Sunday, September 7, 2008

ഒന്നു കൊല്ലൂ; അല്ലെങ്കില്‍ കിടപ്പാടം തരൂ

ഭൂപരിഷ്‌കരണമെന്ന നിയമനാടകം അവതരിച്ചിട്ട്‌ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നമ്മുടെ ഭൂമിയുടെ ഭൂരിഭാഗവും ഒരുപറ്റം കുത്തക മുതലാളിമാരാണ്‌ കൈവശം വെച്ചിരിക്കുന്നത്‌. കാലഹരണപ്പെട്ട നിയമങ്ങളുടെ ബലത്തില്‍ ഇവര്‍ പതിച്ചുകിട്ടിയതിനേക്കാള്‍ ഇരട്ടി അനധികൃതമായും കയ്യേറിയിട്ടുണ്ട്‌. സര്‍ക്കാറിന്റെ പക്കല്‍ പോലും കയ്യേറ്റഭൂമികളുടെ യഥാര്‍ത്ഥ കണക്കുകള്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്‌. ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ അടിസ്ഥാന ജനവിഭാഗങ്ങളെ മിച്ചഭൂമികളുടെ പുറമ്പോക്കുകളിലും ലക്ഷം വീടുകളിലും തളച്ചിടുകയായിരുന്നു. അങ്ങനെയുള്ള ദുരിതസാഹചര്യങ്ങളില്‍ താമസിക്കുന്നവരില്‍ മിക്കവരുടെയും റേഷന്‍ കാര്‍ഡുകള്‍ ദാരിദ്ര്യരേഖക്ക്‌ മുകളിലാണ്‌ എന്നതും ശ്രദ്ധേയമാണ്‌. പിന്നെ ചരിത്രത്തില്‍ പ്രസംഗങ്ങള്‍ മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കി എന്നൊരു തമാശയും. പൊതുമുതല്‍ കൊള്ളയടിച്ചും തൊഴിലാളികളെ ലയങ്ങളില്‍ താമസിപ്പിച്ച്‌ അടിമകളെപ്പോലെ പണിയെടുപ്പിച്ചും ഈ കുത്തകകള്‍ ലോകത്താകെ പിടിപാടുള്ള വമ്പന്‍ തിമിംഗലങ്ങളായി വളര്‍ന്നു. കൃഷിഭൂമി പതിയെപ്പതിയെ ഇല്ലാതായതോടെ ചേരികളിലേക്ക്‌ പുറംതള്ളപ്പെട്ടവര്‍ പെരുകിപ്പെരുകി ആറടിമണ്ണിന്റെ അവകാശം പോലും ഇല്ലാത്തവരായി. അദ്ധ്വാനിക്കുന്ന ഈ വര്‍ഗ്ഗത്തെ പുനരധിവസിപ്പിച്ച്‌ കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കൃഷിഭൂമി നല്‍കി രാജ്യത്തിന്‌ ഉപകാരപ്പെടുന്ന നവോത്ഥാനം നടത്തുക എന്ന ഉത്തരവാദിത്തം ഗവണ്‍മെന്റില്‍ നിക്ഷിപ്‌തമാണ്‌. ചെങ്ങറ സമരം ഇത്തരമൊരു നിര്‍മാണാത്മകമായ ഭൂപരിഷ്‌കരണത്തിന്റെ അനിവാര്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ മുഖ്യഷെയര്‍ ഇപ്പോഴും ബ്രിട്ടീഷ്‌ മുതലാളിയുടേതാണ്‌. ബാക്കി സ്വദേശ മുതലാളിയായ ഗോയങ്കയുടേതും. ഇവര്‍ക്ക്‌ ഈ വിഷയത്തിലുള്ള മൂലധന താല്‍പര്യത്തെ മുറിപ്പെടുത്താന്‍ ഒരു വിദേശ ശക്തിയും ശ്രമിക്കില്ല എന്ന കാര്യം സുവ്യക്തമാണെന്നിരിക്കെ സമരക്കാര്‍ക്ക്‌ വിദേശസഹായം ലഭിക്കുന്നു എന്ന സി.