Wednesday, September 22, 2010

വോട്ട്‌ ബഹിഷ്‌കരണം പരിഹാരമല്ല

ഓരോ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോഴും സീറ്റ്‌ വിഭജനവും മുന്നണി തര്‍ക്കങ്ങളും പഴി പറച്ചിലുകളുമായി ആഘോഷം പൊടിപൊടിക്കും. ജനങ്ങളോ അവന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകാറുണ്ട്‌. അടിസ്ഥാന ജനവിഭാഗങ്ങള്‍ അഥവാ വോട്ട്‌ കുത്തേണ്ട ഭൂരിപക്ഷം ചിന്തിക്കുന്നത്‌ എന്താണെന്ന്‌ ചികഞ്ഞെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ മെനക്കെടാറില്ല. അതല്ലെങ്കില്‍ ആ ജനങ്ങളുടെ ചിന്തകളില്‍പോലും കക്ഷിരാഷ്ട്രീയത്തിന്‌ സ്വന്തം അജണ്ടകളുടെ സ്വാധീനം ഉറപ്പിച്ചെടുക്കാന്‍ സാധിക്കുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ പലയിടത്തായി പൊട്ടിപ്പുറപ്പെടുന്ന വോട്ട്‌ ബഹിഷ്‌കരണമെന്ന പുതിയ ഭീഷണിയെ ചെറുതായി കാണാനാവില്ല. ഇതൊരു ട്രെന്റായി മാറുകയും നിര്‍മാണ പ്രക്രിയകള്‍ക്ക്‌ ഇടങ്കോലിടുകയും ചെയ്യുമ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ശ്രദ്ധ തീര്‍ച്ചയായും ഈ വഴിക്ക്‌ തിരിയുന്നത്‌ നന്നായിരിക്കും. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ്‌ സംസ്ഥാനത്ത്‌ ജനകീയ സമരങ്ങളില്‍ പലതും രൂപമെടുക്കുന്നത്‌. രാഷ്ട്രീയക്കാര്‍ ജനങ്ങളില്‍നിന്ന്‌ അകലുകയോ ജനങ്ങള്‍ രാഷ്ട്രീയക്കാരില്‍നിന്ന്‌ അകലുകയോ ചെയ്യുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. കാരണം രണ്ടിലേതായാലും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്‌. ഞെളിയന്‍പറമ്പിലെയും ലാലൂരിലെയും ചക്കുംകണ്ടത്തിന്റെയും മാലിന്യപ്രശ്‌നങ്ങള്‍ മുതല്‍ ഹൈവേ വികസനത്തിനുവേണ്ടി കുടിയിറക്കപ്പെടുന്നവര്‍വരെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിക്കു പുറകില്‍ നിന്നുകൊണ്ടല്ല സമരം ചെയ്യുന്നത്‌. കിനാലൂരില്‍ കണ്ടതും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായിരുന്നില്ല. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതീക്ഷകള്‍ അവസാനിക്കുമ്പാഴുള്ള അതിജീവന മോഹമാണ്‌ നേതൃത്വമോ കാര്യമായ സംഘാടനമോ ഇല്ലാതെ തെരുവിലിറങ്ങാന്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും നിര്‍ബന്ധിതരാക്കുന്നത്‌. എല്ലാവിധത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളും പരാജയപ്പെടുമ്പാഴാവാം വികസനത്തിന്റെ ഇരകള്‍ തന്റെ ഉള്ളിലെ മനുഷ്യനെന്ന അസ്‌തിത്വത്തെ കുടഞ്ഞെടുക്കുന്നത്‌. സ്വന്തം കിടപ്പാടവും ജീവിക്കാനുള്ള സാഹചര്യവും ഇല്ലാതാകുമ്പോഴാണ്‌ അതിജീവനത്തിനുള്ള കുതറലുകള്‍ സംഭവിക്കുന്നത്‌. ചെങ്ങറയിലും അട്ടപ്പാടിയിലും വയനാട്ടിലും ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരങ്ങള്‍ വിരല്‍ചൂണ്ടുന്നതും മറ്റൊരു ദിശയിലേക്കല്ല. കൊട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളെല്ലാം കുമിളകളായി അവശേഷിക്കുകയും കുടിയിറക്കപ്പെടുന്നവര്‍ നെടുവീര്‍പ്പുകളുമായി കാലം കഴിക്കുകയും ചെയ്യുമ്പോള്‍ ആര്‍ക്കുവേണ്ടിയായിരുന്നു ഇതെല്ലാം എന്ന ചോദ്യം ബാക്കിയാവുന്നു. ചെങ്ങറ ഭൂസമരം അവസാനിപ്പിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പ്രഖ്യാപിച്ച പാക്കേജുകളും ഇപ്പോള്‍ നീര്‍ക്കുമിളകളായി മാറുകയാണ്‌. പട്ടയം കിട്ടിയവര്‍ കുടില്‍ വെക്കാന്‍ ചെല്ലുമ്പോള്‍ ഭൂമിയില്ലാത്ത അവസ്ഥ. സര്‍ക്കാര്‍ നല്‍കിയ ഭൂമി മറ്റാരുടേതോ ആണെന്നറിയുമ്പോള്‍ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ആദിവാസികള്‍ ആരെയാണ്‌ വിശ്വസിക്കേണ്ടത്‌? ചെങ്ങറയില്‍നിന്ന്‌ ഭൂമി കിട്ടുമെന്ന്‌ കരുതി അട്ടപ്പാടി മല കയറിയരില്‍ പലരും ദുരിതത്തിലാണ്‌. രണ്ടാം ഭൂ പ്രക്ഷോഭത്തിന്‌ ഇവിടെ ചെങ്ങറക്കാര്‍ വീണ്ടും ഒരുങ്ങിക്കഴിഞ്ഞു. അട്ടപ്പാടി കോട്ടത്തറ വില്ലേജിലുള്‍പ്പെട്ട നല്ലശിങ്കയിലെ 1819 നമ്പറിലുള്ള 25ഏക്കറോളം ഭൂമിയാണ്‌ സര്‍ക്കാര്‍ ചെങ്ങറയിലെ 55 കുടുംബങ്ങള്‍ക്ക്‌ പതിച്ചുനല്‍കിയത്‌. എന്നാല്‍ ഇതേ നമ്പറില്‍ 1999 ല്‍ 142 ആദിവാസി കുടുംബങ്ങള്‍ക്കും നേരത്തെ ഇവിടെ ഭൂമി നല്‍കിയിട്ടുണ്ട്‌. ആദിവാസികള്‍ക്ക്‌ നല്‍കിയ ഭൂമി ഏത്‌ ഭാഗത്താണെന്ന്‌ തീരുമാനിക്കാത്തതിനാല്‍ ചെങ്ങറക്കാര്‍ക്ക്‌ നല്‍കിയ ഭൂമി തങ്ങളുടേതാണെന്നവകാശപ്പെട്ട്‌ ആദിവാസികളും ഈ നമ്പറില്‍ ഭൂമിയുണ്ടെന്നവകാശപ്പെട്ട്‌ തമിഴ്‌്‌നാടുസ്വദേശികളും കാറ്റാടി കമ്പനിയുടമകളും പട്ടയവുമായി രംഗത്തെത്തുന്നു. എല്ലാവരുടെ കൈയിലുമുണ്ട്‌ പട്ടയം. ഇല്ലാത്തത്‌ ഭൂമിയാണ്‌. വാസയോഗ്യമല്ലാത്ത ആനത്താരയിലേക്ക്‌ ചെങ്ങറ പട്ടയ ഉടമകളെ മാറ്റാനാണ്‌ സര്‍ക്കാര്‍ ശ്രമം. ഇതില്‍ പ്രതിഷേധിച്ചാണ്‌ ചെങ്ങറ സമരക്കാര്‍ രണ്ടാം ഭൂപ്രക്ഷോഭത്തിനൊരുങ്ങിയത്‌. ആഘോഷങ്ങളോടെ വിതരണം ചെയ്‌ത പട്ടയവുമായി അട്ടപ്പാടിയിലെത്തിയപ്പോഴാണ്‌ സര്‍ക്കാര്‍ തങ്ങളെ ചതിച്ചുവെന്ന സത്യം അവര്‍ക്ക്‌ ബോധ്യമായത്‌. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലയിടങ്ങളിലായി പല തരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അരുക്കാക്കല്‍ പ്രക്രിയയാണ്‌. വികസനത്തിന്റെ ഇരകള്‍ എല്ലായിടത്തും ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നതാണ്‌ മറ്റൊരു വിരോധാഭാസം. പാവപ്പെട്ടവന്റെ വിയര്‍പ്പിന്‌ വില പറഞ്ഞ്‌ അധികാരസ്ഥാനങ്ങള്‍ പിടിച്ചടക്കിയവര്‍ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന്‌ അടിസ്ഥാന ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ചെങ്ങറയില്‍ സമരം ചെയ്‌തവരെ ഹാരിസണ്‍സ്‌ കമ്പനി മുതലാളിയുടെ തോളോടൊപ്പം നിന്ന്‌ അടിച്ചൊതുക്കാനാണ്‌ സി.പി.എം ശ്രമിച്ചത്‌. ബ്രിട്ടീഷുകാരന്റെ കാലത്ത്‌ രൂപപ്പെടുത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമം (1894) തന്നെയാണ്‌ ഭേദഗതികളില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത്‌ എന്ന കാര്യം മാത്രം മതി ഭരണകൂടങ്ങള്‍ ഭൂ പ്രശ്‌നത്തോട്‌ സ്വീകരിച്ചുവരുന്ന സമീപനത്തിന്റെ ആഴമളക്കാന്‍. വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കല്‍ കേരളീയനെ പഠിപ്പിച്ചതാണ്‌. അവിടെയും പ്രതിസ്ഥാനത്ത്‌ പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്‌ കണക്ടിവിറ്റിക്കായി കുടിയിറക്കപ്പെട്ട മൂലമ്പള്ളി നിവാസികള്‍ക്ക്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാസയോഗ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാറിനായില്ല എന്നത്‌ നമ്മുടെ പുനരധിവാസ പദ്ധതികളുടെ പരിഹാസ്യതയെ വിളിച്ചോതുന്നു. ഇടതുപക്ഷം വികസനത്തിനുവേണ്ടി ഇടിച്ചുനിരത്തിയ കണക്കില്‍ പശ്ചിമബംഗാളിലെ ഹൈവേ വികസനവും ഉള്‍പ്പെടും. അവിടെ കുടിയിറക്കപ്പെട്ട നൂറുകണക്കിനാളുകളാണ്‌ സകലതും നഷ്ടപ്പെട്ട്‌ ജീവിക്കാന്‍വേണ്ടി കേരളത്തില്‍ കൂലിപ്പണിക്കെത്തുന്നത്‌. വികസനത്തിന്റെ പേരില്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ്‌ മാവോ വാദികള്‍ക്ക്‌ അവിടെ വേരുറപ്പിക്കാന്‍ അവസരമൊരുക്കിയത്‌. സിംഗൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷത്തിന്റെ വികസനനയങ്ങളുടെ രൗദ്രഭാവങ്ങളെ ലോകം കണ്ടു. ഒറീസയിലെയും ആന്ധ്രയിലെയും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും വികസനത്തിന്റെ ഇരകള്‍/ നഗരവല്‍ക്കരണത്തിന്റെ ഇരകള്‍ അക്രമത്തിന്റെ പാതയിലേക്ക്‌ വഴിമാറിക്കൊണ്ടിരിക്കുകയാണ്‌. രാഷ്ട്രീയക്കാര്‍ക്ക്‌ പകരം അവരെ സഹായിക്കുന്നത്‌ മാവോയിസ്‌റ്റുകളും നക്‌സലുകളുമാണെങ്കില്‍ ആരുടെ മേലാണ്‌ നമ്മള്‍ കുറ്റം ചാര്‍ത്തേണ്ടത്‌? രാഷ്ട്രത്തിന്റെ നട്ടെല്ല്‌ ജനങ്ങളാണെങ്കില്‍ ആ ജനങ്ങള്‍ക്കുവേണ്ടിയാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ രാഷ്ട്രീയക്കാര്‍ക്ക്‌ ബോധ്യമുണ്ടാവുകയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കുകയും വേണം. ഞെളിയന്‍പറമ്പ്‌ മുതല്‍ ചക്കുംകണ്ടം വരെയുള്ള മാലിന്യപ്രശ്‌നങ്ങളിലും രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ശരിയായ ദിശയിലല്ല. ജീവിതം മാലിന്യത്തില്‍ മുങ്ങുമ്പോള്‍ വെള്ളപ്പൊക്കംപോലുള്ള ദുരന്തങ്ങള്‍ വരുന്ന പോലെ ഒരു പ്രദേശത്തെ ഉളളവനും ഇല്ലാത്തവനുമെല്ലാം ഇരകളാകുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പാലിറ്റിയുടെ കൊള്ളരുതായ്‌മയാണ്‌ ഗുരുവായൂരിലെ മാലിന്യപ്രശ്‌നത്തെ രൂക്ഷമാക്കിയത്‌. മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണമെന്ന സാമാന്യനിയമത്തെ അട്ടിമറിച്ചുകൊണ്ടാണ്‌ ഗുരുവായൂര്‍ നഗരത്തിലെ മുന്നൂറോളം സ്ഥാപനങ്ങളില്‍നിന്ന്‌ മാലിന്യകൂമ്പാരം ചക്കുംകണ്ടം കായലിലേക്ക്‌ ഒഴുകുന്നത്‌. മാലിന്യമുണ്ടെങ്കില്‍ സംസ്‌കരണ പ്ലാന്റ്‌ ചക്കുംകണ്ടത്താവാം എന്നതാണ്‌ പദ്ധതി. എന്നാല്‍ നഗരത്തിന്റെ മലവും മൂത്രവും പേറാനുള്ളതല്ല തങ്ങളുടെ ഗ്രാമമെന്നാണ്‌ കുടിവെള്ളം മുട്ടിപ്പോയ ചക്കുംകണ്ടത്തുകാരുടെ വാദം. അവിടെയും രാഷ്‌ട്രീയഭേദമില്ലാതെ ജനങ്ങള്‍ തങ്ങളെ ബാധിക്കുന്ന പൊതുവികാരത്തിനുവേണ്ടി ഒന്നിക്കുന്നു. സ്ഥിരം പൊറാട്ടുനാടകങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്‌ മാലിന്യപ്രശ്‌നം പേറുന്ന പ്രദേശങ്ങളുടെ ദുരിതങ്ങളാണ്‌. പതിറ്റാണ്ടുകളുടെ സമരത്തിനൊടുവിലും അവര്‍ക്ക്‌ നീതി കിട്ടാതെയാവുന്നു. നിരവധി വേദനകള്‍ക്കൊടുവിലും കൊടുമയേറിയ മുറിവുകള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെ പോയാല്‍ നഗരവല്‍കരണത്തിന്റെ ഇരകളെ മനുഷ്യരെന്ന കണക്കെടുപ്പില്‍ നിന്നുപോലും അകറ്റുന്ന കാലം വിദൂരമല്ലെന്ന്‌ ചക്കംകണ്ടവും ഞെളിയന്‍പറമ്പും ലാലൂരുമെല്ലാം മനുഷ്യസ്‌നേഹികളെ ഭയപ്പെടുത്തുകയാണ്‌. രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ അരാഷ്ട്രീയവാദികളാവുന്നു എന്ന്‌ വിലപിച്ചിട്ട്‌ കാര്യമില്ല. പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരവും പരിഹാരം ലളിതവുമാണ്‌. എന്നാല്‍ പരിഹാരവും ഗുരുതരമാണ്‌ എന്ന മട്ടിലാണ്‌ പ്രചാരണം നടക്കുന്നത്‌. പരിഹാരം ഏതെങ്കിലും മാഫിയക്ക്‌ എതിരാവുമ്പോഴാണ്‌ ഗുരുതരമാകുന്നത്‌. തെരഞ്ഞെടുപ്പില്‍ പങ്കാളികളാവില്ല എന്ന ഇക്കൂട്ടരുടെ പ്രഖ്യാപനം അതിലേറെ അപകടം പിടിച്ചതാണ്‌. ജനാധിപത്യപ്രക്രിയയില്‍നിന്ന്‌ പുറംതിരിഞ്ഞുനിന്നാല്‍ പ്രശ്‌്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസം ശരിയല്ല. രാഷ്ട്രീയകക്ഷികളുടെയും ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കാതെ ഏതെങ്കിലും വിധത്തിലുള്ള പരിഹാരം സാധ്യമാകും എന്നു വിചാരിക്കുന്നത്‌ ജനാധിപത്യനിഷേധവും അബദ്ധവുമാണ്‌. ജനങ്ങള്‍ക്ക്‌ സര്‍വാധിപത്യമുള്ള ഒരു രാജ്യത്ത്‌ ചില കോക്കസുകളുടെയും മാഫിയകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ മേല്‍ക്കൈ ലഭിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ടത്‌ ജനാധിപത്യപ്രക്രിയയില്‍നിന്ന്‌ വിഭജിച്ചുനിന്നിട്ടല്ല. അതില്‍ പങ്കെടുത്തുകൊണ്ടാണ്‌. വോട്ട്‌ ബഹിഷ്‌കരണമെന്ന ഭീഷണി വരുന്നതോടെ രാഷ്ട്രീയക്കാര്‍ ആ ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കാത്ത അവസ്ഥ സംഭവിക്കുകയും പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളായി തന്നെ അവശേഷിക്കുകയും ചെയ്യും. വികസനത്തിന്റെ ഇരകള്‍ സാധാരണപൗരന്മാരുടെ കൂടെനിന്നുകൊണ്ടും അവരുടെ പിന്തുണ നേടിക്കൊണ്ടും സമരം തുടരുകയാണ്‌ വേണ്ടത്‌. ജീവിതത്തില്‍നിന്ന്‌ തങ്ങളെ അകറ്റുന്ന ശക്തികള്‍ക്കെതിരെ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ഉറവിടങ്ങളെ ഉപയോഗിച്ച്‌ പോരാടാന്‍ സാധിക്കണം. അതിനുമപ്പുറത്തുള്ള പിടച്ചിലുകള്‍ ഫലം ചെയ്യില്ലെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌. ജനാധിപത്യത്തില്‍നിന്ന്‌ വിട്ടുനില്‍ക്കുമ്പോള്‍ ജീവിതത്തില്‍നിന്നുതന്നെയാണ്‌ വിട്ടുനില്‍ക്കുന്നതെന്ന്‌ കരുതണം. വികസനത്തിന്റെ ഇരകള്‍ പുതിയ വഴികള്‍ തേടുകയാണ്‌. ഒരു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക്‌ യാതൊരു രൂപവും കിട്ടിയിട്ടില്ല. ആ രൂപം നിശ്ചയിച്ചുകൊടുക്കേണ്ടത്‌ മനുഷ്യസ്‌നേഹമുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെ ബാധ്യതയാണ്‌. പ്രതിരോധങ്ങള്‍ ജനാധിപത്യസഹജമാകുമ്പോള്‍ പരിഹാരത്തിലും ആ ഉദ്ദേശ്യശുദ്ധി പ്രതിഫലിക്കും.