Wednesday, September 10, 2008

പട്ടിണിപ്പാവങ്ങളോട്‌ ഭരണകൂടത്തിന്റെ കൊലച്ചതി


ഒരു രാത്രി മുഴുവന്‍ കൊടുങ്കാട്ടില്‍ കഴിച്ചുകൂട്ടേണ്ടി വന്ന ദുരവസ്ഥ വിവരിക്കുകയായിരുന്നു തങ്കപ്പന്‍. ആനകളും പന്നികളും വിഹരിക്കുന്ന കാട്ടിലേക്ക്‌ സി.പി.എമ്മുകാര്‍ ഇദ്ദേഹത്തെ ഓടിച്ചു കയറ്റുകയായിരുന്നു. പുറത്തേക്കിറങ്ങിയാല്‍ അവര്‍ തന്നെ കൊന്നുകളയുമെന്ന ഭീതിയില്‍ പുലര്‍ച്ചെ മൂന്നു മണി വരെ അയാള്‍ കാട്ടില്‍ തന്നെ കഴിഞ്ഞു. തിരിച്ച്‌ സമരഭൂമിയിലെത്തിയപ്പോള്‍ മാത്രമാണ്‌ തന്റെ ശ്വാസം നേരെ വീണതെന്ന്‌ ഇയാള്‍ പറയുന്നു. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചിട്ടും അക്രമത്തിന്റെ അനക്കം പോലും സമരാംഗങ്ങളുടെ ഭാഗത്തു നിന്ന്‌ ഇതുവരെ ഉണ്ടായിട്ടില്ല. ഭരണകൂടവും രാഷ്ട്രീയക്കാരും പലതവണ ചതിച്ചിട്ടും പ്രതീക്ഷ കൈവിടാതെയുള്ള സമരമാണിതെന്ന്‌ അവര്‍ പറയുന്നു. മോഹന വാഗ്‌ദാനങ്ങളുടെ തണുപ്പില്‍ മയങ്ങിക്കിടക്കാന്‍ ഇനി തങ്ങളെ കിട്ടില്ലെന്ന്‌ പ്രഖ്യാപിക്കുക കൂടിയാണ്‌ സാധുജനസംയുക്ത വേദിയുടെ സമരം. പദ്ധതികളും പരിപാടികളും ഒരുപാടു സംഭവിച്ചിട്ടും പട്ടിണിപ്പാവങ്ങള്‍ അതേ അവസ്ഥയില്‍ നില്‍ക്കുന്നതിന്റെ കാരണമെന്താണെന്നു പഠിക്കാന്‍ ഇന്നേ വരെ കാര്യമായ ശ്രമങ്ങളൊന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ല. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാധുജന സംയുക്തവേദിക്ക്‌ 2007 ഓഗസ്‌റ്റ്‌ 21ന്‌ നല്‍കിയ ഉറപ്പിന്റെ കോപ്പി അവര്‍ ഞങ്ങളെ കാണിച്ചു. സാധുജന വിമോചന സംയുക്തവേദിയുടെ കൊടുമണ്‍ ചന്ദനപ്പള്ളി എസ്റ്റേറ്റ്‌ കയ്യേറ്റം സംബന്ധിച്ച്‌ എന്ന്‌ വിഷയവും 15.07.2007ലെ നിവേദനമെന്ന സൂചകവും നല്‍കി ഇനിപ്പറയുന്ന രീതിയിലാണ്‌ സര്‍ക്കാര്‍ ഇവര്‍ക്ക്‌ ഭൂമിക്കു മേല്‍ ഉറപ്പ്‌ നല്‍കിയത്‌: സൂചനയിലേക്ക്‌ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. റാന്നി താലൂക്കില്‍ കൊല്ലമുള വില്ലേജില്‍ സര്‍വ്വേ നമ്പര്‍. 780/1ല്‍ 256.13 ഏക്കര്‍ ഭൂമി പതിച്ച്‌ നല്‍കുന്നതിന്‌ പത്തനംതിട്ട ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കുന്നതാണെന്നുള്ള വിവരം അറിയിക്കുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ജോയിന്റ്‌ സെക്രട്ടറി കെ.