പാക്കിസ്‌താന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന വിഭജനത്തിന്റെ പാപം പേറേണ്ടവനല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് ജസ്വന്ത്‌സിംഗിന്റെ പുസ്‌തകം പത്താം പതിപ്പും പിന്നിട്ട് റെക്കോര്‍ഡ് വില്‍പ്പനയിലാണ്. റമസാന്‍ മാസത്തിനു ശേഷം അദ്ദേഹം പാക്കിസ്‌താന്‍ സന്ദര്‍ശിക്കുന്നതോടെ പുസ്‌തകവില്‍പ്പനയുടെ സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകരുമെന്നാണ് വൃത്താന്തങ്ങള്‍. പുസ്‌തകം നിരോധിക്കാന്‍ തിടുക്കം കൂട്ടിയ ഗുജറാത്തിലും വില്‍പ്പന കുതിച്ചുയരുന്നു.
ബി.ജെ.പിയെപ്പറ്റി പറഞ്ഞതിലുമപ്പുറം പറയാനുണ്ട് എന്നതാണ് ജസ്വന്തിനെ പ്രസക്തനാക്കുന്നത്. ഓപ്പറേഷന്‍ പരാക്രം, കാണ്ടഹാര്‍, കാര്‍ഗില്‍ യുദ്ധം, ബംഗ്ലാദേശിലേക്ക് ബി.എസ്.എഫ് ജവാന്മാര്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടതാണ്. എല്ലാറ്റിനും പിന്നില്‍ ബാബരി മസ്‌്‌ജിദ് തകര്‍ക്കുന്നതിനു മുമ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇടനെഞ്ച് ചതച്ചരച്ച് രഥയാത്ര നടത്തി, തന്റെ കുരുട്ടുബുദ്ധിയെ സ്വയം പ്രഖ്യാപിച്ച അഡ്വാനിയുടെ ഒളിയജണ്ടകളുണ്ടായിരുന്നു എന്നാണ് ജസ്വന്തിന്റെ പുനരാഖ്യാനം. ഏറ്റവുമൊടുവില്‍ ആണവ കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ പണത്തിനു പകരം വോട്ട് എന്ന നാടകവുമായി പാര്‍ലമെന്റിനെ അശുദ്ധമാക്കിയതിനു പിന്നിലും അഡ്വാനിയുടെ അളിഞ്ഞ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ഔട്ട് ലുക്ക് ന്യൂസ് മാഗസിന്‍ പ്രതിനിധി സാബാ നഖ്‌വിക്കു നല്‍കിയ അഭിമുഖത്തില്‍ ജസ്വന്ത് വെളിപ്പെടുത്തുന്നത്.
അഞ്ചു വര്‍ഷം ഗവേഷണം നടത്തിയ ശേഷം, ഇന്ത്യന്‍ ചരിത്രകാരന്മാര്‍ മൂടിവെച്ച സത്യങ്ങളെ പൊളിച്ചെഴുതി എന്നതായിരുന്നു ജസ്വന്ത്‌സിംഗ് ചെയ്‌ത കുറ്റം. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും മുമ്പ് ആരും ആ പുസ്‌തകം വായിച്ചിരുന്നില്ല എന്നത് ഒരു തമാശയാണ്. ബി.ജെ.പിയുടെ പരമപ്രധാനിയായ അഡ്വാനിക്കെതിരെ ജസ്വന്തിന്റെ ആവനാഴിയില്‍ വിഷാസ്‌ത്രങ്ങളുണ്ട് എന്ന് ഉറപ്പായിട്ടും ആ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി എന്നത് മറ്റൊരു തമാശ.
രാജ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച് ഒരു നേതാവായി നിലകൊള്ളാന്‍ അഡ്വാനി യോഗ്യനല്ല എന്ന് പറയുന്നത് അദ്ദേഹത്തോടൊപ്പം തോളുരുമ്മി നടന്ന ഒരാളാകുമ്പോള്‍ നമുക്ക് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. ജസ്വന്ത് അത് പറഞ്ഞുകഴിഞ്ഞിരിക്കുന്നു.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം ജസ്വന്ത് വെളിപ്പെടുത്തുന്ന കാര്യങ്ങളെ ചുരുക്കിയെടുത്താല്‍ ഇങ്ങനെ വായിക്കാവുന്നതാണ്: " അഡ്വാനിക്ക് നേതാവിനു വേണ്ട ഒരു ഗുണവുമില്ല. മാത്രവുമല്ല, അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും മഹാ അബദ്ധങ്ങളുമായിരുന്നു. ഉരുക്കുമനുഷ്യന്‍ എന്ന് പാര്‍ട്ടി വിശേഷിപ്പിക്കുന്ന അഡ്വാനിജിയുടെ ബലഹീനതകളെപ്പറ്റി രഹസ്യമായി ബി.ജെ.പി നേതാക്കളോട് ചോദിച്ചാല്‍ അവര്‍ നിങ്ങളുടെ ചെവിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ, അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അതാണ് സത്യം. ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാന്‍ അഡ്വാനിക്ക് കഴിയാറില്ല. കാണ്ടഹാറിനെപ്പറ്റി പറയേണ്ടി വരുമ്പോള്‍ എനിക്കാകെ നാണക്കേടാകുന്നു. വിമാനം റാഞ്ചിയ തീവ്രവാദികളുടെ ഇഷ്ടത്തിന് തുള്ളാനുള്ള തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. മന്ത്രിസഭയുടെ ഒറ്റക്കെട്ടായ തീരുമാനപ്രകാരമാണ് ആ സംഭവം നടന്നത്. എന്നിട്ടും അതേപ്പറ്റി അറിഞ്ഞില്ലെന്ന് പറയാന്‍ അപാരമായ കാപട്യം അനിവാര്യമാണ്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനോടും ബ്രജേഷ് മിശ്രയോടും അടല്‍ജിയോടും ചോദിച്ചാല്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാകും.
അഡ്വാനിയോട് എനിക്ക് സഹതാപം മാത്രമേയുള്ളൂ. എങ്ങനെയെങ്കിലും പ്രധാനമന്ത്രിയായാല്‍ മതി എന്ന മോഹമാണ് അദ്ദേഹത്തെ ഈ അവസ്ഥയിലെത്തിച്ചത്. അതിനുള്ള കരുക്കള്‍ നീക്കുന്നതിനിടെ തെറ്റുകള്‍ മാത്രം സംഭവിച്ചു. പണത്തിനു പകരം വോട്ട് എന്ന തന്ത്രമായിരുന്നു അതില്‍ ഏറ്റവും രസകരം. ആ നാടകത്തിനു പിന്നില്‍ പൂര്‍ണമായും അഡ്വാനിയുടെ കരങ്ങളായിരുന്നു. ലോക്‌്‌സഭയില്‍ പണം ഉയര്‍ത്തിക്കാട്ടി മാധ്യമശ്രദ്ധ നേടാനുള്ള തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. പുസ്‌തകവിവാദത്തിനു ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ച എന്നോട് അതേപ്പറ്റി ഒരക്ഷരം ഉരിയാടാന്‍ അഡ്വാനി തയ്യാറായില്ല.
ബംഗ്ലാദേശിലേക്ക് ബി.എസ്.എഫിനെ നിയോഗിച്ച സംഭവം മറ്റൊരു അബദ്ധമായിരുന്നു. ഒരു തെറ്റായ ഫോട്ടോഗ്രാഫ് ആയിരുന്നു അതിന്റെ പിന്നില്‍. നമ്മുടെ ജവാനെ കൊന്ന് മുളയില്‍ കെട്ടിത്തൂക്കി നടക്കുന്നതായിരുന്നു ചിത്രം. സത്യത്തില്‍ മുറിവേറ്റ ജവാനെ ഉടന്‍ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നു ബംഗ്ലാദേശിലെ ഗ്രാമവാസികള്‍ ചെയ്‌തത്. അതിന്റെ സത്യാവസ്ഥ ബോധ്യമാകാതെയുള്ള എടുത്തുചാട്ടമായിരുന്നു അന്ന് സംഭവിച്ചത്. അതുപോലെ പാക്കിസ്‌താനില്‍ നിന്നുള്ള വലിയ ഷെല്ലാക്രമണങ്ങളോടെയാണ് കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്. ആ സമയത്ത് ആര്‍മി ചീഫ് അവിടെ ഇല്ലായിരുന്നു. അദ്ദേഹം പോളണ്ടിലോ മറ്റോ ആയിരുന്നു. ഏറ്റവും വലിയ ഇന്റലിജന്റ്‌സ് വീഴ്‌ചയാണ് കാര്‍ഗിലില്‍ സംഭവിച്ചത്.
കറാച്ചിയില്‍ ജനിച്ച അഡ്വാനി അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ മുഹമ്മദലി ജിന്നയെ കണ്ടിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. പാക് സന്ദര്‍ശന വേളയില്‍ ജിന്നയെക്കുറിച്ച് അഡ്വാനി നടത്തിയ പ്രസ്‌താവനകള്‍ക്കു പിന്നില്‍ ഈ ബന്ധമായിരിക്കണം. എന്നാല്‍ ജിന്നയെ സംബന്ധിച്ച അഭിപ്രായത്തില്‍ എനിക്കും അദ്ദേഹത്തിനും രണ്ടു വീക്ഷണങ്ങളാണുള്ളത്. അയോധ്യ സംഭവത്തില്‍ കുറ്റാരോപിതനായതിന്റെ കുറവ് നികത്താനും മുസ്‌്‌ലിംകളുമായി ബന്ധം സ്ഥാപിക്കാനുമാണ് അഡ്വാനിജി അന്ന് മലക്കം മറിച്ചില്‍ നടത്തിയതെന്ന് കരുതുന്നു. ഞാന്‍ ജനിച്ചത് രാജസ്ഥാനിലാണ്. ബഹുസ്വര സംസ്‌കാരത്തെ ഞാന്‍ വിശ്വസിക്കുന്നു. രജപുത്രന്മാര്‍ പന്നിയിറച്ചി കഴിക്കില്ലെന്ന് നിങ്ങള്‍ക്കറിയാമോ? ജെയ്‌സല്‍മറിലെ മുസ്‌്‌ലിംകള്‍ മാംസം ഭക്ഷിക്കാറില്ലെന്നും. പൊഖ്‌്‌റാനിനടുത്തുള്ള ഒരു ദേവാലയത്തെ ഹിന്ദുക്കള്‍ റാം ദിയോറ എന്നു വിളിക്കുമ്പോള്‍ മുസ്‌്‌ലിംകള്‍ റംസാ പീര്‍ എന്നു വിളിക്കുന്നു. ഇതെല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ സ്ഥലകാലങ്ങള്‍ക്കനുസരിച്ച വൈവിധ്യങ്ങളാണ്.
ജിന്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ നേരത്തെത്തന്നെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വിഭജനത്തിന്റെ ഉത്തരവാദി എന്ന നിലക്ക് ഒരു മനുഷ്യനെ മാത്രമായി ക്രൂശിക്കുമ്പോള്‍ അതേപ്പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. നേരത്തെ എന്റെ പുസ്‌തകത്തിന് "ഇന്ത്യ-1947, മുറിവേറ്റ സ്വാതന്ത്ര്യം, മുഹമ്മദലി ജിന്ന- ഹിന്ദു മുസ്‌്‌ലിം ഐക്യത്തിന്റെ രാജദൂതനായ പാക്കിസ്‌താന്റെ ഖാഇദെ അഅ്‌സം" എന്നായിരുന്നു പേര് തീരുമാനിച്ചിരുന്നത്. ഈ പേര് വളരെ നീണ്ടുപോയെന്ന് പ്രസാധകന്‍ പറഞ്ഞു. പിന്നീടാണ് 'ജിന്ന: ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം' എന്നാക്കി ചുരുക്കിയത്. ദ്വിരാഷ്ട്രവാദ സിദ്ധാന്തത്തിന്റെ ആത്മസത്തയെ ഞാന്‍ ഈ പുസ്‌തകത്തില്‍ ചോദ്യം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്നു. മുസ്‌്‌ലിംകള്‍ക്ക് മറ്റൊരു രാഷ്ട്രം വേണമെന്ന ജിന്നയുടെ വാദത്തെ ഈ പുസ്‌തകത്തില്‍ ന്യായീകരിച്ചിട്ടില്ല. ഞാന്‍ പറഞ്ഞത് മുസ്‌്‌ലിംകളുടെ പക്ഷത്ത് നിന്ന് അവരുടെ വേദന മനസ്സിലാക്കണമെന്നാണ്. അവര്‍ക്ക് വിഭജനം കൊണ്ട് എന്തു നേട്ടമാണുണ്ടായത്? കോണ്‍ഗ്രസിനെ ഹിന്ദു പാര്‍ട്ടി എന്ന് വിളിച്ച ജിന്ന ഇന്ത്യയിലെ മുസ്‌്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച് ബോധവാനായിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ ഭാഗം വ്യക്തമായിരുന്നു. വിഭജനത്തെ ഒരു ഘട്ടത്തില്‍ എതിര്‍ക്കേണ്ടി വന്നത് ജിന്നയുടെ മതേതര മനസ്സിനെയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയിലെ നേതാക്കന്മാര്‍ക്ക് അക്കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യബോധം ജിന്നക്കുണ്ടായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്."
ബി.ജെ.പിയിലെ പ്രതിസന്ധി വാസ്‌തവത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയാണ്. അധികാരത്തിനു വേണ്ടി എന്തു നാടകവും കളിക്കാമെന്ന അബദ്ധധാരണയും ജനാധിപത്യബോധങ്ങളെ അപഹസിക്കലുമാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയത്. ചോദ്യത്തിന് കോഴ വാങ്ങിയവര്‍ കോണ്‍ഗ്രസ് വോട്ടിന് കോഴ കൊടുത്തു എന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്ന് അവര്‍ ധരിച്ചു പോയി. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിനെ കൂട്ടുുപിടിച്ച് നാടകത്തിന് ദൃശ്യരൂപം മെനഞ്ഞുണ്ടാക്കാന്‍ ശ്രമിച്ചെങ്കില്‍ അവസാനഘട്ടത്തില്‍ അതും പാളിപ്പോയി. സുഹൈല്‍ കുല്‍ക്കര്‍ണിയെന്ന പരിചയസമ്പത്തില്ലാത്ത വ്യക്തിയെ നാടകത്തിന്റെ ചുമതല ഏല്‍പ്പിച്ചതാണ് ഏറ്റവും വലിയ വങ്കത്തമായതെന്ന് ജസ്വന്ത് തന്നെ സൂചിപ്പിക്കുന്നുണ്ട്. താന്‍ കോഴ വാങ്ങാന്‍ പോവുകയാണെന്ന് ചാനല്‍ പ്രതിനിധിയോട് പറഞ്ഞിട്ടാണ് അദ്ദേഹം അങ്ങനെ ചെയ്‌തത്. രഹസ്യകാമറ കൊണ്ട് അത് പകര്‍ത്തണമെന്നും തെര്യപ്പെടുത്തി. കുല്‍ക്കര്‍ണിയാണ് ഈ ഓപ്പറേഷനു പിന്നിലെ ബുദ്ധിയെന്ന് പാര്‍ലമെന്റിന്റെ അന്വേഷണകമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് ഉപസംഹരിക്കുമ്പോള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുല്‍ക്കര്‍ണി പറയുന്നത് ഇതിന്റെ ബുദ്ധികേന്ദ്രം ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവാണെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നുമാണ്. അത് അഡ്വാനിയാണെന്ന് ജസ്വന്ത് മറയില്ലാതെ പറയുന്നു. ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഒറ്റ ബി.ജെ.പി നേതാവും അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല വേണ്ട പിന്തുണ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. കുല്‍ക്കര്‍ണിയാണ് ഇതിന് ഏറെ വിയര്‍പ്പൊഴുക്കിയതെന്ന് പണം ഉയര്‍ത്തിക്കാട്ടാന്‍ ഒപ്പം നിന്ന സുഹൈല്‍ ഹിന്ദുസ്ഥാനി വെളിപ്പെടുത്തുന്നു. തന്റെ വിശ്വസ്‌തന്‍ സഞ്‌ജീവ് സക്‌സേനക്ക് സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് പണം കൈമാറി എന്നാണ് സുഹൈല്‍ ഹിന്ദുസ്ഥാനി തുടക്കത്തില്‍ മൊഴി നല്‍കിയത്. എന്നാല്‍ സി.എന്‍.എന്‍ പ്രതിനിധിയെ പുറത്ത് നിര്‍ത്തി അമര്‍സിംഗിനെ കാണാന്‍ പോയ സംഘത്തിന്റെ ഉദ്ദേശ്യം ഒരു അദ്ദേഹത്തിന്റെ കൈയില്‍നിന്ന് ശുപാര്‍ശക്കത്ത് വാങ്ങുക എന്നതായിരുന്നു. പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടാനുള്ള പണം വന്നത് എവിടെ നിന്നെന്ന് ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഈ ഓപ്പറേഷനില്‍ ഇടപെടരുതെന്ന തന്റെ ഉപദേശം അഡ്വാനി ചെവിക്കൊണ്ടില്ലെന്നാണ് ജസ്വന്ത് പറയുന്നത്. പ്രധാനമന്ത്രിയാകാന്‍ കിട്ടുന്ന അവസരത്തെ വെറുതെ കളയാനില്ലെന്ന ഭാവമായിരുന്നു അദ്ദേഹത്തിനെന്ന് വ്യക്തം. ആ സംഭവത്തോടെ ബി.ജെ.പിയുടെ ധാര്‍മ്മികതയുടെ നട്ടെല്ല് തകര്‍ന്നു. ആരോപണവിധേയരായ അമര്‍ സിംഗ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കെതിരെ ബലമുള്ള ഒരു തെളിവും ഹാജരാക്കാന്‍ ബി.ജെ.പിക്ക് ഇന്നേവരെ സാധിച്ചിട്ടില്ല.
ബി.ജെ.പിയുടെ പ്രത്യയശാസ്‌ത്രം ജനാധിപത്യ ഇന്ത്യയുടെ നല്ലനടപ്പിന് അനുചിതമാണെന്ന് തെളിയിക്കുന്ന കിടിലന്‍ സംഭവങ്ങളാണ് ഈയിടെ അരങ്ങേറിയത്. നമ്മുടെ ജനാധിപത്യ സംസ്‌കാരത്തെ ഊതിക്കാച്ചിയെടുക്കാന്‍ ഇത്തരം അനുഭവങ്ങള്‍ പാഠമാകുമെന്ന് പ്രതീക്ഷിക്കാം. സ്വയം തീര്‍ത്ത ശരശയ്യയില്‍ മലര്‍ന്നുകിടക്കുകയാണ് ഇപ്പോള്‍ ബി.ജെ.പിയും അതിന്റെ നേതാക്കളും. അങ്ങനെ കിടക്കുന്നതും പോരാഞ്ഞ് ഒരു കാര്യവുമില്ലാതെ ആരെയൊക്കെയോ തുപ്പാനും ശ്രമിക്കുന്നുണ്ട്. മലര്‍ന്നുകിടന്ന് തുപ്പുന്നവന്റെ മുഖത്തേക്ക് വീഴുന്നത് ഏതായാലും മഴച്ചാറ്റലാവില്ല എന്നുറപ്പ്.
(ഒൗട്ട്‌ലുക്ക് വാരികയോട് കടപ്പാട്)
Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts
Wednesday, September 16, 2009
Wednesday, January 28, 2009
ജൂതലോബിയെ ഒബാമക്ക് ചെറുക്കാനാവില്ല
ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വാക്കുകളായിരുന്നു അത്. അല്‍ അറബിയ്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഹുസൈന്‍ ഒബാമ പറഞ്ഞു: അമേരിക്ക നിങ്ങളുടെ ശത്രുവല്ലെന്ന സന്ദേശമാണ് മുസ്‌്‌ലിം ലോകത്തോട് എനിക്ക് പറയാനുളളത്. മുസ്‌്‌ലിം രാജ്യങ്ങളോടുളള നിലപാടുകളില്‍ അമേരിക്കക്ക് തെറ്റു പറ്റിയിട്ടുണ്ട്. പക്ഷേ, ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്ക മുസ്‌്‌ലിം ലോകവുമായി പുലര്‍ത്തിയിരുന്ന ബന്ധം പുനരാരംഭിക്കാന്‍ യാതൊരു പ്രയാസവുമില്ല. പരസ്‌പര ബഹുമാനത്തിലും പരസ്‌പര സ്‌നേഹത്തിലും അധിഷ്‌ഠിതമായ ബന്ധമാണ് മുസ്‌്‌ലിം ലോകവുമായി ഞാന്‍ ആഗ്രഹിക്കുന്നത്. മുന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് നിരവധി തവണ അല്‍ അറബിയ്യ ചാനലിന് അഭിമുഖം അനുവദിച്ചിരുന്നെങ്കിലും മുസ്‌്‌ലിംകളെ സ്‌നേഹത്തിലാക്കുന്ന വര്‍ത്തമാനം ഒരു അമേരിക്കന്‍ പ്രസിഡണ്ടില്‍ നിന്ന് ഇതാദ്യമാണ് കേള്‍ക്കുന്നത്. എന്നാല്‍, ഫലസ്‌തീന്റെ ആഭ്യന്തര സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒബാമ, സഖ്യകക്ഷി എന്ന നിലയില്‍ ഇസ്രാഈലിനെ കൈവിടാനാവില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ചരിത്രത്തില്‍ ചില അപൂര്‍വ്വതകള്‍ സംഭവിക്കാറുണ്ട് എന്നതു നേരാണ്. ബരാക് ഹുസൈന്‍ ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേറ്റത് അത്തരമൊരു അപൂര്‍വ്വതയാണെന്ന് ലോകമാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധിയുടെ നെല്ലിപ്പലകയും കടന്ന് പരിതാപ പൂര്‍വ്വം മുന്നോട്ടിഴയുന്ന അമേരിക്കയുടെ രക്ഷകനായിട്ടാണ് പലരും ഒബാമയെ അവതരിപ്പിച്ചത്. മുസ്‌്‌ലിം രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രസ്‌താവനയാണ് നേരത്തെ തന്നെ ഒബാമയെ ലോകം ശ്രദ്ധിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്. കറുത്തവന്റെ ദുരിതഭൂമികയില്‍ വിമോചനത്തിന്റെ വെളിപാട് കൊട്ടിപ്പാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്ന മഹാപുരുഷന്റെ സ്വപ്‌നത്തിന് ചിറകു കൊടുത്തു എന്നതും ഒബാമയെ ശ്രദ്ധേയനാക്കി. ചരിത്രത്തിലാദ്യമായി മുസ്‌്‌ലിം പശ്ചാത്തലമുളള ഒരാള്‍ അമേരിക്കന്‍ പ്രസിഡണ്ടാവുന്നു എന്നതാണ് അദ്ദേഹത്തിന്റെ തൊലിക്കറുപ്പിനെപ്പോലും അപ്രസക്തമാക്കിയ മറ്റൊരു കാര്യം. അമേരിക്കയില്‍ കറുത്തവനും വെളുത്തവനും ഒബാമയുടെ കാര്യത്തില്‍ ഐക്യപ്പെട്ടു എന്നതിനേക്കാള്‍ ബുഷിന്റെ നയങ്ങളെ ജനങ്ങള്‍ വെറുത്തു എന്നു പറയുന്നതാവും ശരി. ഒരു യു.എസ് നേതാവില്‍ നിന്ന് ലോകം മുഴുവനും ആഗ്രഹിച്ച തീപ്പൊരി പ്രസംഗങ്ങളുമായി നാടായ നാടൊക്കെ അടക്കി വീഴ്‌ത്താനും ഒബാമക്കു സാധിച്ചു. ഗ്വാണ്ടനാമോ തടവറയുടെ ഇരുട്ടറകളില്‍ പീഡനമനുഭവിക്കുന്നവരെ ഉടന്‍ മോചിപ്പിക്കുമെന്നും തടവറ അടച്ചുപൂട്ടുമെന്നുമുള്ള പ്രഖ്യാപനം പ്രസിഡണ്ടിന്റ ധീരമായ തീരുമാനമായിരുന്നു. ചുമതലയേറ്റയുടന്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചു എന്നത് വിശ്വാസ്യത കൂട്ടി. യുദ്ധ കുറ്റവിചാരണാ ട്രെബ്യൂണലില്‍ നടക്കുന്ന 21 കേസുകളുടെ വിചാരണ 120 ദിവസത്തേക്ക് നിര്‍ത്തിവെക്കാനുളള തീരുമാനം പ്രസിഡണ്ടായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു. ഗ്വാണ്ടനാമോയില്‍ ജയിലറും കോടതിയുമെല്ലാം ക്രൂരന്മാരായ യു.എസ് സേനാ അംഗങ്ങളായിരുന്നു. അവര്‍ ആ നരകത്തില്‍ കാട്ടിക്കൂട്ടിയ കൊടിയ പീഡനങ്ങളെക്കുറിച്ച് അവിടെ ജോലി ചെയ്‌തിരുന്ന ഒാഫീസര്‍ തന്നെ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. ചുമതലയേറ്റ ഉടന്‍ ഇറാഖിലെയും അഫ്‌ഗാനിലെയും സൈനികമേധാവികളുമായി ഒബാമ ബന്ധപ്പെടുകയുണ്ടായി. അധിനിവേശം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങാനുളള സന്നദ്ധതയാണ് പ്രസിഡണ്ട് പ്രകടിപ്പിച്ചിട്ടുളളത്. സത്യപ്രതിജ്ഞ ചെയ്‌ത ശേഷം നടത്തിയ പ്രസംഗത്തില്‍ ഇറാഖ് ഇറാഖികള്‍ക്ക് നല്‍കുമെന്ന ഒബാമയുടെ വാക്ക് സമാധാനപ്രേമികളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. രാഷ്ട്രീയ-സാമ്പത്തിക വ്യവഹാരങ്ങളെ തിരുത്തിയെഴുതുവാന്‍ ഈ യുവ നേതാവിനു സാധിക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകള്‍ അസ്ഥാനത്താവില്ലെന്നാണ് ഒബാമ നല്‍കുന്ന സൂചനയും. എന്നാലും ചില എക്കശ്ശങ്കകള്‍ പ്രസിഡണ്ടിനെ വേട്ടയാടുന്നുണ്ടെന്ന് വ്യക്തം. പ്രധാനമായും പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ ചുറ്റിപ്പറ്റിയാണ് ഈ ആശങ്കയും ആശയക്കുഴപ്പവും സ്ഥിതി ചെയ്യുന്നത്. ഗാസയില്‍ കുഞ്ഞുമക്കളെ കൂട്ടക്കൊല ചെയ്‌ത് ഇസ്രാഈല്‍ കാടന്‍ പട്ടാളം ഭീകരതാണ്ഡവമാടിയപ്പോള്‍ പ്രസിഡണ്ടായി നിയുക്തനായിരുന്ന ഒബാമ ഇസ്രാഈലിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ധൈര്യപ്പെട്ടില്ല എന്നത് ശ്രദ്ധേയം. തന്റെ രംഗപ്രവേശത്തോടെതന്നെ അമേരിക്കയെ നിയന്ത്രിക്കുന്ന ജൂതലോബിയെ അസ്വസ്ഥമാക്കേണ്ടെന്നു കരുതിയാണ് അദ്ദേഹം ഇങ്ങനെ ചെയ്‌തതെന്നു വിചാരിക്കാമെങ്കിലും വംശീയ വെറിയുടെ അസ്ഥിവാരത്തില്‍ പൊന്തിനില്‍ക്കുന്ന ജൂതപക്ഷം ഒബാമക്കെതിരെ ജാഗ്രതയിലാണെന്ന് വ്യക്തം. നാസി ജര്‍മ്മനിയിലെ ഹോളോകാസ്‌റ്റിനു ശേഷം ലോകത്തെ മുഴുവന്‍ ജൂതന്മാരിലും നിറഞ്ഞു നില്‍ക്കുന്ന ഭയം ഇതുവരെ കൂടൊഴിഞ്ഞുപോയിട്ടില്ല. ജൂതന്മാരല്ലാത്തവരെയെല്ലാം ശത്രുപക്ഷത്ത് നിര്‍ത്താനാണ് അവര്‍ക്ക് താല്‍പര്യം. ഹിറ്റ്‌ലറുടെ കൂട്ടക്കൊലയേക്കാള്‍ അവരെ ഭയപ്പെടുത്തുന്നത് മുസ്‌്‌ലിം ലോകത്തിന്റെ മുന്നേറ്റമാണ്. ലോകത്തിന്റെ സകല മേഖലകളിലും ആധിപത്യം ചെലുത്തിയാലല്ലാതെ രക്ഷയില്ലെന്ന ചിന്ത ജൂതലോകത്ത് കുടിയേറിയത് ഹോളോകാസ്‌റ്റിനു ശേഷമാണ്. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ പീഡനപര്‍വ്വങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന് പൂര്‍ണമായും മുക്തരാകാന്‍ ലോകത്തെ ജൂത വിഭാഗങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഹിറ്റ്‌ലറുടെ ക്രൂരതക്ക് പകരമെന്നോണം യൂറോപ്പ്, അവിഹിതമായി പതിച്ചുനല്‍കിയ ഇസ്രാഈല്‍ എന്ന ജാരസന്തതിയാണ് അക്ഷരാര്‍ത്ഥത്തില്‍ ജൂതന്മാരുടെ ഭയത്തെ ഉദ്ദീപിപ്പിച്ചത്. ചുറ്റും അറബ് രാഷ്ട്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ആ ഭയത്തിന് ആക്കം കൂട്ടിയത്. 15 മില്ല്യണ്‍ വരുന്ന ജൂതജനസംഖ്യയില്‍ 7 ദശലക്ഷവും അമേരിക്കയിലാണ് എന്നതിനാല്‍ ആ ഭയത്തിന്റെ പ്രതിഫലനങ്ങളാണ് ലോകം ഇതുവരെ കണ്ട അമേരിക്കന്‍ വിദേശനയത്തിന്റെ കാതല്‍. അമേരിക്കയിലെ സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലെ ജൂതസാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സഹായിക്കാന്‍ ജൂതന്മാര്‍ക്കു മാത്രമേ സാധിക്കൂ എന്ന മിഥ്യാബോധം ഒബാമയെയും പിടികൂടിയിട്ടുണ്ട് എന്നാണ് ഇസ്രാഈലിന് അനുകൂലമായ നിലപാടില്‍ നിന്ന് മനലസ്സിലാക്കാനാവുന്നത്. ഒരു ജൂതന് പകരം 107 മുസ്‌്‌ലിംകള്‍ ലോകത്തുണ്ടായിട്ടും ഫലസ്‌തീനെതിരായ ജൂതധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്യാന്‍ ആണുങ്ങള്‍ ജനിച്ചിട്ടില്ല. കഴിഞ്ഞ 105 വര്‍ഷമായി 180 നോബല്‍ സമ്മാനങ്ങളാണ് ജൂതനായി ജനിച്ചവര്‍ നേടിയത്. 100 കോടിയിലധികം വരുന്ന ലോക മുസ്‌്‌ലിംകളില്‍ നിന്ന് 3 പേര്‍ മാത്രമാണ് നോബല്‍ സമ്മാനത്തിന് അര്‍ഹരായത്. ഈ കണക്കു മാത്രം മതിയാകും ലോകത്ത് മുസ്‌്‌ലിംകളേക്കാള്‍ അപ്രമാദിത്യം നേടാന്‍ ന്യൂനാല്‍ ന്യൂനപക്ഷമായ ജൂതസമൂഹത്തിന് സാധിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍. എന്നിട്ടും മുസ്‌്‌ലിം ലോകത്തെ ഭയത്തോടെയാണ് ഇവര്‍ വീക്ഷിക്കുന്നത്. സ്‌റ്റേറ്റ് സെക്രട്ടറിമാരായിരുന്ന ഹെന്‍ട്രി കിസിംഗര്‍, മെഡ്‌ലിന്‍ ആല്‍ബ്രൈറ്റ്, പ്രശസ്‌ത രാഷ്ട്രീയക്കാരന്‍ ബാരി ഗോള്‍ഡ് വാട്ടര്‍, ട്രഷറി സെക്രട്ടറിയായിരുന്ന റോബര്‍ട്ട് റൂബിന്‍ എന്നിവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ജൂതതാല്‍പര്യത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ്. വോള്‍ഫ് ബ്ലിറ്റ്‌സര്‍ (സി.എന്‍.എന്‍), ബാര്‍ബറ വാള്‍ട്ടേഴ്‌സ് (എ.ബി.സി ന്യൂസ്), കാതറിന്‍ ഗ്രഹാം (വാഷിംഗ്‌ടണ്‍ പോസ്‌റ്റ്), ഹെന്‍ട്രി ഗ്രെന്‍വാള്‍ഡ് (ടൈം മാഗസിന്‍), ജോസഫ് ലെല്‍യെല്‍ഡ് (ന്യൂയോര്‍ക്ക് ടൈംസ്), മാക്‌സ് ഫ്രാന്‍ഡകല്‍ (ന്യൂയോര്‍ക്ക് ടൈംസ്) തുടങ്ങിയവര്‍ മാധ്യമരംഗത്ത് ജൂതസ്വാധീനമുറപ്പിക്കാന്‍ കിണഞ്ഞുശ്രമിച്ചവരാണ്. ഒബാമ ടീമിലെ മിക്കവരും ജൂതപക്ഷപാതികളാണ് എന്നത് പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ മുന്‍ പ്രസിഡണ്ടുമാരെപ്പോലെതന്നെ ഇരട്ടമുഖം സ്വീകരിക്കാന്‍ പ്രേരണയാകും. ഇറാഖിനെയും അഫ്‌ഗാനെയും പൂര്‍ണമായും വിട്ടുകളഞ്ഞാലും ലോകസമാധാനത്തിനു ഭീഷണിയായ ഇസ്രാഈലിനെതിരെ ചെറുവിരലനക്കാന്‍ ഈ ജൂതലോബിയുടെ കുതന്ത്രങ്ങള്‍ മൂലം ഒബാമക്ക് സാധിക്കില്ല. ഏറ്റവും വലിയ അപകടം പതിയിരിക്കുന്നത് ഹിലാരിയിലാണ്. കടുത്ത ജൂതപക്ഷപാതിയായ ഹിലാരി ക്ലിന്റണ്‍ വിദേശകാര്യ സെക്രട്ടറിയാകുന്നതോടെ അമേരിക്കയുടെ വിദേശനയം ജൂതന്മാര്‍ക്ക് പൂര്‍ണമായും വിധേയപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വൈറ്റ് ഹൗസില്‍ പകുതിയിലധികവും ജൂതന്മാരോ ജൂതദാസന്മാരോ ആണെന്നിരിക്കെ ജൂതവിരുദ്ധ നീക്കങ്ങളുടെ സാധ്യതകളെയെല്ലാം ഇല്ലായ്‌മ ചെയ്യാന്‍ ഈ സംഘത്തിനു സാധിക്കും. ഇനി ജൂതവിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ശ്രമിക്കുന്നതെങ്കില്‍ ഒബാമയെ കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും ജൂതലോബി അനുവദിക്കണമെന്നില്ല. അപ്രതീക്ഷിത ദുരന്തങ്ങളിലേക്കാവും ഈ വിപ്ലവകാരിയുടെ പോക്ക്. മാര്‍ട്ടിന്‍ ലൂഥറിന്റെയും ജോണ്‍ എഫ്. കെന്നഡിയുടെയും ദുരവസ്ഥ മറക്കാന്‍ മാത്രം ചരിത്രം പഠിക്കാത്തവനല്ല ഒബാമ. ലോകത്തിന് പൊതുവെയും മുസ്‌്‌ലിം ലോകത്തിന് പ്രത്യേകിച്ചും പ്രസംഗത്തില്‍ പ്രതീക്ഷ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അത് പ്രവര്‍ത്തിയിലുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
Thursday, January 8, 2009
കട്ടച്ചോരയുടെ തെരുവില്‍
മരണം 700 കവിഞ്ഞിരിക്കുന്നു. തെരുവുകളില്‍ കറുത്ത പുകയും വെടിയൊച്ചയും. പോരാട്ടത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ മുറിവേറ്റവരും അനാഥകളുമായ ഇളം പൈതങ്ങളുടെ കരച്ചില്‍ മുങ്ങിപ്പോകുന്നു. യത്തീമുകളായ ചില കുട്ടികള്‍ ഇതുവരെ വേലിക്കെട്ടിന് അകലെ നിന്നു മാത്രം കണ്ടിരുന്ന ജൂത ഭീകരരെ ഒളിഞ്ഞു നിന്ന് കല്ലെറിയുന്നു. വെടിയുണ്ടകളേക്കാള്‍ പ്രഹരശേഷിയുണ്ടായിരിക്കാം ആ കല്ലുകള്‍ക്ക്. അവരില്‍ മിക്കവരും ഭൂപടത്തിലെ അതിര്‍ത്തിരേഖകളുടെ രാഷ്ട്രീയമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളാണ്. ഒന്നു മാത്രമറിയാം. പട്ടാളക്കോപ്പുകളുമായി മുന്നിലെത്തിയത് ശത്രുവാണ്. അവര്‍ കൊല്ലുന്നത് ഉപ്പയെയാണ്. ഉമ്മയെയാണ്. സഹോദരനെയാണ്. ഗാസ കരയുന്നു. ചുട്ടു പൊള്ളുന്ന കണ്ണീരൊലിക്കുന്ന കവിളിലും പോരാട്ടവീര്യത്തിന്റെ തുടിപ്പ് കാണാമെന്നത് ഒരുപക്ഷേ ഗാസയുടെ മാത്രം സവിശേഷതയാവാം. ശിഫാ ആസ്‌പത്രിയുടെ പടവുകളില്‍പോലും ചോരയും മാംസവും ഉണങ്ങിയിരിക്കുന്നു. വിശ്വാസത്തിന്റെ ദൃഢതയില്‍ വിശുദ്ധീകരിക്കപ്പെട്ട ആ കടും ചോരയുടെ കറുപ്പ് ഒലിവ് ഇലകളിലേക്ക് തെറിച്ചിരിക്കുന്നു. സമാധാനത്തിന്റെ അരുമത്തണുപ്പുള്ള ഇലകളില്‍ ഇപ്പോള്‍ കണ്ണീരിന്റെയും ചോരയുടെയും മടുപ്പിക്കുന്ന ഗന്ധമാണ്. പിറന്ന മണ്ണിനു വേണ്ടിയുള്ള പോരാട്ട ചരിത്രത്തില്‍ ഫലസ്‌തീനികളുടെയും ലോകത്തിന്റെയും ഞരമ്പുകളിലേക്ക് പ്രതിരോധ പാഠങ്ങളുടെ ചോര പകര്‍ന്ന ഹമാസും ഗാസയും ഇസ്രാഈലിന്റെ നരവേട്ടക്കിടെ ലോകത്തോട് ചില ഉത്തരങ്ങള്‍ തേടുകയുകയാണ്. ദാരിദ്ര്യവും വേദനയും തളംകെട്ടിയ ഗാസയുടെ തെരുവുകളിലേക്കു നോക്കി നിസ്സഹായതയുടെ നെറുകത്ത് നില്‍ക്കുന്ന ലോകത്തോട്. മനുഷ്യ രക്തമൊഴുകുന്ന തെരുവുകളിലേക്ക് നോക്കി നിസ്സംഗതയുടെ ഷണ്ഡത്വം പ്രഘോഷിക്കുന്ന അറബ് ലോകത്തോട്. മാനവികതാവാദങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പേരില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന ലോകത്തോട്. അമേരിക്കയുടെ ബുദ്ധിയും ആയുധവുമായിട്ടാണ് തെമ്മാടി രാഷ്ട്രമായ ഇസ്രാഈലിന്റെ കൈകള്‍ ഗാസയില്‍ മനുഷ്യരക്തം കുടിക്കുന്നതെന്ന കാര്യം ലോകത്തെ ഏതു ചെറിയ കുട്ടിക്കുമറിയാവുന്ന സത്യമാണ്. പ്രസിഡണ്ട് സ്ഥാനത്തു നിന്ന് ഇറങ്ങിക്കൊടുക്കുന്നതിനു മുമ്പ് ജൂതത്തലവന്മാരോട് ഏറ്റിരുന്ന വാക്ക് പാലിക്കാമെന്നാണ് ബുഷിന്റെ കണക്കുകൂട്ടല്‍. തത്വത്തില്‍ പശ്ചിമേഷ്യന്‍ സമാധാനത്തിനായി ലോകത്ത് ഏറ്റവുമധികം വിയര്‍പ്പൊഴുക്കുന്നത് അമേരിക്കയാണ്. എന്നാല്‍ പ്രയോഗത്തില്‍ അതേ തത്വത്തെ പരിഹസിക്കുകയും ഒരു മതസമൂഹത്തെയും ജനതയെയും അപമാനിക്കുകയുമാണ് അമേരിക്ക. ജൂതലോബി നല്‍കിയ തെരഞ്ഞെടുപ്പ് ഫണ്ടിനോടുള്ള കടപ്പാടു കൊണ്ട് സമാധാനത്തിനു വേണ്ടി സംസാരിക്കുമെന്ന് ലോകം പ്രതീക്ഷിക്കുന്ന നിയുക്ത പ്രസിഡണ്ട് ബരാക് ഒബാമ മിണ്ടാതിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പു കുത്തിയ അമേരിക്കയെ രക്ഷിക്കാന്‍ ജൂത മുതലാളിമാര്‍ക്കു മാത്രമേ സാധിക്കൂ എന്ന വിശ്വാസത്തിലാണ് ഒബാമയും. രാഷ്ട്രീയത്തിലും വിദേശനയത്തിലും മുമ്പേ നടന്ന പ്രസിഡണ്ടുമാരില്‍ നിന്ന് ഒരടി പോലും മാറി ചിന്തിക്കാനോ, പ്രവര്‍ത്തിക്കാനോ ഒബാമക്ക് സാധിക്കില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ഗാസയിലെ ഇസ്രാഈല്‍ അതിക്രമങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും ഒബാമ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇസ്രാഈല്‍ ടാങ്കുകള്‍ അമേരിക്കയുടെ അനുമതി കാത്ത് ഗാസയിലേക്ക് കടക്കാനൊരുങ്ങുമ്പോഴും കടന്നപ്പോഴും അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാനുള്ള സൂത്രവാക്യങ്ങളെപ്പറ്റിയാണ് ഒബാമ സംസാരിച്ചു കൊണ്ടിരുന്നത്. ഒരു ജനതയൊന്നാകെ ഏകപക്ഷീയമായ യുദ്ധത്തിന്റെ കെടുതി പേറുമ്പോഴും ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന ഓഹരിക്കച്ചവടത്തെപ്പറ്റിയും നികുതിവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റിയുമാണ് ഒബാമ ചിന്തിക്കുന്നത്. അമേരിക്കന്‍ ജനത ഉയര്‍ത്തിയ മാറ്റത്തിന്റെ മുദ്രാവാക്യങ്ങള്‍ക്ക് തരിമ്പും അര്‍ത്ഥമില്ലെന്നാണ് അദ്ദേഹത്തിന്റെ സമീപനം തെളിയിക്കുന്നത്. യുദ്ധമര്യാദകളുടെ നിയതരേഖകളെയെല്ലാം കാറ്റില്‍ പറത്തി ഭീരുക്കളെപ്പോലെ ഇരുട്ടിന്റെ മറപറ്റിയാണ് ഇസ്രാഈല്‍ ഗാസാ അധിനിവേശം ആരംഭിച്ചത്. വൈദ്യുതിയില്ലാത്ത നഗരത്തിന്റെ ഇരുട്ടിലേക്ക് ഭീകരതയുടെ ശബ്ദങ്ങളുമായി കടന്നു ചെല്ലുകയായിരുന്നു ഇസ്രാഈല്‍ സൈനികര്‍. ചരിത്രവും വര്‍ത്തമാനവുമറിയാതെ ഓടിച്ചാടി നടക്കേണ്ട പിഞ്ചുകുഞ്ഞുങ്ങളുടെ നേര്‍ക്ക് നിറയൊഴിക്കുമ്പോള്‍ ഇസ്രാഈല്‍ സൈനികരുടെ കൈകള്‍ ഇത്തിരി പോലും വിറച്ചില്ല. 500 ടണ്ണിലധികം വരുന്ന സ്‌ഫോടക വസ്‌തുക്കളുടെ ശേഖരമാണ് ഇസ്രാഈല്‍ ഗാസയിലെത്തിച്ചിരിക്കുന്നത്. 1967ല്‍ നടന്ന അധിനിവേശ ശ്രമങ്ങളേക്കാള്‍ പതിന്മടങ്ങ് ആള്‍ക്കരുത്തും ആയുധബലവും സേനക്കുണ്ട്. പിടിച്ചുനില്‍ക്കാനായി ഹമാസ് നടത്തുന്ന ശ്രമങ്ങളെല്ലാം നൂതന യുദ്ധോപകരണങ്ങളുടെ സഹായത്തോടെ ഇസ്രാഈല്‍ അടിച്ചമര്‍ത്തുന്നു. എഫ്-16 പോര്‍വിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുന്നതോടൊപ്പം സേനാ മുന്നേറ്റവും നടത്തുക എന്നതായിരുന്നു തുടക്കത്തില്‍ ഇസ്രാഈല്‍ സ്വീകരിച്ച ശൈലി. മസ്‌ജിദുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കുമ്പോള്‍ ഇസ്രാഈല്‍ സൈനികര്‍ക്ക് വര്‍ദ്ധിത വീര്യമാണുള്ളതെന്ന് ഗാസയില്‍ നിന്നുളള ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു. കഴിഞ്ഞ നവംബര്‍ 5 മുതല്‍ ആരംഭിച്ച ഉപരോധത്തിന്റെ കെടുതികളില്‍ നിന്ന് മോചിതരാവാനുള്ള സാവകാശം പോലും അവര്‍ക്കു നല്‍കപ്പെട്ടില്ല. സഹായവുമായി എത്തിയ കപ്പലുകളെയെല്ലാം ഇസ്രാഈല്‍ തിരിച്ചയച്ചു. ദാരിദ്ര്യം കൊണ്ട്‌്‌് പൊറുതിമുട്ടി കാട്ടുചെടികളും പുല്ലും ഭക്ഷിച്ചായിരുന്നു ഗാസയിലെ പല കുടുംബങ്ങളും ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കൊടും പട്ടിണിയുടെ കണ്ണു നിറയുന്ന വേദനകള്‍ക്കിടയിലും കീഴടങ്ങാന്‍ മനസ്സില്ലാത്തവരായി നിലകൊണ്ടു എന്നതാണ് ചരിത്രത്തില്‍ ഗാസയെ അവിസ്‌മരണീയമാക്കുക. വിശക്കുന്ന വയറുമായി ആകാശത്തേക്ക് കണ്ണയച്ചവര്‍ക്കു നേരെയത്തിയത് ബോംബുകളായിരുന്നു. മരണമായിരുന്നു. ജിന്ദിയ അബൂ അംറയെ ഓര്‍ക്കാതെ വയ്യ. ദിവസവും തെരുവിലെത്തി പുല്ലുകള്‍ വേവിച്ച് കഴിച്ചാണ് ഈ വീട്ടമ്മയും പന്ത്രണ്ടുകാരിയായ മകളും ഗാസയില്‍ വിശപ്പടക്കിയിരുന്നത്. കഴിക്കാന്‍ ഇത്തിരി റൊട്ടിയെങ്കിലും കിട്ടുമെന്നു കരുതിയാണ് പട്ടണത്തിലെത്തിയത്. എല്ലാ ബേക്കറി കടകളും അടച്ചിട്ടിരിക്കുന്നു. വീട്ടിലാണെങ്കില്‍ ഭക്ഷണത്തിനാവശ്യമായ സാധനങ്ങളൊന്നുമില്ല. ഉമ്മയും ഭാര്യയും കുട്ടികളും കരയുന്നത് കണ്ടു നില്‍ക്കാനാവുന്നില്ല. ഈ പട്ടിണിയേക്കാള്‍ ഭേതമാണ് ഇസ്രാഈലി സേനയുടെ വെടിയുണ്ടകളെന്ന് ഞങ്ങള്‍ കരുതുന്നു- പറയുന്നത് ഘാന്‍ യൂനിസിലെ ഫഹ്മി ഷുറാബിന്റേതാണ് ഈ വാക്കുകള്‍. ഗാസയിലെ ഒട്ടുമിക്ക കുടുംബങ്ങളുടെയും അവസ്ഥ ഇതു തന്നെ. ജനവാസം കൊണ്ട് വീര്‍പ്പു മുട്ടുന്ന കിഴക്കന്‍ ഗാസയിലെ ഘാന്‍ യൂനിസിലേക്ക് ഇസ്രാഈല്‍ സേന ഇരച്ചു കയറിയപ്പോള്‍ കൊല്ലപ്പെട്ടത് നിഷ്‌കളങ്കരായ പാവങ്ങള്‍. ആക്രമണം രൂക്ഷമായതിനാല്‍ അന്താരാഷ്ട്ര സഹായവുമായെത്തിയവരെല്ലാം സാധനങ്ങള്‍ വിതരണം ചെയ്യാനാവാത്ത അവസ്ഥയിലാണ്. യുദ്ധമേഖലകളിലേക്ക് ഇവരെ കടത്തി വിടുന്നുമില്ല. ഇടവിടാതെ ഇവിടങ്ങളില്‍ ഷെല്ലാക്രമണവും നടക്കുന്നു. വിശപ്പിന്റെ കൊടുമുടി കയറ്റത്തിനിടെ പൊട്ടിത്തെറിക്കുന്ന ബോംബുകളിലാണ് പലരുടെയും പ്രതീക്ഷ. ഫലസ്‌തീനു വേണ്ടി അനുഭവിക്കുന്ന ഈ കൊടിയ യാതനകള്‍ മരണത്തോടെയെങ്കിലും അവസാനിക്കുമെന്ന് ഇവര്‍ കരുതുന്നു. ഉറക്കെയൊന്നു കരയാന്‍ പോലുമാവാത്ത നിസ്സഹായതയില്‍ ഒരു ജനതയുടെ മാനാഭിമാനങ്ങള്‍ പിച്ചിച്ചീന്തപ്പെടുമ്പോള്‍, അപലപനീയമെന്ന പതിവു പല്ലവികള്‍ ആവര്‍ത്തിക്കുന്നതല്ലാതെ ലോകരാജ്യങ്ങള്‍ കാര്യമായ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല. അമേരിക്കന്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള തരിശുനിലമായി ലോകം മാറിയിരിക്കുന്നു എന്ന സത്യത്തിനു മുന്നില്‍ ആധുനിക മനുഷ്യന് ലജ്ജിച്ചു തല താഴ്‌ത്താം. ഗാസയുടെ നിലവിളിക്കൊപ്പം നിന്ന് നിലവിളിക്കാനല്ല; ഭൂമിയില്‍ മനുഷ്യകുലത്തിന് വംശനാശം സംഭവിച്ചിട്ടില്ലെന്ന് അമേരിക്കയെ പഠിപ്പിക്കാനാണ് ഇനി ലോകം ശ്രമിക്കേണ്ടത്.
Friday, December 12, 2008
അച്യുതാനന്ദന്റെ അസംബന്ധ മൗനം
ചിലരൊക്കെ പറഞ്ഞിരുന്നു. സഖാവ് വി.എസ് അച്യുതാനന്ദന്‍ ആളൊത്ത ആദര്‍ശവാദിയാണെന്ന്. തെറ്റു ചെയ്യുന്നവന്റെ മോന്തായം നോക്കാതെ നടപടിയെടുക്കുന്ന, സമരവീര്യം കുടികെട്ടിയ ചോരയാണ് ആ ശരീരത്തിലൂടെ ഓടുന്നതെന്ന്. പാവം പൊതുജനം ഇതൊക്കെ കേട്ട് വിശ്വസിച്ചുവെന്നു മാത്രമല്ല പാര്‍ട്ടി കൊടുക്കാത്ത സീറ്റ് കൊടുത്ത് ജയിപ്പിച്ച് മുഖ്യമന്ത്രിയാക്കുകയും ചെയ്‌തു. നേരത്തെ തന്നെ ജനങ്ങളുടെ സകല പ്രതീക്ഷകളെയും ഊതിയൂതിക്കെടുത്തിയ അച്യുതാനന്ദന്‍ ഈയിടെ ആ പ്രതീക്ഷകള്‍ക്കു മേല്‍ തലകുത്തി നി ന്ന് ഇളിഭ്യച്ചിരിയോടെ അവരെ പരിഹസിക്കുക കൂടി ചെയ്‌തിരിക്കുന്നു. പട്ടി വിവാദത്തിലൂടെ തുടങ്ങി കിളിരൂരിലെത്തി നില്‍ക്കുന്ന 'നവലിബറല്‍' പ്രതിസന്ധിയില്‍ അത്ഭുതമെന്നു പറയാം, കേരളത്തിലെ വി.എസ് അനുകൂല തരംഗസൃഷ്ടിപ്പിന്റെ മൊത്തവിതരണക്കാ
ര്‍ മാളങ്ങളില്‍ തന്നെയാണ്. മുമ്പുണ്ടായ നാണംകെട്ട വിവാദങ്ങളില്‍ നിന്ന് പലവട്ടം മുഖ്യമന്ത്രിയുടെ തടിയൂരിയ ഒറ്റയെണ്ണവും വെളിച്ചത്തിലേക്ക് തലപൊക്കി അച്യുതാനന്ദന്റെ രക്ഷകരാകാന്‍ ഈ വിഷയത്തില്‍ ഈ നിമിഷം വരെ അവതരിച്ചിട്ടില്ല. വൈകിയാണെങ്കിലും അച്യുതാനന്ദന്‍ വേലിക്കകത്തു തന്നെയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സി.പി.എം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി ഉപചാപക വൃന്ദത്തിന്റെ പിടിയിലാണെന്ന് പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍ പറയുന്നതോടെയാണ് കള്ളികള്‍ ഓരോന്നായി വെളിച്ചത്താകുന്നത്. മൂന്നാര്‍ മുതല്‍ പട്ടി വിവാദം വരെ ഇത്രയധികം വഷളാക്കിയത് ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ കുറുമുന്നണിയാണെന്നായിരുന്നു രാജേന്ദ്രന്റെ കണ്ടെത്തല്‍. എന്നാല്‍ തുടക്കത്തില്‍ ടൈംസ് നൗ എന്ന ഇംഗ്ലീഷ് ചാനല്‍ മാത്രം പ്രാധാന്യത്തോടെ കാണിച്ച പട്ടി പ്രയോഗത്തെപ്പറ്റി വിശദീകരണം ആരാഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച മലയാള മാധ്യമപ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നു മാധ്യമങ്ങളോട് പറഞ്ഞത് ഇതേ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് ഒരു കാലത്ത് വി.എസ്സിനും (ഇപ്പോഴും..?) പാര്‍ട്ടിക്കും പ്രിയങ്കരനായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാര്‍ വെളിപ്പെടുത്തുന്നു. കൊണവതിയാരം കൊണ്ട് സംഭവിച്ച നാടന്‍ വായ്‌മൊഴി വഴക്കമാണെന്ന് പറഞ്ഞ് (അസഭ്യങ്ങളുടെ സി.പി.എം തര്‍ജ്ജമ ഇ ങ്ങനെയത്രേ) ആ നിമിഷം മാപ്പ് ചോദിച്ചാല്‍ തീരാവുന്ന പ്രശ്‌നം ഇത്രത്തോളം വഷളായതിനു പിന്നില്‍ ഈ ഉറച്ചു നില്‍പ്പായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഉപജാപക സംഘം എന്ന് രാജേന്ദ്രന്‍ ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലാക്കാന്‍ ഐ.എ.എസിനു പഠിച്ച സുരേഷ്‌കുമാറിന് അധികസമയം വേണ്ടി വന്നില്ല. പിറ്റേന്ന് ചട്ടവും വകുപ്പും നോക്കാതെയാണ് ഇദ്ദേഹം രഹസ്യങ്ങളുടെ പത്തായങ്ങള്‍ വെട്ടിത്തുറന്നത്. മുഖ്യമന്ത്രിയെ നാണം കെടുത്താമെന്ന് ആരോടോ വാക്കു പറഞ്ഞ് വന്നവരെ പോലെയാണ് ഓഫീസിലുള്ളവരുടെ പെരുമാറ്റമെന്നാണ് സുരേഷ് പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. മന്ത്രിസഭാ തീരുമാനപ്രകാരം തയ്യാറാക്കിയ സ്‌മാര്‍ട്ട് സിറ്റി, കിളിരൂര്‍ ഫയലുകള്‍ മന:പ്പൂര്‍വ്വം വൈകിപ്പിക്കുന്നതിലും പൂഴ്‌ത്തി വെക്കുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേകം വൈദഗ്‌ധ്യം പ്രകടിപ്പിച്ചു
എന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ ഭരണമില്ല എന്നാണ് അര്‍ത്ഥം വെക്കേണ്ടത്. കിളിരൂര്‍ പെണ്‍വാണിഭ കേസ് സി.ബി.ഐക്ക് വിടണമെന്നത് പൊതുജനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദം മൂലം മന്ത്രിസഭ തീരുമാനിച്ച സംഗതിയായിരുന്നു. ഈ തീരുമാനം വശിദീകരിക്കുന്ന കത്തും പിന്നീടു തയ്യാറാക്കിയ ഓര്‍മ്മപ്പെടുത്തല്‍ കത്തും താമസിപ്പിക്കുവാനോ പൂഴ്‌ത്തിവെക്കാനോ മുക്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചു എന്നാണ് സുരേഷ്‌കുമാര്‍ ആരോപിച്ചത്. ഗുരുതരമായ ഈ ആരോപണം ഉന്നയിക്കപ്പെട്ട് രാപ്പകലുകള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് വിശദീകരണമോ നിഷേധക്കുറിപ്പോ ഉണ്ടായില്ല എന്നത് സുരേഷ്‌കുമാറിനെ ശരിവെക്കുന്നതിനു തുല്യമായിരുന്നു. സംസ്ഥാനത്ത് ഭരണസംവിധാനം കുത്തഴിഞ്ഞ് കിടപ്പാണെന്നും ഭരണഘടനാ പ്രതിസന്ധിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനിടെ സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കെതന്നെ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാനാണ് ഭരണകൂടം തിടുക്കപ്പെട്ടത്. അപ്രിയസത്യം പറഞ്ഞതിന്റെ പേരില്‍ പുറത്തിരുത്തിയ ഈ ഐ.എ. എസ് ഉദ്യോഗസ്ഥനെ മലയാളത്തില്‍ കിട്ടാവുന്ന എല്ലാ വാക്കുകളും ഉപയോഗിച്ച് പുകഴ്‌ത്തിയവര്‍ തന്നെ നാറിയ ഐ.എ.എസുകാരന്‍ എന്നു വിളിച്ച സാഹചര്യം ഏതാണെന്ന് കേരളീയരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വിഷയമാണ്. മന്ത്രിസഭ കൂടി സത്യം പറഞ്ഞവനെ പുറത്താക്കാന്‍ കാണിച്ച ആവേശം അദ്ദേഹം പറഞ്ഞ കാര്യങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഉണ്ടായില്ല എന്നതാണ് വാസ്‌തവം. മന്ത്രിസഭാ തീരുമാനത്തിനെതിരെ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രെബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് സുരേഷ്‌കുമാര്‍. തന്റെ മകനെ പട്ടിയെ പോലെ ഓടിച്ച് തല്ലുന്നത് ദളിതനായതു കൊണ്ടാണെന്ന സുരേഷിന്റെ അച്ഛന്റെ വാദത്തിലും ചര്‍ച്ചയാകാവുന്നതാണ്. പാര്‍ട്ടി നേതൃത്വം ഏറെക്കുറെ കയ്യൊഴിഞ്ഞ മുഖ്യമന്ത്രിയെ സഹായിക്കുകയായിരുന്നു സുരേഷ് കുമാര്‍ എന്നു വിചാരിച്ചവര്‍ക്ക് തെറ്റി. കിളിരൂര്‍ വീണ്ടും പൊടി തട്ടിയെടുക്കുമ്പോള്‍ ഈ കേസിലൂടെയാണ് കാലം ഒരുപക്ഷേ അച്യുതാനന്ദന്റെ കപട രാഷ്ട്രീയ നാടകങ്ങളെ വിലയിരുത്തുക. കിളിരൂര്‍ ചെറിയ കാര്യമല്ല. പീഡനത്തിനിരയായി ആശുപത്രിയില്‍ കഴിയവെ ഒരു വി.ഐ.പിയുടെ സന്ദര്‍ശനത്തിനു ശേഷം മരണത്തിനു കീഴടങ്ങിയ ശാരി.എസ്.നായരുടെ മുഖം കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല. സംഭവത്തിനു പിന്നില്‍ ഇടതു രാഷ്ട്രീയത്തിലെ നാറിയ അടിയുടുപ്പുകളുണ്ട് എന്നത് നേരത്തെ പരസ്യമായ രഹസ്യമാണ്. മൂന്നാംകിട സിനിമാകഥകളെ വെല്ലുന്ന ഉപകഥകളും ഉപജാപങ്ങളും കിളിരൂര്‍ വിഷയത്തില്‍ സംഭവിച്ചു എന്ന കാര്യത്തില്‍ വി.എസ് അച്യുതാനന്ദനു പോലും സംശയമില്ല. ഒരു വി.ഐ.പിയുടെ സന്ദര്‍ശനത്തോടെയാണ് പെണ്‍കുട്ടിയുടെ നില വഷളായതെന്ന് പറഞ്ഞ വി.എസ് ആ വി.ഐ.പി ആരാണെന്നു വെളിപ്പെടുത്താന്‍ അന്നു തയ്യാറായില്ല. പി.കെ ശ്രീമതിയാണ് ആ വി.ഐ.പിയെന്ന അഭ്യൂഹം പരന്നതോടെ വി.എസ്സ് തടി തപ്പിയെങ്കിലും ജനങ്ങളുടെ മനസ്സില്‍ ആ ചോദ്യം മായാതെ നിലനിന്നു. പിന്നീട് സത്യം വെളിപ്പെടുത്താമെന്നു പറഞ്ഞ ആദര്‍ശധീരനായ മുഖ്യമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച ജനം ആ വെളിപാടിനായി കാത്തിരുന്നത് മിച്ചം. വി.ഐ.പി ശ്രീമതി തന്നെയാണെന്ന് ഒരു സ്വകാര്യ ചാനലില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തുറന്ന് പറഞ്ഞതോടെ വീണ്ടും വിഷയം പൊന്തി വന്നപ്പോള്‍ അത് ശ്രീമതിയല്ലെന്ന് അച്യുതാനന്ദന് തറപ്പിച്ചു പറയേണ്ടി വന്നു. ശ്രീമതിയല്ലെങ്കില്‍ പിന്നെ ആര് എന്ന ചോദ്യത്തിന് കപട രാഷ്ട്രീയക്കാരന്റെ അടവു നയമായ മൗനമായിരുന്നു ഉത്തരം. കിളിരൂര്‍ കേസ് അട്ടിമറിക്കാനും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഫയല്‍ പൂഴ്‌ത്താനും ഗൂഢാലോചന നടത്തിയതിന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തു കഴിഞ്ഞിരിക്കുകയാണ്. ശ്രീമതിയോടൊപ്പം ചെറു മത്സ്യങ്ങളല്ല എന്നതും ശ്രദ്ധേയം. രണ്ട് മന്ത്രിപുത്രന്മാര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍ ബാല ഗോപോല്‍, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, മോഷണം, സംഘം ചേരല്‍ എന്നിവയാണ് കുറ്റം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് കുമാര്‍ തയ്യാറാക്കിയ ഫയല്‍ മുങ്ങിപ്പോകണമെങ്കില്‍ ചെറിയ കളിയല്ല നടന്നത് എന്ന കാര്യം വ്യക്തം. ശാരിയുടെ പിതാവ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അപേക്ഷയും അതോടൊപ്പം കള്ളന്‍ കൊണ്ടു പോവുകയോ കാണാതാവുകയോ ചെയ്‌തു. സംഗതിവശാല്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഉന്നയിച്ച കെ.എം മാണിയെ അഭയ കേസില്‍ കുരുക്കി വിഷയം വഴിതിരിച്ചു വിടാന്‍ ശ്രമം നടത്തിയ വി.എസ് നിയമസഭയില്‍ ചിരിമരുന്നായി. മുന്നനുഭവത്തിന്റെ പേരില്‍ ഉടനെ മാപ്പു പറയാനും അദ്ദേഹം മറന്നില്ല. വി.എസ് വി.ഐ.പി എന്നു പ്രയോഗിച്ചത് സി.പി.എമ്മിലെ ആരെയും ഉദ്ദേശിച്ചല്ല എന്നാണ് ഇപ്പഴത്തെ വിശദീകരണം. അത് സി.പി.എമ്മിലെ ആരെങ്കിലും അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഉണ്ടാകാനിടയുണ്ടായിരുന്ന പുകിലുകളെക്കുറിച്ച് എല്ലാവരും ചുമ്മാ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.ലാവ്‌ലിന്‍ കേസില്‍ സുരേഷ്‌കുമാര്‍ അമിത താല്‍പര്യമെടുത്തു എന്നാണ് പി. ജയരാജന്റെ ആക്ഷേപം. ഈ കേസില്‍ ജയരാജന്റെ താല്‍പര്യമെന്ത് എന്നും അന്വേഷിക്കാവുന്നതാണ്. സി.പി.എമ്മിലെ ആരും ഉള്‍പ്പെടാത്ത കേസാണെങ്കില്‍ സത്യം വേഗം തെളിയട്ടെ എന്നാണ് ജയരാജനും പാര്‍ട്ടിയും ആശിക്കേണ്ടത്. ഏതാനും ദിവസങ്ങള്‍ക്കകം പാര്‍ട്ടിയിലെ സമുന്നതനെ ലാവ്‌ലിന്‍ കേസില്‍ പ്രതിചേര്‍ക്കുമെന്നറിഞ്ഞതിന്റെ വെപ്രാളമാണ് ജയരാജന്‍ കാണിച്ചതെന്ന് വ്യക്തം. ഒക്കെ സഹിക്കാം. സ്‌മാര്‍ട്ട് സിറ്റി കരാറില്‍ അഴിമതി കാട്ടിയെന്നാരോപിച്ച് ഉമ്മന്‍ചാണ്ടിയെ ജയിലിലടക്കുമെന്നു പറഞ്ഞ വി.എസ്, പെണ്‍വാണിഭക്കാരെ കയ്യാമം വെച്ച് നടുറോഡിലൂടെ നടത്തുമെന്നു പറഞ്ഞ വി.എസ്, വൈദേശിക മൂലധനത്തിനു വേണ്ടി ഓശാന പാടുന്ന ഉദ്യോഗസ്ഥരെ പിരടിക്ക് പിടിച്ച് പുറത്താക്കുമെന്നു പറഞ്ഞ വി.എസ്. അതേ വി.എസിന്റെ ഓഫീസില്‍ നിന്നാണ് സ്‌മാര്‍ട്ട് സിറ്റിയുടെയും കിളിരൂര്‍ സ്‌ത്രീപീഢനകേസിന്റെയും ഫയലുകള്‍ കാണാതായതെന്ന് ജനങ്ങള്‍ അറിയുന്നതിന്റെ നാണക്കേട് പാര്‍ട്ടിക്കില്ലെങ്കില്‍ പിന്നെ ആര്‍ക്കാണുണ്ടാവേണ്ടത്?. സ്‌ത്രീപീഡനവുമായി ബന്ധപ്പെട്ട് കേസന്വേഷണം നേരിടുന്ന ഒരു മന്ത്രിയെ കൂടെയിരുത്തി ഭരിക്കാന്‍ മാത്രം കരളുറപ്പ് വി.എസ്സിനുണ്ടെങ്കില്‍ അതിനെയായിരിക്കാം രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടി എന്ന് പറയുന്നത്. പെണ്ണൊരുത്തിയാണ് പെണ്‍വാണിഭക്കേസില്‍ അകപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ആത്മരോഷം കച്ചവടമാക്കിയ എന്‍.ജി.ഒകളെയോ സ്‌ത്രീ വിമോചന പ്രസ്ഥാനക്കാരെയോ ഈ വഴിക്കൊന്നും തിരിയിട്ടു നോക്കിയിട്ടും കാണാനില്ല. മൗനം അച്യുതാനന്ദന് ഭൂഷണമായിരിക്കാം. എന്നാല്‍ സ്‌ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ബ്ലാക് മെയില്‍ രാഷ്ട്രീയത്തിലൂടെ മാന്യന്മാര്‍ക്കെതിരെ കുതിര കയറുകയും ചെയ്യുന്ന സംഘടനകള്‍ക്കെല്ലാം ഇക്കാര്യത്തില്‍ മിണ്ടാട്ടം മുട്ടിയത് ഞെട്ടലോടെയല്ലാതെ കാണാനാവില്ല. ചൂലും മുറവുമായി നാട് ശുദ്ധിയാക്കാന്‍ നടക്കുന്ന ഈ മഹിളാമണികള്‍ മന്ത്രി ശ്രീമതിയുടെ ഭവനത്തിലേക്ക് തൂക്കാന്‍ പോകുന്നതെന്നാണാവോ..? സ്‌ത്രീപക്ഷമെന്നാല്‍ ശ്രീമതി പക്ഷമെന്നാണ് സി.പി.എം നിയന്ത്രണത്തിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി കെ.കെ ശൈലജ കരുതി വെച്ചിരിക്കുന്നത്. സ്‌ത്രീകളുടെ അവകാശസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്ന് അവര്‍ പ്രതികരിച്ചിരിക്കുന്നു. പ്രതിയാകാന്‍ നിന്നു തരുന്ന കാലത്തോളം ബഹുമാന്യയായ പി.കെ ശ്രീമതിയെ അപരാധിയാക്കണമെന്ന് കേരളത്തിലെ ഒരാള്‍ക്കും നിര്‍ബന്ധമില്ല. അവര്‍ നിരപരാധിയാണെങ്കില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ് എന്ന് ചങ്കൂറ്റത്തോടെ പറയേണ്ട ശൈലജയാണ് 'അയ്യോ വ്യക്തിഹത്യ നടത്തല്ലേ' എന്ന് വിലപിച്ചിരിക്കുന്നത്. കാര്യങ്ങള്‍ കൂട്ടി വായിക്കാനറിയാത്തവരല്ല കേരളത്തിലെ ജനങ്ങളെന്ന് മനസ്സിലാക്കാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്നില്ല. മന്ത്രിപുത്രന്മാരുടെ ലീലാവിലാസങ്ങള്‍ മറച്ചുപിടിക്കാന്‍ അറിഞ്ഞോ അറിയാതെയോ ഭരണത്തിന്റെ അച്ചുതണ്ടുകളെ ഉപയോഗിക്കുന്ന അച്യുതാനന്ദന്‍ കാര്യങ്ങള്‍ ഏറെക്കുറെ വെളിപ്പെട്ട സ്ഥിതിക്ക് ദയവായി ആ വി.ഐ.പി ആരാണെന്ന് ഇനി പറയാതിരിക്കുന്നതാണ് നല്ലത്. എല്ലാ സത്യങ്ങളും എക്കാലത്തും ജനങ്ങളുടെ കണ്ണില്‍ നിന്ന് മൂടിവെക്കാനാവില്ലെന്ന് അഭയ കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേരളത്തെ പഠിപ്പിച്ചു തരുന്നുണ്ട്. ഒരു ജനതയെ മുഴുവന്‍ പാര്‍ട്ടി അടിമത്തത്തിന്റെ പേരില്‍ വിഡ്‌ഢികളാക്കുമ്പോള്‍ ആദര്‍ശവും അഭിമാനവുമുള്ള മലയാളികള്‍ അവശേഷിക്കുന്നുണ്ടെന്നും അവര്‍ എണ്ണിയെണ്ണി കണക്കു ചോദിക്കുന്ന ദിവസം വരുമെന്നും മറക്കാതിരിക്കുക. ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ അസംബന്ധ മൗനം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ വീരപരിവേശങ്ങളുടെ പടങ്ങള്‍ ഊരിപ്പോവുകയോ സ്വയം ഊരിക്കളയുകയോ ചെയ്‌ത അച്യുതാനന്ദനാകും ചരിത്രത്തില്‍ അടയാളപ്പെടുന്നത്.
Subscribe to:
Posts (Atom)
