Sunday, June 21, 2009

ബീമാപ്പള്ളി കേരളത്തില്‍ തിരുവന്തപുരം ജില്ലയിലാണ്‌


കൊമ്പന്‍ ഷിബു എന്നാണ്‌ അയാളുടെ പേര്‌. സ്ഥലത്തെ പ്രധാന പിരിവുകാരന്‍. വെറും ഗുണ്ടയല്ല മുന്തിയ ഇനം ഗുണ്ട തന്നെയാണെന്ന്‌ പേരില്‍തന്നെ എഴുതിവെച്ചിട്ടുണ്ട്‌. കഞ്ചാവ്‌ വില്‍പ്പനക്കാരന്‍ കൂടിയായിരുന്ന ഇയാള്‍ ചെറിയ തുറയില്‍ നിന്ന്‌ മദ്യപിച്ചെത്തി ബീമാപ്പള്ളിയില്‍ പ്രശ്‌നമുണ്ടാക്കിയതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മേഖല തിരിച്ച്‌ ഗുണ്ടാപിരിവ്‌ നടത്തുന്ന സംഘങ്ങള്‍ വിലസുന്നതായി നമുക്കറിയാം. എന്നാല്‍ കേരളത്തിലെ കൊമ്പന്‍ ഷിബുവിനെ ജനങ്ങള്‍ കൈകാര്യം ചെയ്‌തു. തുടര്‍ന്ന്‌ ബീമാപ്പള്ളി സ്വദേശികളുടെ വള്ളവും വലയും ഷിബുവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടകള്‍ കത്തിച്ചു. ഇതില്‍ പ്രകോപിതരായ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാര്‍ ചെറിയതുറ ഭാഗത്തേക്ക്‌ പോയി. ഇവിടെയുളള ആളുകളുമായി കല്ലേറ്‌ നടന്നതിനെത്തുടര്‍ന്ന്‌ പോലീസ്‌ സംഘം മുന്നറിയിപ്പൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നു. കടപ്പുറത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും വെടിയേറ്റു. ബീമാപ്പള്ളി സ്വദേശികളായ അഹ്‌്‌മദ്‌ സലീം (50), ബാദുഷ (35), സെയ്‌തലവി (24), അബ്ദുല്‍ഹക്കീം (27) എന്നിവര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ 37 പേരെയാണ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പരിക്കേറ്റ രണ്ടു പേര്‍ കൂടി പിന്നീട്‌ മരണത്തിന്‌ കീഴടങ്ങി. സംഭവ സ്ഥലത്ത്‌ നിരോധനാജ്ഞയോ പോലീസ്‌ നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. ജനം പിന്തിരിഞ്ഞ്‌ ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പോലീസ്‌ വെടിവെപ്പ്‌ തുടര്‍ന്നു. വെടിയുണ്ടകള്‍ തീരുന്നതു വരെ തുടര്‍ച്ചയായി 30 റൗണ്ട്‌ വെടിയുതിര്‍ത്തുവെന്നാണ്‌ പ്രാഥമികവിവരം. കേരളത്തിലെ മനുഷ്യസ്‌നേഹികളെ അമ്പരപ്പിച്ചു കളഞ്ഞു ആ വെടിവെപ്പ്‌. വെടിയേറ്റു വീണവരെയും പോലീസ്‌ വെറുതെ വിട്ടില്ല. പിന്നാലെ പാഞ്ഞു വന്ന്‌ തോക്കിന്റെ പുറം പാത്തി കൊണ്ട്‌ പൊതിരെ തല്ലി. വെടിവെപ്പിനു ശേഷമാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. ഗുണ്ടാ നേതാവ്‌ ഷിബുവിന്റെ അക്രമങ്ങള്‍ തടയണമെന്ന്‌ ബീമാപ്പള്ളി ജമാഅത്ത്‌ പ്രസിഡണ്ട്‌ എന്‍.വി അസീസും വാര്‍ഡ്‌ കൗണ്‍സിലറും മുസ്‌്‌ലിംലീഗ്‌ നേതാവുമായ ബീമാപ്പള്ളി റഷീദും നേരത്തെ കലക്ടറോട്‌്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ നിസ്സംഗത നടിച്ചു.
അക്രമം നടത്തിയ ഷിബുവിനെ ദിവസങ്ങള്‍ക്കു ശേഷമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ജമാഅത്ത്‌ പ്രതിനിധികളെ ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷനില്‍ തടഞ്ഞുവെക്കാനുള്ള കൂര്‍മ്മബുദ്ധിയും പോലീസ്‌ കാണിച്ചു. ഇതെല്ലാം സംഭവിച്ചത്‌ കേരളത്തില്‍ തന്നെ. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ, തിരുവനന്തപുരത്ത്‌. മെയ്‌ 17നാണ്‌ സംഭവം നടന്നത്‌. തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന്റെ പിറ്റേ ദിവസം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിന്റെ അരിശം പാവങ്ങളുടെ നെഞ്ചത്ത്‌ തീര്‍ത്തതാണെന്ന്‌ ദോഷൈകദൃക്കുകള്‍ പറയുന്നതല്ല. അതില്‍ കഴമ്പുണ്ടാകാമെന്ന്‌ സ്ഥിതിവിവരങ്ങളും വിവരണങ്ങളും ഉറക്കെ വിളിച്ചു പറയുന്നു. ചെറിയതുറയില്‍ കൊല്ലപ്പെട്ടത്‌ പാവങ്ങളായിരുന്നു. അന്നത്തെ അന്നത്തിനു വേണ്ടി കാറ്റിനെയും കടലിനെയും അതിജീവിക്കുന്നവര്‍. ഒരു ഇസത്തിനും വേണ്ടിയായിരുന്നില്ല അവരുടെ രക്തസാക്ഷിത്വം. അതുകൊണ്ട്‌ തന്നെ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആളുകളുണ്ടായില്ല. മുസ്‌്‌ലിംലീഗ്‌ ഒഴികെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ വിഷയം കാര്യമായി ഏറ്റെടുത്തതുമില്ല. ബീമാപ്പള്ളിയില്‍ ചങ്ങലക്ക്‌ ഭ്രാന്ത്‌ പിടിച്ചു. തുരുതുരാ പൊട്ടുന്ന മരണശബ്ദങ്ങള്‍ കേട്ട്‌ ഓടുന്നതിനിടെ പിറകു വശത്താണ്‌ പലര്‍ക്കും വെടിയേറ്റത്‌. യുദ്ധമുഖത്തെന്ന പോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഒരു കാരണവുമില്ലാതെ നിരപരാധികളെ കൊല്ലുന്നതിന്റെ വിറയലൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഏതോ ഉന്നത കേന്ദ്രത്തില്‍ നിന്ന്‌ നിര്‍ദ്ദേശം ലഭിച്ച പോലെ എല്ലാം തിടുക്കത്തിലായിരുന്നു. വെടിവെപ്പിനു മുമ്പ്‌ പാലിക്കേണ്ട സാമാന്യ നിയമങ്ങള്‍ പോലും അവര്‍ക്ക്‌ ബാധകമായിരുന്നില്ല. എന്തു വലിയ പ്രശ്‌നമുണ്ടായാലും ടിയര്‍ഗ്യാസ്‌, ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ്‌ തുടങ്ങിയ ക്രിയകള്‍ കഴിഞ്ഞാല്‍ മഷിയിട്ടു നോക്കിയാല്‍ പോലും ആ പരിസരത്ത്‌ ആരെയും കാണില്ല. ലാത്തിച്ചാര്‍ജ്ജ്‌ ഒഴികെയുള്ള കാര്യങ്ങള്‍ നടന്നു കഴിയുമ്പോഴേക്ക്‌ സാമാന്യജനം പിരിഞ്ഞു പോവുകയാണ്‌ പതിവ്‌. എന്നാല്‍ ചെറിയതുറയില്‍ ഇപ്പറഞ്ഞ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ജനക്കൂട്ടത്തിലേക്ക്‌ വെടിവെക്കേണ്ടി വന്നാല്‍ മുട്ടിനു താഴെയായിരിക്കണമെന്ന നിയമവും പാലിച്ചില്ല. കൊല്ലാന്‍ പറഞ്ഞയച്ചവന്റെ കണക്കുകൂട്ടലുകള്‍ വലുതായിരുന്നുവെന്ന്‌ പരിക്കേറ്റവരുടെ കണക്ക്‌ പരിശോധിച്ചാല്‍ മനസ്സിലാകും. ഭൂരിഭാഗം പേര്‍ക്കും വെടിയേറ്റുള്ള പരിക്കാണ്‌ എന്നത്‌ കൊല്ലേണ്ട കണക്ക്‌ മരണസംഖ്യയേക്കാള്‍ കൂടുതലായിരുന്നു എന്നതിന്റെ തെളിവാണ്‌. കൊല്ലപ്പെട്ട ആറു പേരുടെയും വെടിയേറ്റ പരിക്കുകള്‍ മാരകമായിരുന്നു. (വെടിയേറ്റു മരിച്ചത്‌ നാലു പേര്‍ മാത്രം എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ കണക്ക്‌. പത്രങ്ങളും നാടായ നാടും ഒന്നിച്ച്‌ പറഞ്ഞാലും ഉദ്യോഗസ്ഥര്‍ എഴുതിയത്‌ അപ്പടി ശ്വാസം വിടാതെ വായിക്കുക എന്നത്‌ ഈ മന്ത്രിസഭയുടെ ഒരു നടപ്പുശീലമാണ്‌.)പോലീസ്‌ കെട്ടിയുണ്ടാക്കിയ കഥകളുടെ പിന്നാലെയായിരുന്നു പിന്നീട്‌ മാധ്യമങ്ങളും പൊതുസമൂഹവും. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനാണ്‌ വെടിവെച്ചത്‌ എന്നായിരുന്നു ഒരു കഥ. അങ്ങനെയൊരു സംഘര്‍ഷത്തിനുള്ള വകുപ്പൊന്നും അവിടെയുണ്ടായിരുന്നില്ല എന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു പൊതുപ്രശ്‌നത്തിനു വേണ്ടി ഒന്നിച്ച അവര്‍ എങ്ങനെയാണ്‌ പരസ്‌പരം ചേരിതിരിയുക എന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടില്ല. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്‌ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ്‌ മറ്റൊരു കഥ. അങ്ങനെയൊരു സാധ്യത ചെറിയതുറയില്‍ ഇല്ലെന്ന്‌ പള്ളി അധികാരികള്‍ തന്നെ പിന്നീട്‌ വിശദീകരിക്കുകയുണ്ടായി. മുസ്‌്‌ലിംകളും ക്രിസ്‌ത്യാനികളും അത്രയേറെ സൗഹൃദത്തില്‍ കഴിയുന്ന പ്രദേശമാണിത്‌. ഇമ്മാതിരി തട്ടുപൊളിപ്പന്‍ വിശദീകരണങ്ങളൊന്നും ഏല്‍ക്കാതെ വന്നപ്പോഴാണ്‌ ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനെതിരെ സ്വയരക്ഷാര്‍ത്ഥം പോലീസ്‌ വെടിവെക്കുകയായിരുന്നു എന്ന കഥ ഉരുത്തിരിഞ്ഞ്‌ വന്നത്‌. അങ്ങനെ സ്വയരക്ഷാര്‍ത്ഥം പോലീസ്‌ നേരത്തെ വെടിവെച്ചു തുടങ്ങിയിരുന്നെങ്കില്‍ ഇന്ന്‌ ഒരൊറ്റ സി.പി.എമ്മുകാരനും ജീവനോടെ ഉണ്ടാകുമായിരുന്നില്ല. അക്രമസമരങ്ങള്‍ നടത്തി പോലീസിനെതിരെ ഏറ്റവുമധികം യുദ്ധത്തിന്‌ മുറവിളികൂട്ടിയ വിഭാഗം ഏതായിരുന്നു എന്ന ചോദ്യത്തിന്‌ ചാനല്‍ സ്റ്റുഡിയോ ലൈബ്രറികളിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ മുമ്പുള്ള ചില ദൃശ്യങ്ങള്‍ ചികഞ്ഞാല്‍ മതി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ്‌ കോടതി വരാന്തകളിലായിരുന്നു ഇടതു സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും. പലരും പിടികിട്ടാപ്പുള്ളികള്‍. ജാമ്യം കിട്ടാനുള്ള നെട്ടോട്ടം. എല്ലാം ജനം കാണുന്നുണ്ട്‌ എന്ന്‌ ഫലം വന്നപ്പോള്‍ ബോധ്യമായി. ജനക്കൂട്ടത്തിന്റെ ആക്രമണം മൂലം സ്വന്തം യൂണിഫോം ഒന്ന്‌ ചുളിഞ്ഞു പോയ പോലീസിനെയെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ എഫ്‌.ഐ.ആര്‍ കഥകളെഴുതുന്ന ഡിപ്പാര്‍ട്ട്‌മെന്റിന്‌ ഇന്നേവരെ സാധിച്ചിട്ടില്ല. ഇതൊരു ക്രിമിനല്‍ ബുദ്ധിയുള്ള മിടുക്കന്റെ കളിയായിരുന്നു എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കള്ളനും പോലീസും കളി. പോലീസ്‌ എന്നാല്‍ ഭരിക്കുന്ന ഏമാന്‍ പറയുന്നത്‌ അപ്പടി വിഴുങ്ങുകയും കാഞ്ചി വലിക്കാന്‍ പറഞ്ഞാല്‍ വലിക്കുകയും ചെയ്യുന്ന സാധുക്കളാണെന്ന്‌ വിശ്വാസിക്കാം. കള്ളനാര്‌ എന്നതു മാത്രമാണ്‌ ഇനി പിടികിട്ടാനുള്ളത്‌. അവന്റെ ഉദ്ദേശ്യമെന്തായിരുന്നു എന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. വെടിവെപ്പുവേളയില്‍ ഹാജരായിരുന്ന പോലിസ്‌ ഉദ്യോഗസ്ഥരുടെ പങ്കിനോടൊപ്പം സംഭവസ്ഥലത്തു നിന്നു വിട്ടുനിന്ന ഉന്നത പോലിസ്‌ ഉദ്യോഗസ്ഥരുടെ വിവരവും പ്രത്യേകം അന്വേഷിക്കണം. തെരഞ്ഞെടുപ്പ്‌ ഫലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തത്രപ്പാടില്‍ ഉന്നതവൃത്തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശാനുസരണമാണ്‌ വെടിവെപ്പ്‌ നടന്നതെന്ന്‌ സംശയിക്കപ്പെടുന്നുണ്ട്‌. നന്ദിഗ്രാമില്‍ ഒരു പ്രത്യേക സമുദായം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്‌ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കെമിക്കല്‍ ഹബ്ബ്‌ പണിയാനായി 14 പേരെ വെടിവെച്ചു കൊന്ന അതേ സി.പി.എമ്മാണ്‌ കേരളവും ഭരിക്കുന്നത്‌ എന്ന കാര്യമോര്‍ക്കുമ്പോള്‍ ഭയപ്പെടാതെ വയ്യ. വര്‍ഗ്ഗീയവികാരം ഇളക്കി വിടാതിരിക്കാനാണ്‌ വാര്‍ത്തക്ക്‌ പ്രാധാന്യം കൊടുക്കാതിരുന്നത്‌ എന്ന ഒരു മുടന്തന്‍ ന്യായമാണ്‌ നിശ്ശബ്ദതക്കുള്ള കാരണമായി മാധ്യമങ്ങള്‍ വിശദീകരിച്ചത്‌. അത്‌ കുറ്റകരമായ മൗനമായിരുന്നു എന്ന്‌ സമ്മതിക്കാന്‍ ആര്‍ക്കും ചങ്കൂറ്റമില്ല. നിശ്ശബ്ദത അടക്കി വാഴുന്നിടത്ത്‌ നീതിനിഷേധമുണ്ടാകുമെന്നത്‌ പൊതുനിയമമാണ്‌. മൗനം ഫാഷിസത്തിന്റെ ലക്ഷണമാണ്‌. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍. ഇങ്ങനെ ന്യായീകരിക്കുന്ന വിഭാഗം തന്നെയാണ്‌ മാറാട്‌ എട്ട്‌ ഹിന്ദു സഹോദരന്മാര്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ദിവസങ്ങളോളം ആ ഭീകര ദൃശ്യങ്ങള്‍ വെട്ടിമാറ്റാതെ ടി.വി സ്‌ക്രീനില്‍ നിലനിര്‍ത്തിയത്‌. അന്നൊന്നും ഇല്ലാതിരുന്ന എന്ത്‌ മാധ്യമധര്‍മ്മമാണ്‌ ഇക്കാര്യത്തില്‍ നിര്‍വ്വഹിച്ചതെന്ന്‌ വ്യക്തമാക്കപ്പെടേണ്ടതുണ്ട്‌. മാന്യമഹാ ദേഹികളും ദേഹങ്ങളുമായ നമ്മുടെ സാംസ്‌കാരിക നായകന്മാരും ബീമാപ്പള്ളി കണ്ടില്ല. അത്‌ തിരുവനന്തപുരത്താണെന്ന്‌ അവര്‍ക്കറിയില്ല. മിണ്ടിയില്ല, ഒരെണ്ണവും. അവര്‍ക്ക്‌ വേറെയും വിഷയങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചിരിയായിരുന്നു പ്രധാന പ്രശ്‌നങ്ങളിലൊന്ന്‌. ചാനലുകളും പത്രങ്ങളും ആഘോഷിക്കാന്‍ വിട്ടു പോയില്ല. അതു ചര്‍ച്ചക്കെടുത്തില്ലെങ്കില്‍ നമ്മുടെ സാംസ്‌കാരികബോധങ്ങള്‍ അപകടത്തിലാവുമെന്ന പ്രതീതിയായിരുന്നു കുറേ ദിവസങ്ങളില്‍. കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കിയതു കൊണ്ടു മാത്രം അവസാനിപ്പിക്കാവുന്ന കേസല്ല ബീമാപ്പള്ളി വെടിവെപ്പ്‌. അത്‌ ഒരു ജനവിഭാഗത്തെയൊന്നാകെ അരക്ഷിതബോധത്തിലേക്ക്‌ ഉന്തിയിടാവുന്ന നെറികേടാണ്‌. പോലീസിലും ഉദ്യോഗസ്ഥ വൃന്ദത്തിലും ചില കരുതല്‍ നടപടികള്‍ അനിവാര്യം. ഉന്നതന്മാരുടെ താല്‍ക്കാലിക നോട്ടങ്ങള്‍ വിദൂരകാലത്തേക്കുള്ള പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമായേക്കാം എന്ന്‌ ഇനിയെന്നാണ്‌ നമ്മുടെ പോലീസും ഭരണകൂടവും മനസ്സിലാക്കുക?. പൊതുബോധങ്ങള്‍ സ്വരൂപിക്കുന്നതിലും മലയാളിക്ക്‌ മാറാന്‍ നേരമായിരിക്കുന്നു. അത്‌ മാധ്യമങ്ങള്‍ക്കും സാംസ്‌കാരികനായകന്മാര്‍ക്കും മാത്രം വിട്ടു കൊടുക്കേണ്ട പ്രക്രിയയല്ല. അല്ലെങ്കിലും കേരളത്തിലെ മനുഷ്യരെ ആര്‍ക്കു വേണം.? അവന്‍ ഉച്ചയ്‌ക്ക്‌ വെക്കാന്‍ അരിയില്ലാതെ ഉച്ചത്തില്‍ കരഞ്ഞാലും ഉഗാണ്ടയിലെ പട്ടിണി മരണങ്ങളെപ്പറ്റി നമുക്ക്‌ ചര്‍ച്ചാ സംഗമങ്ങള്‍ സംഘടിപ്പിക്കാം. ആരോ അയച്ച ഇ മെയില്‍ സന്ദേശത്തിന്റെ പേരില്‍ അവനെ അറസ്റ്റു ചെയ്‌ത്‌ തീവ്രവാദിപ്പട്ടമണിയിച്ചാല്‍ വസീറിസ്ഥാനിലെ ഗോത്രമേഖലകളില്‍ താലിബാന്‍ സ്വരുക്കൂട്ടുന്ന ആര്‍.ഡി.എക്‌സിന്റെയും എ.കെ-47ന്റെയും ഞെട്ടിക്കുന്ന കണക്കുകള്‍ നിരത്തി നമുക്ക്‌ അവന്‍ ജനിച്ച കുലത്തെ ഒന്നടങ്കം തീവ്രവാദികളാക്കുകയോ യഥാര്‍ത്ഥത്തിലുള്ള ഉറവിടങ്ങളെ അന്വേഷിക്കാതിരിക്കുകയോ ചെയ്യാംേ. അറിയാതെയൊരു വണ്ടി മുട്ടി പൂച്ചയോ പട്ടിയോ ചത്താല്‍ അന്നത്തെ വാര്‍ത്താ വിശകലനത്തിന്റെ മുക്കാല്‍ മണിക്കൂറും മൃഗങ്ങളോട്‌ എന്തിനീ ക്രൂരത എന്ന വിഷയത്തില്‍ കൊച്ചി സ്‌റ്റുഡിയോയിലും കോഴിക്കോട്ടും സാംസ്‌കാരിക നായകന്മാരെ ഇരുത്താം. കേരളത്തില്‍ പോലീസ്‌ വെടിവെപ്പോ കൂട്ടബലാത്സംഗമോ കലാപങ്ങളോ മനുഷ്യാവകാശലംഘനമോ സംഭവിക്കട്ടെ. നമുക്ക്‌ അബൂഗുറൈബിന്റെ ഇരുട്ടറകളില്‍ അമേരിക്കന്‍ പട്ടാളം ഇറാഖി തടവുകാരെ പീഡിപ്പിക്കുന്നതിനെപ്പറ്റിയും ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നതിനെപ്പറ്റിയും ആണവ കരാറിനെപ്പറ്റിയും മാത്രം സംസാരിക്കാം. വിഷയദാരിദ്ര്യം ഒട്ടും ഇല്ലാതിരുന്നിട്ടും അന്താരാഷ്ട്ര കാര്യങ്ങളില്‍ വ്യാകുലപ്പെടുന്നതിന്റെ നൂറില്‍ അര അംശം പോലും മൂക്കിന്‍ തുമ്പത്തെ ഈച്ചയെ ആട്ടാന്‍ ഉപയോഗിക്കുന്നില്ല എന്നത്‌ ഒരുപക്ഷേ കേരളത്തിലെ കപട ജ്ഞാനികളുടെ മാത്രം പ്രത്യേകതയായിരിക്കും. രാജ്യാന്തര വര്‍ത്തമാനങ്ങളേക്കാള്‍ നമ്മെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌. അതു നമുക്കറിയാഞ്ഞിട്ടല്ല. വെടിയുണ്ടയും വിരിമാറും പ്രസംഗിക്കുന്ന നമ്മുടെ മഹാമനീഷികള്‍ സ്വന്തം നെഞ്ചിനു നേര്‍ക്ക്‌ അതു വന്നേക്കും എന്നു തോന്നുന്ന നിമിഷം പിന്മാറിക്കളയുന്നു. അല്ലെങ്കില്‍ മിണ്ടാതിരിക്കുന്നു. അതു തന്നെയാണ്‌ ബീമാപ്പള്ളി വെടിവെപ്പിനു ശേഷവും സംഭവിച്ചത്‌. അത്‌ തലസ്ഥാനത്താണ്‌. ഭരിക്കുന്നവന്റെ ചുണ്ടിനു താഴെയാണ്‌. ചീപ്പ്‌ പോപ്പുലാരിറ്റിക്ക്‌ വേണ്ടിയാണെങ്കിലും സാംസ്‌കാരിക നായകന്മാര്‍ പട്ടികളെപ്പോലെ അലഞ്ഞു നടക്കുന്ന ഇടത്തിലാണ്‌. എന്നിട്ടും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഈ അരും കൊലക്കെതിരെ ഒരിറ്റ്‌ കണ്ണീരു വീഴ്‌ത്താനോ കവിതയെഴുതാനോ ഒരു മനുഷ്യസ്‌നേഹിയെയും കണ്ടില്ല.

5 comments:

‍ശരീഫ് സാഗര്‍ said...

ചീപ്പ്‌ പോപ്പുലാരിറ്റിക്ക്‌ വേണ്ടിയാണെങ്കിലും സാംസ്‌കാരിക നായകന്മാര്‍ പട്ടികളെപ്പോലെ അലഞ്ഞു നടക്കുന്ന ഇടത്തിലാണ്‌. എന്നിട്ടും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഈ അരും കൊലക്കെതിരെ ഒരിറ്റ്‌ കണ്ണീരു വീഴ്‌ത്താനോ കവിതയെഴുതാനോ ഒരു മനുഷ്യസ്‌നേഹിയെയും കണ്ടില്ല.

കരീം മാഷ്‌ said...

ഭീമാപ്പള്ളിയിലെ ഈ ദാരുണ സംഭവം വിയെസ്സ്-പിണറായി ചവിട്ടു നാടകത്തിനടിയില്‍പ്പെട്ടു പോയി.
ആടിനെ പട്ടിയാക്കാന്‍ മാധ്യമപ്രവര്‍ത്തകരും പക്ഷിയെ പട്ടിയാക്കാന്‍ സാംസ്കാരിക എഴുത്തു-നാവു നായകന്മാരും തെരെക്കിലായിരുന്നല്ലോ?

ബാബുരാജ് ഭഗവതി said...

പോലീസ് അതിക്രമങ്ങളെ ഇത്തരത്തില്‍ മൌനമായി വീക്ഷിക്കാന്‍ കേരളീയ സമൂഹം തുടങ്ങിയിട്ട് കുറച്ചുകാ‍ലങ്ങളായി.കേരളം ‘വിചിത്രമായ‘ സ്ഥലമായി മാറിക്കഴിഞ്ഞു.
നാഴികക്കു നാല്പതുവട്ടം ജനങ്ങളെ അവബോധം കൊണ്ട് നറക്കാന്‍ ശ്രമിക്കുന്ന ചാനലുകള്‍ക്ക് ഒന്നും പറയാനില്ലായിരുന്നു.
ഒരു ജനാധിപത്യ സമൂഹം എന്ന വിശേഷണം നമുക്കു നഷ്ടമാവുകയാണ്.

ഷാഫി said...

Absolutely correct. But before you react, realize your name is SHAREEF, not only SAGAR. As we hear ever MARGINISED...

‍ശരീഫ് സാഗര്‍ said...

e.t muhammed basheer m.p ezhuthiyathu

your obsevations are correct.
congratulation.
basheerkka..