Wednesday, September 16, 2009

ബി.ജെ.പിയുടെ സ്വന്തം ശരശയ്യ

പാക്കിസ്‌താന്റെ രാഷ്ട്രപിതാവ്‌ മുഹമ്മദലി ജിന്ന വിഭജനത്തിന്റെ പാപം പേറേണ്ടവനല്ലെന്ന്‌ ഉറക്കെ വിളിച്ചു പറഞ്ഞ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ്‌ ജസ്വന്ത്‌സിംഗിന്റെ പുസ്‌തകം പത്താം പതിപ്പും പിന്നിട്ട്‌ റെക്കോര്‍ഡ്‌ വില്‍പ്പനയിലാണ്‌. റമസാന്‍ മാസത്തിനു ശേഷം അദ്ദേഹം പാക്കിസ്‌താന്‍ സന്ദര്‍ശിക്കുന്നതോടെ പുസ്‌തകവില്‍പ്പനയുടെ സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകരുമെന്നാണ്‌ വൃത്താന്തങ്ങള്‍. പുസ്‌തകം നിരോധിക്കാന്‍ തിടുക്കം കൂട്ടിയ ഗുജറാത്തിലും വില്‍പ്പന കുതിച്ചുയരുന്നു.
ബി.ജെ.പിയെപ്പറ്റി പറഞ്ഞതിലുമപ്പുറം പറയാനുണ്ട്‌ എന്നതാണ്‌ ജസ്വന്തിനെ പ്രസക്തനാക്കുന്നത്‌. ഓപ്പറേഷന്‍ പരാക്രം, കാണ്ടഹാര്‍, കാര്‍ഗില്‍ യുദ്ധം, ബംഗ്ലാദേശിലേക്ക്‌ ബി.എസ്‌.എഫ്‌ ജവാന്മാര്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടതാണ്‌. എല്ലാറ്റിനും പിന്നില്‍ ബാബരി മസ്‌്‌ജിദ്‌ തകര്‍ക്കുന്നതിനു മുമ്പ്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇടനെഞ്ച്‌ ചതച്ചരച്ച്‌ രഥയാത്ര നടത്തി, തന്റെ കുരുട്ടുബുദ്ധിയെ സ്വയം പ്രഖ്യാപിച്ച അഡ്വാനിയുടെ ഒളിയജണ്ടകളുണ്ടായിരുന്നു എന്നാണ്‌ ജസ്വന്തിന്റെ പുനരാഖ്യാനം. ഏറ്റവുമൊടുവില്‍ ആണവ കരാറുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ട്‌ തേടിയപ്പോള്‍ പണത്തിനു പകരം വോട്ട്‌ എന്ന നാടകവുമായി പാര്‍ലമെന്റിനെ അശുദ്ധമാക്കിയതിനു പിന്നിലും അഡ്വാനിയുടെ അളിഞ്ഞ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ട്‌ എന്നാണ്‌ ഔട്ട്‌ ലുക്ക്‌ ന്യൂസ്‌ മാഗസിന്‍ പ്രതിനിധി സാബാ നഖ്‌വിക്കു നല്‍കിയ അഭിമുഖത്തില്‍ ജസ്വന്ത്‌ വെളിപ്പെടുത്തുന്നത്‌.
അഞ്ചു വര്‍ഷം ഗവേഷണം നടത്തിയ ശേഷം, ഇന്ത്യന്‍ ചരിത്രകാരന്മാര്‍ മൂടിവെച്ച സത്യങ്ങളെ പൊളിച്ചെഴുതി എന്നതായിരുന്നു ജസ്വന്ത്‌സിംഗ്‌ ചെയ്‌ത കുറ്റം. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കും മുമ്പ്‌ ആരും ആ പുസ്‌തകം വായിച്ചിരുന്നില്ല എന്നത്‌ ഒരു തമാശയാണ്‌. ബി.ജെ.പിയുടെ പരമപ്രധാനിയായ അഡ്വാനിക്കെതിരെ ജസ്വന്തിന്റെ ആവനാഴിയില്‍ വിഷാസ്‌ത്രങ്ങളുണ്ട്‌ എന്ന്‌ ഉറപ്പായിട്ടും ആ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി എന്നത്‌ മറ്റൊരു തമാശ.
രാജ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ഒരു നേതാവായി നിലകൊള്ളാന്‍ അഡ്വാനി യോഗ്യനല്ല എന്ന്‌ പറയുന്നത്‌ അദ്ദേഹത്തോടൊപ്പം തോളുരുമ്മി നടന്ന ഒരാളാകുമ്പോള്‍ നമുക്ക്‌ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. ജസ്വന്ത്‌ അത്‌ പറഞ്ഞുകഴിഞ്ഞിരിക്കുന്നു.
പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കപ്പെട്ട ശേഷം ജസ്വന്ത്‌ വെളിപ്പെടുത്തുന്ന കാര്യങ്ങളെ ചുരുക്കിയെടുത്താല്‍ ഇങ്ങനെ വായിക്കാവുന്നതാണ്‌: " അഡ്വാനിക്ക്‌ നേതാവിനു വേണ്ട ഒരു ഗുണവുമില്ല. മാത്രവുമല്ല, അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും മഹാ അബദ്ധങ്ങളുമായിരുന്നു. ഉരുക്കുമനുഷ്യന്‍ എന്ന്‌ പാര്‍ട്ടി വിശേഷിപ്പിക്കുന്ന അഡ്വാനിജിയുടെ ബലഹീനതകളെപ്പറ്റി രഹസ്യമായി ബി.ജെ.പി നേതാക്കളോട്‌ ചോദിച്ചാല്‍ അവര്‍ നിങ്ങളുടെ ചെവിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ, അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അതാണ്‌ സത്യം. ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാന്‍ അഡ്വാനിക്ക്‌ കഴിയാറില്ല. കാണ്ടഹാറിനെപ്പറ്റി പറയേണ്ടി വരുമ്പോള്‍ എനിക്കാകെ നാണക്കേടാകുന്നു. വിമാനം റാഞ്ചിയ തീവ്രവാദികളുടെ ഇഷ്ടത്തിന്‌ തുള്ളാനുള്ള തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേത്‌ തന്നെയായിരുന്നു. മന്ത്രിസഭയുടെ ഒറ്റക്കെട്ടായ തീരുമാനപ്രകാരമാണ്‌ ആ സംഭവം നടന്നത്‌. എന്നിട്ടും അതേപ്പറ്റി അറിഞ്ഞില്ലെന്ന്‌ പറയാന്‍ അപാരമായ കാപട്യം അനിവാര്യമാണ്‌. ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസിനോടും ബ്രജേഷ്‌ മിശ്രയോടും അടല്‍ജിയോടും ചോദിച്ചാല്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാകും.
അഡ്വാനിയോട്‌ എനിക്ക്‌ സഹതാപം മാത്രമേയുള്ളൂ. എങ്ങനെയെങ്കിലും പ്രധാനമന്ത്രിയായാല്‍ മതി എന്ന മോഹമാണ്‌ അദ്ദേഹത്തെ ഈ അവസ്ഥയിലെത്തിച്ചത്‌. അതിനുള്ള കരുക്കള്‍ നീക്കുന്നതിനിടെ തെറ്റുകള്‍ മാത്രം സംഭവിച്ചു. പണത്തിനു പകരം വോട്ട്‌ എന്ന തന്ത്രമായിരുന്നു അതില്‍ ഏറ്റവും രസകരം. ആ നാടകത്തിനു പിന്നില്‍ പൂര്‍ണമായും അഡ്വാനിയുടെ കരങ്ങളായിരുന്നു. ലോക്‌്‌സഭയില്‍ പണം ഉയര്‍ത്തിക്കാട്ടി മാധ്യമശ്രദ്ധ നേടാനുള്ള തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. പുസ്‌തകവിവാദത്തിനു ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ച എന്നോട്‌ അതേപ്പറ്റി ഒരക്ഷരം ഉരിയാടാന്‍ അഡ്വാനി തയ്യാറായില്ല.
ബംഗ്ലാദേശിലേക്ക്‌ ബി.എസ്‌.എഫിനെ നിയോഗിച്ച സംഭവം മറ്റൊരു അബദ്ധമായിരുന്നു. ഒരു തെറ്റായ ഫോട്ടോഗ്രാഫ്‌ ആയിരുന്നു അതിന്റെ പിന്നില്‍. നമ്മുടെ ജവാനെ കൊന്ന്‌ മുളയില്‍ കെട്ടിത്തൂക്കി നടക്കുന്നതായിരുന്നു ചിത്രം. സത്യത്തില്‍ മുറിവേറ്റ ജവാനെ ഉടന്‍ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നു ബംഗ്ലാദേശിലെ ഗ്രാമവാസികള്‍ ചെയ്‌തത്‌. അതിന്റെ സത്യാവസ്ഥ ബോധ്യമാകാതെയുള്ള എടുത്തുചാട്ടമായിരുന്നു അന്ന്‌ സംഭവിച്ചത്‌. അതുപോലെ പാക്കിസ്‌താനില്‍ നിന്നുള്ള വലിയ ഷെല്ലാക്രമണങ്ങളോടെയാണ്‌ കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്‌. ആ സമയത്ത്‌ ആര്‍മി ചീഫ്‌ അവിടെ ഇല്ലായിരുന്നു. അദ്ദേഹം പോളണ്ടിലോ മറ്റോ ആയിരുന്നു. ഏറ്റവും വലിയ ഇന്റലിജന്റ്‌സ്‌ വീഴ്‌ചയാണ്‌ കാര്‍ഗിലില്‍ സംഭവിച്ചത്‌.
കറാച്ചിയില്‍ ജനിച്ച അഡ്വാനി അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ മുഹമ്മദലി ജിന്നയെ കണ്ടിരിക്കാമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. പാക്‌ സന്ദര്‍ശന വേളയില്‍ ജിന്നയെക്കുറിച്ച്‌ അഡ്വാനി നടത്തിയ പ്രസ്‌താവനകള്‍ക്കു പിന്നില്‍ ഈ ബന്ധമായിരിക്കണം. എന്നാല്‍ ജിന്നയെ സംബന്ധിച്ച അഭിപ്രായത്തില്‍ എനിക്കും അദ്ദേഹത്തിനും രണ്ടു വീക്ഷണങ്ങളാണുള്ളത്‌. അയോധ്യ സംഭവത്തില്‍ കുറ്റാരോപിതനായതിന്റെ കുറവ്‌ നികത്താനും മുസ്‌്‌ലിംകളുമായി ബന്ധം സ്ഥാപിക്കാനുമാണ്‌ അഡ്വാനിജി അന്ന്‌ മലക്കം മറിച്ചില്‍ നടത്തിയതെന്ന്‌ കരുതുന്നു. ഞാന്‍ ജനിച്ചത്‌ രാജസ്ഥാനിലാണ്‌. ബഹുസ്വര സംസ്‌കാരത്തെ ഞാന്‍ വിശ്വസിക്കുന്നു. രജപുത്രന്മാര്‍ പന്നിയിറച്ചി കഴിക്കില്ലെന്ന്‌ നിങ്ങള്‍ക്കറിയാമോ? ജെയ്‌സല്‍മറിലെ മുസ്‌്‌ലിംകള്‍ മാംസം ഭക്ഷിക്കാറില്ലെന്നും. പൊഖ്‌്‌റാനിനടുത്തുള്ള ഒരു ദേവാലയത്തെ ഹിന്ദുക്കള്‍ റാം ദിയോറ എന്നു വിളിക്കുമ്പോള്‍ മുസ്‌്‌ലിംകള്‍ റംസാ പീര്‍ എന്നു വിളിക്കുന്നു. ഇതെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ സ്ഥലകാലങ്ങള്‍ക്കനുസരിച്ച വൈവിധ്യങ്ങളാണ്‌.
ജിന്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ നേരത്തെത്തന്നെ എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു. വിഭജനത്തിന്റെ ഉത്തരവാദി എന്ന നിലക്ക്‌ ഒരു മനുഷ്യനെ മാത്രമായി ക്രൂശിക്കുമ്പോള്‍ അതേപ്പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. നേരത്തെ എന്റെ പുസ്‌തകത്തിന്‌ "ഇന്ത്യ-1947, മുറിവേറ്റ സ്വാതന്ത്ര്യം, മുഹമ്മദലി ജിന്ന- ഹിന്ദു മുസ്‌്‌ലിം ഐക്യത്തിന്റെ രാജദൂതനായ പാക്കിസ്‌താന്റെ ഖാഇദെ അഅ്‌സം" എന്നായിരുന്നു പേര്‌ തീരുമാനിച്ചിരുന്നത്‌. ഈ പേര്‌ വളരെ നീണ്ടുപോയെന്ന്‌ പ്രസാധകന്‍ പറഞ്ഞു. പിന്നീടാണ്‌ 'ജിന്ന: ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം' എന്നാക്കി ചുരുക്കിയത്‌. ദ്വിരാഷ്ട്രവാദ സിദ്ധാന്തത്തിന്റെ ആത്മസത്തയെ ഞാന്‍ ഈ പുസ്‌തകത്തില്‍ ചോദ്യം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്നു. മുസ്‌്‌ലിംകള്‍ക്ക്‌ മറ്റൊരു രാഷ്ട്രം വേണമെന്ന ജിന്നയുടെ വാദത്തെ ഈ പുസ്‌തകത്തില്‍ ന്യായീകരിച്ചിട്ടില്ല. ഞാന്‍ പറഞ്ഞത്‌ മുസ്‌്‌ലിംകളുടെ പക്ഷത്ത്‌ നിന്ന്‌ അവരുടെ വേദന മനസ്സിലാക്കണമെന്നാണ്‌. അവര്‍ക്ക്‌ വിഭജനം കൊണ്ട്‌ എന്തു നേട്ടമാണുണ്ടായത്‌? കോണ്‍ഗ്രസിനെ ഹിന്ദു പാര്‍ട്ടി എന്ന്‌ വിളിച്ച ജിന്ന ഇന്ത്യയിലെ മുസ്‌്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച്‌ ബോധവാനായിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ ഭാഗം വ്യക്തമായിരുന്നു. വിഭജനത്തെ ഒരു ഘട്ടത്തില്‍ എതിര്‍ക്കേണ്ടി വന്നത്‌ ജിന്നയുടെ മതേതര മനസ്സിനെയാണ്‌ വെളിപ്പെടുത്തുന്നത്‌. ഇന്ത്യയിലെ നേതാക്കന്മാര്‍ക്ക്‌ അക്കാലത്ത്‌ ഉണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യബോധം ജിന്നക്കുണ്ടായിരുന്നു എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌."
ബി.ജെ.പിയിലെ പ്രതിസന്ധി വാസ്‌തവത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയാണ്‌. അധികാരത്തിനു വേണ്ടി എന്തു നാടകവും കളിക്കാമെന്ന അബദ്ധധാരണയും ജനാധിപത്യബോധങ്ങളെ അപഹസിക്കലുമാണ്‌ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയത്‌. ചോദ്യത്തിന്‌ കോഴ വാങ്ങിയവര്‍ കോണ്‍ഗ്രസ്‌ വോട്ടിന്‌ കോഴ കൊടുത്തു എന്ന്‌ പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്ന്‌ അവര്‍ ധരിച്ചു പോയി. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിനെ കൂട്ടുുപിടിച്ച്‌ നാടകത്തിന്‌ ദൃശ്യരൂപം മെനഞ്ഞുണ്ടാക്കാന്‍ ശ്രമിച്ചെങ്കില്‍ അവസാനഘട്ടത്തില്‍ അതും പാളിപ്പോയി. സുഹൈല്‍ കുല്‍ക്കര്‍ണിയെന്ന പരിചയസമ്പത്തില്ലാത്ത വ്യക്തിയെ നാടകത്തിന്റെ ചുമതല ഏല്‍പ്പിച്ചതാണ്‌ ഏറ്റവും വലിയ വങ്കത്തമായതെന്ന്‌ ജസ്വന്ത്‌ തന്നെ സൂചിപ്പിക്കുന്നുണ്ട്‌. താന്‍ കോഴ വാങ്ങാന്‍ പോവുകയാണെന്ന്‌ ചാനല്‍ പ്രതിനിധിയോട്‌ പറഞ്ഞിട്ടാണ്‌ അദ്ദേഹം അങ്ങനെ ചെയ്‌തത്‌. രഹസ്യകാമറ കൊണ്ട്‌ അത്‌ പകര്‍ത്തണമെന്നും തെര്യപ്പെടുത്തി. കുല്‍ക്കര്‍ണിയാണ്‌ ഈ ഓപ്പറേഷനു പിന്നിലെ ബുദ്ധിയെന്ന്‌ പാര്‍ലമെന്റിന്റെ അന്വേഷണകമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട്‌ ഉപസംഹരിക്കുമ്പോള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുല്‍ക്കര്‍ണി പറയുന്നത്‌ ഇതിന്റെ ബുദ്ധികേന്ദ്രം ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവാണെന്നും അദ്ദേഹത്തിന്റെ പേര്‌ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നുമാണ്‌. അത്‌ അഡ്വാനിയാണെന്ന്‌ ജസ്വന്ത്‌ മറയില്ലാതെ പറയുന്നു. ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഒറ്റ ബി.ജെ.പി നേതാവും അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല വേണ്ട പിന്തുണ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. കുല്‍ക്കര്‍ണിയാണ്‌ ഇതിന്‌ ഏറെ വിയര്‍പ്പൊഴുക്കിയതെന്ന്‌ പണം ഉയര്‍ത്തിക്കാട്ടാന്‍ ഒപ്പം നിന്ന സുഹൈല്‍ ഹിന്ദുസ്ഥാനി വെളിപ്പെടുത്തുന്നു. തന്റെ വിശ്വസ്‌തന്‍ സഞ്‌ജീവ്‌ സക്‌സേനക്ക്‌ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍സിംഗ്‌ പണം കൈമാറി എന്നാണ്‌ സുഹൈല്‍ ഹിന്ദുസ്ഥാനി തുടക്കത്തില്‍ മൊഴി നല്‍കിയത്‌. എന്നാല്‍ സി.എന്‍.എന്‍ പ്രതിനിധിയെ പുറത്ത്‌ നിര്‍ത്തി അമര്‍സിംഗിനെ കാണാന്‍ പോയ സംഘത്തിന്റെ ഉദ്ദേശ്യം ഒരു അദ്ദേഹത്തിന്റെ കൈയില്‍നിന്ന്‌ ശുപാര്‍ശക്കത്ത്‌ വാങ്ങുക എന്നതായിരുന്നു. പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടാനുള്ള പണം വന്നത്‌ എവിടെ നിന്നെന്ന്‌ ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഈ ഓപ്പറേഷനില്‍ ഇടപെടരുതെന്ന തന്റെ ഉപദേശം അഡ്വാനി ചെവിക്കൊണ്ടില്ലെന്നാണ്‌ ജസ്വന്ത്‌ പറയുന്നത്‌. പ്രധാനമന്ത്രിയാകാന്‍ കിട്ടുന്ന അവസരത്തെ വെറുതെ കളയാനില്ലെന്ന ഭാവമായിരുന്നു അദ്ദേഹത്തിനെന്ന്‌ വ്യക്തം. ആ സംഭവത്തോടെ ബി.ജെ.പിയുടെ ധാര്‍മ്മികതയുടെ നട്ടെല്ല്‌ തകര്‍ന്നു. ആരോപണവിധേയരായ അമര്‍ സിംഗ്‌, അഹമ്മദ്‌ പട്ടേല്‍ എന്നിവര്‍ക്കെതിരെ ബലമുള്ള ഒരു തെളിവും ഹാജരാക്കാന്‍ ബി.ജെ.പിക്ക്‌ ഇന്നേവരെ സാധിച്ചിട്ടില്ല.
ബി.ജെ.പിയുടെ പ്രത്യയശാസ്‌ത്രം ജനാധിപത്യ ഇന്ത്യയുടെ നല്ലനടപ്പിന്‌ അനുചിതമാണെന്ന്‌ തെളിയിക്കുന്ന കിടിലന്‍ സംഭവങ്ങളാണ്‌ ഈയിടെ അരങ്ങേറിയത്‌. നമ്മുടെ ജനാധിപത്യ സംസ്‌കാരത്തെ ഊതിക്കാച്ചിയെടുക്കാന്‍ ഇത്തരം അനുഭവങ്ങള്‍ പാഠമാകുമെന്ന്‌ പ്രതീക്ഷിക്കാം. സ്വയം തീര്‍ത്ത ശരശയ്യയില്‍ മലര്‍ന്നുകിടക്കുകയാണ്‌ ഇപ്പോള്‍ ബി.ജെ.പിയും അതിന്റെ നേതാക്കളും. അങ്ങനെ കിടക്കുന്നതും പോരാഞ്ഞ്‌ ഒരു കാര്യവുമില്ലാതെ ആരെയൊക്കെയോ തുപ്പാനും ശ്രമിക്കുന്നുണ്ട്‌. മലര്‍ന്നുകിടന്ന്‌ തുപ്പുന്നവന്റെ മുഖത്തേക്ക്‌ വീഴുന്നത്‌ ഏതായാലും മഴച്ചാറ്റലാവില്ല എന്നുറപ്പ്‌.
(ഒൗട്ട്‌ലുക്ക്‌ വാരികയോട്‌ കടപ്പാട്‌)

2 comments:

‍ശരീഫ് സാഗര്‍ said...

സ്വയം തീര്‍ത്ത ശരശയ്യയില്‍ മലര്‍ന്നുകിടക്കുകയാണ്‌ ഇപ്പോള്‍ ബി.ജെ.പിയും അതിന്റെ നേതാക്കളും. അങ്ങനെ കിടക്കുന്നതും പോരാഞ്ഞ്‌ ഒരു കാര്യവുമില്ലാതെ ആരെയൊക്കെയോ തുപ്പാനും ശ്രമിക്കുന്നുണ്ട്‌. മലര്‍ന്നുകിടന്ന്‌ തുപ്പുന്നവന്റെ മുഖത്തേക്ക്‌ വീഴുന്നത്‌ ഏതായാലും മഴച്ചാറ്റലാവില്ല എന്നുറപ്പ്‌.

FAISAL MALIK V.N said...

അവസാന ഗണ്ഡിക വളരെ ഇഷ്ടപ്പെട്ടു