Saturday, December 26, 2009

മഅ്‌ദനി: ആത്മരോഷത്തിന്റെ ആ പഴയ പോസ്‌റ്റ്‌ വീണ്ടും




നമ്മുടെ പൈതൃകങ്ങളെ ഈ വൈകൃതങ്ങള്‍ക്ക്‌ വിട്ടുകൊടുക്കരുത്‌


ഇന്ന്‌: പൊന്നുമക്കളേ, ഞാന്‍ ബോംബ്‌ വെച്ചിട്ടില്ല. എന്റെ ഭാര്യ ബസ്സ്‌ കത്തിച്ചിട്ടില്ല. അവള്‍ മണിയെ ഒളിപ്പിച്ചിട്ടില്ല. തടിയന്റവിട നസീര്‍ ഇത്ര വലിയ ഭീകരനാകുമെന്ന്‌ കരുതിയിട്ടില്ല. ഈ സമുദായത്തെ തീവ്രവാദത്തിന്റെ പേരില്‍ എത്ര വേണമെങ്കിലും വേട്ടയാടിക്കോളൂ. എന്നെയും കുടുംബത്തെയും വെറുതെ വിടണേ. ഞാന്‍ കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ നരകിച്ചു ചത്താലും വേണ്ടീല. ഞങ്ങളുടെ രക്ഷക്കു നിരാഹാരം കടക്കാന്‍ നിങ്ങളും വരണേ. മതം സമാധാനമാണ്‌. ശാന്തിയാണ്‌ മക്കളേ... ജയിലില്‍ കിടക്കാന്‍ മനസ്സില്ലെങ്കില്‍ നിങ്ങള്‍ അതിരുവിട്ട്‌ കളിക്കരുതേ. എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണേ മക്കളേ.... പ്രസംഗിക്കണേ മക്കളേ........


അന്ന്‌: ഹമ്പടാ.......അങ്ങനെ, ആത്മസംയമനത്തിന്റെ താരാട്ടുപാടി കേരള മുസ്‌്‌ലിംകളെ ഉറക്കിക്കിടത്താന്‍ ശിഹാബ്‌ തങ്ങള്‍ നോക്കണ്ടാ. കൊച്ചു കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുളള ഈ ഒറ്റക്കാലില്‍ വേച്ചുവേച്ച്‌ നടക്കുന്ന വിനീതന്‍ അതിനു സമ്മതിക്കില്ല മക്കളേ.. മതം സമാധാനത്തിനു വേണ്ടിയാണെന്ന്‌ പറയുന്നവരുടെ വിവരക്കേടുകള്‍ കേട്ട്‌ വഴി തെറ്റരുത്‌ മക്കളേ... അവര്‍ നിങ്ങളെ ജീവിതത്തിന്റെ നേരമ്പോക്കുകളില്‍ തളച്ചിടാനുളള പരിപാടിയിലാണ്‌. അവര്‍ക്ക്‌ നിങ്ങളെ ഉപയോഗിച്ച്‌ പളളികളുണ്ടാക്കണം. മദ്രസ്സകളുണ്ടാക്കണം. മതപ്രഭാഷണങ്ങള്‍ നടത്തണം. യത്തീംകുട്ടികളെ വളര്‍ത്തണം. ജീവിതത്തിന്റെ വ്യവസ്ഥകളെപ്പറ്റി സംസാരിക്കണം. ഒരിക്കലും അതിനു നിന്നുകൊടുക്കരുത്‌ മക്കളേ... അവര്‍ നിങ്ങളെ ഉറക്കിക്കിടത്തുകയാണ്‌.

ജിഹാദിന്റെ വഴിയാണ്‌ ശരി. വാളെടുക്കണം. തല കൊയ്യണം. കൊല്ലാനും ചാകാനും തയ്യാറായി മാത്രം ഇസ്‌്‌ലാം മതത്തില്‍ നിലകൊണ്ടാല്‍ മതി. അല്ലാത്തവന്‍ യഥാര്‍ത്ഥ മുസ്‌്‌ലിമല്ല മക്കളേ... ഭൂരിപക്ഷത്തെ സൈ്വരം കെടുത്തണം. ചിതറിക്കിടക്കുന്ന അവരുടെ സ്വത്വത്തെ ഒന്നാക്കിക്കൊടുക്കാനുളള ബാധ്യത നമ്മളേറ്റെടുക്കണം. അങ്ങനെ നമ്മള്‍ വാളെടുത്തതിനു പകരമായി അവര്‍ വാളെടുക്കും. നമ്മള്‍ ബോംബ്‌ സ്‌ഫോടനം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയതിനു പകരമായി അവര്‍ ബോംബെറിഞ്ഞ്‌ നമ്മുടെ പളളികള്‍ തകര്‍ക്കണം. നമ്മുടെ സമുദായത്തെ മുച്ചൂടും നശിപ്പിക്കണം. നമ്മുടെ ഭാര്യയും മക്കളും ബലാല്‍സംഗം ചെയ്യപ്പെടും. ശിരച്ഛേദം ചെയ്യപ്പെടും. ചിത്രവധം ചെയ്യപ്പെടും. എന്നാലും പിന്മാറരുത്‌. കൂടുതല്‍ കരുത്തോടെ ഭൂരിപക്ഷത്തെ അപായപ്പെടുത്താനുളള നടപടികളുമായി മുന്നോട്ടു പോകണം. ഇന്ത്യയിലെ ഓരോ ഹിന്ദുവും സംഘ്‌പരിവാര്‍ ഫാഷിസത്തിന്റെ വക്താവാകുന്നതുവരെ നാം വിശ്രമിക്കരുത്‌. ഇന്ത്യയിലെ അവസാനത്തെ മുസല്‍മാനും കൊല്ലപ്പെടുന്നതുവരെ നാം വിശ്രമിക്കരുത്‌.

നമ്മുടെ ഉമ്മയും പെങ്ങളും കണ്‍മുന്നില്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്‌ കാണാതെ മരിക്കരുത്‌. ആ സുന്ദരസുരഭില നിമിഷങ്ങള്‍ക്കായി കാത്തിരിക്കണം. ഏതു നിമിഷവും അതു സംഭവിച്ചേക്കാമെന്ന കരുതല്‍ വേണം. അതിനു വേണ്ടിയുളള സകല പണികളും നമ്മള്‍ തന്നെ ചെയ്യണം. ജനാധിപത്യത്തെ തെല്ലും ഭയപ്പെടരുത്‌. അതിനകത്ത്‌ നിരവധി പഴുതുകളുണ്ടെന്ന്‌ എന്റെ ജയില്‍മോചനത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ടാകുമല്ലോ. ഈ മണ്ണിനെ കുട്ടിച്ചോറാക്കാനുള കരാര്‍ ഏറ്റെടുത്ത വിശ്വസ്‌തരാണ്‌ നമ്മള്‍. എല്ലാം ചെയ്യുന്നത്‌ അല്ലാഹുവിന്റെ പേരിലാകണം. മതത്തെയും മതചിഹ്നങ്ങളെയും തീവ്രവാദത്തിനായി മാക്‌സിമം ഉപയോഗിക്കണം. മുടി നീട്ടിവളര്‍ത്തിയ സന്യാസിമാരെ കിട്ടുകയാണെങ്കില്‍ കൂടെ കൂട്ടാന്‍ മറക്കരുത്‌. കൂടെ സംഘ്‌പരിവാര്‍ ഏജന്റുമാരായ ഹിന്ദുക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവരെ നീണ്ട കുറി തൊടുവിച്ച്‌ കൂടെ നടത്തണം. പത്രസമ്മേളനത്തിലും സെമിനാറിലും ടി.വി ക്യാമറകള്‍ക്ക്‌ പിടിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടെയിരുത്തണം.

ഇസ്‌്‌ലാം ഭീകരതയുടെ മതമായി അറിയപ്പെടണം. സംഘ്‌പരിവാറിന്റെ എല്ലാവിധ സഹായവും നമ്മുടെ വിജയത്തിനു പിന്നിലുണ്ടാകും. ഭീകരഹിന്ദുത്വത്തിന്റെ പ്രിയപുത്രന്‍ ഈയിടെ എന്നെ വിശുദ്ധനാക്കി പ്രസംഗിച്ചത്‌ നിങ്ങളും കേട്ടുകാണുമല്ലോ. നമ്മളും അവരും തമ്മില്‍ അത്രയധികം ഇഴയടുപ്പമുണ്ടെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലായിക്കാണുമല്ലോ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്‌. ഇരകള്‍ ഇരകള്‍ എന്ന്‌ നാഴികക്കു നാല്‍പതു വട്ടം ഉരുവിട്ടുകൊണ്ടിരിക്കണം.

നേരത്തെ പറഞ്ഞിരുന്നത്‌ മാറ്റി മുസ്‌്‌ലിംകളാദി പിന്നാക്ക ജാതി ഇരകള്‍ എന്ന്‌ ഊന്നിപ്പറയണം. ഉന്മാദ രാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകാരെയും ഫാഷിസത്തെ അതേപോലെ അനുകരിക്കുന്ന സംഘ്‌പരിവാറിനെയും നമുക്ക്‌ കൂട്ടിനു കിട്ടും. ഇവര്‍ രണ്ടുകൂട്ടരും രാജ്യത്തെ അസ്ഥിരപ്പെടുത്തി അരാജകത്വം വരാന്‍ അമേരിക്കക്ക്‌ വിടുവേല ചെയ്യുന്നവരാണ്‌. അവരുടേതും നമ്മുടേതും ഒരേ ലക്ഷ്യമാണെന്ന്‌ ഈയിടെ മാത്രമാണ്‌ കൂടുതല്‍ തിരിച്ചറിയാന്‍ സാധിച്ചത്‌. കമ്യൂണിസ്‌റ്റുകളും ഫാഷിസ്റ്റുകളും ജനാധിപത്യ വിരുദ്ധര്‍. നമ്മളും അങ്ങനെ. അവര്‍ നിവൃത്തികേടുകൊണ്ട്‌ മാത്രം ഇന്ത്യയില്‍ ജനാധിപത്യത്തെ ഉപയോഗിക്കുന്നു. നമ്മളും അങ്ങനെ. അവര്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും രാജ്യത്തെ ശിഥിലീകരിക്കാനും പുരോഗതിയെ തടസ്സപ്പെടുത്താനുമുളള അജണ്ടകളുമുണ്ട്‌. നമ്മള്‍ക്കും അങ്ങനെ തന്നെ. അവനവന്റെ രാഷ്ട്രീയം പ്രയോഗിക്കാനും അടിച്ചേല്‍പ്പിക്കാനും ആയുധത്തിന്റെ മാര്‍ഗ്ഗമാണ്‌ കാലങ്ങളായി ഇവര്‍ സ്വീകരിച്ചു വരുന്നത്‌. നമ്മളും അങ്ങനെ തന്നെ. ഇനി നിങ്ങള്‍ പറയൂ. ബി.ജെ.പി വിട്ടവരും എന്‍.ഡി.എ ഏജന്റുകളും കൂട്ടിനു വന്ന മൂന്നാം മുന്നണിക്കും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും ഒപ്പമല്ലാതെ ആര്‍ക്കൊപ്പമാണ്‌ നാം നില്‍ക്കേണ്ടത്‌ മക്കളൈ...

രാജ്യത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ്സുകാരെയും രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്ന്‌ പറയുന്ന മുസ്‌്‌ലിംലീഗുകാരെയും നമുക്ക്‌ വേണ്ടേ വേണ്ട മക്കളേ...വിഡ്‌ഢികളായ ചില ബുദ്ധിജീവികള്‍ നമ്മെ ചെറുത്തുനില്‍പ്പ്‌ പ്രസ്ഥാനമെന്ന്‌ കരുതിയിട്ടുണ്ട്‌. തല്‍ക്കാലം അതൊന്നും തിരുത്താന്‍ നില്‍ക്കണ്ട. മതേതര കക്ഷികളെന്ന്‌ അവകാശപ്പെടുന്നവരുടെ ഒപ്പം നിന്നും അവരുടെ അധികാരത്തിന്റെ അടുക്കളവഴി ഉപയോഗിച്ചും നമുക്ക്‌ അതിശീഘ്രം തീവ്രവാദം വളര്‍ത്തണം. ഒമ്പത്‌ കൊല്ലത്തെ ഗ്യാപ്പ്‌ ഒരിക്കലും അനുഭവപ്പെടരുത്‌. ആ ഒമ്പത്‌ കൊല്ലം തല പൊകഞ്ഞ്‌ ചിന്തിച്ചാണ്‌ ഈയൊരു വഴി തെളിഞ്ഞു വന്നത്‌. ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല മക്കളേ.. സാമ്രാജ്യത്വം ആഗ്രഹിക്കുന്നതു പോലെ രാജ്യത്തെ ശിഥിലീകരിക്കാനും അഖണ്ഡത തകര്‍ക്കാനും വേണ്ടിയാണ്‌ നമ്മളും സംഘ്‌പരിവാറും പലരൂപത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ആ ലക്ഷ്യത്തിന്‌ കരുത്ത്‌ പകരണം. മതത്തെ ഉപയോഗിച്ചല്ലാതെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ തകര്‍ക്കാനാവില്ലെന്ന്‌ സാമ്രാജ്യത്വത്തിന്‌ നന്നായി അറിയാവുന്നതാണ്‌. ഉളളിന്റെ ഉളളിലൂടെ അങ്ങനെ ചെയ്യുമ്പോഴും കോണ്‍ഗ്രസും ലീഗുമാണ്‌ സാമ്രാജ്യത്വത്തിന്റെ പാദസേവകരെന്ന്‌ നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. ദിവസത്തില്‍ പത്തു നേരമെങ്കിലും ഫലസ്‌തീന്‍, ഫലസ്‌തീന്‍ എന്ന്‌ പറഞ്ഞുകൊണ്ടിരിക്കണം. മുസ്‌്‌ലിംകളെ വൈകാരികമായി ഉദ്ദീപിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല വഴിയില്ല. സംവരണം, പട്ടിണി നിര്‍മ്മാര്‍ജ്ജനം, ദാനധര്‍മ്മം തുടങ്ങിയ വാക്കുകളൊന്നും ഉച്ചരിച്ചു പോകരുത്‌. മൗലികമായി അതൊന്നുമല്ല മുസ്‌്‌ലിംകള്‍ക്ക്‌ വേണ്ടത്‌ മക്കളേ. അവര്‍ക്ക്‌ സദ്ദാം ഹുസൈനും ഇറാഖും ഫലസ്‌തീനും ധാരാളം. മുസ്‌്‌ലിംകള്‍ ക്ഷുഭിതരാകും. വോട്ടുകള്‍ ധാരധാരയായി ഒഴുകിയെത്തും.

മുസ്‌്‌ലിംലീഗിന്റെ സമാധാനത്തിന്റെ രാഷ്ട്രീയവും പുരോഗതിക്കുവേണ്ടിയുളള രാഷ്ട്രീയവും, മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുളള രാഷ്ട്രീയവും നമുക്ക്‌ വേണ്ടേ വേണ്ട. മുസ്‌്‌ലിംലീഗ്‌ തകര്‍ന്നാലേ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകരുകയുളളൂ. അതിനു വേണ്ടിയാണ്‌ കൊല്ലത്ത്‌ കിടന്നിരുന്ന ഞാന്‍ വയ്യാത്ത കാലും വെച്ച്‌ മലപ്പുറത്തേക്ക്‌ വീണ്ടും വേച്ചു വന്നത്‌. കേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും മുസ്‌്‌ലിംകളുളള ജില്ലയാണ്‌ എന്റെ കൊല്ലം. മലപ്പുറത്തുകാര്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞുകൂടുമ്പോള്‍ കൊല്ലം ജില്ലയിലെ മുസ്‌്‌ലിംകളില്‍ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളാണ്‌. അവിടുത്തെ സമുദായത്തെ സമുദ്ധരിക്കാതെ ഞാന്‍ ഈ പണി ചെയ്യുന്നത്‌ എന്തിനാണെന്ന്‌ ഇനിയും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. എന്തൊക്കെ സംഭവിച്ചാലും മുസ്‌്‌ലിംകളേ നിങ്ങള്‍ പേടിക്കേണ്ട. ഇവിടെ നിന്ന്‌ എല്ലാവരും ചേര്‍ന്ന്‌ ആട്ടിപ്പായിക്കുകയാണെങ്കില്‍ നമ്മെ സ്വീകരിക്കാന്‍ ബ്രൂണെ സുല്‍ത്താനുണ്ട്‌. ബഹ്‌്‌റൈനിലെ രാജാവുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുളള സഊദി അറേബ്യയുണ്ട്‌ മക്കളേ...


വാല്‍ക്കഷ്‌ണം: രാഷ്‌ട്രീയപ്പാര്‍ട്ടിയുണ്ടാക്കി മയപ്പെടാനുള്ള മുന്നൊരുക്കത്തിലാണ്‌ മറ്റൊരു തീവ്രവാദപ്രസ്ഥാനമായ എന്‍.ഡി.എഫ്‌. എത്ര മയപ്പെട്ടാലും നട്ടുനനച്ച ചെടിക്ക്‌ എന്തൊക്കെ മാറ്റപ്പേരിട്ടാലും നിങ്ങള്‍ക്കും ഇനി രക്ഷയില്ല. നട്ട കാഞ്ഞിരത്തെ ഓറഞ്ചുചെടിയെന്ന്‌ വിളിച്ചതുകൊണ്ട്‌ കാഞ്ഞിരം കാഞ്ഞിരമല്ലാതായി മാറില്ലെന്ന്‌ കൈമ, വൈമ, പിന്നീട്‌ എന്‍.ഡി.എഫ്‌, പിന്നീട്‌ പോപ്പുലര്‍ ഫണ്ട്‌, ഇപ്പോള്‍ എസ്‌.ഡി.പി.ഐ എന്നിങ്ങനെ പലപേരില്‍ അറിയപ്പെടുന്ന സിമി-ജമാത്ത്‌്‌ ഉല്‍പ്പന്നത്തിന്‌ ഇനിയെങ്കിലും ബോധ്യമാവുമെന്നു കരുതുന്നു. മഅ്‌ദനിക്കുവേണ്ടി പറഞ്ഞ മേല്‍ സൂചകങ്ങളൊക്കെയും ഇക്കൂട്ടര്‍ക്കും ബാധകം. അന്തവും കുന്തവുമില്ലാതെ താല്‍ക്കാലിക ലാഭം മാത്രം നോക്കി ജീവിക്കുന്ന നാം ഈ സംഘടനകള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സഹായങ്ങള്‍ നമ്മെ തന്നെ തിരിഞ്ഞുകൊത്തുന്ന ദിവസം വരുമെന്ന്‌ മറക്കാതിരിക്കുക.

കളമശ്ശേരിയില്‍ ബസ്സ്‌ കത്തിച്ചത്‌ തന്റെ ജയില്‍മോചനം സംഭവിക്കരുതെന്ന്‌ ആഗ്രഹിച്ചവരാണെന്ന്‌ അബ്‌്‌ദുന്നാസര്‍ മഅ്‌ദനി പലവട്ടം പറഞ്ഞതാണ്‌. അദ്ദേഹം അത്‌ പറഞ്ഞത്‌ ഉള്ളു നീറുന്ന വേദനയോടെയാവണം. എന്തെന്നാല്‍, അങ്ങനെ ആഗ്രഹിച്ച വ്യക്തി തന്റെ ഭാര്യ സൂഫിയ തന്നെയായിരുന്നു എന്ന്‌ പോലീസും കോടതിയും സാക്ഷികളും പറയുന്നതിനു മുമ്പേ അറിഞ്ഞത്‌ മഅ്‌ദനി തന്നെയാവും. ജയില്‍മോചനത്തിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ട നേരത്തായിരുന്നു ഈ ദുരന്തമെന്നും അത്‌ തന്റെ കേസിനെ ബാധിച്ചെന്നും ചാനല്‍ ചര്‍ച്ചകളില്‍ മഅ്‌ദനി തന്നെ സമ്മതിച്ചതാണ്‌. സൂഫിയയുടെ നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും നടന്ന ഈ ബസ്സ്‌ കത്തിക്കലിനു പിന്നില്‍ പി.ഡി.പിക്കാരല്ല എന്ന്‌ വരുത്തിത്തീര്‍ക്കാന്‍ മഅ്‌ദനിയും ബുദ്ധിജീവികളും അന്ന്‌ നിരത്തിയ ന്യായം ഇതായിരുന്നു. അത്‌ അവര്‍ തന്നെയാണ്‌ ചെയ്‌തതെന്ന്‌ തീര്‍ച്ചയായപ്പോള്‍ ഇതേ കൂട്ടര്‍ അതേ ചാനലുകളില്‍ അടവു മാറ്റി. അങ്ങനെ ചെയ്‌തെങ്കില്‍ അത്‌ വിചാരണ കൂടാതെ ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ഒരു പാവം സ്‌ത്രീയുടെ തത്രപ്പാട്‌ എന്നായിരുന്നു ഇക്കൂട്ടരുടെ മലക്കം മറിയുന്ന വിശദീകരണം. അങ്ങനെ ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന്‌ കൂട്ടിച്ചേര്‍ക്കാനും അല്ലെങ്കിലും രാഷ്ട്രീയക്കാര്‍ എത്രയോ ബസ്സ്‌ കത്തിച്ചിട്ടും അതൊന്നും ഇത്ര പുകിലായില്ലല്ലോ എന്നു ചോദിക്കാനും ഈ ആസ്ഥാന പണ്ഡിതന്മാര്‍ മറന്നില്ല. മഅ്‌ദനിക്കുവേണ്ടി എത്ര ലക്ഷം മുടക്കാനും പ്രമാണിമാര്‍ തയ്യാറായിരുന്ന കാലത്ത്‌ അദ്ദേഹം പുറത്തിറങ്ങിയാല്‍ അത്‌ തങ്ങളുടെ പണപ്പിരിവിനെ ബാധിക്കുമെന്ന്‌ പി.ഡി.പി നേതാക്കള്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.

Wednesday, September 16, 2009

ബി.ജെ.പിയുടെ സ്വന്തം ശരശയ്യ

പാക്കിസ്‌താന്റെ രാഷ്ട്രപിതാവ്‌ മുഹമ്മദലി ജിന്ന വിഭജനത്തിന്റെ പാപം പേറേണ്ടവനല്ലെന്ന്‌ ഉറക്കെ വിളിച്ചു പറഞ്ഞ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ്‌ ജസ്വന്ത്‌സിംഗിന്റെ പുസ്‌തകം പത്താം പതിപ്പും പിന്നിട്ട്‌ റെക്കോര്‍ഡ്‌ വില്‍പ്പനയിലാണ്‌. റമസാന്‍ മാസത്തിനു ശേഷം അദ്ദേഹം പാക്കിസ്‌താന്‍ സന്ദര്‍ശിക്കുന്നതോടെ പുസ്‌തകവില്‍പ്പനയുടെ സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകരുമെന്നാണ്‌ വൃത്താന്തങ്ങള്‍. പുസ്‌തകം നിരോധിക്കാന്‍ തിടുക്കം കൂട്ടിയ ഗുജറാത്തിലും വില്‍പ്പന കുതിച്ചുയരുന്നു.
ബി.ജെ.പിയെപ്പറ്റി പറഞ്ഞതിലുമപ്പുറം പറയാനുണ്ട്‌ എന്നതാണ്‌ ജസ്വന്തിനെ പ്രസക്തനാക്കുന്നത്‌. ഓപ്പറേഷന്‍ പരാക്രം, കാണ്ടഹാര്‍, കാര്‍ഗില്‍ യുദ്ധം, ബംഗ്ലാദേശിലേക്ക്‌ ബി.എസ്‌.എഫ്‌ ജവാന്മാര്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടതാണ്‌. എല്ലാറ്റിനും പിന്നില്‍ ബാബരി മസ്‌്‌ജിദ്‌ തകര്‍ക്കുന്നതിനു മുമ്പ്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇടനെഞ്ച്‌ ചതച്ചരച്ച്‌ രഥയാത്ര നടത്തി, തന്റെ കുരുട്ടുബുദ്ധിയെ സ്വയം പ്രഖ്യാപിച്ച അഡ്വാനിയുടെ ഒളിയജണ്ടകളുണ്ടായിരുന്നു എന്നാണ്‌ ജസ്വന്തിന്റെ പുനരാഖ്യാനം. ഏറ്റവുമൊടുവില്‍ ആണവ കരാറുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ട്‌ തേടിയപ്പോള്‍ പണത്തിനു പകരം വോട്ട്‌ എന്ന നാടകവുമായി പാര്‍ലമെന്റിനെ അശുദ്ധമാക്കിയതിനു പിന്നിലും അഡ്വാനിയുടെ അളിഞ്ഞ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ട്‌ എന്നാണ്‌ ഔട്ട്‌ ലുക്ക്‌ ന്യൂസ്‌ മാഗസിന്‍ പ്രതിനിധി സാബാ നഖ്‌വിക്കു നല്‍കിയ അഭിമുഖത്തില്‍ ജസ്വന്ത്‌ വെളിപ്പെടുത്തുന്നത്‌.
അഞ്ചു വര്‍ഷം ഗവേഷണം നടത്തിയ ശേഷം, ഇന്ത്യന്‍ ചരിത്രകാരന്മാര്‍ മൂടിവെച്ച സത്യങ്ങളെ പൊളിച്ചെഴുതി എന്നതായിരുന്നു ജസ്വന്ത്‌സിംഗ്‌ ചെയ്‌ത കുറ്റം. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കും മുമ്പ്‌ ആരും ആ പുസ്‌തകം വായിച്ചിരുന്നില്ല എന്നത്‌ ഒരു തമാശയാണ്‌. ബി.ജെ.പിയുടെ പരമപ്രധാനിയായ അഡ്വാനിക്കെതിരെ ജസ്വന്തിന്റെ ആവനാഴിയില്‍ വിഷാസ്‌ത്രങ്ങളുണ്ട്‌ എന്ന്‌ ഉറപ്പായിട്ടും ആ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി എന്നത്‌ മറ്റൊരു തമാശ.
രാജ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ഒരു നേതാവായി നിലകൊള്ളാന്‍ അഡ്വാനി യോഗ്യനല്ല എന്ന്‌ പറയുന്നത്‌ അദ്ദേഹത്തോടൊപ്പം തോളുരുമ്മി നടന്ന ഒരാളാകുമ്പോള്‍ നമുക്ക്‌ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. ജസ്വന്ത്‌ അത്‌ പറഞ്ഞുകഴിഞ്ഞിരിക്കുന്നു.
പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കപ്പെട്ട ശേഷം ജസ്വന്ത്‌ വെളിപ്പെടുത്തുന്ന കാര്യങ്ങളെ ചുരുക്കിയെടുത്താല്‍ ഇങ്ങനെ വായിക്കാവുന്നതാണ്‌: " അഡ്വാനിക്ക്‌ നേതാവിനു വേണ്ട ഒരു ഗുണവുമില്ല. മാത്രവുമല്ല, അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും മഹാ അബദ്ധങ്ങളുമായിരുന്നു. ഉരുക്കുമനുഷ്യന്‍ എന്ന്‌ പാര്‍ട്ടി വിശേഷിപ്പിക്കുന്ന അഡ്വാനിജിയുടെ ബലഹീനതകളെപ്പറ്റി രഹസ്യമായി ബി.ജെ.പി നേതാക്കളോട്‌ ചോദിച്ചാല്‍ അവര്‍ നിങ്ങളുടെ ചെവിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ, അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അതാണ്‌ സത്യം. ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാന്‍ അഡ്വാനിക്ക്‌ കഴിയാറില്ല. കാണ്ടഹാറിനെപ്പറ്റി പറയേണ്ടി വരുമ്പോള്‍ എനിക്കാകെ നാണക്കേടാകുന്നു. വിമാനം റാഞ്ചിയ തീവ്രവാദികളുടെ ഇഷ്ടത്തിന്‌ തുള്ളാനുള്ള തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേത്‌ തന്നെയായിരുന്നു. മന്ത്രിസഭയുടെ ഒറ്റക്കെട്ടായ തീരുമാനപ്രകാരമാണ്‌ ആ സംഭവം നടന്നത്‌. എന്നിട്ടും അതേപ്പറ്റി അറിഞ്ഞില്ലെന്ന്‌ പറയാന്‍ അപാരമായ കാപട്യം അനിവാര്യമാണ്‌. ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസിനോടും ബ്രജേഷ്‌ മിശ്രയോടും അടല്‍ജിയോടും ചോദിച്ചാല്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാകും.
അഡ്വാനിയോട്‌ എനിക്ക്‌ സഹതാപം മാത്രമേയുള്ളൂ. എങ്ങനെയെങ്കിലും പ്രധാനമന്ത്രിയായാല്‍ മതി എന്ന മോഹമാണ്‌ അദ്ദേഹത്തെ ഈ അവസ്ഥയിലെത്തിച്ചത്‌. അതിനുള്ള കരുക്കള്‍ നീക്കുന്നതിനിടെ തെറ്റുകള്‍ മാത്രം സംഭവിച്ചു. പണത്തിനു പകരം വോട്ട്‌ എന്ന തന്ത്രമായിരുന്നു അതില്‍ ഏറ്റവും രസകരം. ആ നാടകത്തിനു പിന്നില്‍ പൂര്‍ണമായും അഡ്വാനിയുടെ കരങ്ങളായിരുന്നു. ലോക്‌്‌സഭയില്‍ പണം ഉയര്‍ത്തിക്കാട്ടി മാധ്യമശ്രദ്ധ നേടാനുള്ള തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. പുസ്‌തകവിവാദത്തിനു ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ച എന്നോട്‌ അതേപ്പറ്റി ഒരക്ഷരം ഉരിയാടാന്‍ അഡ്വാനി തയ്യാറായില്ല.
ബംഗ്ലാദേശിലേക്ക്‌ ബി.എസ്‌.എഫിനെ നിയോഗിച്ച സംഭവം മറ്റൊരു അബദ്ധമായിരുന്നു. ഒരു തെറ്റായ ഫോട്ടോഗ്രാഫ്‌ ആയിരുന്നു അതിന്റെ പിന്നില്‍. നമ്മുടെ ജവാനെ കൊന്ന്‌ മുളയില്‍ കെട്ടിത്തൂക്കി നടക്കുന്നതായിരുന്നു ചിത്രം. സത്യത്തില്‍ മുറിവേറ്റ ജവാനെ ഉടന്‍ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നു ബംഗ്ലാദേശിലെ ഗ്രാമവാസികള്‍ ചെയ്‌തത്‌. അതിന്റെ സത്യാവസ്ഥ ബോധ്യമാകാതെയുള്ള എടുത്തുചാട്ടമായിരുന്നു അന്ന്‌ സംഭവിച്ചത്‌. അതുപോലെ പാക്കിസ്‌താനില്‍ നിന്നുള്ള വലിയ ഷെല്ലാക്രമണങ്ങളോടെയാണ്‌ കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്‌. ആ സമയത്ത്‌ ആര്‍മി ചീഫ്‌ അവിടെ ഇല്ലായിരുന്നു. അദ്ദേഹം പോളണ്ടിലോ മറ്റോ ആയിരുന്നു. ഏറ്റവും വലിയ ഇന്റലിജന്റ്‌സ്‌ വീഴ്‌ചയാണ്‌ കാര്‍ഗിലില്‍ സംഭവിച്ചത്‌.
കറാച്ചിയില്‍ ജനിച്ച അഡ്വാനി അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ മുഹമ്മദലി ജിന്നയെ കണ്ടിരിക്കാമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. പാക്‌ സന്ദര്‍ശന വേളയില്‍ ജിന്നയെക്കുറിച്ച്‌ അഡ്വാനി നടത്തിയ പ്രസ്‌താവനകള്‍ക്കു പിന്നില്‍ ഈ ബന്ധമായിരിക്കണം. എന്നാല്‍ ജിന്നയെ സംബന്ധിച്ച അഭിപ്രായത്തില്‍ എനിക്കും അദ്ദേഹത്തിനും രണ്ടു വീക്ഷണങ്ങളാണുള്ളത്‌. അയോധ്യ സംഭവത്തില്‍ കുറ്റാരോപിതനായതിന്റെ കുറവ്‌ നികത്താനും മുസ്‌്‌ലിംകളുമായി ബന്ധം സ്ഥാപിക്കാനുമാണ്‌ അഡ്വാനിജി അന്ന്‌ മലക്കം മറിച്ചില്‍ നടത്തിയതെന്ന്‌ കരുതുന്നു. ഞാന്‍ ജനിച്ചത്‌ രാജസ്ഥാനിലാണ്‌. ബഹുസ്വര സംസ്‌കാരത്തെ ഞാന്‍ വിശ്വസിക്കുന്നു. രജപുത്രന്മാര്‍ പന്നിയിറച്ചി കഴിക്കില്ലെന്ന്‌ നിങ്ങള്‍ക്കറിയാമോ? ജെയ്‌സല്‍മറിലെ മുസ്‌്‌ലിംകള്‍ മാംസം ഭക്ഷിക്കാറില്ലെന്നും. പൊഖ്‌്‌റാനിനടുത്തുള്ള ഒരു ദേവാലയത്തെ ഹിന്ദുക്കള്‍ റാം ദിയോറ എന്നു വിളിക്കുമ്പോള്‍ മുസ്‌്‌ലിംകള്‍ റംസാ പീര്‍ എന്നു വിളിക്കുന്നു. ഇതെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ സ്ഥലകാലങ്ങള്‍ക്കനുസരിച്ച വൈവിധ്യങ്ങളാണ്‌.
ജിന്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ നേരത്തെത്തന്നെ എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു. വിഭജനത്തിന്റെ ഉത്തരവാദി എന്ന നിലക്ക്‌ ഒരു മനുഷ്യനെ മാത്രമായി ക്രൂശിക്കുമ്പോള്‍ അതേപ്പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. നേരത്തെ എന്റെ പുസ്‌തകത്തിന്‌ "ഇന്ത്യ-1947, മുറിവേറ്റ സ്വാതന്ത്ര്യം, മുഹമ്മദലി ജിന്ന- ഹിന്ദു മുസ്‌്‌ലിം ഐക്യത്തിന്റെ രാജദൂതനായ പാക്കിസ്‌താന്റെ ഖാഇദെ അഅ്‌സം" എന്നായിരുന്നു പേര്‌ തീരുമാനിച്ചിരുന്നത്‌. ഈ പേര്‌ വളരെ നീണ്ടുപോയെന്ന്‌ പ്രസാധകന്‍ പറഞ്ഞു. പിന്നീടാണ്‌ 'ജിന്ന: ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം' എന്നാക്കി ചുരുക്കിയത്‌. ദ്വിരാഷ്ട്രവാദ സിദ്ധാന്തത്തിന്റെ ആത്മസത്തയെ ഞാന്‍ ഈ പുസ്‌തകത്തില്‍ ചോദ്യം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്നു. മുസ്‌്‌ലിംകള്‍ക്ക്‌ മറ്റൊരു രാഷ്ട്രം വേണമെന്ന ജിന്നയുടെ വാദത്തെ ഈ പുസ്‌തകത്തില്‍ ന്യായീകരിച്ചിട്ടില്ല. ഞാന്‍ പറഞ്ഞത്‌ മുസ്‌്‌ലിംകളുടെ പക്ഷത്ത്‌ നിന്ന്‌ അവരുടെ വേദന മനസ്സിലാക്കണമെന്നാണ്‌. അവര്‍ക്ക്‌ വിഭജനം കൊണ്ട്‌ എന്തു നേട്ടമാണുണ്ടായത്‌? കോണ്‍ഗ്രസിനെ ഹിന്ദു പാര്‍ട്ടി എന്ന്‌ വിളിച്ച ജിന്ന ഇന്ത്യയിലെ മുസ്‌്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച്‌ ബോധവാനായിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ ഭാഗം വ്യക്തമായിരുന്നു. വിഭജനത്തെ ഒരു ഘട്ടത്തില്‍ എതിര്‍ക്കേണ്ടി വന്നത്‌ ജിന്നയുടെ മതേതര മനസ്സിനെയാണ്‌ വെളിപ്പെടുത്തുന്നത്‌. ഇന്ത്യയിലെ നേതാക്കന്മാര്‍ക്ക്‌ അക്കാലത്ത്‌ ഉണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യബോധം ജിന്നക്കുണ്ടായിരുന്നു എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌."
ബി.ജെ.പിയിലെ പ്രതിസന്ധി വാസ്‌തവത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയാണ്‌. അധികാരത്തിനു വേണ്ടി എന്തു നാടകവും കളിക്കാമെന്ന അബദ്ധധാരണയും ജനാധിപത്യബോധങ്ങളെ അപഹസിക്കലുമാണ്‌ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയത്‌. ചോദ്യത്തിന്‌ കോഴ വാങ്ങിയവര്‍ കോണ്‍ഗ്രസ്‌ വോട്ടിന്‌ കോഴ കൊടുത്തു എന്ന്‌ പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്ന്‌ അവര്‍ ധരിച്ചു പോയി. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിനെ കൂട്ടുുപിടിച്ച്‌ നാടകത്തിന്‌ ദൃശ്യരൂപം മെനഞ്ഞുണ്ടാക്കാന്‍ ശ്രമിച്ചെങ്കില്‍ അവസാനഘട്ടത്തില്‍ അതും പാളിപ്പോയി. സുഹൈല്‍ കുല്‍ക്കര്‍ണിയെന്ന പരിചയസമ്പത്തില്ലാത്ത വ്യക്തിയെ നാടകത്തിന്റെ ചുമതല ഏല്‍പ്പിച്ചതാണ്‌ ഏറ്റവും വലിയ വങ്കത്തമായതെന്ന്‌ ജസ്വന്ത്‌ തന്നെ സൂചിപ്പിക്കുന്നുണ്ട്‌. താന്‍ കോഴ വാങ്ങാന്‍ പോവുകയാണെന്ന്‌ ചാനല്‍ പ്രതിനിധിയോട്‌ പറഞ്ഞിട്ടാണ്‌ അദ്ദേഹം അങ്ങനെ ചെയ്‌തത്‌. രഹസ്യകാമറ കൊണ്ട്‌ അത്‌ പകര്‍ത്തണമെന്നും തെര്യപ്പെടുത്തി. കുല്‍ക്കര്‍ണിയാണ്‌ ഈ ഓപ്പറേഷനു പിന്നിലെ ബുദ്ധിയെന്ന്‌ പാര്‍ലമെന്റിന്റെ അന്വേഷണകമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട്‌ ഉപസംഹരിക്കുമ്പോള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുല്‍ക്കര്‍ണി പറയുന്നത്‌ ഇതിന്റെ ബുദ്ധികേന്ദ്രം ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവാണെന്നും അദ്ദേഹത്തിന്റെ പേര്‌ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നുമാണ്‌. അത്‌ അഡ്വാനിയാണെന്ന്‌ ജസ്വന്ത്‌ മറയില്ലാതെ പറയുന്നു. ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഒറ്റ ബി.ജെ.പി നേതാവും അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല വേണ്ട പിന്തുണ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. കുല്‍ക്കര്‍ണിയാണ്‌ ഇതിന്‌ ഏറെ വിയര്‍പ്പൊഴുക്കിയതെന്ന്‌ പണം ഉയര്‍ത്തിക്കാട്ടാന്‍ ഒപ്പം നിന്ന സുഹൈല്‍ ഹിന്ദുസ്ഥാനി വെളിപ്പെടുത്തുന്നു. തന്റെ വിശ്വസ്‌തന്‍ സഞ്‌ജീവ്‌ സക്‌സേനക്ക്‌ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍സിംഗ്‌ പണം കൈമാറി എന്നാണ്‌ സുഹൈല്‍ ഹിന്ദുസ്ഥാനി തുടക്കത്തില്‍ മൊഴി നല്‍കിയത്‌. എന്നാല്‍ സി.എന്‍.എന്‍ പ്രതിനിധിയെ പുറത്ത്‌ നിര്‍ത്തി അമര്‍സിംഗിനെ കാണാന്‍ പോയ സംഘത്തിന്റെ ഉദ്ദേശ്യം ഒരു അദ്ദേഹത്തിന്റെ കൈയില്‍നിന്ന്‌ ശുപാര്‍ശക്കത്ത്‌ വാങ്ങുക എന്നതായിരുന്നു. പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടാനുള്ള പണം വന്നത്‌ എവിടെ നിന്നെന്ന്‌ ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഈ ഓപ്പറേഷനില്‍ ഇടപെടരുതെന്ന തന്റെ ഉപദേശം അഡ്വാനി ചെവിക്കൊണ്ടില്ലെന്നാണ്‌ ജസ്വന്ത്‌ പറയുന്നത്‌. പ്രധാനമന്ത്രിയാകാന്‍ കിട്ടുന്ന അവസരത്തെ വെറുതെ കളയാനില്ലെന്ന ഭാവമായിരുന്നു അദ്ദേഹത്തിനെന്ന്‌ വ്യക്തം. ആ സംഭവത്തോടെ ബി.ജെ.പിയുടെ ധാര്‍മ്മികതയുടെ നട്ടെല്ല്‌ തകര്‍ന്നു. ആരോപണവിധേയരായ അമര്‍ സിംഗ്‌, അഹമ്മദ്‌ പട്ടേല്‍ എന്നിവര്‍ക്കെതിരെ ബലമുള്ള ഒരു തെളിവും ഹാജരാക്കാന്‍ ബി.ജെ.പിക്ക്‌ ഇന്നേവരെ സാധിച്ചിട്ടില്ല.
ബി.ജെ.പിയുടെ പ്രത്യയശാസ്‌ത്രം ജനാധിപത്യ ഇന്ത്യയുടെ നല്ലനടപ്പിന്‌ അനുചിതമാണെന്ന്‌ തെളിയിക്കുന്ന കിടിലന്‍ സംഭവങ്ങളാണ്‌ ഈയിടെ അരങ്ങേറിയത്‌. നമ്മുടെ ജനാധിപത്യ സംസ്‌കാരത്തെ ഊതിക്കാച്ചിയെടുക്കാന്‍ ഇത്തരം അനുഭവങ്ങള്‍ പാഠമാകുമെന്ന്‌ പ്രതീക്ഷിക്കാം. സ്വയം തീര്‍ത്ത ശരശയ്യയില്‍ മലര്‍ന്നുകിടക്കുകയാണ്‌ ഇപ്പോള്‍ ബി.ജെ.പിയും അതിന്റെ നേതാക്കളും. അങ്ങനെ കിടക്കുന്നതും പോരാഞ്ഞ്‌ ഒരു കാര്യവുമില്ലാതെ ആരെയൊക്കെയോ തുപ്പാനും ശ്രമിക്കുന്നുണ്ട്‌. മലര്‍ന്നുകിടന്ന്‌ തുപ്പുന്നവന്റെ മുഖത്തേക്ക്‌ വീഴുന്നത്‌ ഏതായാലും മഴച്ചാറ്റലാവില്ല എന്നുറപ്പ്‌.
(ഒൗട്ട്‌ലുക്ക്‌ വാരികയോട്‌ കടപ്പാട്‌)

Sunday, August 2, 2009

ഓഗസ്‌റ്റ്‌ ഒന്ന്‌; രാത്രി


എന്തെല്ലാമോ വീര്‍പ്പുമുട്ടലുകളായിരുന്നു ആ നേരത്ത്‌. തങ്ങളുടെ ഭാര്യാസഹോദരന്‍ മരിച്ചതായി നേരത്തെ അറിഞ്ഞിരുന്നു. എട്ടു മണിയായതോടെ ഡസ്‌കില്‍ തിരക്ക്‌ ഏറി വന്നു. പേജുകള്‍ ചെയ്‌ത്‌ തീര്‍ക്കാനും വാര്‍ത്തകള്‍ ശേഖരിക്കാനുമുള്ള വെപ്രാളങ്ങള്‍.

എട്ടേ മുക്കാലിന്‌ ഡസ്‌ക്‌ ചീഫ്‌ നജീബ്‌ കാന്തപുരത്തിന്‌ ഫോണ്‍ വന്നു. നമ്മുടെ തങ്ങള്‌ പോയി... നജീബ്‌ക്കാന്റെ മുഖം വിവര്‍ണമായി. ആദ്യനിമിഷങ്ങളില്‍ വല്ലാത്തൊരു അന്ധാളിപ്പായിരുന്നു. എന്നെ നോക്കി ഒരു സൂചന തന്നു. മനസ്സില്‍ തീ കോരിയിട്ട പോലെയൊരു പൊള്ളല്‍. മരിച്ചത്‌ തങ്ങളുടെ അളിയനാണെന്ന്‌ പറഞ്ഞ്‌ സ്വയം സമാധാനിക്കുമ്പോഴും നെഞ്ചില്‍ പിടപ്പുണ്ടായിരുന്നു. കേട്ടത്‌ ശരിയായ വാര്‍ത്തയാവരുതേ എന്ന്‌ കരച്ചിലടക്കി പ്രാര്‍ത്ഥിച്ചു. പിന്നെ ഫോണ്‍കോളുകളുടെ പ്രവാഹമായി. കേട്ടറിഞ്ഞ വാര്‍ത്ത ഉറപ്പിക്കാനും കൂടുതല്‍ വിവരങ്ങളറിയാനുമായി നിലക്കാത്ത ഫോണുകള്‍. നാട്ടില്‍ നിന്നും പലരും വിളിച്ചു. മറുപടി പറയാന്‍ പലപ്പോഴും വാക്കുകള്‍ കിട്ടിയില്ല. അപ്പോഴേക്കും വാര്‍ത്താ ചാനലുകളില്‍ തല്‍സമയ സംപ്രേഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഞെട്ടലില്‍ നിന്ന്‌ ഉടന്‍ മുക്തരായ ഞങ്ങള്‍ ജോലിയില്‍ സജീവമായി.


എത്ര ഇഷ്ടമുള്ളവര്‍ വിട്ടുപോയാലും ഡസ്‌്‌കിലാണെങ്കില്‍ ഒന്നു കരയാന്‍ പോലുമാകാത്ത വിധി പത്രപ്രവര്‍ത്തകരുടേത്‌ മാത്രമായിരിക്കും. അവര്‍ എല്ലാം ഉള്ളിലൊതുക്കി പിറ്റേന്നത്തെ പേജുകള്‍ ഭംഗിയാക്കാന്‍ വേണ്ടി ജോലി ചെയ്യണം. ഞങ്ങളും അങ്ങനെ ചെയ്‌തു. ടൈറ്റില്‍ താഴ്‌്‌ത്തിവെച്ച്‌ പത്രത്തിനു മുകളിലായി എഴുതിക്കെട്ടി. വിളക്കണഞ്ഞു. ഒന്നാം പേജില്‍തന്നെ എഡിറ്റോറിയല്‍. ഞങ്ങള്‍ അനാഥരായി. നജീബ്‌്‌ക്ക പറഞ്ഞുതന്ന വരികള്‍ ടൈപ്പ്‌ ചെയ്യുമ്പോള്‍ എന്റെ കൈകള്‍ വിറച്ചില്ല. ചില വരികളില്‍ കരള്‍ വിറച്ചു. കരച്ചില്‍ വന്നു. ലൈബ്രറിയില്‍ ചെന്ന്‌ പഴയ പടങ്ങള്‍ തപ്പിത്തിരച്ചിലായി പിന്നെ. അപൂര്‍വ്വ ചിത്രങ്ങള്‍ തുന്നിവെച്ച്‌ ഞാനും ഷാഫിയും ഒരു മണിക്കൂരിനുള്ളില്‍ രണ്ടു പേജുകള്‍ ചെയ്‌തു. ആ മഹാപ്രവാഹം. ചിത്രസ്‌മൃതികള്‍. അതിനിടെ സമൂഹത്തിന്‍രെ വിവിധ ഇടങ്ങളില്‍ നിന്ന്‌ അനുശോചനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. പിന്നെയെല്ലാം പെട്ടെന്ന്‌ നടന്നു. രണ്ട്‌ മണിക്കൂറിനകം മറ്റു വാര്‍ത്തകളെല്ലാം മാറ്റിവെച്ച്‌ പത്രം തയ്യാറായി. പിന്നെ പത്രം പ്രിന്റ്‌ ചെയ്യുന്നതുവരെയുള്ള കാത്തിരിപ്പ്‌. വിവരമറിഞ്ഞ്‌ എത്തിയ പലരും കിലോമീറ്ററുകള്‍ക്കപ്പുറത്തുവെച്ച്‌ മയ്യിത്ത്‌ കാണാനാവാതെ മടങ്ങിയിരിക്കുന്നു. പത്രക്കെട്ടുകളുമായി രണ്ടു വണ്ടികളില്‍ ഞങ്ങള്‍ പുറപ്പെട്ടു. വഴിയിലുടനീളം പകല്‍പോലെ തിരക്ക്‌. പാണക്കാട്ടേക്ക്‌ അടുക്കാനാവില്ലെന്ന്‌ ഉറപ്പായപ്പോള്‍ നേരെ ചന്ദ്രികയിലേക്ക്‌ പോയി. പിന്നെ പത്രക്കെട്ടുകളുമായി വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ഹാളിലേക്ക്‌. അപ്പോള്‍ സമയം നാലുമണി.മയ്യിത്ത്‌ കുളിപ്പിച്ചുകഴിഞ്ഞാല്‍ ടൗണ്‍ഹാളിലേക്ക്‌ പൊതുദര്‍ശനത്തിന്‌ എത്തുമെന്ന പ്രതീക്ഷയില്‍ അവിടെ ജനം തിങ്ങിനിറഞ്ഞിരിക്കുന്നു. നേരിയ ചാറ്റല്‍മഴ പെയ്‌തുകൊണ്ടിരുന്നു.


മഴ കൊണ്ട്‌ നില്‍ക്കുന്ന ചിലര്‍. കുടയുമായി ചിലര്‍. കാത്തിരിപ്പുമായി ഉറക്കമൊഴിച്ച്‌ റോഡരികില്‍ കിടക്കുന്നവര്‍. പത്രക്കെട്ട്‌ പുറത്തെടുത്ത ഓര്‍മ്മ മാത്രമേയുള്ളൂ. ചാനല്‍ക്കണ്ണുകള്‍. കണ്ണടച്ച്‌ തുറക്കും മുമ്പ്‌ ആളുകള്‍ പൊതിഞ്ഞു. പത്രം തീര്‍ന്നു. മുസ്‌്‌ലിംലീഗ്‌ രാഷ്ട്രീയവുമായി എന്നെ അടുപ്പിച്ചത്‌ ശിഹാബ്‌ തങ്ങളുടെ സൗമ്യനേതൃത്വവും മതേതര നിലപാടുകളുമായിരുന്നു. ഒരേസമയം എങ്ങനെ നല്ല മുസ്‌്‌ലിമും ബഹുമുഖ സമൂഹത്തിലെ അന്തസ്സുള്ള മനുഷ്യനുമായി ജീവിക്കാമെന്ന പ്രത്യയശാസ്‌ത്രത്തെ ഞാന്‍ തൊട്ടറിഞ്ഞു. എം.എസ്‌.എഫിന്റെ സജീവപ്രവര്‍ത്തകനായി. മുസ്‌്‌ലിംലീഗുകാരനായി. മുസ്‌്‌ലിമാണെന്ന്‌ പറയാന്‍ പോലും മടിക്കുന്നവരുടെ മുന്നില്‍ മുസ്‌്‌ലിംലീഗുകാരനാണെന്ന്‌ അഭിമാനത്തോടെ ഉറപ്പിച്ചു പറഞ്ഞു. ചരിത്രത്തില്‍ ഇന്നേവരെ പൊതുസമൂഹം ഒരു മുസ്‌്‌ലിംലീഗുകാരനു നേരെയും സംശയത്തിന്റെ കുന്തമുനയെറിഞ്ഞിട്ടില്ല എന്നതാണ്‌ ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലെ മുസ്‌്‌ലിംകള്‍ നേടിയെടുത്ത അഭിമാനകരമായ അസ്‌തിത്വം. രാഷ്ട്രീയ ഇസ്‌്‌ലാമിന്റെ ആളുകള്‍ ഹൈജാക്ക്‌ ചെയ്യാന്‍ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും മുസ്‌്‌ലിംലീഗിന്റെ നയങ്ങളിലോ നിലപാടുകളിലോ വെള്ളം ചേര്‍ക്കാന്‍ ശിഹാബ്‌ തങ്ങള്‍ ഒരുമ്പെട്ടില്ല. ആ മൗനത്തിന്‌ കാരിരുമ്പിന്റെ കരുത്തും ആ പുഞ്ചിരിയില്‍ കാവല്‍മാലാഖയുടെ വശ്യതയുമുണ്ടായിരുന്നു.കോഴിക്കോട്ടേക്ക്‌ തിരിച്ചുവരുമ്പോള്‍ മനസ്സുനിറയെ നീറ്റല്‍. നേരം വെളുത്തുതുടങ്ങി.

Sunday, June 21, 2009

ബീമാപ്പള്ളി കേരളത്തില്‍ തിരുവന്തപുരം ജില്ലയിലാണ്‌










കൊമ്പന്‍ ഷിബു എന്നാണ്‌ അയാളുടെ പേര്‌. സ്ഥലത്തെ പ്രധാന പിരിവുകാരന്‍. വെറും ഗുണ്ടയല്ല മുന്തിയ ഇനം ഗുണ്ട തന്നെയാണെന്ന്‌ പേരില്‍തന്നെ എഴുതിവെച്ചിട്ടുണ്ട്‌. കഞ്ചാവ്‌ വില്‍പ്പനക്കാരന്‍ കൂടിയായിരുന്ന ഇയാള്‍ ചെറിയ തുറയില്‍ നിന്ന്‌ മദ്യപിച്ചെത്തി ബീമാപ്പള്ളിയില്‍ പ്രശ്‌നമുണ്ടാക്കിയതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മേഖല തിരിച്ച്‌ ഗുണ്ടാപിരിവ്‌ നടത്തുന്ന സംഘങ്ങള്‍ വിലസുന്നതായി നമുക്കറിയാം. എന്നാല്‍ കേരളത്തിലെ കൊമ്പന്‍ ഷിബുവിനെ ജനങ്ങള്‍ കൈകാര്യം ചെയ്‌തു. തുടര്‍ന്ന്‌ ബീമാപ്പള്ളി സ്വദേശികളുടെ വള്ളവും വലയും ഷിബുവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടകള്‍ കത്തിച്ചു. ഇതില്‍ പ്രകോപിതരായ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാര്‍ ചെറിയതുറ ഭാഗത്തേക്ക്‌ പോയി. ഇവിടെയുളള ആളുകളുമായി കല്ലേറ്‌ നടന്നതിനെത്തുടര്‍ന്ന്‌ പോലീസ്‌ സംഘം മുന്നറിയിപ്പൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നു. കടപ്പുറത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും വെടിയേറ്റു. ബീമാപ്പള്ളി സ്വദേശികളായ അഹ്‌്‌മദ്‌ സലീം (50), ബാദുഷ (35), സെയ്‌തലവി (24), അബ്ദുല്‍ഹക്കീം (27) എന്നിവര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ 37 പേരെയാണ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പരിക്കേറ്റ രണ്ടു പേര്‍ കൂടി പിന്നീട്‌ മരണത്തിന്‌ കീഴടങ്ങി. സംഭവ സ്ഥലത്ത്‌ നിരോധനാജ്ഞയോ പോലീസ്‌ നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. ജനം പിന്തിരിഞ്ഞ്‌ ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പോലീസ്‌ വെടിവെപ്പ്‌ തുടര്‍ന്നു. വെടിയുണ്ടകള്‍ തീരുന്നതു വരെ തുടര്‍ച്ചയായി 30 റൗണ്ട്‌ വെടിയുതിര്‍ത്തുവെന്നാണ്‌ പ്രാഥമികവിവരം. കേരളത്തിലെ മനുഷ്യസ്‌നേഹികളെ അമ്പരപ്പിച്ചു കളഞ്ഞു ആ വെടിവെപ്പ്‌. വെടിയേറ്റു വീണവരെയും പോലീസ്‌ വെറുതെ വിട്ടില്ല. പിന്നാലെ പാഞ്ഞു വന്ന്‌ തോക്കിന്റെ പുറം പാത്തി കൊണ്ട്‌ പൊതിരെ തല്ലി. വെടിവെപ്പിനു ശേഷമാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. ഗുണ്ടാ നേതാവ്‌ ഷിബുവിന്റെ അക്രമങ്ങള്‍ തടയണമെന്ന്‌ ബീമാപ്പള്ളി ജമാഅത്ത്‌ പ്രസിഡണ്ട്‌ എന്‍.വി അസീസും വാര്‍ഡ്‌ കൗണ്‍സിലറും മുസ്‌്‌ലിംലീഗ്‌ നേതാവുമായ ബീമാപ്പള്ളി റഷീദും നേരത്തെ കലക്ടറോട്‌്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ നിസ്സംഗത നടിച്ചു.
അക്രമം നടത്തിയ ഷിബുവിനെ ദിവസങ്ങള്‍ക്കു ശേഷമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ജമാഅത്ത്‌ പ്രതിനിധികളെ ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷനില്‍ തടഞ്ഞുവെക്കാനുള്ള കൂര്‍മ്മബുദ്ധിയും പോലീസ്‌ കാണിച്ചു. ഇതെല്ലാം സംഭവിച്ചത്‌ കേരളത്തില്‍ തന്നെ. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ, തിരുവനന്തപുരത്ത്‌. മെയ്‌ 17നാണ്‌ സംഭവം നടന്നത്‌. തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന്റെ പിറ്റേ ദിവസം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിന്റെ അരിശം പാവങ്ങളുടെ നെഞ്ചത്ത്‌ തീര്‍ത്തതാണെന്ന്‌ ദോഷൈകദൃക്കുകള്‍ പറയുന്നതല്ല. അതില്‍ കഴമ്പുണ്ടാകാമെന്ന്‌ സ്ഥിതിവിവരങ്ങളും വിവരണങ്ങളും ഉറക്കെ വിളിച്ചു പറയുന്നു. ചെറിയതുറയില്‍ കൊല്ലപ്പെട്ടത്‌ പാവങ്ങളായിരുന്നു. അന്നത്തെ അന്നത്തിനു വേണ്ടി കാറ്റിനെയും കടലിനെയും അതിജീവിക്കുന്നവര്‍. ഒരു ഇസത്തിനും വേണ്ടിയായിരുന്നില്ല അവരുടെ രക്തസാക്ഷിത്വം. അതുകൊണ്ട്‌ തന്നെ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആളുകളുണ്ടായില്ല. മുസ്‌്‌ലിംലീഗ്‌ ഒഴികെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ വിഷയം കാര്യമായി ഏറ്റെടുത്തതുമില്ല. ബീമാപ്പള്ളിയില്‍ ചങ്ങലക്ക്‌ ഭ്രാന്ത്‌ പിടിച്ചു. തുരുതുരാ പൊട്ടുന്ന മരണശബ്ദങ്ങള്‍ കേട്ട്‌ ഓടുന്നതിനിടെ പിറകു വശത്താണ്‌ പലര്‍ക്കും വെടിയേറ്റത്‌. യുദ്ധമുഖത്തെന്ന പോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഒരു കാരണവുമില്ലാതെ നിരപരാധികളെ കൊല്ലുന്നതിന്റെ വിറയലൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഏതോ ഉന്നത കേന്ദ്രത്തില്‍ നിന്ന്‌ നിര്‍ദ്ദേശം ലഭിച്ച പോലെ എല്ലാം തിടുക്കത്തിലായിരുന്നു. വെടിവെപ്പിനു മുമ്പ്‌ പാലിക്കേണ്ട സാമാന്യ നിയമങ്ങള്‍ പോലും അവര്‍ക്ക്‌ ബാധകമായിരുന്നില്ല. എന്തു വലിയ പ്രശ്‌നമുണ്ടായാലും ടിയര്‍ഗ്യാസ്‌, ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ്‌ തുടങ്ങിയ ക്രിയകള്‍ കഴിഞ്ഞാല്‍ മഷിയിട്ടു നോക്കിയാല്‍ പോലും ആ പരിസരത്ത്‌ ആരെയും കാണില്ല. ലാത്തിച്ചാര്‍ജ്ജ്‌ ഒഴികെയുള്ള കാര്യങ്ങള്‍ നടന്നു കഴിയുമ്പോഴേക്ക്‌ സാമാന്യജനം പിരിഞ്ഞു പോവുകയാണ്‌ പതിവ്‌. എന്നാല്‍ ചെറിയതുറയില്‍ ഇപ്പറഞ്ഞ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ജനക്കൂട്ടത്തിലേക്ക്‌ വെടിവെക്കേണ്ടി വന്നാല്‍ മുട്ടിനു താഴെയായിരിക്കണമെന്ന നിയമവും പാലിച്ചില്ല. കൊല്ലാന്‍ പറഞ്ഞയച്ചവന്റെ കണക്കുകൂട്ടലുകള്‍ വലുതായിരുന്നുവെന്ന്‌ പരിക്കേറ്റവരുടെ കണക്ക്‌ പരിശോധിച്ചാല്‍ മനസ്സിലാകും. ഭൂരിഭാഗം പേര്‍ക്കും വെടിയേറ്റുള്ള പരിക്കാണ്‌ എന്നത്‌ കൊല്ലേണ്ട കണക്ക്‌ മരണസംഖ്യയേക്കാള്‍ കൂടുതലായിരുന്നു എന്നതിന്റെ തെളിവാണ്‌. കൊല്ലപ്പെട്ട ആറു പേരുടെയും വെടിയേറ്റ പരിക്കുകള്‍ മാരകമായിരുന്നു. (വെടിയേറ്റു മരിച്ചത്‌ നാലു പേര്‍ മാത്രം എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ കണക്ക്‌. പത്രങ്ങളും നാടായ നാടും ഒന്നിച്ച്‌ പറഞ്ഞാലും ഉദ്യോഗസ്ഥര്‍ എഴുതിയത്‌ അപ്പടി ശ്വാസം വിടാതെ വായിക്കുക എന്നത്‌ ഈ മന്ത്രിസഭയുടെ ഒരു നടപ്പുശീലമാണ്‌.)പോലീസ്‌ കെട്ടിയുണ്ടാക്കിയ കഥകളുടെ പിന്നാലെയായിരുന്നു പിന്നീട്‌ മാധ്യമങ്ങളും പൊതുസമൂഹവും. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനാണ്‌ വെടിവെച്ചത്‌ എന്നായിരുന്നു ഒരു കഥ. അങ്ങനെയൊരു സംഘര്‍ഷത്തിനുള്ള വകുപ്പൊന്നും അവിടെയുണ്ടായിരുന്നില്ല എന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു പൊതുപ്രശ്‌നത്തിനു വേണ്ടി ഒന്നിച്ച അവര്‍ എങ്ങനെയാണ്‌ പരസ്‌പരം ചേരിതിരിയുക എന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടില്ല. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്‌ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ്‌ മറ്റൊരു കഥ. അങ്ങനെയൊരു സാധ്യത ചെറിയതുറയില്‍ ഇല്ലെന്ന്‌ പള്ളി അധികാരികള്‍ തന്നെ പിന്നീട്‌ വിശദീകരിക്കുകയുണ്ടായി. മുസ്‌്‌ലിംകളും ക്രിസ്‌ത്യാനികളും അത്രയേറെ സൗഹൃദത്തില്‍ കഴിയുന്ന പ്രദേശമാണിത്‌. ഇമ്മാതിരി തട്ടുപൊളിപ്പന്‍ വിശദീകരണങ്ങളൊന്നും ഏല്‍ക്കാതെ വന്നപ്പോഴാണ്‌ ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനെതിരെ സ്വയരക്ഷാര്‍ത്ഥം പോലീസ്‌ വെടിവെക്കുകയായിരുന്നു എന്ന കഥ ഉരുത്തിരിഞ്ഞ്‌ വന്നത്‌. അങ്ങനെ സ്വയരക്ഷാര്‍ത്ഥം പോലീസ്‌ നേരത്തെ വെടിവെച്ചു തുടങ്ങിയിരുന്നെങ്കില്‍ ഇന്ന്‌ ഒരൊറ്റ സി.പി.എമ്മുകാരനും ജീവനോടെ ഉണ്ടാകുമായിരുന്നില്ല. അക്രമസമരങ്ങള്‍ നടത്തി പോലീസിനെതിരെ ഏറ്റവുമധികം യുദ്ധത്തിന്‌ മുറവിളികൂട്ടിയ വിഭാഗം ഏതായിരുന്നു എന്ന ചോദ്യത്തിന്‌ ചാനല്‍ സ്റ്റുഡിയോ ലൈബ്രറികളിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ മുമ്പുള്ള ചില ദൃശ്യങ്ങള്‍ ചികഞ്ഞാല്‍ മതി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ്‌ കോടതി വരാന്തകളിലായിരുന്നു ഇടതു സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും. പലരും പിടികിട്ടാപ്പുള്ളികള്‍. ജാമ്യം കിട്ടാനുള്ള നെട്ടോട്ടം. എല്ലാം ജനം കാണുന്നുണ്ട്‌ എന്ന്‌ ഫലം വന്നപ്പോള്‍ ബോധ്യമായി. ജനക്കൂട്ടത്തിന്റെ ആക്രമണം മൂലം സ്വന്തം യൂണിഫോം ഒന്ന്‌ ചുളിഞ്ഞു പോയ പോലീസിനെയെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ എഫ്‌.ഐ.ആര്‍ കഥകളെഴുതുന്ന ഡിപ്പാര്‍ട്ട്‌മെന്റിന്‌ ഇന്നേവരെ സാധിച്ചിട്ടില്ല. ഇതൊരു ക്രിമിനല്‍ ബുദ്ധിയുള്ള മിടുക്കന്റെ കളിയായിരുന്നു എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കള്ളനും പോലീസും കളി. പോലീസ്‌ എന്നാല്‍ ഭരിക്കുന്ന ഏമാന്‍ പറയുന്നത്‌ അപ്പടി വിഴുങ്ങുകയും കാഞ്ചി വലിക്കാന്‍ പറഞ്ഞാല്‍ വലിക്കുകയും ചെയ്യുന്ന സാധുക്കളാണെന്ന്‌ വിശ്വാസിക്കാം. കള്ളനാര്‌ എന്നതു മാത്രമാണ്‌ ഇനി പിടികിട്ടാനുള്ളത്‌. അവന്റെ ഉദ്ദേശ്യമെന്തായിരുന്നു എന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. വെടിവെപ്പുവേളയില്‍ ഹാജരായിരുന്ന പോലിസ്‌ ഉദ്യോഗസ്ഥരുടെ പങ്കിനോടൊപ്പം സംഭവസ്ഥലത്തു നിന്നു വിട്ടുനിന്ന ഉന്നത പോലിസ്‌ ഉദ്യോഗസ്ഥരുടെ വിവരവും പ്രത്യേകം അന്വേഷിക്കണം. തെരഞ്ഞെടുപ്പ്‌ ഫലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തത്രപ്പാടില്‍ ഉന്നതവൃത്തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശാനുസരണമാണ്‌ വെടിവെപ്പ്‌ നടന്നതെന്ന്‌ സംശയിക്കപ്പെടുന്നുണ്ട്‌. നന്ദിഗ്രാമില്‍ ഒരു പ്രത്യേക സമുദായം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്‌ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കെമിക്കല്‍ ഹബ്ബ്‌ പണിയാനായി 14 പേരെ വെടിവെച്ചു കൊന്ന അതേ സി.പി.എമ്മാണ്‌ കേരളവും ഭരിക്കുന്നത്‌ എന്ന കാര്യമോര്‍ക്കുമ്പോള്‍ ഭയപ്പെടാതെ വയ്യ. വര്‍ഗ്ഗീയവികാരം ഇളക്കി വിടാതിരിക്കാനാണ്‌ വാര്‍ത്തക്ക്‌ പ്രാധാന്യം കൊടുക്കാതിരുന്നത്‌ എന്ന ഒരു മുടന്തന്‍ ന്യായമാണ്‌ നിശ്ശബ്ദതക്കുള്ള കാരണമായി മാധ്യമങ്ങള്‍ വിശദീകരിച്ചത്‌. അത്‌ കുറ്റകരമായ മൗനമായിരുന്നു എന്ന്‌ സമ്മതിക്കാന്‍ ആര്‍ക്കും ചങ്കൂറ്റമില്ല. നിശ്ശബ്ദത അടക്കി വാഴുന്നിടത്ത്‌ നീതിനിഷേധമുണ്ടാകുമെന്നത്‌ പൊതുനിയമമാണ്‌. മൗനം ഫാഷിസത്തിന്റെ ലക്ഷണമാണ്‌. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍. ഇങ്ങനെ ന്യായീകരിക്കുന്ന വിഭാഗം തന്നെയാണ്‌ മാറാട്‌ എട്ട്‌ ഹിന്ദു സഹോദരന്മാര്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ദിവസങ്ങളോളം ആ ഭീകര ദൃശ്യങ്ങള്‍ വെട്ടിമാറ്റാതെ ടി.വി സ്‌ക്രീനില്‍ നിലനിര്‍ത്തിയത്‌. അന്നൊന്നും ഇല്ലാതിരുന്ന എന്ത്‌ മാധ്യമധര്‍മ്മമാണ്‌ ഇക്കാര്യത്തില്‍ നിര്‍വ്വഹിച്ചതെന്ന്‌ വ്യക്തമാക്കപ്പെടേണ്ടതുണ്ട്‌. മാന്യമഹാ ദേഹികളും ദേഹങ്ങളുമായ നമ്മുടെ സാംസ്‌കാരിക നായകന്മാരും ബീമാപ്പള്ളി കണ്ടില്ല. അത്‌ തിരുവനന്തപുരത്താണെന്ന്‌ അവര്‍ക്കറിയില്ല. മിണ്ടിയില്ല, ഒരെണ്ണവും. അവര്‍ക്ക്‌ വേറെയും വിഷയങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചിരിയായിരുന്നു പ്രധാന പ്രശ്‌നങ്ങളിലൊന്ന്‌. ചാനലുകളും പത്രങ്ങളും ആഘോഷിക്കാന്‍ വിട്ടു പോയില്ല. അതു ചര്‍ച്ചക്കെടുത്തില്ലെങ്കില്‍ നമ്മുടെ സാംസ്‌കാരികബോധങ്ങള്‍ അപകടത്തിലാവുമെന്ന പ്രതീതിയായിരുന്നു കുറേ ദിവസങ്ങളില്‍. കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കിയതു കൊണ്ടു മാത്രം അവസാനിപ്പിക്കാവുന്ന കേസല്ല ബീമാപ്പള്ളി വെടിവെപ്പ്‌. അത്‌ ഒരു ജനവിഭാഗത്തെയൊന്നാകെ അരക്ഷിതബോധത്തിലേക്ക്‌ ഉന്തിയിടാവുന്ന നെറികേടാണ്‌. പോലീസിലും ഉദ്യോഗസ്ഥ വൃന്ദത്തിലും ചില കരുതല്‍ നടപടികള്‍ അനിവാര്യം. ഉന്നതന്മാരുടെ താല്‍ക്കാലിക നോട്ടങ്ങള്‍ വിദൂരകാലത്തേക്കുള്ള പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമായേക്കാം എന്ന്‌ ഇനിയെന്നാണ്‌ നമ്മുടെ പോലീസും ഭരണകൂടവും മനസ്സിലാക്കുക?. പൊതുബോധങ്ങള്‍ സ്വരൂപിക്കുന്നതിലും മലയാളിക്ക്‌ മാറാന്‍ നേരമായിരിക്കുന്നു. അത്‌ മാധ്യമങ്ങള്‍ക്കും സാംസ്‌കാരികനായകന്മാര്‍ക്കും മാത്രം വിട്ടു കൊടുക്കേണ്ട പ്രക്രിയയല്ല. അല്ലെങ്കിലും കേരളത്തിലെ മനുഷ്യരെ ആര്‍ക്കു വേണം.? അവന്‍ ഉച്ചയ്‌ക്ക്‌ വെക്കാന്‍ അരിയില്ലാതെ ഉച്ചത്തില്‍ കരഞ്ഞാലും ഉഗാണ്ടയിലെ പട്ടിണി മരണങ്ങളെപ്പറ്റി നമുക്ക്‌ ചര്‍ച്ചാ സംഗമങ്ങള്‍ സംഘടിപ്പിക്കാം. ആരോ അയച്ച ഇ മെയില്‍ സന്ദേശത്തിന്റെ പേരില്‍ അവനെ അറസ്റ്റു ചെയ്‌ത്‌ തീവ്രവാദിപ്പട്ടമണിയിച്ചാല്‍ വസീറിസ്ഥാനിലെ ഗോത്രമേഖലകളില്‍ താലിബാന്‍ സ്വരുക്കൂട്ടുന്ന ആര്‍.ഡി.എക്‌സിന്റെയും എ.കെ-47ന്റെയും ഞെട്ടിക്കുന്ന കണക്കുകള്‍ നിരത്തി നമുക്ക്‌ അവന്‍ ജനിച്ച കുലത്തെ ഒന്നടങ്കം തീവ്രവാദികളാക്കുകയോ യഥാര്‍ത്ഥത്തിലുള്ള ഉറവിടങ്ങളെ അന്വേഷിക്കാതിരിക്കുകയോ ചെയ്യാംേ. അറിയാതെയൊരു വണ്ടി മുട്ടി പൂച്ചയോ പട്ടിയോ ചത്താല്‍ അന്നത്തെ വാര്‍ത്താ വിശകലനത്തിന്റെ മുക്കാല്‍ മണിക്കൂറും മൃഗങ്ങളോട്‌ എന്തിനീ ക്രൂരത എന്ന വിഷയത്തില്‍ കൊച്ചി സ്‌റ്റുഡിയോയിലും കോഴിക്കോട്ടും സാംസ്‌കാരിക നായകന്മാരെ ഇരുത്താം. കേരളത്തില്‍ പോലീസ്‌ വെടിവെപ്പോ കൂട്ടബലാത്സംഗമോ കലാപങ്ങളോ മനുഷ്യാവകാശലംഘനമോ സംഭവിക്കട്ടെ. നമുക്ക്‌ അബൂഗുറൈബിന്റെ ഇരുട്ടറകളില്‍ അമേരിക്കന്‍ പട്ടാളം ഇറാഖി തടവുകാരെ പീഡിപ്പിക്കുന്നതിനെപ്പറ്റിയും ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നതിനെപ്പറ്റിയും ആണവ കരാറിനെപ്പറ്റിയും മാത്രം സംസാരിക്കാം. വിഷയദാരിദ്ര്യം ഒട്ടും ഇല്ലാതിരുന്നിട്ടും അന്താരാഷ്ട്ര കാര്യങ്ങളില്‍ വ്യാകുലപ്പെടുന്നതിന്റെ നൂറില്‍ അര അംശം പോലും മൂക്കിന്‍ തുമ്പത്തെ ഈച്ചയെ ആട്ടാന്‍ ഉപയോഗിക്കുന്നില്ല എന്നത്‌ ഒരുപക്ഷേ കേരളത്തിലെ കപട ജ്ഞാനികളുടെ മാത്രം പ്രത്യേകതയായിരിക്കും. രാജ്യാന്തര വര്‍ത്തമാനങ്ങളേക്കാള്‍ നമ്മെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌. അതു നമുക്കറിയാഞ്ഞിട്ടല്ല. വെടിയുണ്ടയും വിരിമാറും പ്രസംഗിക്കുന്ന നമ്മുടെ മഹാമനീഷികള്‍ സ്വന്തം നെഞ്ചിനു നേര്‍ക്ക്‌ അതു വന്നേക്കും എന്നു തോന്നുന്ന നിമിഷം പിന്മാറിക്കളയുന്നു. അല്ലെങ്കില്‍ മിണ്ടാതിരിക്കുന്നു. അതു തന്നെയാണ്‌ ബീമാപ്പള്ളി വെടിവെപ്പിനു ശേഷവും സംഭവിച്ചത്‌. അത്‌ തലസ്ഥാനത്താണ്‌. ഭരിക്കുന്നവന്റെ ചുണ്ടിനു താഴെയാണ്‌. ചീപ്പ്‌ പോപ്പുലാരിറ്റിക്ക്‌ വേണ്ടിയാണെങ്കിലും സാംസ്‌കാരിക നായകന്മാര്‍ പട്ടികളെപ്പോലെ അലഞ്ഞു നടക്കുന്ന ഇടത്തിലാണ്‌. എന്നിട്ടും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഈ അരും കൊലക്കെതിരെ ഒരിറ്റ്‌ കണ്ണീരു വീഴ്‌ത്താനോ കവിതയെഴുതാനോ ഒരു മനുഷ്യസ്‌നേഹിയെയും കണ്ടില്ല.

Saturday, April 4, 2009

പൊന്നുമക്കളേ, അരുത്‌... (മഅ്‌ദനി പറയട്ടെ)



അങ്ങനെ, ആത്മസംയമനത്തിന്റെ താരാട്ടുപാടി കേരള മുസ്‌്‌ലിംകളെ ഉറക്കിക്കിടത്താന്‍ ശിഹാബ്‌ തങ്ങള്‍ നോക്കണ്ടാ. കൊച്ചു കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുളള ഈ ഒറ്റക്കാലില്‍ വേച്ചുവേച്ച്‌ നടക്കുന്ന വിനീതന്‍ അതിനു സമ്മതിക്കില്ല മക്കളേ.. മതം സമാധാനത്തിനു വേണ്ടിയാണെന്ന്‌ പറയുന്നവരുടെ വിവരക്കേടുകള്‍ കേട്ട്‌ വഴി തെറ്റരുത്‌ മക്കളേ... അവര്‍ നിങ്ങളെ ജീവിതത്തിന്റെ നേരമ്പോക്കുകളില്‍ തളച്ചിടാനുളള പരിപാടിയിലാണ്‌. അവര്‍ക്ക്‌ നിങ്ങളെ ഉപയോഗിച്ച്‌ പളളികളുണ്ടാക്കണം. മദ്രസ്സകളുണ്ടാക്കണം. മതപ്രഭാഷണങ്ങള്‍ നടത്തണം. യത്തീംകുട്ടികളെ വളര്‍ത്തണം. ജീവിതത്തിന്റെ വ്യവസ്ഥകളെപ്പറ്റി സംസാരിക്കണം. ഒരിക്കലും അതിനു നിന്നുകൊടുക്കരുത്‌ മക്കളേ... അവര്‍ നിങ്ങളെ ഉറക്കിക്കിടത്തുകയാണ്‌. ജിഹാദിന്റെ വഴിയാണ്‌ ശരി. വാളെടുക്കണം. തല കൊയ്യണം. കൊല്ലാനും ചാകാനും തയ്യാറായി മാത്രം ഇസ്‌്‌ലാം മതത്തില്‍ നിലകൊണ്ടാല്‍ മതി. അല്ലാത്തവന്‍ യഥാര്‍ത്ഥ മുസ്‌്‌ലിമല്ല മക്കളേ... ഭൂരിപക്ഷത്തെ സൈ്വരം കെടുത്തണം. ചിതറിക്കിടക്കുന്ന അവരുടെ സ്വത്വത്തെ ഒന്നാക്കിക്കൊടുക്കാനുളള ബാധ്യത നമ്മളേറ്റെടുക്കണം. അങ്ങനെ നമ്മള്‍ വാളെടുത്തതിനു പകരമായി അവര്‍ വാളെടുക്കും. നമ്മള്‍ ബോംബ്‌ സ്‌ഫോടനം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയതിനു പകരമായി അവര്‍ ബോംബെറിഞ്ഞ്‌ നമ്മുടെ പളളികള്‍ തകര്‍ക്കണം. നമ്മുടെ സമുദായത്തെ മുച്ചൂടും നശിപ്പിക്കണം. നമ്മുടെ ഭാര്യയും മക്കളും ബലാല്‍സംഗം ചെയ്യപ്പെടും. ശിരച്ഛേദം ചെയ്യപ്പെടും. ചിത്രവധം ചെയ്യപ്പെടും. എന്നാലും പിന്മാറരുത്‌. കൂടുതല്‍ കരുത്തോടെ ഭൂരിപക്ഷത്തെ അപായപ്പെടുത്താനുളള നടപടികളുമായി മുന്നോട്ടു പോകണം. ഇന്ത്യയിലെ ഓരോ ഹിന്ദുവും സംഘ്‌പരിവാര്‍ ഫാഷിസത്തിന്റെ വക്താവാകുന്നതുവരെ നാം വിശ്രമിക്കരുത്‌. ഇന്ത്യയിലെ അവസാനത്തെ മുസല്‍മാനും കൊല്ലപ്പെടുന്നതുവരെ നാം വിശ്രമിക്കരുത്‌. നമ്മുടെ ഉമ്മയും പെങ്ങളും കണ്‍മുന്നില്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്‌ കാണാതെ മരിക്കരുത്‌. ആ സുന്ദരസുരഭില നിമിഷങ്ങള്‍ക്കായി കാത്തിരിക്കണം. ഏതു നിമിഷവും അതു സംഭവിച്ചേക്കാമെന്ന കരുതല്‍ വേണം. അതിനു വേണ്ടിയുളള സകല പണികളും നമ്മള്‍ തന്നെ ചെയ്യണം. ജനാധിപത്യത്തെ തെല്ലും ഭയപ്പെടരുത്‌. അതിനകത്ത്‌ നിരവധി പഴുതുകളുണ്ടെന്ന്‌ എന്റെ ജയില്‍മോചനത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ടാകുമല്ലോ. ഈ മണ്ണിനെ കുട്ടിച്ചോറാക്കാനുളള കരാര്‍ ഏറ്റെടുത്ത വിശ്വസ്‌തരാണ്‌ നമ്മള്‍. എല്ലാം ചെയ്യുന്നത്‌ അല്ലാഹുവിന്റെ പേരിലാകണം. മതത്തെയും മതചിഹ്നങ്ങളെയും തീവ്രവാദത്തിനായി മാക്‌സിമം ഉപയോഗിക്കണം. മുടി നീട്ടിവളര്‍ത്തിയ സന്യാസിമാരെ കിട്ടുകയാണെങ്കില്‍ കൂടെ കൂട്ടാന്‍ മറക്കരുത്‌. കൂടെ സംഘ്‌പരിവാര്‍ ഏജന്റുമാരായ ഹിന്ദുക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവരെ നീണ്ട കുറി തൊടുവിച്ച്‌ കൂടെ നടത്തണം. പത്രസമ്മേളനത്തിലും സെമിനാറിലും ടി.വി ക്യാമറകള്‍ക്ക്‌ പിടിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടെയിരുത്തണം. ഇസ്‌്‌ലാം ഭീകരതയുടെ മതമായി അറിയപ്പെടണം. സംഘ്‌പരിവാറിന്റെ എല്ലാവിധ സഹായവും നമ്മുടെ വിജയത്തിനു പിന്നിലുണ്ടാകും. ഭീകരഹിന്ദുത്വത്തിന്റെ പ്രിയപുത്രന്‍ ഈയിടെ എന്നെ വിശുദ്ധനാക്കി പ്രസംഗിച്ചത്‌ നിങ്ങളും കേട്ടുകാണുമല്ലോ. നമ്മളും അവരും തമ്മില്‍ അത്രയധികം ഇഴയടുപ്പമുണ്ടെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലായിക്കാണുമല്ലോ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്‌. ഇരകള്‍ ഇരകള്‍ എന്ന്‌ നാഴികക്കു നാല്‍പതു വട്ടം ഉരുവിട്ടുകൊണ്ടിരിക്കണം. നേരത്തെ പറഞ്ഞിരുന്നത്‌ മാറ്റി മുസ്‌്‌ലിംകളാദി പിന്നാക്ക ജാതി ഇരകള്‍ എന്ന്‌ ഊന്നിപ്പറയണം. ഉന്മാദ രാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകാരെയും ഫാഷിസത്തെ അതേപോലെ അനുകരിക്കുന്ന സംഘ്‌പരിവാറിനെയും നമുക്ക്‌ കൂട്ടിനു കിട്ടും. ഇവര്‍ രണ്ടുകൂട്ടരും രാജ്യത്തെ അസ്ഥിരപ്പെടുത്തി അരാജകത്വം വരാന്‍ അമേരിക്കക്ക്‌ വിടുവേല ചെയ്യുന്നവരാണ്‌. അവരുടേതും നമ്മുടേതും ഒരേ ലക്ഷ്യമാണെന്ന്‌ ഈയിടെ മാത്രമാണ്‌ കൂടുതല്‍ തിരിച്ചറിയാന്‍ സാധിച്ചത്‌. കമ്യൂണിസ്‌റ്റുകളും ഫാഷിസ്റ്റുകളും ജനാധിപത്യ വിരുദ്ധര്‍. നമ്മളും അങ്ങനെ. അവര്‍ നിവൃത്തികേടുകൊണ്ട്‌ മാത്രം ഇന്ത്യയില്‍ ജനാധിപത്യത്തെ ഉപയോഗിക്കുന്നു. നമ്മളും അങ്ങനെ. അവര്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും രാജ്യത്തെ ശിഥിലീകരിക്കാനും പുരോഗതിയെ തടസ്സപ്പെടുത്താനുമുളള അജണ്ടകളുമുണ്ട്‌. നമ്മള്‍ക്കും അങ്ങനെ തന്നെ. അവനവന്റെ രാഷ്ട്രീയം പ്രയോഗിക്കാനും അടിച്ചേല്‍പ്പിക്കാനും ആയുധത്തിന്റെ മാര്‍ഗ്ഗമാണ്‌ കാലങ്ങളായി ഇവര്‍ സ്വീകരിച്ചു വരുന്നത്‌. നമ്മളും അങ്ങനെ തന്നെ. ഇനി നിങ്ങള്‍ പറയൂ. ബി.ജെ.പി വിട്ടവരും എന്‍.ഡി.എ ഏജന്റുകളും കൂട്ടിനു വന്ന മൂന്നാം മുന്നണിക്കും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും ഒപ്പമല്ലാതെ ആര്‍ക്കൊപ്പമാണ്‌ നാം നില്‍ക്കേണ്ടത്‌ മക്കളൈ... രാജ്യത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ്സുകാരെയും രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്ന്‌ പറയുന്ന മുസ്‌്‌ലിംലീഗുകാരെയും നമുക്ക്‌ വേണ്ടേ വേണ്ട മക്കളേ...വിഡ്‌ഢികളായ ചില ബുദ്ധിജീവികള്‍ നമ്മെ ചെറുത്തുനില്‍പ്പ്‌ പ്രസ്ഥാനമെന്ന്‌ കരുതിയിട്ടുണ്ട്‌. തല്‍ക്കാലം അതൊന്നും തിരുത്താന്‍ നില്‍ക്കണ്ട. മതേതര കക്ഷികളെന്ന്‌ അവകാശപ്പെടുന്നവരുടെ ഒപ്പം നിന്നും അവരുടെ അധികാരത്തിന്റെ അടുക്കളവഴി ഉപയോഗിച്ചും നമുക്ക്‌ അതിശീഘ്രം തീവ്രവാദം വളര്‍ത്തണം. ഒമ്പത്‌ കൊല്ലത്തെ ഗ്യാപ്പ്‌ ഒരിക്കലും അനുഭവപ്പെടരുത്‌. ആ ഒമ്പത്‌ കൊല്ലം തല പൊകഞ്ഞ്‌ ചിന്തിച്ചാണ്‌ ഈയൊരു വഴി തെളിഞ്ഞു വന്നത്‌. ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല മക്കളേ.. സാമ്രാജ്യത്വം ആഗ്രഹിക്കുന്നതു പോലെ രാജ്യത്തെ ശിഥിലീകരിക്കാനും അഖണ്ഡത തകര്‍ക്കാനും വേണ്ടിയാണ്‌ നമ്മളും സംഘ്‌പരിവാറും പലരൂപത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ആ ലക്ഷ്യത്തിന്‌ കരുത്ത്‌ പകരണം. മതത്തെ ഉപയോഗിച്ചല്ലാതെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ തകര്‍ക്കാനാവില്ലെന്ന്‌ സാമ്രാജ്യത്വത്തിന്‌ നന്നായി അറിയാവുന്നതാണ്‌. ഉളളിന്റെ ഉളളിലൂടെ അങ്ങനെ ചെയ്യുമ്പോഴും കോണ്‍ഗ്രസും ലീഗുമാണ്‌ സാമ്രാജ്യത്വത്തിന്റെ പാദസേവകരെന്ന്‌ നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. ദിവസത്തില്‍ പത്തു നേരമെങ്കിലും ഫലസ്‌തീന്‍, ഫലസ്‌തീന്‍ എന്ന്‌ പറഞ്ഞുകൊണ്ടിരിക്കണം. മുസ്‌്‌ലിംകളെ വൈകാരികമായി ഉദ്ദീപിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല വഴിയില്ല. സംവരണം, പട്ടിണി നിര്‍മ്മാര്‍ജ്ജനം, ദാനധര്‍മ്മം തുടങ്ങിയ വാക്കുകളൊന്നും ഉച്ചരിച്ചു പോകരുത്‌. മൗലികമായി അതൊന്നുമല്ല മുസ്‌്‌ലിംകള്‍ക്ക്‌ വേണ്ടത്‌ മക്കളേ. അവര്‍ക്ക്‌ സദ്ദാം ഹുസൈനും ഇറാഖും ഫലസ്‌തീനും ധാരാളം. മുസ്‌്‌ലിംകള്‍ ക്ഷുഭിതരാകും. വോട്ടുകള്‍ ധാരധാരയായി ഒഴുകിയെത്തും. (ഈ ഗുഡ്‌ ഐഡിയ മലപ്പുറത്തും പൊന്നാനിയിലും വേവിക്കാന്‍ സാധിക്കുമെന്ന്‌ ഈ വിനീതന്‍ സി.പി.എമ്മുകാര്‍ക്ക്‌ രഹസ്യമായി പറഞ്ഞു കൊടുത്തിട്ടുണ്ട്‌.)മുസ്‌്‌ലിംലീഗിന്റെ സമാധാനത്തിന്റെ രാഷ്ട്രീയവും പുരോഗതിക്കുവേണ്ടിയുളള രാഷ്ട്രീയവും, മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുളള രാഷ്ട്രീയവും നമുക്ക്‌ വേണ്ടേ വേണ്ട. മുസ്‌്‌ലിംലീഗിനെ തകര്‍ക്കുകയാവണം നമ്മുടെ പ്രഥമ ലക്ഷ്യം. അത്‌ തകര്‍ന്നാലേ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകരുകയുളളൂ. അതിനു വേണ്ടിയാണ്‌ കൊല്ലത്ത്‌ കിടന്നിരുന്ന ഞാന്‍ വയ്യാത്ത കാലും വെച്ച്‌ മലപ്പുറത്തേക്ക്‌ വീണ്ടും വേച്ചു വന്നത്‌. കേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും മുസ്‌്‌ലിംകളുളള ജില്ലയാണ്‌ എന്റെ കൊല്ലം. മലപ്പുറത്തുകാര്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞുകൂടുമ്പോള്‍ കൊല്ലം ജില്ലയിലെ മുസ്‌്‌ലിംകളില്‍ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളാണ്‌. അവിടുത്തെ സമുദായത്തെ സമുദ്ധരിക്കാതെ ഞാന്‍ ഈ പണി ചെയ്യുന്നത്‌ എന്തിനാണെന്ന്‌ ഇനിയും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. എന്തൊക്കെ സംഭവിച്ചാലും മുസ്‌്‌ലിംകളേ നിങ്ങള്‍ പേടിക്കേണ്ട. ഇവിടെ നിന്ന്‌ എല്ലാവരും ചേര്‍ന്ന്‌ ആട്ടിപ്പായിക്കുകയാണെങ്കില്‍ നമ്മെ സ്വീകരിക്കാന്‍ ബ്രൂണെ സുല്‍ത്താനുണ്ട്‌. ബഹ്‌്‌റൈനിലെ രാജാവുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുളള സഊദി അറേബ്യയുണ്ട്‌ മക്കളേ...
വാല്‍ക്കഷ്‌ണം: ഇതൊക്കെയാണ്‌ തനിനിറം. നമ്മുടെ പൈതൃകങ്ങളെ ഈ വൈകൃതങ്ങള്‍ക്ക്‌ വിട്ടുകൊടുക്കരുത്‌. കൂടുതല്‍ വെളിപ്പെടാനിരിക്കുന്നു.
എന്‍.ഡി.എഫുമായി യു.ഡി.എഫ്‌ ഏതെങ്കിലും വിധത്തില്‍ കരാറോ രഹസ്യധാരണയോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതു മതേതര സമാഹത്തോട്‌ ചെയ്യുന്ന കൊടുംപാതകം തന്നെ. പി.ഡി.പിയും എന്‍.ഡി.എഫ്‌ എന്ന തീവ്രവാദ സംഘനയേക്കാള്‍ വ്യത്യസ്‌തമല്ലെന്ന്‌ കൂട്ടത്തില്‍ ചേര്‍ക്കട്ടെ. മേല്‍ സൂചകങ്ങളൊക്കെയും ഇരകൂട്ടര്‍ക്കും ബാധകം. അന്തവും കുന്തവുമില്ലാതെ താല്‍ക്കാലിക ലാഭം മാത്രം നോക്കി ജീവിക്കുന്ന നാം ഈ സംഘടനകള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സഹായങ്ങള്‍ നമ്മെ തന്നെ തിരിഞ്ഞുകൊത്തുന്ന ദിവസം വരുമെന്ന്‌ മറക്കാതിരിക്കുക.

Wednesday, January 28, 2009

ജൂതലോബിയെ ഒബാമക്ക്‌ ചെറുക്കാനാവില്ല

ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വാക്കുകളായിരുന്നു അത്‌. അല്‍ അറബിയ്യ ചാനലിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ബരാക്‌ ഹുസൈന്‍ ഒബാമ പറഞ്ഞു: അമേരിക്ക നിങ്ങളുടെ ശത്രുവല്ലെന്ന സന്ദേശമാണ്‌ മുസ്‌്‌ലിം ലോകത്തോട്‌ എനിക്ക്‌ പറയാനുളളത്‌. മുസ്‌്‌ലിം രാജ്യങ്ങളോടുളള നിലപാടുകളില്‍ അമേരിക്കക്ക്‌ തെറ്റു പറ്റിയിട്ടുണ്ട്‌. പക്ഷേ, ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അമേരിക്ക മുസ്‌്‌ലിം ലോകവുമായി പുലര്‍ത്തിയിരുന്ന ബന്ധം പുനരാരംഭിക്കാന്‍ യാതൊരു പ്രയാസവുമില്ല. പരസ്‌പര ബഹുമാനത്തിലും പരസ്‌പര സ്‌നേഹത്തിലും അധിഷ്‌ഠിതമായ ബന്ധമാണ്‌ മുസ്‌്‌ലിം ലോകവുമായി ഞാന്‍ ആഗ്രഹിക്കുന്നത്‌. മുന്‍ പ്രസിഡണ്ട്‌ ജോര്‍ജ്ജ്‌ ബുഷ്‌ നിരവധി തവണ അല്‍ അറബിയ്യ ചാനലിന്‌ അഭിമുഖം അനുവദിച്ചിരുന്നെങ്കിലും മുസ്‌്‌ലിംകളെ സ്‌നേഹത്തിലാക്കുന്ന വര്‍ത്തമാനം ഒരു അമേരിക്കന്‍ പ്രസിഡണ്ടില്‍ നിന്ന്‌ ഇതാദ്യമാണ്‌ കേള്‍ക്കുന്നത്‌. എന്നാല്‍, ഫലസ്‌തീന്റെ ആഭ്യന്തര സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒബാമ, സഖ്യകക്ഷി എന്ന നിലയില്‍ ഇസ്രാഈലിനെ കൈവിടാനാവില്ലെന്ന്‌ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്‌ ശ്രദ്ധിക്കേണ്ട കാര്യമാണ്‌. ചരിത്രത്തില്‍ ചില അപൂര്‍വ്വതകള്‍ സംഭവിക്കാറുണ്ട്‌ എന്നതു നേരാണ്‌. ബരാക്‌ ഹുസൈന്‍ ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേറ്റത്‌ അത്തരമൊരു അപൂര്‍വ്വതയാണെന്ന്‌ ലോകമാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധിയുടെ നെല്ലിപ്പലകയും കടന്ന്‌ പരിതാപ പൂര്‍വ്വം മുന്നോട്ടിഴയുന്ന അമേരിക്കയുടെ രക്ഷകനായിട്ടാണ്‌ പലരും ഒബാമയെ അവതരിപ്പിച്ചത്‌. മുസ്‌്‌ലിം രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രസ്‌താവനയാണ്‌ നേരത്തെ തന്നെ ഒബാമയെ ലോകം ശ്രദ്ധിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്‌. കറുത്തവന്റെ ദുരിതഭൂമികയില്‍ വിമോചനത്തിന്റെ വെളിപാട്‌ കൊട്ടിപ്പാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ എന്ന മഹാപുരുഷന്റെ സ്വപ്‌നത്തിന്‌ ചിറകു കൊടുത്തു എന്നതും ഒബാമയെ ശ്രദ്ധേയനാക്കി. ചരിത്രത്തിലാദ്യമായി മുസ്‌്‌ലിം പശ്ചാത്തലമുളള ഒരാള്‍ അമേരിക്കന്‍ പ്രസിഡണ്ടാവുന്നു എന്നതാണ്‌ അദ്ദേഹത്തിന്റെ തൊലിക്കറുപ്പിനെപ്പോലും അപ്രസക്തമാക്കിയ മറ്റൊരു കാര്യം. അമേരിക്കയില്‍ കറുത്തവനും വെളുത്തവനും ഒബാമയുടെ കാര്യത്തില്‍ ഐക്യപ്പെട്ടു എന്നതിനേക്കാള്‍ ബുഷിന്റെ നയങ്ങളെ ജനങ്ങള്‍ വെറുത്തു എന്നു പറയുന്നതാവും ശരി. ഒരു യു.എസ്‌ നേതാവില്‍ നിന്ന്‌ ലോകം മുഴുവനും ആഗ്രഹിച്ച തീപ്പൊരി പ്രസംഗങ്ങളുമായി നാടായ നാടൊക്കെ അടക്കി വീഴ്‌ത്താനും ഒബാമക്കു സാധിച്ചു. ഗ്വാണ്ടനാമോ തടവറയുടെ ഇരുട്ടറകളില്‍ പീഡനമനുഭവിക്കുന്നവരെ ഉടന്‍ മോചിപ്പിക്കുമെന്നും തടവറ അടച്ചുപൂട്ടുമെന്നുമുള്ള പ്രഖ്യാപനം പ്രസിഡണ്ടിന്റ ധീരമായ തീരുമാനമായിരുന്നു. ചുമതലയേറ്റയുടന്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചു എന്നത്‌ വിശ്വാസ്യത കൂട്ടി. യുദ്ധ കുറ്റവിചാരണാ ട്രെബ്യൂണലില്‍ നടക്കുന്ന 21 കേസുകളുടെ വിചാരണ 120 ദിവസത്തേക്ക്‌ നിര്‍ത്തിവെക്കാനുളള തീരുമാനം പ്രസിഡണ്ടായി ചുമതലയേറ്റ്‌ മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു. ഗ്വാണ്ടനാമോയില്‍ ജയിലറും കോടതിയുമെല്ലാം ക്രൂരന്മാരായ യു.എസ്‌ സേനാ അംഗങ്ങളായിരുന്നു. അവര്‍ ആ നരകത്തില്‍ കാട്ടിക്കൂട്ടിയ കൊടിയ പീഡനങ്ങളെക്കുറിച്ച്‌ അവിടെ ജോലി ചെയ്‌തിരുന്ന ഒാഫീസര്‍ തന്നെ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. ചുമതലയേറ്റ ഉടന്‍ ഇറാഖിലെയും അഫ്‌ഗാനിലെയും സൈനികമേധാവികളുമായി ഒബാമ ബന്ധപ്പെടുകയുണ്ടായി. അധിനിവേശം അവസാനിപ്പിച്ച്‌ ഇരു രാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങാനുളള സന്നദ്ധതയാണ്‌ പ്രസിഡണ്ട്‌ പ്രകടിപ്പിച്ചിട്ടുളളത്‌. സത്യപ്രതിജ്ഞ ചെയ്‌ത ശേഷം നടത്തിയ പ്രസംഗത്തില്‍ ഇറാഖ്‌ ഇറാഖികള്‍ക്ക്‌ നല്‍കുമെന്ന ഒബാമയുടെ വാക്ക്‌ സമാധാനപ്രേമികളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്‌. രാഷ്ട്രീയ-സാമ്പത്തിക വ്യവഹാരങ്ങളെ തിരുത്തിയെഴുതുവാന്‍ ഈ യുവ നേതാവിനു സാധിക്കുമെന്നാണ്‌ ലോകം പ്രതീക്ഷിക്കുന്നത്‌. ആ പ്രതീക്ഷകള്‍ അസ്ഥാനത്താവില്ലെന്നാണ്‌ ഒബാമ നല്‍കുന്ന സൂചനയും. എന്നാലും ചില എക്കശ്ശങ്കകള്‍ പ്രസിഡണ്ടിനെ വേട്ടയാടുന്നുണ്ടെന്ന്‌ വ്യക്തം. പ്രധാനമായും പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ ചുറ്റിപ്പറ്റിയാണ്‌ ഈ ആശങ്കയും ആശയക്കുഴപ്പവും സ്ഥിതി ചെയ്യുന്നത്‌. ഗാസയില്‍ കുഞ്ഞുമക്കളെ കൂട്ടക്കൊല ചെയ്‌ത്‌ ഇസ്രാഈല്‍ കാടന്‍ പട്ടാളം ഭീകരതാണ്ഡവമാടിയപ്പോള്‍ പ്രസിഡണ്ടായി നിയുക്തനായിരുന്ന ഒബാമ ഇസ്രാഈലിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ധൈര്യപ്പെട്ടില്ല എന്നത്‌ ശ്രദ്ധേയം. തന്റെ രംഗപ്രവേശത്തോടെതന്നെ അമേരിക്കയെ നിയന്ത്രിക്കുന്ന ജൂതലോബിയെ അസ്വസ്ഥമാക്കേണ്ടെന്നു കരുതിയാണ്‌ അദ്ദേഹം ഇങ്ങനെ ചെയ്‌തതെന്നു വിചാരിക്കാമെങ്കിലും വംശീയ വെറിയുടെ അസ്ഥിവാരത്തില്‍ പൊന്തിനില്‍ക്കുന്ന ജൂതപക്ഷം ഒബാമക്കെതിരെ ജാഗ്രതയിലാണെന്ന്‌ വ്യക്തം. നാസി ജര്‍മ്മനിയിലെ ഹോളോകാസ്‌റ്റിനു ശേഷം ലോകത്തെ മുഴുവന്‍ ജൂതന്മാരിലും നിറഞ്ഞു നില്‍ക്കുന്ന ഭയം ഇതുവരെ കൂടൊഴിഞ്ഞുപോയിട്ടില്ല. ജൂതന്മാരല്ലാത്തവരെയെല്ലാം ശത്രുപക്ഷത്ത്‌ നിര്‍ത്താനാണ്‌ അവര്‍ക്ക്‌ താല്‍പര്യം. ഹിറ്റ്‌ലറുടെ കൂട്ടക്കൊലയേക്കാള്‍ അവരെ ഭയപ്പെടുത്തുന്നത്‌ മുസ്‌്‌ലിം ലോകത്തിന്റെ മുന്നേറ്റമാണ്‌. ലോകത്തിന്റെ സകല മേഖലകളിലും ആധിപത്യം ചെലുത്തിയാലല്ലാതെ രക്ഷയില്ലെന്ന ചിന്ത ജൂതലോകത്ത്‌ കുടിയേറിയത്‌ ഹോളോകാസ്‌റ്റിനു ശേഷമാണ്‌. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ പീഡനപര്‍വ്വങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന്‌ പൂര്‍ണമായും മുക്തരാകാന്‍ ലോകത്തെ ജൂത വിഭാഗങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല. ഹിറ്റ്‌ലറുടെ ക്രൂരതക്ക്‌ പകരമെന്നോണം യൂറോപ്പ്‌, അവിഹിതമായി പതിച്ചുനല്‍കിയ ഇസ്രാഈല്‍ എന്ന ജാരസന്തതിയാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ജൂതന്മാരുടെ ഭയത്തെ ഉദ്ദീപിപ്പിച്ചത്‌. ചുറ്റും അറബ്‌ രാഷ്ട്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നതാണ്‌ ആ ഭയത്തിന്‌ ആക്കം കൂട്ടിയത്‌. 15 മില്ല്യണ്‍ വരുന്ന ജൂതജനസംഖ്യയില്‍ 7 ദശലക്ഷവും അമേരിക്കയിലാണ്‌ എന്നതിനാല്‍ ആ ഭയത്തിന്റെ പ്രതിഫലനങ്ങളാണ്‌ ലോകം ഇതുവരെ കണ്ട അമേരിക്കന്‍ വിദേശനയത്തിന്റെ കാതല്‍. അമേരിക്കയിലെ സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലെ ജൂതസാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്തതാണ്‌. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സഹായിക്കാന്‍ ജൂതന്മാര്‍ക്കു മാത്രമേ സാധിക്കൂ എന്ന മിഥ്യാബോധം ഒബാമയെയും പിടികൂടിയിട്ടുണ്ട്‌ എന്നാണ്‌ ഇസ്രാഈലിന്‌ അനുകൂലമായ നിലപാടില്‍ നിന്ന്‌ മനലസ്സിലാക്കാനാവുന്നത്‌. ഒരു ജൂതന്‌ പകരം 107 മുസ്‌്‌ലിംകള്‍ ലോകത്തുണ്ടായിട്ടും ഫലസ്‌തീനെതിരായ ജൂതധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്യാന്‍ ആണുങ്ങള്‍ ജനിച്ചിട്ടില്ല. കഴിഞ്ഞ 105 വര്‍ഷമായി 180 നോബല്‍ സമ്മാനങ്ങളാണ്‌ ജൂതനായി ജനിച്ചവര്‍ നേടിയത്‌. 100 കോടിയിലധികം വരുന്ന ലോക മുസ്‌്‌ലിംകളില്‍ നിന്ന്‌ 3 പേര്‍ മാത്രമാണ്‌ നോബല്‍ സമ്മാനത്തിന്‌ അര്‍ഹരായത്‌. ഈ കണക്കു മാത്രം മതിയാകും ലോകത്ത്‌ മുസ്‌്‌ലിംകളേക്കാള്‍ അപ്രമാദിത്യം നേടാന്‍ ന്യൂനാല്‍ ന്യൂനപക്ഷമായ ജൂതസമൂഹത്തിന്‌ സാധിച്ചിട്ടുണ്ടെന്ന്‌ തെളിയിക്കാന്‍. എന്നിട്ടും മുസ്‌്‌ലിം ലോകത്തെ ഭയത്തോടെയാണ്‌ ഇവര്‍ വീക്ഷിക്കുന്നത്‌. സ്‌റ്റേറ്റ്‌ സെക്രട്ടറിമാരായിരുന്ന ഹെന്‍ട്രി കിസിംഗര്‍, മെഡ്‌ലിന്‍ ആല്‍ബ്രൈറ്റ്‌, പ്രശസ്‌ത രാഷ്ട്രീയക്കാരന്‍ ബാരി ഗോള്‍ഡ്‌ വാട്ടര്‍, ട്രഷറി സെക്രട്ടറിയായിരുന്ന റോബര്‍ട്ട്‌ റൂബിന്‍ എന്നിവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ജൂതതാല്‍പര്യത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ്‌. വോള്‍ഫ്‌ ബ്ലിറ്റ്‌സര്‍ (സി.എന്‍.എന്‍), ബാര്‍ബറ വാള്‍ട്ടേഴ്‌സ്‌ (എ.ബി.സി ന്യൂസ്‌), കാതറിന്‍ ഗ്രഹാം (വാഷിംഗ്‌ടണ്‍ പോസ്‌റ്റ്‌), ഹെന്‍ട്രി ഗ്രെന്‍വാള്‍ഡ്‌ (ടൈം മാഗസിന്‍), ജോസഫ്‌ ലെല്‍യെല്‍ഡ്‌ (ന്യൂയോര്‍ക്ക്‌ ടൈംസ്‌), മാക്‌സ്‌ ഫ്രാന്‍ഡകല്‍ (ന്യൂയോര്‍ക്ക്‌ ടൈംസ്‌) തുടങ്ങിയവര്‍ മാധ്യമരംഗത്ത്‌ ജൂതസ്വാധീനമുറപ്പിക്കാന്‍ കിണഞ്ഞുശ്രമിച്ചവരാണ്‌. ഒബാമ ടീമിലെ മിക്കവരും ജൂതപക്ഷപാതികളാണ്‌ എന്നത്‌ പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ മുന്‍ പ്രസിഡണ്ടുമാരെപ്പോലെതന്നെ ഇരട്ടമുഖം സ്വീകരിക്കാന്‍ പ്രേരണയാകും. ഇറാഖിനെയും അഫ്‌ഗാനെയും പൂര്‍ണമായും വിട്ടുകളഞ്ഞാലും ലോകസമാധാനത്തിനു ഭീഷണിയായ ഇസ്രാഈലിനെതിരെ ചെറുവിരലനക്കാന്‍ ഈ ജൂതലോബിയുടെ കുതന്ത്രങ്ങള്‍ മൂലം ഒബാമക്ക്‌ സാധിക്കില്ല. ഏറ്റവും വലിയ അപകടം പതിയിരിക്കുന്നത്‌ ഹിലാരിയിലാണ്‌. കടുത്ത ജൂതപക്ഷപാതിയായ ഹിലാരി ക്ലിന്റണ്‍ വിദേശകാര്യ സെക്രട്ടറിയാകുന്നതോടെ അമേരിക്കയുടെ വിദേശനയം ജൂതന്മാര്‍ക്ക്‌ പൂര്‍ണമായും വിധേയപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വൈറ്റ്‌ ഹൗസില്‍ പകുതിയിലധികവും ജൂതന്മാരോ ജൂതദാസന്മാരോ ആണെന്നിരിക്കെ ജൂതവിരുദ്ധ നീക്കങ്ങളുടെ സാധ്യതകളെയെല്ലാം ഇല്ലായ്‌മ ചെയ്യാന്‍ ഈ സംഘത്തിനു സാധിക്കും. ഇനി ജൂതവിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ്‌ ശ്രമിക്കുന്നതെങ്കില്‍ ഒബാമയെ കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും ജൂതലോബി അനുവദിക്കണമെന്നില്ല. അപ്രതീക്ഷിത ദുരന്തങ്ങളിലേക്കാവും ഈ വിപ്ലവകാരിയുടെ പോക്ക്‌. മാര്‍ട്ടിന്‍ ലൂഥറിന്റെയും ജോണ്‍ എഫ്‌. കെന്നഡിയുടെയും ദുരവസ്ഥ മറക്കാന്‍ മാത്രം ചരിത്രം പഠിക്കാത്തവനല്ല ഒബാമ. ലോകത്തിന്‌ പൊതുവെയും മുസ്‌്‌ലിം ലോകത്തിന്‌ പ്രത്യേകിച്ചും പ്രസംഗത്തില്‍ പ്രതീക്ഷ നല്‍കാന്‍ അദ്ദേഹത്തിന്‌ സാധിച്ചിട്ടുണ്ട്‌. അത്‌ പ്രവര്‍ത്തിയിലുണ്ടാകുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.

Thursday, January 8, 2009

കട്ടച്ചോരയുടെ തെരുവില്‍

മരണം 700 കവിഞ്ഞിരിക്കുന്നു. തെരുവുകളില്‍ കറുത്ത പുകയും വെടിയൊച്ചയും. പോരാട്ടത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ മുറിവേറ്റവരും അനാഥകളുമായ ഇളം പൈതങ്ങളുടെ കരച്ചില്‍ മുങ്ങിപ്പോകുന്നു. യത്തീമുകളായ ചില കുട്ടികള്‍ ഇതുവരെ വേലിക്കെട്ടിന്‌ അകലെ നിന്നു മാത്രം കണ്ടിരുന്ന ജൂത ഭീകരരെ ഒളിഞ്ഞു നിന്ന്‌ കല്ലെറിയുന്നു. വെടിയുണ്ടകളേക്കാള്‍ പ്രഹരശേഷിയുണ്ടായിരിക്കാം ആ കല്ലുകള്‍ക്ക്‌. അവരില്‍ മിക്കവരും ഭൂപടത്തിലെ അതിര്‍ത്തിരേഖകളുടെ രാഷ്ട്രീയമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളാണ്‌. ഒന്നു മാത്രമറിയാം. പട്ടാളക്കോപ്പുകളുമായി മുന്നിലെത്തിയത്‌ ശത്രുവാണ്‌. അവര്‍ കൊല്ലുന്നത്‌ ഉപ്പയെയാണ്‌. ഉമ്മയെയാണ്‌. സഹോദരനെയാണ്‌. ഗാസ കരയുന്നു. ചുട്ടു പൊള്ളുന്ന കണ്ണീരൊലിക്കുന്ന കവിളിലും പോരാട്ടവീര്യത്തിന്റെ തുടിപ്പ്‌ കാണാമെന്നത്‌ ഒരുപക്ഷേ ഗാസയുടെ മാത്രം സവിശേഷതയാവാം. ശിഫാ ആസ്‌പത്രിയുടെ പടവുകളില്‍പോലും ചോരയും മാംസവും ഉണങ്ങിയിരിക്കുന്നു. വിശ്വാസത്തിന്റെ ദൃഢതയില്‍ വിശുദ്ധീകരിക്കപ്പെട്ട ആ കടും ചോരയുടെ കറുപ്പ്‌ ഒലിവ്‌ ഇലകളിലേക്ക്‌ തെറിച്ചിരിക്കുന്നു. സമാധാനത്തിന്റെ അരുമത്തണുപ്പുള്ള ഇലകളില്‍ ഇപ്പോള്‍ കണ്ണീരിന്റെയും ചോരയുടെയും മടുപ്പിക്കുന്ന ഗന്ധമാണ്‌. പിറന്ന മണ്ണിനു വേണ്ടിയുള്ള പോരാട്ട ചരിത്രത്തില്‍ ഫലസ്‌തീനികളുടെയും ലോകത്തിന്റെയും ഞരമ്പുകളിലേക്ക്‌ പ്രതിരോധ പാഠങ്ങളുടെ ചോര പകര്‍ന്ന ഹമാസും ഗാസയും ഇസ്രാഈലിന്റെ നരവേട്ടക്കിടെ ലോകത്തോട്‌ ചില ഉത്തരങ്ങള്‍ തേടുകയുകയാണ്‌. ദാരിദ്ര്യവും വേദനയും തളംകെട്ടിയ ഗാസയുടെ തെരുവുകളിലേക്കു നോക്കി നിസ്സഹായതയുടെ നെറുകത്ത്‌ നില്‍ക്കുന്ന ലോകത്തോട്‌. മനുഷ്യ രക്തമൊഴുകുന്ന തെരുവുകളിലേക്ക്‌ നോക്കി നിസ്സംഗതയുടെ ഷണ്ഡത്വം പ്രഘോഷിക്കുന്ന അറബ്‌ ലോകത്തോട്‌. മാനവികതാവാദങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പേരില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന ലോകത്തോട്‌. അമേരിക്കയുടെ ബുദ്ധിയും ആയുധവുമായിട്ടാണ്‌ തെമ്മാടി രാഷ്ട്രമായ ഇസ്രാഈലിന്റെ കൈകള്‍ ഗാസയില്‍ മനുഷ്യരക്തം കുടിക്കുന്നതെന്ന കാര്യം ലോകത്തെ ഏതു ചെറിയ കുട്ടിക്കുമറിയാവുന്ന സത്യമാണ്‌. പ്രസിഡണ്ട്‌ സ്ഥാനത്തു നിന്ന്‌ ഇറങ്ങിക്കൊടുക്കുന്നതിനു മുമ്പ്‌ ജൂതത്തലവന്മാരോട്‌ ഏറ്റിരുന്ന വാക്ക്‌ പാലിക്കാമെന്നാണ്‌ ബുഷിന്റെ കണക്കുകൂട്ടല്‍. തത്വത്തില്‍ പശ്ചിമേഷ്യന്‍ സമാധാനത്തിനായി ലോകത്ത്‌ ഏറ്റവുമധികം വിയര്‍പ്പൊഴുക്കുന്നത്‌ അമേരിക്കയാണ്‌. എന്നാല്‍ പ്രയോഗത്തില്‍ അതേ തത്വത്തെ പരിഹസിക്കുകയും ഒരു മതസമൂഹത്തെയും ജനതയെയും അപമാനിക്കുകയുമാണ്‌ അമേരിക്ക. ജൂതലോബി നല്‍കിയ തെരഞ്ഞെടുപ്പ്‌ ഫണ്ടിനോടുള്ള കടപ്പാടു കൊണ്ട്‌ സമാധാനത്തിനു വേണ്ടി സംസാരിക്കുമെന്ന്‌ ലോകം പ്രതീക്ഷിക്കുന്ന നിയുക്ത പ്രസിഡണ്ട്‌ ബരാക്‌ ഒബാമ മിണ്ടാതിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക്‌ കൂപ്പു കുത്തിയ അമേരിക്കയെ രക്ഷിക്കാന്‍ ജൂത മുതലാളിമാര്‍ക്കു മാത്രമേ സാധിക്കൂ എന്ന വിശ്വാസത്തിലാണ്‌ ഒബാമയും. രാഷ്ട്രീയത്തിലും വിദേശനയത്തിലും മുമ്പേ നടന്ന പ്രസിഡണ്ടുമാരില്‍ നിന്ന്‌ ഒരടി പോലും മാറി ചിന്തിക്കാനോ, പ്രവര്‍ത്തിക്കാനോ ഒബാമക്ക്‌ സാധിക്കില്ലെന്നാണ്‌ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്‌. ഗാസയിലെ ഇസ്രാഈല്‍ അതിക്രമങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും ഒബാമ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇസ്രാഈല്‍ ടാങ്കുകള്‍ അമേരിക്കയുടെ അനുമതി കാത്ത്‌ ഗാസയിലേക്ക്‌ കടക്കാനൊരുങ്ങുമ്പോഴും കടന്നപ്പോഴും അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാനുള്ള സൂത്രവാക്യങ്ങളെപ്പറ്റിയാണ്‌ ഒബാമ സംസാരിച്ചു കൊണ്ടിരുന്നത്‌. ഒരു ജനതയൊന്നാകെ ഏകപക്ഷീയമായ യുദ്ധത്തിന്റെ കെടുതി പേറുമ്പോഴും ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന ഓഹരിക്കച്ചവടത്തെപ്പറ്റിയും നികുതിവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റിയുമാണ്‌ ഒബാമ ചിന്തിക്കുന്നത്‌. അമേരിക്കന്‍ ജനത ഉയര്‍ത്തിയ മാറ്റത്തിന്റെ മുദ്രാവാക്യങ്ങള്‍ക്ക്‌ തരിമ്പും അര്‍ത്ഥമില്ലെന്നാണ്‌ അദ്ദേഹത്തിന്റെ സമീപനം തെളിയിക്കുന്നത്‌. യുദ്ധമര്യാദകളുടെ നിയതരേഖകളെയെല്ലാം കാറ്റില്‍ പറത്തി ഭീരുക്കളെപ്പോലെ ഇരുട്ടിന്റെ മറപറ്റിയാണ്‌ ഇസ്രാഈല്‍ ഗാസാ അധിനിവേശം ആരംഭിച്ചത്‌. വൈദ്യുതിയില്ലാത്ത നഗരത്തിന്റെ ഇരുട്ടിലേക്ക്‌ ഭീകരതയുടെ ശബ്ദങ്ങളുമായി കടന്നു ചെല്ലുകയായിരുന്നു ഇസ്രാഈല്‍ സൈനികര്‍. ചരിത്രവും വര്‍ത്തമാനവുമറിയാതെ ഓടിച്ചാടി നടക്കേണ്ട പിഞ്ചുകുഞ്ഞുങ്ങളുടെ നേര്‍ക്ക്‌ നിറയൊഴിക്കുമ്പോള്‍ ഇസ്രാഈല്‍ സൈനികരുടെ കൈകള്‍ ഇത്തിരി പോലും വിറച്ചില്ല. 500 ടണ്ണിലധികം വരുന്ന സ്‌ഫോടക വസ്‌തുക്കളുടെ ശേഖരമാണ്‌ ഇസ്രാഈല്‍ ഗാസയിലെത്തിച്ചിരിക്കുന്നത്‌. 1967ല്‍ നടന്ന അധിനിവേശ ശ്രമങ്ങളേക്കാള്‍ പതിന്മടങ്ങ്‌ ആള്‍ക്കരുത്തും ആയുധബലവും സേനക്കുണ്ട്‌. പിടിച്ചുനില്‍ക്കാനായി ഹമാസ്‌ നടത്തുന്ന ശ്രമങ്ങളെല്ലാം നൂതന യുദ്ധോപകരണങ്ങളുടെ സഹായത്തോടെ ഇസ്രാഈല്‍ അടിച്ചമര്‍ത്തുന്നു. എഫ്‌-16 പോര്‍വിമാനങ്ങള്‍ ബോംബ്‌ വര്‍ഷിക്കുന്നതോടൊപ്പം സേനാ മുന്നേറ്റവും നടത്തുക എന്നതായിരുന്നു തുടക്കത്തില്‍ ഇസ്രാഈല്‍ സ്വീകരിച്ച ശൈലി. മസ്‌ജിദുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കുമ്പോള്‍ ഇസ്രാഈല്‍ സൈനികര്‍ക്ക്‌ വര്‍ദ്ധിത വീര്യമാണുള്ളതെന്ന്‌ ഗാസയില്‍ നിന്നുളള ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു. കഴിഞ്ഞ നവംബര്‍ 5 മുതല്‍ ആരംഭിച്ച ഉപരോധത്തിന്റെ കെടുതികളില്‍ നിന്ന്‌ മോചിതരാവാനുള്ള സാവകാശം പോലും അവര്‍ക്കു നല്‍കപ്പെട്ടില്ല. സഹായവുമായി എത്തിയ കപ്പലുകളെയെല്ലാം ഇസ്രാഈല്‍ തിരിച്ചയച്ചു. ദാരിദ്ര്യം കൊണ്ട്‌്‌്‌ പൊറുതിമുട്ടി കാട്ടുചെടികളും പുല്ലും ഭക്ഷിച്ചായിരുന്നു ഗാസയിലെ പല കുടുംബങ്ങളും ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. കൊടും പട്ടിണിയുടെ കണ്ണു നിറയുന്ന വേദനകള്‍ക്കിടയിലും കീഴടങ്ങാന്‍ മനസ്സില്ലാത്തവരായി നിലകൊണ്ടു എന്നതാണ്‌ ചരിത്രത്തില്‍ ഗാസയെ അവിസ്‌മരണീയമാക്കുക. വിശക്കുന്ന വയറുമായി ആകാശത്തേക്ക്‌ കണ്ണയച്ചവര്‍ക്കു നേരെയത്തിയത്‌ ബോംബുകളായിരുന്നു. മരണമായിരുന്നു. ജിന്ദിയ അബൂ അംറയെ ഓര്‍ക്കാതെ വയ്യ. ദിവസവും തെരുവിലെത്തി പുല്ലുകള്‍ വേവിച്ച്‌ കഴിച്ചാണ്‌ ഈ വീട്ടമ്മയും പന്ത്രണ്ടുകാരിയായ മകളും ഗാസയില്‍ വിശപ്പടക്കിയിരുന്നത്‌. കഴിക്കാന്‍ ഇത്തിരി റൊട്ടിയെങ്കിലും കിട്ടുമെന്നു കരുതിയാണ്‌ പട്ടണത്തിലെത്തിയത്‌. എല്ലാ ബേക്കറി കടകളും അടച്ചിട്ടിരിക്കുന്നു. വീട്ടിലാണെങ്കില്‍ ഭക്ഷണത്തിനാവശ്യമായ സാധനങ്ങളൊന്നുമില്ല. ഉമ്മയും ഭാര്യയും കുട്ടികളും കരയുന്നത്‌ കണ്ടു നില്‍ക്കാനാവുന്നില്ല. ഈ പട്ടിണിയേക്കാള്‍ ഭേതമാണ്‌ ഇസ്രാഈലി സേനയുടെ വെടിയുണ്ടകളെന്ന്‌ ഞങ്ങള്‍ കരുതുന്നു- പറയുന്നത്‌ ഘാന്‍ യൂനിസിലെ ഫഹ്മി ഷുറാബിന്റേതാണ്‌ ഈ വാക്കുകള്‍. ഗാസയിലെ ഒട്ടുമിക്ക കുടുംബങ്ങളുടെയും അവസ്ഥ ഇതു തന്നെ. ജനവാസം കൊണ്ട്‌ വീര്‍പ്പു മുട്ടുന്ന കിഴക്കന്‍ ഗാസയിലെ ഘാന്‍ യൂനിസിലേക്ക്‌ ഇസ്രാഈല്‍ സേന ഇരച്ചു കയറിയപ്പോള്‍ കൊല്ലപ്പെട്ടത്‌ നിഷ്‌കളങ്കരായ പാവങ്ങള്‍. ആക്രമണം രൂക്ഷമായതിനാല്‍ അന്താരാഷ്ട്ര സഹായവുമായെത്തിയവരെല്ലാം സാധനങ്ങള്‍ വിതരണം ചെയ്യാനാവാത്ത അവസ്ഥയിലാണ്‌. യുദ്ധമേഖലകളിലേക്ക്‌ ഇവരെ കടത്തി വിടുന്നുമില്ല. ഇടവിടാതെ ഇവിടങ്ങളില്‍ ഷെല്ലാക്രമണവും നടക്കുന്നു. വിശപ്പിന്റെ കൊടുമുടി കയറ്റത്തിനിടെ പൊട്ടിത്തെറിക്കുന്ന ബോംബുകളിലാണ്‌ പലരുടെയും പ്രതീക്ഷ. ഫലസ്‌തീനു വേണ്ടി അനുഭവിക്കുന്ന ഈ കൊടിയ യാതനകള്‍ മരണത്തോടെയെങ്കിലും അവസാനിക്കുമെന്ന്‌ ഇവര്‍ കരുതുന്നു. ഉറക്കെയൊന്നു കരയാന്‍ പോലുമാവാത്ത നിസ്സഹായതയില്‍ ഒരു ജനതയുടെ മാനാഭിമാനങ്ങള്‍ പിച്ചിച്ചീന്തപ്പെടുമ്പോള്‍, അപലപനീയമെന്ന പതിവു പല്ലവികള്‍ ആവര്‍ത്തിക്കുന്നതല്ലാതെ ലോകരാജ്യങ്ങള്‍ കാര്യമായ പ്രതികരണങ്ങള്‍ക്ക്‌ മുതിര്‍ന്നിട്ടില്ല. അമേരിക്കന്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള തരിശുനിലമായി ലോകം മാറിയിരിക്കുന്നു എന്ന സത്യത്തിനു മുന്നില്‍ ആധുനിക മനുഷ്യന്‌ ലജ്ജിച്ചു തല താഴ്‌ത്താം. ഗാസയുടെ നിലവിളിക്കൊപ്പം നിന്ന്‌ നിലവിളിക്കാനല്ല; ഭൂമിയില്‍ മനുഷ്യകുലത്തിന്‌ വംശനാശം സംഭവിച്ചിട്ടില്ലെന്ന്‌ അമേരിക്കയെ പഠിപ്പിക്കാനാണ്‌ ഇനി ലോകം ശ്രമിക്കേണ്ടത്‌.