ചിലരൊക്കെ പറഞ്ഞിരുന്നു. സഖാവ് വി.എസ് അച്യുതാനന്ദന് ആളൊത്ത ആദര്‍ശവാദിയാണെന്ന്. തെറ്റു ചെയ്യുന്നവന്റെ മോന്തായം നോക്കാതെ നടപടിയെടുക്കുന്ന, സമരവീര്യം കുടികെട്ടിയ ചോരയാണ് ആ ശരീരത്തിലൂടെ ഓടുന്നതെന്ന്. പാവം പൊതുജനം ഇതൊക്കെ കേട്ട് വിശ്വസിച്ചുവെന്നു മാത്രമല്ല പാര്‍ട്ടി കൊടുക്കാത്ത സീറ്റ് കൊടുത്ത് ജയിപ്പിച്ച് മുഖ്യമന്ത്രിയാക്കുകയും ചെയ്തു. നേരത്തെ തന്നെ ജനങ്ങളുടെ സകല പ്രതീക്ഷകളെയും ഊതിയൂതിക്കെടുത്തിയ അച്യുതാനന്ദന് ഈയിടെ ആ പ്രതീക്ഷകള്‍ക്കു മേല്‍ തലകുത്തി നി ന്ന് ഇളിഭ്യച്ചിരിയോടെ അവരെ പരിഹസിക്കുക കൂടി ചെയ്തിരിക്കുന്നു. പട്ടി വിവാദത്തിലൂടെ തുടങ്ങി കിളിരൂരിലെത്തി നില്ക്കുന്ന 'നവലിബറല്‍' പ്രതിസന്ധിയില്‍ അത്ഭുതമെന്നു പറയാം, കേരളത്തിലെ വി.എസ് അനുകൂല തരംഗസൃഷ്ടിപ്പിന്റെ മൊത്തവിതരണക്കാ
ര്‍ മാളങ്ങളില്‍ തന്നെയാണ്. മുമ്പുണ്ടായ നാണംകെട്ട വിവാദങ്ങളില്‍ നിന്ന് പലവട്ടം മുഖ്യമന്ത്രിയുടെ തടിയൂരിയ ഒറ്റയെണ്ണവും വെളിച്ചത്തിലേക്ക് തലപൊക്കി അച്യുതാനന്ദന്റെ രക്ഷകരാകാന്‍ ഈ വിഷയത്തില്‍ ഈ നിമിഷം വരെ അവതരിച്ചിട്ടില്ല. വൈകിയാണെങ്കിലും അച്യുതാനന്ദന് വേലിക്കകത്തു തന്നെയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സി.പി.എം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി ഉപചാപക വൃന്ദത്തിന്റെ പിടിയിലാണെന്ന് പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന് പറയുന്നതോടെയാണ് കള്ളികള്‍ ഓരോന്നായി വെളിച്ചത്താകുന്നത്. മൂന്നാര്‍ മുതല്‍ പട്ടി വിവാദം വരെ ഇത്രയധികം വഷളാക്കിയത് ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ കുറുമുന്നണിയാണെന്നായിരുന്നു രാജേന്ദ്രന്റെ കണ്ടെത്തല്‍. എന്നാല്‍ തുടക്കത്തില്‍ ടൈംസ് നൗ എന്ന ഇംഗ്ലീഷ് ചാനല്‍ മാത്രം പ്രാധാന്യത്തോടെ കാണിച്ച പട്ടി പ്രയോഗത്തെപ്പറ്റി വിശദീകരണം ആരാഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച മലയാള മാധ്യമപ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. പ്രയോഗത്തില്‍ ഉറച്ചു നില്ക്കുകയാണെന്നു മാധ്യമങ്ങളോട് പറഞ്ഞത് ഇതേ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് ഒരു കാലത്ത് വി.എസ്സിനും (ഇപ്പോഴും..?) പാര്‍ട്ടിക്കും പ്രിയങ്കരനായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് സുരേഷ്കുമാര്‍ വെളിപ്പെടുത്തുന്നു. കൊണവതിയാരം കൊണ്ട് സംഭവിച്ച നാടന്‍ വായ്മൊഴി വഴക്കമാണെന്ന് പറഞ്ഞ് (അസഭ്യങ്ങളുടെ സി.പി.എം തര്‍ജ്ജമ ഇ ങ്ങനെയത്രേ) ആ നിമിഷം മാപ്പ് ചോദിച്ചാല്‍ തീരാവുന്ന പ്രശ്നം ഇത്രത്തോളം വഷളായതിനു പിന്നില്‍ ഈ ഉറച്ചു നില്‍പ്പായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഉപജാപക സംഘം എന്ന് രാജേന്ദ്രന് ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലാക്കാന്‍ ഐ.എ.എസിനു പഠിച്ച സുരേഷ്കുമാറിന് അധികസമയം വേണ്ടി വന്നില്ല. പിറ്റേന്ന് ചട്ടവും വകുപ്പും നോക്കാതെയാണ് ഇദ്ദേഹം രഹസ്യങ്ങളുടെ പത്തായങ്ങള്‍ വെട്ടിത്തുറന്നത്. മുഖ്യമന്ത്രിയെ നാണം കെടുത്താമെന്ന് ആരോടോ വാക്കു പറഞ്ഞ് വന്നവരെ പോലെയാണ് ഓഫീസിലുള്ളവരുടെ പെരുമാറ്റമെന്നാണ് സുരേഷ് പറഞ്ഞതിന്റെ രത്നച്ചുരുക്കം. മന്ത്രിസഭാ തീരുമാനപ്രകാരം തയ്യാറാക്കിയ സ്മാര്‍ട്ട് സിറ്റി, കിളിരൂര്‍ ഫയലുകള്‍ മന:പ്പൂര്‍വ്വം വൈകിപ്പിക്കുന്നതിലും പൂഴ്ത്തി വെക്കുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേകം വൈദഗ്ധ്യം പ്രകടിപ്പിച്ചു
എന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ ഭരണമില്ല എന്നാണ് അര്‍ത്ഥം വെക്കേണ്ടത്. കിളിരൂര്‍ പെണ്‍വാണിഭ കേസ് സി.ബി.ഐക്ക് വിടണമെന്നത് പൊതുജനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദം മൂലം മന്ത്രിസഭ തീരുമാനിച്ച സംഗതിയായിരുന്നു. ഈ തീരുമാനം വശിദീകരിക്കുന്ന കത്തും പിന്നീടു തയ്യാറാക്കിയ ഓര്‍മ്മപ്പെടുത്തല്‍ കത്തും താമസിപ്പിക്കുവാനോ പൂഴ്ത്തിവെക്കാനോ മുക്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചു എന്നാണ് സുരേഷ്കുമാര്‍ ആരോപിച്ചത്. ഗുരുതരമായ ഈ ആരോപണം ഉന്നയിക്കപ്പെട്ട് രാപ്പകലുകള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് വിശദീകരണമോ നിഷേധക്കുറിപ്പോ ഉണ്ടായില്ല എന്നത് സുരേഷ്കുമാറിനെ ശരിവെക്കുന്നതിനു തുല്യമായിരുന്നു. സംസ്ഥാനത്ത് ഭരണസംവിധാനം കുത്തഴിഞ്ഞ് കിടപ്പാണെന്നും ഭരണഘടനാ പ്രതിസന്ധിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനിടെ സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്ക്കെതന്നെ അദ്ദേഹത്തെ സസ്പെന്റ് ചെയ്യാനാണ് ഭരണകൂടം തിടുക്കപ്പെട്ടത്. അപ്രിയസത്യം പറഞ്ഞതിന്റെ പേരില്‍ പുറത്തിരുത്തിയ ഈ ഐ.എ. എസ് ഉദ്യോഗസ്ഥനെ മലയാളത്തില്‍ കിട്ടാവുന്ന എല്ലാ വാക്കുകളും ഉപയോഗിച്ച് പുകഴ്ത്തിയവര്‍ തന്നെ നാറിയ ഐ.എ.എസുകാരന് എന്നു വിളിച്ച സാഹചര്യം ഏതാണെന്ന് കേരളീയരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വിഷയമാണ്. മന്ത്രിസഭ കൂടി സത്യം പറഞ്ഞവനെ പുറത്താക്കാന്‍ കാണിച്ച ആവേശം അദ്ദേഹം പറഞ്ഞ കാര്യങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഉണ്ടായില്ല എന്നതാണ് വാസ്തവം. മന്ത്രിസഭാ തീരുമാനത്തിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രെബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് സുരേഷ്കുമാര്‍. തന്റെ മകനെ പട്ടിയെ പോലെ ഓടിച്ച് തല്ലുന്നത് ദളിതനായതു കൊണ്ടാണെന്ന സുരേഷിന്റെ അച്ഛന്റെ വാദത്തിലും ചര്‍ച്ചയാകാവുന്നതാണ്. പാര്‍ട്ടി നേതൃത്വം ഏറെക്കുറെ കയ്യൊഴിഞ്ഞ മുഖ്യമന്ത്രിയെ സഹായിക്കുകയായിരുന്നു സുരേഷ് കുമാര്‍ എന്നു വിചാരിച്ചവര്‍ക്ക് തെറ്റി. കിളിരൂര്‍ വീണ്ടും പൊടി തട്ടിയെടുക്കുമ്പോള്‍ ഈ കേസിലൂടെയാണ് കാലം ഒരുപക്ഷേ അച്യുതാനന്ദന്റെ കപട രാഷ്ട്രീയ നാടകങ്ങളെ വിലയിരുത്തുക. കിളിരൂര്‍ ചെറിയ കാര്യമല്ല. പീഡനത്തിനിരയായി ആശുപത്രിയില്‍ കഴിയവെ ഒരു വി.ഐ.പിയുടെ സന്ദര്‍ശനത്തിനു ശേഷം മരണത്തിനു കീഴടങ്ങിയ ശാരി.എസ്.നായരുടെ മുഖം കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല. സംഭവത്തിനു പിന്നില്‍ ഇടതു രാഷ്ട്രീയത്തിലെ നാറിയ അടിയുടുപ്പുകളുണ്ട് എന്നത് നേരത്തെ പരസ്യമായ രഹസ്യമാണ്. മൂന്നാംകിട സിനിമാകഥകളെ വെല്ലുന്ന ഉപകഥകളും ഉപജാപങ്ങളും കിളിരൂര്‍ വിഷയത്തില്‍ സംഭവിച്ചു എന്ന കാര്യത്തില്‍ വി.എസ് അച്യുതാനന്ദനു പോലും സംശയമില്ല. ഒരു വി.ഐ.പിയുടെ സന്ദര്‍ശനത്തോടെയാണ് പെണ്‍കുട്ടിയുടെ നില വഷളായതെന്ന് പറഞ്ഞ വി.എസ് ആ വി.ഐ.പി ആരാണെന്നു വെളിപ്പെടുത്താന്‍ അന്നു തയ്യാറായില്ല. പി.കെ ശ്രീമതിയാണ് ആ വി.ഐ.പിയെന്ന അഭ്യൂഹം പരന്നതോടെ വി.എസ്സ് തടി തപ്പിയെങ്കിലും ജനങ്ങളുടെ മനസ്സില്‍ ആ ചോദ്യം മായാതെ നിലനിന്നു. പിന്നീട് സത്യം വെളിപ്പെടുത്താമെന്നു പറഞ്ഞ ആദര്‍ശധീരനായ മുഖ്യമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച ജനം ആ വെളിപാടിനായി കാത്തിരുന്നത് മിച്ചം. വി.ഐ.പി ശ്രീമതി തന്നെയാണെന്ന് ഒരു സ്വകാര്യ ചാനലില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തുറന്ന് പറഞ്ഞതോടെ വീണ്ടും വിഷയം പൊന്തി വന്നപ്പോള്‍ അത് ശ്രീമതിയല്ലെന്ന് അച്യുതാനന്ദന് തറപ്പിച്ചു പറയേണ്ടി വന്നു. ശ്രീമതിയല്ലെങ്കില്‍ പിന്നെ ആര് എന്ന ചോദ്യത്തിന് കപട രാഷ്ട്രീയക്കാരന്റെ അടവു നയമായ മൗനമായിരുന്നു ഉത്തരം. കിളിരൂര്‍ കേസ് അട്ടിമറിക്കാനും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഫയല്‍ പൂഴ്ത്താനും ഗൂഢാലോചന നടത്തിയതിന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തു കഴിഞ്ഞിരിക്കുകയാണ്. ശ്രീമതിയോടൊപ്പം ചെറു മത്സ്യങ്ങളല്ല എന്നതും ശ്രദ്ധേയം. രണ്ട് മന്ത്രിപുത്രന്മാര്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്, പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍ ബാല ഗോപോല്‍, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, മോഷണം, സംഘം ചേരല്‍ എന്നിവയാണ് കുറ്റം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് കുമാര്‍ തയ്യാറാക്കിയ ഫയല്‍ മുങ്ങിപ്പോകണമെങ്കില്‍ ചെറിയ കളിയല്ല നടന്നത് എന്ന കാര്യം വ്യക്തം. ശാരിയുടെ പിതാവ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അപേക്ഷയും അതോടൊപ്പം കള്ളന് കൊണ്ടു പോവുകയോ കാണാതാവുകയോ ചെയ്തു. സംഗതിവശാല്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഉന്നയിച്ച കെ.എം മാണിയെ അഭയ കേസില്‍ കുരുക്കി വിഷയം വഴിതിരിച്ചു വിടാന്‍ ശ്രമം നടത്തിയ വി.എസ് നിയമസഭയില്‍ ചിരിമരുന്നായി. മുന്നനുഭവത്തിന്റെ പേരില്‍ ഉടനെ മാപ്പു പറയാനും അദ്ദേഹം മറന്നില്ല. വി.എസ് വി.ഐ.പി എന്നു പ്രയോഗിച്ചത് സി.പി.എമ്മിലെ ആരെയും ഉദ്ദേശിച്ചല്ല എന്നാണ് ഇപ്പഴത്തെ വിശദീകരണം. അത് സി.പി.എമ്മിലെ ആരെങ്കിലും അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഉണ്ടാകാനിടയുണ്ടായിരുന്ന പുകിലുകളെക്കുറിച്ച് എല്ലാവരും ചുമ്മാ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.ലാവ്ലിന് കേസില്‍ സുരേഷ്കുമാര്‍ അമിത താല്പര്യമെടുത്തു എന്നാണ് പി. ജയരാജന്റെ ആക്ഷേപം. ഈ കേസില്‍ ജയരാജന്റെ താല്പര്യമെന്ത് എന്നും അന്വേഷിക്കാവുന്നതാണ്. സി.പി.എമ്മിലെ ആരും ഉള്‍പ്പെടാത്ത കേസാണെങ്കില്‍ സത്യം വേഗം തെളിയട്ടെ എന്നാണ് ജയരാജനും പാര്‍ട്ടിയും ആശിക്കേണ്ടത്. ഏതാനും ദിവസങ്ങള്‍ക്കകം പാര്‍ട്ടിയിലെ സമുന്നതനെ ലാവ്ലിന് കേസില്‍ പ്രതിചേര്‍ക്കുമെന്നറിഞ്ഞതിന്റെ വെപ്രാളമാണ് ജയരാജന് കാണിച്ചതെന്ന് വ്യക്തം. ഒക്കെ സഹിക്കാം. സ്മാര്‍ട്ട് സിറ്റി കരാറില്‍ അഴിമതി കാട്ടിയെന്നാരോപിച്ച് ഉമ്മന്‍ചാണ്ടിയെ ജയിലിലടക്കുമെന്നു പറഞ്ഞ വി.എസ്, പെണ്‍വാണിഭക്കാരെ കയ്യാമം വെച്ച് നടുറോഡിലൂടെ നടത്തുമെന്നു പറഞ്ഞ വി.എസ്, വൈദേശിക മൂലധനത്തിനു വേണ്ടി ഓശാന പാടുന്ന ഉദ്യോഗസ്ഥരെ പിരടിക്ക് പിടിച്ച് പുറത്താക്കുമെന്നു പറഞ്ഞ വി.എസ്. അതേ വി.എസിന്റെ ഓഫീസില്‍ നിന്നാണ് സ്മാര്‍ട്ട് സിറ്റിയുടെയും കിളിരൂര്‍ സ്ത്രീപീഢനകേസിന്റെയും ഫയലുകള്‍ കാണാതായതെന്ന് ജനങ്ങള്‍ അറിയുന്നതിന്റെ നാണക്കേട് പാര്‍ട്ടിക്കില്ലെങ്കില്‍ പിന്നെ ആര്‍ക്കാണുണ്ടാവേണ്ടത്?. സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് കേസന്വേഷണം നേരിടുന്ന ഒരു മന്ത്രിയെ കൂടെയിരുത്തി ഭരിക്കാന്‍ മാത്രം കരളുറപ്പ് വി.എസ്സിനുണ്ടെങ്കില്‍ അതിനെയായിരിക്കാം രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടി എന്ന് പറയുന്നത്. പെണ്ണൊരുത്തിയാണ് പെണ്‍വാണിഭക്കേസില്‍ അകപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ആത്മരോഷം കച്ചവടമാക്കിയ എന്‍.ജി.ഒകളെയോ സ്ത്രീ വിമോചന പ്രസ്ഥാനക്കാരെയോ ഈ വഴിക്കൊന്നും തിരിയിട്ടു നോക്കിയിട്ടും കാണാനില്ല. മൗനം അച്യുതാനന്ദന് ഭൂഷണമായിരിക്കാം. എന്നാല്‍ സ്ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ബ്ലാക് മെയില്‍ രാഷ്ട്രീയത്തിലൂടെ മാന്യന്മാര്ക്കെതിരെ കുതിര കയറുകയും ചെയ്യുന്ന സംഘടനകള്‍ക്കെല്ലാം ഇക്കാര്യത്തില്‍ മിണ്ടാട്ടം മുട്ടിയത് ഞെട്ടലോടെയല്ലാതെ കാണാനാവില്ല. ചൂലും മുറവുമായി നാട് ശുദ്ധിയാക്കാന്‍ നടക്കുന്ന ഈ മഹിളാമണികള്‍ മന്ത്രി ശ്രീമതിയുടെ ഭവനത്തിലേക്ക് തൂക്കാന്‍ പോകുന്നതെന്നാണാവോ..? സ്ത്രീപക്ഷമെന്നാല്‍ ശ്രീമതി പക്ഷമെന്നാണ് സി.പി.എം നിയന്ത്രണത്തിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷന് സെക്രട്ടറി കെ.കെ ശൈലജ കരുതി വെച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശസമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മന്ത്രിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്ന് അവര്‍ പ്രതികരിച്ചിരിക്കുന്നു. പ്രതിയാകാന്‍ നിന്നു തരുന്ന കാലത്തോളം ബഹുമാന്യയായ പി.കെ ശ്രീമതിയെ അപരാധിയാക്കണമെന്ന് കേരളത്തിലെ ഒരാള്‍ക്കും നിര്‍ബന്ധമില്ല. അവര്‍ നിരപരാധിയാണെങ്കില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ് എന്ന് ചങ്കൂറ്റത്തോടെ പറയേണ്ട ശൈലജയാണ് 'അയ്യോ വ്യക്തിഹത്യ നടത്തല്ലേ' എന്ന് വിലപിച്ചിരിക്കുന്നത്. കാര്യങ്ങള്‍ കൂട്ടി വായിക്കാനറിയാത്തവരല്ല കേരളത്തിലെ ജനങ്ങളെന്ന് മനസ്സിലാക്കാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്നില്ല. മന്ത്രിപുത്രന്മാരുടെ ലീലാവിലാസങ്ങള്‍ മറച്ചുപിടിക്കാന്‍ അറിഞ്ഞോ അറിയാതെയോ ഭരണത്തിന്റെ അച്ചുതണ്ടുകളെ ഉപയോഗിക്കുന്ന അച്യുതാനന്ദന് കാര്യങ്ങള്‍ ഏറെക്കുറെ വെളിപ്പെട്ട സ്ഥിതിക്ക് ദയവായി ആ വി.ഐ.പി ആരാണെന്ന് ഇനി പറയാതിരിക്കുന്നതാണ് നല്ലത്. എല്ലാ സത്യങ്ങളും എക്കാലത്തും ജനങ്ങളുടെ കണ്ണില്‍ നിന്ന് മൂടിവെക്കാനാവില്ലെന്ന് അഭയ കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേരളത്തെ പഠിപ്പിച്ചു തരുന്നുണ്ട്. ഒരു ജനതയെ മുഴുവന്‍ പാര്‍ട്ടി അടിമത്തത്തിന്റെ പേരില്‍ വിഡ്ഢികളാക്കുമ്പോള്‍ ആദര്‍ശവും അഭിമാനവുമുള്ള മലയാളികള്‍ അവശേഷിക്കുന്നുണ്ടെന്നും അവര്‍ എണ്ണിയെണ്ണി കണക്കു ചോദിക്കുന്ന ദിവസം വരുമെന്നും മറക്കാതിരിക്കുക. ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ അസംബന്ധ മൗനം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ വീരപരിവേശങ്ങളുടെ പടങ്ങള്‍ ഊരിപ്പോവുകയോ സ്വയം ഊരിക്കളയുകയോ ചെയ്ത അച്യുതാനന്ദനാകും ചരിത്രത്തില്‍ അടയാളപ്പെടുന്നത്.
Friday, December 12, 2008
Subscribe to:
Post Comments (Atom)
5 comments:
ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ അസംബന്ധ മൗനം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ വീരപരിവേശങ്ങളുടെ പടങ്ങള്‍ ഊരിപ്പോവുകയോ സ്വയം ഊരിക്കളയുകയോ ചെയ്ത അച്യുതാനന്ദനാകും ചരിത്രത്തില്‍ അടയാളപ്പെടുന്നത്.
"തന്റെ മകനെ പട്ടിയെ പോലെ ഓടിച്ച് തല്ലുന്നത് ദളിതനായതു കൊണ്ടാണെന്ന സുരേഷിന്റെ അച്ഛന്റെ വാദത്തിലും ചര്‍ച്ചയാകാവുന്നതാണ്."
ദളിതരോടും ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവരോടും ഉള്ള ഇടതന്റെയും വലതന്റെയും സ്നേഹം വോട്ടിനു വേണ്ടി മാത്രം ഉള്ളത് എന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു വൈകിയാണെങ്കിലും.
ദളിതരോടും ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവരോടും ഉള്ള ഇടതന്റെയും വലതന്റെയും സ്നേഹം വോട്ടിനു വേണ്ടി മാത്രം ഉള്ളത് എന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു വൈകിയാണെങ്കിലും.
അര്‍ഹിക്കാത്ത ഒന്നും നിലനില്‍ക്കില്ല. മുഖ്യമന്ത്രിപദം ആണെന്കിലും.
വിവരവും വിദ്യാഭ്യാസവും ഉള്ളവരെ വേണം ജനപ്രധിനിധികളായി തിരഞ്ഞെടുക്കാന്‍. കണ്ട അണ്ടനും അടകോടനും മന്ത്രിക്കസേരയില്‍ ഇരുന്നാല്‍ ഇങ്ങനെയിരിക്കും.
"തന്റെ മകനെ പട്ടിയെ പോലെ ഓടിച്ച് തല്ലുന്നത് ദളിതനായതു കൊണ്ടാണെന്ന സുരേഷിന്റെ അച്ഛന്റെ വാദത്തിലും ചര്‍ച്ചയാകാവുന്നതാണ്."
ഈ ചര്‍ച്ച ഗുണപരമായിരിക്കില്ല. മൂന്നാര്‍ സംഭവങ്ങള്‍ നടക്കുന്ന സമയത്തും സുരേഷിന്റെ അച്ഛന് കോട്ടും തൂക്കി കോടതി കയറിയിരുന്നു. പള്ളിയും പള്ളിക്കൂടവും രണ്ടാണെന്ന തിരിച്ചറിവില്ലെ ഈ പിതാവിനു?
ഇപ്പൊള്‍ ദളിത് മുന്നണി എന്തോ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നു, എന്തിനാണാവോ?
തന്റെ പദവിക്കനുസൃതം നിലപാടെടുക്കാനുള്ള ബുദ്ധി സുരേഷ് കാണിക്കാത്തിടത്തോളം കാലം ഇതു വെറും രാഷ്ട്രീയ പ്രഹസങ്ങളായി മാറുകയേ ഉള്ളൂ.
മറ്റു വിഷയങ്ങളില്‍ കമന്റ് പറയാനുള്ള സമയമായില്ല. കാത്തിരുന്നു കാണാം.
ചന്ദ്രികയിലാണല്ലേ?
“ഒരു ജനതയെ മുഴുവന്‍ പാര്‍ട്ടി അടിമത്തത്തിന്റെ പേരില്‍ വിഡ്ഢികളാക്കുമ്പോള്‍ ആദര്‍ശവും അഭിമാനവുമുള്ള മലയാളികള്‍ അവശേഷിക്കുന്നുണ്ടെന്നും അവര്‍ എണ്ണിയെണ്ണി കണക്കു ചോദിക്കുന്ന ദിവസം വരുമെന്നും മറക്കാതിരിക്കുക“. തീര്‍ച്ചയായും ശരിയാണ്. കുറ്റിപ്പുറം ഒരു പാഠമായിരുന്നല്ലോ അല്ലേ.
എടാ തമാശ നിർത്ത്.
Post a Comment