പി.എമ്മിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്‌. ഹാരിസണിന്റെ 32 എസ്റ്റേറ്റുകളില്‍ നിന്നായി തെരഞ്ഞെടുത്ത തൊഴിലാളി ഗുണ്ടകളെയാണ്‌ ഉപരോധത്തിനായി ഏര്‍പ്പെടുത്തിയതെന്ന്‌ സമരക്കാര്‍ പറയുന്നു. നേരം വെളുത്തു തുടങ്ങിയതേ ഞങ്ങള്‍ സമരഭൂമിയിലെ ആറു കൗണ്ടറുകളും സന്ദര്‍ശിക്കാനായി നടത്തം തുടങ്ങി. കൂടെ വിജയന്‍ മോതിരവയലും സമരഭൂമിയുടെ സെക്രട്ടറി സെലീന പ്രക്കാനവും. ശ്യാമള, സരോജിനി, നന്ദിനി, ലീലാമ്മ, ലളിത, പ്രസന്ന എന്നിവര്‍ക്കാണ്‌ ആറു കൗണ്ടറുകളുടെയും ചുമതല. സമരഭൂമിക്കു ചുറ്റുമായി സ്‌ത്രീകളും പുരുഷന്മാരും രാത്രിയും പകലുമായി മാറിമാറി കാവല്‍ നില്‍ക്കുന്നുണ്ട്‌. ടെന്റുകളില്‍ മീന്‍ വില്‍പനക്കായി വരുന്ന രാജന്റെ ശബ്ദം കേട്ടു. പുറംലോകവുമായുള്ള ബന്ധം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ട ഇവര്‍ക്ക്‌ സമരഭൂമിക്ക്‌ പുറത്തുള്ള വിശേഷങ്ങള്‍ വിവരിച്ചു കൊടുക്കുന്നത്‌ രാജനാണ്‌. ഒരുതവണ ഇയാളെ ഉപരോധക്കാര്‍ ഉപദ്രവിക്കുകയും അടിച്ചവശനാക്കി കൈയിലുള്ള കാശ്‌ പിടിച്ചുപറിക്കുകയും ചെയ്‌തതാണ്‌. ഞങ്ങളുടെ തൊട്ടുപുറകെ വന്ന ബസ്സില്‍ നിന്ന്‌ സമരഭൂമിയിലേക്കു വരുന്ന സ്‌ത്രീകളടക്കമുള്ള 22 പേരെ ഉപരോധക്കാര്‍ വലിച്ചിറക്കി മര്‍ദ്ദിക്കുകയും അടുത്ത വണ്ടിയില്‍ തിരിച്ചയക്കുകയും ചെയ്‌ത പുതിയ വിവരം രാജന്‍ എല്ലാവരോടുമായി വിശദീകരിക്കുന്നുണ്ടായിരുന്നു. അവിടെ ഉപരോധക്കാര്‍ക്കൊപ്പം കൂടി നിന്നിരുന്ന പോലീസുകാര്‍ ഈ പാവങ്ങളെ ഉപദ്രവിക്കുമ്പോള്‍ എന്തു ചെയ്യുകയായിരുന്നു...? രാഷ്ട്രീയക്കാരും കോടതിയും പോലീസും കൈവെടിഞ്ഞ ഇവര്‍ക്ക്‌ ഇനി ആരാണ്‌ രക്ഷകരായി അവതരിക്കുക..?. സമരഭൂമിയിലെ ഏതെങ്കിലും യുവാക്കളെ കണ്ണില്‍പ്പെട്ടാല്‍ ആ നിമിഷം പിടികൂടി ചണ്ടി (ഒട്ടു കറ) മോഷ്ടാവ്‌ എന്ന കുറ്റം ചുമത്തി പോലീസും ഉപദ്രവിക്കുകയാണ്‌. ഉപരോധം മൂലം പട്ടിണിയായപ്പോള്‍ മാത്രമാണ്‌ റബ്ബര്‍ മരങ്ങളില്‍ കത്തി വെച്ചതെന്ന്‌ സമരക്കാര്‍ പറയുന്നു. ചണ്ടി മോഷ്ടാവെന്നു പറഞ്ഞ്‌ പിടികൂടി ഉപരോധക്കാരും പോലീസും പെരുമാറിക്കഴിയുമ്പോഴേക്കും ഒരു യുവാവിന്റെ ആയുസ്സില്‍ പകുതി തീര്‍ന്നിട്ടുണ്ടാകും. ഇവര്‍ക്കു വേണ്ടി വാദിക്കാനും ജാമ്യത്തിലെടുക്കാനും ഒരു വക്കീലും വരില്ലെന്ന്‌ സി.പി.എമ്മിനും പോലീസിനും നന്നായറിയാം. ''ഒരു തുണ്ട്‌ ഭൂമിയുണ്ടെങ്കില്‍ ഇവിടെ വന്ന്‌ ആരും കഷ്ടപ്പെടില്ലായിരുന്നു." ഓമന കരഞ്ഞുകൊണ്ട്‌ പറഞ്ഞു. ഒരുപിടി പഴഞ്ചോറെങ്കിലും കിട്ടുമോ എന്നറിയാതെ നാളുകളായി തീപൂട്ടാത്ത അടുപ്പിലെ കലത്തില്‍ കൈയിട്ടുവാരുന്ന കുട്ടിയുടെ കാഴ്‌ച ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. സമീപത്തായി താടിക്കു കൈ കൊടുത്ത്‌ പ്രതീക്ഷയുടെ കിരണങ്ങള്‍ പോലുമില്ലാത്ത കണ്ണുകളുമായി കുട്ടിയുടെ അമ്മ നില്‍ക്കുന്നുണ്ടായിരുന്നു. സി.പിഎമ്മുകാര്‍ തങ്ങളുടെ ചെറുപ്പക്കാരെ പിടിച്ചുകെട്ടി അതിക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ ജീപ്പിലേക്ക്‌ വലിച്ചെറിയുകയും ചെയ്യുന്ന കഥ വിവരിക്കുമ്പോള്‍ സ്‌ത്രീകള്‍ വിതുമ്പിക്കരഞ്ഞു. " ഒന്നുകില്‍ ഞങ്ങളെ കൊല്ലൂ; അല്ലെങ്കില്‍ കിടപ്പാടം തരൂ" സെലീന പ്രക്കാനം അവരുടെ സമരവീര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി. മരിക്കാന്‍ തയ്യാറായാണ്‌ ഓരോ കുടുംബങ്ങളും ചെങ്ങറയിലെത്തിയിരിക്കുന്നത്‌. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ സമരഭൂമിയില്‍ കിടന്ന്‌ മരണം. തലചായ്‌ക്കാനൊരു ഇടമില്ലാതെ ഇവിടെ നിന്നിറങ്ങുന്നതിലും ഭേദം മരണമാണെന്ന്‌ ഇവര്‍ പറയുന്നു." പോലീസ്‌ ഞങ്ങളെ വെടിവെച്ച്‌ കൊല്ലട്ടെ. അല്ലെങ്കില്‍ സി.പി.എം ഗുണ്ടകള്‍ അതു ചെയ്യട്ടെ. എന്നാലും സഹനസമരം വിട്ട്‌ ഞങ്ങള്‍ അക്രമത്തിന്റെ പാത സ്വീകരിക്കില്ല." തങ്ങളെ നക്‌സലുകളും തീവ്രവാദികളുമായി ചിത്രീകരിക്കുന്ന സി.പി.എം നേതൃത്വത്തിനെതിരെ സെലീന ആഞ്ഞടിച്ചു.

No comments: