Wednesday, December 3, 2008

സംശുദ്ധ രാഷ്ട്രീയത്തിന്റെ അപരനാമം



മുന്‍പ്രധാനമന്ത്രി വി.പി സിംഗ്‌ അന്തരിച്ചതോടെ സംശുദ്ധിയുടെ പ്രവര്‍ത്തനശൈലി കൊണ്ട്‌ അനുഗ്രഹീതരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളെ കൂടി രാജ്യത്തിന്‌ നഷ്ടമാകുന്നു. രാഷ്ട്രീയ നന്മയുടെയും സത്യസന്ധതയുടെയും പ്രതീകവും അപരനാമവുമായിട്ടാണ്‌ ചരിത്രത്തില്‍ വി.പി സിംഗ്‌ നിര്‍ണയിക്കപ്പെടുന്നത്‌. നേതൃവിശുദ്ധിയുടെ പര്യായങ്ങള്‍ എങ്ങനെ നിര്‍വ്വചിക്കപ്പെടുകയും നിര്‍വ്വഹിക്കപ്പെടുകയും ചെയ്യണമെന്ന്‌ രാഷ്ട്രം പഠിക്കുന്നത്‌ വി.പി സിംഗിനെ പോലുള്ള നേതാക്കളിലൂടെയായിരുന്നു. 1931 ജൂണ്‍ 25ന്‌ വടക്കേ ഇന്ത്യന്‍ നഗരമായ അലഹബാദില്‍ ജനിച്ച വിശ്വനാഥ്‌ പ്രതാപ്‌സിംഗ്‌ അലഹബാദ്‌, പൂനൈ സര്‍വ്വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അലഹബാദ്‌ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ്‌ പ്രസിഡണ്ടായാണ്‌ രാഷ്ട്രീയപ്രവേശം നടത്തുന്നത്‌. പിന്നീട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം 1969ല്‍ ഉത്തര്‍പ്രദേശ്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1974ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ വാണിജ്യ സഹമന്ത്രിയായും രണ്ടു വര്‍ഷത്തിനു ശേഷം വാണിജ്യമന്ത്രിയായും സേവനമനുഷ്‌ഠിച്ചു. രാജീവ്‌ ഗാന്ധി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു (1984-87). 1989ല്‍ കോണ്‍ഗ്രസുമായുണ്ടായ അഭിപ്രായഭിന്നതകളെതുടര്‍ന്ന്‌ ജനതാദള്‍ രൂപീകരിച്ച്‌ ദേശീയ മുന്നണിക്ക്‌ രൂപം നല്‍കി. 1989 ഡിസംബര്‍ 2ന്‌ ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായി വി.പി. സിംഗ്‌ അധികാരത്തിലേറുമ്പോള്‍ രാജ്യത്തിന്‌ അതൊരു അവിശ്വസനീയമായ വാര്‍ത്തയായിരുന്നു. 1990ല്‍ വിസ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട്‌ അദ്ദേഹം രാജി വെച്ചു. എക്കാലത്തും അവസരസമത്വത്തിനു വേണ്ടി വാദിച്ച നേതാവായിരുന്നു വി.പി. സിംഗ്‌. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയതിലൂടെ അവസര സമത്വമെന്ന ന്യൂനപക്ഷത്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറക്‌ നല്‍കുകയായിരുന്നു വി.പി സിംഗ്‌. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വെക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പ്രധാനമന്ത്രിയായിരുന്ന സമയത്തും അല്ലാത്തപ്പോഴും അധ:സ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള കര്‍മ്മ പദ്ധതികളില്‍ സജീവ പങ്കാളിയും തേരാളിയുമായി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ സഹായകമാകുന്ന പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യ മുന്നോട്ടു പോയാല്‍ രാജ്യത്തിന്റെ പുരോഗതിക്ക്‌ അത്‌ വലിയ മുതല്‍ക്കൂട്ടാകുമെന്ന്‌ അദ്ദേഹം വിശ്വസിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്‌തു. ചരിത്രപരമായ കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക്‌ സംവരണത്തിലൂടെ ഔന്നത്യത്തിലേക്കുള്ള വഴിതുറക്കണമെന്നായിരുന്നു വി.പി. സിംഗിന്റെ നിലപാട്‌. രാഷ്ട്രത്തിന്റെ സമഗ്രപുരോഗതിക്ക്‌ ന്യൂനപക്ഷങ്ങളുടെ പങ്ക്‌ നിര്‍ണായകമാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും അവസരസമത്വത്തിനു വേണ്ടി വാദിക്കുകയും എല്ലാ തരത്തിലുള്ള വിവേചനങ്ങള്‍ക്കുമെതിരെ ധീരമായി ശബ്‌ദമുയര്‍ത്തുകയും ചെയ്‌തു. സംവരണവിഷയത്തില്‍ എല്ലാ ജാതി മതസ്ഥരുടെയും താല്‍പര്യങ്ങള്‍ക്ക്‌ പരിഗണന നല്‍കണമെന്നതായിരുന്നു വി.പി സിംഗിന്റെ പ്രധാന ആവശ്യം. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും അദ്ദേഹം വാദിച്ചു. പിന്നോക്ക സംവരണത്തിനെതിരെ 2006ല്‍ ഡല്‍ഹിയില്‍ ഒരു വിഭാഗം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനെതിരെ ശക്തമായ ഭാഷയിലാണ്‌ അദ്ദേഹം പ്രതികരിച്ചത്‌. ജനാധിപത്യ രാജ്യത്ത്‌ അഭിപ്രായങ്ങള്‍ പറയുന്നതിലും ചില അന്തസ്സുകള്‍ പാലിക്കാനുണ്ടെന്നാണ്‌ വികാരഭരിതമായി വി.പി. സിംഗ്‌ പ്രതികരിച്ചത്‌. ദാരിദ്ര്യ നിര്‍മാര്‍ജ്ജനമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സ്വപ്‌നം. രാജീവ്‌ഗാന്ധി മന്ത്രിസഭ പാസ്സാക്കിയ രൂപം നല്‍കിയ രാജ്യം നേരിടുന്ന ദാരിദ്ര്യം ഇല്ലായ്‌മ ചെയ്യാനുള്ള കര്‍മ്മരേഖകളില്‍ വി.പി. സിംഗിന്റെ കയ്യൊപ്പുണ്ടായിരുന്നു. 1950കളില്‍ ആരംഭിച്ച ഭൂദാന്‍ പ്രസ്ഥാനത്തോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു സിംഗ്‌ എന്നത്‌ പാവങ്ങളോട്‌ അദ്ദേഹത്തിനുണ്ടായിരുന്ന അനുകമ്പ വെളിപ്പെടുത്തുന്നതാണ്‌. വന്‍കിട മുതലാളിമാര്‍ ഭൂമിയുടെ മേല്‍ പരിധിയില്ലാതെ കുത്തക അവകാശപ്പെടുന്നതിനെ അദ്ദേഹം ചോദ്യം ചെയ്‌തു. 1957ല്‍ അദ്ദേഹം തന്നെ തന്റെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ വലിയൊരു ഭാഗം പാവങ്ങള്‍ക്ക്‌ ദാനം ചെയ്‌ത്‌ മാതൃക കാണിച്ചു. കോണ്‍ഗ്രസില്‍ നിന്ന്‌ രാജി വെച്ച ശേഷം സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച്‌ ചെറുകക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രി പദത്തിലെത്തി എന്നതു തന്നെ വി.പി സിംഗിന്റെ നേതൃ പാടവത്തിന്റെ കരുത്ത്‌ വിളിച്ചറിയിക്കുന്നു. 80കളുടെ അവസാനത്തില്‍ രാജ്യത്ത്‌ ഉടലെടുത്ത വര്‍ഗ്ഗീയമായ അസ്വാസ്ഥ്യങ്ങള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. കാശ്‌മീരിലും പഞ്ചാബിലുമുണ്ടായ ഹിന്ദു-മുസ്‌്‌ലിം സംഘട്ടനങ്ങളും പാക്കിസ്‌താനില്‍ നിന്നുള്ള അനാവശ്യമായ ഇടപെടലുകളും ശക്തമായി നേരിടാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു എങ്കിലും വ്യക്തമായ പിന്തുണയുടെ അഭാവത്തില്‍ അതിനു സാധിച്ചില്ല. വശ്യമായ പെരുമാറ്റരീതിയും ജീവിത വിശുദ്ധിയും രാഷ്ട്രീയക്കാര്‍ക്കിടയിലെ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായി അദ്ദേഹത്തെ മാറ്റി. എതിരാളികള്‍ പോലും ആദരിക്കുന്ന അപൂര്‍വ്വം രഷ്ട്രീയവ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സിംഗ്‌. വടംവലിയുടെയും കുതിരക്കച്ചവടത്തിന്റെയും രാഷ്ട്രീയ ഇടനാഴികളിലെ മനം മടുപ്പിക്കുന്ന ദുര്‍ഗന്ധങ്ങളില്‍ നിന്ന്‌ ഉള്‍വലിയുന്നതിനു പകരം തന്റെ വ്യക്തി ശുദ്ധി കൊണ്ട്‌ അവയെ ചെറുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ അധികാരം ആവശ്യമില്ലെന്ന്‌ സ്വന്തം നിലക്ക്‌ അദ്ദേഹം ചെയ്‌ത നിരവധി സേവന പ്രവര്‍ത്തികള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വാഭാവികമായും ശത്രുക്കള്‍ ഏറെയുണ്ടാകേണ്ടിയിരുന്ന രാഷ്ട്രീയ നിലപാട്‌ സ്വീകരിച്ചിട്ടും തന്റെ സുരക്ഷാകാര്യത്തില്‍ അദ്ദേഹം വ്യാകുലനായിരുന്നില്ല. മുന്‍ പ്രധാനമന്ത്രിക്ക്‌ രാജ്യം നിര്‍ബന്ധമായു നല്‍കിവരുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ പോലും തനിക്ക്‌ ആവശ്യമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. തനിക്ക്‌ സുരക്ഷ ഒരുക്കുന്ന പണം കൊണ്ട്‌ അത്രയും പാവങ്ങളെ സഹായിക്കണമെന്ന സിംഗിന്റെ അഭ്യര്‍ത്ഥന മുന്‍പ്രധാനമന്ത്രിയായിരുന്ന എച്ച്‌.ഡി. ദേവഗൗയെ പോലും വിസ്‌മയിപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ 1997ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന്‌ പിന്‍വലിയുന്നതായി പ്രഖ്യാപിക്കുന്നതുവരെ രാഷ്ട്രീയത്തിലെ വ്യത്യസ്‌തയുടെ ശബ്ദമായിരുന്നു വി.പി സിംഗിന്റേത്‌. തികഞ്ഞ ശുഭാപ്‌തി വിശ്വാസവും കൂടിയാലോചന നടത്തി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കഴിവും ഉറച്ച നിലപാടെടുക്കാനുള്ള ആര്‍ജ്ജവവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രാഷ്ട്രീയം മാന്യന്മാരുടെ ഏര്‍പ്പാടായിരുന്ന കാലത്തു നിന്ന്‌ തെമ്മാടികളുടെ അവസാനത്തെ അഭയ കേന്ദ്രമാകുന്നതിലേക്ക്‌ വഴിമാറുമ്പോള്‍ വി.പി സിംഗിനെ വരുംതലമുറ സ്‌മരിക്കുന്നത്‌ രാഷ്ട്രീയത്തില്‍ വിശുദ്ധിയെന്ന അദ്ധ്യായവുമുണ്ടായിരുന്നു എന്ന ചരിത്രസത്യത്തിലൂടെയായിരിക്കും. വിപണിയുടെ രാഷ്ട്രീയം പിടിമുറുക്കുന്ന കാലത്ത്‌ ഇങ്ങനെയും ചില നക്ഷത്രവെളിച്ചങ്ങള്‍ ഉണ്ടായിരുന്നു എന്ന്‌ നമുക്ക്‌ അഭിമാനിക്കാം.

2 comments:

Rejeesh Sanathanan said...

വിപി സിങ്ങിന് ആദരാഞ്ജലികള്‍

കരീം മാഷ്‌ said...

രാഷ്ട്രീയക്കാരനെ പറ്റെ വെറുക്കാതിരിക്കാന്‍ കാരണമായ വല്ലപ്പോഴും ഉദിക്കുന്ന നക്ഷത്രങ്ങളില്‍ ഒന്ന്.