Thursday, September 4, 2008

റമസാന്‍ നിലാവില്ലാതെ ഈ റബ്ബര്‍ കാടുകള്‍ഉപരോധം മൂലം പട്ടിണിയിലായ സമരഭൂമിയിലെ കുടിലില്‍ തീ പുകയാത്ത അടുപ്പിലെ ഒഴിഞ്ഞ കഞ്ഞിക്കലത്തില്‍ വറ്റു തിരയുന്ന കുട്ടി.
---------------------------------

ലോകമുസ്‌്‌ലിംകള്‍ റമസാന്‍ വ്രതാനുഷ്‌ഠാനത്തിന്റെ വിശുദ്ധനാളുകളിലേക്ക്‌ പ്രവേശിച്ചപ്പോഴും ഭൂസമരം നടക്കുന്ന ചെങ്ങറയിലെ റബ്ബര്‍കാടുകളിലേക്ക്‌ റമസാന്‍ നിലാവ്‌ ഇതുവരെയും എത്തിനോക്കിയിട്ടില്ല. തോട്ടം തൊഴിലാളികള്‍ക്കു വേണ്ടിയെന്ന പേരില്‍ സി.പി.എം ഗുണ്ടകളുടെ നേതൃത്വത്തില്‍ സമരത്തിന്റെ ഒന്നാം വാര്‍ഷികമായ ഓഗസ്‌റ്റ്‌ 3 മുതല്‍ തുടങ്ങിയ ഉപരോധം മൂലം അരിയും അവശ്യസാധനങ്ങളും ലഭിക്കാതെ ചെങ്ങറ സമരഭൂമി പട്ടിണിയിലാണ്‌. തങ്ങള്‍ക്കെപ്പോഴും നോമ്പു തന്നെയാണെന്ന്‌ ഇവിടുത്തെ മുസ്‌്‌ലിം കുടുംബങ്ങള്‍ നിറകണ്‍ചിരിയോടെ പറയുന്നു. എഴുപതോളം മുസ്‌്‌ലിം കുടുംബങ്ങളാണ്‌ സമരഭൂമിയിലുളളത്‌. റമസാന്‍ വ്രതാനുഷ്‌ഠാനം ആരംഭിക്കുമ്പോള്‍ നോമ്പു നോല്‍ക്കാനും തുറക്കാനും യാതൊരു വഴിയുമില്ലാത്ത വിധം പ്രതിരോധത്തിന്റെ പിടിയിലാണ്‌ ഇവര്‍.
''ആര്‍ക്കും വേണ്ടാതായവരാണ്‌ ഞങ്ങള്‍. ഒന്നുകില്‍ മരണം അല്ലെങ്കില്‍ വിജയം എന്ന ഉദ്ദേശ്യത്തിലാണ്‌ ജീവിക്കുന്നത്‌. എന്തായാലും ഇക്കുറി നോമ്പെടുക്കും" . പറയുന്നത്‌ റംല. തിരുവനന്തപുരം സ്വദേശിനിയായ ഇവര്‍ വേണ്ടപ്പെട്ടവരാല്‍ ഉപേക്ഷിക്കപ്പെട്ട ഹതഭാഗ്യയാണ്‌. ജിവിതത്തിന്റെ നല്ല കാലം മുഴുവനും വീട്ടുവേലക്കാരിയായി ഗള്‍ഫ്‌ നാടുകളില്‍ അദ്ധ്വാനിച്ച്‌ രണ്ടു പെണ്‍മക്കളെ കല്യാണം കഴിച്ചയച്ചു. രണ്ടു മക്കളെയും നല്ല നിലയില്‍ പഠിപ്പിച്ചു. മക്കളുടെ കല്യാണത്തോടെ സ്വത്ത്‌ പ്രശ്‌നം തുടങ്ങി. പെണ്‍മക്കളുടെ നല്ല ഭാവിക്കു വേണ്ടി കിടപ്പാടമടക്കം സമ്പാദ്യമെല്ലാം തീര്‍ന്നു. 22 വര്‍ഷക്കാലം മസ്‌ക്കത്ത്‌, ദുബായ്‌, സലാല എന്നിവിടങ്ങളില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു. ജീവിത്തിന്റെ മുക്കാല്‍ പങ്കും വേണ്ടപ്പെട്ടവര്‍ക്കായി ഉരുകിത്തീര്‍ത്ത ഇവര്‍ക്ക്‌ ഒരുപിടി മണ്ണോ മരണമോ അല്ലാതെ മറ്റൊരു വഴിയുമില്ല. സത്യത്തില്‍ ചെങ്ങറയിലെ സമരം കാണാനായി എത്തിയവരാണ്‌ ഇവര്‍. സാധുജന വിമോചന സംയുക്ത വേദി പറയുന്നതാണ്‌ ശരിയെന്നു തോന്നിയതിനാല്‍ സമരത്തില്‍ പങ്കാളിയായി. സൈനുദ്ദീന്‍, സുള്‍ഫ, നെടുമങ്ങാട്ടുകാരായ റഫീക്ക, ഷെരീഫ മടത്തപ്പറമ്പ്‌ സുഹറാബീവി എന്നിവരും നോമ്പുകാലത്ത്‌ കുട്ടികളും വൃദ്ധരുമടക്കമുള്ള കുടുംബങ്ങളുമായി എങ്ങനെയാണ്‌ ഈ കാട്ടില്‍ കഴിയുക എന്ന ബേജാറിലാണ്‌.
ചെങ്ങറ എന്നതിന്‌ ഇപ്പോള്‍ സമരം എന്ന അര്‍ത്ഥം കൂടി വന്നിരിക്കുന്നു. ഉപരിവര്‍ഗ്ഗ ആഢംബരങ്ങളുടെയും മദ്ധ്യവര്‍ഗ്ഗ പൊങ്ങച്ചങ്ങളുടെയും പുറമ്പോക്കുകളില്‍ പുഴുക്കളെപ്പോലെ കഴിഞ്ഞിരുന്നവരാണ്‌ തലചായ്‌ക്കാന്‍ ഇടം വേണമെന്നാവശ്യപ്പെട്ട്‌ ചെങ്ങറയില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നത്‌. അന്തസ്സായി ജീവിക്കാനാവശ്യമായ കൃഷിഭൂമി ഭരണഘടനാനുസൃതമായി പട്ടിണിപ്പാവങ്ങള്‍ക്ക്‌ ലഭിക്കണമെന്നാവശ്യപ്പെട്ട്‌ 2002 മുതല്‍ പ്രക്ഷോഭം നടത്തുകയാണ്‌ സാധുജന വിമോചന സംയുക്ത വേദി (എസ്‌.വി.എസ്‌.വി). 2005 ഓഗസ്‌റ്റ്‌ 15ന്‌ പത്തനം തിട്ട മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രത്യക്ഷ സമരമെന്നോണം അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചു. 2006 ജനുവരി ഒന്നിന്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുന്നോട്ടുവെച്ച 22 ആവശ്യങ്ങളില്‍ മൂന്നു മാസത്തിനകം തീര്‍പ്പുണ്ടാകുമെന്ന പ്രതീക്ഷയില്‍ സമരം അവസാനിപ്പിച്ചവര്‍ വെറുംകൈയോടെ കാത്തിരുന്നത്‌ മിച്ചമായി. വീണ്ടും 2006 ജൂണ്‍ 21ന്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊടുമണ്‍ പ്ലാന്റേഷനില്‍ കയറി ഒറ്റരാത്രി 4000 കുടിലുകള്‍ കെട്ടി സമരം അടുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിച്ചു. ജൂണ്‍ 25ന്‌ പത്തനംതിട്ട ജില്ലാകളക്ടറുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ച ഇവര്‍ വീണ്ടും കബളിപ്പിക്കപ്പെടുകയായിരുന്നു. പിന്നെ മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്‌ യാതൊരു പ്രതികരണവും ഉണ്ടാകാതിരുന്നതിനാല്‍ സെപ്‌തംബര്‍ 19 മുതല്‍ പത്തനംതിട്ട കളക്ട്രേറ്റ്‌ പടിക്കല്‍ മരണം വരെ നിരാഹാരമാരംഭിച്ചു. സെപ്‌തംബര്‍ 27ന്‌ റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ ചര്‍ച്ചക്ക്‌ ക്ഷണിച്ചു. സത്യാഗ്രഹം നിര്‍ത്തി. 1969 മുതല്‍ 1977 വരെ കേരളം ഭരിച്ച അച്യുതമേനോന്‍ സര്‍ക്കാര്‍ നടപ്പാക്കിയതു പോലെ ഒരു ഏക്കര്‍ മുതല്‍ ഒരു ഹെക്ടര്‍ വരെ ഭൂമി കൊടുക്കാമെന്ന്‌ മന്ത്രി പറഞ്ഞു. നടന്നില്ല. അങ്ങനെയാണ്‌ 2007 ഓഗസ്‌റ്റ്‌ 4ന്‌ ചെങ്ങറയിലെ കുറുമ്പറ്റി ഡിവിഷനില്‍ ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കുത്തക കമ്പനിയായ ഹാരിസണിന്റെ റബ്ബര്‍ തോട്ടത്തില്‍ കുടില്‍ കെട്ടി സമരമാരംഭിച്ചത്‌. സമരക്കാര്‍ക്കെതിരെ കോടതിയുടെ ഉത്തരവു നേടാന്‍ ഹാരിസണു സാധിച്ചെങ്കിലും ഒന്നുകില്‍ ഭൂമി അല്ലെങ്കില്‍ മരണം എന്ന നിശ്ചയവുമായി കഴിഞ്ഞ ഒരു വര്‍ഷമായി സമരം ചെയ്യുന്നവരെ പിന്തിരിപ്പിക്കുന്നത്‌ എളുപ്പമല്ല. വനഭൂമി ഹാരിസണ്‍ വെട്ടിപ്പിടിച്ച സ്ഥലത്താണ്‌ തങ്ങള്‍ കുടില്‍ കെട്ടി താമസിക്കുന്നത്‌ എന്നാണ്‌ സമരക്കാര്‍ പറയുന്നത്‌. ഈയിടെ പോലീസ്‌ ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി സമരക്കാര്‍ നിലയുറപ്പിച്ചതോടെ പിന്‍വാങ്ങേണ്ടി വന്നു.
ഇപ്പോള്‍ സമരക്കാര്‍ക്കെതിരെ കടുത്ത ഉപരോധവുമായി തോട്ടം തൊഴിലാളികളുടെ സഹായത്തോടെ സി.പി.എം രംഗത്തെത്തിയിരിക്കുകയാണ്‌. ഹാരിസണ്‍ സ്‌പോണ്‍സര്‍ ചെയ്‌ത ഉപരോധമാണ്‌ ഇവിടെ നടക്കുന്നതെന്ന്‌ സമരക്കാര്‍ ആരോപിക്കുന്നു. രാവും പകലും ഉപരോധക്കാര്‍ കഴുകന്മാരെപ്പോലെ ഇരകളെ കാത്തിരിപ്പാണ്‌. ആരെങ്കിലും സമരഭൂമിയില്‍ നിന്ന്‌ അകത്തേക്കോ പുറത്തേക്കോ പോകുന്നെങ്കില്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്‌ സി.പി.എമ്മുകാര്‍. പട്ടിണിക്കിട്ട്‌ സമരക്കാരെ പുറത്തുചാടിക്കാനുള്ള ശ്രമം കടുത്ത മനുഷ്യാവകാശലംഘനമായിട്ടും കേരളത്തിലെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികളോ മാധ്യമങ്ങളോ ഈ വിഷയം ഗൗരവത്തില്‍ ഉള്‍ക്കൊള്ളുകയോ ഏറ്റെടുക്കുകയോ ചെയ്‌തിട്ടില്ല.
കഴിഞ്ഞ ഒരു മാസമായി മാധ്യമപ്രവര്‍ത്തകരെയും സമരഭൂമിയിലേക്ക്‌ കടത്തിവിടാതിരിക്കാന്‍ സി.പി.എമ്മുകാര്‍ പ്രത്യേകം ശ്രദ്ധിക്കന്നുണ്ട്‌. സമരക്കാര്‍ക്കെതിരെ കള്ളക്കഥകളും കള്ളക്കേസുമുണ്ടാക്കി അവരെ തളര്‍ത്താനും ശ്രമങ്ങളുണ്ട്‌.
രാപ്പകല്‍ ഭേദമന്യേ ഉപരോധം ശക്തമായതിനാല്‍ അതീവരഹസ്യമായാണ്‌ ഞങ്ങള്‍ കഴിഞ്ഞ ദിവസം സമരഭൂമിയിലേക്ക്‌ പ്രവേശിച്ചത്‌. സംയുക്ത സമര സമിതി നേതാവും സാധുജന വിമോചനവേദിയുടെ സംസ്ഥാന പ്രസിഡണ്ടുമായ ളാഹ ഗോപാലന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ച്‌ പുലര്‍ച്ചെ പോകാനായി പുറപ്പെട്ടു നിന്നു. മുസ്‌്‌ലിം യൂത്ത്‌ ലീഗ്‌ ജില്ലാസെക്രട്ടറി ഹന്‍സലാഹ്‌്‌ മുഹമ്മദിന്റെ കൂടെ കാറിലാണ്‌ പുറപ്പെട്ടത്‌. ഫോട്ടോഗ്രാഫര്‍ ഷംസീറും ഇ.സാദിഖലിയും ഈ ലേഖകനുമൊപ്പം സമരാംഗങ്ങളായ സുനിലും രാജേന്ദ്രനും അരിച്ചാക്കുകളുമായി കൂടെയുണ്ടായിരുന്നു. അതുമ്പുകുളത്തെത്തിയപ്പോള്‍ ആരെങ്കിലും വന്നാല്‍ ഒന്നു തല്ലാമായിരുന്നു എന്ന മട്ടില്‍ കൂട്ടംകൂടി നില്‍ക്കുന്ന സി.പി.എം ഗുണ്ടകളെ കണ്ടു. അവര്‍ എന്തോ ഞങ്ങളെ തടഞ്ഞില്ല. അമ്പുകുളത്തു നിന്ന്‌ മൂന്നു ഫര്‍ലോങ്‌ കഴിഞ്ഞ്‌ ഞള്ളൂരിന്‌ തൊട്ടിപ്പുറത്താണ്‌ ഞങ്ങള്‍ വണ്ടിയിറങ്ങിയത്‌. ഉടന്‍ കാറില്‍ നിന്നിറങ്ങി കാട്ടിലേക്ക്‌ പ്രവേശിച്ചു. ഇരുട്ട്‌ കട്ടപിടിച്ച കാട്ടുവഴികളിലൂടെ സുനിലും രാജേന്ദ്രനും വഴികാണിച്ചു.

No comments: