരിക്കാനാവുക..?. പ്രബുദ്ധ മലയാളത്തിന്റെ ഇടനെഞ്ചിലേക്ക്‌ ഇത്തരം ചോദ്യങ്ങള്‍ തീമഴയായി പെയ്‌തിറങ്ങുമ്പോഴുംഇവിടെ ചിലര്‍ക്ക്‌ ഉണരാന്‍ നേരമായിട്ടില്ല എന്നത്‌ അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്‌. പട്ടിണിക്കു പുറമെ അസുഖങ്ങളുടെ പരമ്പര വന്നിട്ടും സമരഭൂമി അവശമായിട്ടില്ല. രോഗം ബാധിച്ചവരെ ആസ്‌പത്രിയില്‍ കൊണ്ടുപോകാനോ അവര്‍ക്ക്‌ മരുന്നെത്തിക്കാനോ ഉപരോധക്കാര്‍ അനുവദിക്കുന്നില്ലെന്ന്‌ പനി പിടിച്ച്‌ കുളിരുമ്പോള്‍ തീ കാഞ്ഞ്‌ ആശ്വാസം കണ്ടെത്തുന്ന മധുവിന്റെ ബന്ധുക്കള്‍ പറയുന്നു. രണ്ടാം കൗണ്ടറില്‍ തീയിട്ട്‌ തണുപ്പ്‌ മാറ്റുന്നവര്‍ക്കിടയില്‍ കിടക്കുന്നത്‌ പനി പിടിച്ച മനുഷ്യനാണെന്ന്‌ കൂടെയുള്ളവര്‍ പറഞ്ഞു. തല ഉയര്‍ത്തി ഞങ്ങളെയൊന്ന്‌ നോക്കാനാവാത്ത വിധം അയാള്‍ ക്ഷീണിതനാണ്‌. പൊടുന്നനെ കുറെ വൃദ്ധരായ സ്‌ത്രീകള്‍ മരുന്ന്‌ നല്‍കാന്‍ വന്നവരാണെന്ന ധാരണയില്‍ ഞങ്ങളെ വളഞ്ഞു. അവരുടെ കൈകളില്‍ ഉപരോധം വരും മുമ്പ്‌ സര്‍ക്കാര്‍ ആസ്‌പത്രിയിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ മരുന്നു ചീട്ടുകളുണ്ടായിരുന്നു. ഓമന, കാര്‍ത്ത്യായനി, സരസമ്മ, ഭാരതി, അന്നമ്മ, ഗൗരിക്കുട്ടി, ശ്യാമള, സരോജിനിയമ്മ, കുട്ടിയമ്മ തുടങ്ങി നിരവധി വൃദ്ധസ്‌ത്രീകളാണ്‌ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം വീര്‍പ്പു മുട്ടുന്നത്‌. ഇവര്‍ക്ക്‌ നിത്യവും കഴിക്കേണ്ട മരുന്നുകള്‍ ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്‌. " സമരത്തിന്റെ വാര്‍ഷികം മുതലാണ്‌ അവര്‍ ഉപരോധം തുടങ്ങിയത്‌. അല്‍പ്പം താമസിച്ചായാലും സത്യം ജയിക്കുമെന്നു തന്നെയാണ്‌ ഞങ്ങളുടെ വിശ്വാസം. ഞങ്ങളെയിങ്ങനെ പട്ടിണിക്കിട്ട്‌ കൊല്ലുന്നതിലും ഭേദം വെടിവെച്ച്‌ കൊല്ലുന്നതായിരുന്നു." ഓമനച്ചേച്ചി പറഞ്ഞു. അപ്പോഴേക്കും ഈ ലേഖകന്റെ കൈ നിറയെ മരുന്ന്‌ ചീട്ടുകളും ലാബുകളിലെ പരിശോധനാ റിപ്പോര്‍ട്ടുകളും നിറഞ്ഞു. മരുന്ന്‌ തീര്‍ന്നെന്നും വാങ്ങാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞ്‌ ചിലര്‍ നിന്നു കരയാന്‍ തുടങ്ങി. എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ അല്‍പ്പ നേരം അന്ധാളിച്ചെങ്കിലും വൈകാത എല്ലാം ശരിയാകുമെന്ന ആശ്വാസ വചനങ്ങളുമായി ഞങ്ങള്‍ അവരെ സമാധാനിപ്പിച്ചു. ഓരോരോ അസുഖങ്ങള്‍ വിവരിച്ച്‌ സ്‌ത്രീകളും പുരുഷന്മാരും വേദനയോടെ ഞങ്ങള്‍ക്കു മുന്നില്‍ നിന്നു. മോണ നിറയെ പഴുപ്പുമായി സംസാരിക്കാന്‍ പോലുമാകാതെ ശോഭന എന്ന സ്‌ത്രീ ഞങ്ങളെ വന്നു കണ്ടു. വേദന മൂലം ഭക്ഷണം കഴിച്ചിട്ട്‌ നാളുകളായെന്ന്‌ ശോഭന പറഞ്ഞു. അവര്‍ പതുക്കെ കരയുന്നുണ്ടായിരുന്നു. പൂര്‍ണഗര്‍ഭിണിയായി നില്‍ക്കുന്ന ലത എന്ന സ്‌ത്രീയുടെ കുടിലിലേക്കാണ്‌ പിന്നെ ഞങ്ങള്‍ പോയത്‌. കണ്ണുകളില്‍ നിറയെ ഭീതിയുമായി അവര്‍ ഞങ്ങള്‍ക്കു മുന്നില്‍ നിന്നു. നടരാജന്‍ എന്നു പേരുള്ള അവരുടെ അച്ഛനും കൂടെയുണ്ടായിരുന്നു. ഇവരെ ആസ്‌പത്രിയിലെത്തിക്കേണ്ടത്‌ എങ്ങനെയാണെന്നറിയാതെ ചുറ്റുമുള്ളവര്‍ ഇതെഴുതുമ്പോഴും ആശങ്കയിലാണ്‌. ഒരു കുഞ്ഞിന്‌ സ്വസ്ഥമായി ഭൂമിയിലേക്ക്‌ ജനിച്ചു വീഴാനുള്ള സ്വാതന്ത്ര്യം പോലും നല്‍കാത്ത ഉപരോധക്കാര്‍ക്കും ഭാര്യയും മക്കളുമുണ്ടായിരിക്കും. അവര്‍ക്കാണ്‌ ഈ ഗതി വന്നതെങ്കിലെന്ന്‌ ചിന്തിക്കാന്‍ മനുഷ്യത്വരഹിതമായ ഇത്തരം തീരുമാനങ്ങളെടുക്കുന്നവര്‍ മെനക്കെടാത്തതെന്ത്‌..?. ലതയുടെ കൂടെ അവരുടെ കൊച്ചുമോളുമുണ്ടായിരുന്നു. നിര്‍വികാരതയോടെയാണ്‌ അവര്‍ ക്യാമറയിലേക്ക്‌ നോക്കിയത്‌. പൂര്‍ണ ഗര്‍ഭിണിയോടും ഈ ക്രൂരത കാണിക്കുന്നവരെ നമ്മളിപ്പോഴും ന്യായീകരിക്കുന്നു. ഉപരോധക്കാരുടെ ഭാഗത്താണ്‌ ശരിയെന്ന്‌ വിളിച്ചുകൂവാന്‍ ആവേശം കാണിക്കുന്നവര്‍ ഒരു നിമിഷമെങ്കിലും ഈ ദുര്‍ബലയും നിസ്സഹായയുമായ സ്‌ത്രീയെ ഓര്‍ത്തിരുന്നെങ്കില്‍. ഹാരിസണ്‍സിന്റെ എസ്റ്റേറ്റ്‌ കയ്യേറിയ സാധുജനവിമോചന സംയുക്തസമിതിയുടെ ചെങ്ങറ ഭൂസമരം ന്യായമോ അന്യായമോ എന്ന രീതിയില്‍ കേരളമൊട്ടുക്കും ചര്‍ച്ച നടക്കുകയാണ്‌. ഒരു സമരത്തിന്റെ ശരിയും തെറ്റും നിര്‍ണയിക്കാന്‍ ചുരുങ്ങിയത്‌ ആ സമരം ഏതെങ്കിലും ജനവിഭാഗത്തിന്റെ നീറുന്ന ജീവിതത്തെ ആവിഷ്‌കരിക്കുന്നുണ്ടോ എന്നാണ്‌ പരിശോധിക്കേണ്ടത്‌. ആ വിധത്തില്‍ ഈ സമരം ന്യായമാണെന്ന്‌ എളുപ്പത്തില്‍ മനസ്സിലാക്കാനാവും. ഭൂമിക്കു മേലുള്ള ഭരണഘടനാപരമായ അവകാശം നേടിയെടുക്കാന്‍ വേണ്ടിയാണ്‌ ഉപരിവര്‍ഗ്ഗത്തിന്റെ ആട്ടും തുപ്പുമേറ്റ്‌ അവശരായവര്‍ ഇവിടെ അവരുടെ സ്വത്വം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയിത്‌. ഇനി സൂക്ഷിക്കേണ്ടത്‌ അധികാര-മാഫിയ സംഘങ്ങളുടെ മൂടുതാങ്ങികളാണ്‌.

6 comments:

Unknown said...

can't beleive it
Is this happening in keralam
ക്യൂബയില്‍ പൊരുതുന്നവര്‍ക്കുവണ്ടി അവിടത്തെ പോരാട്ടം കഴിഞ്ഞ്‌ ഇത്ര നാളയിട്ടും ആവേശം കൊള്ളുന്നവര്‍ നയിക്കുന്ന നരനായാട്ട്‌.
എല്ലാം ആഘോഷമാക്കുന്ന മാദ്ധ്യമങ്ങളുടെ ക്യാമറ ലെന്‍സുകള്‍ക്ക്‌ എന്താ ഇവിടെയെത്തുമ്പോള്‍ ഒരു മങ്ങല്‍

കാഴ്‌ചക്കാരന്‍ said...

വല്ലാത്ത വേദനയോടെ ഇതൊക്കെ വായിക്കുന്നു.
മനുഷ്യകുലത്തിന്റെ പുറത്താണോ ഇവര്‍
എന്തൊരു ക്രൂരതയാണ്‌ കാലാകാലങ്ങളായി നാമിവരോടു ചെയ്‌തുകൊണ്ടിരിക്കുന്നത്‌
വോട്ടു ബാങ്കായിരുന്നെങ്കില്‍ സംഗതി മറ്റൊരു നിലക്കാവുമായിരുന്നു.
പ്രതി സ്ഥാനത്തു നിര്‍ത്തേണ്ടവര്‍ ആരെല്ലം. ചരിത്രം ഉത്തരം പറയുമെന്ന്‌ കരുതാം.

മഖ്യമന്ത്രി പോലും ആവര്‍ത്തിക്കുന്ന
"ഭൂമാഫിയ"യുടേയും സെസിന്റേയും പുത്തന്‍ അധിനിവേശങ്ങളുടേയും
പരിസരത്തിലാണ്‌ നാം ജീവിക്കുന്നത്‌ എന്ന കാര്യം
ഈ സമരത്തെ പതിന്‍മടങ്ങ്‌ പ്രസക്തമാക്കുന്നു
ആവശ്യങ്ങളുടെ കണക്കെടുപ്പിലൂടേയല്ല,
പൊതു സമൂഹത്തിന്റെ മുമ്പിലുള്ള ഒരു
ചോദ്യചിഹ്നമായാണ്‌ ഈ സമരം വിലയിരുത്തപ്പെടേണ്ടത്‌

നമ്മുടെ വിപ്ലവകാരികളെല്ലാം എവിടെ പോയി പതുങ്ങി ?
അധികാരത്തിന്റെ നിറം നോക്കി നിറം മാറുന്ന കേരളത്തിലെ
സാംസ്‌കാരിക-ബുദ്ധീജീവി വര്‍ഗ്ഗത്തിന്റെ ഉറക്ക നാളുകളാണല്ലൊ ഇത്‌. അവരുറങ്ങട്ടെ
കൂര്‍ക്കംവലികള്‍ കവിതകളായി നമുക്കു വായിക്കാം.

വസ്‌തവം ഒരു സാക്ഷിയെപോലെ വിശദമാക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചിരിക്കുന്നു
അഭിനന്ദനം. വീണ്ടും വീണ്ടും ഇത്തരം കാര്യങ്ങള്‍ക്കായി
കണ്ണും കാതും ഒരുക്കി വെക്കാം.

Unknown said...

Dear Chandrika reporter,

Are you sure that ,any of does not own a piece of land.

Government clearly mentioned, if they give application stating that they dont have land ,its willing to consider.

Afraid of the fact that the truth will be revealed they rejected this proposal.

Now a reporter from Chandrika (mouthpiece of Kunjalikkuty's own Muslim League)is posting fabricated stories, just to tarnish CPM.

Jils said...
This comment has been removed by the author.
Jils said...

ആരുടെ ഭുമി ? കാലാകാലം ആദിവാസികള്‍ ഉപജീവനം കഴിച്ച ഭുമിയുടെ കണക്കുകള്‍ പറയാതിരിക്കുകയാവും ഭേദം. കയ്യൂക്കള്ളുവന്‍ കയ്യടക്കി കടലാസിലാക്കിയതാണോ യാഥാര്‍ത്ഥ്യം ? അങ്ങിനെയൊരു പക്ഷം ചേരലാണ്‌ നിങ്ങളുടെ കമ്മ്യൂണിസമെങ്കില്‍ ഇതെന്നോ കടലിലെറിയേണ്ടതായിരുന്നു. സര്‍ക്കാര്‍ പറയുന്നത്‌ എന്നു മുതല്‍ക്കാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ വേദവാക്യമായത്‌ ?

സി.പി.എം. അടുക്കളയില്‍ തുടങ്ങി തുടങ്ങി എസ്റ്റേറ്റ്‌ പ്രഭുക്കന്‍മാരുടെ എച്ചില്‍ വരെ തിന്നുന്ന ഊച്ചാളി പട്ടിയുടെ ഉശിരുമായി വാലുകൊണ്ട്‌ കോണകമുടുത്ത sajeshന്റെ ഡയരോഗു നോക്കു. ദരിദ്രരെ സംരക്ഷിക്കുന്നെന്ന ഗീര്‍വാണം കാച്ചുന്നവന്റെ ഉളളു പൊള്ള വെളിവാക്കുന്ന ഈ വിഷയം കണ്ട്‌, ഇളിഞ്ഞ്‌, വിഷയമവതിപ്പിച്ചവന്റെ തൊഴിലിടം വരെ ചൂണ്ടുന്ന ഇളിഭ്യന്‍ നിലപാടുകളിലുടെ ഈ ചങ്ങാതിമാരുടെയൊക്കെ തൊഴിലാളി വര്‍ഗ്ഗബോധത്തിന്‌ തെളിവായി മാറട്ടെ ഇതും. അതങ്ങിനെയല്ലെ വരൂ. അദ്ധ്യാനിക്കുന്നവന്റെ പോക്കറ്റടിക്കുന്ന ലോട്ടറിമുതലാളിയില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങി നിലനിര്‍ത്തുന്ന കമ്മ്യൂണിസ്‌റ്റ്‌ ജിഹ്വയിലൂടെ ബോധം ആവാഹിച്ച ഒരു കൂട്ടരില്‍ നിന്നും ഇതിലപ്പുറം എന്തു പ്രതീക്ഷിക്കാന്‍. അധസ്ഥിതന്റേയും ദളിതന്റേയും ശബ്ദം ഈ വിഭാഗം കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ പണ്ടേ അലര്‍ജിയാണ്‌. അതുകൊണ്ടാണല്ലൊ പണ്ടൊരു കുള്ളന്‍ വാമനന്‍ നാട്ടുംപുറങ്ങളില്‍ ഭൂനിയമം പാസാക്കിയപ്പോള്‍ കൃഷിഭൂമിയില്‍ പണിയെടുത്ത പുലയനേയും പറയനേയും പുകച്ചു ചാടിച്ചത്‌. എന്നിട്ടെന്താണാവോ ഈ 'മഹത്തുക്കള്‍' നേടിയത്‌ ? അരിക്കുള്ള ഇരക്കലും അലച്ചിലും കണ്ടില്ലെ.

‍ശരീഫ് സാഗര്‍ said...

ചെങ്ങറയിലേക്ക്‌ പോയിരുന്നു.
ആ തണുത്തു കോച്ചുന്ന വെളുപ്പാന്‍ കാലത്ത്‌. വൈകുന്നേരം വരെ ജീവന്‍ പോലും പണയം വെച്ചു തന്നെ. സുരക്ഷിതമായി കാടിറങ്ങും വരെ ചങ്കിടിക്കുന്നുണ്ടായിരുന്നു.
കണ്ടിരുന്നു; കരഞ്ഞിരുന്നു. ഉള്ളറിഞ്ഞ്‌ ഇങ്ങനെ കരഞ്ഞത്‌ സുനാമി വന്നപ്പോഴാണ്‌.
ചെങ്ങറ എന്നെ തൊട്ടു. അതിന്റെ എല്ലാ വേദനയുടെയും കൈകളോടെ. അതിനുമപ്പുറം എനിക്കറിയില്ല; ഒരാളെയും.