കെ ശശിധരന്‍ നായരാണ്‌ സര്‍ക്കാറിന്റെ ഈ ഉറപ്പ്‌ സമരക്കാര്‍ക്ക്‌ നല്‍കിയത്‌. എന്നാല്‍ ഈ വാഗ്‌ദാനത്തിന്റെ നഗ്നമായ ലംഘനമാണ്‌ സര്‍ക്കാര്‍ പിന്നീടു നടത്തിയത്‌. ഭൂസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയോ അല്ലെങ്കില്‍ മോഹനവാഗ്‌ദാനങ്ങള്‍ നല്‍കി വ്യാമോഹിപ്പിച്ച്‌ തളര്‍ത്തുകയോ ചെയ്യുന്ന രീതിയാണ്‌ കാലങ്ങളായി ഭരണകൂടങ്ങള്‍ പിന്തുടരുന്നത്‌. ചെങ്ങറ ഭൂസമരത്തെ അടിച്ചമര്‍ത്താന്‍ ഈ രണ്ടു രീതിയിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌ എന്നുവേണം കരുതാന്‍. സര്‍ക്കാറിന്റെ ഉറപ്പ്‌ പ്രതീക്ഷിച്ച്‌ ഭൂമി ലഭിക്കുമെന്ന മിഥ്യാധാരണയില്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ സമരം എപ്പോഴോ പരാജയപ്പെട്ടു പോകുമായിരുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ ഇത്തരം മാജിക്കുകള്‍ തങ്ങള്‍ ഏറെ കണ്ടവരാണെന്നും അതില്‍ കഴമ്പില്ലെന്ന്‌ കാലം തെളിയിച്ചിട്ടുണ്ടെന്നുമുള്ള ഭാവത്തിലാണ്‌ ചെങ്ങറ ഭൂസമരം പുതിയ തലങ്ങളിലേക്ക്‌ ഉയിര്‍ത്തു വന്നത്‌. 1940കളില്‍ ഒരുപക്ഷേ ഇന്ത്യയാകെ വ്യാപിക്കുമായിരുന്ന തെലുങ്കാന സമരം അടക്കമുള്ള ഭൂസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയതോടൊപ്പം ഇന്ത്യയിലെ ഭൂസമരങ്ങളെ നിര്‍വീര്യമാക്കാന്‍ മുതലാളിത്ത- ഭരണ വര്‍ഗ്ഗത്തിന്റെ വ്യാപകമായ ശ്രമങ്ങളുണ്ടായിരുന്നു. വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനം മോഹനവാഗ്‌ദാനത്തിലൂടെ സമരങ്ങളെ നിര്‍വീര്യമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നാണ്‌ ചെങ്ങറ ഭൂസമരസമിതി വിശ്വസിക്കുന്നത്‌. തിരുവിതാംകൂര്‍ മഹാരാജാവ്‌ കരമൊഴിവായി മഠത്തിനു നല്‍കിയ ഭൂമി പാട്ടത്തിനെടുത്ത എച്ച്‌ ആന്റ്‌ സി കമ്പനി പിന്നീട്‌ ഹാരിസണ്‍സ്‌ മലയാളമായി (എച്ച്‌.എം.എല്‍) ആര്‍.പി ഗോയങ്കയുടെ ഉടമസ്ഥതയിലെത്തി എന്നതാണ്‌ ചരിത്രമെന്നും പാട്ടത്തുക പോലും അടയ്‌ക്കാത്ത ഈ ഭൂമി ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വീതിച്ചു നല്‍കാനുള്ള ആര്‍ജ്ജവം അച്യുതാനന്ദന്‍ സര്‍ക്കാര്‍ കാണിക്കണമെന്നുമാണ്‌ സമരസമിതി ഉന്നയിക്കുന്ന ആവശ്യം. ഹാരിസണ്‍സ്‌ 500 കോടിയിലധികം പാട്ടത്തുക കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അനധികൃതമായി ഒട്ടേറെ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മാത്രവുമല്ല ഇപ്പോള്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നത്‌ പാട്ടക്കാലാവധി കഴിഞ്ഞ്‌ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട സ്ഥലങ്ങളിലാണെന്നും ഇവര്‍ പറയുന്നു. ഹാരിസണ്‍സ്‌ അനധികൃതമായി വനഭൂമി കയ്യേറി തോട്ടമുണ്ടാക്കിയ സ്ഥലത്താണ്‌ തങ്ങളും കിടപ്പാടം വേണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്നതെന്നാണ്‌ സമരസമിതിയുടെ ന്യായം. ചെങ്ങറ ഭൂസമരം നടത്തുന്നവര്‍ക്ക്‌ ഹാരിസണ്‍സിന്റെ തോട്ടത്തില്‍ തന്നെ ഭൂമി വേണമെന്ന്‌ നിര്‍ബന്ധമില്ല. കേരളത്തില്‍ എവിടെ ഭൂമി നല്‍കിയാലും ഇവര്‍ സ്വീകരിക്കാന്‍ തയ്യാറാണ്‌. 1957ലെ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ കൊണ്ടുവന്നതും ഏറെ മാറ്റങ്ങളോടെ 70കളില്‍ അച്യുതമോനോന്‍ സര്‍ക്കാര്‍ പാസ്സാക്കിയതുമായ ഭൂപരിഷ്‌കരണനിയമങ്ങള്‍ അടിസ്ഥാനവര്‍ഗ്ഗത്തെ സഹായിച്ചിട്ടില്ല എന്നാണ്‌ ചെങ്ങറ നല്‍കുന്ന സൂചന. ബ്രിട്ടീഷുകാരന്റെ കാലത്ത്‌ രൂപപ്പെടുത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമം (1894) തന്നെയാണ്‌ ഭേദഗതികളില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത്‌ എന്ന കാര്യം മാത്രം മതി വിവിധ സര്‍ക്കാറുകള്‍ ഇക്കാര്യത്തോട്‌ സ്വീകരിച്ച സമീപനത്തിന്റെ ആഴമളക്കാന്‍. വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കല്‍ കേരളീയനെ പഠിപ്പിച്ചതാണ്‌. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്‌ കണക്ടിവിറ്റിക്കായി കുടിയിറക്കപ്പെട്ട മൂലമ്പള്ളി നിവാസികള്‍ക്ക്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും വാസയോഗ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാറിനായില്ല എന്നത്‌ നമ്മുടെ പുനരധിവാസ പദ്ധതികളുടെ പരിഹാസ്യതയെ വിളിച്ചോതുന്നു. ചെങ്ങറ സമരഭൂമിയിലുള്ളവരെ പട്ടിണിക്കിട്ട്‌ തോല്‍പ്പിക്കാനാവില്ലെന്ന്‌ തിരിച്ചറിഞ്ഞ ഭരണകൂടം ചില എന്‍.ജി.ഒകളെ ഇടനിലക്കാരാക്കി സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ്‌. എന്നാല്‍ അണിയറയില്‍ അരങ്ങേറുന്ന ഈ ഗൂഢാലോചന ഹാരിണ്‍സിനെ തൃപ്‌തിപ്പെടുത്താനുള്ളതാണെന്ന്‌ സംശയിക്കുന്നതായി ഭൂസമരസമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ എം.കെ കൃഷ്‌ണന്‍കുട്ടി പറയുന്നു. ആദ്യം പോലീസിനെയും പിന്നീട്‌ ട്രേഡ്‌ യൂണിയനുകളെയും ഉപയോഗിച്ച്‌ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഹാരിസണെ രക്ഷപ്പെടുത്താനാണ്‌ ഒത്തുതീര്‍പ്പ്‌ നാടകത്തിനൊരുങ്ങുന്നതെന്നാണ്‌ അദ്ദേഹം പറയുന്നു. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്‌ എന്ന മുദ്രാവാക്യത്തെ അട്ടിമറിക്കാനാണ്‌ സി.പി.എം പട്ടികജാതി കണ്‍വെന്‍ഷനടക്കം വിളിച്ചു ചേര്‍ത്തത്‌ എന്ന്‌ അദ്ദേഹം ആരോപിക്കുന്നു. ആര്‍ജ്ജവവും അടിസ്ഥാവുമുള്ള ഒരു സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാവില്ലെന്ന്‌ ചെങ്ങറയിലെ ഓരോരുത്തരുടെയും ഉള്ളിലുള്ള വിശ്വാസം വിളിച്ചു പറയുമ്പോഴും കേരളം ഭീതിയിലാണ്‌. ഏതു നിമിഷവും ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിക്കുളളില്‍ കിടന്ന്‌ ചെങ്ങറ സമരഭൂമി പിടയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

No comments: