Tuesday, September 9, 2008

കൊല്ലാക്കൊലയുടെ ജനകീയ ജനാധിപത്യം


ചാറ്റല്‍ മഴയുടെ നാരുകള്‍ പതിയെ വീഴാന്‍ തുടങ്ങിയ നേരത്താണ്‌ ഞങ്ങള്‍ മൂന്നാം കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നത്‌. കുറെ നേരം മഴ നനഞ്ഞിട്ടാണ്‌ അവിടെയെത്തിയത്‌. പൊടുന്നനെ മഴ ശക്തമായി. കൗണ്ടറിനടുത്ത്‌ കെട്ടിയുണ്ടാക്കിയ പന്തലിലേക്ക്‌ വേഗം കയറി നിന്നു. ഒരുപക്ഷേ കേരളം കണ്ടതില്‍ വെച്ച്‌ ഏറ്റവും ശക്തമായ വിപ്ലവം നടത്താനൊരുങ്ങുന്ന ചെങ്ങറ സമര ഭൂമിയില്‍ എവിടെയും വിപ്ലവത്തിന്റെ അപ്പോസ്‌തലന്മാരായി അറിയപ്പെടുന്നവരുടെ ചിത്രങ്ങളില്ല എന്നത്‌ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ സംബന്ധിച്ചിടത്തോളം അത്ഭുതപ്പെടുത്തുന്ന കാര്യമാണ്‌. പന്തലിനു തൊട്ടടുത്ത്‌ ആരാധ്യരായ നേതാക്കളുടെ ചിത്രങ്ങളുമായി പ്രത്യേക മണ്ഡപം തന്നെയുണ്ട്‌. അവിടെ വിപ്ലവത്തിന്റെ ആചാര്യന്മാരായി ഭരണപക്ഷം കൊട്ടിഘോഷിക്കുന്ന കാറല്‍ മാര്‍ക്‌സിന്റെയോ ലെനിന്റെയോ ചെ ഗുവേരയുടേയോ ചിത്രമില്ല. എ.കെ.ജി, പി.കൃഷ്‌ണപ്പിള്ള, ഇ.എം.എസ്‌ എന്നിവരുടെ ചിത്രമില്ല. പകരം അധ: സ്ഥിതന്റെ വിമോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അംബേദ്‌കറിന്റെയും അയ്യങ്കാളിയുടെയും ചിത്രങ്ങളുണ്ട്‌. ശ്രീബുദ്ധനുണ്ട്‌. ആറു കൗണ്ടറുകളിലും മഞ്ഞപുതച്ച്‌ ഇത്തരം ചിത്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. മഴ പെയ്‌തു കൊണ്ടിരിക്കെ സെക്രട്ടറി സെലീന പ്രക്കാനത്തോട്‌ സമരഗതിയെപ്പറ്റിയും സമരത്തോടുള്ള അംഗങ്ങളുടെ പ്രതീക്ഷയെക്കുറിച്ചും സംസാരിച്ചു. പ്രീഡിഗ്രി വരെ പഠിച്ച പെണ്‍കുട്ടിയാണ്‌ സെലീന. സമരത്തിന്റെ സവിശേഷതയില്‍ അവരുടെ നേതൃത്വവും പ്രസക്തമാണ്‌. " ഉപരോധം നടത്തുന്ന തൊഴിലാളികളെപ്പോലെ ഞങ്ങളും കൂലിവേലക്കാരാണ്‌. വലിയ കൃഷിയിടമോ കൊട്ടാരങ്ങളോ ഉള്ള ആരും ഇവിടെയില്ല. ഓഗസ്‌റ്റ്‌ മൂന്നിന്‌ മനുഷ്യത്വരഹിതമായ ഉപരോധം തീര്‍ക്കുന്നതു വരെ ഞങ്ങളും പണിക്കു പോയിരുന്നു. പിന്നെ പട്ടിണി സഹിക്കാതായപ്പോഴാണ്‌ റബ്ബര്‍ മരങ്ങളെ തൊട്ടത്‌. ഇപ്പോള്‍ ഞങ്ങളെ പട്ടിണിക്കിട്ട്‌ ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചെയ്യാനാണ്‌ ശ്രമിക്കുന്നത്‌. എന്നാലെങ്കിലും കാടിറങ്ങിപ്പോകും എന്നായിരിക്കും ഉപരോധക്കാരുടെ പ്രതീക്ഷ. ഒന്നുകില്‍ ഭൂമി കിട്ടണം. അല്ലെങ്കില്‍ മരണത്തോടെയല്ലാതെ ഞങ്ങളെ ഇവിടെ നിന്നിറക്കാമെന്ന്‌ ആരും വിചാരിക്കണ്ട." അവര്‍ നിലപാട്‌ വ്യക്തമാക്കി. പോലീസ്‌ സഹായം തേടിയില്ലേ എന്ന ചോദ്യത്തിന്‌ ഒരു ചിരിയായിരുന്നു മറുപടി. പോലീസുകാര്‍ക്ക്‌ മാന്യതയുണ്ടായിരുന്നെങ്കില്‍ ഈ ഉപരോധക്കാര്‍ക്ക്‌ കൂട്ടുനില്‍ക്കുമായിരുന്നോ എന്ന്‌ അവര്‍ തിരിച്ചു ചോദിച്ചു. അപ്പോള്‍ സെലീനയുടെ കൊച്ചുമോള്‍ വന്ന്‌ അമ്മയുടെ സാരിയില്‍ പിടിച്ച്‌ നിന്നു. സമരക്കാര്‍ക്കെതിരെ തൊഴിലാളികളും ഹാരിസണ്‍സ്‌ ലിമിറ്റഡും ഭരണപക്ഷവും ഉയര്‍ത്തുന്ന ആരോപണങ്ങളെപ്പറ്റി ഏറെ നേരം സംസാരിച്ചു. ഇവിടെ സമരക്കാര്‍ ചാരായം വാറ്റുന്നതായും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതായും കമ്പനി ആരോപിച്ചിരുന്നു. സെലീന കൗണ്ടറില്‍ തൂക്കിയിട്ടിരിക്കുന്ന മദ്യ നിരോധിത മേഖല എന്നെഴുതിയ ബോര്‍ഡിലേക്ക്‌ വിരല്‍ചൂണ്ടി. മദ്യം കഴിക്കുന്ന ഒരാളെയും സമരഭൂമിയിലേക്ക്‌ കയറ്റരുതെന്നാണ്‌ ളാഹ ഗോപാലന്റെ നിര്‍ദ്ദേശമെന്ന്‌ അവര്‍ പറഞ്ഞു. മദ്യപാനികളായ പലരും സമരഭൂമിയിലെ ചിട്ടയായ ജീവിതത്തിലൂടെ അത്‌ നിര്‍ത്തിയിട്ടുണ്ടെന്ന്‌ സെലീന അഭിമാനത്തോടെ പറഞ്ഞു. തോട്ടത്തിനപ്പുറത്ത്‌ താമസിക്കുന്ന സമരാംഗമല്ലാത്ത സ്‌ത്രീ അപ്പോള്‍ പശുവിനെ മേയ്‌ക്കാനായി അതുവഴി വന്നു. പുറത്തുള്ളവരെ ഒരുകാരണവശാലും ഇവര്‍ സമരഭൂമിയുടെ അകത്തേക്ക്‌ കയറ്റാറില്ലെന്നായിരുന്നു ഞങ്ങളുടെ ധാരണ. സമരക്കാരല്ലാത്ത പുറത്തുള്ളവര്‍ അകത്തേക്കു വന്നാലും തങ്ങള്‍ പുറത്തേക്ക്‌ പോകുമ്പോഴും ഈ നാട്ടുകാര്‍ക്കോ ഉപരോധത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ക്കോ ഒരു കറിവേപ്പിലയുടെ ഉപദ്രവം പോലും ചെയ്യാറില്ലെന്ന്‌ വിജയന്‍ മോതിരവയല്‍ പറഞ്ഞു. എന്നിട്ടും അവര്‍ തങ്ങള്‍ക്ക്‌ ചെയ്യുന്ന ദ്രോഹങ്ങള്‍ക്ക്‌ കണക്കില്ലെന്നു പറഞ്ഞ്‌ അയാള്‍ നെടുവീര്‍പ്പിട്ടു. സ്വയം സമരം നിര്‍ത്തി ഒഴിഞ്ഞു പോകാന്‍ സന്നദ്ധരായവരെ പോലും നേതാക്കള്‍ നിര്‍ബന്ധിച്ചു പിടിച്ചു നിര്‍ത്തുന്നു എന്നായിരുന്നു മറ്റൊരു ആരോപണം. അതും തെറ്റാണെന്ന്‌ സെലീന സമര്‍ത്ഥിച്ചു." ഇവിടെയുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകാം. ആരും തടസ്സം നില്‍ക്കില്ല. ളാഹ ഗോപാല്‍ജി തന്നെ വിട്ടുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പോകാമെന്ന്‌ പലതവണ പറഞ്ഞതാണ്‌. ഞാന്‍ പറയുന്നത്‌ സത്യമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ഇവിടെയുള്ള ആരോടു വേണമെങ്കിലും ഇക്കാര്യം ചോദിക്കാം." അവര്‍ പറഞ്ഞു. ചെങ്ങറ ഭൂസമരത്തിനെതിരെ ഉപരോധസമരത്തിലേര്‍പ്പെട്ടിരിക്കുന്ന തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും സ്വന്തമായി ഭൂമിയില്ലാത്തവരാണെന്ന കാര്യം സത്യമാണ്‌. അവരെപ്പറ്റി 2008 ഓഗസ്‌റ്റ്‌ 14ന്‌ ദേശാഭിമാനി പത്രം ഇങ്ങനെ എഴുതിയിരിക്കുന്നു: ഇവിടെയുള്ള തൊഴിലാളികളില്‍ 99 ശതമാനത്തിനും ഒരു സെന്റു ഭൂമി പോലും സ്വന്തമായിട്ടില്ല. ഭൂരിപക്ഷം പേരും പട്ടികജാതിക്കാരാണ്‌. ദിവസവും ജോലി ചെയ്‌തു കിട്ടുന്നത്‌ 108 രൂപയാണ്‌. മൂന്നും നാലും കുടുംബങ്ങളായി ലയങ്ങളിലാണ്‌ കഴിയുന്നത്‌. ചിലര്‍ ലയത്തിനും പുറത്ത്‌ ചെറിയ എടുപ്പ്‌ കെട്ടി അതിലും കഴിയുന്നു. തൊഴിലാളികളുടെ ദുരിതം കയ്യേറ്റക്കാരുടേതിനേക്കാള്‍ എത്രയോ കടുത്തതാണ്‌." ഇക്കാര്യം സമരസമിതി നിഷേധിക്കുന്നില്ല. ഒരു മനുഷ്യായുസ്സു മുഴുവന്‍ വിയര്‍പ്പൊഴുക്കി ഹാരിസണ്‍സിന്റെ തൊഴിലാളികളായി ജീവിച്ചവര്‍ക്ക്‌ സ്വന്തമായി ഭൂമിയില്ലെങ്കില്‍ ആരാണ്‌ അതിന്റെ ഉത്തരവാദിയെന്ന്‌ അവര്‍ തിരിച്ചു ചോദിക്കുന്നു. ഈ തൊഴിലാളികളുടെ ചോരയും വിയര്‍പ്പുമാണ്‌ ഹാരിസണ്‍സിന്റെ സമ്പാദ്യത്തിന്റെ അടിത്തറ. അപ്പോള്‍ ഹാരിസണ്‍സിന്റെ തൊഴിലാളികള്‍ക്ക്‌ ഭൂമിയില്ലെങ്കില്‍ അവര്‍ ഹാരിസണ്‍സ്‌ തന്നെയാണ്‌ അതിന്റെ ഉത്തരവാദികള്‍. വിപ്ലവകരമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഭൂപരിഷ്‌കരണങ്ങളില്‍ നിന്ന്‌ തോട്ടം മേഖലയെ ഒഴിവാക്കിയത്‌ കുത്തകകള്‍ക്ക്‌ ഭൂമിക്കു മേലുള്ള അവകാശം നിലനിര്‍ത്താനും തൊഴിലാളി ചൂഷണം തുടരാനുമുള്ള ഉപരിവര്‍ഗ്ഗ താല്‍പര്യത്തിന്റെ പേരിലായിരുന്നു. 