Saturday, November 6, 2010

ഒരു കമ്യൂണിസ്‌റ്റ്‌ വിരുദ്ധലേഖനം: സി.പി.എം മടങ്ങുന്നു, എങ്ങോട്ടെന്നില്ലാതെ

കമ്യൂണിസ്റ്റ്‌്‌ ഭരണത്താല്‍ റഷ്യ കടുത്ത ഭക്ഷ്യപ്രതിസന്ധിയെ നേരിടുന്ന കാലം. ദിവസവും ആയിരക്കണക്കിന്‌ പട്ടിണിക്കോലങ്ങള്‍ മരിച്ചുവീണുകൊണ്ടിരുന്നു. നിവൃത്തികെട്ട്‌ അവര്‍ അമേരിക്കയോട്‌ ഗോതമ്പ്‌ ചോദിച്ചു. കൊടുത്തില്ല. നിക്‌സണായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട്‌. കത്തിച്ചുകളയുകയോ കടലില്‍ താഴ്‌ത്തുകയോ ചെയ്യേണ്ടി വന്നാലും റഷ്യക്ക്‌ ഒരു മണി ഗോതമ്പു പോലും കൊടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. ഒടുവില്‍ കാനഡ കനിഞ്ഞു. കാനഡയില്‍നിന്ന്‌ ഗോതമ്പ്‌ കിട്ടിയ സന്തോഷത്തില്‍ നാട്ടിലെത്തിയ ക്രൂഷ്‌ചേവ്‌ ഒരു പ്രസംഗത്തിനിടെ ഇങ്ങനെ പറഞ്ഞു: സഖാക്കളേ, കാനഡയില്‍ കമ്യൂണിസം വളരുന്ന കാഴ്‌ച കണ്‍കുളിര്‍ക്കെ കണ്ടിട്ടാണ്‌ ഞാന്‍ വരുന്നത്‌. ഇങ്ങനെ പോയാല്‍ ആ രാജ്യം ഒരു കമ്യൂണിസ്‌റ്റ്‌ രാജ്യമായി മാറുമെന്ന കാര്യത്തില്‍ എനിക്ക്‌ യാതൊരു സംശയവുമില്ല. പ്രസംഗം കത്തിക്കയറിക്കൊണ്ടിരിക്കെ സ്റ്റേജിലേക്ക്‌ ഒരു സഖാവിന്റെ കുറിപ്പ്‌. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: അപ്പോള്‍ ഇനി നമുക്കെവിടെ നിന്ന്‌ ഗോതമ്പു കിട്ടും?
ഈ ചരിത്രം നേരാണെങ്കിലും അല്ലെങ്കിലും ചില സത്യങ്ങള്‍ വിളിച്ചുപറയുന്നു. കമ്യൂണിസ്റ്റ്‌ സമഗ്രാധിപത്യത്തിന്റെ നെഞ്ചെരിച്ചില്‍ അനുഭവിച്ച രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കൊന്നും സമാധാനത്തോടെ ഉരുളയുരുട്ടി ഉണ്ണാനായിട്ടില്ല. കിഴക്കന്‍ ജര്‍മ്മനിയുടെയും, ചെക്കോസ്ലോവാക്യയുടെയും, യുഗോസ്ലാവിയയുടെയും ഏറ്റവുമൊടുവില്‍ അവശേഷിക്കുന്ന കമ്യൂണിസ്‌റ്റ്‌ തുണ്ടായ ക്യൂബയുടെയും സ്ഥിതി വ്യത്യസ്‌തമല്ല. കുരുടന്‍ ആനയെ കണ്ടപോലെയാണ്‌ കമ്യൂണിസ്‌റ്റുകാരന്റെ സ്ഥിതിവിവരണങ്ങള്‍. ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ കിട്ടിയ മുയലിന്റെ കഥ പറഞ്ഞ്‌ എപ്പോഴും ചക്കയിട്ട്‌ ഒടുക്കം പ്ലാവില്‍ ഇടാന്‍ ചക്കയില്ലാത്ത അവസ്ഥ. എന്തിനും ഏതിനും പ്രത്യയശാസ്‌ത്രം വിളമ്പുന്ന വായകള്‍ അസ്‌ത്രങ്ങള്‍ ഒഴിഞ്ഞ ആവനാഴി പോലെയായി. ഒന്നും ഉരിയാടാനില്ല. പുതിയ കുപ്പിയിലേക്ക്‌ പകരാന്‍ പഴയ വീഞ്ഞുപോലുമില്ല. ഉണ്ടായിരുന്നത്‌ സാമ്രാജ്യത്വം നവ ലിബറലിസം സ്റ്റാലിനിസ്റ്റ്‌ ശൈലിയിലുള്ള വ്യതിയാനം തുടങ്ങി സാധാരണക്കാരന്റെ വായില്‍കൊള്ളാത്ത പ്രയോഗങ്ങളായിരുന്നു. ഈ തെരഞ്ഞെടുപ്പ്‌ ഫലത്തോടൊപ്പം അതൊന്നും കേള്‍ക്കാതിരുന്നത്‌ സാധാരണക്കാരെപ്പോലും ഞെട്ടിച്ചിട്ടുണ്ട്‌. പരാജയത്തെ ഇഴകീറി അവലോകനം ചെയ്‌തതിനുശേഷം തോറ്റതിനു കാരണം മറ്റവന്മാര്‍ വോട്ടു ചെയ്യാത്തതാണ്‌ എന്നുപറഞ്ഞ നായനാര്‍ ഫലിതമാണ്‌ ആവര്‍ത്തിക്കാവുന്ന ഒരേയൊരു ശരി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ആരോടൊപ്പമായിരുന്നു എന്ന ചോദ്യത്തിന്‌ മനുഷ്യരായ മനുഷ്യരെല്ലാം ഒരൊറ്റ ഉത്തരം പറയുമ്പോള്‍ അവിടെയുമുണ്ട്‌ തെറിച്ചുനില്‍ക്കുന്ന ഒരാള്‍. സഖാവ്‌ പിണറായി വിജയന്‍.
എങ്ങനെ സ്‌കാന്‍ ചെയ്‌ത്‌ നോക്കിയിട്ടും കേരളമെങ്ങും അദ്ദേഹത്തിന്‌ കാണാനാവുന്നത്‌ ചുവപ്പു മാത്രം. ഫലമറിഞ്ഞു തുടങ്ങിയപ്പോള്‍തന്നെ പിണറായി കവടിയെടുത്ത്‌ ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു. ഗണിച്ചു പറയാന്‍ ബഹുമിടുക്കനാണ്‌ താനെന്ന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പേ സഖാവ്‌ തെളിയിച്ചിട്ടുണ്ട്‌. ഒരു ചെറുചിരിയോടെ അദ്ദേഹം ഇക്കുറി ലീഗില്ലാത്ത പാര്‍ലമെന്റായിരിക്കും വരാന്‍ പോകുന്നത്‌ എന്ന തമാശ പൊട്ടിച്ചത്‌ ആരുമങ്ങനെ മറന്നുകാണില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പേ സഖാവ്‌ വി.എസ്സിനോടൊപ്പം പിണറായി ഗണിക്കാതെ തന്നെ മനക്കണക്കുകൂട്ടി പറഞ്ഞ കാര്യം മാത്രമാണ്‌ അച്ചട്ടായത്‌. ഈ തെരഞ്ഞെടുപ്പ്‌ സര്‍ക്കാരിനെ വിലയിരുത്തുന്നതായിരിക്കും എന്നതായിരുന്നു പ്രസ്‌താവന. വി.എസ്സിനോട്‌ ഈയിടെയൊന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ മറ്റൊരു കാര്യത്തിലും പിണറായി യോജിച്ചതായി കണ്ടിട്ടില്ല. ജനങ്ങള്‍ അസ്സലായി വിലയിരുത്തിയപ്പോഴാണ്‌ അദ്ദേഹം പിന്നെയും കവടി നിരത്തിയത്‌. ഗണിച്ചുണ്ടാക്കിയ കണക്കനുസരിച്ച്‌ മേല്‍ത്തട്ടും നെടുംതൂണുകളും ഇരുമ്പുമറയും ഇടിഞ്ഞുവീണെങ്കിലും അടിത്തറ ഭദ്രമാണെന്ന്‌ പിണറായി കണ്ടെത്തി. അടിക്കല്ല്‌ ഇളകിയിട്ടില്ലെങ്കില്‍പിന്നെ വോട്ടുകള്‍ എങ്ങോട്ടുപോയി എന്ന്‌ വിശദീകരിച്ചില്ല. കുറഞ്ഞത്‌ ആറു ശതമാനം വോട്ട്‌ മാത്രമാണെന്ന്‌ നെടുവീര്‍പ്പിട്ടുകൊണ്ട്‌ പറഞ്ഞു. ഉള്ളില്‍ കടുംചുകപ്പിന്റെ രാഷ്ട്രീയമുള്ള സി.പി.എമ്മുകാരുടെ വോട്ടുകള്‍ യു.ഡി.എഫിന്‌ കിട്ടിയെന്ന്‌ പിണറായി ഒരിക്കലും പറയില്ല. പിന്നെ ആര്‍ക്കാണ്‌ കച്ചവടത്തിന്‌ അറുത്തുനല്‍കിയ സി.പി.എം വോട്ടിന്റെ വിഹിതം കിട്ടിയതെന്ന്‌ വര്‍ഗീയ- തീവ്രവാദ കക്ഷികളായ ബി.ജെ.പിയും എസ്‌.ഡി.പി.ഐ.യും ജമാഅത്തെ ഇസ്‌്‌ലാമിയും തലകാട്ടിയ ഇടങ്ങളിലെ വോട്ടര്‍ പട്ടികയെടുത്ത്‌ പരിശോധിച്ചാല്‍ ബോധ്യമാകും.
മതേതരത്വത്തിനും സമാധാനത്തിനും വികസനത്തിനും ഊന്നല്‍ നല്‍കി ജനപക്ഷത്തുനിന്ന്‌ പ്രവര്‍ത്തിച്ച യു.ഡി.എഫിന്‌ സാധാരണക്കാരുടെ വോട്ട്‌ കിട്ടിയപ്പോള്‍ അത്‌ വര്‍ഗീയ ശക്തികളുടെ വോട്ടാണെന്ന്‌ പറയാന്‍ ധൈര്യപ്പെട്ടവരെ ജനങ്ങള്‍ ഭാവിയിലും കൈകാര്യം ചെയ്യുന്നത്‌ വ്യത്യസ്‌തമായ രീതിയിലായിരിക്കില്ല. വെളിച്ചം കയറിയാല്‍ കണ്ണു പുളിയ്‌ക്കുന്ന ഈയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷത്തുനിന്ന്‌ ജനങ്ങളെ വെല്ലുവിളിക്കുന്നതിന്‌ സി.പി.എം അതിരുകള്‍ നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂടുതല്‍ വോട്ട്‌ കിട്ടി എന്നാണ്‌ പിണറായി പറയുന്നത്‌. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ആളെണ്ണം കൂടിയ കാര്യം പറയാന്‍ വിട്ടുപോയി.
യു.ഡി.എഫ്‌ വര്‍ഗീയതയെ കുത്തിയിളക്കിയാണ്‌ ജയിച്ചതെന്ന്‌ യാതൊരു ഉളുപ്പുമില്ലാതെ പറയുമ്പോള്‍ ഏത്‌ വര്‍ഗീയത എവിടുത്തെ വര്‍ഗീയത എന്ന്‌ വിശദീകരിക്കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്‌. വൈകാരിക രാഷ്ട്രീയത്തിന്റെ വിത്തുകളുമായി കേരളം ഉഴാനിറങ്ങിയവരെ നിലം തൊടീക്കാന്‍ ജനങ്ങള്‍ സമ്മതിച്ചിട്ടില്ല. അവരുടെ കലപ്പകള്‍ ഈ മണ്ണിലൊന്നു പോറിയിട്ടുപോലുമില്ല. ഭൂരിപക്ഷ വര്‍ഗീയതയെയും ഫാഷിസത്തെയും വ്യാപിപ്പിക്കാനുള്ള കരാര്‍ ഏറ്റെടുത്ത്‌ ന്യൂനപക്ഷ വര്‍ഗീയതയെന്ന വിഷവിത്ത്‌ കൈയില്‍ പിടിച്ചിറങ്ങിയവര്‍ പുതിയ വഴികളെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. അവര്‍ ജയിച്ച പലയിടങ്ങളിലും സി.പി.എം മൂന്നാം സ്ഥാനത്താണ്‌. വോട്ടുകള്‍ ആകാശത്തേക്ക്‌ പറന്നില്ല. പാതാളത്തിലേക്ക്‌ ആണ്ടുപോയില്ല. പിന്നെ എവിടെ?. വര്‍ഗീയ ശക്തികളുടെ പെട്ടിയില്‍. പകരം ഇക്കൂട്ടര്‍ക്ക്‌ സി.പി.എമ്മിനെയല്ലാതെ മറ്റാരെ സഹായിക്കാനാവും?.
മലപ്പുറം പച്ചപ്പില്‍ കുളിച്ച്‌ വിജയാരവങ്ങളുയര്‍ത്തുന്ന വാര്‍ത്ത കണ്ടതും വി.എസ്‌ അച്യുതാനന്ദന്റെ ഉള്ളുകള്ളികളിലെ കാവിക്കള്ളി കത്തിയത്‌ ഉള്‍ക്കിടിലത്തോടെയാണ്‌ കേരളം കണ്ടത്‌. മുസ്‌്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ മലപ്പുറത്ത്‌ വെറും പച്ചയല്ല ഇരട്ടിപ്പച്ചയാണെന്ന്‌ പ്രതികരിച്ചപ്പോള്‍ അതിനെ ഇരട്ടി വര്‍ഗീയത എന്നാണ്‌ സഖാവ്‌ വ്യാഖ്യാനിച്ചത്‌. മലപ്പുറം എന്ന പേര്‌ കേള്‍ക്കുമ്പോഴേ ഉള്ളില്‍ പത്തി വിടര്‍ത്താറുള്ള വിഷജന്തുവാണ്‌ വി.എസ്സിനെ ചതിച്ചത്‌. പരാജയത്തിന്റെ പൊരുള്‍ തേടി കമ്മിറ്റി കൂടുന്നതിനു മുമ്പ്‌ നേതാക്കളുടെ മനസ്സില്‍ പറ്റിപ്പിടിച്ചുകിടക്കുന്ന ഇത്തരം അഴുക്കുകളെക്കൂടി തിരിച്ചറിയേണ്ടതുണ്ട്‌. തെറ്റുതിരുത്തലും ചികിത്സയും നിശ്ചയിക്കുമ്പോള്‍ ഈയൊരു രോഗത്തെയും പരിഗണിക്കണം. സി.പി.എമ്മിനിത്‌ മടക്കയാത്രയുടെ കാലമാണ്‌. വര്‍ഗരഹിതസമൂഹത്തിന്റെ സൃഷ്‌ടിപ്പിനുശേഷം തൊഴിലാളി വര്‍ഗ സര്‍വാധിപത്യമെന്ന കിനാവുമായി പാവങ്ങളെ പറ്റിച്ചത്‌ മതിയാക്കാമെന്ന്‌ അവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. രക്തസാക്ഷികളെയും പഴയപോലെ കിട്ടാനില്ല. പണമാണ്‌ പരമപ്രധാനമെന്ന നിഗമനത്തില്‍ നേതാക്കള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ്‌. ഭരണം കൈവിടുമെന്ന പ്രതീതി കൂടി ഉണ്ടായതോടെ ഈ പിടിച്ചു പറിക്ക്‌ ആക്കം കൂടാനാണ്‌ സാധ്യത. പ്രാദേശിക സര്‍ക്കാറുകളെപ്പോലെയാണ്‌ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റികള്‍ സ്വാധീനമുള്ള ഇടങ്ങളില്‍ അധികാരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌. പണവും ആയുധവും അധികാരവും കൈയിലുണ്ടെങ്കില്‍ ആരെയും തറപറ്റിക്കാമെന്ന അഹങ്കാരത്തിന്‌ ലഭിക്കുന്ന തിരിച്ചടികളൊന്നും പാര്‍ട്ടിക്ക്‌ ക്ഷീണമുണ്ടാക്കിയിട്ടില്ലെന്നാണ്‌ പിണറായിയുടെ ഗവേഷണം.
ഭദ്രമായ അടിത്തറ കൂടി ഇളകട്ടെ, എന്നിട്ടാവാം നിലപാടുമാറ്റമെന്ന്‌ പറയാതെ പറയുന്നു പാര്‍ട്ടി സെക്രട്ടറി. അനിവാര്യമായ പതനത്തിലേക്ക്‌ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൊണ്ടെത്തിക്കുന്നതിന്‌ ഏറ്റെടുത്ത കരാര്‍ ഭംഗിയായി പൂര്‍ത്തീകരിച്ചതിന്റെ ആഹ്ലാദവും ആ മുഖത്തു നിന്ന്‌ വായിച്ചെടുക്കാം. കേരളം എങ്ങനെ ചിന്തിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കമ്യൂണിസ്റ്റുകാര്‍ മാത്രമാണെന്ന ധാരണയും സി.പി.എമ്മിന്‌ വിനയായിട്ടുണ്ട്‌. പാര്‍ട്ടിക്കെതിരെ സംസാരിക്കുന്ന ബുദ്ധിജീവികള്‍ക്കെല്ലാം വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു എന്നാണ്‌ ആക്ഷേപം. വലതുപക്ഷ വ്യതിയാനം എന്നാല്‍ നരകത്തിലേക്കുള്ള വഴി എന്നാണ്‌ സി.പി.എം അര്‍ത്ഥമാക്കുന്നത്‌. ഈ അബദ്ധധാരണകളെയെല്ലാം തിരുത്തുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. മാറ്റത്തിന്‌ തടസ്സം സി.പി.എമ്മാണെങ്കില്‍ ആ സി.പി.എമ്മിനെ മാറ്റാനാണ്‌ ജനങ്ങളുടെ തീരുമാനം. ഈ സുതാര്യമായ സന്ദേശത്തെയാണ്‌ പിണറായി പിന്നെയും വളച്ചൊടിക്കുന്നത്‌. ബലിദാനികള്‍ സാക്ഷി. ഇപ്പോഴത്തെ സി.പി.എമ്മിന്റെ സുന്ദരമായ ഈ പതനത്തെ പാര്‍ട്ടിക്കുവേണ്ടി അവരും ആഗ്രഹിച്ചിരിക്കാം. കാര്യങ്ങള്‍ ഇങ്ങനെത്തന്നെ തുടര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ദയനീയമായ പരീക്ഷണങ്ങളിലൊന്നായി ചരിത്രം സി.പി.എമ്മിനെ വിലയിരുത്തും.