"ഇത് ഇറാഖീ ജനതയുടെ വിടവാങ്ങല്‍ ചുംബനമാണ് പട്ടീ" എന്ന അഭിസംബോധനയോടെ രണ്ടു ചെരുപ്പുകള്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷിന്റെ മുഖം ലക്ഷ്യമാക്കി പറന്നെത്തിയപ്പോള്‍ ചരിത്രത്തിന്റെ മഹാപ്രവാഹങ്ങളും പോരാട്ടങ്ങളും പതനങ്ങളും നെഞ്ചേറ്റിയ ബാഗ്‌ദാദ് ഒന്നു പിടഞ്ഞിട്ടുണ്ടാകും. കഴിഞ്ഞ അഞ്ചു വര്‍ഷമായി അമേരിക്കന്‍ അധിനിവേശ സേനയുടെ ആട്ടും തുപ്പുമേറ്റ് ആത്മാഭിമാനം അടര്‍ന്നു പോയ ആ ചരിത്രനഗരി ആഹ്ലാദം കൊണ്ടു തന്നെയാവും പിടഞ്ഞിരിക്കുക. ടൈഗ്രീസിനും യൂഫ്രട്ടീസിനും ഇനി പുളഞ്ഞൊഴുകാം. കര്‍ബലയുടെ കനല്‍വഴികള്‍ക്ക് ചരിത്രത്തോട് ചിരിക്കാം. തന്റെ മണ്ണില്‍ ആണ്‍കുട്ടികളുടെ വംശത്തെ പൂര്‍ണമായും കൊന്നൊടുക്കാന്‍ ബുഷിന്റെ ക്രൗര്യമോഹങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ബാഗ്‌ദാദ് വിളിച്ചുപറയുകയായിരുന്നു അപ്പോള്‍. മുന്‍തദര്‍ അല്‍ സെയ്‌ദിയാണ് ആ ഭാഗ്യവാന്‍. ബുഷ് ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കില്‍ അല്‍ ബാഗ്‌ദാദിയ ചാനലിന്റെ റിപ്പോര്‍ട്ടറായ ഇദ്ദേഹത്തിന്റെ ഉന്നം പിഴക്കുമായിരുന്നില്ല. 'ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും വിധവകള്‍ക്കും അനാഥകള്‍ക്കും വേണ്ടി' എന്നു പറഞ്ഞാണ് മുന്‍തദറിന്റെ രണ്ടാമത്തെ ചെരുപ്പ് ബുഷിനെ ലക്ഷ്യമാക്കി പാഞ്ഞത്. അറബികള്‍ക്കിടയില്‍ ചെരുപ്പു കൊണ്ടെറിയുക എന്നത് ഏറ്റവും നിന്ദ്യമായ ഏര്‍പ്പാടാണ്. അതിനീചന്മാര്‍ക്കെതിരെ അവരെ അപമാനിക്കാനായി ഉപയോഗിക്കുന്ന ആയുധം. യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ബുഷ് പറഞ്ഞ നിമിഷത്തില്‍ തന്നെയായിരുന്നു ഇറാഖീ ജനതയുടെ മനസ്സിന്റെ പ്രതീകമെന്നോണം ആ ചെരുപ്പുകള്‍ പറന്നു ചെന്നത്. പ്രധാനമന്ത്രി നൂരി അല്‍ മാലികിയുടെ സ്വകാര്യ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ബുഷ്. അമേരിക്കയുടെ കല്‍പ്പനകള്‍ക്കു കാതോര്‍ത്ത് റാന്‍ മൂളാനായി മേല്‍മുണ്ട് കൈയില്‍ പൊത്തിപ്പിടിച്ച് നട്ടെല്ല് വളച്ചു നില്‍ക്കുന്ന പാവ സര്‍ക്കാരിന്റെ പ്രധാനമന്ത്രി സംഭവത്തിനു സാക്ഷിയായി എന്നത് ആകസ്‌മികമെങ്കിലും ചരിത്രത്തിന്റെ പകവീട്ടല്‍ പോലെ ലോകം ആസ്വദിച്ച രംഗമായിരുന്നു. ഇറാഖില്‍ കുടികിടപ്പായ യു.എസ് സേനക്ക് നന്ദി പറയാനും അമേരിക്ക തയ്യാറാക്കിയ സ്‌കെച്ച് പ്രകാരം പാര്‍ലമെന്റ് ഈയിടെ അംഗീകരിച്ച സുരക്ഷാകരാറില്‍ ഒപ്പിട്ടതിന്റെ സന്തോഷം പ്രകടിപ്പിക്കാനുമാണ് ബുഷ് വാര്‍ത്താസമ്മേളനം നടത്തിയത്. 2011 അവസാനം വരെ യു.എസ് സേന ഇറാഖില്‍ തുടരുമെന്നാണ് കരാറിന്റെ ഉള്ളടക്കം. ആധുനിക അധിനിവേശ ഭ്രാന്തിന്റെ മൂര്‍ത്ത രൂപം പൂണ്ട ബുഷിന്റെ ഇറാഖിലേക്കുള്ള ഒടുക്കത്തെ ഔദ്യോഗിക സന്ദര്‍ശനം മറക്കാനാവാത്ത അനുഭവമാക്കിയതിന് ലോകം മുന്‍തദറിനോടു നന്ദി പറയുന്നുണ്ടാകും. എന്തെന്നാല്‍ അമേരിക്കയുടെ സാമ്രാജ്യത്വ അതിമോഹങ്ങളോട് അകത്തും പുറത്തും രോഷം പ്രകടിപ്പിക്കുന്ന ലോകത്തിലെ കോടാനുകോടി മനുഷ്യരുടെ കാലുകളിലെ ചെരുപ്പുകളുടെ പ്രതിനിധികളായിരുന്നു ആ പത്തിഞ്ച് നീളം വരുന്ന ചെരുപ്പുകള്‍. ആഴ്‌ചകള്‍ക്കകം ബരക് ഒബാമക്കു വേണ്ടി കസേര ഒഴിഞ്ഞു കൊടുക്കാനൊരുങ്ങുന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ അപ്രതീക്ഷിത സന്ദര്‍ശനം പോലെതന്നെയായിരുന്ന ഈ ചെരിപ്പേറും. തികച്ചും അപ്രതീക്ഷിതം. ചങ്കുറപ്പുള്ള പത്രപ്രവര്‍ത്തകര്‍ ഇറാഖില്‍ അവശേഷിക്കുന്നുണ്ടെന്ന് മുന്‍തദര്‍ തെളിയിച്ചു. അര്‍ഹിച്ച യാത്രയയപ്പാണ് ബുഷിനു ലഭിച്ചതെന്ന് അഭിപ്രായപ്പെട്ട അല്‍ ബാഗ്‌ദാദിയ ചാനല്‍, സുരക്ഷാ ഭടന്മാര്‍ പിടികൂടിയ തങ്ങളുടെ റിപ്പോര്‍ട്ടറെ വിട്ടു കിട്ടാന്‍ അന്താരാഷ്ട്ര മാധ്യമസമൂഹം ശബ്ദിക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈജിപ്‌തിലെ കെയ്‌റോ ആണ് അല്‍ ബാഗ്‌ദാദിയയുടെ ആസ്ഥാനം. മുന്‍തദറിനെ നിലത്തിട്ട് വലിച്ചിഴച്ചു കൊണ്ടു പോയ സുരക്ഷാ ഭടന്മാരുടെ നടപടിക്കെതിരെ ബാഗ്‌ദാദില്‍ പടുകൂറ്റന്‍ പ്രകടനമാണ് നടന്നത്. 'മുന്‍തദര്‍ ഞങ്ങളുടെ നായകന്‍' എന്ന മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തു. " ആരാണ് അയാളെ ഇങ്ങോട്ട് ക്ഷണിച്ചത്..?. രണ്ടല്ല; പതിനായിരം ഷൂസുകള്‍ അയാളുടെ മുഖത്തേക്കെറിയേണ്ടതാണ്." ബുഷിന്റെ സന്ദര്‍ശനത്തോട് പ്രതികരിച്ച ബാഗ്‌ദാദിലെ ഒരു സാധാരണക്കാരേെന്റതാണ് ഈ വാക്കുകള്‍. അധിനിവേശത്തോട് ഇറാഖികള്‍ക്കുള്ള സമീപനം വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍. ഈ ചെരുപ്പേറ് ഇറാഖിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രതികാരം കൂടിയാണ്. സദ്ദാമിനെതിരായ സഖ്യസേനയുടെ യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത് ജനവികാരം തങ്ങള്‍ക്കെതിരാകാതിരിക്കാന്‍ അധിനിവേശ സേന വാര്‍ത്താ മാധ്യമങ്ങളുടെ പ്രക്ഷേപണം നിര്‍ത്തി വെച്ചിരുന്നു. മാത്രവുമല്ല, വാര്‍ത്തകള്‍ക്കു വേണ്ടി ടെലിവിഷനു മുന്നില്‍ ആര്‍ത്തിയോടെ ഇരുന്ന ജനങ്ങള്‍ക്കായി അമേരിക്കയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രദര്‍ശിപ്പിച്ചത് അശ്ലീല ദൃശ്യങ്ങള്‍ മാത്രമായിരുന്നു. ഇറാഖികളെ ഒന്നാകെ അപമാനിക്കുന്നതോടൊപ്പം യുവാക്കളെ മാംസ ഭ്രമത്തില്‍ കുടുക്കിയിട്ട് പ്രതിരോധശേഷി നശിപ്പിക്കുക എന്ന തന്ത്രം കൂടി ഈ നീക്കത്തിനു പിന്നിലുണ്ടായിരുന്നു. ഇത്തരമൊരു അതിക്രമത്തിന് ഇറാഖിലെ മാധ്യമലോകം അമേരിക്കയോടു ചെയ്‌ത പ്രതികാര നടപടി കൂടിയായി ഇതിനെ വിലയിരുത്താവുന്നതാണ്. സാമ്രാജ്യത്വത്തിന് ഓശാന പാടാനും കുത്തകകളുടെ പരസ്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുമായി പത്രക്കടലാസുകളെ ഉപയോഗിക്കുന്ന മാധ്യമ ഭീമന്മാര്‍ക്കു കൂടിയാണ് ഈ ചെരുപ്പേറ് കൊള്ളേണ്ടത്. അസ്വസ്ഥതയുടെയും അസ്ഥിരതയുടെയും അരക്ഷിതത്വത്തിന്റെയും ചതുപ്പുകളിലേക്ക് ഒരു രാജ്യത്തെ വലിച്ചിഴച്ച സാമ്രാജ്യത്വത്തിന്റെ എല്ലാതരം എഴുത്തുകുത്തുകള്‍ക്കുമുള്ള മറുകുറിപ്പാണിത്. കട്ടച്ചോരയുടെ കറുപ്പ് ഉറഞ്ഞു പോയ ബാഗ്‌ദാദിന്റെ തെരുവുകള്‍ തന്നെ ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയായി എന്നത് യാദൃശ്ചികം. തീര്‍ച്ചയായും ആ ചെരുപ്പേറ് ചരിത്രത്തിലേക്കായിരുന്നു. മെസോപ്പെട്ടോമിയന്‍ സംസ്‌കാരം മുതല്‍ ലോകത്തിന്റെ ഉള്ളുണര്‍ത്തിയ മഹത്തായ ഒരു സംസ്‌കൃതിയെ, അടയാളങ്ങള്‍ പോലും അവശേഷിപ്പിക്കാതെ തകര്‍ത്തെറിഞ്ഞവനു നേരെ ആ പരമ്പരയുടെ പിന്മുറക്കാര്‍ പ്രകടിപ്പിച്ച സ്വാഭാവിക രോഷം. ഒട്ടും വൈകാരികമല്ലാത്ത, തികച്ചും വൈചാരികമായ ഒരു ചെരുപ്പേറ്.
2 comments:
തീര്‍ച്ചയായും ആ ചെരുപ്പേറ് ചരിത്രത്തിലേക്കായിരുന്നു. മെസോപ്പെട്ടോമിയന്‍ സംസ്‌കാരം മുതല്‍ ലോകത്തിന്റെ ഉള്ളുണര്‍ത്തിയ മഹത്തായ ഒരു സംസ്‌കൃതിയെ, അടയാളങ്ങള്‍ പോലും അവശേഷിപ്പിക്കാതെ തകര്‍ത്തെറിഞ്ഞവനു നേരെ ആ പരമ്പരയുടെ പിന്മുറക്കാര്‍ പ്രകടിപ്പിച്ച സ്വാഭാവിക രോഷം. ഒട്ടും വൈകാരികമല്ലാത്ത, തികച്ചും വൈചാരികമായ ഒരു ചെരുപ്പേറ്.
സ്വാഭാവിക രോഷം.
Post a Comment