45,000 തോട്ടം തൊഴിലാളികള്‍ പീരുമേട്ടില്‍ പട്ടിണി കിടന്നതും വേളാങ്കണ്ണിയെന്ന പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ യൂണിഫോമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്‌തതും സ്വന്തം ഭര്‍ത്താക്കന്മാരുടെ അനുവാദത്തോടെ തോട്ടം തൊഴിലാളികളുടെ സ്‌ത്രീകള്‍ക്ക്‌ വേശ്യാവൃത്തിക്ക്‌ പോകേണ്ടി വന്നതും ളാഹ ഗോപാലന്‍ മൂലമാണോ എന്നാണ്‌ ഇവര്‍ ചോദിക്കുന്നത്‌. കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത്‌ തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യുക എന്നതാണ്‌ ചെങ്ങറ സമരം നല്‍കുന്ന മുദ്രാവാക്യം. ഉപരോധം നടത്തുന്ന തോട്ടം തൊഴിലാളികളും ഈ സമരത്തോടൊപ്പം നില്‍ക്കുകയാണ്‌ വേണ്ടത്‌. ശരിയായ ഡിമാന്റും ശരിയായ സമരനേതൃത്വവും തങ്ങളുടേതാണെന്നും തലയെണ്ണി പണം പിരിക്കുന്ന തൊഴിലാളി നേതാക്കളില്‍ നിന്ന്‌ ഇതുവരെ കിട്ടാത്ത നീതി ഇനി പ്രതീക്ഷിക്കേണ്ടെന്നും സമരസമിതി തോട്ടം തൊഴിലാളികളോടു പറയുന്നു. ജനകീയ ജനാധിപത്യമെന്ന വിപ്ലവ മുദ്രാവാക്യവുമായി അധികാരസോപാനങ്ങള്‍ താണ്ടിയവരാണ്‌ പാവപ്പെട്ട മനുഷ്യരെ പട്ടിണിക്കിട്ട്‌ കൊല്ലാക്കൊല ചെയ്യുന്നതിന്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. സഹജീവിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതാണ്‌ ഇവര്‍ പറഞ്ഞ ജനകീയ ജനാധിപത്യമെന്ന്‌ ഇപ്പോള്‍ കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. അധികാരം കൈയില്‍ കിട്ടിയാല്‍ ആരെയും കൊല്ലാമെന്ന്‌ ഇവിടെയുള്ള ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നു. അതും ചിത്രവധം. ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണെങ്കില്‍ പിന്നെ കൊല എളുപ്പമായി. സെലീനയുടെ തൊണ്ടയിടറുന്നു. കണ്ണീരു വറ്റിയവരാണ്‌ ഇവിടെയുള്ളവരില്‍ പലരും. ഞണ്ടിനും തേളിനും സിംഹവാലന്‍ കുരങ്ങിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നു പറഞ്ഞ്‌ തൊണ്ട കീറി കരയാറുള്ള പല സാംസ്‌കാരിക നായകന്മാരെയും പച്ചമനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെപ്പറ്റി സംസാരിക്കാന്‍ ചെങ്ങറയില്‍ കണ്ടില്ല. പരിഷ്‌കൃത സമൂഹമെന്ന്‌ അഹങ്കരിക്കുന്നവര്‍ നല്‍കിയ മുറിവുകളുടെ നീറ്റലുമായി കരച്ചിലടക്കാന്‍ പാടുപെട്ട്‌ ഈ പാവങ്ങള്‍ നില്‍ക്കുമ്പോള്‍ സാംസ്‌കാരിക കേരളം ഓര്‍ക്കുന്നു. ഉണ്ടായിരുന്നു; നമുക്ക്‌ സുകുമാര്‍ അഴീക്കോടിനെപ്പോലെയുള്ള ചില സാംസ്‌കാരിക നായകന്മാര്‍.

No comments: