Thursday, February 2, 2023

മായ്ച്ചു കളയാനാവില്ല,

ആ രക്തക്കറ 


ഷെരീഫ് സാഗർ



അരി വാങ്ങുവാൻ ക്യൂവിൽ

ത്തിക്കിനില്ക്കുന്നു ഗാന്ധി;

അരികേ കൂറ്റൻ കാറി-

ലേറി നീങ്ങുന്നു ഗോഡ്‌സേ.

എൻ.വി കൃഷ്ണവാര്യർ എഴുതിയ ഗാന്ധിയും ഗോഡ്‌സെയും എന്ന കവിതയിലെ വരികളാണ്. ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളെല്ലാം ഇപ്പോഴും ദാരിദ്ര്യ രേഖക്കു താഴെയാണ്. ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ ഗോഡ്‌സെ എവിടെയാണ്? ഗോഡ്‌സെ കാറിൽ രാജ്യം ചുറ്റുന്നു. അത് വെറുമൊരു കാറല്ല. കവിയുടെ ഭാവനയിൽത്തന്നെ അതൊരു കൂറ്റൻ കാറാണ്. വംശീയാധികാരത്തിന്റെയും ആധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രതീകമായ കൂറ്റൻ കാർ. 

എങ്ങനെയാണ് മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എന്ന അമ്പരപ്പിക്കുന്ന ചോദ്യവുമായി വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ഒരു സ്‌കൂൾ രംഗത്തുവന്നിരുന്നു. ചരിത്രത്തെ വക്രീകരിക്കാനും ചരിത്ര പുരുഷന്മാരെ പരിഹസിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു അത്. ഗാന്ധിജി ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തയ്യാറായ ആൾക്കൂട്ടം മുന്നിലുള്ള കാലമാണിത്. അത്രത്തോളം ചരിത്രം വക്രീകരിക്കപ്പെടുന്ന കാലത്ത് ജനുവരി 30ന്റെ പ്രസക്തി വർദ്ധിക്കുന്നു. 

വെറുപ്പിന്റെ കറുത്ത ചെളി ഹൃദയത്തിൽ അടിഞ്ഞ ഒരു ഹിന്ദുത്വ ഭീകരനാണ് ഗാന്ധിയെ വെടിവെച്ചുകൊന്നത്. ഗോഡ്‌സെ ഒരു മതഭ്രാന്തൻ മാത്രമായിരുന്നില്ല. ഹിന്ദുത്വ ഫാസിസത്തിന്റെ പ്രതിരൂപമായിരുന്നു. ഇന്ത്യാ രാജ്യത്ത് ഇന്നും ഫാസിസത്തിന്റെ ഊർജ്ജദായകങ്ങളിൽ ഒന്നായി ഗോഡ്‌സെ വിലസുന്നു. ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോൾ മധുരം വിതരണം ചെയ്തവർ രാജ്യം ഭരിക്കുന്ന ഇന്ത്യയിൽ ഗാന്ധി അരിക്കുവേണ്ടി തിക്കിത്തിരക്കി ക്യൂ നിൽക്കുമ്പോൾ, ഗോഡ്‌സെ കൂറ്റൻ കാറിലേറി നീങ്ങുന്നു. 

ഗാന്ധിജിക്കെതിരെ ആദ്യത്തെ വധശ്രമമായിരുന്നില്ല അത്. 1934ൽ പൂനെയിൽ വെച്ചാണ് ആദ്യത്തെ വധശ്രമം. ഗാന്ധിയുടെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ് കൊണ്ടായിരുന്നു അത്. 1944ൽ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ പഞ്ചഗണയിൽ നടന്ന രണ്ടാമത്തെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഗോഡ്‌സെ നേരിട്ടെത്തി നടത്തിയതായിരുന്നു ഈ അക്രമം. നെഹ്‌റുവിന്റെ വേഷത്തിൽ വന്ന് വാൾ വലിച്ചൂരിയ ഗോഡ്‌സെക്കൊപ്പം ഗോപാൽ ഗോഡ്‌സെയും നാരായൺ ആപ്‌തെയുമുണ്ടായിരുന്നു. ഇവരുടെ ഗൂഢാലോചനകൾക്ക് ആണ്ടുകളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം. മുഹമ്മദലി ജിന്നയുമായി സംഭാഷണത്തിന് ഒരുങ്ങുമ്പോഴായിരുന്നു മൂന്നാമത്തെ വധശ്രമം. ഗോഡ്‌സെ തന്നെയാണ് വില്ലൻ. ആയുധവുമായി വന്ന ഗോഡ്‌സെയെ പോലീസ് തടഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു. 1946ൽ പൂനെയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയുടെ പാളം തെറ്റിച്ച് ഗാന്ധിയെ കൊല്ലാനും ശ്രമം നടന്നു. ഒരു പാറയിൽ തട്ടിയപ്പോൾ തീവണ്ടി വേഗം കുറച്ചതിനാൽ അപകടം ഒഴിവായി. 1948 ജനുവരി 20നായിരുന്നു അടുത്ത ശ്രമം. ബോംബെറിഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ ശേഷം ഗാന്ധിയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ അത് വിജയിക്കില്ലെന്ന് കണ്ടതോടെ സംഘം സ്ഥലം വിട്ടു. 

ഗോഡ്‌സെ ലക്ഷ്യം കണ്ടത് 1948 ജനുവരി 30 വെള്ളിയാഴ്ചയാണ്. 1948 ജനുവരി 30ന് അതിരാവിലെ കർക്കറെ, ആപ്‌തെ, നാഥുറാം വിനായക് ഗോഡ്‌സെ എന്നിവർ പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ വിശ്രമ മുറിയിലെത്തി. അവിടെനിന്ന് കുളിച്ചൊരുങ്ങി ഒരു വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് പ്രാതൽ കഴിച്ചു. മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത ഗോഡ്‌സെ സസ്യാഹാരം മാത്രമേ കഴിച്ചിരുന്നുള്ളൂ. പ്രാതലിന് ശേഷം മുറിയിൽ തിരിച്ചെത്തി ഗാന്ധിയെ കൊല്ലാനുള്ള അവസാന വട്ട ഗൂഢാലോചന നടത്തി. മൂന്നു കാലുള്ള ക്യാമറ സംഘടിപ്പിച്ച് ക്യാമറാ തുണികൊണ്ട് മൂടി അതിന്റെ പിന്നിൽനിന്ന് വെടിയുതിർക്കാം എന്നായിരുന്നു ഒരു അഭിപ്രായം. മുസ്‌ലിം സ്ത്രീകൾ അണിയുന്ന പർദ്ദ ധരിക്കാമെന്നായിരുന്നു ആപ്‌തെയുടെ ഉപായം. അത് കൊള്ളാമെന്നു പറഞ്ഞ് ആപ്‌തെയും കർക്കറെയും പർദ്ദ വാങ്ങാൻ ചാന്ദ്‌നി ചൗക്കിലേക്ക് പോയി. പർദ്ദ വാങ്ങി അവർ തിരിച്ചെത്തി. അത് അണിഞ്ഞു നോക്കിയെങ്കിലും തോക്ക് പുറത്തെടുക്കാൻ പ്രയാസമാകുമെന്ന് പറഞ്ഞ് ഗോഡ്‌സെ ആ പദ്ധതി വേണ്ടെന്നു വെച്ചു. പിടിക്കപ്പെട്ടാൽ ഈ വേഷം അപമാനമാണെന്നും ഗോഡ്‌സെ പറഞ്ഞു. 

അതിനു ശേഷം ബിർല ക്ഷേത്രത്തിനു പിറകിലുള്ള കാട്ടിലെത്തി ഇറ്റാലിയൻ ബരേറ്റ ബിസ്റ്റളെടുത്ത് മരത്തിലേക്ക് വെടിയുതിർത്ത് പരീക്ഷിച്ചു. ചാരനിറത്തിലുള്ള സൈനിക വേഷമണിഞ്ഞ് ഒരു കാക്കി തൊപ്പിയും ധരിച്ച് പുറപ്പെടാനൊരുങ്ങി. ഇന്ത്യാ ഗേറ്റിനടുത്തുനിന്ന് വാങ്ങിയ നിലക്കടല കൊറിച്ച് വൈകുന്നേരം 4.45ന് ഒരു കുതിര വണ്ടിയിൽ അവർ ബിർല മന്ദിരത്തിലേക്ക് തിരിച്ചു. അഞ്ചു മണിയോടെ മന്ദിരത്തിൽ പ്രവേശിച്ചു. ആപ്‌തെയും കർക്കറെയും ജനക്കൂട്ടത്തിൽ അലിഞ്ഞു. 

ഗാന്ധിയുടെ വരവിനായി നാഥുറാം വിനായക് ഗോഡ്‌സെ കാത്തിരുന്നു. സമയം 5.15. അല്പം വൈകിയതിനാൽ പുൽത്തകിടി കുറുകെ കടന്ന് ഗാന്ധിജി പ്രാർത്ഥനാ വേദിയിലേക്ക് വേഗത്തിൽ നടന്നു. ബാപ്പുജി ബാപ്പുജി എന്ന് ആൾക്കൂട്ടത്തിൽനിന്ന് മർമ്മരമുയർന്നു. നാഥുറാം ഗോഡ്‌സെ ബരേറ്റ പിസ്റ്റൾ പാന്റിന്റെ പോക്കറ്റിൽ മറച്ചുപിടിച്ചു. ഗാന്ധി തൊട്ടുമുന്നിലെത്തിയ ഉടൻ പിസ്റ്റൾ കൈകളിൽ ഒതുക്കിവെച്ച് നമസ്‌തേ ബാപ്പുജി എന്നു പറഞ്ഞ് വന്ദിച്ചു. മനുവും ആഭയും ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഇപ്പോൾത്തന്നെ വൈകിയിരിക്കുന്നു എന്ന് പറഞ്ഞ് അവർ ഗോഡ്‌സെയെ തടഞ്ഞു. എന്നാൽ ഇടതു കൈ കൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റിയ ഗോഡ്‌സെ വലതുകൈയിലിരിക്കുന്ന പിസ്റ്റൾ കൊണ്ട് മൂന്നു തവണ വെടിയുതിർത്തു. ഉന്നം തെറ്റാതെ ഗാന്ധിയുടെ നെഞ്ചിൽത്തന്നെ വെടിയുണ്ടകൾ തറച്ചു. ഹേ റാം, ഹേ റാം എന്ന് ഉച്ചരിച്ച് കൈ കൂപ്പിക്കൊണ്ട് ഗാന്ധി നിലംപതിച്ചു. 

ഏതൊരു മണ്ണിനു വേണ്ടിയാണോ ജീവൻ ഉഴിഞ്ഞുവെച്ച് പോരാടിയത്, അതേ മണ്ണ് ഗാന്ധിയുടെ രക്തം കൊണ്ട് ചുവന്നു. ഗാന്ധിയെ കൊന്നത് ഹിന്ദുത്വ ഭീകരനായ ബ്രാഹ്മണനാണ്. ഗോഡ്‌സെയാണ്. ഇത് നിരന്തരം ഓർമപ്പെടുത്തുക എന്നതും പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തനമാണ്. ആ രക്തക്കറ മായ്ച്ചുകളയാൻ സംഘ്പരിവാറിന് കഴിയില്ല. മതേതര ഇന്ത്യ ആ രക്തസാക്ഷിത്വം ഓർമിച്ചുകൊണ്ടേയിരിക്കും. വംശീയാധികാരത്തിനു വേണ്ടി കരുക്കൾ നീക്കുന്നവരെ ആ രക്തക്കറ വേട്ടയാടിക്കൊണ്ടിരിക്കും.

Monday, November 2, 2020

കേരളത്തിൽ സംവരണ അട്ടിമറി നടന്നതെങ്ങനെ? - sagar talks

റോക്കറ്റ് വേഗത്തിലാണ് കേരളത്തിൽ ഇടതുമുന്നണി സർക്കാർ സാമ്പത്തിക സംവരണമെന്ന പേരിട്ട് മുന്നോക്ക സംവരണം നടപ്പാക്കിയത്. യഥാർത്ഥത്തിൽ കേരളത്തിൽ സംഭവിച്ചത് മുന്നോക്ക ഹിന്ദുക്കളിലെ സമ്പന്നർക്കുള്ള സംവരണമാണ്. സവർണ സമ്പന്നരെ കൂടുതൽ മുന്നിലെത്തിക്കുകയും സംവരണ വിഭാഗത്തിൽപെട്ടവരെ കൂടുതൽ പിന്നിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ് സർക്കാർ ചെയ്തത്. വിശദമായി അറിയാം.

Thursday, October 18, 2012

മലാലയെ പേടിക്കുന്നവര്‍

ആന്‍ ഫ്രാങ്ക് ഒരു പെണ്‍കുട്ടിയായിരുന്നു. ജര്‍മ്മന്‍ ജൂത കുടുംബത്തിലെ ഓട്ടോ ഫ്രാങ്കിന്റെയും എഡിത് ഫ്രാങ്കിന്റെയും രണ്ടു മക്കളില്‍ ഇളയത്. നാസിപ്പടയുടെ കൊടും ക്രൂരതകള്‍ക്കെതിരെ ഒളിവു കാലത്ത് ആന്‍ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകള്‍ നശീകരണ തത്വശാസ്ത്രങ്ങളുടെ നെഞ്ചു കലക്കുന്നതാണ്. തോക്കിന്‍ മുനയില്‍ നിശബ്ദമാക്കപ്പെടുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതീകമായിരുന്നു അവള്‍. അപാര സുഗന്ധത്തോടെ വിടരാനൊരുങ്ങും മുമ്പ് ഇരടിക്കളയപ്പെട്ട പൂവ്. ജമ്മു കാശ്മീരിലെ റജൗറി ജില്ലയിലും ഒരു പെണ്‍കുട്ടിയുണ്ട്. പേര് റുക്‌സാന കൗസര്‍. സ്വന്തം വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ ആറു പാക് അനുകൂല തീവ്രവാദികളെ അവരുടെ കൈയില്‍നിന്നു തന്നെ തോക്ക് പിടിച്ചു വാങ്ങി നേരിട്ട ധീരവനിത. രാജ്യം അവളെ ധീരതയ്ക്കുള്ള അവാര്‍ഡും പൊലീസില്‍ ജോലിയും നല്‍കി ആദരിച്ചു. ഇനിയൊരു പെണ്‍കുട്ടി മലാലയാണ്. പാക്കിസ്താനിലെ സ്വാത് താഴ്‌വരയില്‍ താലിബാന്‍ ഭീകരതയെ പേടിച്ചിരിക്കാതെ സ്‌കൂളില്‍ പോകാന്‍ കൊതിച്ച പെണ്‍കുട്ടി. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ താലിബാന്റെ കല്‍പനകള്‍ക്കെതിരെ അവള്‍ ഡയറിക്കുറിപ്പുകളിലൂടെ പ്രതികരിച്ചു. വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വാക്കിലും വരിയിലും സാന്നിധ്യമായി. നിരവധി വേദികളിലും ചാനലുകളിലും മനുഷ്യാവകാശത്തിനു വേണ്ടി വാദിക്കാന്‍ അവളെത്തി. ‘ഗുല്‍ മകായ്’ എന്ന പേരില്‍ ബിബിസി ഉറുദുവില്‍ അവളുടെ ഡയറിക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. സമാധാനത്തിനുള്ള കുട്ടികളുടെ അന്താരാഷ്ട്ര പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പേടിക്കേണ്ടവര്‍ക്ക് ഇത്രയൊക്കെ മതിയായിരുന്നു. സ്‌കൂള്‍ ബസ്സില്‍നിന്ന് വലിച്ചിറക്കി ആ കൊച്ചു കിളിക്കുഞ്ഞിനെ വെടിവെച്ചിട്ടു. അക്ഷരം പഠിക്കണമെന്നു പറഞ്ഞതായിരുന്നു ഈ കുട്ടി ചെയ്ത ‘അനിസ്‌ലാമിക പ്രവര്‍ത്തനം’. തലച്ചോറിനാണ് ക്ഷതമേറ്റത്. നേര്‍ത്ത ശ്വാസത്തില്‍ ആ ജീവന്‍ മരണത്തിലേക്കും ജീവിതത്തിലേക്കുമല്ലാത്ത നൂല്‍പാലത്തില്‍. അവളുടെ ജീവനു വേണ്ടി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു മനുഷ്യര്‍ പ്രാര്‍ത്ഥനയിലാണ്. നിഷ്‌കളങ്കയായ ഈ ബാലികയെ കൊന്നിട്ട് ഏത് ഇസ്‌ലാമിനെ സ്ഥാപിക്കാനാണ് തീവ്രവാദികള്‍ ശ്രമിച്ചതെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. പാക്കിസ്താനിലെയും ഇന്ത്യയിലെയും വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മലാല ചൂടേറിയ വിഷയമാണ്. ഇവിടങ്ങളില്‍ ഉന്നയിക്കപ്പെടുന്ന ചില ചോദ്യങ്ങള്‍ മലാലയെ ഭയപ്പെടുന്നത് താലിബാന്‍ മാത്രമല്ലെന്ന് വ്യക്തമാക്കുന്നു. മലാലയെ ഇത്രമേല്‍ ആഘോഷിക്കേണ്ടതുണ്ടോ എന്നതാണ് അതിലൊന്ന്. ഈ പെണ്‍കുട്ടി പാക്കിസ്താനില്‍ പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കാന്‍ വന്നവളാണെന്നും ഇവള്‍ക്ക് കിട്ടിയ ശിക്ഷ അര്‍ഹിച്ചതു തന്നെയാണെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. മലാലക്ക് നല്‍കുന്ന വാര്‍ത്താ പ്രാധാന്യം അമേരിക്കന്‍ സഖ്യ സേനയുടെ അധിനിവേശവുമായി ബന്ധപ്പെട്ട ക്രൂരതകളെ ചെറുതാക്കുമെന്നും ഈ ആക്രമണം ഇസ്‌ലാമിനെതിരായ വാളായി ഉപയോഗിക്കാന്‍ അമേരിക്ക ആസൂത്രണം ചെയ്തതായിരിക്കാമെന്നും ഇവര്‍ പറയുന്നു. പ്രവാചകനെ അവഹേളിക്കുന്ന ‘ഇന്നസെന്റ്‌സ് ഓഫ് മുസ്‌ലിംസ്’ എന്ന സിനിമ ലോകമെമ്പാടും കലാപങ്ങള്‍ ഉണ്ടാക്കിയത് കെട്ടടങ്ങുന്ന നേരത്ത് ഇസ്‌ലാം ഭീകരത അവസാനിച്ചിട്ടില്ല എന്ന പ്രതീതി ജനിപ്പിക്കുന്നതിന് സാമ്രാജ്യത്വം കണ്ടുപിടിച്ച വിദ്യയാണിതെന്നു കഷ്ടപ്പെട്ട് പറയാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇറാഖിലേക്കുള്ള സഖ്യസേനയുടെ അധിനിവേശം, ഫലസ്തീനില്‍ ഇസ്രാഈല്‍ സൈന്യം ചെയ്യുന്ന ക്രൂരതകള്‍, കാശ്മീരിലും മണിപ്പൂരിലും ഇന്ത്യന്‍ സേനയുടെ സാധാരണക്കാര്‍ക്കു നേരെയുള്ള അക്രമം, അഫ്ഗാന്റെ മലമടക്കുകളില്‍ ചിന്തിയ മുസ്‌ലിം രക്തം എന്നിത്യാദി വിശേഷങ്ങള്‍ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയും പകരം മലാലയെ വെടിവെച്ചതു പോലുള്ള താലിബാന്‍ കൃത്യങ്ങള്‍ക്ക് പ്രാധാന്യമേറുകയും ചെയ്യുന്നത് പാശ്ചാത്യ ഗൂഢാലോചനയാണെന്ന് വാദിക്കുന്നവരും കുറവല്ല. താലിബാനോടുള്ള സ്‌നേഹം കൊണ്ടല്ല, അമേരിക്കയോടുള്ള വെറുപ്പുകൊണ്ട് എന്ന ന്യായത്തില്‍ ഉസാമ ബിന്‍ ലാദനെയും താലിബാനെയുമൊക്കെ അണച്ചുപിടിക്കാന്‍ അതിവിരുത് കാട്ടുന്നവരുടെ വെപ്രാളങ്ങള്‍ കാണുമ്പോള്‍ മലാലയെ പേടിക്കുന്നത് താലിബാന്‍ മാത്രമല്ലെന്ന് ഉറപ്പ്. അഫ്ഗാന്‍ താലിബാനും തഹ്‌രീകെ താലിബാനും സ്‌കൂള്‍ ആക്രമിക്കുന്നതും കത്തിച്ചുകളയുന്നതും ആദ്യത്തെ സംഭവമല്ല. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതോടൊപ്പം പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളുകളെയും അധ്യാപകരെയും ആക്രമിക്കുന്നത് ഇക്കൂട്ടരുടെ സ്ഥിരം പരിപാടിയാണ്. അഫ്ഗാനിസ്ഥാന്‍ മാത്രമല്ല, പാക്കിസ്താനും ഈ ക്രൂര കൃത്യങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലാല. നേര്‍ത്ത ജീവനെങ്കിലും ആ ശരീരത്തില്‍ ബാക്കിയുള്ളതു കൊണ്ട് അവള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നു മാത്രം. ശൂദ്രന്‍ വേദം കേട്ടാല്‍ അവന്റെ കാതില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ പ്രാകൃത നിയമം തന്നെയാണ് ഇക്കാര്യത്തിലെ താലിബാന്‍ വേദാന്തവും. ശൂദ്രന്‍ വേദം അഭ്യസിച്ചാല്‍ തങ്ങളുടെ തരികിടയൊന്നും നടക്കില്ലെന്ന് ഉറപ്പുള്ള ബ്രാഹ്മണ്യത്തിന്റെ അതേ വിചാരം, വികാരം. നാസി ജര്‍മ്മനിയും ഫാഷിസ്റ്റ് ഇറ്റലിയും അടിച്ചേല്‍പ്പിച്ച മസ്തിഷ്‌കത്തെ പിടികൂടുക എന്ന തന്ത്രം. അതിനെതിരായ എല്ലാ ചെറുത്തുനില്‍പുകളെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ തീവ്രവാദികള്‍ (ഈ പ്രയോഗത്തിന് മതമോ ദേശമോ വംശമോ ഇല്ല) അരിഞ്ഞു കളയുക തന്നെ ചെയ്യും. എന്നാല്‍, ഇരവാദം, സാമ്രാജ്യത്വ വിരുദ്ധത എന്നീ ഓമനപ്പേരുകളുണ്ടെങ്കില്‍ ചെറുത്തുനില്‍പ്പെന്ന പേരില്‍ എന്തു തോന്ന്യാസവും കാണിക്കാം എന്ന ന്യായത്തെ മനുഷ്യ സ്‌നേഹികളൊന്നും അംഗീകരിക്കാന്‍ പോകുന്നില്ല. സാമ്രാജ്യത്വത്തിന് വരയ്ക്കാനുള്ള ചുമരുണ്ടാക്കുകയും ആ ചുമര് തകര്‍ക്കപ്പെടാതെ സംരക്ഷിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് സാമ്രാജ്യത്വം തന്നെ സൃഷ്ടിച്ചെടുത്ത ഈ തീവ്രവാദ ഗ്രൂപ്പുകള്‍ എക്കാലവും ശീലിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഇതിനു സമാനമായി ഫാഷിസത്തിന് വരച്ചു പഠിക്കാനുള്ള ചുമരുണ്ടാക്കുന്ന തിരക്കിലാണ് ചിലര്‍. ആ ചുമര് തകരാന്‍ പാടില്ലെന്ന വേവലാതിയില്‍നിന്നാണ് മലാലയെപ്പോലുള്ള ഭീകര വിരുദ്ധ വാര്‍ത്തകളെ ഇവര്‍ക്ക് ഭയപ്പെടേണ്ടി വരുന്നത്. മലാല വാര്‍ത്തയാകുന്നതില്‍ ആര്‍ക്കാണ് നഷ്ടം എന്ന ചോദ്യത്തില്‍ തന്നെ അതിന്റെ ഉത്തരങ്ങളുണ്ട്. ഇസ്‌ലാമിന് ഈ ഭീകര ഗ്രൂപ്പുകള്‍ വരുത്തിവെച്ച നഷ്ടങ്ങള്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ നഷ്ടങ്ങളെ പെരുപ്പിക്കുമ്പോള്‍ എണ്ണാതെ പോയിക്കൂടെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. വിദ്യാഭ്യാസത്തില്‍നിന്നു വിഘടിച്ചുനില്‍ക്കുക എന്നത് മുഖ്യധാരയില്‍നിന്നുള്ള സാമൂഹികമായ വിഘടനമാണ്. സ്വയം അന്യവല്‍ക്കരിക്കപ്പെടാനും അന്തര്‍മുഖത്വത്തിലൂടെ അന്യരെ വെറുക്കാനുമല്ലാതെ ഈ വിട്ടുനില്‍ക്കല്‍ ഗുണം ചെയ്യില്ല. അറിവും തിരിച്ചറിവും നേടുന്നവരെ വിഘടന വാദത്തിനും ആരോടെന്നില്ലാതെ തോക്കേന്തുവാനും കിട്ടില്ലെന്ന ബോധ്യമാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തിരിയാന്‍ തീവ്രവാദികളെ പ്രേരിപ്പിക്കുന്നത്. മലാലയെ പേടിക്കുന്നവര്‍ മനുഷ്യരെ പേടിക്കുന്നവരാണ്. മനുഷ്യന് ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങളെയും അവര്‍ ഭയപ്പെടുന്നു. സ്‌കൂളില്‍ പോകരുതെന്നും വിദ്യ അഭ്യസിക്കരുതെന്നും അവര്‍ പറയുന്നു. ചിന്തിക്കരുതെന്നും പ്രസംഗിക്കരുതെന്നും അവര്‍ ആജ്ഞാപിക്കുന്നു. പാട്ടു പാടരുതെന്നും ചിത്രം വരയ്ക്കരുതെന്നും അവര്‍ തിട്ടൂരമിറക്കുന്നു. വെളിച്ചം കടക്കാത്ത ഇരുട്ടുമുറികളായി മനുഷ്യ മനസ്സുകള്‍ മാറണമെന്നും അന്യന്റെ രക്തം ചിന്തുവാനല്ലാത്ത ചിന്തകളൊന്നും അവിടെ ഉണ്ടാകരുതെന്നും അവര്‍ കൊതിക്കുന്നു. എല്ലാ നശീകരണ പ്രത്യയശാസ്ത്രങ്ങളുടെയും ഉള്ളടക്കം അതു മാത്രമാണ്. സമാധാനത്തിന്റെ ദിവ്യ വചനങ്ങളൊന്നും അവരുടെ ആമാശയത്തിന് ദഹിക്കില്ല. അതെല്ലാം പൊയ്‌വചനങ്ങളാണെന്ന് അവര്‍ ആണയിടും. ഇസ്‌ലാമിന്റെ പേരില്‍ തികച്ചും ഇസ്‌ലാമിക വിരുദ്ധമായ ആയുധങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതുവഴി സാമ്രാജ്യത്വവും ഫാഷിസവും ആഗ്രഹിക്കുന്ന പെയിന്റും ബ്രഷും നല്‍കി അവര്‍ക്ക് വരയ്ക്കാനുള്ള ക്യാന്‍വാസൊരുക്കും. മണ്ണില്‍നിന്നും മനസ്സില്‍നിന്നും ഇവറ്റകളെ ആട്ടിപ്പായിക്കാനുള്ള ഇടപാടു നടത്തിയില്ലെങ്കില്‍ പോരാളികളുടെ വീരപരിവേഷത്തില്‍ ഇനിയും ഉസാമ ബിന്‍ലാദന്മാര്‍ അവതരിക്കാതിരിക്കില്ല. താലിബാന്‍ ഭീഷണി മൂലം അടച്ചിട്ട സ്‌കൂളിനെപ്പറ്റി എഴുതിയ ജനുവരി 14 ബുധനാഴ്ചത്തെ ഡയറിക്കുറിപ്പ് മലാല ഇങ്ങനെ അവസാനിപ്പിക്കുന്നു: ”എന്നെങ്കിലുമൊരിക്കല്‍ സ്‌കൂള്‍ തുറക്കുമെന്ന് എനിക്ക് തോന്നി. മടങ്ങുന്ന സമയത്ത് വെറുതെയൊന്ന് തിരിഞ്ഞു നോക്കി, ഇനിയൊരിക്കലും എന്റെ സ്‌കൂളിലേക്ക് വരാന്‍ കഴിയില്ലെന്ന സങ്കടത്താല്‍”….

Tuesday, September 6, 2011

ഹസാരെ അപഹരിച്ച ഇന്ത്യയും ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യയും

പൗരനിസ്സഹകരണം, നിസ്സഹകരണപ്രസ്ഥാനം, സത്യഗ്രഹം എന്നിവ നാം ഉപേക്ഷിക്കണം. സ്വേച്ഛാ ഭരണത്തില്‍ അവയ്‌ക്ക്‌ കുറച്ചൊക്കെ ന്യായീകരണം ഉണ്ടായിരിക്കാം. പക്ഷേ, ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിന്‌ ഭരണഘടനാനുസൃതമായ മാര്‍ഗങ്ങളുള്ള സ്ഥിതിയില്‍ സത്യഗ്രഹവും മറ്റും അരാജകത്വത്തിന്റെ വ്യാകരണമാണ്‌. എത്രവേഗം അവ ഉപേക്ഷിക്കുന്നുവോ അത്രയും നമുക്ക്‌ നല്ലത്‌. പൗരന്മാര്‍ മഹാനായ ഒരു മനുഷ്യന്റെ കാല്‍ക്കല്‍പോലും സ്വാതന്ത്ര്യം അടിയറ വെക്കരുത്‌. തങ്ങളുടെ സ്ഥാപനങ്ങളെ അട്ടിമറക്കാന്‍ അയാളെ സഹായിച്ചേക്കാവുന്ന തരത്തില്‍ വിശ്വസിച്ച്‌ അംഗീകാരങ്ങള്‍ നല്‍കിക്കളയരുത്‌. (കോണ്‍സ്‌റ്റിറ്റിയുവന്റ്‌ അസംബ്ലി പിരിയുന്നതിന്റെ തലേന്ന്‌ 1949 നവംബര്‍ 25ന്‌ ബി.ആര്‍. അംബേദ്‌കര്‍ നടത്തിയ പ്രസംഗം)

എഴുപത്തിനാലുകാരനായ ഒരു വൃദ്ധനെ മുന്നില്‍നിര്‍ത്തി പതാക പറത്തിക്കളിക്കുന്ന കുറെ കുട്ടികളുടെ ചിത്രം വെച്ച്‌ ഇന്ത്യയിലും മുല്ലപ്പൂ മൊട്ടിട്ടുവെന്നാണ്‌ വിദേശമാധ്യമങ്ങളില്‍ പലതും പ്രചരിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ ഉദയത്തിനുവേണ്ടി വിപ്ലവങ്ങള്‍ അരങ്ങേറുന്ന കാലത്താണ്‌ ദേശീയ പതാകയുമേന്തി അരാഷ്ട്രീയ യൗവനം ജനാധിപത്യത്തെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന്‌ കുറെ നാളുകളായി ഭീഷണിപ്പെടുത്തിയത്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം അഭിമുഖീകരിക്കുന്ന അരാഷ്ട്രീയ അര്‍ബുദത്തിന്റെ നേര്‍ക്കാഴ്‌ച. വ്യവസ്ഥയെ അട്ടിമറിക്കാനുള്ള രക്തരഹിത സന്ദേശവുമായി ഒരു സ്വാതന്ത്ര്യദിനം തന്നെയാണ്‌ അന്നാ ഹസാരെ തെരഞ്ഞെടുത്തത്‌. ബ്രിട്ടീഷ്‌ രാജിന്റെ നുകത്തില്‍നിന്ന്‌ തോളെടുത്ത്‌ മാറ്റി ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ രാജ്യം നടന്നടുത്ത ഓര്‍മ്മദിവസം. കേവലം യാദൃശ്ചികമാണിതെന്ന്‌ ജനാധിപത്യവാദികള്‍ വിശ്വസിക്കുന്നില്ല. ആഗോളീകരണത്തിന്റെ ഉച്‌ഛിഷ്ടങ്ങളില്‍ അഭിരമിക്കുന്ന മൂന്നാം ലോകരാജ്യത്തെ യൗവ്വനം അരാഷ്ട്രീയമായ ഒരു ഉത്സവം കിട്ടിയതിന്റെ ആഘോഷത്തിലുമായിരുന്നു.
ആരാണ്‌ ഹസാരെ എന്നതിനെപ്പറ്റി ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നു എന്നതാണ്‌ ആകെയുള്ള ആശ്വാസം. അതൊരു വ്യക്തി മാത്രമല്ലെന്ന്‌ തീര്‍ച്ചയായിരിക്കുന്നു. പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക അരുന്ധതി റോയിയുടെ അഭിപ്രായപ്രകടനങ്ങള്‍കൂടി വന്നതോടെ ഹസാരെയെ സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ചൂടുപിടിച്ചിരിക്കുകയാണ്‌. മുപ്പത്തിഏഴില്‍ ജനിച്ചു. ഏഴാം ക്ലാസ്സുവരെ പഠിച്ചു. സൈന്യത്തില്‍ ചേര്‍ന്നു. അവിടെ നിന്ന്‌ പോന്ന ശേഷം ഗ്രാമത്തിലെ ക്ഷേത്രം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി. മദ്യപസംഘങ്ങളെ ഹസാരെ തന്നെ ക്രൂരമായി മര്‍ദ്ദിച്ച്‌ നിയമം കൈയിലെടുത്തു. അന്നാ കുടിവെള്ളപദ്ധതി, ധാന്യ ബാങ്ക്‌ തുടങ്ങി ഗ്രാമത്തെ സ്വയം പര്യാപ്‌തമാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ബി.ജെ.പി സര്‍ക്കാര്‍ ആദരിച്ചു. റലേഗാന്‍ സിദ്ധി-ഗ്രാമത്തിന്റെ ആത്മകഥ (മേരാ ഗാവ്‌ മേരാ തീര്‍ത്ഥ്‌) എന്ന പുസ്‌തകമെഴുതി. രാഷ്ട്രീയക്കാരെ ഗ്രാമത്തില്‍നിന്ന്‌ അകറ്റിയ കഥ കൂടിയാണിത്‌. രാഷ്ട്രീയത്തേക്കാള്‍ മികച്ചത്‌ ഏകാധിപത്യമാണെന്ന സന്ദേശം നല്‍കുന്ന കഥ. അരാഷ്ട്രീയവാദത്തിലേക്ക്‌ ആളുകളെ ആകര്‍ഷിക്കുന്ന പുസ്‌തകം.
25 വര്‍ഷമായി അന്നായുടെ സ്വന്തം ഗ്രാമത്തില്‍ സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോ ഗ്രാമസഭയോ നടക്കുന്നില്ല എന്നതും ഹസാരെയുടെ മറ്റൊരു മുഖത്തെ വ്യക്തമാക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ 2ജി സ്‌പെക്ട്രം കേസ്‌ ദേശീയരാഷ്ട്രീയത്തില്‍ കലങ്ങിത്തുടങ്ങുന്ന നേരത്താണ്‌ അന്നാ ഹസാരെ അഴിമതിക്കെതിരായ പോരാട്ടവുമായി രംഗത്തെത്തുന്നത്‌. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തവും പുറത്തുവന്ന പശ്ചാത്തലമായിരുന്നു ഇത്‌. കോര്‍പ്പറേറ്റ്‌ മാധ്യമങ്ങള്‍ക്ക്‌ തങ്ങളുടെ കൈകള്‍ പരിശുദ്ധമാണെന്ന്‌ വിളിച്ചുപറയാനുള്ള അവസരം കൂടിയായി അന്നാ ഹസാരെയുടെ സമരം. അഴിമതിക്കെതിരായ ഹസാരെ സമരത്തിന്‌ അതിശയോക്തി കലര്‍ന്ന പ്രാധാന്യമാണ്‌ ദേശീയ മാധ്യമങ്ങള്‍ നല്‍കിയത്‌. പലപ്പോഴും ആള്‍ദൈവങ്ങളുടെ സ്‌പോണ്‍സേഡ്‌ പരിപാടി അവതരിപ്പിക്കുന്നതുപോലെ വാര്‍ത്താചാനലുകളില്‍ ഇതേ ദൃശ്യങ്ങള്‍ മാത്രമായി. ഹസാരെയുടെ ഗാന്ധി തൊപ്പി സമരത്തിന്‌ ദേശീയവികാരത്തിന്റെ ഉന്ത്‌ നല്‍കി. തൊപ്പിവില്‍പ്പനക്കാരും കൊടിവില്‍പ്പനക്കാരും ലാഭം കൊയ്‌തു. ഈ തരംഗത്തിന്റെ ചുഴിയില്‍ സര്‍ക്കാര്‍ പ്രതിനിധികളും വീണുപോയി. ലോക്‌പാല്‍ ബില്‍ നിയമമാക്കാമെന്ന്‌ ഉറപ്പ്‌ കിട്ടിയതോടെ തുടക്കത്തില്‍ ഹസാരെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഭാരതത്തിലും മുല്ലപ്പൂ വിപ്ലവമെന്ന്‌ മാധ്യമങ്ങള്‍ ആഘോഷിച്ചു. പൗരപ്രതിനിധികള്‍ (മന്ത്രിമാര്‍ ആരുടെ പ്രതിനിധികളാണ്‌ എന്ന ചോദ്യം വെറുതെ) നിര്‍ദേശിച്ച കാര്യങ്ങള്‍ നിര്‍ബന്ധമായും ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ്‌ ഹസാരെ ടീം വാശി പിടിച്ചത്‌. ലോക്‌പാല്‍ ചര്‍ച്ചകള്‍ പല തവണ അലസിപ്പിരിഞ്ഞു. താന്‍ ഡ്രാഫ്‌റ്റ്‌ ചെയ്‌ത ബില്ല്‌ തന്നെ അവതരിപ്പിക്കണമെന്ന ഭീഷണിയുമായി രണ്ടാമങ്കം തുടങ്ങി. കേന്ദ്രം കുലുങ്ങി. സമരത്തിന്‌ വീട്ടില്‍നിന്ന്‌ ഇറങ്ങുംമുമ്പേ അറസ്റ്റ്‌. മാധ്യമങ്ങളും പ്രതിപക്ഷവും അതില്‍പ്പിടിച്ച്‌ ആഘോഷം പെരുപ്പിച്ചു. വീണുകിട്ടിയ അറസ്റ്റില്‍ ഹസാരെ ടീമും ആഹ്ലാദിച്ചു. സമരം വീണ്ടും തുടങ്ങിയതോടെ മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും ഞൊറികളുമായി അവതരണം ഭംഗിയാക്കി. ക്യാമറ കാണുമ്പോഴേക്കും അന്നാ ആരാധകര്‍ ഇരമ്പിയെത്തുന്നതെല്ലാം ആവേശത്തിന്റെ കണക്കില്‍പ്പെടുത്തി. ബി.ജെ.പി കേന്ദ്രങ്ങളില്‍നിന്ന്‌ ലോറികളില്‍ ആളെ ഇറക്കുമതി ചെയ്യുന്നതും ദിവസം കഴിയുന്തോറും സമരത്തിന്‌ പിന്തുണ കുറയുന്നതും വാര്‍ത്തയായില്ല. നരേന്ദ്ര മോഡിയുടെ പിന്തുണയും ഫാഷിസ്റ്റുകളുടെ ആശീര്‍വാദവും ചര്‍ച്ചയായില്ല. ആയിരങ്ങളെ ചാനലുകള്‍ ലക്ഷങ്ങളാക്കി അവതരിപ്പിക്കുന്നതിന്റെ രാസവിദ്യയും ഇന്ത്യ കണ്ടു. മുഴങ്ങിക്കേട്ടത്‌ വന്ദേമാതരവും, ഭാരത്‌ മാതാ കീ ജയ്‌ വിളികളും മാത്രം. സമരപ്പന്തലില്‍ റംസാന്‍ വ്രതത്തിന്റെ പുണ്യദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന യാതൊന്നും ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ക്കായില്ല. ഒരു പെണ്‍കുട്ടിയെ നോമ്പുതുറപ്പിച്ച്‌ ആഘോഷിച്ചതൊഴികെ. സമരത്തിന്‌ ചെലവഴിക്കുന്ന കോടിക്കണക്കിന്‌ രൂപയുടെ ഫണ്ടിംഗിനെപ്പറ്റി ആരും മിണ്ടിയില്ല. പണം മുടക്കിയ കോടീശ്വരന്മാരുടെ താല്‍പര്യമെന്തായിരുന്നുവെന്നും അന്വേഷണമുണ്ടായില്ല.
ഹസാരെ അപഹരിച്ചത്‌ ഇന്ത്യയുടെ പൊതുബോധത്തെയായിരുന്നു. രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ ഏര്‍പ്പെടേണ്ട യൗവനത്തെയായിരുന്നു. ലോകത്തെ ഏറ്റവും ദീര്‍ഘവും സൂക്ഷ്‌മവുമായ ഭരണഘടനയുടെ അസ്‌തിത്വത്തെയായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ആയിരുന്നു. രാഷ്ട്രത്തിന്റെ സുസ്ഥിരതയെ ആയിരുന്നു. രാഷ്ട്രീയക്കാരെല്ലാം കള്ളന്മാരാണെന്ന പൊതുബോധം സൃഷ്ടിച്ച്‌ അരാഷ്ട്രീയതയെ അരക്കിട്ടുറപ്പിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌.
അരാഷ്ട്രീയതയുടെ തണുത്ത മണ്ണില്‍ വേരോട്ടം കിട്ടുന്നത്‌ ഫാഷിസത്തിനാണ്‌. ഹസാരെയുടെ പിന്നില്‍ ചരടുവലി നടത്തുന്നവര്‍ ആഗ്രഹിക്കുന്നതും രാജ്യത്തെ ഈയൊരു അന്തരീക്ഷത്തിലേക്ക്‌ വലിച്ചടുപ്പിക്കാനാണ്‌. കറയില്ലാത്ത സംഘ്‌പരിവാര്‍ അനുഭാവവും ഗാന്ധിത്തൊപ്പിയും. ചുരുങ്ങിയ അര്‍ത്ഥത്തില്‍ ഹസാരെയുടെ വിചിത്രരൂപം ഇതാണ്‌. ഫാഷിസം ഗാന്ധിയെ വെടിവെച്ചാണ്‌ കൊന്നതെങ്കില്‍ അഭിനവ ഫാഷിസ്റ്റുകള്‍ ഗാന്ധിയായി വേഷമിട്ട്‌ ഗാന്ധിസത്തെ കശാപ്പ്‌ ചെയ്യുകയാണ്‌.
എല്ലാ രാഷ്ട്രീയക്കാരെയും പടിക്കുപുറത്താക്കി അധികാരവും ചെങ്കോലും ആരെ ഏല്‍പ്പിക്കണമെന്നാണ്‌ ഈ അരാഷ്ട്രീയ ബുദ്ധിജീവികള്‍ പറയുന്നത്‌. അഴിമതിയുടെ ചെളിക്കുണ്ടില്‍നിന്ന്‌ രാഷ്ട്രീയ വ്യവസ്ഥിതിയെ മോചിപ്പിക്കാന്‍ കച്ചകെട്ടേണ്ടത്‌ ഈ വിധമാണോ...? ഗ്യാലറിയിലിരുന്ന്‌ അടിക്കെടാ ഒഴിയെടാ എന്നു പറയുന്നവന്റെ ആവേശത്തിലാണ്‌ നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളും. ഇറങ്ങിക്കളിക്കാന്‍ ആര്‍ജ്ജവമില്ലാത്തവന്റെ അനാവശ്യ ജല്‍പനങ്ങള്‍ ജനാധിപത്യത്തിന്‌ എക്കാലത്തും ഭീഷണിയാണെന്ന്‌ രാഷ്ട്രബോധമുള്ളവര്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. മണിപ്പൂരിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ 10 വര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മ്മിളയുടെ സവിധത്തിലേക്ക്‌ ജനങ്ങളും മാധ്യമങ്ങളും ഇരച്ചു ചെല്ലാത്തതെന്താണെന്നുകൂടി ഈ സാഹചര്യത്തില്‍ ചിന്തിക്കാവുന്നതാണ്‌. കോര്‍പ്പറേറ്റുകളെയും സ്‌പോണ്‍സര്‍മാരെയും അവര്‍ക്ക്‌ പരിചയമില്ല. അറിയുന്നത്‌ കൊല്ലാനടുക്കുന്ന പട്ടാളക്കാരെ. ഞങ്ങളെയും ബലാത്സംഗം ചെയ്യൂ എന്ന്‌ വിളിച്ചുപറഞ്ഞ്‌ പട്ടാളനിയമത്തിനെതിരെ സമരം ചെയ്‌ത വീട്ടമ്മമാരെ.
രാജ്യം നേരിടുന്ന ഭീഷണികളില്‍ ഏറെ പ്രാധാന്യമുള്ള അഴിമതിയെ തുടച്ചുനീക്കാന്‍ ലോക്‌പാല്‍ ബില്‍ അപര്യാപ്‌തമാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. അതൊരു ശാശ്വത പരിഹാരമല്ലെന്നും. എന്നാല്‍ ഹസാരെയെ എതിര്‍ക്കുന്നവരെല്ലാം കള്ളന്മാരാണെന്ന രീതിയിലാണ്‌ ആരവങ്ങള്‍. ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ അഴിമതിക്കാരനുണ്ട്‌. നികുതി അടയ്‌ക്കുമ്പോള്‍ സര്‍ക്കാരിനെ പറ്റിക്കുന്നതാണ്‌ ഇതിന്റെ ഏറ്റവും ചെറിയ രൂപം. വീട്ടുകരം, വെള്ളക്കരം, ആഢംബരനികുതി, ആധാരത്തിലെ വിലകുറച്ച്‌ കാണിക്കല്‍, കച്ചവടസ്ഥാപനങ്ങളിലെ രണ്ടുതരം ബില്ല്‌ തുടങ്ങി നൂറായിരം പ്രത്യക്ഷ നികുതിയിനങ്ങളില്‍ അറിഞ്ഞും അറിയാതെയും സര്‍ക്കാരിനെ പറ്റിക്കുന്നവരാണ്‌ അഴിമതിക്കെതിരെ വീരസ്യം പറയുന്നവര്‍. കാര്യം നേടാന്‍ വില്ലേജ്‌ ഓഫീസിലെ ക്ലര്‍ക്കിനും പോലീസുകാരനും ഉളുപ്പില്ലാതെ കൈക്കൂലി കൊടുക്കുന്നവനും അറിഞ്ഞു തരുന്നതിനെ കൈക്കൂലിയെന്ന്‌ വിളിക്കാനാവില്ലെന്ന്‌ ന്യായം പറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്ള നാട്ടില്‍ വിപ്ലവത്തിന്റെ കൊലവിളി തുടങ്ങേണ്ടത്‌ സ്വന്തം മനസ്സാക്ഷിയില്‍നിന്നാണ്‌. നാം ശീലിച്ച അഴുക്കുകളില്‍നിന്നാണ്‌. മേല്‍തട്ടില്‍നിന്നല്ല. നേതൃശൂന്യതയില്‍ നെട്ടോട്ടമോടുന്ന ബി.ജെ.പിക്ക്‌ കിട്ടിയ കച്ചിത്തുരുമ്പാണ്‌ ഹസാരെ. പ്രധാനമന്ത്രിയായി പോലും അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ഹസാരെ അപഹരിച്ച ഇന്ത്യ അരാഷ്ട്രീയതയുടെ ഉണ്ണാക്കന്മാരുടേതായിരുന്നെങ്കില്‍ ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യയാണ്‌ യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ യശസ്സിനെ ഉയര്‍ത്തിക്കാട്ടുന്നത്‌. അത്‌ ഹസാരെയെ ഭയപ്പെട്ട ഭരണകൂടമല്ല. ഹസാരെയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ തുറന്നു പ്രഖ്യാപിച്ച വിഭാഗങ്ങളായിരുന്നു. ഒന്നാം സമരത്തിന്‌ തുടക്കത്തില്‍ പിന്തുണ നല്‍കിയ പലരെയും പിന്നീട്‌ കാണാതിരുന്നതിന്റെ കാരണവും ഈ ജനാധിപത്യബോധമായിരുന്നു. ആത്മാഭിമാനമുള്ളതുകൊണ്ട്‌ പിന്മാറുകയാണെന്നും പാര്‍ലമെന്റിന്റെ അഭ്യര്‍ത്ഥന മാനിക്കാത്ത സമരത്തെ പിന്തുണക്കില്ലെന്നും സ്വാമി അഗ്നിവേശ്‌ തുറന്നുപറഞ്ഞു. സന്തോഷ്‌ ഹെഗ്‌ഡെയും ദളിത്‌, ക്രിസ്‌ത്യന്‍ നേതാക്കളും സമരത്തിനെതിരെ രംഗത്തെത്തി. എല്ലാ സമൂഹങ്ങളെയും സമരത്തില്‍ ഉള്‍പ്പെടുത്താത്തത്‌ സംശയം ജനിപ്പിക്കുന്നതായും വര്‍ഗീയതക്കെതിരെ ഹസാരെ ഒന്നും ഉരിയാടാത്തതും ദല്‍ഹി ഇമാം സയ്യിദ്‌ അഹമ്മദ്‌ ബുഖാരി തുറന്നടിച്ചു. അഴിമതിക്കെതിരെ ഇന്ത്യ കാമ്പയിനിലെ പ്രമുഖ അഗങ്ങളെല്ലാം സമരം ബഹിഷ്‌കരിച്ചു. രാജ്യത്ത്‌ നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ മറികടക്കാനുള്ള നീക്കം ക്രിസ്‌ത്യന്‍ സമുദായം അനുവദിക്കില്ലെന്ന്‌ ദല്‍ഹി ആര്‍ച്ച്‌ ബിഷപ്പ്‌ വിന്‍സെന്റ്‌ കോണ്‍സെസാവോ വ്യക്തമാക്കി. ഓള്‍ ഇന്ത്യ മുസ്‌്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌, ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍, ദാറുല്‍ ഉലൂം ദയൂബന്ദ്‌ തുടങ്ങിയ സംഘടനകളും ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. 24 മണിക്കൂറും ലൈവ്‌ നല്‍കിയ ഇന്ത്യയിലെ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളൊഴിച്ചുള്ള മഹാഭൂരിപക്ഷം ഈ ജനാധിപത്യവിരുദ്ധ സമരത്തിലെ കാപട്യത്തെ തിരിച്ചറിഞ്ഞു. ഇതായിരുന്നു ഹസാരെയെ തോല്‍പ്പിച്ച ഇന്ത്യ.

Saturday, April 23, 2011

അണ്ണാ ഹസാരെയുടെ വിജയവും ഇറോം ശര്‍മ്മിളയുടെ കാത്തിരിപ്പും








അണ്ണാ ഹസാരെ ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്ന മുല്ലപ്പൂവായിരുന്നില്ല. കാലങ്ങളാല്‍ ഉരുക്കിയെടുത്ത ഗാന്ധിയന്‍ ചിന്തയുടെ തപം ആ വാക്കിലും നോക്കിലുമുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തെ അഴിമതിക്കഥകള്‍ കണ്ടും കേട്ടും മടുത്ത കോടിക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക്‌ രണ്ടാം ഗാന്ധിയെ ലഭിച്ച ആഹ്ലാദം. സ്വത്വചിന്തകളുടെ കാലം കഴിഞ്ഞെന്നും പ്രായോഗികരാഷ്ട്രീയത്തിന്റെ നിഘണ്ടുവില്‍ ഒത്തുതീര്‍പ്പുകള്‍ക്കല്ലാതെ സമരത്തിന്‌ പ്രസക്തിയില്ലെന്നും കരുതിയിരുന്ന അരാഷ്ട്രീയ ബുദ്ധിജീവികളെപ്പോലും തെരുവിലിറക്കിയ സമരം. അഴിമതിയില്ലാത്ത രാജ്യം സ്വപ്‌നം കാണുന്ന ഭാരതീയന്റെ അത്യാഗ്രഹത്തിന്റെ ബലത്തിലാണ്‌ ഹസാരെയുടെ സമരം വിജയിച്ചത്‌. എന്നാല്‍, കേന്ദ്രമന്ത്രി കപില്‍ സിബലിനെ വിമര്‍ശിക്കുന്നതിനിടെ നരേന്ദ്രമോഡിയുടെ ഗ്രാമവികസനത്തെ പ്രശംസിച്ചത്‌ അണ്ണാ ഹസാരെയുടെ ജനപ്രീതിക്ക്‌ ഇടിച്ചിലുണ്ടാക്കിയിരിക്കുകയാണ്‌. ഭാരതത്തിന്റെ മതേതര മനസ്സിനെ ക്രൂരമായി മുറിവേല്‍പ്പിച്ച മോഡിയുടെ മോടികൂട്ടലുകള്‍ കപടമാണെന്ന്‌ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്‌ സാധിക്കാതെപോയി എന്നത്‌ മതേതര വിശ്വാസികളെ അത്ഭുതപ്പെടുത്തുന്നു.
ഇന്ത്യ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്‌ എടുത്തെറിയപ്പെട്ട നാല്‍പതുകളിലാണ്‌ ഹസാരെയുടെ കുട്ടിക്കാലം. മഹാരാഷ്ട്രയിലെ അഹമ്മദ്‌ നഗര്‍ ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിന്റെ സന്തതി. പഠിക്കേണ്ട കാലത്ത്‌ പൂക്കള്‍ വിറ്റ്‌ ഉപജീവനം. 1962ല്‍ ഇന്ത്യ- ചൈന യുദ്ധകാലത്ത്‌ ട്രക്ക്‌ ഡ്രൈവറായി സൈന്യത്തില്‍. സമ്പാദ്യമെല്ലാം ഗ്രാമത്തിന്റെ വികസനത്തിന്‌ നീക്കിവെച്ചു. ഗാന്ധിയന്‍ മാതൃകയില്‍ ഗ്രാമത്തെ പുനരുദ്ധരിച്ചു. കൃഷിയും ജലസേചനവുമൊരുക്കി. കിഷന്‍ബാബു റാവു ഹസാരെ അണ്ണാ ഹസാരെയായി. വിവരാവകാശ നിയമം നടപ്പില്‍ വരുന്നതിന്‌ പ്രക്ഷോഭം നയിച്ചു. 1991ല്‍ അഴിമതി വിരുദ്ധ ജനകീയപ്രക്ഷോഭം മഹാരാഷ്ട്രയിലെങ്ങും വേരുപിടിച്ചു. 90ല്‍ പത്മശ്രീയും 92ല്‍ പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു.
ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ഏപ്രില്‍ 5 മുതല്‍ അദ്ദേഹം ആരംഭിച്ച സമരത്തിന്‌ രാജ്യമൊന്നാകെ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. നാടെങ്ങും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ പ്രകടനങ്ങള്‍ നടന്നു. ഇന്റര്‍നെറ്റിലെ സൗഹൃദ വെബ്‌സൈറ്റുകളില്‍ ഹസാരെയെ പിന്തുണച്ച്‌ ലക്ഷങ്ങള്‍ രംഗത്തുവന്നു. കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാര്‍ അനുഭാവത്തോടെയാണ്‌ സമരത്തെ പരിഗണിച്ചത്‌. അണ്ണാ ഹസാരെയുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച സര്‍ക്കാര്‍ അടുത്ത സമ്മേളനത്തില്‍ ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കുമെന്ന്‌ ഉറപ്പു നല്‍കിയതോടെ ഏപ്രില്‍ 9ന്‌ സമരം അവസാനിപ്പിച്ചു.
ഹസാരെയുടെ ഈ വിജയത്തെ ആഘോഷിക്കുമ്പോള്‍ രാജ്യം മറന്നുപോകുന്ന ഒരു പേരുണ്ട്‌. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിളയുടേത്‌. ഇന്ത്യയിലെ മനുഷ്യസ്‌നേഹികള്‍ മാത്രമല്ല, ലോകത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഏറ്റെടുക്കുകയും പ്രചാരം കൊടുക്കുകയും ചെയ്‌ത സമരമാണ്‌ ഇറോം ശര്‍മ്മിളയുടേത്‌. കവയത്രി. സാമൂഹികപ്രവര്‍ത്തക, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളിലെല്ലാം ലോകമറിയുന്നവള്‍. ഗാന്ധിയന്‍ മാതൃകയിലുള്ള നിരാഹാര സമരം തന്നെ. എന്നിട്ടും അണ്ണാ ഹസാരെ ഊതിവിട്ട കൊടുങ്കാറ്റ്‌ എന്തുകൊണ്ട്‌ ഇറോം ശര്‍മ്മിളയുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല എന്ന അന്വേഷണത്തിലാണ്‌ മനുഷ്യാവകാശപ്രവര്‍ത്തകര്‍. അഴിമതി എല്ലാവരെയും ബാധിക്കുന്ന കാര്യമാകുന്നതുകൊണ്ടോ..? മണിപ്പൂരിലെ മനുഷ്യാവകാശലംഘനങ്ങള്‍ ആ ജനതെയ മാത്രം ബാധിക്കുന്ന കാര്യമായതുകൊണ്ടോ? അണ്ണാ ഹസാരെ ഗാന്ധിയനായി പേരെടുത്ത ആളായതുകൊണ്ടോ? ആ ജീവന്റെ വില ഇറോം ശര്‍മ്മിളക്ക്‌ ഇല്ലാത്തതുകൊണ്ടോ..?
ഇന്ത്യന്‍ സായുധ സേനക്ക്‌ മണിപ്പൂരില്‍ നല്‍കിയ പ്രത്യേക അധികാരങ്ങള്‍ക്കെതിരെ രണ്ടായിരാമാണ്ട്‌ നവംബര്‍ 4 മുതല്‍ ഈ പെണ്‍കുട്ടി സമരം ചെയ്യുന്നതിന്റെ പിന്നിലെ വികാരമെന്ത്‌? ചരിത്രത്തിലേക്ക്‌ ഒരു നടുക്കത്തോടെ തിരിഞ്ഞുനോക്കിയിട്ടല്ലാതെ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാവില്ല. 1958 ലാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ ഈ നിയമം പാസ്സാക്കിയത്‌. പ്രശ്‌നബാധിത പ്രദേശങ്ങളെന്ന പേരില്‍ അരുണാചല്‍പ്രദേശ്‌, മിസോറാം, മണിപ്പൂര്‍, ആസ്സാം, നാഗാലാന്റ്‌, ത്രിപുര എന്നിവിടങ്ങളില്‍ സൈന്യത്തിന്‌ പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നതായിരുന്നു നിയമം. പിന്നീട്‌ 1990ല്‍ ജമ്മു കാശ്‌മീരിനും ഈ നിയമം ബാധകമാക്കി. ആരെ എപ്പോള്‍ വേണമെങ്കിലും സൈന്യത്തിന്‌ അറസ്‌റ്റ്‌ ചെയ്യാം, തടവിലിടാം. സംശയത്തിന്റെ പേരില്‍ ഏതു വീട്ടിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. അരിച്ചുപെറുക്കാം. ഈ അധികാരങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായി. നിയമം അങ്ങനെയായതിനാല്‍ ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതി. സ്‌ത്രീകളുടെ മാനത്തിനും മനുഷ്യന്റെ ജീവനും വിലയില്ലാതായി. സ്വാഭാവികമായ പ്രതികരണങ്ങള്‍ പോലും ചോരപ്പുഴയൊഴുക്കി.
1972ലാണ്‌ ഈ സമരനായികയുടെ ജനനം. കവിതയെഴുതുന്ന ഒരു മണിപ്പൂരി പെണ്‍കുട്ടി. പത്രപ്രവര്‍ത്തനമാണ്‌ അവള്‍ തെരഞ്ഞെടുത്ത മേഖല. ഇംഫാല്‍ ഹ്യൂമണ്‍ റൈറ്റ്‌സ്‌ അലര്‍ട്ടില്‍ കോഴ്‌സിന്റെ ഭാഗമായി ഇറോം ശര്‍മ്മിള ഇന്റേണ്‍ഷിപ്പ്‌ ചെയ്‌തുകൊണ്ടിരിക്കെയായിരുന്നു ആ സംഭവം. ഒരു തണുത്ത നവംബര്‍ മാസത്തില്‍ മാലോമില്‍ ബസ്സു കാത്തു നില്‍ക്കുകയായിരുന്ന പത്തു പേരെ ഒരു കാരണവുമില്ലാതെ ആസ്സാം റൈഫിള്‍സ്‌ വെടിവെച്ചു കൊന്നു. രാജ്യം ഞെട്ടിയ കൂട്ടക്കൊല. കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ അവാര്‍ഡ്‌ നേടിയ സിനം ചന്ദ്രമാണി എന്ന പെണ്‍കുട്ടിയും കൂട്ടക്കൊലയില്‍ വെടിയുണ്ടയേറ്റു വാങ്ങി. മണിപ്പൂരിലും അയല്‍ സംസ്ഥാനങ്ങളിലും പിന്നീടുള്ള ദിവസങ്ങള്‍ സൈന്യത്തിനെതിരായ യുദ്ധത്തിന്റേതായിരുന്നു. ഈ കരിനിയമം എടുത്തുകളയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിന്‌ മരണം വരെ നിരാഹാരം കിടക്കാന്‍ തീരുമാനിക്കുന്നതോടെയാണ്‌ ഇറോം ശര്‍മ്മിള ശ്രദ്ധേയയാകുന്നത്‌. ആത്മഹത്യാശ്രമത്തിന്‌ കേസെടുത്ത പോലീസ്‌ മൂക്കില്‍ക്കൂടി ട്യൂബിട്ട്‌ ബലമായി ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുകയാണ്‌. എല്ലാ പ്രതികരണങ്ങളെയും നീര്‍ക്കുമിളകളാക്കി പത്തു വര്‍ഷമായി പോലീസ്‌ കസ്‌റ്റഡിയില്‍. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നക്‌സല്‍, ഉള്‍ഫ, മാവോയിസ്‌റ്റ്‌ തീവ്രവാദികള്‍ വേരുപിടിക്കുന്നത്‌ യാതനകളില്‍നിന്ന്‌ രക്ഷ പ്രതീക്ഷിക്കുന്ന സാധാരണക്കാരുടെ പിന്തുണയിലാണ്‌. മനോരമ ദേവിയെന്ന സ്‌ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത സൈനികര്‍ക്കെതിരെ ` ഞങ്ങളെയും ബലാത്സംഗം ചെയ്യൂ` എന്ന മുദ്രാവാക്യവുമായി സമരം ചെയ്‌ത 30 വീട്ടമ്മമാരെ 3 മാസമാണ്‌ പോലീസ്‌ ജയിലിലടച്ചത്‌.
ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ അണ്ണാ ഹസാരെയെ ചരിത്രസംഭവമാക്കിയെങ്കില്‍, ഇറോം ശര്‍മ്മിളയുടെ സമരത്തിന്‌ ഇപ്പോഴും വേണ്ടത്ര പൊതുജന പിന്തുണ ലഭിച്ചിട്ടില്ല. കാശ്‌മീരിലടക്കം മനുഷ്യാവകാശലംഘനങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ജനതയുടെ പ്രതീകമാണ്‌ ഇറോം ശര്‍മ്മിള. ആ സമരം ഒരു ദശകം പിന്നിട്ടിട്ടും ലോകം മുഴുവന്‍ ഏറ്റെടുത്തിട്ടും അനുകൂലമായി പ്രതികരിക്കാന്‍ ഭരണകൂടത്തിന്‌ ഇതുവരെ സാധിച്ചിട്ടില്ല എന്നത്‌ അണ്ണാഹസാരെയുടെ വിജയവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ മനുഷ്യസ്‌നേഹികളെ അമ്പരപ്പിക്കുന്നു. രാജ്യത്തിന്റെ വിഭവങ്ങളിലേക്ക്‌ കടന്നുകയറാന്‍ ആഗ്രഹിക്കുന്ന ഇടത്‌- വലത്‌ തീവ്രവാദികള്‍ക്ക്‌ ഊര്‍ജ്ജവും ഉത്തേജനവും നല്‍കാനല്ലാതെ ഈ മൗനം സഹായകമാവുകയില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന്‌ പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ച മാവോയിസം, നക്‌സലിസം, ഉള്‍ഫ തീവ്രവാദ വിഭാഗങ്ങളെ പശ്ചിമബംഗാളിലടക്കം പിന്തുണക്കുന്നത്‌ ആദിവാസികളും സാധാരണക്കാരുമാണ്‌. സായുധ പരിഹാരത്തിനുള്ള ആഹ്വാനങ്ങള്‍ എന്നതിനുമപ്പുറം പ്രശ്‌നങ്ങളെ വേരോടെ പിഴുതെറിയാന്‍ പര്യാപ്‌തമായ ചികിത്സകളൊന്നും ഇവിടങ്ങളില്‍ സംഭവിക്കുന്നില്ല. അണ്ണാ ഹസാരെയെ ഏറ്റെടുത്തവര്‍ രാജ്യത്ത്‌ ഇങ്ങനെയൊരു പെണ്‍കുട്ടികൂടി ഒരു പീഡിതജനതയുടെ പ്രതിനിധിയായി പരിഹാരത്തിന്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌.

Saturday, November 6, 2010

ഒരു കമ്യൂണിസ്‌റ്റ്‌ വിരുദ്ധലേഖനം: സി.പി.എം മടങ്ങുന്നു, എങ്ങോട്ടെന്നില്ലാതെ

കമ്യൂണിസ്റ്റ്‌്‌ ഭരണത്താല്‍ റഷ്യ കടുത്ത ഭക്ഷ്യപ്രതിസന്ധിയെ നേരിടുന്ന കാലം. ദിവസവും ആയിരക്കണക്കിന്‌ പട്ടിണിക്കോലങ്ങള്‍ മരിച്ചുവീണുകൊണ്ടിരുന്നു. നിവൃത്തികെട്ട്‌ അവര്‍ അമേരിക്കയോട്‌ ഗോതമ്പ്‌ ചോദിച്ചു. കൊടുത്തില്ല. നിക്‌സണായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട്‌. കത്തിച്ചുകളയുകയോ കടലില്‍ താഴ്‌ത്തുകയോ ചെയ്യേണ്ടി വന്നാലും റഷ്യക്ക്‌ ഒരു മണി ഗോതമ്പു പോലും കൊടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. ഒടുവില്‍ കാനഡ കനിഞ്ഞു. കാനഡയില്‍നിന്ന്‌ ഗോതമ്പ്‌ കിട്ടിയ സന്തോഷത്തില്‍ നാട്ടിലെത്തിയ ക്രൂഷ്‌ചേവ്‌ ഒരു പ്രസംഗത്തിനിടെ ഇങ്ങനെ പറഞ്ഞു: സഖാക്കളേ, കാനഡയില്‍ കമ്യൂണിസം വളരുന്ന കാഴ്‌ച കണ്‍കുളിര്‍ക്കെ കണ്ടിട്ടാണ്‌ ഞാന്‍ വരുന്നത്‌. ഇങ്ങനെ പോയാല്‍ ആ രാജ്യം ഒരു കമ്യൂണിസ്‌റ്റ്‌ രാജ്യമായി മാറുമെന്ന കാര്യത്തില്‍ എനിക്ക്‌ യാതൊരു സംശയവുമില്ല. പ്രസംഗം കത്തിക്കയറിക്കൊണ്ടിരിക്കെ സ്റ്റേജിലേക്ക്‌ ഒരു സഖാവിന്റെ കുറിപ്പ്‌. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: അപ്പോള്‍ ഇനി നമുക്കെവിടെ നിന്ന്‌ ഗോതമ്പു കിട്ടും?
ഈ ചരിത്രം നേരാണെങ്കിലും അല്ലെങ്കിലും ചില സത്യങ്ങള്‍ വിളിച്ചുപറയുന്നു. കമ്യൂണിസ്റ്റ്‌ സമഗ്രാധിപത്യത്തിന്റെ നെഞ്ചെരിച്ചില്‍ അനുഭവിച്ച രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കൊന്നും സമാധാനത്തോടെ ഉരുളയുരുട്ടി ഉണ്ണാനായിട്ടില്ല. കിഴക്കന്‍ ജര്‍മ്മനിയുടെയും, ചെക്കോസ്ലോവാക്യയുടെയും, യുഗോസ്ലാവിയയുടെയും ഏറ്റവുമൊടുവില്‍ അവശേഷിക്കുന്ന കമ്യൂണിസ്‌റ്റ്‌ തുണ്ടായ ക്യൂബയുടെയും സ്ഥിതി വ്യത്യസ്‌തമല്ല. കുരുടന്‍ ആനയെ കണ്ടപോലെയാണ്‌ കമ്യൂണിസ്‌റ്റുകാരന്റെ സ്ഥിതിവിവരണങ്ങള്‍. ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ കിട്ടിയ മുയലിന്റെ കഥ പറഞ്ഞ്‌ എപ്പോഴും ചക്കയിട്ട്‌ ഒടുക്കം പ്ലാവില്‍ ഇടാന്‍ ചക്കയില്ലാത്ത അവസ്ഥ. എന്തിനും ഏതിനും പ്രത്യയശാസ്‌ത്രം വിളമ്പുന്ന വായകള്‍ അസ്‌ത്രങ്ങള്‍ ഒഴിഞ്ഞ ആവനാഴി പോലെയായി. ഒന്നും ഉരിയാടാനില്ല. പുതിയ കുപ്പിയിലേക്ക്‌ പകരാന്‍ പഴയ വീഞ്ഞുപോലുമില്ല. ഉണ്ടായിരുന്നത്‌ സാമ്രാജ്യത്വം നവ ലിബറലിസം സ്റ്റാലിനിസ്റ്റ്‌ ശൈലിയിലുള്ള വ്യതിയാനം തുടങ്ങി സാധാരണക്കാരന്റെ വായില്‍കൊള്ളാത്ത പ്രയോഗങ്ങളായിരുന്നു. ഈ തെരഞ്ഞെടുപ്പ്‌ ഫലത്തോടൊപ്പം അതൊന്നും കേള്‍ക്കാതിരുന്നത്‌ സാധാരണക്കാരെപ്പോലും ഞെട്ടിച്ചിട്ടുണ്ട്‌. പരാജയത്തെ ഇഴകീറി അവലോകനം ചെയ്‌തതിനുശേഷം തോറ്റതിനു കാരണം മറ്റവന്മാര്‍ വോട്ടു ചെയ്യാത്തതാണ്‌ എന്നുപറഞ്ഞ നായനാര്‍ ഫലിതമാണ്‌ ആവര്‍ത്തിക്കാവുന്ന ഒരേയൊരു ശരി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ആരോടൊപ്പമായിരുന്നു എന്ന ചോദ്യത്തിന്‌ മനുഷ്യരായ മനുഷ്യരെല്ലാം ഒരൊറ്റ ഉത്തരം പറയുമ്പോള്‍ അവിടെയുമുണ്ട്‌ തെറിച്ചുനില്‍ക്കുന്ന ഒരാള്‍. സഖാവ്‌ പിണറായി വിജയന്‍.
എങ്ങനെ സ്‌കാന്‍ ചെയ്‌ത്‌ നോക്കിയിട്ടും കേരളമെങ്ങും അദ്ദേഹത്തിന്‌ കാണാനാവുന്നത്‌ ചുവപ്പു മാത്രം. ഫലമറിഞ്ഞു തുടങ്ങിയപ്പോള്‍തന്നെ പിണറായി കവടിയെടുത്ത്‌ ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു. ഗണിച്ചു പറയാന്‍ ബഹുമിടുക്കനാണ്‌ താനെന്ന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പേ സഖാവ്‌ തെളിയിച്ചിട്ടുണ്ട്‌. ഒരു ചെറുചിരിയോടെ അദ്ദേഹം ഇക്കുറി ലീഗില്ലാത്ത പാര്‍ലമെന്റായിരിക്കും വരാന്‍ പോകുന്നത്‌ എന്ന തമാശ പൊട്ടിച്ചത്‌ ആരുമങ്ങനെ മറന്നുകാണില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പേ സഖാവ്‌ വി.എസ്സിനോടൊപ്പം പിണറായി ഗണിക്കാതെ തന്നെ മനക്കണക്കുകൂട്ടി പറഞ്ഞ കാര്യം മാത്രമാണ്‌ അച്ചട്ടായത്‌. ഈ തെരഞ്ഞെടുപ്പ്‌ സര്‍ക്കാരിനെ വിലയിരുത്തുന്നതായിരിക്കും എന്നതായിരുന്നു പ്രസ്‌താവന. വി.എസ്സിനോട്‌ ഈയിടെയൊന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ മറ്റൊരു കാര്യത്തിലും പിണറായി യോജിച്ചതായി കണ്ടിട്ടില്ല. ജനങ്ങള്‍ അസ്സലായി വിലയിരുത്തിയപ്പോഴാണ്‌ അദ്ദേഹം പിന്നെയും കവടി നിരത്തിയത്‌. ഗണിച്ചുണ്ടാക്കിയ കണക്കനുസരിച്ച്‌ മേല്‍ത്തട്ടും നെടുംതൂണുകളും ഇരുമ്പുമറയും ഇടിഞ്ഞുവീണെങ്കിലും അടിത്തറ ഭദ്രമാണെന്ന്‌ പിണറായി കണ്ടെത്തി. അടിക്കല്ല്‌ ഇളകിയിട്ടില്ലെങ്കില്‍പിന്നെ വോട്ടുകള്‍ എങ്ങോട്ടുപോയി എന്ന്‌ വിശദീകരിച്ചില്ല. കുറഞ്ഞത്‌ ആറു ശതമാനം വോട്ട്‌ മാത്രമാണെന്ന്‌ നെടുവീര്‍പ്പിട്ടുകൊണ്ട്‌ പറഞ്ഞു. ഉള്ളില്‍ കടുംചുകപ്പിന്റെ രാഷ്ട്രീയമുള്ള സി.പി.എമ്മുകാരുടെ വോട്ടുകള്‍ യു.ഡി.എഫിന്‌ കിട്ടിയെന്ന്‌ പിണറായി ഒരിക്കലും പറയില്ല. പിന്നെ ആര്‍ക്കാണ്‌ കച്ചവടത്തിന്‌ അറുത്തുനല്‍കിയ സി.പി.എം വോട്ടിന്റെ വിഹിതം കിട്ടിയതെന്ന്‌ വര്‍ഗീയ- തീവ്രവാദ കക്ഷികളായ ബി.ജെ.പിയും എസ്‌.ഡി.പി.ഐ.യും ജമാഅത്തെ ഇസ്‌്‌ലാമിയും തലകാട്ടിയ ഇടങ്ങളിലെ വോട്ടര്‍ പട്ടികയെടുത്ത്‌ പരിശോധിച്ചാല്‍ ബോധ്യമാകും.
മതേതരത്വത്തിനും സമാധാനത്തിനും വികസനത്തിനും ഊന്നല്‍ നല്‍കി ജനപക്ഷത്തുനിന്ന്‌ പ്രവര്‍ത്തിച്ച യു.ഡി.എഫിന്‌ സാധാരണക്കാരുടെ വോട്ട്‌ കിട്ടിയപ്പോള്‍ അത്‌ വര്‍ഗീയ ശക്തികളുടെ വോട്ടാണെന്ന്‌ പറയാന്‍ ധൈര്യപ്പെട്ടവരെ ജനങ്ങള്‍ ഭാവിയിലും കൈകാര്യം ചെയ്യുന്നത്‌ വ്യത്യസ്‌തമായ രീതിയിലായിരിക്കില്ല. വെളിച്ചം കയറിയാല്‍ കണ്ണു പുളിയ്‌ക്കുന്ന ഈയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷത്തുനിന്ന്‌ ജനങ്ങളെ വെല്ലുവിളിക്കുന്നതിന്‌ സി.പി.എം അതിരുകള്‍ നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂടുതല്‍ വോട്ട്‌ കിട്ടി എന്നാണ്‌ പിണറായി പറയുന്നത്‌. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ആളെണ്ണം കൂടിയ കാര്യം പറയാന്‍ വിട്ടുപോയി.
യു.ഡി.എഫ്‌ വര്‍ഗീയതയെ കുത്തിയിളക്കിയാണ്‌ ജയിച്ചതെന്ന്‌ യാതൊരു ഉളുപ്പുമില്ലാതെ പറയുമ്പോള്‍ ഏത്‌ വര്‍ഗീയത എവിടുത്തെ വര്‍ഗീയത എന്ന്‌ വിശദീകരിക്കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്‌. വൈകാരിക രാഷ്ട്രീയത്തിന്റെ വിത്തുകളുമായി കേരളം ഉഴാനിറങ്ങിയവരെ നിലം തൊടീക്കാന്‍ ജനങ്ങള്‍ സമ്മതിച്ചിട്ടില്ല. അവരുടെ കലപ്പകള്‍ ഈ മണ്ണിലൊന്നു പോറിയിട്ടുപോലുമില്ല. ഭൂരിപക്ഷ വര്‍ഗീയതയെയും ഫാഷിസത്തെയും വ്യാപിപ്പിക്കാനുള്ള കരാര്‍ ഏറ്റെടുത്ത്‌ ന്യൂനപക്ഷ വര്‍ഗീയതയെന്ന വിഷവിത്ത്‌ കൈയില്‍ പിടിച്ചിറങ്ങിയവര്‍ പുതിയ വഴികളെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. അവര്‍ ജയിച്ച പലയിടങ്ങളിലും സി.പി.എം മൂന്നാം സ്ഥാനത്താണ്‌. വോട്ടുകള്‍ ആകാശത്തേക്ക്‌ പറന്നില്ല. പാതാളത്തിലേക്ക്‌ ആണ്ടുപോയില്ല. പിന്നെ എവിടെ?. വര്‍ഗീയ ശക്തികളുടെ പെട്ടിയില്‍. പകരം ഇക്കൂട്ടര്‍ക്ക്‌ സി.പി.എമ്മിനെയല്ലാതെ മറ്റാരെ സഹായിക്കാനാവും?.
മലപ്പുറം പച്ചപ്പില്‍ കുളിച്ച്‌ വിജയാരവങ്ങളുയര്‍ത്തുന്ന വാര്‍ത്ത കണ്ടതും വി.എസ്‌ അച്യുതാനന്ദന്റെ ഉള്ളുകള്ളികളിലെ കാവിക്കള്ളി കത്തിയത്‌ ഉള്‍ക്കിടിലത്തോടെയാണ്‌ കേരളം കണ്ടത്‌. മുസ്‌്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ മലപ്പുറത്ത്‌ വെറും പച്ചയല്ല ഇരട്ടിപ്പച്ചയാണെന്ന്‌ പ്രതികരിച്ചപ്പോള്‍ അതിനെ ഇരട്ടി വര്‍ഗീയത എന്നാണ്‌ സഖാവ്‌ വ്യാഖ്യാനിച്ചത്‌. മലപ്പുറം എന്ന പേര്‌ കേള്‍ക്കുമ്പോഴേ ഉള്ളില്‍ പത്തി വിടര്‍ത്താറുള്ള വിഷജന്തുവാണ്‌ വി.എസ്സിനെ ചതിച്ചത്‌. പരാജയത്തിന്റെ പൊരുള്‍ തേടി കമ്മിറ്റി കൂടുന്നതിനു മുമ്പ്‌ നേതാക്കളുടെ മനസ്സില്‍ പറ്റിപ്പിടിച്ചുകിടക്കുന്ന ഇത്തരം അഴുക്കുകളെക്കൂടി തിരിച്ചറിയേണ്ടതുണ്ട്‌. തെറ്റുതിരുത്തലും ചികിത്സയും നിശ്ചയിക്കുമ്പോള്‍ ഈയൊരു രോഗത്തെയും പരിഗണിക്കണം. സി.പി.എമ്മിനിത്‌ മടക്കയാത്രയുടെ കാലമാണ്‌. വര്‍ഗരഹിതസമൂഹത്തിന്റെ സൃഷ്‌ടിപ്പിനുശേഷം തൊഴിലാളി വര്‍ഗ സര്‍വാധിപത്യമെന്ന കിനാവുമായി പാവങ്ങളെ പറ്റിച്ചത്‌ മതിയാക്കാമെന്ന്‌ അവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. രക്തസാക്ഷികളെയും പഴയപോലെ കിട്ടാനില്ല. പണമാണ്‌ പരമപ്രധാനമെന്ന നിഗമനത്തില്‍ നേതാക്കള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ്‌. ഭരണം കൈവിടുമെന്ന പ്രതീതി കൂടി ഉണ്ടായതോടെ ഈ പിടിച്ചു പറിക്ക്‌ ആക്കം കൂടാനാണ്‌ സാധ്യത. പ്രാദേശിക സര്‍ക്കാറുകളെപ്പോലെയാണ്‌ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റികള്‍ സ്വാധീനമുള്ള ഇടങ്ങളില്‍ അധികാരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌. പണവും ആയുധവും അധികാരവും കൈയിലുണ്ടെങ്കില്‍ ആരെയും തറപറ്റിക്കാമെന്ന അഹങ്കാരത്തിന്‌ ലഭിക്കുന്ന തിരിച്ചടികളൊന്നും പാര്‍ട്ടിക്ക്‌ ക്ഷീണമുണ്ടാക്കിയിട്ടില്ലെന്നാണ്‌ പിണറായിയുടെ ഗവേഷണം.
ഭദ്രമായ അടിത്തറ കൂടി ഇളകട്ടെ, എന്നിട്ടാവാം നിലപാടുമാറ്റമെന്ന്‌ പറയാതെ പറയുന്നു പാര്‍ട്ടി സെക്രട്ടറി. അനിവാര്യമായ പതനത്തിലേക്ക്‌ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൊണ്ടെത്തിക്കുന്നതിന്‌ ഏറ്റെടുത്ത കരാര്‍ ഭംഗിയായി പൂര്‍ത്തീകരിച്ചതിന്റെ ആഹ്ലാദവും ആ മുഖത്തു നിന്ന്‌ വായിച്ചെടുക്കാം. കേരളം എങ്ങനെ ചിന്തിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കമ്യൂണിസ്റ്റുകാര്‍ മാത്രമാണെന്ന ധാരണയും സി.പി.എമ്മിന്‌ വിനയായിട്ടുണ്ട്‌. പാര്‍ട്ടിക്കെതിരെ സംസാരിക്കുന്ന ബുദ്ധിജീവികള്‍ക്കെല്ലാം വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു എന്നാണ്‌ ആക്ഷേപം. വലതുപക്ഷ വ്യതിയാനം എന്നാല്‍ നരകത്തിലേക്കുള്ള വഴി എന്നാണ്‌ സി.പി.എം അര്‍ത്ഥമാക്കുന്നത്‌. ഈ അബദ്ധധാരണകളെയെല്ലാം തിരുത്തുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. മാറ്റത്തിന്‌ തടസ്സം സി.പി.എമ്മാണെങ്കില്‍ ആ സി.പി.എമ്മിനെ മാറ്റാനാണ്‌ ജനങ്ങളുടെ തീരുമാനം. ഈ സുതാര്യമായ സന്ദേശത്തെയാണ്‌ പിണറായി പിന്നെയും വളച്ചൊടിക്കുന്നത്‌. ബലിദാനികള്‍ സാക്ഷി. ഇപ്പോഴത്തെ സി.പി.എമ്മിന്റെ സുന്ദരമായ ഈ പതനത്തെ പാര്‍ട്ടിക്കുവേണ്ടി അവരും ആഗ്രഹിച്ചിരിക്കാം. കാര്യങ്ങള്‍ ഇങ്ങനെത്തന്നെ തുടര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ദയനീയമായ പരീക്ഷണങ്ങളിലൊന്നായി ചരിത്രം സി.പി.എമ്മിനെ വിലയിരുത്തും.

Wednesday, September 22, 2010

വോട്ട്‌ ബഹിഷ്‌കരണം പരിഹാരമല്ല

ഓരോ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോഴും സീറ്റ്‌ വിഭജനവും മുന്നണി തര്‍ക്കങ്ങളും പഴി പറച്ചിലുകളുമായി ആഘോഷം പൊടിപൊടിക്കും. ജനങ്ങളോ അവന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകാറുണ്ട്‌. അടിസ്ഥാന ജനവിഭാഗങ്ങള്‍ അഥവാ വോട്ട്‌ കുത്തേണ്ട ഭൂരിപക്ഷം ചിന്തിക്കുന്നത്‌ എന്താണെന്ന്‌ ചികഞ്ഞെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ മെനക്കെടാറില്ല. അതല്ലെങ്കില്‍ ആ ജനങ്ങളുടെ ചിന്തകളില്‍പോലും കക്ഷിരാഷ്ട്രീയത്തിന്‌ സ്വന്തം അജണ്ടകളുടെ സ്വാധീനം ഉറപ്പിച്ചെടുക്കാന്‍ സാധിക്കുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ പലയിടത്തായി പൊട്ടിപ്പുറപ്പെടുന്ന വോട്ട്‌ ബഹിഷ്‌കരണമെന്ന പുതിയ ഭീഷണിയെ ചെറുതായി കാണാനാവില്ല. ഇതൊരു ട്രെന്റായി മാറുകയും നിര്‍മാണ പ്രക്രിയകള്‍ക്ക്‌ ഇടങ്കോലിടുകയും ചെയ്യുമ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ശ്രദ്ധ തീര്‍ച്ചയായും ഈ വഴിക്ക്‌ തിരിയുന്നത്‌ നന്നായിരിക്കും. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ്‌ സംസ്ഥാനത്ത്‌ ജനകീയ സമരങ്ങളില്‍ പലതും രൂപമെടുക്കുന്നത്‌. രാഷ്ട്രീയക്കാര്‍ ജനങ്ങളില്‍നിന്ന്‌ അകലുകയോ ജനങ്ങള്‍ രാഷ്ട്രീയക്കാരില്‍നിന്ന്‌ അകലുകയോ ചെയ്യുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. കാരണം രണ്ടിലേതായാലും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്‌. ഞെളിയന്‍പറമ്പിലെയും ലാലൂരിലെയും ചക്കുംകണ്ടത്തിന്റെയും മാലിന്യപ്രശ്‌നങ്ങള്‍ മുതല്‍ ഹൈവേ വികസനത്തിനുവേണ്ടി കുടിയിറക്കപ്പെടുന്നവര്‍വരെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിക്കു പുറകില്‍ നിന്നുകൊണ്ടല്ല സമരം ചെയ്യുന്നത്‌. കിനാലൂരില്‍ കണ്ടതും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായിരുന്നില്ല. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതീക്ഷകള്‍ അവസാനിക്കുമ്പാഴുള്ള അതിജീവന മോഹമാണ്‌ നേതൃത്വമോ കാര്യമായ സംഘാടനമോ ഇല്ലാതെ തെരുവിലിറങ്ങാന്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും നിര്‍ബന്ധിതരാക്കുന്നത്‌. എല്ലാവിധത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളും പരാജയപ്പെടുമ്പാഴാവാം വികസനത്തിന്റെ ഇരകള്‍ തന്റെ ഉള്ളിലെ മനുഷ്യനെന്ന അസ്‌തിത്വത്തെ കുടഞ്ഞെടുക്കുന്നത്‌. സ്വന്തം കിടപ്പാടവും ജീവിക്കാനുള്ള സാഹചര്യവും ഇല്ലാതാകുമ്പോഴാണ്‌ അതിജീവനത്തിനുള്ള കുതറലുകള്‍ സംഭവിക്കുന്നത്‌. ചെങ്ങറയിലും അട്ടപ്പാടിയിലും വയനാട്ടിലും ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരങ്ങള്‍ വിരല്‍ചൂണ്ടുന്നതും മറ്റൊരു ദിശയിലേക്കല്ല. കൊട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളെല്ലാം കുമിളകളായി അവശേഷിക്കുകയും കുടിയിറക്കപ്പെടുന്നവര്‍ നെടുവീര്‍പ്പുകളുമായി കാലം കഴിക്കുകയും ചെയ്യുമ്പോള്‍ ആര്‍ക്കുവേണ്ടിയായിരുന്നു ഇതെല്ലാം എന്ന ചോദ്യം ബാക്കിയാവുന്നു. ചെങ്ങറ ഭൂസമരം അവസാനിപ്പിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പ്രഖ്യാപിച്ച പാക്കേജുകളും ഇപ്പോള്‍ നീര്‍ക്കുമിളകളായി മാറുകയാണ്‌. പട്ടയം കിട്ടിയവര്‍ കുടില്‍ വെക്കാന്‍ ചെല്ലുമ്പോള്‍ ഭൂമിയില്ലാത്ത അവസ്ഥ. സര്‍ക്കാര്‍ നല്‍കിയ ഭൂമി മറ്റാരുടേതോ ആണെന്നറിയുമ്പോള്‍ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ആദിവാസികള്‍ ആരെയാണ്‌ വിശ്വസിക്കേണ്ടത്‌? ചെങ്ങറയില്‍നിന്ന്‌ ഭൂമി കിട്ടുമെന്ന്‌ കരുതി അട്ടപ്പാടി മല കയറിയരില്‍ പലരും ദുരിതത്തിലാണ്‌. രണ്ടാം ഭൂ പ്രക്ഷോഭത്തിന്‌ ഇവിടെ ചെങ്ങറക്കാര്‍ വീണ്ടും ഒരുങ്ങിക്കഴിഞ്ഞു. അട്ടപ്പാടി കോട്ടത്തറ വില്ലേജിലുള്‍പ്പെട്ട നല്ലശിങ്കയിലെ 1819 നമ്പറിലുള്ള 25ഏക്കറോളം ഭൂമിയാണ്‌ സര്‍ക്കാര്‍ ചെങ്ങറയിലെ 55 കുടുംബങ്ങള്‍ക്ക്‌ പതിച്ചുനല്‍കിയത്‌. എന്നാല്‍ ഇതേ നമ്പറില്‍ 1999 ല്‍ 142 ആദിവാസി കുടുംബങ്ങള്‍ക്കും നേരത്തെ ഇവിടെ ഭൂമി നല്‍കിയിട്ടുണ്ട്‌. ആദിവാസികള്‍ക്ക്‌ നല്‍കിയ ഭൂമി ഏത്‌ ഭാഗത്താണെന്ന്‌ തീരുമാനിക്കാത്തതിനാല്‍ ചെങ്ങറക്കാര്‍ക്ക്‌ നല്‍കിയ ഭൂമി തങ്ങളുടേതാണെന്നവകാശപ്പെട്ട്‌ ആദിവാസികളും ഈ നമ്പറില്‍ ഭൂമിയുണ്ടെന്നവകാശപ്പെട്ട്‌ തമിഴ്‌്‌നാടുസ്വദേശികളും കാറ്റാടി കമ്പനിയുടമകളും പട്ടയവുമായി രംഗത്തെത്തുന്നു. എല്ലാവരുടെ കൈയിലുമുണ്ട്‌ പട്ടയം. ഇല്ലാത്തത്‌ ഭൂമിയാണ്‌. വാസയോഗ്യമല്ലാത്ത ആനത്താരയിലേക്ക്‌ ചെങ്ങറ പട്ടയ ഉടമകളെ മാറ്റാനാണ്‌ സര്‍ക്കാര്‍ ശ്രമം. ഇതില്‍ പ്രതിഷേധിച്ചാണ്‌ ചെങ്ങറ സമരക്കാര്‍ രണ്ടാം ഭൂപ്രക്ഷോഭത്തിനൊരുങ്ങിയത്‌. ആഘോഷങ്ങളോടെ വിതരണം ചെയ്‌ത പട്ടയവുമായി അട്ടപ്പാടിയിലെത്തിയപ്പോഴാണ്‌ സര്‍ക്കാര്‍ തങ്ങളെ ചതിച്ചുവെന്ന സത്യം അവര്‍ക്ക്‌ ബോധ്യമായത്‌. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലയിടങ്ങളിലായി പല തരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അരുക്കാക്കല്‍ പ്രക്രിയയാണ്‌. വികസനത്തിന്റെ ഇരകള്‍ എല്ലായിടത്തും ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നതാണ്‌ മറ്റൊരു വിരോധാഭാസം. പാവപ്പെട്ടവന്റെ വിയര്‍പ്പിന്‌ വില പറഞ്ഞ്‌ അധികാരസ്ഥാനങ്ങള്‍ പിടിച്ചടക്കിയവര്‍ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന്‌ അടിസ്ഥാന ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ചെങ്ങറയില്‍ സമരം ചെയ്‌തവരെ ഹാരിസണ്‍സ്‌ കമ്പനി മുതലാളിയുടെ തോളോടൊപ്പം നിന്ന്‌ അടിച്ചൊതുക്കാനാണ്‌ സി.പി.എം ശ്രമിച്ചത്‌. ബ്രിട്ടീഷുകാരന്റെ കാലത്ത്‌ രൂപപ്പെടുത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമം (1894) തന്നെയാണ്‌ ഭേദഗതികളില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത്‌ എന്ന കാര്യം മാത്രം മതി ഭരണകൂടങ്ങള്‍ ഭൂ പ്രശ്‌നത്തോട്‌ സ്വീകരിച്ചുവരുന്ന സമീപനത്തിന്റെ ആഴമളക്കാന്‍. വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കല്‍ കേരളീയനെ പഠിപ്പിച്ചതാണ്‌. അവിടെയും പ്രതിസ്ഥാനത്ത്‌ പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്‌ കണക്ടിവിറ്റിക്കായി കുടിയിറക്കപ്പെട്ട മൂലമ്പള്ളി നിവാസികള്‍ക്ക്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാസയോഗ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാറിനായില്ല എന്നത്‌ നമ്മുടെ പുനരധിവാസ പദ്ധതികളുടെ പരിഹാസ്യതയെ വിളിച്ചോതുന്നു. ഇടതുപക്ഷം വികസനത്തിനുവേണ്ടി ഇടിച്ചുനിരത്തിയ കണക്കില്‍ പശ്ചിമബംഗാളിലെ ഹൈവേ വികസനവും ഉള്‍പ്പെടും. അവിടെ കുടിയിറക്കപ്പെട്ട നൂറുകണക്കിനാളുകളാണ്‌ സകലതും നഷ്ടപ്പെട്ട്‌ ജീവിക്കാന്‍വേണ്ടി കേരളത്തില്‍ കൂലിപ്പണിക്കെത്തുന്നത്‌. വികസനത്തിന്റെ പേരില്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ്‌ മാവോ വാദികള്‍ക്ക്‌ അവിടെ വേരുറപ്പിക്കാന്‍ അവസരമൊരുക്കിയത്‌. സിംഗൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷത്തിന്റെ വികസനനയങ്ങളുടെ രൗദ്രഭാവങ്ങളെ ലോകം കണ്ടു. ഒറീസയിലെയും ആന്ധ്രയിലെയും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും വികസനത്തിന്റെ ഇരകള്‍/ നഗരവല്‍ക്കരണത്തിന്റെ ഇരകള്‍ അക്രമത്തിന്റെ പാതയിലേക്ക്‌ വഴിമാറിക്കൊണ്ടിരിക്കുകയാണ്‌. രാഷ്ട്രീയക്കാര്‍ക്ക്‌ പകരം അവരെ സഹായിക്കുന്നത്‌ മാവോയിസ്‌റ്റുകളും നക്‌സലുകളുമാണെങ്കില്‍ ആരുടെ മേലാണ്‌ നമ്മള്‍ കുറ്റം ചാര്‍ത്തേണ്ടത്‌? രാഷ്ട്രത്തിന്റെ നട്ടെല്ല്‌ ജനങ്ങളാണെങ്കില്‍ ആ ജനങ്ങള്‍ക്കുവേണ്ടിയാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ രാഷ്ട്രീയക്കാര്‍ക്ക്‌ ബോധ്യമുണ്ടാവുകയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കുകയും വേണം. ഞെളിയന്‍പറമ്പ്‌ മുതല്‍ ചക്കുംകണ്ടം വരെയുള്ള മാലിന്യപ്രശ്‌നങ്ങളിലും രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ശരിയായ ദിശയിലല്ല. ജീവിതം മാലിന്യത്തില്‍ മുങ്ങുമ്പോള്‍ വെള്ളപ്പൊക്കംപോലുള്ള ദുരന്തങ്ങള്‍ വരുന്ന പോലെ ഒരു പ്രദേശത്തെ ഉളളവനും ഇല്ലാത്തവനുമെല്ലാം ഇരകളാകുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പാലിറ്റിയുടെ കൊള്ളരുതായ്‌മയാണ്‌ ഗുരുവായൂരിലെ മാലിന്യപ്രശ്‌നത്തെ രൂക്ഷമാക്കിയത്‌. മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണമെന്ന സാമാന്യനിയമത്തെ അട്ടിമറിച്ചുകൊണ്ടാണ്‌ ഗുരുവായൂര്‍ നഗരത്തിലെ മുന്നൂറോളം സ്ഥാപനങ്ങളില്‍നിന്ന്‌ മാലിന്യകൂമ്പാരം ചക്കുംകണ്ടം കായലിലേക്ക്‌ ഒഴുകുന്നത്‌. മാലിന്യമുണ്ടെങ്കില്‍ സംസ്‌കരണ പ്ലാന്റ്‌ ചക്കുംകണ്ടത്താവാം എന്നതാണ്‌ പദ്ധതി. എന്നാല്‍ നഗരത്തിന്റെ മലവും മൂത്രവും പേറാനുള്ളതല്ല തങ്ങളുടെ ഗ്രാമമെന്നാണ്‌ കുടിവെള്ളം മുട്ടിപ്പോയ ചക്കുംകണ്ടത്തുകാരുടെ വാദം. അവിടെയും രാഷ്‌ട്രീയഭേദമില്ലാതെ ജനങ്ങള്‍ തങ്ങളെ ബാധിക്കുന്ന പൊതുവികാരത്തിനുവേണ്ടി ഒന്നിക്കുന്നു. സ്ഥിരം പൊറാട്ടുനാടകങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്‌ മാലിന്യപ്രശ്‌നം പേറുന്ന പ്രദേശങ്ങളുടെ ദുരിതങ്ങളാണ്‌. പതിറ്റാണ്ടുകളുടെ സമരത്തിനൊടുവിലും അവര്‍ക്ക്‌ നീതി കിട്ടാതെയാവുന്നു. നിരവധി വേദനകള്‍ക്കൊടുവിലും കൊടുമയേറിയ മുറിവുകള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെ പോയാല്‍ നഗരവല്‍കരണത്തിന്റെ ഇരകളെ മനുഷ്യരെന്ന കണക്കെടുപ്പില്‍ നിന്നുപോലും അകറ്റുന്ന കാലം വിദൂരമല്ലെന്ന്‌ ചക്കംകണ്ടവും ഞെളിയന്‍പറമ്പും ലാലൂരുമെല്ലാം മനുഷ്യസ്‌നേഹികളെ ഭയപ്പെടുത്തുകയാണ്‌. രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ അരാഷ്ട്രീയവാദികളാവുന്നു എന്ന്‌ വിലപിച്ചിട്ട്‌ കാര്യമില്ല. പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരവും പരിഹാരം ലളിതവുമാണ്‌. എന്നാല്‍ പരിഹാരവും ഗുരുതരമാണ്‌ എന്ന മട്ടിലാണ്‌ പ്രചാരണം നടക്കുന്നത്‌. പരിഹാരം ഏതെങ്കിലും മാഫിയക്ക്‌ എതിരാവുമ്പോഴാണ്‌ ഗുരുതരമാകുന്നത്‌. തെരഞ്ഞെടുപ്പില്‍ പങ്കാളികളാവില്ല എന്ന ഇക്കൂട്ടരുടെ പ്രഖ്യാപനം അതിലേറെ അപകടം പിടിച്ചതാണ്‌. ജനാധിപത്യപ്രക്രിയയില്‍നിന്ന്‌ പുറംതിരിഞ്ഞുനിന്നാല്‍ പ്രശ്‌്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസം ശരിയല്ല. രാഷ്ട്രീയകക്ഷികളുടെയും ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കാതെ ഏതെങ്കിലും വിധത്തിലുള്ള പരിഹാരം സാധ്യമാകും എന്നു വിചാരിക്കുന്നത്‌ ജനാധിപത്യനിഷേധവും അബദ്ധവുമാണ്‌. ജനങ്ങള്‍ക്ക്‌ സര്‍വാധിപത്യമുള്ള ഒരു രാജ്യത്ത്‌ ചില കോക്കസുകളുടെയും മാഫിയകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ മേല്‍ക്കൈ ലഭിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ടത്‌ ജനാധിപത്യപ്രക്രിയയില്‍നിന്ന്‌ വിഭജിച്ചുനിന്നിട്ടല്ല. അതില്‍ പങ്കെടുത്തുകൊണ്ടാണ്‌. വോട്ട്‌ ബഹിഷ്‌കരണമെന്ന ഭീഷണി വരുന്നതോടെ രാഷ്ട്രീയക്കാര്‍ ആ ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കാത്ത അവസ്ഥ സംഭവിക്കുകയും പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളായി തന്നെ അവശേഷിക്കുകയും ചെയ്യും. വികസനത്തിന്റെ ഇരകള്‍ സാധാരണപൗരന്മാരുടെ കൂടെനിന്നുകൊണ്ടും അവരുടെ പിന്തുണ നേടിക്കൊണ്ടും സമരം തുടരുകയാണ്‌ വേണ്ടത്‌. ജീവിതത്തില്‍നിന്ന്‌ തങ്ങളെ അകറ്റുന്ന ശക്തികള്‍ക്കെതിരെ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ഉറവിടങ്ങളെ ഉപയോഗിച്ച്‌ പോരാടാന്‍ സാധിക്കണം. അതിനുമപ്പുറത്തുള്ള പിടച്ചിലുകള്‍ ഫലം ചെയ്യില്ലെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌. ജനാധിപത്യത്തില്‍നിന്ന്‌ വിട്ടുനില്‍ക്കുമ്പോള്‍ ജീവിതത്തില്‍നിന്നുതന്നെയാണ്‌ വിട്ടുനില്‍ക്കുന്നതെന്ന്‌ കരുതണം. വികസനത്തിന്റെ ഇരകള്‍ പുതിയ വഴികള്‍ തേടുകയാണ്‌. ഒരു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക്‌ യാതൊരു രൂപവും കിട്ടിയിട്ടില്ല. ആ രൂപം നിശ്ചയിച്ചുകൊടുക്കേണ്ടത്‌ മനുഷ്യസ്‌നേഹമുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെ ബാധ്യതയാണ്‌. പ്രതിരോധങ്ങള്‍ ജനാധിപത്യസഹജമാകുമ്പോള്‍ പരിഹാരത്തിലും ആ ഉദ്ദേശ്യശുദ്ധി പ്രതിഫലിക്കും.