
എട്ടേ മുക്കാലിന് ഡസ്ക് ചീഫ് നജീബ് കാന്തപുരത്തിന് ഫോണ്‍ വന്നു. നമ്മുടെ തങ്ങള്‍ പോയി... നജീബ്ക്കാന്റെ മുഖം വിവര്‍ണമായി. ആദ്യനിമിഷങ്ങളില്‍ വല്ലാത്തൊരു അന്ധാളിപ്പായിരുന്നു. എന്നെ നോക്കി ഒരു സൂചന തന്നു. മനസ്സില്‍ തീ കോരിയിട്ട പോലെയൊരു പൊള്ളല്‍. മരിച്ചത് തങ്ങളുടെ അളിയനാണെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുമ്പോഴും നെഞ്ചില്‍ പിടപ്പുണ്ടായിരുന്നു. കേട്ടത് ശരിയായ വാര്‍ത്തയാവരുതേ എന്ന് കരച്ചിലടക്കി പ്രാര്‍ത്ഥിച്ചു. പിന്നെ ഫോണ്‍കോളുകളുടെ പ്രവാഹമായി. കേട്ടറിഞ്ഞ വാര്‍ത്ത ഉറപ്പിക്കാനും കൂടുതല്‍ വിവരങ്ങളറിയാനുമായി നിലക്കാത്ത ഫോണുകള്‍. നാട്ടില്‍ നിന്നും പലരും വിളിച്ചു. മറുപടി പറയാന്‍ പലപ്പോഴും വാക്കുകള്‍ കിട്ടിയില്ല. അപ്പോഴേക്കും വാര്‍ത്താ ചാനലുകളില്‍ തല്‍സമയ സംപ്രേഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഞെട്ടലില്‍ നിന്ന് ഉടന്‍ മുക്തരായ ഞങ്ങള്‍ ജോലിയില്‍ സജീവമായി.
എത്ര ഇഷ്ടമുള്ളവര്‍ വിട്ടുപോയാലും ഡസ്്കിലാണെങ്കില്‍ ഒന്നു കരയാന്‍ പോലുമാകാത്ത വിധി പത്രപ്രവര്‍ത്തകരുടേത് മാത്രമായിരിക്കും. അവര്‍ എല്ലാം ഉള്ളിലൊതുക്കി പിറ്റേന്നത്തെ പേജുകള്‍ ഭംഗിയാക്കാന്‍ വേണ്ടി ജോലി ചെയ്യണം. ഞങ്ങളും അങ്ങനെ ചെയ്തു. ടൈറ്റില്‍ താഴ്്ത്തിവെച്ച് പത്രത്തിനു മുകളിലായി എഴുതിക്കെട്ടി. വിളക്കണഞ്ഞു. ഒന്നാം പേജില്‍തന്നെ എഡിറ്റോറിയല്‍. ഞങ്ങള്‍ അനാഥരായി. നജീബ്്ക്ക പറഞ്ഞുതന്ന വരികള്‍ ടൈപ്പ് ചെയ്യുമ്പോള്‍ എന്റെ കൈകള്‍ വിറച്ചില്ല. ചില വരികളില്‍ കരള്‍ വിറച്ചു. കരച്ചില് വന്നു. ലൈബ്രറിയില്‍ ചെന്ന് പഴയ പടങ്ങള്‍ തപ്പിത്തിരച്ചിലായി പിന്നെ. അപൂര്‍വ്വ ചിത്രങ്ങള്‍ തുന്നിവെച്ച് ഞാനും ഷാഫിയും ഒരു മണിക്കൂരിനുള്ളില്‍ രണ്ടു പേജുകള്‍ ചെയ്തു. ആ മഹാപ്രവാഹം. ചിത്രസ്മൃതികള്‍. അതിനിടെ സമൂഹത്തിന്രെ വിവിധ ഇടങ്ങളില്‍ നിന്ന് അനുശോചനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. പിന്നെയെല്ലാം പെട്ടെന്ന് നടന്നു. രണ്ട് മണിക്കൂറിനകം മറ്റു വാര്‍ത്തകളെല്ലാം മാറ്റിവെച്ച് പത്രം തയ്യാറായി. പിന്നെ പത്രം പ്രിന്റ് ചെയ്യുന്നതുവരെയുള്ള കാത്തിരിപ്പ്. വിവരമറിഞ്ഞ് എത്തിയ പലരും കിലോമീറ്ററുകള്‍ക്കപ്പുറത്തുവെച്ച് മയ്യിത്ത് കാണാനാവാതെ മടങ്ങിയിരിക്കുന്നു. പത്രക്കെട്ടുകളുമായി രണ്ടു വണ്ടികളില്‍ ഞങ്ങള്‍ പുറപ്പെട്ടു. വഴിയിലുടനീളം പകല്‍പോലെ തിരക്ക്. പാണക്കാട്ടേക്ക് അടുക്കാനാവില്ലെന്ന് ഉറപ്പായപ്പോള്‍ നേരെ ചന്ദ്രികയിലേക്ക് പോയി. പിന്നെ പത്രക്കെട്ടുകളുമായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ഹാളിലേക്ക്. അപ്പോള്‍ സമയം നാലുമണി.മയ്യിത്ത് കുളിപ്പിച്ചുകഴിഞ്ഞാല്‍ ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിന് എത്തുമെന്ന പ്രതീക്ഷയില്‍ അവിടെ ജനം തിങ്ങിനിറഞ്ഞിരിക്കുന്നു. നേരിയ ചാറ്റല്‍മഴ പെയ്തുകൊണ്ടിരുന്നു.
മഴ കൊണ്ട് നില്ക്കുന്ന ചിലര്‍. കുടയുമായി ചിലര്‍. കാത്തിരിപ്പുമായി ഉറക്കമൊഴിച്ച് റോഡരികില്‍ കിടക്കുന്നവര്‍. പത്രക്കെട്ട് പുറത്തെടുത്ത ഓര്‍മ്മ മാത്രമേയുള്ളൂ. ചാനല്‍ക്കണ്ണുകള്‍. കണ്ണടച്ച് തുറക്കും മുമ്പ് ആളുകള്‍ പൊതിഞ്ഞു. പത്രം തീര്‍ന്നു. മുസ്്ലിംലീഗ് രാഷ്ട്രീയവുമായി എന്നെ അടുപ്പിച്ചത് ശിഹാബ് തങ്ങളുടെ സൗമ്യനേതൃത്വവും മതേതര നിലപാടുകളുമായിരുന്നു. ഒരേസമയം എങ്ങനെ നല്ല മുസ്്ലിമും ബഹുമുഖ സമൂഹത്തിലെ അന്തസ്സുള്ള മനുഷ്യനുമായി ജീവിക്കാമെന്ന പ്രത്യയശാസ്ത്രത്തെ ഞാന്‍ തൊട്ടറിഞ്ഞു. എം.എസ്.എഫിന്റെ സജീവപ്രവര്‍ത്തകനായി. മുസ്്ലിംലീഗുകാരനായി. മുസ്്ലിമാണെന്ന് പറയാന്‍ പോലും മടിക്കുന്നവരുടെ മുന്നില്‍ മുസ്്ലിംലീഗുകാരനാണെന്ന് അഭിമാനത്തോടെ ഉറപ്പിച്ചു പറഞ്ഞു. ചരിത്രത്തില്‍ ഇന്നേവരെ പൊതുസമൂഹം ഒരു മുസ്്ലിംലീഗുകാരനു നേരെയും സംശയത്തിന്റെ കുന്തമുനയെറിഞ്ഞിട്ടില്ല എന്നതാണ് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലെ മുസ്്ലിംകള്‍ നേടിയെടുത്ത അഭിമാനകരമായ അസ്തിത്വം. രാഷ്ട്രീയ ഇസ്്ലാമിന്റെ ആളുകള്‍ ഹൈജാക്ക് ചെയ്യാന്‍ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും മുസ്്ലിംലീഗിന്റെ നയങ്ങളിലോ നിലപാടുകളിലോ വെള്ളം ചേര്‍ക്കാന്‍ ശിഹാബ് തങ്ങള്‍ ഒരുമ്പെട്ടില്ല. ആ മൗനത്തിന് കാരിരുമ്പിന്റെ കരുത്തും ആ പുഞ്ചിരിയില്‍ കാവല്‍മാലാഖയുടെ വശ്യതയുമുണ്ടായിരുന്നു.കോഴിക്കോട്ടേക്ക് തിരിച്ചുവരുമ്പോള്‍ മനസ്സുനിറയെ നീറ്റല്‍. നേരം വെളുത്തുതുടങ്ങി.