Monday, December 15, 2008

ചരിത്രത്തിലേക്കൊരു ചെരുപ്പേറ്‌

"ഇത്‌ ഇറാഖീ ജനതയുടെ വിടവാങ്ങല്‍ ചുംബനമാണ്‌ പട്ടീ" എന്ന അഭിസംബോധനയോടെ രണ്ടു ചെരുപ്പുകള്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ജോര്‍ജ്ജ്‌ ബുഷിന്റെ മുഖം ലക്ഷ്യമാക്കി പറന്നെത്തിയപ്പോള്‍ ചരിത്രത്തിന്റെ മഹാപ്രവാഹങ്ങളും പോരാട്ടങ്ങളും പതനങ്ങളും നെഞ്ചേറ്റിയ ബാഗ്‌ദാദ്‌ ഒന്നു പിടഞ്ഞിട്ടുണ്ടാകും. കഴിഞ്ഞ അഞ്ചു വര്‍ഷമായി അമേരിക്കന്‍ അധിനിവേശ സേനയുടെ ആട്ടും തുപ്പുമേറ്റ്‌ ആത്മാഭിമാനം അടര്‍ന്നു പോയ ആ ചരിത്രനഗരി ആഹ്ലാദം കൊണ്ടു തന്നെയാവും പിടഞ്ഞിരിക്കുക. ടൈഗ്രീസിനും യൂഫ്രട്ടീസിനും ഇനി പുളഞ്ഞൊഴുകാം. കര്‍ബലയുടെ കനല്‍വഴികള്‍ക്ക്‌ ചരിത്രത്തോട്‌ ചിരിക്കാം. തന്റെ മണ്ണില്‍ ആണ്‍കുട്ടികളുടെ വംശത്തെ പൂര്‍ണമായും കൊന്നൊടുക്കാന്‍ ബുഷിന്റെ ക്രൗര്യമോഹങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ബാഗ്‌ദാദ്‌ വിളിച്ചുപറയുകയായിരുന്നു അപ്പോള്‍. മുന്‍തദര്‍ അല്‍ സെയ്‌ദിയാണ്‌ ആ ഭാഗ്യവാന്‍. ബുഷ്‌ ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കില്‍ അല്‍ ബാഗ്‌ദാദിയ ചാനലിന്റെ റിപ്പോര്‍ട്ടറായ ഇദ്ദേഹത്തിന്റെ ഉന്നം പിഴക്കുമായിരുന്നില്ല. 'ഇറാഖ്‌ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും വിധവകള്‍ക്കും അനാഥകള്‍ക്കും വേണ്ടി' എന്നു പറഞ്ഞാണ്‌ മുന്‍തദറിന്റെ രണ്ടാമത്തെ ചെരുപ്പ്‌ ബുഷിനെ ലക്ഷ്യമാക്കി പാഞ്ഞത്‌. അറബികള്‍ക്കിടയില്‍ ചെരുപ്പു കൊണ്ടെറിയുക എന്നത്‌ ഏറ്റവും നിന്ദ്യമായ ഏര്‍പ്പാടാണ്‌. അതിനീചന്മാര്‍ക്കെതിരെ അവരെ അപമാനിക്കാനായി ഉപയോഗിക്കുന്ന ആയുധം. യുദ്ധം അവസാനിച്ചിട്ടില്ലെന്ന്‌ ബുഷ്‌ പറഞ്ഞ നിമിഷത്തില്‍ തന്നെയായിരുന്നു ഇറാഖീ ജനതയുടെ മനസ്സിന്റെ പ്രതീകമെന്നോണം ആ ചെരുപ്പുകള്‍ പറന്നു ചെന്നത്‌. പ്രധാനമന്ത്രി നൂരി അല്‍ മാലികിയുടെ സ്വകാര്യ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ബുഷ്‌. അമേരിക്കയുടെ കല്‍പ്പനകള്‍ക്കു കാതോര്‍ത്ത്‌ റാന്‍ മൂളാനായി മേല്‍മുണ്ട്‌ കൈയില്‍ പൊത്തിപ്പിടിച്ച്‌ നട്ടെല്ല്‌ വളച്ചു നില്‍ക്കുന്ന പാവ സര്‍ക്കാരിന്റെ പ്രധാനമന്ത്രി സംഭവത്തിനു സാക്ഷിയായി എന്നത്‌ ആകസ്‌മികമെങ്കിലും ചരിത്രത്തിന്റെ പകവീട്ടല്‍ പോലെ ലോകം ആസ്വദിച്ച രംഗമായിരുന്നു. ഇറാഖില്‍ കുടികിടപ്പായ യു.എസ്‌ സേനക്ക്‌ നന്ദി പറയാനും അമേരിക്ക തയ്യാറാക്കിയ സ്‌കെച്ച്‌ പ്രകാരം പാര്‍ലമെന്റ്‌ ഈയിടെ അംഗീകരിച്ച സുരക്ഷാകരാറില്‍ ഒപ്പിട്ടതിന്റെ സന്തോഷം പ്രകടിപ്പിക്കാനുമാണ്‌ ബുഷ്‌ വാര്‍ത്താസമ്മേളനം നടത്തിയത്‌. 2011 അവസാനം വരെ യു.എസ്‌ സേന ഇറാഖില്‍ തുടരുമെന്നാണ്‌ കരാറിന്റെ ഉള്ളടക്കം. ആധുനിക അധിനിവേശ ഭ്രാന്തിന്റെ മൂര്‍ത്ത രൂപം പൂണ്ട ബുഷിന്റെ ഇറാഖിലേക്കുള്ള ഒടുക്കത്തെ ഔദ്യോഗിക സന്ദര്‍ശനം മറക്കാനാവാത്ത അനുഭവമാക്കിയതിന്‌ ലോകം മുന്‍തദറിനോടു നന്ദി പറയുന്നുണ്ടാകും. എന്തെന്നാല്‍ അമേരിക്കയുടെ സാമ്രാജ്യത്വ അതിമോഹങ്ങളോട്‌ അകത്തും പുറത്തും രോഷം പ്രകടിപ്പിക്കുന്ന ലോകത്തിലെ കോടാനുകോടി മനുഷ്യരുടെ കാലുകളിലെ ചെരുപ്പുകളുടെ പ്രതിനിധികളായിരുന്നു ആ പത്തിഞ്ച്‌ നീളം വരുന്ന ചെരുപ്പുകള്‍. ആഴ്‌ചകള്‍ക്കകം ബരക്‌ ഒബാമക്കു വേണ്ടി കസേര ഒഴിഞ്ഞു കൊടുക്കാനൊരുങ്ങുന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ അപ്രതീക്ഷിത സന്ദര്‍ശനം പോലെതന്നെയായിരുന്ന ഈ ചെരിപ്പേറും. തികച്ചും അപ്രതീക്ഷിതം. ചങ്കുറപ്പുള്ള പത്രപ്രവര്‍ത്തകര്‍ ഇറാഖില്‍ അവശേഷിക്കുന്നുണ്ടെന്ന്‌ മുന്‍തദര്‍ തെളിയിച്ചു. അര്‍ഹിച്ച യാത്രയയപ്പാണ്‌ ബുഷിനു ലഭിച്ചതെന്ന്‌ അഭിപ്രായപ്പെട്ട അല്‍ ബാഗ്‌ദാദിയ ചാനല്‍, സുരക്ഷാ ഭടന്മാര്‍ പിടികൂടിയ തങ്ങളുടെ റിപ്പോര്‍ട്ടറെ വിട്ടു കിട്ടാന്‍ അന്താരാഷ്ട്ര മാധ്യമസമൂഹം ശബ്ദിക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്‌. ഈജിപ്‌തിലെ കെയ്‌റോ ആണ്‌ അല്‍ ബാഗ്‌ദാദിയയുടെ ആസ്ഥാനം. മുന്‍തദറിനെ നിലത്തിട്ട്‌ വലിച്ചിഴച്ചു കൊണ്ടു പോയ സുരക്ഷാ ഭടന്മാരുടെ നടപടിക്കെതിരെ ബാഗ്‌ദാദില്‍ പടുകൂറ്റന്‍ പ്രകടനമാണ്‌ നടന്നത്‌. 'മുന്‍തദര്‍ ഞങ്ങളുടെ നായകന്‍' എന്ന മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തു. " ആരാണ്‌ അയാളെ ഇങ്ങോട്ട്‌ ക്ഷണിച്ചത്‌..?. രണ്ടല്ല; പതിനായിരം ഷൂസുകള്‍ അയാളുടെ മുഖത്തേക്കെറിയേണ്ടതാണ്‌." ബുഷിന്റെ സന്ദര്‍ശനത്തോട്‌ പ്രതികരിച്ച ബാഗ്‌ദാദിലെ ഒരു സാധാരണക്കാരേെന്റതാണ്‌ ഈ വാക്കുകള്‍. അധിനിവേശത്തോട്‌ ഇറാഖികള്‍ക്കുള്ള സമീപനം വ്യക്തമാക്കുന്നതാണ്‌ ഈ വാക്കുകള്‍. ഈ ചെരുപ്പേറ്‌ ഇറാഖിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രതികാരം കൂടിയാണ്‌. സദ്ദാമിനെതിരായ സഖ്യസേനയുടെ യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത്‌ ജനവികാരം തങ്ങള്‍ക്കെതിരാകാതിരിക്കാന്‍ അധിനിവേശ സേന വാര്‍ത്താ മാധ്യമങ്ങളുടെ പ്രക്ഷേപണം നിര്‍ത്തി വെച്ചിരുന്നു. മാത്രവുമല്ല, വാര്‍ത്തകള്‍ക്കു വേണ്ടി ടെലിവിഷനു മുന്നില്‍ ആര്‍ത്തിയോടെ ഇരുന്ന ജനങ്ങള്‍ക്കായി അമേരിക്കയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രദര്‍ശിപ്പിച്ചത്‌ അശ്ലീല ദൃശ്യങ്ങള്‍ മാത്രമായിരുന്നു. ഇറാഖികളെ ഒന്നാകെ അപമാനിക്കുന്നതോടൊപ്പം യുവാക്കളെ മാംസ ഭ്രമത്തില്‍ കുടുക്കിയിട്ട്‌ പ്രതിരോധശേഷി നശിപ്പിക്കുക എന്ന തന്ത്രം കൂടി ഈ നീക്കത്തിനു പിന്നിലുണ്ടായിരുന്നു. ഇത്തരമൊരു അതിക്രമത്തിന്‌ ഇറാഖിലെ മാധ്യമലോകം അമേരിക്കയോടു ചെയ്‌ത പ്രതികാര നടപടി കൂടിയായി ഇതിനെ വിലയിരുത്താവുന്നതാണ്‌. സാമ്രാജ്യത്വത്തിന്‌ ഓശാന പാടാനും കുത്തകകളുടെ പരസ്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുമായി പത്രക്കടലാസുകളെ ഉപയോഗിക്കുന്ന മാധ്യമ ഭീമന്മാര്‍ക്കു കൂടിയാണ്‌ ഈ ചെരുപ്പേറ്‌ കൊള്ളേണ്ടത്‌. അസ്വസ്ഥതയുടെയും അസ്ഥിരതയുടെയും അരക്ഷിതത്വത്തിന്റെയും ചതുപ്പുകളിലേക്ക്‌ ഒരു രാജ്യത്തെ വലിച്ചിഴച്ച സാമ്രാജ്യത്വത്തിന്റെ എല്ലാതരം എഴുത്തുകുത്തുകള്‍ക്കുമുള്ള മറുകുറിപ്പാണിത്‌. കട്ടച്ചോരയുടെ കറുപ്പ്‌ ഉറഞ്ഞു പോയ ബാഗ്‌ദാദിന്റെ തെരുവുകള്‍ തന്നെ ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയായി എന്നത്‌ യാദൃശ്ചികം. തീര്‍ച്ചയായും ആ ചെരുപ്പേറ്‌ ചരിത്രത്തിലേക്കായിരുന്നു. മെസോപ്പെട്ടോമിയന്‍ സംസ്‌കാരം മുതല്‍ ലോകത്തിന്റെ ഉള്ളുണര്‍ത്തിയ മഹത്തായ ഒരു സംസ്‌കൃതിയെ, അടയാളങ്ങള്‍ പോലും അവശേഷിപ്പിക്കാതെ തകര്‍ത്തെറിഞ്ഞവനു നേരെ ആ പരമ്പരയുടെ പിന്മുറക്കാര്‍ പ്രകടിപ്പിച്ച സ്വാഭാവിക രോഷം. ഒട്ടും വൈകാരികമല്ലാത്ത, തികച്ചും വൈചാരികമായ ഒരു ചെരുപ്പേറ്‌.

Friday, December 12, 2008

അച്യുതാനന്ദന്റെ അസംബന്ധ മൗനം


ചിലരൊക്കെ പറഞ്ഞിരുന്നു. സഖാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആളൊത്ത ആദര്‍ശവാദിയാണെന്ന്‌. തെറ്റു ചെയ്യുന്നവന്റെ മോന്തായം നോക്കാതെ നടപടിയെടുക്കുന്ന, സമരവീര്യം കുടികെട്ടിയ ചോരയാണ്‌ ആ ശരീരത്തിലൂടെ ഓടുന്നതെന്ന്‌. പാവം പൊതുജനം ഇതൊക്കെ കേട്ട്‌ വിശ്വസിച്ചുവെന്നു മാത്രമല്ല പാര്‍ട്ടി കൊടുക്കാത്ത സീറ്റ്‌ കൊടുത്ത്‌ ജയിപ്പിച്ച്‌ മുഖ്യമന്ത്രിയാക്കുകയും ചെയ്‌തു. നേരത്തെ തന്നെ ജനങ്ങളുടെ സകല പ്രതീക്ഷകളെയും ഊതിയൂതിക്കെടുത്തിയ അച്യുതാനന്ദന്‍ ഈയിടെ ആ പ്രതീക്ഷകള്‍ക്കു മേല്‍ തലകുത്തി നി
ന്ന്‌ ഇളിഭ്യച്ചിരിയോടെ അവരെ പരിഹസിക്കുക കൂടി ചെയ്‌തിരിക്കുന്നു. പട്ടി വിവാദത്തിലൂടെ തുടങ്ങി കിളിരൂരിലെത്തി നില്‍ക്കുന്ന 'നവലിബറല്‍' പ്രതിസന്ധിയില്‍ അത്ഭുതമെന്നു പറയാം, കേരളത്തിലെ വി.എസ്‌ അനുകൂല തരംഗസൃഷ്ടിപ്പിന്റെ മൊത്തവിതരണക്കാര്‍ മാളങ്ങളില്‍ തന്നെയാണ്‌. മുമ്പുണ്ടായ നാണംകെട്ട വിവാദങ്ങളില്‍ നിന്ന്‌ പലവട്ടം മുഖ്യമന്ത്രിയുടെ തടിയൂരിയ ഒറ്റയെണ്ണവും വെളിച്ചത്തിലേക്ക്‌ തലപൊക്കി അച്യുതാനന്ദന്റെ രക്ഷകരാകാന്‍ ഈ വിഷയത്തില്‍ ഈ നിമിഷം വരെ അവതരിച്ചിട്ടില്ല. വൈകിയാണെങ്കിലും അച്യുതാനന്ദന്‍ വേലിക്കകത്തു തന്നെയാണെന്ന്‌ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സി.പി.എം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി ഉപചാപക വൃന്ദത്തിന്റെ പിടിയിലാണെന്ന്‌ പ്രൈവറ്റ്‌ സെക്രട്ടറി എസ്‌. രാജേന്ദ്രന്‍ പറയുന്നതോടെയാണ്‌ കള്ളികള്‍ ഓരോന്നായി വെളിച്ചത്താകുന്നത്‌. മൂന്നാര്‍ മുതല്‍ പട്ടി വിവാദം വരെ ഇത്രയധികം വഷളാക്കിയത്‌ ക്ലിഫ്‌ ഹൗസ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ കുറുമുന്നണിയാണെന്നായിരുന്നു രാജേന്ദ്രന്റെ കണ്ടെത്തല്‍.
എന്നാല്‍ തുടക്കത്തില്‍ ടൈംസ്‌ നൗ എന്ന ഇംഗ്ലീഷ്‌ ചാനല്‍ മാത്രം പ്രാധാന്യത്തോടെ കാണിച്ച പട്ടി പ്രയോഗത്തെപ്പറ്റി വിശദീകരണം ആരാഞ്ഞ്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ വിളിച്ച മലയാള മാധ്യമപ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നു മാധ്യമങ്ങളോട്‌ പറഞ്ഞത്‌ ഇതേ പ്രൈവറ്റ്‌ സെക്രട്ടറിയാണെന്ന്‌ ഒരു കാലത്ത്‌ വി.എസ്സിനും (ഇപ്പോഴും..?) പാര്‍ട്ടിക്കും പ്രിയങ്കരനായിരുന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാര്‍ വെളിപ്പെടുത്തുന്നു. കൊണവതിയാരം കൊണ്ട്‌ സംഭവിച്ച നാടന്‍ വായ്‌മൊഴി വഴക്കമാണെന്ന്‌ പറഞ്ഞ്‌ (അസഭ്യങ്ങളുടെ സി.പി.എം തര്‍ജ്ജമ ഇ
ങ്ങനെയത്രേ) ആ നിമിഷം മാപ്പ്‌ ചോദിച്ചാല്‍ തീരാവുന്ന പ്രശ്‌നം ഇത്രത്തോളം വഷളായതിനു പിന്നില്‍ ഈ ഉറച്ചു നില്‍പ്പായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഉപജാപക സംഘം എന്ന്‌ രാജേന്ദ്രന്‍ ഉദ്ദേശിച്ചത്‌ ആരെയാണെന്ന്‌ മനസ്സിലാക്കാന്‍ ഐ.എ.എസിനു പഠിച്ച സുരേഷ്‌കുമാറിന്‌ അധികസമയം വേണ്ടി വന്നില്ല. പിറ്റേന്ന്‌ ചട്ടവും വകുപ്പും നോക്കാതെയാണ്‌ ഇദ്ദേഹം രഹസ്യങ്ങളുടെ പത്തായങ്ങള്‍ വെട്ടിത്തുറന്നത്‌. മുഖ്യമന്ത്രിയെ നാണം കെടുത്താമെന്ന്‌ ആരോടോ വാക്കു പറഞ്ഞ്‌ വന്നവരെ പോലെയാണ്‌ ഓഫീസിലുള്ളവരുടെ പെരുമാറ്റമെന്നാണ്‌ സുരേഷ്‌ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. മന്ത്രിസഭാ തീരുമാനപ്രകാരം തയ്യാറാക്കിയ സ്‌മാര്‍ട്ട്‌ സിറ്റി, കിളിരൂര്‍ ഫയലുകള്‍ മന:പ്പൂര്‍വ്വം വൈകിപ്പിക്കുന്നതിലും പൂഴ്‌ത്തി വെക്കുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസ്‌ പ്രത്യേകം വൈദഗ്‌ധ്യം പ്രകടിപ്പിച്ചു എന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ്‌ കേരളം ശ്രവിച്ചത്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ ഭരണമില്ല എന്നാണ്‌ അര്‍ത്ഥം വെക്കേണ്ടത്‌. കിളിരൂര്‍ പെണ്‍വാണിഭ കേസ്‌ സി.ബി.ഐക്ക്‌ വിടണമെന്നത്‌ പൊതുജനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദം മൂലം മന്ത്രിസഭ തീരുമാനിച്ച സംഗതിയായിരുന്നു. ഈ തീരുമാനം വശിദീകരിക്കുന്ന കത്തും പിന്നീടു തയ്യാറാക്കിയ ഓര്‍മ്മപ്പെടുത്തല്‍ കത്തും താമസിപ്പിക്കുവാനോ പൂഴ്‌ത്തിവെക്കാനോ മുക്യമന്ത്രിയുടെ ഓഫീസ്‌ ശ്രമിച്ചു എന്നാണ്‌ സുരേഷ്‌കുമാര്‍ ആരോപിച്ചത്‌. ഗുരുതരമായ ഈ ആരോപണം ഉന്നയിക്കപ്പെട്ട്‌ രാപ്പകലുകള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന്‌ വിശദീകരണമോ നിഷേധക്കുറിപ്പോ ഉണ്ടായില്ല എന്നത്‌ സുരേഷ്‌കുമാറിനെ ശരിവെക്കുന്നതിനു തുല്യമായിരുന്നു. സംസ്ഥാനത്ത്‌ ഭരണസംവിധാനം കുത്തഴിഞ്ഞ്‌ കിടപ്പാണെന്നും ഭരണഘടനാ പ്രതിസന്ധിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനിടെ സുരേഷ്‌ കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കെതന്നെ അദ്ദേഹത്തെ സസ്‌പെന്റ്‌ ചെയ്യാനാണ്‌ ഭരണകൂടം തിടുക്കപ്പെട്ടത്‌. അപ്രിയസത്യം പറഞ്ഞതിന്റെ പേരില്‍ പുറത്തിരുത്തിയ ഈ ഐ.എ. എസ്‌ ഉദ്യോഗസ്ഥനെ മലയാളത്തില്‍ കിട്ടാവുന്ന എല്ലാ വാക്കുകളും ഉപയോഗിച്ച്‌ പുകഴ്‌ത്തിയവര്‍ തന്നെ നാറിയ ഐ.എ.എസുകാരന്‍ എന്നു വിളിച്ച സാഹചര്യം ഏതാണെന്ന്‌ കേരളീയരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വിഷയമാണ്‌. മന്ത്രിസഭ കൂടി സത്യം പറഞ്ഞവനെ പുറത്താക്കാന്‍ കാണിച്ച ആവേശം അദ്ദേഹം പറഞ്ഞ കാര്യങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഉണ്ടായില്ല എന്നതാണ്‌ വാസ്‌തവം. മന്ത്രിസഭാ തീരുമാനത്തിനെതിരെ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രെബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്‌ സുരേഷ്‌കുമാര്‍. തന്റെ മകനെ പട്ടിയെ പോലെ ഓടിച്ച്‌ തല്ലുന്നത്‌ ദളിതനായതു കൊണ്ടാണെന്ന സുരേഷിന്റെ അച്ഛന്റെ വാദത്തിലും ചര്‍ച്ചയാകാവുന്നതാണ്‌. പാര്‍ട്ടി നേതൃത്വം ഏറെക്കുറെ കയ്യൊഴിഞ്ഞ മുഖ്യമന്ത്രിയെ സഹായിക്കുകയായിരുന്നു സുരേഷ്‌ കുമാര്‍ എന്നു വിചാരിച്ചവര്‍ക്ക്‌ തെറ്റി. കിളിരൂര്‍ വീണ്ടും പൊടി തട്ടിയെടുക്കുമ്പോള്‍ ഈ കേസിലൂടെയാണ്‌ കാലം ഒരുപക്ഷേ അച്യുതാനന്ദന്റെ കപട രാഷ്ട്രീയ നാടകങ്ങളെ വിലയിരുത്തുക. കിളിരൂര്‍ ചെറിയ കാര്യമല്ല. പീഡനത്തിനിരയായി ആശുപത്രിയില്‍ കഴിയവെ ഒരു വി.ഐ.പിയുടെ സന്ദര്‍ശനത്തിനു ശേഷം മരണത്തിനു കീഴടങ്ങിയ ശാരി.എസ്‌.നായരുടെ മുഖം കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല. സംഭവത്തിനു പിന്നില്‍ ഇടതു രാഷ്ട്രീയത്തിലെ നാറിയ അടിയുടുപ്പുകളുണ്ട്‌ എന്നത്‌ നേരത്തെ പരസ്യമായ രഹസ്യമാണ്‌. മൂന്നാംകിട സിനിമാകഥകളെ വെല്ലുന്ന ഉപകഥകളും ഉപജാപങ്ങളും കിളിരൂര്‍ വിഷയത്തില്‍ സംഭവിച്ചു എന്ന കാര്യത്തില്‍ വി.എസ്‌ അച്യുതാനന്ദനു പോലും സംശയമില്ല. ഒരു വി.ഐ.പിയുടെ സന്ദര്‍ശനത്തോടെയാണ്‌ പെണ്‍കുട്ടിയുടെ നില വഷളായതെന്ന്‌ പറഞ്ഞ വി.എസ്‌ ആ വി.ഐ.പി ആരാണെന്നു വെളിപ്പെടുത്താന്‍ അന്നു തയ്യാറായില്ല. പി.കെ ശ്രീമതിയാണ്‌ ആ വി.ഐ.പിയെന്ന അഭ്യൂഹം പരന്നതോടെ വി.എസ്സ്‌ തടി തപ്പിയെങ്കിലും ജനങ്ങളുടെ മനസ്സില്‍ ആ ചോദ്യം മായാതെ നിലനിന്നു. പിന്നീട്‌ സത്യം വെളിപ്പെടുത്താമെന്നു പറഞ്ഞ ആദര്‍ശധീരനായ മുഖ്യമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച ജനം ആ വെളിപാടിനായി കാത്തിരുന്നത്‌ മിച്ചം. വി.ഐ.പി ശ്രീമതി തന്നെയാണെന്ന്‌ ഒരു സ്വകാര്യ ചാനലില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തുറന്ന്‌ പറഞ്ഞതോടെ വീണ്ടും വിഷയം പൊന്തി വന്നപ്പോള്‍ അത്‌ ശ്രീമതിയല്ലെന്ന്‌ അച്യുതാനന്ദന്‌ തറപ്പിച്ചു പറയേണ്ടി വന്നു. ശ്രീമതിയല്ലെങ്കില്‍ പിന്നെ ആര്‌ എന്ന ചോദ്യത്തിന്‌ കപട രാഷ്ട്രീയക്കാരന്റെ അടവു നയമായ മൗനമായിരുന്നു ഉത്തരം. കിളിരൂര്‍ കേസ്‌ അട്ടിമറിക്കാനും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഫയല്‍ പൂഴ്‌ത്താനും ഗൂഢാലോചന നടത്തിയതിന്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തു കഴിഞ്ഞിരിക്കുകയാണ്‌. ശ്രീമതിയോടൊപ്പം ചെറു മത്സ്യങ്ങളല്ല എന്നതും ശ്രദ്ധേയം. രണ്ട്‌ മന്ത്രിപുത്രന്മാര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി എസ്‌. രാജേന്ദ്രന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍ ബാല ഗോപോല്‍, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ എന്നിവര്‍ക്കെതിരെയാണ്‌ കന്റോണ്‍മെന്റ്‌ പോലീസ്‌ കേസെടുത്തത്‌. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, മോഷണം, സംഘം ചേരല്‍ എന്നിവയാണ്‌ കുറ്റം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സുരേഷ്‌ കുമാര്‍ തയ്യാറാക്കിയ ഫയല്‍ മുങ്ങിപ്പോകണമെങ്കില്‍ ചെറിയ കളിയല്ല നടന്നത്‌ എന്ന കാര്യം വ്യക്തം. ശാരിയുടെ പിതാവ്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ച അപേക്ഷയും അതോടൊപ്പം കള്ളന്‍ കൊണ്ടു പോവുകയോ കാണാതാവുകയോ ചെയ്‌തു. സംഗതിവശാല്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഉന്നയിച്ച കെ.എം മാണിയെ അഭയ കേസില്‍ കുരുക്കി വിഷയം വഴിതിരിച്ചു വിടാന്‍ ശ്രമം നടത്തിയ വി.എസ്‌ നിയമസഭയില്‍ ചിരിമരുന്നായി. മുന്നനുഭവത്തിന്റെ പേരില്‍ ഉടനെ മാപ്പു പറയാനും അദ്ദേഹം മറന്നില്ല. വി.എസ്‌ വി.ഐ.പി എന്നു പ്രയോഗിച്ചത്‌ സി.പി.എമ്മിലെ ആരെയും ഉദ്ദേശിച്ചല്ല എന്നാണ്‌ ഇപ്പഴത്തെ വിശദീകരണം. അത്‌ സി.പി.എമ്മിലെ ആരെങ്കിലും അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഉണ്ടാകാനിടയുണ്ടായിരുന്ന പുകിലുകളെക്കുറിച്ച്‌ എല്ലാവരും ചുമ്മാ ഒന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും.ലാവ്‌ലിന്‍ കേസില്‍ സുരേഷ്‌കുമാര്‍ അമിത താല്‍പര്യമെടുത്തു എന്നാണ്‌ പി. ജയരാജന്റെ ആക്ഷേപം. ഈ കേസില്‍ ജയരാജന്റെ താല്‍പര്യമെന്ത്‌ എന്നും അന്വേഷിക്കാവുന്നതാണ്‌. സി.പി.എമ്മിലെ ആരും ഉള്‍പ്പെടാത്ത കേസാണെങ്കില്‍ സത്യം വേഗം തെളിയട്ടെ എന്നാണ്‌ ജയരാജനും പാര്‍ട്ടിയും ആശിക്കേണ്ടത്‌. ഏതാനും ദിവസങ്ങള്‍ക്കകം പാര്‍ട്ടിയിലെ സമുന്നതനെ ലാവ്‌ലിന്‍ കേസില്‍ പ്രതിചേര്‍ക്കുമെന്നറിഞ്ഞതിന്റെ വെപ്രാളമാണ്‌ ജയരാജന്‍ കാണിച്ചതെന്ന്‌ വ്യക്തം. ഒക്കെ സഹിക്കാം. സ്‌മാര്‍ട്ട്‌ സിറ്റി കരാറില്‍ അഴിമതി കാട്ടിയെന്നാരോപിച്ച്‌ ഉമ്മന്‍ചാണ്ടിയെ ജയിലിലടക്കുമെന്നു പറഞ്ഞ വി.എസ്‌, പെണ്‍വാണിഭക്കാരെ കയ്യാമം വെച്ച്‌ നടുറോഡിലൂടെ നടത്തുമെന്നു പറഞ്ഞ വി.എസ്‌, വൈദേശിക മൂലധനത്തിനു വേണ്ടി ഓശാന പാടുന്ന ഉദ്യോഗസ്ഥരെ പിരടിക്ക്‌ പിടിച്ച്‌ പുറത്താക്കുമെന്നു പറഞ്ഞ വി.എസ്‌. അതേ വി.എസിന്റെ ഓഫീസില്‍ നിന്നാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിയുടെയും കിളിരൂര്‍ സ്‌ത്രീപീഢനകേസിന്റെയും ഫയലുകള്‍ കാണാതായതെന്ന്‌ ജനങ്ങള്‍ അറിയുന്നതിന്റെ നാണക്കേട്‌ പാര്‍ട്ടിക്കില്ലെങ്കില്‍ പിന്നെ ആര്‍ക്കാണുണ്ടാവേണ്ടത്‌?. സ്‌ത്രീപീഡനവുമായി ബന്ധപ്പെട്ട്‌ കേസന്വേഷണം നേരിടുന്ന ഒരു മന്ത്രിയെ കൂടെയിരുത്തി ഭരിക്കാന്‍ മാത്രം കരളുറപ്പ്‌ വി.എസ്സിനുണ്ടെങ്കില്‍ അതിനെയായിരിക്കാം രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടി എന്ന്‌ പറയുന്നത്‌. പെണ്ണൊരുത്തിയാണ്‌ പെണ്‍വാണിഭക്കേസില്‍ അകപ്പെട്ടിരിക്കുന്നത്‌ എന്നതിനാല്‍ ആത്മരോഷം കച്ചവടമാക്കിയ എന്‍.ജി.ഒകളെയോ സ്‌ത്രീ വിമോചന പ്രസ്ഥാനക്കാരെയോ ഈ വഴിക്കൊന്നും തിരിയിട്ടു നോക്കിയിട്ടും കാണാനില്ല. മൗനം അച്യുതാനന്ദന്‌ ഭൂഷണമായിരിക്കാം. എന്നാല്‍ സ്‌ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ബ്ലാക്‌ മെയില്‍ രാഷ്ട്രീയത്തിലൂടെ മാന്യന്മാര്‍ക്കെതിരെ കുതിര കയറുകയും ചെയ്യുന്ന സംഘടനകള്‍ക്കെല്ലാം ഇക്കാര്യത്തില്‍ മിണ്ടാട്ടം മുട്ടിയത്‌ ഞെട്ടലോടെയല്ലാതെ കാണാനാവില്ല. ചൂലും മുറവുമായി നാട്‌ ശുദ്ധിയാക്കാന്‍ നടക്കുന്ന ഈ മഹിളാമണികള്‍ മന്ത്രി ശ്രീമതിയുടെ ഭവനത്തിലേക്ക്‌ തൂക്കാന്‍ പോകുന്നതെന്നാണാവോ..? സ്‌ത്രീപക്ഷമെന്നാല്‍ ശ്രീമതി പക്ഷമെന്നാണ്‌ സി.പി.എം നിയന്ത്രണത്തിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി കെ.കെ ശൈലജ കരുതി വെച്ചിരിക്കുന്നത്‌. സ്‌ത്രീകളുടെ അവകാശസമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന മന്ത്രിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ കേസെന്ന്‌ അവര്‍ പ്രതികരിച്ചിരിക്കുന്നു. പ്രതിയാകാന്‍ നിന്നു തരുന്ന കാലത്തോളം ബഹുമാന്യയായ പി.കെ ശ്രീമതിയെ അപരാധിയാക്കണമെന്ന്‌ കേരളത്തിലെ ഒരാള്‍ക്കും നിര്‍ബന്ധമില്ല. അവര്‍ നിരപരാധിയാണെങ്കില്‍ ഏത്‌ അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്‌ എന്ന്‌ ചങ്കൂറ്റത്തോടെ പറയേണ്ട ശൈലജയാണ്‌ 'അയ്യോ വ്യക്തിഹത്യ നടത്തല്ലേ' എന്ന്‌ വിലപിച്ചിരിക്കുന്നത്‌. കാര്യങ്ങള്‍ കൂട്ടി വായിക്കാനറിയാത്തവരല്ല കേരളത്തിലെ ജനങ്ങളെന്ന്‌ മനസ്സിലാക്കാന്‍ അടുത്ത തെരഞ്ഞെടുപ്പ്‌ വരെ കാത്തിരിക്കണമെന്നില്ല. മന്ത്രിപുത്രന്മാരുടെ ലീലാവിലാസങ്ങള്‍ മറച്ചുപിടിക്കാന്‍ അറിഞ്ഞോ അറിയാതെയോ ഭരണത്തിന്റെ അച്ചുതണ്ടുകളെ ഉപയോഗിക്കുന്ന അച്യുതാനന്ദന്‍ കാര്യങ്ങള്‍ ഏറെക്കുറെ വെളിപ്പെട്ട സ്ഥിതിക്ക്‌ ദയവായി ആ വി.ഐ.പി ആരാണെന്ന്‌ ഇനി പറയാതിരിക്കുന്നതാണ്‌ നല്ലത്‌. എല്ലാ സത്യങ്ങളും എക്കാലത്തും ജനങ്ങളുടെ കണ്ണില്‍ നിന്ന്‌ മൂടിവെക്കാനാവില്ലെന്ന്‌ അഭയ കേസ്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേരളത്തെ പഠിപ്പിച്ചു തരുന്നുണ്ട്‌. ഒരു ജനതയെ മുഴുവന്‍ പാര്‍ട്ടി അടിമത്തത്തിന്റെ പേരില്‍ വിഡ്‌ഢികളാക്കുമ്പോള്‍ ആദര്‍ശവും അഭിമാനവുമുള്ള മലയാളികള്‍ അവശേഷിക്കുന്നുണ്ടെന്നും അവര്‍ എണ്ണിയെണ്ണി കണക്കു ചോദിക്കുന്ന ദിവസം വരുമെന്നും മറക്കാതിരിക്കുക. ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. ഈ അസംബന്ധ മൗനം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ വീരപരിവേശങ്ങളുടെ പടങ്ങള്‍ ഊരിപ്പോവുകയോ സ്വയം ഊരിക്കളയുകയോ ചെയ്‌ത അച്യുതാനന്ദനാകും ചരിത്രത്തില്‍ അടയാളപ്പെടുന്നത്‌.

Wednesday, December 3, 2008

സംശുദ്ധ രാഷ്ട്രീയത്തിന്റെ അപരനാമംമുന്‍പ്രധാനമന്ത്രി വി.പി സിംഗ്‌ അന്തരിച്ചതോടെ സംശുദ്ധിയുടെ പ്രവര്‍ത്തനശൈലി കൊണ്ട്‌ അനുഗ്രഹീതരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളെ കൂടി രാജ്യത്തിന്‌ നഷ്ടമാകുന്നു. രാഷ്ട്രീയ നന്മയുടെയും സത്യസന്ധതയുടെയും പ്രതീകവും അപരനാമവുമായിട്ടാണ്‌ ചരിത്രത്തില്‍ വി.പി സിംഗ്‌ നിര്‍ണയിക്കപ്പെടുന്നത്‌. നേതൃവിശുദ്ധിയുടെ പര്യായങ്ങള്‍ എങ്ങനെ നിര്‍വ്വചിക്കപ്പെടുകയും നിര്‍വ്വഹിക്കപ്പെടുകയും ചെയ്യണമെന്ന്‌ രാഷ്ട്രം പഠിക്കുന്നത്‌ വി.പി സിംഗിനെ പോലുള്ള നേതാക്കളിലൂടെയായിരുന്നു. 1931 ജൂണ്‍ 25ന്‌ വടക്കേ ഇന്ത്യന്‍ നഗരമായ അലഹബാദില്‍ ജനിച്ച വിശ്വനാഥ്‌ പ്രതാപ്‌സിംഗ്‌ അലഹബാദ്‌, പൂനൈ സര്‍വ്വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അലഹബാദ്‌ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ്‌ പ്രസിഡണ്ടായാണ്‌ രാഷ്ട്രീയപ്രവേശം നടത്തുന്നത്‌. പിന്നീട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം 1969ല്‍ ഉത്തര്‍പ്രദേശ്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1974ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ വാണിജ്യ സഹമന്ത്രിയായും രണ്ടു വര്‍ഷത്തിനു ശേഷം വാണിജ്യമന്ത്രിയായും സേവനമനുഷ്‌ഠിച്ചു. രാജീവ്‌ ഗാന്ധി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു (1984-87). 1989ല്‍ കോണ്‍ഗ്രസുമായുണ്ടായ അഭിപ്രായഭിന്നതകളെതുടര്‍ന്ന്‌ ജനതാദള്‍ രൂപീകരിച്ച്‌ ദേശീയ മുന്നണിക്ക്‌ രൂപം നല്‍കി. 1989 ഡിസംബര്‍ 2ന്‌ ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായി വി.പി. സിംഗ്‌ അധികാരത്തിലേറുമ്പോള്‍ രാജ്യത്തിന്‌ അതൊരു അവിശ്വസനീയമായ വാര്‍ത്തയായിരുന്നു. 1990ല്‍ വിസ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട്‌ അദ്ദേഹം രാജി വെച്ചു. എക്കാലത്തും അവസരസമത്വത്തിനു വേണ്ടി വാദിച്ച നേതാവായിരുന്നു വി.പി. സിംഗ്‌. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയതിലൂടെ അവസര സമത്വമെന്ന ന്യൂനപക്ഷത്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറക്‌ നല്‍കുകയായിരുന്നു വി.പി സിംഗ്‌. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വെക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പ്രധാനമന്ത്രിയായിരുന്ന സമയത്തും അല്ലാത്തപ്പോഴും അധ:സ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള കര്‍മ്മ പദ്ധതികളില്‍ സജീവ പങ്കാളിയും തേരാളിയുമായി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ സഹായകമാകുന്ന പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യ മുന്നോട്ടു പോയാല്‍ രാജ്യത്തിന്റെ പുരോഗതിക്ക്‌ അത്‌ വലിയ മുതല്‍ക്കൂട്ടാകുമെന്ന്‌ അദ്ദേഹം വിശ്വസിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്‌തു. ചരിത്രപരമായ കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക്‌ സംവരണത്തിലൂടെ ഔന്നത്യത്തിലേക്കുള്ള വഴിതുറക്കണമെന്നായിരുന്നു വി.പി. സിംഗിന്റെ നിലപാട്‌. രാഷ്ട്രത്തിന്റെ സമഗ്രപുരോഗതിക്ക്‌ ന്യൂനപക്ഷങ്ങളുടെ പങ്ക്‌ നിര്‍ണായകമാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും അവസരസമത്വത്തിനു വേണ്ടി വാദിക്കുകയും എല്ലാ തരത്തിലുള്ള വിവേചനങ്ങള്‍ക്കുമെതിരെ ധീരമായി ശബ്‌ദമുയര്‍ത്തുകയും ചെയ്‌തു. സംവരണവിഷയത്തില്‍ എല്ലാ ജാതി മതസ്ഥരുടെയും താല്‍പര്യങ്ങള്‍ക്ക്‌ പരിഗണന നല്‍കണമെന്നതായിരുന്നു വി.പി സിംഗിന്റെ പ്രധാന ആവശ്യം. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും അദ്ദേഹം വാദിച്ചു. പിന്നോക്ക സംവരണത്തിനെതിരെ 2006ല്‍ ഡല്‍ഹിയില്‍ ഒരു വിഭാഗം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനെതിരെ ശക്തമായ ഭാഷയിലാണ്‌ അദ്ദേഹം പ്രതികരിച്ചത്‌. ജനാധിപത്യ രാജ്യത്ത്‌ അഭിപ്രായങ്ങള്‍ പറയുന്നതിലും ചില അന്തസ്സുകള്‍ പാലിക്കാനുണ്ടെന്നാണ്‌ വികാരഭരിതമായി വി.പി. സിംഗ്‌ പ്രതികരിച്ചത്‌. ദാരിദ്ര്യ നിര്‍മാര്‍ജ്ജനമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സ്വപ്‌നം. രാജീവ്‌ഗാന്ധി മന്ത്രിസഭ പാസ്സാക്കിയ രൂപം നല്‍കിയ രാജ്യം നേരിടുന്ന ദാരിദ്ര്യം ഇല്ലായ്‌മ ചെയ്യാനുള്ള കര്‍മ്മരേഖകളില്‍ വി.പി. സിംഗിന്റെ കയ്യൊപ്പുണ്ടായിരുന്നു. 1950കളില്‍ ആരംഭിച്ച ഭൂദാന്‍ പ്രസ്ഥാനത്തോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു സിംഗ്‌ എന്നത്‌ പാവങ്ങളോട്‌ അദ്ദേഹത്തിനുണ്ടായിരുന്ന അനുകമ്പ വെളിപ്പെടുത്തുന്നതാണ്‌. വന്‍കിട മുതലാളിമാര്‍ ഭൂമിയുടെ മേല്‍ പരിധിയില്ലാതെ കുത്തക അവകാശപ്പെടുന്നതിനെ അദ്ദേഹം ചോദ്യം ചെയ്‌തു. 1957ല്‍ അദ്ദേഹം തന്നെ തന്റെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ വലിയൊരു ഭാഗം പാവങ്ങള്‍ക്ക്‌ ദാനം ചെയ്‌ത്‌ മാതൃക കാണിച്ചു. കോണ്‍ഗ്രസില്‍ നിന്ന്‌ രാജി വെച്ച ശേഷം സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച്‌ ചെറുകക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രി പദത്തിലെത്തി എന്നതു തന്നെ വി.പി സിംഗിന്റെ നേതൃ പാടവത്തിന്റെ കരുത്ത്‌ വിളിച്ചറിയിക്കുന്നു. 80കളുടെ അവസാനത്തില്‍ രാജ്യത്ത്‌ ഉടലെടുത്ത വര്‍ഗ്ഗീയമായ അസ്വാസ്ഥ്യങ്ങള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. കാശ്‌മീരിലും പഞ്ചാബിലുമുണ്ടായ ഹിന്ദു-മുസ്‌്‌ലിം സംഘട്ടനങ്ങളും പാക്കിസ്‌താനില്‍ നിന്നുള്ള അനാവശ്യമായ ഇടപെടലുകളും ശക്തമായി നേരിടാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു എങ്കിലും വ്യക്തമായ പിന്തുണയുടെ അഭാവത്തില്‍ അതിനു സാധിച്ചില്ല. വശ്യമായ പെരുമാറ്റരീതിയും ജീവിത വിശുദ്ധിയും രാഷ്ട്രീയക്കാര്‍ക്കിടയിലെ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായി അദ്ദേഹത്തെ മാറ്റി. എതിരാളികള്‍ പോലും ആദരിക്കുന്ന അപൂര്‍വ്വം രഷ്ട്രീയവ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സിംഗ്‌. വടംവലിയുടെയും കുതിരക്കച്ചവടത്തിന്റെയും രാഷ്ട്രീയ ഇടനാഴികളിലെ മനം മടുപ്പിക്കുന്ന ദുര്‍ഗന്ധങ്ങളില്‍ നിന്ന്‌ ഉള്‍വലിയുന്നതിനു പകരം തന്റെ വ്യക്തി ശുദ്ധി കൊണ്ട്‌ അവയെ ചെറുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ അധികാരം ആവശ്യമില്ലെന്ന്‌ സ്വന്തം നിലക്ക്‌ അദ്ദേഹം ചെയ്‌ത നിരവധി സേവന പ്രവര്‍ത്തികള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വാഭാവികമായും ശത്രുക്കള്‍ ഏറെയുണ്ടാകേണ്ടിയിരുന്ന രാഷ്ട്രീയ നിലപാട്‌ സ്വീകരിച്ചിട്ടും തന്റെ സുരക്ഷാകാര്യത്തില്‍ അദ്ദേഹം വ്യാകുലനായിരുന്നില്ല. മുന്‍ പ്രധാനമന്ത്രിക്ക്‌ രാജ്യം നിര്‍ബന്ധമായു നല്‍കിവരുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ പോലും തനിക്ക്‌ ആവശ്യമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. തനിക്ക്‌ സുരക്ഷ ഒരുക്കുന്ന പണം കൊണ്ട്‌ അത്രയും പാവങ്ങളെ സഹായിക്കണമെന്ന സിംഗിന്റെ അഭ്യര്‍ത്ഥന മുന്‍പ്രധാനമന്ത്രിയായിരുന്ന എച്ച്‌.ഡി. ദേവഗൗയെ പോലും വിസ്‌മയിപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ 1997ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന്‌ പിന്‍വലിയുന്നതായി പ്രഖ്യാപിക്കുന്നതുവരെ രാഷ്ട്രീയത്തിലെ വ്യത്യസ്‌തയുടെ ശബ്ദമായിരുന്നു വി.പി സിംഗിന്റേത്‌. തികഞ്ഞ ശുഭാപ്‌തി വിശ്വാസവും കൂടിയാലോചന നടത്തി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കഴിവും ഉറച്ച നിലപാടെടുക്കാനുള്ള ആര്‍ജ്ജവവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രാഷ്ട്രീയം മാന്യന്മാരുടെ ഏര്‍പ്പാടായിരുന്ന കാലത്തു നിന്ന്‌ തെമ്മാടികളുടെ അവസാനത്തെ അഭയ കേന്ദ്രമാകുന്നതിലേക്ക്‌ വഴിമാറുമ്പോള്‍ വി.പി സിംഗിനെ വരുംതലമുറ സ്‌മരിക്കുന്നത്‌ രാഷ്ട്രീയത്തില്‍ വിശുദ്ധിയെന്ന അദ്ധ്യായവുമുണ്ടായിരുന്നു എന്ന ചരിത്രസത്യത്തിലൂടെയായിരിക്കും. വിപണിയുടെ രാഷ്ട്രീയം പിടിമുറുക്കുന്ന കാലത്ത്‌ ഇങ്ങനെയും ചില നക്ഷത്രവെളിച്ചങ്ങള്‍ ഉണ്ടായിരുന്നു എന്ന്‌ നമുക്ക്‌ അഭിമാനിക്കാം.