Saturday, April 23, 2011

അണ്ണാ ഹസാരെയുടെ വിജയവും ഇറോം ശര്‍മ്മിളയുടെ കാത്തിരിപ്പും








അണ്ണാ ഹസാരെ ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്ന മുല്ലപ്പൂവായിരുന്നില്ല. കാലങ്ങളാല്‍ ഉരുക്കിയെടുത്ത ഗാന്ധിയന്‍ ചിന്തയുടെ തപം ആ വാക്കിലും നോക്കിലുമുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തെ അഴിമതിക്കഥകള്‍ കണ്ടും കേട്ടും മടുത്ത കോടിക്കണക്കിന്‌ ഇന്ത്യക്കാര്‍ക്ക്‌ രണ്ടാം ഗാന്ധിയെ ലഭിച്ച ആഹ്ലാദം. സ്വത്വചിന്തകളുടെ കാലം കഴിഞ്ഞെന്നും പ്രായോഗികരാഷ്ട്രീയത്തിന്റെ നിഘണ്ടുവില്‍ ഒത്തുതീര്‍പ്പുകള്‍ക്കല്ലാതെ സമരത്തിന്‌ പ്രസക്തിയില്ലെന്നും കരുതിയിരുന്ന അരാഷ്ട്രീയ ബുദ്ധിജീവികളെപ്പോലും തെരുവിലിറക്കിയ സമരം. അഴിമതിയില്ലാത്ത രാജ്യം സ്വപ്‌നം കാണുന്ന ഭാരതീയന്റെ അത്യാഗ്രഹത്തിന്റെ ബലത്തിലാണ്‌ ഹസാരെയുടെ സമരം വിജയിച്ചത്‌. എന്നാല്‍, കേന്ദ്രമന്ത്രി കപില്‍ സിബലിനെ വിമര്‍ശിക്കുന്നതിനിടെ നരേന്ദ്രമോഡിയുടെ ഗ്രാമവികസനത്തെ പ്രശംസിച്ചത്‌ അണ്ണാ ഹസാരെയുടെ ജനപ്രീതിക്ക്‌ ഇടിച്ചിലുണ്ടാക്കിയിരിക്കുകയാണ്‌. ഭാരതത്തിന്റെ മതേതര മനസ്സിനെ ക്രൂരമായി മുറിവേല്‍പ്പിച്ച മോഡിയുടെ മോടികൂട്ടലുകള്‍ കപടമാണെന്ന്‌ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്‌ സാധിക്കാതെപോയി എന്നത്‌ മതേതര വിശ്വാസികളെ അത്ഭുതപ്പെടുത്തുന്നു.
ഇന്ത്യ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്‌ എടുത്തെറിയപ്പെട്ട നാല്‍പതുകളിലാണ്‌ ഹസാരെയുടെ കുട്ടിക്കാലം. മഹാരാഷ്ട്രയിലെ അഹമ്മദ്‌ നഗര്‍ ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിന്റെ സന്തതി. പഠിക്കേണ്ട കാലത്ത്‌ പൂക്കള്‍ വിറ്റ്‌ ഉപജീവനം. 1962ല്‍ ഇന്ത്യ- ചൈന യുദ്ധകാലത്ത്‌ ട്രക്ക്‌ ഡ്രൈവറായി സൈന്യത്തില്‍. സമ്പാദ്യമെല്ലാം ഗ്രാമത്തിന്റെ വികസനത്തിന്‌ നീക്കിവെച്ചു. ഗാന്ധിയന്‍ മാതൃകയില്‍ ഗ്രാമത്തെ പുനരുദ്ധരിച്ചു. കൃഷിയും ജലസേചനവുമൊരുക്കി. കിഷന്‍ബാബു റാവു ഹസാരെ അണ്ണാ ഹസാരെയായി. വിവരാവകാശ നിയമം നടപ്പില്‍ വരുന്നതിന്‌ പ്രക്ഷോഭം നയിച്ചു. 1991ല്‍ അഴിമതി വിരുദ്ധ ജനകീയപ്രക്ഷോഭം മഹാരാഷ്ട്രയിലെങ്ങും വേരുപിടിച്ചു. 90ല്‍ പത്മശ്രീയും 92ല്‍ പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു.
ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ഏപ്രില്‍ 5 മുതല്‍ അദ്ദേഹം ആരംഭിച്ച സമരത്തിന്‌ രാജ്യമൊന്നാകെ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. നാടെങ്ങും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ പ്രകടനങ്ങള്‍ നടന്നു. ഇന്റര്‍നെറ്റിലെ സൗഹൃദ വെബ്‌സൈറ്റുകളില്‍ ഹസാരെയെ പിന്തുണച്ച്‌ ലക്ഷങ്ങള്‍ രംഗത്തുവന്നു. കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാര്‍ അനുഭാവത്തോടെയാണ്‌ സമരത്തെ പരിഗണിച്ചത്‌. അണ്ണാ ഹസാരെയുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച സര്‍ക്കാര്‍ അടുത്ത സമ്മേളനത്തില്‍ ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കുമെന്ന്‌ ഉറപ്പു നല്‍കിയതോടെ ഏപ്രില്‍ 9ന്‌ സമരം അവസാനിപ്പിച്ചു.
ഹസാരെയുടെ ഈ വിജയത്തെ ആഘോഷിക്കുമ്പോള്‍ രാജ്യം മറന്നുപോകുന്ന ഒരു പേരുണ്ട്‌. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിളയുടേത്‌. ഇന്ത്യയിലെ മനുഷ്യസ്‌നേഹികള്‍ മാത്രമല്ല, ലോകത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഏറ്റെടുക്കുകയും പ്രചാരം കൊടുക്കുകയും ചെയ്‌ത സമരമാണ്‌ ഇറോം ശര്‍മ്മിളയുടേത്‌. കവയത്രി. സാമൂഹികപ്രവര്‍ത്തക, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളിലെല്ലാം ലോകമറിയുന്നവള്‍. ഗാന്ധിയന്‍ മാതൃകയിലുള്ള നിരാഹാര സമരം തന്നെ. എന്നിട്ടും അണ്ണാ ഹസാരെ ഊതിവിട്ട കൊടുങ്കാറ്റ്‌ എന്തുകൊണ്ട്‌ ഇറോം ശര്‍മ്മിളയുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല എന്ന അന്വേഷണത്തിലാണ്‌ മനുഷ്യാവകാശപ്രവര്‍ത്തകര്‍. അഴിമതി എല്ലാവരെയും ബാധിക്കുന്ന കാര്യമാകുന്നതുകൊണ്ടോ..? മണിപ്പൂരിലെ മനുഷ്യാവകാശലംഘനങ്ങള്‍ ആ ജനതെയ മാത്രം ബാധിക്കുന്ന കാര്യമായതുകൊണ്ടോ? അണ്ണാ ഹസാരെ ഗാന്ധിയനായി പേരെടുത്ത ആളായതുകൊണ്ടോ? ആ ജീവന്റെ വില ഇറോം ശര്‍മ്മിളക്ക്‌ ഇല്ലാത്തതുകൊണ്ടോ..?
ഇന്ത്യന്‍ സായുധ സേനക്ക്‌ മണിപ്പൂരില്‍ നല്‍കിയ പ്രത്യേക അധികാരങ്ങള്‍ക്കെതിരെ രണ്ടായിരാമാണ്ട്‌ നവംബര്‍ 4 മുതല്‍ ഈ പെണ്‍കുട്ടി സമരം ചെയ്യുന്നതിന്റെ പിന്നിലെ വികാരമെന്ത്‌? ചരിത്രത്തിലേക്ക്‌ ഒരു നടുക്കത്തോടെ തിരിഞ്ഞുനോക്കിയിട്ടല്ലാതെ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാവില്ല. 1958 ലാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ ഈ നിയമം പാസ്സാക്കിയത്‌. പ്രശ്‌നബാധിത പ്രദേശങ്ങളെന്ന പേരില്‍ അരുണാചല്‍പ്രദേശ്‌, മിസോറാം, മണിപ്പൂര്‍, ആസ്സാം, നാഗാലാന്റ്‌, ത്രിപുര എന്നിവിടങ്ങളില്‍ സൈന്യത്തിന്‌ പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നതായിരുന്നു നിയമം. പിന്നീട്‌ 1990ല്‍ ജമ്മു കാശ്‌മീരിനും ഈ നിയമം ബാധകമാക്കി. ആരെ എപ്പോള്‍ വേണമെങ്കിലും സൈന്യത്തിന്‌ അറസ്‌റ്റ്‌ ചെയ്യാം, തടവിലിടാം. സംശയത്തിന്റെ പേരില്‍ ഏതു വീട്ടിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. അരിച്ചുപെറുക്കാം. ഈ അധികാരങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായി. നിയമം അങ്ങനെയായതിനാല്‍ ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതി. സ്‌ത്രീകളുടെ മാനത്തിനും മനുഷ്യന്റെ ജീവനും വിലയില്ലാതായി. സ്വാഭാവികമായ പ്രതികരണങ്ങള്‍ പോലും ചോരപ്പുഴയൊഴുക്കി.
1972ലാണ്‌ ഈ സമരനായികയുടെ ജനനം. കവിതയെഴുതുന്ന ഒരു മണിപ്പൂരി പെണ്‍കുട്ടി. പത്രപ്രവര്‍ത്തനമാണ്‌ അവള്‍ തെരഞ്ഞെടുത്ത മേഖല. ഇംഫാല്‍ ഹ്യൂമണ്‍ റൈറ്റ്‌സ്‌ അലര്‍ട്ടില്‍ കോഴ്‌സിന്റെ ഭാഗമായി ഇറോം ശര്‍മ്മിള ഇന്റേണ്‍ഷിപ്പ്‌ ചെയ്‌തുകൊണ്ടിരിക്കെയായിരുന്നു ആ സംഭവം. ഒരു തണുത്ത നവംബര്‍ മാസത്തില്‍ മാലോമില്‍ ബസ്സു കാത്തു നില്‍ക്കുകയായിരുന്ന പത്തു പേരെ ഒരു കാരണവുമില്ലാതെ ആസ്സാം റൈഫിള്‍സ്‌ വെടിവെച്ചു കൊന്നു. രാജ്യം ഞെട്ടിയ കൂട്ടക്കൊല. കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ അവാര്‍ഡ്‌ നേടിയ സിനം ചന്ദ്രമാണി എന്ന പെണ്‍കുട്ടിയും കൂട്ടക്കൊലയില്‍ വെടിയുണ്ടയേറ്റു വാങ്ങി. മണിപ്പൂരിലും അയല്‍ സംസ്ഥാനങ്ങളിലും പിന്നീടുള്ള ദിവസങ്ങള്‍ സൈന്യത്തിനെതിരായ യുദ്ധത്തിന്റേതായിരുന്നു. ഈ കരിനിയമം എടുത്തുകളയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിന്‌ മരണം വരെ നിരാഹാരം കിടക്കാന്‍ തീരുമാനിക്കുന്നതോടെയാണ്‌ ഇറോം ശര്‍മ്മിള ശ്രദ്ധേയയാകുന്നത്‌. ആത്മഹത്യാശ്രമത്തിന്‌ കേസെടുത്ത പോലീസ്‌ മൂക്കില്‍ക്കൂടി ട്യൂബിട്ട്‌ ബലമായി ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുകയാണ്‌. എല്ലാ പ്രതികരണങ്ങളെയും നീര്‍ക്കുമിളകളാക്കി പത്തു വര്‍ഷമായി പോലീസ്‌ കസ്‌റ്റഡിയില്‍. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നക്‌സല്‍, ഉള്‍ഫ, മാവോയിസ്‌റ്റ്‌ തീവ്രവാദികള്‍ വേരുപിടിക്കുന്നത്‌ യാതനകളില്‍നിന്ന്‌ രക്ഷ പ്രതീക്ഷിക്കുന്ന സാധാരണക്കാരുടെ പിന്തുണയിലാണ്‌. മനോരമ ദേവിയെന്ന സ്‌ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത സൈനികര്‍ക്കെതിരെ ` ഞങ്ങളെയും ബലാത്സംഗം ചെയ്യൂ` എന്ന മുദ്രാവാക്യവുമായി സമരം ചെയ്‌ത 30 വീട്ടമ്മമാരെ 3 മാസമാണ്‌ പോലീസ്‌ ജയിലിലടച്ചത്‌.
ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ അണ്ണാ ഹസാരെയെ ചരിത്രസംഭവമാക്കിയെങ്കില്‍, ഇറോം ശര്‍മ്മിളയുടെ സമരത്തിന്‌ ഇപ്പോഴും വേണ്ടത്ര പൊതുജന പിന്തുണ ലഭിച്ചിട്ടില്ല. കാശ്‌മീരിലടക്കം മനുഷ്യാവകാശലംഘനങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ജനതയുടെ പ്രതീകമാണ്‌ ഇറോം ശര്‍മ്മിള. ആ സമരം ഒരു ദശകം പിന്നിട്ടിട്ടും ലോകം മുഴുവന്‍ ഏറ്റെടുത്തിട്ടും അനുകൂലമായി പ്രതികരിക്കാന്‍ ഭരണകൂടത്തിന്‌ ഇതുവരെ സാധിച്ചിട്ടില്ല എന്നത്‌ അണ്ണാഹസാരെയുടെ വിജയവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ മനുഷ്യസ്‌നേഹികളെ അമ്പരപ്പിക്കുന്നു. രാജ്യത്തിന്റെ വിഭവങ്ങളിലേക്ക്‌ കടന്നുകയറാന്‍ ആഗ്രഹിക്കുന്ന ഇടത്‌- വലത്‌ തീവ്രവാദികള്‍ക്ക്‌ ഊര്‍ജ്ജവും ഉത്തേജനവും നല്‍കാനല്ലാതെ ഈ മൗനം സഹായകമാവുകയില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന്‌ പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ച മാവോയിസം, നക്‌സലിസം, ഉള്‍ഫ തീവ്രവാദ വിഭാഗങ്ങളെ പശ്ചിമബംഗാളിലടക്കം പിന്തുണക്കുന്നത്‌ ആദിവാസികളും സാധാരണക്കാരുമാണ്‌. സായുധ പരിഹാരത്തിനുള്ള ആഹ്വാനങ്ങള്‍ എന്നതിനുമപ്പുറം പ്രശ്‌നങ്ങളെ വേരോടെ പിഴുതെറിയാന്‍ പര്യാപ്‌തമായ ചികിത്സകളൊന്നും ഇവിടങ്ങളില്‍ സംഭവിക്കുന്നില്ല. അണ്ണാ ഹസാരെയെ ഏറ്റെടുത്തവര്‍ രാജ്യത്ത്‌ ഇങ്ങനെയൊരു പെണ്‍കുട്ടികൂടി ഒരു പീഡിതജനതയുടെ പ്രതിനിധിയായി പരിഹാരത്തിന്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌.